2024: ഇതാ സെമി ഫൈനൽ,
അഞ്ച് സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിലേക്ക്

കോൺഗ്രസിനെ സംബന്ധിച്ച് അതീവ നിർണായകമാണ് ഈ സെമി ഫൈനൽ. കാരണം, രാജസ്ഥാനിലും ഛത്തീസ്ഗഡിലും പാർട്ടിക്ക് ഭരണം നിലനിർത്തണം. മധ്യപ്രദേശിലും തെലങ്കാനയിലും കോൺഗ്രസാണ് മുഖ്യ പ്രതിപക്ഷം. അതായത്, ഇത് യഥാർഥത്തിൽ കോൺഗ്രസിന്റെ ജനവിധിയാണ്, 'ഇന്ത്യ' മുന്നണിക്കുള്ള ‘ബിഗ് ടെസ്റ്റും.’

2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി വിശേഷിപ്പിക്കപ്പെടുന്ന അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ തീയതി പ്രഖ്യാപിച്ചു. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസാറാം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുതീയതികളാണ് കേന്ദ്ര തെരഞ്ഞെടുപ്പുകമീഷൻ പ്രഖ്യാപിച്ചത്. അഞ്ചു സംസ്ഥാനങ്ങളിൽ 16.1 കോടി വോട്ടർമാരാണുള്ളത്.

മധ്യപ്രദേശ്: ഒറ്റ ഘട്ടം: നവംബർ 17.
രാജസ്ഥാൻ: ഒറ്റ ഘട്ടം: നവംബർ 23.
തെലങ്കാന: ഒറ്റ ഘട്ടം: നവംബർ 30.
ഛത്തീസ്ഗഡ്: രണ്ട് ഘട്ടം:
നവംബർ ഏഴ്, നവംബർ 17.
മിസോറാം: ഒറ്റ ഘട്ടം: നവംബർ ഏഴ്.
ഫലപ്രഖ്യാപനം: ഡിസംബർ മൂന്ന്.

രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ കോൺഗ്രസിനാണ് ഭരണം. മധ്യപ്രദേശിൽ ബി.ജെ.പിയും. കെ.സി.ആർ നയിക്കുന്ന ഭാരത് രാഷ്ട്ര സമിതിയാണ് തെലങ്കാനയിൽ ഭരണം. മിസോറാമിൽ മിസോ നാഷനൽ ഫ്രണ്ടും.

കോൺഗ്രസിനെ സംബന്ധിച്ച് അതീവ നിർണായകമാണ് ഈ സെമി ഫൈനൽ. കാരണം, രാജസ്ഥാനിലും ഛത്തീസ്ഗഡിലും പാർട്ടിക്ക് ഭരണം നിലനിർത്തണം. മധ്യപ്രദേശിലും തെലങ്കാനയിലും കോൺഗ്രസാണ് മുഖ്യ പ്രതിപക്ഷം. അതായത്, ഇത് യഥാർഥത്തിൽ കോൺഗ്രസിന്റെ ജനവിധിയാണ്, 'ഇന്ത്യ' മുന്നണിക്കുള്ള ‘ബിഗ് ടെസ്റ്റും.’

2024-ൽ നരേന്ദ്ര മോദിക്ക് തുടർഭരണം ഉറപ്പുവരുത്താനുള്ള അവസരമായാണ് അഞ്ചു സംസ്ഥാനങ്ങളെയും ബി.ജെ.പി കാണുന്നത്. അതുകൊണ്ടുതന്നെ, പ്രധാന നാലു സംസ്ഥാനങ്ങളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത് ഷായുടെ നേരിട്ടുള്ള ഏകോപനത്തിലാണ് കാമ്പയിൻ. രണ്ട് സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് കടുത്ത വെല്ലുവിളിയുണ്ട്: മധ്യപ്രദേശിൽ ഭരണം നിലനിർത്തണം. രാജസ്ഥാനിൽ തിരിച്ചുപിടിക്കണം.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനുമുമ്പ്, കോൺഗ്രസ് നടത്തിയ സംസ്ഥാന തല സർവേയുടെ അടിസ്ഥാനത്തിൽ രാഹുൽ ഗാന്ധി ഒരു പ്രവചനം നടത്തിയിരുന്നു: 'രാജസ്ഥാനിൽ കടുത്ത മത്സരം, എങ്കിലും അവസാന ലാപ്പിൽ വിജയം. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും വിജയം ഉറപ്പ്, ചിലപ്പോൾ തെലങ്കാനയിലും. തെലങ്കാനയിൽ പാർട്ടിക്ക് 50- 55 സീറ്റ് കിട്ടുമെന്നാണ് പ്രവചനം, ബി.ആർ.എസിന് 55- 60 സീറ്റ്.

ഇന്ത്യ ടുഡേ- സി വോട്ടർ സർവേയിൽ, ഛത്തീസ്ഗഡിലെ 90 അംഗ സഭയിൽ കോൺഗ്രസ് 51 സീറ്റ് നേടി ഭരണം നിലനിർത്തുമെന്നാണ് പ്രവചനം. ബി.ജെ.പിക്ക് 38 സീറ്റു കിട്ടും. കഴിഞ്ഞതവണ കോൺഗ്രസിന് 68, ബി.ജെ.പിക്ക് 15 വീതം സീറ്റാണുണ്ടായിരുന്നത്.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍

കർണാടകയിലെ തിളങ്ങുന്ന വിജയം കോൺഗ്രസിന് രാജസ്ഥാനിലും ഛത്തീഗ്ഗഡിലും ആത്മവിശ്വാസം നൽകുന്ന ഘടകമാണ്. എന്നാൽ, ഹിന്ദി മേഖയിൽ, കർണാടകയിലെ തന്ത്രം അതേപടി പ്രയോഗിക്കാനുമാകില്ല. ബി.ജെ.പിക്കെതിരെ ജാതി സെൻസസ് എന്ന വിഷയമുയർത്തിയാണ് രണ്ടു സംസ്ഥാനങ്ങളിലും കോൺഗ്രസ് മത്സരിക്കുക. സംഘടനാതലത്തിൽ രണ്ടു സംസ്ഥാനങ്ങളിലും കോൺഗ്രസിന് കടുത്ത പ്രതിസന്ധിയുണ്ട്. മുതിർന്ന നേതാക്കൾ അടക്കമുള്ളവർ റബലുകളായി രംഗത്തുവരാനുള്ള സാധ്യതയുണ്ട്.

മധ്യപ്രദേശിൽ ഭരണവിരുദ്ധവികാരമാണ് ബി.ജെ.പിക്ക് പ്രതിസന്ധി. മാത്രമല്ല, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസഥാൻ എന്നിവിടങ്ങളിൽ പാർട്ടി മുഖ്യമന്ത്രി സ്ഥാനാർഥിയില്ലാതെയാണ് മത്സരിക്കുക. ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവന്നപ്പോൾ അത്ര രൂക്ഷമാണ് പാർട്ടിയിലെ പ്രതിസന്ധി.

രാജസ്ഥാൻ: ഗെഹ്‌ലോട്ട്- പൈലറ്റ്
വെടിനിർത്തൽ എത്ര വരെ?

രാജസ്ഥാനിലെ 200 അംഗ നിയമസഭയിൽ കോൺഗ്രസിന് 108 എം.എൽ.എമാരുണ്ട്. ബി.ജെ.പിക്ക് 70, രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി- 3, സി.പി.എം- 3, ഭാരതീയ ട്രൈബൽ പാർട്ടി- 2, രാഷ്ട്രീയ ലോക്ദൾ- 1, സ്വതന്ത്രർ- 13 വീതവും. സംസ്ഥാനം തിരിച്ചുപിടിക്കാൻ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലാണ് ബി.ജെ.പി കാമ്പയിൻ നടത്തുന്നത്.

സച്ചിൻ പൈലറ്റ്

'ഹൃദയപൂർവം പ്രവർത്തിച്ച് വീണ്ടും കോൺഗ്രസ് ഭരണം' എന്ന മുദ്രാവാക്യവുമായാണ് കോൺഗ്രസ് കാമ്പയിൻ. 13 ജില്ലകളൾക്ക് കുടിവെള്ളവും ജലസേചന സൗകര്യവും ഒരുക്കുന്ന 40,000 കോടി രൂപയുടെ ഈസ്‌റ്റേൺ രാജസ്ഥാൻ കനാൽ പ്രൊജക്റ്റാണ് സർക്കാറിന്റെ തുരുപ്പുചീട്ട്. പ്രകടനപത്രികയിലെ 98 ശതമാനം വാഗ്ദാനങ്ങളും പാലിച്ചുവെന്നാണ് അശോക് ഗെഹലോട്ടിന്റെ അവകാശവാദം.

അഞ്ചുവർഷമായി തുടരുന്ന ഗെഹ്‌ലോട്ട്- സച്ചിൻ പൈലറ്റ് തർക്കത്തിന് ഹൈക്കമാൻഡ് താൽക്കാലി തീർപ്പുണ്ടാക്കിയിട്ടുണ്ടെങ്കിലും ഇത് അടിത്തട്ടിൽ എത്തിയിട്ടുണ്ടോ എന്നതിൽ സംശയമുണ്ട്. പൈലറ്റിനെ കോൺഗ്രസ് പ്രവർത്തക സമിതി അംഗമാക്കിയതുവഴി ഒരു വെടിക്ക് രണ്ടു പക്ഷിയായി; പൈലറ്റിനെ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് അകറ്റിനിർത്തുക, ഗഹ്‌ലോട്ടിന്റെ മുഖ്യമന്ത്രിസ്ഥാനം ഉറപ്പിക്കുക. പ്രവർത്തക സമിതി അംഗമായതോടെ പൈലറ്റിൽനിന്ന് ഐക്യാഹ്വാനങ്ങളുണ്ടാകുന്നുവെന്നതും, ഹൈക്കമാൻഡ് തന്ത്രം ഫലിച്ചതിന്റെ സൂചനയാണ്. സംസ്ഥാന ഭരണം മാറിമാറി വരുന്ന മൂന്നുപതിറ്റാണ്ടിന്റെ പാരമ്പര്യം തിരുത്തി ഇത്തവണ തുടർഭരണമുണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. രാജസ്ഥാനിൽ ഇത്തവണ കോൺഗ്രസിന് ജയിക്കാനായില്ലെങ്കിൽ 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ബി.ജെ.പിയെ നേരിടാനാകില്ലെന്നുകൂടി അദ്ദേഹം പറഞ്ഞുവെക്കുന്നു.

മുൻ മുഖ്യമന്ത്രി വസുന്ധര രാജെയാണ് ബി.ജെ.പിയെ ഇത്തവണ വട്ടം കറക്കാൻ പോകുന്നത്. 2013-ൽ അവരുടെ നേതൃത്വത്തിൽ ബി.ജെ.പിക്ക് 163 സീറ്റാണ് ലഭിച്ചത്. എന്നാൽ, കഴിഞ്ഞതവണ 70-ലേക്ക് ഒതുങ്ങി. അവർക്ക് ഇപ്പോൾ പാർട്ടിയിൽ വലിയ സ്വാധീനമില്ല.

പ്രധാനമന്ത്രി നരേന്ദ്രമോദി ബൂത്ത് ലെവൽ പ്രവർത്തകരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയാണ് പാർട്ടി തന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നത്. ഒരു വർഷത്തിനിടെ മോദി ഒമ്പതു തവണയാണ് സംസ്ഥാനത്ത് സന്ദർശനം നടത്തിയത്.

മുൻ മുഖ്യമന്ത്രി വസുന്ധര രാജെയാണ് ബി.ജെ.പിയെ ഇത്തവണ വട്ടം കറക്കാൻ പോകുന്നത്. 2013-ൽ അവരുടെ നേതൃത്വത്തിൽ ബി.ജെ.പിക്ക് 163 സീറ്റാണ് ലഭിച്ചത്. എന്നാൽ, കഴിഞ്ഞതവണ 70-ലേക്ക് ഒതുങ്ങി. അവർക്ക് ഇപ്പോൾ പാർട്ടിയിൽ വലിയ സ്വാധീനമില്ല. മിക്കവാറും ഇലക്ഷൻ കമ്മിറ്റികളിൽനിന്ന് അവർ പുറത്താണ്. എങ്കിലും മുഖ്യമന്ത്രി മോഹം അവർ ഉപേക്ഷിച്ചിട്ടില്ല. അവർക്കുപുറമേ പാർട്ടി സംസ്ഥാന അധ്യക്ഷൻ സി.പി. ജോഷി, മുൻ അധ്യക്ഷന്മാരായ സതീഷ് പൂനിയ, ഒ.പി. മാത്തൂർ, അരുൺ സിങ്, പ്രതിപക്ഷ നേതാവ് രാജേന്ദ്ര രാത്തോർ, കേന്ദ്രമന്ത്രിമാരായ അർജുൻ റാം മേഖ്‌വാൾ, ഗജേന്ദ്ര സിങ് ഷെഖാവത്, അശ്വിനി വൈഷ്ണവ് തുടങ്ങി ഒരു ഡസനോളം പേർ മുഖ്യമന്ത്രി സ്ഥാനമോഹികളായി രംഗത്തുണ്ട് എന്നത് ബി.ജെ.പിയെ അക്ഷരാർഥത്തിൽ വലയ്ക്കുകയാണ്.

മധ്യപ്രദേശ്:
ആഞ്ഞുപിടിച്ച് ബി.ജെ.പി

കഴിഞ്ഞ തെരഞ്ഞടുപ്പിൽ സംസ്ഥാനത്തെ 230 സീറ്റിൽ കോൺഗ്രസ് 114 സീറ്റ് നേടിയാണ് അധികാരത്തിലെത്തിയത്. ബി.ജെ.പിക്ക് 109 സീറ്റാണ് കിട്ടിയത്. എന്നാൽ, ജ്യോതിരാദിത്യ സിൻഹയുടെ നേതൃത്വത്തിൽ 22 എം.എൽ.എമാർ പാർട്ടി വിട്ടതോടെ സർക്കാർ വീണു. 2020 മാർച്ചിൽ ശിവ്‌രാജ് സിങ്ങ് ചൗഹാന്റെ നേതൃത്വത്തിൽ ബി.ജെ.പി മന്ത്രിസഭയുണ്ടാക്കി. ഇപ്പോൾ ബി.ജെ.പിക്ക് 127 എം.എൽ.എമാരുണ്ട്.

230-ൽ 150 സീറ്റ് നേടുമെന്നാണ് രാഹുലിന്റെ പ്രവചനം. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കമൽനാഥ് ആയിരിക്കും മുഖ്യമന്ത്രി സ്ഥാനാർഥി.

ജ്യോതിരാദിത്യ സിന്ധ്യ, ശിവ്‌രാജ് സിങ് ചൗഹാന്‍

ഭരണവിരുദ്ധവികാരമാണ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനെ കുഴക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും അധികം കാലം മുഖ്യമന്ത്രിയായിരുന്ന ശിവ്‌രാജ് സിങ് ചൗഹാൻ, ഭരണവിരുദ്ധവികാരം മറികടക്കാനുള്ള റാലികളിലാണ് അദ്ദേഹം. അഴിമതി, ക്രമസമാധാന ലംഘനം, സ്ത്രീകൾക്കെതിരായ അതിക്രമം എന്നിവയാണ് സർക്കാറിനെ പിടിച്ചുകുലുക്കുന്നത്. വോട്ടർമാരിൽ 48 ശതമാനം സ്ത്രീകളായതിനാൽ സ്ത്രീകളെയാണ് ഇത്തവണ ബി.ജെ.പിയും കോൺഗ്രസും ഉന്നം വെക്കുന്നത്. എല്ലാ സംസ്ഥാന സർക്കാർ ജോലികളിലും സ്ത്രീകൾക്ക് 35 ശതമാനം സംവരണവും അധ്യാപക ഒഴിവുകളിൽ 50 ശതമാനം സംവരണവുമാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. മാസം വീട്ടമ്മമാർക്ക് 1500 രൂപ, ഗാർഹിക ഗ്യാസ് സിലിണ്ടർ 500 രൂപക്ക് എന്നീ വാഗ്ദാനങ്ങൾ കോൺഗ്രസ് വകയും.

2018- 2020 കാലത്ത് 18 മാസം ഭരണത്തിൽനിന്ന് മാറിനിന്നതൊഴിച്ചാൽ, 2003 മുതൽ ബി.ജെ.പിയാണ് ഭരണത്തിൽ. അതുകൊണ്ടുതന്നെ, കർണാടകയും ഹിമാചലും ആവർത്തിക്കരുതെന്ന്, സംസ്ഥാനത്ത് അടിക്കടി സന്ദർശനം നടത്തുന്ന അമിത് ഷാ പ്രത്യേക നിർദേശം നൽകിയിരിക്കുകയാണ്. യു.പി, ഗുജറാത്ത്, മഹാരാഷ്ട്ര, ബിഹാർ എന്നിവിടങ്ങളിൽനിന്ന് 230 എം.എൽ.എമാരെ സംസ്ഥാനത്തെ 230 മണ്ഡലങ്ങളിലും അണിനിരത്തിയാണ് ബി.ജെ.പി കാമ്പയിൻ. പാർട്ടി ഹൈക്കമാൻഡ് ഇവർക്ക് ഓരോ മണ്ഡലത്തിന്റെയും അടിത്തട്ടിലെ ചുമതല ഏൽപ്പിച്ചിരിക്കുകയാണ്.

കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കമൽനാഥ് ആയിരിക്കും മധ്യപ്രദേശിൽ മുഖ്യമന്ത്രി സ്ഥാനാർഥി കമൽനാഥ്

79 സീറ്റുകളിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോൾ തന്നെ പൊട്ടിത്തെറിയുണ്ടായി. കേന്ദ്ര മന്ത്രിമാരും നാല് എം.പിമാരും ഒരു ദേശീയ ജനറൽ സെക്രട്ടറിയും അടങ്ങുന്നതായിരുന്നു പട്ടിക. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമാർ, പ്രഹ്‌ളാദ് പട്ടേൽ, ഫാഗൻ സിങ് കുലസ്‌തേ എന്നിവരെയാണ് ഭരണവിരുദ്ധവികാരം മറികടക്കാൻ അണിനിരത്തിയത്. മാത്രമല്ല, മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനെ ദേശീയ നേതൃത്വത്തിന്റെ കാമ്പയിനുകളിൽ അധികം പ്രൊജക്റ്റ് ചെയ്യുന്നുമില്ല. സിറ്റിങ് എം.എൽ.എമാർക്ക് സീറ്റ് നിഷേധിച്ചത് വിന്ധ്യ മേഖലയിൽ കടുത്ത വിമതശല്യം ഉയർത്തിയിട്ടുണ്ട്. ഇവിടെനിന്നാണ് 80 ശതമാനം സീറ്റും ബി.ജെ.പി നേടിയത്.

ഛത്തീസ്ഗഡ്:
ജാതി സെൻസസും
തുടർഭരണപ്രതീക്ഷയും

ഛത്തീസ്ഗഡിൽ തുടർഭരണമാണ് കോൺഗ്രസ് ലക്ഷ്യം. അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തുമെന്ന് പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. ആദിവാസി വോട്ടുബാങ്കാണ് പ്രധാനമായും കോൺഗ്രസും ബി.ജെ.പിയും ലക്ഷ്യം വക്കുന്നത്.

2018-ൽ ബി.ജെ.പിയുടെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. 90 അംഗ നിയമസഭയിൽ 68 സീറ്റും കോൺഗ്രസിനാണ്. ബി.ജെ.പി- 15, ഛത്തീസ്ഗഡ് ജനതാ കോൺഗ്രസ്- അഞ്ച്, ബി.എസ്.പി- രണ്ട് വീതം.

ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി രമൺ സിങ്

തന്റെ സർക്കാർ 75-ലേറെ സീറ്റ് നേടുമെന്നാണ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറയുന്നത്. പരിവർത്തൻ ജാഥ നടത്തിയായിരുന്നു കാമ്പയിന് തുടക്കം. ബി.ജെ.പിയുടെ ആദ്യ സ്ഥാനാർഥി പട്ടികയിൽ മുൻ മുഖ്യമന്ത്രി രമൺ സിങ് അടക്കമുള്ള നേതാക്കളില്ല. ആഗസ്റ്റിൽ തന്നെ ബി.ജെ.പി 21 സീറ്റിലേക്കും സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു.

തെലങ്കാന:
വൈ.എസ്. ശർമിള
എന്ന താരം

കർണാടകയാണ്, തെലങ്കാനയിലേക്കുള്ള കോൺഗ്രസ് വഴികാട്ടി. കർണാടക ഉപമുഖ്യമന്ത്രി ഡി. ശിവകുമാർ ക്യാമ്പ് ചെയ്താണ് തെലങ്കാനയിലെ കാമ്പയിൻ നിയന്ത്രിക്കുന്നത്. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് മനേജുമെന്റ് പൂർണമായും അദ്ദേഹത്തിന്റെ നിയന്ത്രണത്തിലാണ്. ഒരു വർഷം മുമ്പേ തന്നെ ശിവകുമാർ ഇതിനുവേണ്ട തന്ത്രങ്ങളിലാണ്. ആദ്യമായി എ. രേവന്ത് റെഡ്ഡിയെ പാർട്ടി സംസ്ഥാന അധ്യക്ഷനാക്കി. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയും വൈ.എസ്.ആർ. തെലങ്കാന പാർട്ടി അധ്യക്ഷയുമായ വൈ.എസ്. ശർമിളയെ കോൺഗ്രസിലേക്ക് കൊണ്ടുവരാൻ നീക്കം നടത്തി. എന്നാൽ, ശർമിള തന്റെ പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിക്കുന്നതിന് മടിച്ചുനിൽക്കുകയാണ്.

വൈ.എസ്. ശർമിള

സോണിയാ ഗാന്ധി അടക്കമുള്ളവരുമായി നിരന്തരം ചർച്ചയിലാണെങ്കിലും അവരുടെ നിശ്ശബ്ദത കോൺഗ്രസിനെ അങ്കലാപ്പിലാക്കുന്നുണ്ട്. ലയനം നടന്നില്ലെങ്കിൽ 119 സീറ്റിലും ഒറ്റക്ക് മത്സരിക്കുമെന്ന അവരുടെ പ്രഖ്യാപനം, വോട്ട് ഭിന്നിപ്പിക്കുമെന്നും അത് കോൺഗ്രസിന് തിരിച്ചടിയാകുമെന്നും പാർട്ടി ഭയക്കുന്നു. എങ്കിലും കർണാടകയിലെ വിജയം ആവർത്തിക്കാനുള്ള കടുത്ത ശ്രമത്തിലാണ് പാർട്ടി. വൻ വാഗ്ദാനങ്ങളാണ് കോൺഗ്രസ് ഉറപ്പുനൽകുന്നത്. തെലങ്കാന രൂപീകരണത്തിൽ തന്റെ പങ്ക് എടുത്തുകാട്ടിയായിരുന്നു സോണിയാ ഗാന്ധിയുടെ കാമ്പയിൻ പ്രസംഗം. ചന്ദ്രശേഖർ റാവുവിന്റെ ഭാരത് രാഷ്ട്രീയ സമിതിയെ ‘ബി.ജെ.പിയുടെ ബി ടീം’ എന്നാണ് രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്.

എല്ലാ വിഭാഗക്കാരെയും ലക്ഷ്യം വക്കുന്ന കർണാടക മോഡൽ പ്രകടനപത്രികയാണ് കോൺഗ്രസ് അവതരിപ്പിക്കുന്നത്.

എല്ലാ മാസവും സ്ത്രീകൾക്ക് 2,500 രൂപ നൽകുന്ന മഹാലക്ഷ്മി പദ്ധതി, സ്ത്രീകൾക്ക് 500 രൂപക്ക് എൽപി ജി സിലിണ്ടർ, സംസ്ഥാന ആർ ടി സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര തുടങ്ങി കർണാടക മോഡൽ വാഗ്ദാനങ്ങളാണ് ഇവിടെയും. എല്ലാ കുടുംബങ്ങൾക്കും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഗൃഹ ജ്യോതി പദ്ധതിയും സ്വന്തമായി വീടില്ലാത്തവർക്ക് വീടും അഞ്ച് ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. തെലങ്കാന സംസ്ഥാന രൂപീകരണത്തിനായി പ്രവർത്തിച്ചവർക്ക് 250 സ്‌ക്വയർ കൃഷി ഭൂമിയും വാഗ്ദാനം ചെയ്യുന്നു.

സംസ്ഥാന രൂപീകരണത്തിനുശേഷം തെലങ്കാന രാഷ്ട്ര സമിതിക്കുതന്നെയാണ് ഭരണം. സംസ്ഥാനം രൂപീകരിച്ചശേഷം 2014-ൽ നടന്ന തെരഞ്ഞെടുപ്പിൽ ചന്ദ്രശേഖര റാവുവിന്റെ ബി ആർ എസിന് 101 സീറ്റാണ് ലഭിച്ചത്. എ.ഐ.എം.ഐ.എം ഏഴും കോൺഗ്രസ് അഞ്ചും ബിജെപിക്ക് മൂന്നും സീറ്റ്. 2018-ൽ ടി.ആർ.എസ് 88 സീറ്റ് നേടി. കോൺഗ്രസിന് 21, എ.ഐ.എം.ഐ.എമ്മിന് ഏഴ്, ബി.ജെ.പിക്ക് ഒന്ന് വീതം സീറ്റാണ് ലഭിച്ചത്.

Comments