മൗണ്ട് ബാറ്റൻ, ​എഡ്വിന മൗണ്ട് ബാറ്റൻ, ജവഹർലാൽ നെഹ്റു എന്നിവർ.

എഡ്വിനയ്ക്കും ജെ.പിയ്ക്കും നെഹ്റു അയച്ച കത്തുകളിലുടക്കിയിരിക്കുന്നു, ബി.ജെ.പിയുടെ കണ്ണ്

സ്വാതന്ത്ര്യത്തിനുശേഷമുള്ള രാഷ്ട്രനിർമാണപ്രക്രിയയിൽ പതിഞ്ഞുകിടക്കുന്ന നെഹ്റുവിയൻ അടയാളങ്ങളെയും മതനിരപേക്ഷതയുടെയും ബഹുസ്വരതയുടെയും നെഹ്റുവിയൻ ആശയങ്ങളെയും ഹിംസയ്ക്ക് വിധേയമാക്കുന്ന മോദി സർക്കാറിന് അദ്ദേഹത്തിന്റെ കത്തുകൾ ഒരു സുപ്രഭാതത്തിൽ ‘വിലപ്പെട്ട ചരിത്രരേഖകളായി’ മാറിയത് എന്തുകൊണ്ടാണ്?

National Desk

പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു എഴുതിയ ‘ചില’ കത്തുകളിൽ ബി.ജെ.പിക്ക് പൊടുന്നനെയുണ്ടായ താൽപര്യത്തിനുപുറകിൽ എന്താണ്?

ആൽബർട്ട് ഐൻസ്റ്റീൻ, ജയപ്രകാശ് നാരായണൻ, എഡ്വിന മൗണ്ട് ബാറ്റൻ, പദ്മജ നായിഡു, വിജയലക്ഷ്മി പണ്ഡിറ്റ്, അരുണ ആസിഫ് അലി, ബാബു ജഗ്ജീവൻ റാം, ജി.ബി. പന്ത് തുടങ്ങിയവർക്ക് നെഹ്റു എഴുതിയ കത്തുകളാണ് ഇപ്പോൾ വിവാദവും ചർച്ചയുമായിരിക്കുന്നത്. എന്നാൽ, വില​പ്പെട്ട ഈ ചരിത്രരേഖകളിൽ എഡ്വിനയ്ക്കും ​ജയപ്രകാശ് നാരായണനും അയച്ച കത്തുകളിലാണ് ബി.ജെ.പിയുടെ കണ്ണ്.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുർ ഖാർഗേ, നെഹ്റുവിന്റെ കത്തുകളിലേക്കുള്ള ബി.ജെ.പി നോട്ടത്തിന്റെ താൽപര്യം വ്യക്തമാക്കുന്നുണ്ട്: ‘‘എന്തിനാണ് ഗോഡ്‌സേയുടെ പേരക്കുട്ടികൾക്ക് നെഹ്‌റുവിന്റെ കത്തുകൾ? എന്താണ് ഇങ്ങനെയൊരാവശ്യം പൊടുന്നനെ ഉന്നയിക്കാൻ കാരണം? പ്രത്യേകിച്ച്, സംഘ്പരിവാർ നെഹ്‌റുവിനെക്കുറിച്ച് നുണകളും വ്യാജ കഥകളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽ.

ആൽബട്ട് ഐൻസ്റ്റീനെ പ്രിൻസ്റ്റണിലെ അദ്ദേഹത്തിന്റെ വീട്ടിൽ സന്ദർശിക്കുന്ന ജവഹർലാൽ നെഹ്റു, 1949-ലെ ചിത്രം
ആൽബട്ട് ഐൻസ്റ്റീനെ പ്രിൻസ്റ്റണിലെ അദ്ദേഹത്തിന്റെ വീട്ടിൽ സന്ദർശിക്കുന്ന ജവഹർലാൽ നെഹ്റു, 1949-ലെ ചിത്രം

ശരിയാണ്, നെഹ്റുവിനെ ചരിത്രത്തിൽനിന്ന് മറച്ചുപിടിക്കാൻ നുണക്കഥ മെനയുന്ന ബി.ജെ.പിയ്ക്കും കേന്ദ്ര സർക്കാറിനും, അദ്ദേഹത്തിന്റെ കത്തുകളിൽ എന്താണ് താൽപര്യം? മാത്രമല്ല, സ്വാതന്ത്ര്യത്തിനുശേഷമുള്ള രാഷ്ട്രനിർമാണപ്രക്രിയയിൽ പതിഞ്ഞുകിടക്കുന്ന നെഹ്റുവിയൻ അടയാളങ്ങളെയും മതനിരപേക്ഷതയുടെയും ബഹുസ്വരതയുടെയും നെഹ്റുവിയൻ ആശയങ്ങളെയും ഹിംസയ്ക്ക് വിധേയമാക്കുന്ന മോദി സർക്കാറിന് അദ്ദേഹത്തിന്റെ കത്തുകൾ ഒരു സുപ്രഭാതത്തിൽ ‘വിലപ്പെട്ട ചരിത്രരേഖകളായി’ മാറിയത് എന്തുകൊണ്ടാണ്?

നെഹ്റുവിനെ ചരിത്രത്തിൽനിന്ന് മറച്ചുപിടിക്കാൻ നുണക്കഥ മെനയുന്ന ബി.ജെ.പിയ്ക്കും കേന്ദ്ര സർക്കാറിനും, അദ്ദേഹത്തിന്റെ കത്തുകളിൽ എന്താണ് താൽപര്യം?

ഇപ്പോൾ നെഹ്റു കുടുംബത്തിന്റെ സ്വകാര്യശേഖരത്തിലുള്ള കത്തുകൾ തങ്ങൾക്ക് കൈമാറാനാണ് പ്രധാനമന്ത്രിയുടെ മ്യൂസിയം (The Prime Minister's Museum and Library- PMML) ആവശ്യപ്പെട്ടിരിക്കുന്നത്.

യു.പി.എ സർക്കാറിന്റെ കാലത്ത്, സോണിയയുടെ അഭ്യർഥനയെതുടർന്നാണ് 2008-ൽ നെഹ്റുവിന്റെ കത്തുകൾ നെഹ്റു മ്യൂസിയത്തിൽ (Nehru Memorial Museum and Library- NMML) നിന്ന് നെഹ്റു കുടുംബത്തിന്റെ സ്വകാര്യശേഖരത്തിലേക്ക് മാറ്റിയത്. സോണിയയുടെ പ്രതിനിധിയായ എം.വി. രാജനാണ് 2008 മെയ് അഞ്ചിന് നെഹ്റു മെമ്മോറിയൽ സന്ദർശിച്ച് നെഹ്റുവിന്റെ വ്യക്തിപരവും ഔദ്യോഗികവുമായ രേഖകൾ തരംതിരിച്ച്, അവയിൽ വ്യക്തിപരമായ കത്തുകൾ ഡയറക്ടറുടെ അനുമതിയോടെ 51 പെട്ടികളിലാക്കി കൊണ്ടുപോയതെന്ന് ജവഹർലാൽ നെഹ്റു മെമ്മോറിയൽ ഫണ്ടിന്റെ കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന പൊതുയോഗ മിനിറ്റ്സിൽ പറയുന്നു.

പ്രധാനമന്ത്രിമാരിൽ നെഹ്റുവിന് മാത്രമായി ഒരു മ്യൂസിയം ആവശ്യമില്ല എന്നു പറഞ്ഞാണ് മോദി സർക്കാർ ന്യൂദൽഹിയിലെ നെഹ്റു മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറിയെ പ്രൈംമിനിസ്റ്റേഴ്സ് മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറിയാക്കി മാറ്റിയത്.
പ്രധാനമന്ത്രിമാരിൽ നെഹ്റുവിന് മാത്രമായി ഒരു മ്യൂസിയം ആവശ്യമില്ല എന്നു പറഞ്ഞാണ് മോദി സർക്കാർ ന്യൂദൽഹിയിലെ നെഹ്റു മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറിയെ പ്രൈംമിനിസ്റ്റേഴ്സ് മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറിയാക്കി മാറ്റിയത്.

1971-ലാണ് ജവഹർലാൽ നെഹ്റു സ്മാരക ഫണ്ട് (Jawaharlal Nehru Memorial Fund) കത്തുകളുടെ ശേഖരം ഇന്നത്തെ PMML-ന്റെ മുൻ രൂപമായ നെഹ്‌റു മ്യൂസിയത്തിന് കൈമാറിയത്. നെഹ്‌റുവിന്റെ നിയമപ്രകാരമുള്ള അനന്തരാവകാശിയായിരുന്ന മകൾ ഇന്ദിരാഗാന്ധിയാണ് കത്തുകൾ കൈമാറിയത്. ഉപഹാരം എന്നതിനേക്കാൾ സുരക്ഷിതമായി സൂക്ഷിക്കാനാണ് കത്തുകൾ കൈമാറിയത്. അതിനുശേഷവും കത്തുകളുടെ ഉടമസ്ഥാവകാശം നെഹ്റു കുടുംബത്തിനു തന്നെയായിരുന്നു. 1984-ൽ ഇന്ദിരാഗാന്ധിയുടെ മരണശേഷം സോണിയാഗാന്ധിക്കായി അവകാശം.

ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും നിർണായകമായ സന്ദർഭത്തിൽ, അന്ന് വിവിധ മേഖലകളിൽ പ്രവർത്തിച്ചിരുന്ന ലോകത്തിലെ ഏറ്റവും പ്രമുഖ വ്യക്തികൾക്ക് സ്വന്തം കൈപ്പടയിൽ നെഹ്‌റു എഴുതിയ അതീവ പ്രാധാന്യമേറിയ കത്തുകളാണിവ. ആൽബർട്ട് ഐൻസ്റ്റീൻ, ജയപ്രകാശ് നാരായണൻ, എഡ്വിന മൗണ്ട് ബാറ്റൻ, പദ്മജ നായിഡു, വിജയലക്ഷ്മി പണ്ഡിറ്റ്, അരുണ ആസിഫ് അലി, ബാബു ജഗ്ജീവൻ റാം, ജി.ബി. പന്ത് തുടങ്ങിയവർക്ക് എഴുതിയ കത്തുകളാണ് ശേഖരത്തിലുള്ളത്.

‘‘നെഹ്‌റു കുടുംബത്തെ സംബന്ധിച്ച് ഈ കത്തുകൾക്ക് വ്യക്തിപരമായ പ്രാധാന്യമുണ്ടെന്ന കാര്യം ഞങ്ങൾ മനസ്സിലാക്കുന്നു. എന്നാൽ, ഈ കത്തുകൾ ചരിത്രരേഖകൾ കൂടിയാണ്. അത് പണ്ഡിതർക്കും ഗവേഷകർക്കും ലഭ്യമാക്കുക എന്നത് പ്രധാനമാണ്''- സപ്തംബറിൽ സോണിയക്ക് അയച്ച കത്തിൽ PMML പറയുന്നു.

ജയപ്രകാശ് നാരായണനുമായി നെഹ്‌റു നടത്തിയ കത്തിടപാടുകൾ പുറത്തുവന്നിട്ടില്ല.
ജയപ്രകാശ് നാരായണനുമായി നെഹ്‌റു നടത്തിയ കത്തിടപാടുകൾ പുറത്തുവന്നിട്ടില്ല.

കത്ത് അതേപടി തിരിച്ചുകൊടുക്കുക, അല്ലെങ്കിൽ അവ സ്‌കാൻ ചെയ്ത് കോപ്പികളായി സൂക്ഷിക്കാൻ സൗകര്യം ചെയ്യുക എന്നീ ആവശ്യങ്ങളാണ് സോണിയക്ക് അയച്ച കത്തിലുള്ളതെന്ന് ചരിത്രകാരനും പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകുന്ന PMML സൊസൈറ്റിയിൽ അംഗവുമായ റിസ്‌വാൻ കദ്‌രി പറയുന്നു. ഡിസംബർ പത്തിന് രാഹുൽ ഗാന്ധിക്കയച്ച കത്തിൽ, കത്തുകളുടെ ഒറിജിനലുകളോ ഫോട്ടോകോപ്പികളോ ഡിജിറ്റൈസ് വേഷനുകളോ സോണിയാ ഗാന്ധിയിൽനിന്ന് ഏറ്റെടുത്ത് നൽകാനും റിസ്‌വാൻ കദ്‌രി ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ, PMML സൊസൈറ്റി സോണിയയോടും രാഹുലിനോടും കത്തുകൾ തിരികെ നൽകാനാവശ്യപ്പെട്ടിട്ടില്ലെന്ന് സൊസൈറ്റി ഡയറക്ടർസഞ്ജീവ് നന്ദൻ സഹായ് വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരിയിൽ ചേർന്ന സൊസൈറ്റിയുടെ വാർഷിക പൊതുയോഗത്തിലും ഈ വിഷയം തർക്കത്തിനിടയാക്കിയിരുന്നു. ഇത്തരം വ്യക്തിപരമായ രേഖകളിൽ സൊസൈറ്റിക്ക് അവകാശമുന്നയിക്കാനാകുമോ എന്നത് നിയമപ്രശ്‌നമാണെന്ന് ചില അംഗങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.

കത്ത് അതേപടി തിരിച്ചുകൊടുക്കുക, അല്ലെങ്കിൽ അവ സ്‌കാൻ  ചെയ്ത് കോപ്പികളായി സൂക്ഷിക്കാൻ സൗകര്യം ചെയ്യുക എന്നീ ആവശ്യങ്ങളാണ് സോണിയക്ക് അയച്ച കത്തിലുള്ളതെന്ന് ചരിത്രകാരനും പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകുന്ന PMML സൊസൈറ്റിയിൽ അംഗവുമായ റിസ്‌വാൻ കദ്‌രി പറയുന്നു.
കത്ത് അതേപടി തിരിച്ചുകൊടുക്കുക, അല്ലെങ്കിൽ അവ സ്‌കാൻ ചെയ്ത് കോപ്പികളായി സൂക്ഷിക്കാൻ സൗകര്യം ചെയ്യുക എന്നീ ആവശ്യങ്ങളാണ് സോണിയക്ക് അയച്ച കത്തിലുള്ളതെന്ന് ചരിത്രകാരനും പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നൽകുന്ന PMML സൊസൈറ്റിയിൽ അംഗവുമായ റിസ്‌വാൻ കദ്‌രി പറയുന്നു.

കഴിഞ്ഞ വർഷം PMML ആയി മാറിയ NMML-ന്റെ ആസ്ഥാനം നെഹ്‌റുവിന്റെ താമസസ്ഥലമായ തീൻമൂർത്തി ഭവനിലായിരുന്നു. നെഹ്‌റുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട അമൂല്യ രേഖകൾ ഗവേഷണത്തിനും മറ്റു സൗകര്യങ്ങൾക്കും ലഭ്യമാക്കുംവിധം സൂക്ഷിക്കുകയായിരുന്നു ആർക്കൈവിന്റെ ലക്ഷ്യം. 2023 ആഗസ്റ്റിലാണ് NMML-ന്റെ പേരു മാറ്റി PMML എന്നാക്കിയത്.

എഡ്വിനയുടെ മകൾ അടക്കമുള്ളവർ അടുപ്പത്തോടെ ഓർത്തെടുക്കുകയും വ്യക്തിപരമായി തന്നെ വിശദീകരിക്കപ്പെടുകയും ചെയ്തിട്ടുള്ള എഡ്വിനയും നെഹ്റുവും തമ്മിലുള്ള ബന്ധത്തെ വിവാദത്തിലേക്ക് കൊണ്ടുവന്ന് നെഹ്റുവിനെ പ്രതിക്കൂട്ടിലാക്കുകയാണ് ബി.ജെ.പി ലക്ഷ്യം.

എഡ്വിനയ്ക്ക് നെഹ്‌റു അയച്ച കത്താണ് ബി.ജെ.പി വിവാദമാക്കാൻ ശ്രമിക്കുന്നത്. എന്താണ് ആ കത്തിലെ രഹസ്യം എന്നാണ് ബി.ജെ.പിയുടെ ചോദ്യം. കൂടാതെ നെഹ്‌റു ജയപ്രകാശ് നാരായണന് അയച്ച കത്തിലും ബി.ജെ.പിക്ക് കണ്ണുണ്ട്. അടിയന്തരാവസ്ഥക്കുതൊട്ടുമുമ്പ് ഇന്ദിരാഗാന്ധിക്കെതിരെ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ജെ.പിക്ക് നെഹ്‌റു അയച്ച കത്ത് എന്തിന് 'ഒളിപ്പിച്ചുവെക്കണം' എന്നാണ് ബി.ജെ.പിയുടെ ചോദ്യം. അടിയന്തരാവസ്ഥക്കുശേഷം, കോൺഗ്രസിൽ ഇന്ദിരാഗാന്ധിക്കെതിരെ കലാപം നയിച്ച് പുറത്തുപോയ ജഗ്ജീവൻ റാമിന് നെഹ്റു അയച്ച കത്തും ബി.ജെ.പി വിവാദത്തിലേക്ക് കൊണ്ടുവരുന്നുണ്ട്.

എഡ്വിനയ്ക്ക് നെഹ്‌റു അയച്ച കത്തുകൾ പൊതുവിടത്തിൽ ലഭ്യമല്ല. എഡ്വിനയുടെ മകൾ പമേല ഹിക്ക്‌സിന് ഈ കത്തുകളിൽ ചിലത് ലഭ്യമായിരുന്നു. Daughter of Empire: Life as a Mountbatten എന്ന പുസ്തകത്തിൽ, തന്റെ അമ്മയുമായി നെഹ്‌റുവിനുള്ള ബന്ധത്തെക്കുറിച്ച് അവർ എഴുതിയിട്ടുമുണ്ട്. ഇരുവരും തമ്മിലുണ്ടായിരുന്നത് 'അത്യാഗാധമായ ബന്ധ'മായിരുന്നുവെന്ന് പമേല എഴുതുന്നു.

എഡ്വിനക്കും നെഹ്‌റുവിനുമിടയ്ക്ക് പരസ്പര ആദരവിലും സ്‌നേഹത്തിലും അധിഷ്ഠിതമായ അടുപ്പമാണുണ്ടായിരുന്നത്. ഇന്ത്യ വിട്ടുപോകാൻ നേരം നെഹ്‌റുവിന് മരതകം പതിച്ച റിംഗ് നൽകാൻ എഡ്വിന ആഗ്രഹിച്ചിരുന്നു. എന്നാൽ നെഹ്‌റു അത് നിരസിച്ചേക്കാമെന്ന തോന്നലിൽ പമേല അത്, ഇന്ദിരാഗാന്ധിക്കാണ് നൽകിയത്. എഡ്വിനയ്ക്കുള്ള യാത്രയയപ്പ് യോഗത്തിലെ നെഹ്‌റുവിന്റെ പ്രസംഗത്തോടെയാണ് പമേലയുടെ പുസ്തകം അവസാനിക്കുന്നത്: ‘‘നിങ്ങൾ എവിടേക്കുപോയാലും അവിടെയൊക്കെ നിങ്ങൾ സമാശ്വാസവും പ്രതീക്ഷകളും പ്രചോദനവുമേകും. അതുകൊണ്ടുതന്നെ, ഇന്ത്യയിലെ ജനങ്ങൾ നിങ്ങളെ സ്നേഹിക്കുന്നതിലും അവരിലൊരാളായി നിങ്ങളെ കാണുന്നതിലും നിങ്ങൾ പോകുന്നതിൽ ദുഃഖിക്കുകയും ചെയ്യുന്നതിൽ അതിശയമുണ്ടോ’’ എന്നായിരുന്നു നെഹ്റുവിന്റെ സ്നേഹഭരിതമായ വാക്കുകൾ.

2020 ജൂലൈ 22ന് ബ്രിട്ടനിലെ ബ്രോഡ് ലാൻഡ് ആർക്കൈവിലുണ്ടായിരുന്ന എഡ്വിന മൗണ്ട് ബാറ്റന്റെ പേഴ്‌സണൽ ഡയറികളും കത്തുകളുടെയും ഡിജിറ്റൽപതിപ്പുകൾ പുറത്തുവന്നിരുന്നു. നെഹ്‌റുവുമായുള്ള ബന്ധം, നെഹ്‌റുവിനെക്കുറിച്ചുള്ള മൗണ്ട് ബാറ്റന്റെ കാഴ്ചപ്പാട്, ഇന്ത്യ- പാക്കിസ്ഥാൻ വിഭജനം എന്നീ വിഷയങ്ങളും മഹാത്മാഗാന്ധി, മുഹമ്മദലി ജിന്ന എന്നിവരെക്കുറിച്ചുളള വിവരങ്ങളും ഈ ഡയറികളിലും കത്തുകളിലുമുണ്ട്. 1960 വരെയുള്ള രേഖകളാണ് പുറത്തിറക്കിയത്. 1947-48 കാലത്തെ ഡയറികൾ തടഞ്ഞുവച്ചു.

കോൺ​ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും എതിർത്ത ജെ.പിക്ക്, നെഹ്റു അയച്ച കത്തിൽ, മുതലെടുപ്പിനുള്ള വരികൾ തെരയുകയാണ് ബി.ജെ.പി.

എഡ്വിനയുടെ മകൾ അടക്കമുള്ളവർ അടുപ്പത്തോടെ ഓർത്തെടുക്കുകയും വ്യക്തിപരമായി തന്നെ വിശദീകരിക്കപ്പെടുകയും ചെയ്തിട്ടുള്ള എഡ്വിനയും നെഹ്റുവും തമ്മിലുള്ള ബന്ധത്തെ വിവാദത്തിലേക്ക് കൊണ്ടുവന്ന് നെഹ്റുവിനെ പ്രതിക്കൂട്ടിലാക്കുകയാണ് ബി.ജെ.പി ലക്ഷ്യമെന്ന് വ്യക്തം.

ജയപ്രകാശ് നാരായണനാണ് ബി.ജെ.പിയുടെ മറ്റൊരു ഉന്നം. അടിയന്തരാവസ്ഥക്കെതിരായി ഏറ്റവും ശക്തമായി പോരാടിയ പ്രസ്ഥാനം എന്ന പ്രതിച്ഛായാ നിർമിതിക്കായി ആർ.എസ്.എസും സംഘ്പരിവാറും കൊണ്ടുപിടിച്ചുനടത്തുന്ന ശ്രമങ്ങളിലേക്ക് ജെ.പിയെ കൂടി കൊണ്ടുവരികയാണ്. കോൺ​ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും എതിർത്ത നേതാവിന് നെഹ്റു അയച്ച കത്തിൽ, മുതലെടുപ്പിനുള്ള വരികൾ തെരയുകയാണ് ബി.ജെ.പി.

 അടിയന്തരാവസ്ഥക്കെതിരായി ഏറ്റവും ശക്തമായി പോരാടിയ പ്രസ്ഥാനം എന്ന പ്രതിച്ഛായാ നിർമിതിക്കായി ആർ.എസ്.എസും സംഘ്പരിവാറും കൊണ്ടുപിടിച്ചുനടത്തുന്ന ശ്രമങ്ങളിലേക്ക് ജെ.പിയെ കൂടി കൊണ്ടുവരികയാണ് ബി.ജെ.പി ഇപ്പോൾ.
അടിയന്തരാവസ്ഥക്കെതിരായി ഏറ്റവും ശക്തമായി പോരാടിയ പ്രസ്ഥാനം എന്ന പ്രതിച്ഛായാ നിർമിതിക്കായി ആർ.എസ്.എസും സംഘ്പരിവാറും കൊണ്ടുപിടിച്ചുനടത്തുന്ന ശ്രമങ്ങളിലേക്ക് ജെ.പിയെ കൂടി കൊണ്ടുവരികയാണ് ബി.ജെ.പി ഇപ്പോൾ.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ സോഷ്യലിസ്റ്റ് ആശയത്തിലൂന്നിയ രാഷ്ട്രീയ മുന്നേറ്റത്തിനായി നിലകൊണ്ട ജയപ്രകാശ് നാരായണനുമായി നെഹ്‌റു നടത്തിയ കത്തിടപാടുകൾ പുറത്തുവന്നിട്ടില്ല. നെഹ്‌റു പ്രധാനമന്ത്രിയായിരിക്കുമ്പോൾ തന്നെ ദേശീയ രാഷ്ട്രീയത്തിലെ പ്രധാന സാന്നിധ്യമായിരുന്നു ജെ.പി. ഇരുവരും തമ്മിൽ ക്രിയാത്മകമായ അടുത്ത രാഷ്ട്രീയബന്ധവും ഉണ്ടായിരുന്നു. റെയിൽവേയിലും പോസ്റ്റൽ സർവീസിലുമുള്ള തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ജെ.പിയുണ്ടായിരുന്നു. 1947 മുതൽ 1953 വരെ ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിലാളി യൂണിയനായ അഖിലേന്ത്യ റെയിൽവേ മെൻസ് ഫെഡറേഷൻ പ്രസിഡന്റായിരുന്നു. 1952-ലെ പൊതുതെരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റുകളെ കോൺഗ്രസിലേക്ക് നെഹ്‌റു സ്വാഗതം ചെയ്തിരുന്നു. എന്നാൽ, ജെ.പിയാകട്ടെ, കക്ഷിരാഷ്ട്രീയത്തിൽനിന്നകന്ന് ഭൂദാന പ്രസ്ഥാനത്തിലേക്കും ദാരിദ്ര്യനിർമാണ പരിപാടികളിലേക്കും ആകൃഷ്ടനായിക്കഴിഞ്ഞിരുന്നു. കോൺഗ്രസിനെതിരെ, ഒരു ദേശീയ പ്രതിപക്ഷത്തിന്റെ അനിവാര്യതയെക്കുറിച്ച് സൂചിപ്പിച്ച് നെഹ്‌റുവിന് 1957-ലെ പൊതുതെരഞ്ഞെടുപ്പുകാലത്ത് ജെ.പി കത്തെഴുതുന്നുണ്ട്.

സമകാലിക ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിനെ ആക്ഷേപിക്കാനും നിർവീര്യമാക്കാനുമുള്ള വഴി തെരയുന്ന ബി.ജെ.പിക്ക്, പക്ഷെ, നെഹ്റുവിന്റെ കത്തുകൾ നിഷ്പ്രയോജനമായേക്കാം.

ജെ.പിയുടെ പങ്കാളി പ്രഭാവതിയും നെഹ്‌റുവിന്റെ പങ്കാളി കമലാ നെഹ്‌റുവും തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോൾ, അവരുടെ നയങ്ങൾക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം തുടങ്ങും മുമ്പ് ജെ.പി ഇന്ദിരാഗാന്ധിയെ സന്ദർശിച്ച കാര്യം, പ്രമുഖ ചരിത്രകാരനായ രാമചന്ദ്ര ഗുഹ എഴുതിയിട്ടുണ്ട്. കമലാ നെഹ്‌റു പ്രഭാവതിക്ക് അയച്ച കത്തുകൾ ഉപഹാരമായി ഇന്ദിരയ്ക്ക് കൈമാറാനായിരുന്നു ആ സന്ദർശനം. ‘ഭാഗ്യവശാൽ’ നെഹ്‌റു പ്രഭാവതിക്കയച്ച കത്തുകൾ ജെ.പി ഇന്ദിരയ്ക്ക് കൈമാറിയില്ലെന്നും ഗുഹ എഴുതുന്നു.

ജെ.പി മൂവ്‌മെന്റിനെ ഏറ്റെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുതൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വരെയുള്ളവർ നിരന്നുനിൽക്കുന്നതിനിടെയാണ്, നെഹ്റു- ജെ.പി കത്തുകളിൽ, തങ്ങളുടെ രാഷ്ട്രീയ താൽപര്യങ്ങളിലേക്ക് ‘വെളിച്ചം’ വീശുന്ന എന്തെങ്കിലുമുണ്ടായേക്കാമെന്ന പ്രതീക്ഷ ബി.ജെ.പിയെ ആവേശഭരിതമാക്കുന്നത്.

ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോൾ, അവരുടെ നയങ്ങൾക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം തുടങ്ങും മുമ്പ് ജെ.പി ഇന്ദിരാഗാന്ധിയെ സന്ദർശിച്ച കാര്യം, പ്രമുഖ ചരിത്രകാരനായ രാമചന്ദ്ര ഗുഹ എഴുതിയിട്ടുണ്ട്.
ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുമ്പോൾ, അവരുടെ നയങ്ങൾക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം തുടങ്ങും മുമ്പ് ജെ.പി ഇന്ദിരാഗാന്ധിയെ സന്ദർശിച്ച കാര്യം, പ്രമുഖ ചരിത്രകാരനായ രാമചന്ദ്ര ഗുഹ എഴുതിയിട്ടുണ്ട്.

2008-ൽ നെഹ്റുവിന്റെ കത്തുകൾ നെഹ്‌റു മ്യൂസിയത്തിൽനിന്ന് സോണിയ എന്തിനാണ് മനഃപൂർവം എടുത്തുകൊണ്ടുപോയതെന്നും ബി.ജെ.പി ചോദിക്കുന്നു. ഇവ വ്യക്തിപരമായ കത്തുകൾ എന്നതിനേക്കാൾ ചരിത്രരേഖകളെന്ന നിലയ്ക്കാണ് തിരിച്ചുതരാനാവശ്യപ്പെടുന്നത് എന്നാണ് ബി.ജെ.പി ദേശീയ വക്താവ് സംഭിത് പത്ര വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. 2008 മെയ് അഞ്ചിന് നെഹ്‌റുവിന്റെ കത്തുകൾ അടക്കമുള്ള പ്രധാന രേഖകൾ, നെഹ്‌റു മെമ്മോറിയൽ ലൈബ്രറി ഡയറക്ടറുടെ അനുമതിയോടെയാണ് സോണിയ 51 പെട്ടികളിലാക്കി അവരുടെ വീട്ടിലേക്ക് മാറ്റിയതെന്ന് പത്ര പറയുന്നു. ‘‘ഈ കത്തുകൾ 2010-ഓടെ ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കാനും സ്‌കാൻ ചെയ്ത് പൊതു ആവശ്യങ്ങൾക്ക് ലഭ്യമാക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ അതിനുമുമ്പേ സോണിയ ഗാന്ധി അത് കൊണ്ടുപോകുകയാണുണ്ടായത്. പരസ്യമാക്കരുത് എന്ന് നെഹ്‌റു കുടുംബത്തിന് താൽപര്യമുള്ള വിഷയങ്ങൾ അതിലുണ്ട് എന്ന സംശയമാണ് ഇതുണ്ടാക്കുന്നത്''- പത്ര പറയുന്നു.

സമകാലിക ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിനെ ആക്ഷേപിക്കാനും നിർവീര്യമാക്കാനുമുള്ള വഴി തെരയുന്ന ബി.ജെ.പിക്ക്, പക്ഷെ, നെഹ്റുവിന്റെ കത്തുകൾ നിഷ്പ്രയോജനമായേക്കാം. കാരണം, താൻ വിശ്വസിച്ചിരുന്ന ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും ശാസ്ത്രീയതയുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയുമെല്ലാം സത്യസന്ധമായ ആവിഷ്കാരം തന്നെയായിരുന്നു ആ ജീവിതവും. ഒരു രാഷ്ട്രത്തി​ന്റെ ഭാഗധേയം നിർണയിച്ച നേതൃത്വം എന്ന നിലയ്ക്ക് ആ വ്യക്തിത്വവും ഈ മൂല്യങ്ങളുമായി സംഘർഷമുണ്ടായിരുന്നിരിക്കാമെങ്കിലും, അവ തമ്മിൽ വൈരുധ്യമുണ്ടാകാനിടയില്ല.

ഏഴര പതിറ്റാണ്ടിനിടെ ഇന്ത്യയിൽ 19 പ്രധാനമന്ത്രിമാർ ഉണ്ടായിട്ടുണ്ടെന്നും അവരിൽ നെഹ്റുവിന് മാത്രമായി ഒരു മ്യൂസിയം ആവശ്യമില്ല എന്നും പറഞ്ഞാണ് മോദി സർക്കാർ ന്യൂദൽഹിയിലെ നെഹ്റു മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറിയെ പ്രൈംമിനിസ്റ്റേഴ്സ് മെമ്മോറിയൽ മ്യൂസിയം ആന്റ് ലൈബ്രറിയാക്കി മാറ്റിയത്. നെഹ്റുവിന്റെ അടയാളങ്ങളെല്ലാം തുടച്ചുമാറ്റുന്ന സംഘ്പരിവാർ പദ്ധതിയുടെ ബാക്കിപത്രമാണ് നെഹ്റുവിന്റെ കത്തുകളെ മുൻനിർത്തിയുള്ള വിവാദത്തിലും നിഴലിക്കുന്നത്.

Comments