കേന്ദ്ര തെരഞ്ഞടുപ്പ് ‘അട്ടിമറി’ക്കമ്മീഷൻ

സാർവ്വത്രിക വോട്ടവകാശത്തിനുനേരെ സ്വതന്ത്ര ഇന്ത്യയിൽ നടക്കുന്ന ഏറ്റവും ആസൂത്രിതമായ ഭരണകൂട ആക്രമണത്തിന്റെ വേട്ടനായ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെയായി മാറുന്നത് ഫാഷിസ്റ്റ് കാലത്തിന്റെ യുക്തിയാണ്- പ്രമോദ് പുഴങ്കര എഴുതുന്നു.

തെരഞ്ഞെടുപ്പുകൾ ജനാധിപത്യ പ്രക്രിയയിലെ ഒരു ഭാഗം മാത്രമാണ്. തെരഞ്ഞെടുപ്പുകളിൽ തുടങ്ങുന്നതോ അവസാനിക്കുന്നതോ ആയ ഒരു സംവിധാനമോ പ്രക്രിയയോ അല്ല ജനാധിപത്യം. അത് ജനങ്ങളുടെ നിരന്തരമായ രാഷ്ട്രീയ, സാമൂഹ്യ ഇടപെടലുകളിലൂടെ ഓരോ നിമിഷവും നിരവധിയായ സംഘർഷങ്ങളിലൂടെയും അന്തഃസംഘാതങ്ങളിലൂടെയും കടന്നുപോവുകയും സമൂഹത്തിലെ ഓരോ മനുഷ്യനും സക്രിയമായും സർഗാത്മകമായും ഇടപെടാൻ കഴിയുകയും ചെയ്യുന്നൊരു സംവിധാനമായിരിക്കണം.

ഇന്ത്യയിലെ രാഷ്ട്രീയ, സാമൂഹ്യ സംവിധാനവും ഘടനാക്രമങ്ങളുമൊന്നും ഇത്തരത്തിലുള്ള ജനങ്ങളുടെ നിരന്തര ഇടപെടലുകൾക്ക് അവസരം നൽകുന്ന ഒന്നല്ല. അത് മുകളിൽ മാത്രം ചലിക്കുകയും അടിയിലേക്ക് പോകുംതോറും അപ്രക്ത്യക്ഷമാവുകയും ചെയ്യുന്നൊരു ജനസമൂഹത്തിന്റെ പിരമിഡ് മാതൃകയാണ്. ഇന്ത്യയിലെ ഇത്രയും ദുർബ്ബലമായൊരു രാഷ്ട്രീയ സംവിധാനത്തിലെ പ്രത്യക്ഷത്തിലുള്ളൊരു ജനാധിപത്യഛായയാണ് തെരഞ്ഞെടുപ്പുകൾ. ബി ജെ പി / സംഘപരിവാർ ഇന്ത്യയുടെ രാഷ്ട്രീയാധികാരം നേടിയതോടെ തെരഞ്ഞെടുപ്പുകളെന്നാൽ ജനങ്ങളുടെ രാഷ്ട്രീയേച്ഛയെ സംഘപരിവാറിന് വേണ്ട രീതിയിൽ അട്ടിമറിക്കാനുള്ള ഒരു സംവിധാനമായി മാറ്റുന്ന പരിപാടിയും തുടങ്ങി.

വാസ്തവത്തിൽ ഇന്ത്യയിലെ തെരഞ്ഞെടുപ്പുകൾ ഒരുകാലത്തും മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനങ്ങൾക്ക് തങ്ങളുടെ രാഷ്ട്രീയ ഇടപെടലുകൾ നടത്താൻ പാകമായ ഒന്നായിരുന്നില്ല. ജനങ്ങളുടെ കൂട്ടായ നേതൃത്വത്തെ രൂപപ്പെടുത്താത്ത രാഷ്ട്രീയകക്ഷികളും അതിധനികരും ഗുണ്ടാസംഘങ്ങളും കോർപ്പറേറ്റുകളുമൊക്കെ നിയന്ത്രിക്കുന്ന ഒരു പൊറാട്ടു നാടകമായാണ് ഇന്ത്യയിൽ തെരഞ്ഞെടുപ്പുകൾ മിക്കപ്പോഴും നടക്കുന്നത്. സമ്പന്നരും അതിസമ്പന്നരും നേരിട്ടും അവരുടെ വർഗ്ഗതാത്പര്യങ്ങളുടെ പ്രതിനിധികളിലൂടെയും നിയന്ത്രിക്കുന്ന സ്ഥാപനങ്ങളാണ് ഇന്ത്യയിലെ ജനപ്രതിനിധി സഭകൾ.

ഇന്ത്യയിലെ തെരഞ്ഞെടുപ്പുകൾ ഒരുകാലത്തും മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനങ്ങൾക്ക് തങ്ങളുടെ രാഷ്ട്രീയ ഇടപെടലുകൾ നടത്താൻ പാകമായ ഒന്നായിരുന്നില്ല.
ഇന്ത്യയിലെ തെരഞ്ഞെടുപ്പുകൾ ഒരുകാലത്തും മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനങ്ങൾക്ക് തങ്ങളുടെ രാഷ്ട്രീയ ഇടപെടലുകൾ നടത്താൻ പാകമായ ഒന്നായിരുന്നില്ല.

അത്തരത്തിലാണെങ്കിൽക്കൂടി ജനങ്ങൾ തങ്ങൾക്ക് സാധ്യമായൊരു പൗരാവകാശപ്രകടനമായും ചെറുതും ദുർബ്ബലവുമായൊരു സാധ്യതയുമായും തെരഞ്ഞെടുപ്പുകളെ കാണുകയും ചിലപ്പോഴക്കെ ഉപയോഗിക്കുകയും ചെയ്യാറുണ്ട്. അത്തരത്തിലുള്ള സാമാന്യമായ ചെറുസാധ്യതകളെപ്പോലും ആസൂത്രിതമായി ഇല്ലാതാക്കുകയാണ് തെരഞ്ഞെടുപ്പുകളെ സൂക്ഷ്മമായി അട്ടിമറിക്കുന്നതിലൂടെ ബി ജെ പിയും സംഘപരിവാറും ചെയ്യുന്നത്. ഇത്തരത്തിലുള്ള അട്ടിമറി നേരിട്ടുള്ള ബൂത്തുപിടുത്തം പോലുള്ള പരിപാടികളിൽ കൂടിയല്ല നടക്കുന്നത്. അത് രാജ്യത്ത് തെരഞ്ഞെടുപ്പുകൾ സ്വതന്ത്രവും നീതിയുക്തമായും നടത്താൻ ഭരണഘനാപരമായി നിയമിക്കപ്പെടുകയും ചുമതലുള്ളതുമായ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ന സംവിധാനത്തെത്തന്നെ ഉപയോഗിച്ചാണ് എന്നതാണ് പ്രശ്നത്തെ സങ്കീർണ്ണവും രാജ്യത്തിന്റെ രാഷ്ട്രീയഘടനയിൽത്തന്നെ മാറ്റം വരുത്തുന്ന ഒന്നുമായി മാറ്റുന്നത്.

നിഷ്പക്ഷത എന്ന സങ്കൽപ്പം

തെരഞ്ഞെടുപ്പ് കമ്മീഷനെ കൂടി പങ്കാളിയായി നടത്തുന്ന ഇത്തരത്തിലൊരു അട്ടിമറിയെ നിരവധി തെളിവുകളോടെ തുറന്നുകാട്ടുകയാണ് ലോക്സഭ പ്രതിപക്ഷ നേതാവുകൂടിയായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചെയ്തത്. ഒരുപക്ഷെ ബി ജെ പിയുടെ സർവ്വാധിപത്യത്തിന്റെ ഘടനയെത്തന്നെയാണ് രാഹുൽ ഗാന്ധി വെല്ലുവിളിക്കുകയും പ്രശ്നവത്ക്കരിക്കുകയും ചെയ്യുന്നത്.

സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയാധികാരത്തിനു നേരെ മോദി സർക്കാർ അധികാരമേറ്റതിനു ശേഷമുള്ള ഏറ്റവും നിർണായകമായ സംഘടിത പ്രതിപക്ഷനീക്കമാണ് ‘ഇന്ത്യ സഖ്യം’ നടത്തിയിരിക്കുന്നത്.

ബംഗളൂരു സെൻ​ട്രൽ പാർലമെന്റ് ലോക്സഭാ മണ്ഡലത്തിലുള്ള മഹാദേവപുര നിയമസഭാ മണ്ഡലത്തിലെ വോട്ടർപട്ടികയിൽ മാത്രം ഒരു ലക്ഷത്തിലേറെ വ്യാജസമ്മതിദായകരും വ്യാജ വിലാസങ്ങളുമുണ്ട് എന്നത് രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയ്ക്കു നേരെ അതിഗുരുതരമായ ചോദ്യങ്ങളുയർത്തുന്നു. എന്നാൽ ഇത്തരം ചോദ്യങ്ങൾക്ക് പൊതുസമൂഹത്തിന് വിശ്വാസയോഗ്യമായ തരത്തിൽ, യുക്തിസഹവും ശാസ്ത്രീയവുമായ മറുപടികളും വിശദീകരണങ്ങളും നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകുന്നില്ല. മറിച്ച് സത്യവാങ്മൂലത്തിൽ ഒപ്പിട്ട് പറഞ്ഞ കാര്യങ്ങൾ എഴുതിനൽകാൻ രാഹുൽ ഗാന്ധിയെ വെല്ലുവിളിക്കുന്നതുപോലുള്ള ‘ഗ്വാഗ്വാ’ വിളികളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയത്. തങ്ങളുടെ അടിസ്ഥാനപരമായ വിശ്വാസം തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തിൽ, ഒരു ഭരണഘടനാസ്ഥാപനം നൽകേണ്ട മറുപടിയല്ല അത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത മറ്റ് മിക്ക നിഷ്പക്ഷതയും പോലെ ഒരു സങ്കല്പം മാത്രമാണ് ‘മോദി ഭാരത’ത്തിൽ. ബി ജെ പിക്കും കേന്ദ്ര സർക്കാരിനും വേണ്ടി തെരഞ്ഞെടുപ്പ് തിയ്യതികൾ പ്രഖ്യാപിക്കുന്നത് തീരുമാനിക്കുന്നതിൽ തുടങ്ങി തങ്ങളുടെ അധികാരപരിധിയിൽപ്പെട്ട മിക്ക വിഷയങ്ങളിലും ബി ജെ പിക്കും മോദി സർക്കാരിനും വേണ്ടിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്ന ആരോപണം ഒട്ടും അതിശയോക്തി കലർന്നതല്ല. മൂന്നാമതും അധികാരത്തിലെത്തിയ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പിക്ക് രാജ്യത്തൊട്ടാകെ വലിയ തിരിച്ചടി നേരിട്ടുവെന്നതാണ് വാസ്തവം. ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാൻ അവർക്ക് കഴിഞ്ഞില്ല. രാജ്യത്തെങ്ങും സർക്കാർ വിരുദ്ധ പ്രതിഷേധം പല രൂപത്തിലുണ്ടായെങ്കിലും ഹിന്ദി പശുപ്രദേശത്ത് വലിയ തോതിലും മറ്റ് പലയിടങ്ങളിലും സൂക്ഷ്മ കേന്ദ്രീകൃത സ്വഭാവത്തിലും വോട്ടർപട്ടികയിൽ അട്ടിമറികളടക്കമുള്ള നീക്കങ്ങളിലൂടെയാണ് ഇത് സാധ്യമായതെന്ന സംശയം ഈ വിഷയത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വസ്തുതകളുടെ അടിസ്ഥാനത്തിൽ ഉയർത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ ബലപ്പെടുകയാണ്.

തെരഞ്ഞെടുപ്പ് കമ്മീഷനെ കൂടി പങ്കാളിയായി നടത്തുന്ന ഇത്തരത്തിലൊരു അട്ടിമറിയെ നിരവധി തെളിവുകളോടെ തുറന്നുകാട്ടുകയാണ് ലോക്സഭ പ്രതിപക്ഷ നേതാവുകൂടിയായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചെയ്തത്.
തെരഞ്ഞെടുപ്പ് കമ്മീഷനെ കൂടി പങ്കാളിയായി നടത്തുന്ന ഇത്തരത്തിലൊരു അട്ടിമറിയെ നിരവധി തെളിവുകളോടെ തുറന്നുകാട്ടുകയാണ് ലോക്സഭ പ്രതിപക്ഷ നേതാവുകൂടിയായ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചെയ്തത്.

എന്നാൽ തങ്ങളുടെ ഭരണഘടനാചുമതലകളുടെ ഭാഗമായി രാജ്യത്തെ ജനങ്ങളോട് മറുപടി പറയുന്നതിനുപകരം ധൈര്യമുണ്ടെങ്കിൽ സത്യവാങ്മൂലം ഒപ്പിട്ട് പരാതി നൽകാൻ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇനി മുതൽ ബി ജെ പി കാര്യാലയത്തിൽ പ്രവർത്തിക്കുകയായിരിക്കും ഭേദം. ഒരു രാജ്യത്തെ ജനാധിപത്യ സംവിധാനം പ്രവർത്തിക്കുന്നത് നിയമവ്യവഹാരങ്ങളിലൂടെ മാത്രമല്ല. അത് സംവിധാനത്തിൽ ഇടപെടുകയും നിരന്തരം എതിർപ്പുകളും സംശയങ്ങളും ഉയർത്തുന്ന ജനങ്ങളിലൂടെ കൂടിയാണ്. അത്തരത്തിൽ ജനങ്ങളുടെ വിമതേച്ഛയേയും രാഷ്ട്രീയ പ്രതിഷേധങ്ങളേയും പ്രതിനിധീകരിക്കുമ്പോഴാണ് പാർലമെന്റിലും പുറത്തുമുള്ള പ്രതിപക്ഷം ജനാധിപത്യത്തിൽ ജൈവികമായി ഇടപെടുന്നത്.

കോൺഗ്രസിനുമുന്നി​ലെ
വെല്ലുവിളികൾ

ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികൾ മിക്കപ്പോഴും വർഗരാഷ്ട്രീയത്തിന്റെ ഘടനകളിൽ ഭരണപക്ഷവുമായി വ്യത്യാസമൊന്നുമില്ലാത്തവയാണ്. എന്നാൽ ഹിന്ദുത്വ ഫാഷിസ്റ്റ് പ്രത്യയശാസ്ത്രം രാഷ്ട്രീയാധികാരം നേടുകയും അത് എല്ലാവിധത്തിലുള്ള ജനാധിപത്യ നാട്യങ്ങളും അവസാനിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ ജനങ്ങളുടെ പ്രതിപക്ഷ രാഷ്ട്രീയസമ്മർദ്ദം ഈ ഘടനയ്ക്കുള്ളിലെ ഉദാര ജനാധിപത്യ മാതൃകയിലുള്ള രാഷ്ട്രീയക്ഷികൾക്കുമേൽ സ്വാധീനം ചെലുത്തും. അത്തരത്തിലുള്ള സമ്മർദ്ദത്തിന്റെ ഭാഗമായി പ്രതിപക്ഷത്തുള്ള രാഷ്ട്രീയകക്ഷികൾക്ക് അവരുടെ നിലപാടുകളെ ഇടറിയും പതറിയുമാണെങ്കിൽക്കൂടി ഫാഷിസ്റ്റ് വിരുദ്ധ ജനാധിപത്യ രാഷ്ട്രീയസമരത്തിന്റെ മുദ്രാവാക്യങ്ങളാക്കി മാറ്റേണ്ടിവരും. അതിനു തയ്യാറല്ലാത്ത രാഷ്ട്രീയകക്ഷികളെ ഫാഷിസ്റ്റ് രാഷ്ട്രീയയന്ത്രം വിഴുങ്ങിക്കളയും.

കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികൾ അതുകൊണ്ടുതന്നെ ഈയൊരു ചരിത്ര രാഷ്ട്രീയസന്ദർഭത്തെ മുഖാമുഖം കാണുകയാണ്. ആ ചരിത്രസാഹചര്യത്തിൽ ഉദാര ജനാധിപത്യ രാഷ്ട്രീയത്തിന്റെ ഘടനകളെയും ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയ മുദ്രാവാക്യങ്ങളെയും അവർക്ക് താത്ക്കാലികമായെങ്കിലും ഏറ്റെടുക്കേണ്ടിവരും. അതൊരു അസ്തിത്വപ്രശ്നം കൂടിയാണ്. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സംവിധാനം ബി ജെ പിക്കുവേണ്ടി അട്ടിമറിക്കപ്പെടുമ്പോൾ, ഇതുവരെയും ആ തെരഞ്ഞെടുപ്പുകളിൽ ആധിപത്യം ചെലുത്തുന്ന സമ്പന്ന വർഗത്തിന്റെയും അതിനൊപ്പമുള്ള രാഷ്ട്രീയ സംഘടിത മുഷ്ക്കിന്റെയും ചരിത്രത്തെ നിരാകരിക്കുന്നുമില്ലെങ്കിലും, ഉദാര ജനാധിപത്യ സമൂഹത്തിന്റെ ഘടനാക്രമങ്ങളെ സംരക്ഷിക്കേണ്ടതുണ്ട് എന്ന മുദ്രാവാക്യവും സമരവും രാഹുൽ ഗാന്ധി ഉയർത്തുന്നത് അതുകൊണ്ടാണ്. അത് ഫാഷിസ്റ്റ് വിരുദ്ധ സമരത്തിലെ ഗുണപരമായ മുന്നേറ്റമായിത്തന്നെയാണ് കാണേണ്ടത്.

ജനാധിപത്യത്തിന്റെ ഏതുതരത്തിലുള്ള പ്രയോഗവും അതിന്റെ ദുർബ്ബലഛായകളിൽക്കൂടിയാണെങ്കിൽപ്പോലും ഫാഷിസത്തിന് അസ്തിത്വപ്രശ്നങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കും. അതുകൊണ്ട് ജയിക്കുമെന്നുറപ്പുള്ള തെരഞ്ഞെടുപ്പുകൾപ്പോലും ഫാഷിസത്തെ സംബന്ധിച്ച് അപായകടമായ പകിടകളിയാണ്.

എന്തുകൊണ്ട് ഈ അട്ടിമറി

തെരഞ്ഞെടുപ്പ് കമ്മീഷനെ മാത്രമല്ല, ഇന്ത്യയിലെ എല്ലാത്തരം ജനാധിപത്യ ഭരണഘടനാ സ്ഥാപനങ്ങളേയും മോദി സർക്കാരും സംഘപരിവാറും തങ്ങളുടെ വിധേയസംഘങ്ങളാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഭരണഘടനാ കോടതികളടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങൾ, മാധ്യമങ്ങൾ, സൈന്യം, ഭൂരിപക്ഷ മതസമൂഹം- ഇതിനെയെല്ലാം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര, സൈനികവത്ക്കരണത്തിലൂടെ കൊണ്ടുപോകുന്ന സംഘപരിവാർ തെരഞ്ഞെടുപ്പുകളെയും അപ്രസക്തമാക്കുന്നു എന്നതും അപ്രതീക്ഷിതമല്ല. ജനാധിപത്യരഹിതമായൊരു സമൂഹത്തിലാണ് ഫാഷിസം അതിന്റെ ജീവനും ജീവിതവും നിലനിർത്തുകയും മുന്നോട്ടുകൊണ്ടുപോവുകയും ചെയ്യുക. ജനാധിപത്യത്തിന്റെ ഏതുതരത്തിലുള്ള പ്രയോഗവും അതിന്റെ ദുർബ്ബലഛായകളിൽക്കൂടിയാണെങ്കിൽപ്പോലും ഫാഷിസത്തിന് അസ്തിത്വപ്രശ്നങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കും. അതുകൊണ്ട് ജയിക്കുമെന്നുറപ്പുള്ള തെരഞ്ഞെടുപ്പുകൾപ്പോലും ഫാഷിസത്തെ സംബന്ധിച്ച് അപായകടമായ പകിടകളിയാണ്. ജനങ്ങൾക്ക് തെരഞ്ഞെടുക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ടാവുക എന്നത് ഫാഷിസ്റ്റ് രാഷ്ട്രീയാധികാരത്തിന്റെ ആവാസവ്യവസ്ഥയിലുള്ള സംഗതിയല്ല.

തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിക്കുക എന്നത് ഇതിനായി സംഘപരിവാർ കണ്ടെത്തിയ ഏറ്റവും കുടിലവും പ്രഹരശേഷിയുള്ളതുമായ തന്ത്രമാണ്. പല രൂപങ്ങളിലായി അത് കുറേക്കാലമായി നടക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സമമായ കളിനിയമങ്ങളെന്ന അടിസ്ഥാനപ്രമാണം തെരഞ്ഞെടുപ്പ് കമ്മീഷൻ ബി ജെ പിക്ക് വേണ്ടി നേരിട്ട് അട്ടിമറിക്കുന്നത് പതിവാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അടക്കമുള്ള ബി ജെ പി നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കടുത്ത മുസ്‌ലിം വിരുദ്ധതയും ഹിന്ദുത്വ വർഗീയതയും പ്രസംഗിച്ചപ്പോൾ ഒരു നടപടിയുമെടുക്കാൻ കമ്മീഷൻ തയ്യാറായില്ല. മുസ്ലീങ്ങൾ നുഴഞ്ഞുകയറ്റക്കാരാണെന്നും കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഹിന്ദുക്കളുടെ സ്വത്തുക്കൾ പിടിച്ചെടുത്ത് കൂടുതൽ കുട്ടികളുള്ള വിഭാഗങ്ങൾക്ക് നൽകുമെന്നും സ്ത്രീകളുടെ താലിമാല വരെ സർക്കാർ പിടിച്ചെടുക്കുമെന്നുമൊക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിഷവും വെറുപ്പും ചേർത്ത് പ്രസംഗിച്ചിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയൊന്നുമെടുത്തില്ല. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വെറുപ്പിന്റെ രാഷ്ട്രീയവും നുണപ്രചാരണങ്ങളും അതിസ്വാഭാവികമായ ഒന്നായി മാറ്റുകയാണ് ചെയ്തത്.

തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിനോട് ചേർന്നുനിൽക്കുന്ന പ്രവണത ഇന്ത്യയിൽ ഏറെക്കാലം ഉണ്ടായിട്ടുണ്ട്. ഇപ്പോഴുള്ളതിൽ നിന്നും അതിനുള്ളൊരു വ്യത്യാസം, കേവലമായ സമഗ്രാധിപത്യ ഭരണവും ഫാഷിസ്റ്റ് ഭരണവും തമ്മിലുള്ള വ്യത്യാസമാണ്. അതാകട്ടെ ഒട്ടും ചെറിയ വ്യത്യാസമല്ല. സുപ്രീം കോടതിയടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങൾ കേന്ദ്ര സർക്കാരിനോട് ചേർന്നുനിൽക്കുകയും ചില ഘട്ടങ്ങളിൽ അതിന്റെ വാലാട്ടികളായി മാറുകയും ചെയ്തതും ഇതാദ്യമല്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അടക്കമുള്ള ബി ജെ പി നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ  കടുത്ത മുസ്‌ലിം വിരുദ്ധതയും ഹിന്ദുത്വ വർഗീയതയും പ്രസംഗിച്ചപ്പോൾ ഒരു നടപടിയുമെടുക്കാൻ കേന്ദ്ര ഇലക്ഷൻ കമ്മീഷൻ തയ്യാറായില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അടക്കമുള്ള ബി ജെ പി നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കടുത്ത മുസ്‌ലിം വിരുദ്ധതയും ഹിന്ദുത്വ വർഗീയതയും പ്രസംഗിച്ചപ്പോൾ ഒരു നടപടിയുമെടുക്കാൻ കേന്ദ്ര ഇലക്ഷൻ കമ്മീഷൻ തയ്യാറായില്ല.

ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാലത്ത് (1975-77) ഭരണഘടനാ സ്ഥാപനങ്ങളുടെയും ജനാധിപത്യ പൊതുസമൂഹത്തെ സാധ്യമാക്കുന്ന മാധ്യമങ്ങളടക്കമുള്ള സംവിധാനങ്ങളുടെയും വിധേയത്വം പ്രകടമായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാൽ പൗരരുടെ മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുകയും ലംഘിക്കപ്പെടുകയും ചെയ്താലും അതൊന്നും ഭരണഘടനാ കോടതികളിൽപ്പോലും ചോദ്യം ചെയ്യാനോ കോടതികളുടെ അരിസോധനയ്ക്ക് വിധേയമാക്കാനോ കഴിയില്ലെന്ന വിധി സുപ്രീം കോടതി പുറപ്പെടുവിച്ച കാലമാണത്. തെരഞ്ഞെടുപ്പ് കമ്മീഷനെപ്പോലുള്ള സ്ഥാപനങ്ങളും കേന്ദ്ര സർക്കാരിന് സൗകര്യപ്രദമായ രീതിയിലാണ് കാര്യങ്ങൾ നടത്തിയിരുന്നത്. ടി.എൻ. ശേഷൻ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ന സ്ഥാപനം പൊതുശ്രദ്ധയിലേക്ക് വലിയ ആരവങ്ങളോടെ വരുന്നത്. അതുവരെ ഇന്ത്യയിൽ തെരഞ്ഞെടുപ്പിന്റെ സ്വാഭാവിക ഭാഗമായിരുന്ന ബൂത്തുപിടിത്തമടക്കമുള്ള നിരവധി പരിപാടികളെ നിയന്ത്രിക്കാൻ ശേഷൻ കർക്കശമായ നടപടികളെടുത്തു. അന്നുവരെയുള്ളതിൽ നിന്നും വ്യത്യസ്തമായി തെരഞ്ഞെടുപ്പുകളെ സ്വതന്ത്രവും നീതിപൂർവ്വവുമായി നടത്താനുള്ള ശ്രമങ്ങൾ കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടായി. പലതരത്തിലുള്ള അധികാരപ്രയോഗദൂഷ്യങ്ങളിലേക്കും ചാഞ്ചാടിയെങ്കിലും ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളെ സംബന്ധിച്ച് അതൊട്ടും മോശമായ കാലമായിരുന്നില്ല. പിന്നീട് ശിഷ്യനെ പൂട്ടാൻ കൂടിയായി രണ്ടു തെരഞ്ഞെടുപ്പ് കമ്മീഷണർമാരെക്കൂടി ഉൾപ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാർ വിപുലമാക്കിയെങ്കിലും താരതമ്യേന ശേഷകാല പരിഷ്‌കാരങ്ങളുടെ വഴി അടഞ്ഞില്ല എന്നുകാണാം.

കേന്ദ്ര സർക്കാരുകളോടുള്ള വിധേയത്വമെന്നതിൽ നിന്നു മാറി ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രത്തോടും അതിന്റെ സംഘടിത നേതൃത്വമായ സംഘ്പരിവാറിനോടും വിധേയത്വവും കൂറുമുള്ള സ്ഥാപനങ്ങളായി ഭരണഘടനാ സ്ഥാപനങ്ങളെ മാറ്റുന്നു എന്നതാണ് മുൻകാല സർക്കാരുകളിൽ നിന്ന് ഫാഷിസ്റ്റ് ഭരണത്തിനുള്ള വ്യത്യാസം. ഈ ആസൂത്രിത ഹിന്ദുത്വവത്ക്കരണ പരിപാടി സുപ്രീം കോടതി മുതൽ സർവകലാശാലകളിലും സൈന്യത്തിലും വരെ അതിവേഗം പ്രയോഗിച്ചുകൊണ്ടിരിക്കുകയാണ്. ഈ വിധേയത്വവും ഹിന്ദുത്വ രാഷ്ട്രീയത്തോടുള്ള രാഷ്ട്രീയസേവയും ഭരണനിർവഹണ വിഭാഗങ്ങളിലും ഭരണഘടനാ സ്ഥാപനങ്ങളിലുമെല്ലാം പുതിയ ജീവഃക്രമമായി രൂപപ്പെടുത്തിയെടുക്കുകയാണ്.

ടി.എൻ. ശേഷൻ കമ്മീഷണറായി  ചുമതലയേറ്റ ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ന സ്ഥാപനം പൊതുശ്രദ്ധയിലേക്ക് വലിയ ആരവങ്ങളോടെ വരുന്നത്.
ടി.എൻ. ശേഷൻ കമ്മീഷണറായി ചുമതലയേറ്റ ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ന സ്ഥാപനം പൊതുശ്രദ്ധയിലേക്ക് വലിയ ആരവങ്ങളോടെ വരുന്നത്.

ഇത്തരത്തിൽ രൂപപ്പെടുത്തുന്നത് ഭരണഘടനാ സ്ഥാപനങ്ങൾ മതേതര, ജനാധിപത്യ റിപ്പബ്ലിക്കെന്ന ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ അതിനുള്ളിൽനിന്ന് ഇല്ലാതാക്കിക്കൊണ്ടിരിക്കും. ശരീരത്തെ ഉള്ളിൽ നിന്ന് ആക്രമിക്കുന്ന കോശങ്ങൾ അതേ ശരീരത്തിനുള്ളിൽ അതിവേഗം വളർത്തിയെടുക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയെയും ജനാധിപത്യ അടിത്തറയെയും അട്ടിമറിക്കുന്ന ഒരു സ്ഥാപനമായി തെരഞ്ഞെടുപ്പ് കമ്മീഷൻ മാറുന്നത് അങ്ങനെയാണ്.

ഒരു വശത്ത് മാത്രമായല്ല, ജനാധിപത്യബോധത്തെയും ഘടനയെയും ഹിന്ദുത്വ ഫാഷിസം തകർക്കുന്നത്. അത് ജനാധിപത്യത്തെ ഒരു ജീവിതക്രമമാക്കാൻ സാധ്യതയുള്ള സമൂഹത്തിന്റെ എല്ലാ ഘടനകളിലും തങ്ങളുടെ രോഗാണുക്കളെ കയറ്റിവിടുന്നു. വ്യക്തികൾ തമ്മിലുള്ള പാരസ്പര്യത്തിന്റെയും ഇടപെടലുകളുടെയും സൂക്ഷ്മനിമിഷങ്ങൾ മുതൽ പാർലമെന്റു വരെയും ഈ ഫാഷിസ്റ്റ് രാഷ്ട്രീയാക്രമണം നടക്കും. അത് എല്ലാ ജനാധിപത്യ ഭരണസ്ഥാപനങ്ങളുടെയും മുകളിൽ ചാർത്തിയിട്ടുള്ള വിശ്വാസ്യതയുടെ അഴകാടകളെ വലിച്ചുകീറിക്കളയുകയും അവയെ കഴുത്തിൽ തുടലിട്ട് വടിയിൽ വിറപ്പിച്ച് അടിയിൽ ചുരുളിച്ച് നടത്തിക്കുകയും ചെയ്യും. അങ്ങനെ നടത്തിക്കുന്നത് പൊതുസമൂഹത്തിനു മുന്നിൽ പരമാവധി പ്രദർശിപ്പിക്കുകയും ചെയ്യും.

ഇന്ത്യയിലെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ മോദി സർക്കാർ ഇപ്പോൾ ഇങ്ങനെ കഴുത്തിൽ തുടലിട്ട് ഹിന്ദുത്വ രാഷ്ട്രീയാധികാരത്തിന്റെ ഫാഷിസ്റ്റ് മുദ്രയുള്ള വടിയുടെ മൂളക്കത്തിൽ അനുസരിപ്പിച്ചു നടത്തിക്കുന്നതാണ് നമ്മൾ കാണുന്നത്. കേന്ദ്ര സർക്കാരിനുവേണ്ട വിധികളെഴുതിക്കൊടുക്കുന്ന മട്ടിലേക്ക് വീണുപോകുന്ന സുപ്രീം കോടതി വിധികൾ നമ്മൾ കാണുന്നതും ഇങ്ങനെയാണ്. ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവിയെക്കുറിച്ചുള്ള ഭരണഘടനാ കോടതിയുടെ മുന്നിലുള്ള ചോദ്യത്തിന് കോടതി മുറിക്കുള്ളിലെ സർക്കാർ അഭിഭാഷകന്റെ വാക്കാലുറപ്പിൽ തൃപ്തരായി ആ വിഷയം തൊടാതെ വിടുന്ന സുപ്രീം കോടതി വിധിയുണ്ടാകുന്നത് അങ്ങനെയാണ്.

മോദി സർക്കാരിനു മുമ്പുള്ള 2009-14 കാലത്ത് പാർലമെന്ററി സമിതികൾ 74% ബില്ലുകൾ പരിശോധിക്കുകയും ചർച്ച ചെയ്യുകയും പഠിക്കുകയും ചെയ്തെങ്കിൽ 2014-19 കാലത്ത് മോദി ഭരണത്തിൽ ഇത് കേവലം 25%-മായി കുറഞ്ഞു. 2019-നു ശേഷം 13%-മായി.

പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പ് ഭരിക്കുന്നവരെ മാത്രമല്ല, പ്രതിപക്ഷത്തെ കൂടിയാണ് നിശ്ചയിക്കുന്നത്. പ്രതിപക്ഷമെന്നത് പാർലമെന്റിലെ രാഷ്ട്രീയകക്ഷികളുടെ പ്രതിപക്ഷം മാത്രമല്ല പൊതുസമൂഹത്തിലെ ജനകീയ പ്രതിപക്ഷം കൂടിയാണ്. ജനാധിപത്യമാകട്ടെ അത്തരത്തിലൊരു നിർണിത പ്രതിപക്ഷത്താൽ മാത്രം നിലനിൽക്കാൻ കഴിയുന്നൊരു സംവിധാനമാണ്. പാർലമെന്റിനകത്തും പുറത്തും പ്രതിപക്ഷ ശബ്ദങ്ങളെയും ജനാധിപത്യ പ്രതിഷേധ, സംവാദ മണ്ഡലത്തേയും തകർക്കുകയാണ് മോദിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് സർക്കാർ ചെയ്യുന്നത്. പുറത്തുള്ള പ്രതിപക്ഷ ശബ്ദത്തെ, രാഷ്ട്രീയ പ്രതിഷേധത്തെ അതിശക്തമായി അടിച്ചമർത്തിയാണ് പൊതുസമൂഹത്തിന്റെ ജനാധിപത്യ സാധ്യതകളെ ഫാഷിസം ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.

മോദി അധികാരത്തിലെത്തിയതിനു പിന്നാലെ 2019 മുതൽ 2024 വരെയുള്ള കാലത്ത് UAPA കേസുകളിൽ 72% വർധനവാണുണ്ടായത്. ജാമ്യം പോലും ലഭിക്കാത്ത തരത്തിലുള്ളൊരു മനുഷ്യാവകാശ വിരുദ്ധനിയമത്തിന്റെ പ്രയോഗം മോദി ഭരണത്തിൽ അതിവേഗം സാധാരണ മട്ടിലൊരു നിയമപ്രയോഗമാക്കി മാറ്റിയത് ഇതിനാണ്. ഇങ്ങനെ തടവിൽക്കപ്പെട്ട രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകരടക്കമുള്ള തടവുകാരിൽ 88% ജാമ്യം നിഷേധിക്കപ്പെട്ട് തടവിലാണ്.

പുറത്തുള്ള പ്രതിപക്ഷ ശബ്ദത്തെ, രാഷ്ട്രീയ പ്രതിഷേധത്തെ അതിശക്തമായി അടിച്ചമർത്തിയാണ് പൊതുസമൂഹത്തിന്റെ ജനാധിപത്യ സാധ്യതകളെ ഫാഷിസം ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.
പുറത്തുള്ള പ്രതിപക്ഷ ശബ്ദത്തെ, രാഷ്ട്രീയ പ്രതിഷേധത്തെ അതിശക്തമായി അടിച്ചമർത്തിയാണ് പൊതുസമൂഹത്തിന്റെ ജനാധിപത്യ സാധ്യതകളെ ഫാഷിസം ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.

പാർലമെന്റിനകത്തും മറ്റൊരു രീതിയിൽ ഈ ജനാധിപത്യ സംവാദ മണ്ഡലത്തിന്റെ സങ്കല്പനത്തെയും സങ്കല്പത്തെയും പോലും ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കം കാണാം. മോദി സർക്കാരിനു മുമ്പുള്ള 2009-14 കാലത്ത് പാർലമെന്ററി സമിതികൾ 74% ബില്ലുകൾ പരിശോധിക്കുകയും ചർച്ച ചെയ്യുകയും പഠിക്കുകയും ചെയ്തെങ്കിൽ 2014-19 കാലത്ത് മോദി ഭരണത്തിൽ ഇത് കേവലം 25%-മായി കുറഞ്ഞു. 2019-നു ശേഷം 13%-മായി. സുപ്രധാനമായ ബില്ലുകൾ പോലും ഏതാനും മിനിറ്റുകൾ മാത്രമെടുത്താണ് പാർലമെന്റിൽ അംഗീകരിപ്പിച്ച് നിയമമാക്കുന്നത്. ഇത്തരത്തിൽ എല്ലാ ജനാധിപത്യ സംവാദ മണ്ഡലങ്ങളെയും തകർക്കുക എന്നത് ഫാഷിസത്തിന്റെ ഭരണാധികാരത്തിന്റെ മാത്രമല്ല അതിന്റെ രാഷ്ട്രീയ, സാമൂഹ്യ ആവാസവ്യവസ്ഥയുടെ നിർമ്മാണത്തിനുവേണ്ടിയുള്ള നിർണ്ണായകമായ പരിപാടിയും പദ്ധതിയുമാണ്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്ര സ്വഭാവം നിലനിർത്തുന്നതിന് ജസ്റ്റിസ് കെ.എം. ജോസഫിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് 2023 മാർച്ചിൽ സുപ്രധാനമായൊരു വിധിയിലൂടെ നിർണായകമായ ഇടപെടൽ നടത്തി. പാർലമെന്റ് അംഗീകരിക്കുന്ന നിയമപ്രക്രിയയിലൂടെയാകണം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കാനെന്ന് ഭരണഘടന അനുശാസിക്കുന്നുണ്ട്. ഇത്തരത്തിലൊരു നിയമം ഇല്ലാതിരുന്ന ഘട്ടത്തിൽ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതി നിർദ്ദേശിക്കുന്നവരിൽ നിന്ന് പ്രസിഡണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിയണം എന്നായിരുന്നു വിധിയിൽ പറഞ്ഞത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനത്തിനായുള്ള നിയമനിർമ്മാണം നടത്തണമെന്നും കോടതി പറഞ്ഞു.

ഇതിനെത്തുടർന്ന് അതിവേഗം പാർലമെന്റിൽ അംഗീകരിച്ചെടുത്ത നിയമത്തിൽ സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുകയും ആ സ്ഥാനത്ത് പ്രധാനമന്ത്രി നിർദ്ദേശിക്കുന്ന മറ്റൊരു മന്ത്രി എന്ന വ്യവസ്ഥ ഉൾപ്പെടുത്തുകയും ചെയ്തു. അതായത് കേന്ദ്ര സർക്കാരിന്റെ രണ്ട് പ്രതിനിധികളടങ്ങുന്ന മൂന്നംഗ സമിതി അവർക്കു വേണ്ടപ്പെട്ട വിധേയരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കുന്ന സംവിധാനമാണ് മോദി സർക്കാർ ഉണ്ടാക്കിയത്. ഇത്രയും പരസ്യമായി ഭരണഘടനാ സ്ഥാപനങ്ങളെ തങ്ങളുടെ സേവുകക്കാരാക്കി മാറ്റാൻ നിയമനം തന്നെ ഉണ്ടാക്കുന്ന സർക്കാരിന് ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഉയരുന്ന വിമർശനങ്ങൾ അമ്പരപ്പൊന്നും ഉണ്ടാക്കില്ല.

രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന സാധാരണ മനുഷ്യരിലേക്ക് ഇതിനെയൊരു രാഷ്ട്രീയസമരമാക്കി എത്തിക്കാനുള്ള രാഷ്ട്രീയ, സംഘടിതശേഷി വേണ്ടത്രയില്ല എന്നതാണ് പ്രതിപക്ഷ കക്ഷികളുടെ പ്രശ്നം.

ബീഹാർ ‘മോഡൽ’

ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടത്തുന്ന Special Intensive review (SIR) ലക്ഷക്കണക്കിന് പൗരരെ വോട്ടർപട്ടികയിൽ നിന്ന് പുറന്തള്ളുന്നൊരു ഏർപ്പാടായി മാറുകയാണ്. ആദ്യഘട്ടം പരിശോധന കഴിഞ്ഞുള്ള കരട് പട്ടിക വന്നപ്പോൾ 65 ലക്ഷം പേരുകൾ നീക്കം ചെയ്തുകഴിഞ്ഞു. കുടിയേറ്റ തൊഴിലാളികൾ, സ്ത്രീകൾ, ദരിദ്രർ, ന്യൂനപക്ഷ വിഭാഗങ്ങൾ, ദലിതരും ആദിവാസികളും എന്നിങ്ങനെയുള്ള ലക്ഷക്കണക്കിന് മനുഷ്യരാണ് സങ്കീർണ്ണമായ, പിടിപ്പുകെട്ട ഭരണസംവിധാന പരിശോധനയിൽ പുറന്തള്ളപ്പെടുന്നത്. ഇതാകട്ടെ ഒരുതരത്തിലുള്ള പൗരത്വ പരിശോധനയായി മാറുകയും വോട്ടർപട്ടികയിൽ പേരില്ലാത്ത അവകാശരഹിതരായ മനുഷ്യരായി, പൗരന്മാരല്ലാത്ത കുറ്റവാളികളായി അലയുന്ന ലക്ഷക്കണക്കിന് മനുഷ്യരെ സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്. സാർവ്വത്രിക വോട്ടവകാശത്തിനുനേരെ സ്വതന്ത്ര ഇന്ത്യയിൽ നടക്കുന്ന ഏറ്റവും ആസൂത്രിതമായ ഭരണകൂട ആക്രമണത്തിന്റെ വേട്ടനായ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെയായി മാറുന്നത് ഫാഷിസ്റ്റ് കാലത്തിന്റെ യുക്തിയാണ്.

കുടിയേറ്റ തൊഴിലാളികൾ, സ്ത്രീകൾ, ദരിദ്രർ, ന്യൂനപക്ഷ വിഭാഗങ്ങൾ, ദലിതരും ആദിവാസികളും എന്നിങ്ങനെയുള്ള ലക്ഷക്കണക്കിന് മനുഷ്യരാണ് ബീഹാറിൽ വോട്ടർപട്ടികയിൽനിന്ന് പുറത്താക്കപ്പെട്ടത്.
കുടിയേറ്റ തൊഴിലാളികൾ, സ്ത്രീകൾ, ദരിദ്രർ, ന്യൂനപക്ഷ വിഭാഗങ്ങൾ, ദലിതരും ആദിവാസികളും എന്നിങ്ങനെയുള്ള ലക്ഷക്കണക്കിന് മനുഷ്യരാണ് ബീഹാറിൽ വോട്ടർപട്ടികയിൽനിന്ന് പുറത്താക്കപ്പെട്ടത്.

ഒരുവശത്ത് വ്യാജ വോട്ടർമാരെയും ഇരട്ടിപ്പുകളെയുമെല്ലാം വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യാനുള്ള ഉത്സാഹം കാണിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ മറുവശത്ത് ചില മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് സമ്മതിദായകരെ കുത്തിനിറയ്ക്കുന്ന പരിപാടിയിലൂടെ ബി ജെ പിക്ക് ജയിക്കാൻ വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയാണ്.

രാഹുൽ ഗാന്ധി ഉയർത്തിയ ആരോപണങ്ങളെയും അതിനെ സാധൂകരിക്കുന്നതിനായി പൊതുസമൂഹത്തിനു മുന്നിൽവെച്ച തെളിവുകളെയും തുടർന്ന് അതിവേഗത്തിൽ ഇന്ത്യയിലെ മറ്റ് നിരവധി മണ്ഡലങ്ങളിൽ സമാന ‘പദ്ധതി’ നടപ്പാക്കിയ വിവരങ്ങൾ പുറത്തുവരികയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബി ജെ പിക്ക് ജയിക്കാനായ ഏക മണ്ഡലമായ തൃശൂരിൽ ആയിരക്കണക്കിന് സമ്മതിദായകർ ആസൂത്രിതമായി പുറത്തുനിന്നും താത്‌ക്കാലികമോ വ്യാജമോ ആയ വിലാസങ്ങൾ കാണിച്ച് സമ്മതിദായകരായി ചേർത്ത വിവരം ഇപ്പോൾ വെളിപ്പെടുന്നുണ്ട്. ഇടതുപക്ഷ കക്ഷികളും കോൺഗ്രസും അടക്കമുള്ള മതേതര പ്രതിപക്ഷ കക്ഷികളുടെ സംഘടനാസംവിധാനങ്ങൾ താരതമ്യേന ശക്തമായ കേരളത്തിൽ ഇത്തരത്തിലൊരു പദ്ധതി വളരെ സുഗമമായി ബി ജെ പിക്ക് നടത്താൻ കഴിഞ്ഞു എന്നത് നമ്മുടെ രാഷ്ട്രീയ മണ്ഡലത്തിലും ഭരണനിർവഹണ തലങ്ങളിലും സംഘപരിവാറിന്റെ സ്വാധീനവും നിയന്ത്രണവും എത്രമാത്രം ആഴത്തിലാണ് എന്നതിന്റെകൂടി അപായസൂചനകളാണ് തരുന്നത്. ആയിരക്കണക്കിന് ആളുകളെ ഇത്തരത്തിൽ തൃശൂരിലെ സമ്മതിദായകരായി ബി ജെ പി തള്ളിക്കയറ്റി എന്ന ആരോപണം പൊതുമണ്ഡലത്തിൽ ഒരു വലിയ രാഷ്ട്രീയവിഷയമായി ഉന്നയിക്കാൻ രാഹുൽ ഗാന്ധി ദേശീയതലത്തിൽ ഇതൊരു പ്രശ്നമാക്കിക്കൊണ്ടുവരുന്നതുവരെ കേരളത്തിലെ ഇടതുപക്ഷമടക്കുള്ള രാഷ്ട്രീയ നേതൃത്വം കാത്തിരിക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്തു എന്നുള്ളതിന് അവർ വിശ്വസനീയമായ ഉത്തരങ്ങൾ ഇനിയും നൽകേണ്ടതുണ്ട്. ഫാഷിസ്റ്റ് കാലത്തെ രാഷ്ട്രീയ ജാഗ്രതയുടെ അഭാവം ഒട്ടും നിഷ്കളങ്കമായ പിഴവല്ല എന്നതാണ് ചരിത്രം നമ്മളോട് ആവർത്തിച്ചു പറയുന്നത്.

ഇന്ത്യയുടെ ഫെഡറൽ ഘടനയെ ഹിന്ദി പശുപ്രദേശത്തിന്റെ ആധിപത്യത്തിന് കീഴിൽ തകർക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇനി സംഘപരിവാരത്തിന്റെ കയ്യാളെന്നത് മറ്റ് ചർച്ചകളെയെല്ലാം അപ്രസക്തമാക്കുന്ന തരത്തിലുള്ള വലിയ ആഭ്യന്തര സംഘർഷങ്ങളിലേക്ക് ഈ രാജ്യത്തെ എത്തിക്കാൻ പാകത്തിലുള്ള ഒന്നാണ്.

സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയാധികാരത്തിനു നേരെ മോദി സർക്കാർ അധികാരമേറ്റതിനു ശേഷമുള്ള ഏറ്റവും നിർണായകമായൊരു സംഘടിത പ്രതിപക്ഷനീക്കം കൂടിയാണ് തെരഞ്ഞെടുപ്പ് അട്ടിമറി വിഷയത്തിൽ ‘ഇന്ത്യ സഖ്യ’മെന്ന പ്രതിപക്ഷ മുന്നണി നടത്തിയിരിക്കുന്നത്. രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന സാധാരണ മനുഷ്യരിലേക്ക് ഇതിനെയൊരു രാഷ്ട്രീയസമരമാക്കി എത്തിക്കാനുള്ള രാഷ്ട്രീയ, സംഘടിത ശേഷി വേണ്ടത്രയില്ല എന്നതാണ് പ്രതിപക്ഷ കക്ഷികളുടെ പ്രശ്നം. അതാകട്ടെ, ജനങ്ങളെ ബാധിക്കുന്ന മിക്ക വിഷയങ്ങളിലും അവസാരവാദപരമായ നിശ്ശബ്ദത പാലിക്കുന്നതുകൊണ്ട് അവർ ചോദിച്ചുവാങ്ങിയ ചരിത്രപരമായ ബലഹീനതയാണ്. ഇതിനെ മറികടക്കുന്നതിന് അവർക്കു മുന്നിലുള്ള തടസം അവരുടെതന്നെ രാഷ്ട്രീയതാത്പര്യങ്ങൾ ഭരണകൂടത്തിന്റെ വർഗ്ഗതാത്പര്യങ്ങളുമായി ഒത്തുനോക്കുന്നു എന്നതാണ്.

എന്നാൽ ഉദാര ജനാധിപത്യത്തിന്റെ നാമമാത്രമായ രാഷ്ട്രീയതന്തുക്കൾ പോലും അതിവേഗത്തിൽ അപ്രത്യക്ഷമാകുന്നൊരു ഘട്ടത്തിൽ കാലത്തിന്റെ രാഷ്ട്രീയസമ്മർദ്ദം തങ്ങളുടെ നിശ്ശബ്ദതകളെ ഭേദിക്കുന്നതിന് അവരെ നിർബന്ധിതരാക്കും. ഇന്ത്യയിലെ ഫാഷിസ്റ്റ് ഭരണകൂടം അതിന്റെ ശത്രുക്കളിൽ കൂടുതൽ ജാഗ്രതയും രാഷ്ട്രീയ പ്രതിരോധ സന്നദ്ധതയും സൃഷ്ടിക്കുമെന്നത് അനിവാര്യമായ വൈരുദ്ധ്യനിർമ്മിതിയാണ്. ഇന്ത്യയുടെ ഫെഡറൽ ഘടനയെ ഹിന്ദി പശുപ്രദേശത്തിന്റെ ആധിപത്യത്തിന് കീഴിൽ തകർക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇനി സംഘപരിവാരത്തിന്റെ കയ്യാളെന്നത് മറ്റ് ചർച്ചകളെയെല്ലാം അപ്രസക്തമാക്കുന്ന തരത്തിലുള്ള വലിയ ആഭ്യന്തര സംഘർഷങ്ങളിലേക്ക് ഈ രാജ്യത്തെ എത്തിക്കാൻ പാകത്തിലുള്ള ഒന്നാണ്. അഞ്ചുകൊല്ലം കൂടുമ്പോൾ വോട്ടുചെയ്യാൻ വരിനിൽക്കുന്ന ജനത്തിനുള്ള കാല്പനികമായ തെറ്റിദ്ധാരണപോലും ഇല്ലാതാകുമ്പോൾ കലാപത്തിന്റെ വിദൂരമായൊരു ജനാധിപത്യ സാധ്യതയ്ക്ക് തീപിടിക്കേണ്ടതുണ്ട്. ഫാഷിസ്റ്റ് വിരുദ്ധ ജനാധിപത്യ രാഷ്ട്രീയത്തിന്റെ നിരന്തരമായ ഉച്ചവെയിലുകൊണ്ട് കത്താൻ പാകത്തിലൊരു ജനസമൂഹത്തെ ഉണ്ടാക്കിയെടുക്കുക എന്ന രാഷ്ട്രീയസമരത്തെ കാത്ത് ഫാഷിസത്തിന്റെ ചിതയിലേക്കുള്ള തീക്കൊള്ളി നടവഴികളിൽ എരിയുന്നുമുണ്ട്.

Comments