ഇലക്ടറൽ ബോണ്ട് വിധി മോദി സർക്കാറിന്റെ
അഴിമതി രഹിത മുഖംമൂടി വലിച്ചുകീറുന്നത്- ആനി രാജ

അഴിമതി എന്ന ലേബലില്ലാതെ തന്നെ ബി.ജെ.പിക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കാൻകഴിയുന്ന തരത്തിലായിരുന്നു ഇലക്ടറൽ ബോണ്ടിന്റെ രൂപകൽപ്പന. ഈ സാഹചര്യത്തിലാണ് ഇലക്ടറൽ ബോണ്ട് റദ്ദാക്കിയുള്ള സുപ്രീംകോടതി വിധി നിർണായകമാകുന്നത്. ഇലക്ടറൽ ബോണ്ട് വേണ്ട എന്ന ഇടതുപക്ഷത്തിന്റെ നിലപാടും ശ്രദ്ധേയമായിരുന്നു. സി.പി.ഐ നേതാവും വയനാട് ലോകസഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ ആനി രാജ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നു.

മനില സി മോഹൻ: ഇലക്ട്രൽ ബോണ്ട് പദ്ധതി റദ്ദാക്കിയ സുപ്രീം കോടതി വിധി, വൈകിയാണെങ്കിലും ഇന്ത്യൻ ജനാധിപത്യത്തിലും നീതിന്യായവ്യവസ്ഥയിലും പൗരർക്കുള്ള വിശ്വാസത്തെ നരേന്ദ്ര മോദി സർക്കാരിന്റെ സമഗ്രാധിപത്യ ഹിന്ദുത്വ വാഴ്ചക്കാലത്തും നേരിയ രീതിയിൽ നിലനിർത്തുന്നുണ്ട് എന്ന ആശ്വാസം നൽകുന്നുണ്ട്. ഇന്ത്യയിലെ ഇടതുകക്ഷികളായ സി.പി.എമ്മിനും സി.പി.ഐയ്ക്കും അഭിമാനിക്കാവുന്ന അവസരം കൂടിയാണിത്. ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ ഭാഗമാവില്ലെന്ന് നയപരമായിത്തന്നെ തീരുമാനിക്കുകയും അതിനെതിരായ നിയമ നടപടികളിൽ കക്ഷിയാവുകയും ചെയ്തിന്റെ പേരിൽ. തെരഞ്ഞെടുപ്പിനെ എങ്ങനെയാണ് സുപ്രീം കോടതി വിധിയും തുടർന്നുള്ള വെളിപ്പെടുത്തലുകളും ബാധിക്കാൻ പോവുന്നത്?

ആനി രാജ: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ഇപ്പോൾ വന്ന സുപ്രീംകോടതി വിധി വലിയ ആശ്വാസമാണ്. ഇലക്ടറൽ ബോണ്ട് എന്നത് അഴിമതിയെ നിയമവൽക്കരിക്കുന്ന ഒരു സംവിധാനമാണ്. സാമാന്യ ബുദ്ധിയുള്ള എതൊരാൾക്കും മനസ്സിലാക്കാൻ കഴിയുന്നതാണ് ഇത്. ഇത്രയേറെ പ്രതികാര മനോഭാവമുള്ള ഒരു ഗവൺമെന്റ് അധികാരത്തിലിരിക്കുമ്പോൾ അവർക്ക് വേണ്ടി മാത്രമാണ് ബോണ്ടുകൾ വാങ്ങുക എന്നതും ആർക്കും മനസിലാക്കാവുന്ന കാര്യമാണ്. ഇതിൽ രണ്ട് കാര്യങ്ങൾ എടുത്ത് പറയേണ്ടതുണ്ട്. ഒന്ന് പ്രധാനപ്പെട്ട വിവരങ്ങൾ പലതും മറച്ചുവെച്ചുകൊണ്ടാണ് സുപ്രീംകോടതിക്കു മുന്നിൽ ഈ വിവരങ്ങൾ എസ്.ബി.ഐ വെളിപ്പെടുത്തിയത്. ബിൽക്കിസ് ബാനു കേസിൽ പ്രതികൾക്ക് റെമിഷൻ ലഭിച്ച സംഭവമാണ് ഇത് ഓർമ്മിപ്പിക്കുന്നത്. ഗുജറാത്ത് ഗവൺമെന്റ് വസ്തുതകൾ മറച്ചുവെച്ചതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. ഗുജറാത്ത് ഗവൺമെന്റ് സുപ്രീംകോടതിയെ തെറ്റിദ്ധ രിപ്പിക്കുകയായിരുന്നു അന്ന്. അതേ രീതിയിൽ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇന്ന് എസ്.ബി.ഐയും. രാജ്യം ഭരിക്കുന്ന ഫാഷിസ്റ്റ് ഗവൺമെന്റിന് വേണ്ടി സേവ ചെയ്യുന്നവരാണ് ബാങ്കിംഗ് മേഖല അല്ലെങ്കിൽ എസ്.ബി.ഐ എന്നുള്ളത് ഇപ്പോൾ മനസിലാകുന്നു. എന്നാൽ ഈ വിഷയത്തിൽ സുപ്രീം കോടതിയുടെ സമീപനം ജുഡീഷ്യറിയുടെ മേലുള്ള വിശ്വാസത്തെ പിന്നെയും ഉറപ്പിക്കുന്നുണ്ട്. ഇലക്ടറൽ ബോണ്ട് സംബന്ധിച്ച വസ്തുതകൾ സാധാരണക്കാരായ ജനങ്ങളെ, പ്രത്യേകിച്ചും ഉത്തരേന്ത്യൻ പൗരരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ അത് ഇടതുപാർട്ടികൾക്ക് വലിയ നേട്ടമാവും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇതിനെ കുറിച്ച് പറയുമ്പോൾ ഫാം ബില്ലിനെക്കുറിച്ചു കൂടെ പറയേണ്ടതുണ്ട്. കൃഷി നിയമങ്ങൾ, അതിൽ തന്നെ എസ്സൻഷ്യൽ കമ്മോഡിറ്റി ആക്ട് ഭേദഗതി ചെയ്തത്, ആ ആക്ട് കൊണ്ടുവന്നത് തന്നെ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിന് വേണ്ടിയാണ് എന്നാൽ ഈ കുറ്റകൃത്യങ്ങൾക്ക് നിയമസാധുത കൊടുത്തതായിരുന്നു എസ്സൻഷ്യൽ കമ്മോഡിറ്റി ആക്ടിന് കൊണ്ടുവന്ന നിയമ ഭേദഗതി. ഇതും സാധാരണക്കാരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ കേന്ദ്രഗവൺമെന്റിന്റെ അഴിമതിരഹിതർഎന്നമുഖം മൂടി തകർക്കാൻ കഴിയും. അതിനുള്ള ശ്രമങ്ങൾ തീർച്ചയായും ഇടത് പാർട്ടികൾ ചെയ്യുമെന്ന കാര്യത്തിൽ സംശയം വേണ്ട. കോർപ്പറേറ്റ് മുതലാളിമാരാണ് ഈ ബോണ്ടുകൾ വാങ്ങിയിരിക്കുന്നത്. അതിൽ തന്നെ ഇ.ഡിയെ പോലുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് 18ഓളം കോർപ്പറേറ്റുകളെ സമ്മർദത്തിലാഴ്ത്തിയതിന്റെ ഫലമായാണ് ഈ കമ്പനികൾക്ക് ബി.ജെ.പിക്ക് വേണ്ടി ഈ ഇലക്ടറൽ ബോണ്ട് വാങ്ങേണ്ടി വന്നിരിക്കുന്നത്. അതായത് ഈ വിഷയത്തിലും കേന്ദ്രഗവൺമെന്റ് ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണ്. സുപ്രീംകോടതിയുടെ ഇടപെടൽ മൂലം പുറത്തുവന്ന വിവരങ്ങളും ഇതിനെ ശരിവെക്കുന്നു. ഇത് ജനങ്ങളെ ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ അത് തീർച്ചയായും ഇടതുപക്ഷത്തിന് ഗുണകരമാവും എന്നതിൽ സംശയമില്ല.

ആനി രാജ
ആനി രാജ

ചങ്ങാത്ത മുതലാളിത്തമാണ് കേന്ദ്ര ഭരണത്തെ എല്ലാ അർത്ഥത്തിലും നിലനിർത്തിക്കൊണ്ടിരിക്കുന്നത് എന്നതിന്റെ തെളിവുകളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഹിന്ദുത്വയുടെ സാംസ്‌കാരിക രാഷ്ട്രീയ വ്യാപനത്തിലൂടെ മാത്രമല്ല മറിച്ച് സാമ്പത്തിക രംഗത്തെ, കോർപ്പറേറ്റുകളുമായുള്ള സൗഹൃദത്താലും, ബിസിനസ് രംഗത്തെ മുഴുവൻ അന്വേഷണ ഏജൻസികൾ വഴിയും അല്ലാതെയും ഭയപ്പെടുത്തിയും മറ്റുമാണ് വരുതിയിൽ നിർത്തുന്നത്. ഈ ബാന്ധവത്തെ വസ്തുനിഷ്ഠമായി ചോദ്യം ചെയ്യാതെയും തകർക്കാതെയും മുന്നോട്ട് പോക്ക് സാധ്യമല്ല. ഇടതുപക്ഷ നയപരിപാടികൾഎന്തൊക്കെയാണ്?

ഹിന്ദുരാഷ്ട്ര നിർമാണം എന്ന ആർ.എസ്.എസ് ലക്ഷ്യത്തിലേക്ക് അതിവേഗം നടന്നടുക്കുന്നതിന് കോർപ്പറേറ്റുകളെ കൂട്ടുപിടിക്കുകയാണ്. ഇന്ത്യയുടെ ബഹുസ്വരതയെ അത്ര വേഗം അടക്കി നിർത്താനോ അതിന്റെ മുനയൊടിക്കാനോ സാധിക്കാത്തതുകൊണ്ടാണ് കോർപ്പറേറ്റുകളെ പ്രീണിപ്പിക്കുന്നതും അവർക്ക് വലിയ ലാഭമുണ്ടാക്കി കൊടുക്കുന്നതും. പിന്നീടാണ് അവരിൽ നിന്ന് പണം സ്വീകരിക്കുന്നത്. എന്നാൽ കോർപ്പറേറ്റുകളിൽ നിന്ന് പണം നേരിട്ട് സ്വീകരിച്ചാൽ അത് അഴിമതിയാകും. അതിന് വേണ്ടിയാണ് ഇലക്ടറൽ ബോണ്ട് കൊണ്ടുവന്നത്. കോർപ്പറേറ്റുകളെ ഈ രിതിയിൽ സഹായിക്കുന്നത് ആർ.എസ്.എസിന്റെ ഹിന്ദുരാഷ്ട്ര നിർമാണം എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം അടുപ്പിക്കുന്നതാണ്. വനസംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തിയത് പോലും മണിപ്പൂരിലെ കുക്കി വിഭാഗത്തെ അവിടുത്തെ മലനിരകളിൽ നിന്ന് ഒഴിപ്പിക്കുന്നതിനാണ്, അദാനിക്ക് അവിടേക്ക് കടന്നുവരുന്നതിനുള്ള വഴിയൊരുക്കുന്നതിന് വേണ്ടിയാണ്. ഇത്തരത്തിലുള്ള കലാപങ്ങളും മറ്റും സൃഷ്ടിക്കുന്നതും കുടിയൊഴിപ്പിക്കലുകൽ നടത്തുന്നതും കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ്. ഈ രാജ്യത്തിന്റെ മണ്ണും ഈ രാജ്യത്തിന്റെ വെള്ളവും ഈ രാജ്യത്തിന്റെ വനവുമെല്ലാം ഇങ്ങനെ ഇല്ലാതായി പോവുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ ഉൾപ്പടെ സ്വകാര്യവത്കരിക്കുന്നത് പോലും ഇതിന്റെ ഭാഗമാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുന്നതിലൂടെ റിസർവേഷൻ ഇല്ലതാക്കുകയാണ് ചെയ്യുന്നത്. കോളേജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പോലും ഇത് സംഭവിക്കുന്നു. അതായത് ഒരു വിഭാഗത്തെ അത്തരത്തിൽ തന്ത്രപരമായി നിശബ്ദരാക്കുകയാണ്. പ്രതിഷേധത്തിന്റെ ശബ്ദമുയർത്തുന്നതിനെതിരെയാണ് ഇതെല്ലാം ചെയ്യുന്നത്. ഇതിനായാണ് കോർപ്പറേറ്റുകളുടെ സാമ്പത്തിക സഹായം ഇവർക്ക് വേണ്ടത്. ഇ.ഡിയെ ഉപയോഗിച്ച് ബിജെപി ഭീഷണിപ്പെടുത്തുന്ന പ്രതിപക്ഷ നിരയിലുള്ള നേതാക്കൻമാർ തൊട്ടടുത്ത ദിവസം ബി.ജെ.പിയിലേക്ക് വരാൻ തയ്യാറാവുമ്പോൾഇരുകൈകളും നീട്ടി സ്വീകരിക്കുന്നുമുണ്ട് ബി.ജെ.പി. കോടികൾ മുടക്കി എതിർ കക്ഷിയിൽപ്പെട്ട നേതാക്കൻമാരെ ബി.ജെ.പിയിൽ എത്തിക്കുന്നതും ഹിന്ദുരാഷ്ട്ര നിർമാണത്തിന് നിയമസാധുത നേടിക്കൊടുക്കാനാണ്. ഈ കോർപ്പറേറ്റ് - ഫാഷിസ്റ്റ് കൂട്ടുകെട്ട് ഇടതുകക്ഷികളെ സംബന്ധിച്ച് ഒരു വെല്ലുവിളിയാണ്. ലക്ഷക്കണക്കിന് ചെറുപ്പക്കാരെ പണം കൊടുത്ത് ബി.ജെ.പിയുടെ സോഷ്യൽ മീഡിയ വാരിയേഴ്‌സ് ആക്കി മാറ്റുകയാണ്. ന്യൂനപക്ഷങ്ങൾക്കും പട്ടികവർഗ - ജാതി വിഭാഗങ്ങൾക്കും കമ്മ്യൂണിസ്റ്റുകൾക്കുമെതിരെയുള്ള നുണപ്രചാരണങ്ങൾക്ക് വേണ്ടിയാണ് ഇത്. ഇതൊരു വലിയ വെല്ലുവിളിയാണ്. ചെറുപ്പക്കാരുടെ സംഘടനകൾ തൊഴിലില്ലായ്മക്കെതിരെ ഒരു സമരത്തിന് ആഹ്വാനം ചെയ്താൽ എത്ര ചെറുപ്പക്കാർ പങ്കെടുക്കാൻ തയ്യാറാകുമെന്നത് ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത്.

വയനാട്ടിലെ തോട്ടംതൊഴിലാളികളോട് സംസാരിക്കുന്ന ആനി രാജ
വയനാട്ടിലെ തോട്ടംതൊഴിലാളികളോട് സംസാരിക്കുന്ന ആനി രാജ

സേനകളിലേക്ക് ചെറുപ്പക്കാരെ ഷോർട്ട്-ടേം റിക്രൂട്ട്‌മെന്റ് നടത്തുന്നത് പോലും ഹിന്ദുരാഷ്ട്ര നിർമാണ പ്രക്രിയയിലേക്കുള്ള ആർ.എസ്.എസ് പ്രവർത്തനങ്ങൾക്കെതിരെ ഉയരുന്ന എതിർശബ്ദങ്ങളെ ആയുധപരിശീലനം നേടിയ ഈ ചെറുപ്പക്കാരെ ഉപയോഗിച്ച് നേരിടുന്നതിനാണ്. സർക്കാർ ചെലവിൽഇതിനായി ചെറുപ്പക്കാർക്ക് ആയുധപരിശീലനം കൊടുക്കുകയാണ്.


ആനി രാജ

സി.പി.ഐ ദേശീയ എക്​സിക്യൂട്ടീവ്​ അംഗം, പാർട്ടിയുടെ വനിതാ വിഭാഗമായ നാഷനൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമന്റെ ദേശീയ ജനറൽ സെക്രട്ടറി.

മനില സി. മോഹൻ

ട്രൂകോപ്പി എഡിറ്റർ ഇൻ ചീഫ്

Comments