മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് നവംബര്‍ 13ന്, വോട്ടെണ്ണല്‍ നവംബർ 23 ന്

Election Desk

ഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് തിയതിയും കേരളത്തിലെ വയനാട് ലോക്‌സഭ, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മഹാരാഷ്ട്രയില്‍ 288 മണ്ഡങ്ങളിലേക്ക് നവംബര്‍ 20ന് ഒറ്റഘട്ടമായായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍23 നാണ് വോട്ടെണ്ണല്‍. ജാര്‍ഖണ്ഡ് നവംബര്‍ 13,20 എന്നീ തിയതികളിലായി രണ്ട് ഘട്ടമായി നടക്കും. ജാര്‍ഖണ്ഡിലെ 81 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലും ചേലക്കര എം.എല്‍.എയും മന്ത്രിയുമായിരുന്ന കെ.രാധാകൃഷ്ണനും ജയിച്ച് ലോക്സഭാംഗങ്ങളായതോടെ ഒഴിവു വന്ന നിയമസഭാ മണ്ഡലങ്ങളിലും റായ്ബറേലി, വയനാട് എന്നീ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് ജയിച്ച രാഹുല്‍ ഗാന്ധി രാജിവെച്ചതോടെ ഒഴിവു വന്ന വയനാട്ടിലും നവംബര്‍ 13 ന് ഉപതെരഞ്ഞെടുപ്പ് നടക്കും.

മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവംബര്‍ 26ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് അതിനു മുന്‍പായി തെരഞ്ഞെടുപ്പ് നടത്താന് തീരുമാനിച്ചത്. കഴിഞ്ഞതവണ മഹാരാഷ്ട്രയില്‍ ഒറ്റ ഘട്ടമായും ജാര്‍ഖണ്ഡില്‍ അഞ്ച് ഘട്ടമായുമാണ് തിരഞ്ഞെടുപ്പ് നടന്നത്. മഹാരാഷ്ട്രയില്‍ 288 സീറ്റുകളിലേക്കും ജാര്‍ഖണ്ഡില്‍ 90 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. ഉത്തര്‍ പ്രദേശിലെ 10 മണ്ഡലങ്ങളിലുള്‍പ്പെടെ രാജ്യത്തെ 45 മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് രാജീവ് കുമാര്‍ പ്രഖ്യാപിച്ചു.

Comments