തെരഞ്ഞെടുപ്പു ചർച്ചകൾ അരാഷ്ട്രീയമാകേണ്ടത്
ആരുടെ താൽപര്യമാണ്?

‘‘വളർന്നുകൊണ്ടിരിക്കുന്ന അസമത്വങ്ങളും ബാധ്യതകളും കൊണ്ട് പൊറുതിമുട്ടിയ ജനതയെ ഫാഷിസത്തിനെതിരായി രാഷ്ട്രീയമായി ഒന്നിപ്പിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് മുന്നിലുള്ളത്. അതുകൊണ്ട് തെരഞ്ഞെടുപ്പ് ചർച്ചകൾ രാഷ്ട്രീയമായ ഉൾക്കരുത്തുകൊണ്ട് സമ്പന്നമാകണം’’- വി.എ. ബാലകൃഷ്ണൻ എഴുതുന്നു.

18-ാമത് ലോക്സഭയിലേക്കുള്ള നിർണായക തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. ദേശീയ തലത്തിലും കേരളത്തിലും ഉയർന്നുവരേണ്ടുന്ന ഗൗരവപ്പെട്ട രാഷ്ട്രീയ വിഷയങ്ങളെ ബോധപൂർവ്വം തമസ്കരിച്ചും അങ്ങേയറ്റം അരാഷ്ട്രീയവും കേവലം വ്യക്ത്യാധിഷ്ഠിതവുമായ പ്രശ്നങ്ങളെ മുൻനിരയിൽ സ്ഥാപിക്കാനും ശ്രമിച്ചുകൊണ്ടാണ് ചർച്ചകളെല്ലാം മുന്നേറുന്നത്. 1920- കളുടെ പകുതിയോടെ ഒരു സാംസ്കാരിക പ്രസ്ഥാനം എന്ന വ്യാജ നിർമ്മിതിയിലൂടെ രൂപം കൊണ്ട ആർ.എസ്.എസ് ഏതാണ്ട് ഒൻപത് പതിറ്റാണ്ടു കൊണ്ട് രാജ്യാധികാരത്തിലെത്തുകയും തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യമായ ഹിന്ദുത്വ രാഷ്ട്ര സ്ഥാപനത്തിനുവേണ്ടിയുള്ള പ്രത്യക്ഷവും പരോക്ഷവുമായ നീക്കങ്ങൾ നടത്തി മൂന്നേറുകയുമാണ്.

ആർ.എസ്.എസിൻ്റെ പൊളിറ്റിക്കൽ നേതൃത്വത്തിനു കീഴിൽ അതിൻ്റെ ഒരു ഉപകരണമായി പ്രവർത്തിക്കുന്ന ബി ജെ പി ആഗോള ഫൈനാൻസ് മൂലധനമുമായി ചേർന്ന് ഒരു ബ്രാഹ്മണിക്കൽ ഹിന്ദുത്വ രാഷ്ട്ര നിർമ്മിതി സാധിച്ചെടുക്കുകയാണ്. സാമ്പത്തിക- രാഷ്ട്രീയ മേഖലകൾ, ചരിത്ര- സംസ്കാരിക മണ്ഡലങ്ങൾ, ജുഡീഷ്യറി, വിദ്യാഭ്യാസ-ശാസ്ത്ര ഗവേഷണ മേഖലകൾ, സിവിൽ സർവീസ്, മിലിട്ടറി, അഡ്മിനിസ്ട്രേഷൻ തുടങ്ങി എല്ലാ മേഖലകളും തങ്ങളുടെ നിയന്ത്രണത്തിലാക്കിക്കൊണ്ടാണ് പല ഭാഷകളും സംസ്കാരവും മതങ്ങളും ദേശീയതകളുമെല്ലാമുള്ള ഇന്ത്യയിൽ ഭൂരിപക്ഷ ഏകാധിപത്യ മതരാഷ്ട്രം അടിച്ചേൽപ്പിക്കാൻ ശ്രമം നടത്തുന്നത്.

കഴിഞ്ഞ 10 വർഷത്തെ മോദി ഭരണം നവലിബറൽ നയങ്ങൾ അതിവേഗതയിലൂടെ നടപ്പാക്കി കോർപ്പറേറ്റ് ശതകോടീശ്വരന്മാർക്ക് അളവറ്റ സമ്പത്ത് കൈവശപ്പെടുത്താൻ അവസരമുണ്ടാക്കിക്കൊടുത്തു.

മണിപ്പൂരിലടക്കം ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ ന്യൂനപക്ഷ ഗോത്രവിഭാഗങ്ങളും ആദിവാസി- ദലിത് വിഭാഗങ്ങളും വംശീയാക്രമണങ്ങൾക്ക് വിധേയമാക്കപ്പെടുന്നു. ഇന്ത്യയിലെ മുസ്‍ലിം ജനവിഭാഗത്തെ അന്യവൽക്കരണത്തിന് വിധേയരാക്കുന്നു, അവരെ രാജ്യത്തിൻ്റെ ശത്രുക്കളായി പ്രഖ്യാപിക്കുന്നു. സാർവ്വദേശീയമായി അമേരിക്കൻ സാമ്രാജ്യത്വവും മറ്റും മുന്നോട്ടു വെക്കുന്ന നവ ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തിൻ്റെ തുടർച്ച എന്നനിലയിൽ, ഇസ്‍ലാമോഫോബിയ വലിയ തോതിൽ പ്രചരിപ്പിക്കുന്നു.

നരേന്ദ്ര മോദി ഭരണം നടപ്പാക്കിക്കൊണ്ടിരിക്കുന്ന നിയമപരവും ഭരണപരവുമായ നടപടികളിലും മുസ്‍ലിം വിരുദ്ധതയുടെ ആഴങ്ങൾ എത്രയെന്നു കാണാൻ കഴിയും.

ജമ്മു കാശ്മീരിൻ്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ് ആർട്ടിക്കിൾ 370 റദ്ദാക്കിയതും, ബാബറി മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രം പണിത് അത് ഇന്ത്യൻ പ്രധാനമന്ത്രി തന്നെ ഉത്ഘാടനം ചെയ്തതും, ഏകീകൃത സിവിൽ കോഡിൻ്റെ പ്രഖ്യാപനവുമൊക്കെ ആത്യന്തികമായി മുസ്‍ലിം വിരുദ്ധ ഭൂരിപക്ഷ ധ്രുവീകരണം ലക്ഷ്യം വെച്ചു കൊണ്ടാണെന്ന് മനസ്സിലാവും. 1955 മുതൽ ഇന്ത്യയിൽ നിലനിന്നിരുന്ന പൗരത്വ നിയമം ഭേദഗതി ചെയ്ത് പൗരത്വത്തിൻ്റെ മാനദണ്ഡം മതമായി പരിഗണിക്കുകയും മൂന്ന് അയൽ രാജ്യങ്ങളിൽ നിന്നെത്തുന്ന അമുസ്‍ലിംകൾക്കുമാത്രമായി പരിമിതപ്പെടുത്തുകയും ചെയ്ത നടപടി തികച്ചും വിവേചനപരമായിരുന്നു. പൊതു തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് അതിൻ്റെ ചട്ടങ്ങൾ പ്രഖ്യാപിച്ചതും മുസ്‍ലിംകളെ ശത്രുപക്ഷത്ത് നിർത്തി ഹിന്ദുത്വ ധ്രുവീകരണം നടത്തുക എന്ന ഏക ലക്ഷ്യത്തിലാണ് എന്നു കാണാം.

ആത്യന്തികമായി മുസ്‍ലിം വിരുദ്ധ ഭൂരിപക്ഷ ധ്രുവീകരണം ലക്ഷ്യം വെച്ചുള്ള നിരവധി നടപടികൾ മോദി ഭരണകൂടത്തിൽനിന്നുണ്ടായി.

1949- ൽ ഭരണഘടനാ അസംബ്ളി അംഗീകരിച്ച ഇന്ത്യൻ ഭരണഘടന, അംഗീകരിക്കാതിരുന്ന ആർ.എസ്.എസ് ദലിതരും സ്ത്രീകളുമടങ്ങുന്ന മർദ്ദിത വിഭാഗങ്ങളെ മനുഷ്യരായിപ്പോലും പരിഗണിക്കാത്ത മനുസ്മൃതി ഭരണഘടനയായി ഉയർത്തിക്കാട്ടാനാണ് ശ്രമിച്ചു പോന്നിട്ടുള്ളത്. ഇപ്പോൾ തന്നെ ഭരണഘടനാപരമായ ജനാധിപത്യാവകാശം എന്ന നിലയിൽ അനുവദിക്കപ്പെട്ട ജാതിസംവരണം പോലും അട്ടിമറിക്കപ്പെടുകയും വരേണ്യ സവർണ്ണ വിഭാഗങ്ങൾക്ക് 10% സംവരണം ഏർപ്പെടുത്തുന്നതിലേക്ക് എത്തുകയും ചെയ്തിരിക്കുന്നു.

കഴിഞ്ഞ 10 വർഷത്തെ മോദി ഭരണം നവലിബറൽ നയങ്ങൾ അതിവേഗതയിലൂടെ നടപ്പാക്കി കോർപ്പറേറ്റ് ശതകോടീശ്വരന്മാർക്ക് അളവറ്റ സമ്പത്ത് കൈവശപ്പെടുത്താൻ അവസരമുണ്ടാക്കിക്കൊടുത്തു. നിലവിലുള്ള 44 തൊഴിൽ നിയമങ്ങൾ എടുത്തുകളഞ്ഞ് 4 ലേബർ കോഡുകളാക്കി മാറ്റിയത് ഇന്ത്യൻ തൊഴിലാളി വർഗ്ഗം പൊരുതി നേടിയ അവകാശങ്ങൾ കവർന്നെടുത്തുകൊണ്ടായിരുന്നു. മൂന്ന് കാർഷിക മാരണനിയങ്ങൾ കൊണ്ടുവന്നത്, ഇന്ത്യൻ കാർഷിക മേഖലയെ ആഗോള കാർഷിക ബിസിനസ് കുത്തകകൾക്ക് പൂർണ്ണമായും കീഴടങ്ങിക്കൊണ്ടായിരുന്നു. എന്നാൽ ഇന്ത്യൻ കർഷക ജനത നടത്തിയ ഐതിഹാസിക പോരാട്ടങ്ങൾക്കുമുമ്പിൽ ഒരു ഘട്ടത്തിൽ പിൻമാറേണ്ടിവന്നു എങ്കിലും വഞ്ചനാപരമായ നിലപാടുകളിലുടെ ഒത്തുതീർപ്പു വ്യവസ്ഥകൾ ലംഘിക്കുകയാണ് സർക്കാർ ചെയ്തത്. കീഴടങ്ങാൻ തയ്യാറല്ല എന്നു പ്രഖ്യാപിച്ച് കർഷകർ പ്രക്ഷോഭത്തിൽ അടിയുറച്ചു നിൽക്കുകയാണ്.

രണ്ടു കോടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിലെത്തി 10 വർഷം കൊണ്ട് തൊഴിലില്ലായ്മാ നിരക്കിൽ റെ​ക്കോർഡ് വർദ്ധനവാണുണ്ടായത്. പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർധന രണ്ടും മൂന്നും ഇരട്ടിയായിരിക്കുന്നു. അരിയുടെയും മറ്റു നിത്യോപയോഗ സാധനങ്ങളുടെയും വില കുതിച്ചുയരുന്നു. കോർപ്പറേറ്റ് വൽക്കരണത്തെ കൂടുതൽ സുഗമമാക്കുന്ന നയരൂപീകരണ സംവിധാനമായി നിതി ആയോഗിനെ പ്രതിഷ്ഠിക്കുന്നു. ആസൂത്രണ കമീഷനെ മരവിപ്പിക്കുന്ന നടപടികൾ സ്വീകരിക്കുന്നു.

രണ്ടു കോടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് വാഗ്ദാനം നല്കി അധികാരത്തിലെത്തി 10 വർഷം കൊണ്ട് തൊഴിലില്ലായ്മാ നിരക്കിൽ റെ​ക്കോർഡ് വർദ്ധനവാണ് സംഭവിച്ചത്.

ആഗോള ദാരിദ്ര്യത്തിൻ്റെ കോട്ട എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയിൽ 53% വും അതിദരിദ്രരുടെ പട്ടികയിലാണ്. ഔദ്യോഗിക ഏജൻസികൾ എത്ര തന്നെ മറച്ചുവെക്കാൻ ശ്രമിച്ചാലും ഇന്ത്യൻ ജനസംഖ്യയിൽ ബഹുഭൂരിപക്ഷവും സമ്പൂർണ ദാരിദ്ര്യത്തിൻ്റെ പിടിയിലാണ്.

ഭരണഘടനയുടെ ഏഴാം പട്ടികയിലെ സംസ്ഥാന തല ലിസ്റ്റിലെ വ്യവസ്ഥകൾ ലംഘിച്ച് ഒരു ഇന്ത്യൻ പോലീസ് സംവിധാനം അടിച്ചേൽപ്പിക്കാനുള്ള ശ്രമം, എല്ലാ സംസ്ഥാനങ്ങളിലും എൻ ഐ എ ഓഫീസ് ആരംഭിക്കാനുള്ള പദ്ധതികൾ, യു.എ പി.എ പോലുള്ള കരിനിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനുള്ള നീക്കം, വ്യക്തിഗത ഡിജിറ്റൽ ഡാറ്റ സംരക്ഷണ നിയമം നടപ്പാക്കുന്നതിനുള്ള ശ്രമം, ഒരു രാജ്യം- ഒരു തെരഞ്ഞെടുപ്പ്- ഒരു പോലീസ്- ഒരു ഡാറ്റ- ഒരു എൻട്രി തുടങ്ങിയ ഫാഷിസ്റ്റ് നടപടികൾ അതിവേഗം ബഹു ദൂരം മുന്നോട്ടു പോയ്ക്കൊണ്ടിരിക്കുന്നു.

ഇത്രയേറെ സങ്കീർണ്ണവും അങ്ങേയറ്റം അപകടകരവുമായ ഫാഷിസ്റ്റ് സാഹചര്യത്തിൽ രാജ്യം ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ ഫാഷിസം ഇങ്ങെത്തിയിട്ടില്ല എന്നും അതിൻ്റെ ലക്ഷണങ്ങൾ കാണിക്കുന്നേയുള്ളൂ എന്ന സൈദ്ധാന്തിക വിശദീകരണമുയർത്തി രക്ഷപ്പെടുന്ന കാഴ്ചയും കണ്ടുകൊണ്ടിരിക്കുന്നു.

ഹിറ്റ്ലേറിയൻ ഫാഷിസത്തിൻ്റെ ക്ലാസിക്കൽ അർത്ഥപരികല്പനയിൽ മനസ്സിലാക്കേണ്ടതല്ല പുത്തൻ കൊളോണിയൽ കാലത്തെ നവ ഫാഷിസം. ആഗോള ഫൈനാൻസ് മൂലധനത്തിൻ്റെ സമഗ്രാധിപത്യ വാഴ്ചയാണ് ഫാഷിസം. അങ്ങനെ വരുമ്പോൾ കേരളം പോലുള്ള സംസ്ഥാനം ഭരിക്കുന്ന പാർട്ടികൾക്ക് ഫാഷിസം ഇങ്ങെത്തിയിട്ടില്ല എന്നു മാത്രമേ പറയാനാവൂ. നവ ലിബറൽ സാമ്പത്തിക നയങ്ങളുടെ ഷോക്കേസ് ആയി മാറിയ കേരളം ദേശീയ സാഹചര്യത്തിൽ ഒട്ടും വിഭിന്നമല്ല എന്നു തിരിച്ചറിയുമ്പോഴാണ് ഫാഷിസത്തെ സംബന്ധിച്ച വിശദീകരണങ്ങളിലെ ഈ അസംബന്ധയുക്തി മനസ്സിലാവൂ.
‘പ്രതിപക്ഷ മുക്ത ഇന്ത്യ’ എന്ന ഏകാധിപത്യ വാഴ്ചയുടെ മുദ്രാവാക്യം വേറൊരു ഭാഷയിൽ കേരളത്തിലും പ്രയോഗിക്കുന്നത് നാം കണ്ടു കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സന്ദർഭത്തിൽ ഉയർന്നു വരേണ്ടുന്ന ചർച്ചകൾ അദ്ധ്വാനിക്കുന്നവരുടേയും മർദ്ദിതരുടേയും നിലനിൽപ്പും ഉപജീവനവും സംബന്ധിച്ചായിരിക്കണം. ജനാധിപത്യവും മതേരത്വവും, ഭരണഘടനയും സംരക്ഷിക്കുന്നതിനെ കുറിച്ചായിരിക്കണം. എന്നാൽ ഇന്ത്യൻ പ്രതിപക്ഷം പ്രശ്നങ്ങളുടെ ഗൗരവം വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല എന്നു വേണം കരുതാൻ.

കേരളത്തിൽ പോലും ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമായ രണ്ടു പ്രബല കക്ഷികൾ മുഖാമുഖം മത്സരിക്കുന്നു. ബംഗാളിൽ തൃണമൂൽ കോൺഗ്രസ്സിനെ മാറ്റിനിർത്തി കോൺഗ്രസ്- സി.പി.എം മുന്നണി ബി.ജെ.പിയെ നേരിടുന്നു. ഭരണവർഗ്ഗ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അവരവരുടെ അധികാരമുറപ്പിക്കുന്നതിനുള്ള തമ്മിലടികളും ഗ്വാ ഗ്വാ വിളികളുമായി മുന്നേറുമ്പോൾ നവ ഫാഷിസ്റ്റ് ശക്തികൾ ഈ വൈരുധ്യങ്ങളെ ആവുന്നത്ര വലുതാക്കി മുതലെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

ഹിറ്റ്ലേറിയൻ ഫാഷിസത്തിൻ്റെ ക്ലാസിക്കൽ അർത്ഥപരികല്പനയിൽ മനസ്സിലാക്കേണ്ടതല്ല പുത്തൻ കൊളോണിയൽ കാലത്തെ നവ ഫാഷിസം.

സോഷ്യൽ മീഡിയകളിൽ ഉയർന്നു വരുന്ന ചർച്ചകൾ ഒന്നും തന്നെ രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളെ സ്പർശിക്കുന്നേയില്ല. എന്നു മാത്രമല്ല റോഡ് ഷോകളിലെ ആൾക്കൂട്ടത്തെ കുറിച്ചും, ഡി.ജെ സംവിധാനങ്ങളെക്കുറിച്ചും കരിമരുന്നു പ്രയോഗം നടത്തിയതിന്റെ നടത്തിയതിൻ്റെ കണക്കുകളെ കുറിച്ചുമൊക്കെയാണ് ചർച്ചകൾ. ഇത്ര അരാഷ്ട്രീയവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിൽ നിന്ന് എങ്ങിനെയാണ് തീവ്ര വലതുപക്ഷത്തെയും വർഗ്ഗീയ ഫാഷിസത്തെയും കോർപ്പറേറ്റ് ചൂഷണവ്യവസ്ഥയേയും പിഴുതെറിയാൻ കഴിയുന്ന ജനമുന്നേറ്റം സാധ്യമാകുക?

ഈ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഫാഷിസ്റ്റ് വിരുദ്ധ ജനാധിപത്യ ശക്തികളുടെ നിർണായക ദൗത്യം, ഫാഷിസ്റ്റ് വിരുദ്ധ വോട്ടുകളുടെ വിഭജനം ഒഴിവാക്കി അത് ഏകീകരിപ്പിക്കുന്നതിനുള്ള പ്രായോഗിക നടപടി സ്വീകരിക്കുക എന്നതായിരിക്കണം. ‘ഇന്ത്യ’ സഖ്യത്തിൽ അണിചേർന്ന പാർട്ടികൾക്കിടയിലും കോർപ്പറേറ്റ് മൂലധന വ്യവസ്ഥയോട് സന്ധി ചെയ്യുന്നവരുണ്ട്, അധികാരമുള്ളിടങ്ങളിലൊക്കെ അത്തരം നയങ്ങൾ പിന്തുടരുന്നവരുമുണ്ട്. അത്തരം സഖ്യങ്ങളുടെ ഭാഗമാകാതെ തന്നെ സ്വതന്ത്രവും നീതിയുക്തവുമായ നിലപാടുകൾ സ്വീകരിച്ച് ഫാഷിസ്റ്റ് ശക്തികളെ പരാജയപ്പെടുത്താൻ ഇടതുപക്ഷ പുരോഗമന ജനാധിപത്യ ശക്തികൾ അവരുടെ വോട്ടുകൾ വിനിയോഗിക്കണം.

ഭൗതികവും പ്രത്യയശാസ്ത്രപരവുമായ അടിത്തറയായി നിലകൊള്ളുന്ന നവലിബറൽ കോർപ്പറേറ്റ് വൽക്കരണത്തിനും മനുവാദി ജാതി വ്യവസ്ഥയ്ക്കുമെതിരായ ജനകീയ ബദൽ വികസിപ്പിക്കുക എന്ന ദീർഘകാല ലക്ഷ്യത്തിലേക്ക് മുന്നേറുവാൻ ഇന്ത്യ നേരിടുന്ന ഫാഷിസ്റ്റ് ഭീഷണിയെ അധികാരത്തിൽ നിന്ന് തൂത്തെറിഞ്ഞു കൊണ്ടേ സാധ്യമാവൂ. പർവ്വതം പോലെ വളർന്നുകൊണ്ടിരിക്കുന്ന അസമത്വങ്ങളും ജീവിതാധിക ബാധ്യതകളും കൊണ്ട് പൊറുതിമുട്ടിയ ജനതയെ ഫാഷിസത്തിനെതിരായി രാഷ്ട്രീയമായി ഒന്നിപ്പിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് നമുക്ക് മുന്നിലുള്ളത്. അതുകൊണ്ട് തെരഞ്ഞെടുപ്പ് ചർച്ചകൾ രാഷ്ട്രീയമായ ഉൾക്കരുത്തുകൊണ്ട് സമ്പന്നമാകണം.

Comments