ഇലക്ടറൽ ബോണ്ട് റദ്ദാക്കി
സു​പ്രീംകോടതി,
കേന്ദ്രത്തിന് വൻ തിരിച്ചടി

2018 മുതൽ 2023 ഒക്ടോബർ വരെയുള്ള കാലയളവിൽ വാങ്ങിയ ഇലക്ടറൽ ബോണ്ടുകളിൽ 76 ശതമാനവും നൽകപ്പെട്ടത് ബി ജെ പിക്കായിരുന്നു. ഈ തുകയിൽ 90 ശതമാനവും ഒരു കോടി രൂപയുടെ ബോണ്ടുകളായിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള വിധി കേന്ദ്ര സർക്കാറിനും ബി.ജെ.പിക്കും വൻ തിരിച്ചടി.

National Desk

ലക്ടറൽ ബോണ്ട് പദ്ധതി റദ്ദാക്കി സുപ്രീം കോടതി ഭരണഘടനാ ബഞ്ച്. ബോണ്ടുകളുടെ വിതരണം നിർത്താൻ എസ്.ബി.ഐക്ക് കോടതി നിർദേശം. ഇലക്ടറൽ ബോണ്ട് അനുസരിച്ച് ആരാണ് ഇതുവരെ സംഭാവനകൾ നൽകിയത്, ഏത് രാഷ്ട്രീയ പാർട്ടികൾക്കാണ് കൊടുത്തത് തുടങ്ങിയ വിവരങ്ങൾ മാർച്ച് ആറിനകം തെരഞ്ഞെടുപ്പ് കമീഷന് നൽകാനും കോടതി ഉത്തരവിട്ടു. ഈ വിവരങ്ങൾ ഒരാഴ്ചക്കകം കമീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം.

ഇലക്ടറൽ ബോണ്ടിന്റെ നിയമസാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാബഞ്ചിന്റെ വിധി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരും ബഞ്ചിൽ അംഗങ്ങളാണ്.

ഇലക്ടറൽ ബോണ്ടുകൾ ഉപയോഗിച്ച് രാഷ്ട്രീയപാർട്ടികൾ പണം സ്വീകരിക്കുന്നതിനെതിരെ സി.പി.എം, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്, ഡോ. ജയ താക്കൂർ എന്നിവരാണ് ഹർജി നൽകിയത്.

വിധിയി​ൽനിന്ന്:

  • പദ്ധതി ഭരണഘടനാവിരുദ്ധം, വിവരാവകാശം ലംഘിക്കുന്നത്. അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 19 (1) a-യുടെ ലംഘനം.

  • രാഷ്ട്രീയ പാർട്ടികൾക്ക് ലഭിക്കുന്ന ഫണ്ടിനെക്കുറിച്ച് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്.

  • കള്ളപ്പണം തടയാനെന്ന പേരിൽ സംഭാവനയുടെ വിവരം മറച്ചുവെക്കാനാകില്ല.

  • ഇലക്ടറൽ ബോണ്ടിനായി കമ്പനിനിയമത്തിൽ ഭേദഗതി വരുത്തിയത് ഭരണഘടനാവിരുദ്ധം. കമ്പനികളെയും വ്യക്തികളെയും ഒരുപോലെ പരിഗണിക്കുന്ന നിയമഭേദഗതി ഏകപക്ഷീയം.

  • വ്യക്തികളുടെ സംഭാവനകളേക്കാൾ കമ്പനികളുടെ സംഭാവനകൾ രാഷ്ട്രീയപാർട്ടികളിൽ സ്വാധീനം ചെലുത്തും. ഇത് തെരഞ്ഞെടുപ്പ് പ്രക്രിയക്ക് തിരിച്ചടിയാണ്.

  • രാഷ്ട്രീയപാർട്ടികൾക്ക് ലഭിക്കുന്ന സംഭാവനകളുടെ വിവരം രഹസ്യമാക്കിവക്കുന്നത് ഭരണഘടനാവിരുദ്ധം.

  • വോട്ടവകാശത്തിന് വിവരത്തിന്റെ സുതാര്യത അനിവാര്യമാണ്.

  • സ്വകാര്യതക്കുള്ള പൗരരുടെ മൗലകാവകാശം, രാഷ്ട്രീയ സ്വകാര്യതക്കുള്ള പൗരാവകാശം കൂടിയാണ്.

  • രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവന നിയമവിധേയമാകുമ്പോൾ അത് നൽകുന്നവരുടെ താൽപര്യങ്ങളും വ്യക്തമാകേണ്ടതുണ്ടെന്ന് ഡി.വൈ. ചന്ദ്രചൂഡ്.

  • സംഭാവന നൽകുന്നവർക്ക് പാർട്ടികളിൽ സ്വാധീനം കൂടും.

  • തെരഞ്ഞെടുപ്പു ജനാധിപത്യത്തെ സംബന്ധിച്ച് ദീര്‍ഘകാല പ്രത്യാഘാതമുണ്ടാക്കുന്ന വിധിയെന്ന് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍. ഇൻകം ടാക്സ് ആക്റ്റ്, കമ്പനീസ് ആക്റ്റ് എന്നിവയിലെല്ലാം ഈ വിധി മാറ്റമുണ്ടാക്കും.

  • നോട്ടിനുമേല്‍ വോട്ടിന്റെ ശക്തി പുനഃസ്ഥാപിക്കുന്ന വിധിയെന്ന് കോണ്‍ഗ്രസ്.

ഇലക്ടറൽ ബോണ്ടുകളിലെ രഹസ്യാത്മക സ്വഭാവം രാഷ്ട്രീയ ഫണ്ടിംഗിലെ സുതാര്യതയെ ബാധിക്കുന്നു, വോട്ടർമാരുടെ വിവരാവകാശം ലംഘിക്കുന്നു എന്നിവയായിരുന്നു ഹർജിക്കാരുടെ വാദങ്ങൾ.

ആദ്യ എൻ ഡി എ സർക്കാരിൽ ധനമന്ത്രിയായിരുന്ന അരുൺ ജെയ്‌റ്റ്‌ലി 2017-ലെ ദേശീയ ബജറ്റിൽ ധനകാര്യ നിയമഭേദഗതിയിലൂടെ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ഇലക്ടറൽ ബോണ്ടുകൾ. റപ്രസന്റേഷൻ ഓഫ് ദ് പീപ്പിൾ ആക്‌ട്‌- 1951 എന്ന ജനപ്രാതിനിധ്യ നിയമം, ഇൻകംടാക്‌സ് ആക്‌ട്‌-1961, ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്‌ട്‌- 2010 (എഫ് സി ആർ എ), കമ്പനീസ് ആക്‌ട്‌-2013 എന്നീ നാല് നിയമനിർമാണങ്ങളെ ഒന്നിച്ച് ഭേദഗതി ചെയ്‌തുകൊണ്ടാണ് 2018 ജനുവരി 2 മുതൽ പദ്ധതി നടപ്പാക്കിത്തുടങ്ങിയത്‌.

ഇലക്ടറൽ ബോണ്ട് വഴി എത്ര പണം നൽകിയാലും പണം നൽകുന്ന വ്യക്തികളോ സ്ഥാപനങ്ങളോ, അത് കൈപ്പറ്റുന്ന പാർട്ടികളോ, ആർക്കും ഒരു വിവരവും നൽകേണ്ടതില്ല എന്നായിരുന്നു ഒരു ഭേദഗതി.
നിലനിന്നിരുന്ന നിയമപ്രകാരം, തുടർച്ചയായി മൂന്നു വർഷം ലാഭത്തിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിക്ക് മാത്രമേ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് ഫണ്ട് നൽകാൻ സാധിക്കുകയുള്ളൂ. അതും ആ കമ്പനിയുടെ പരമാവധി അറ്റാദായത്തിന്റെ 7.5% തുക വരെ മാത്രം. പണം കൊടുക്കുന്ന കമ്പനിയുടേയും അത് കൈപ്പറ്റുന്ന രാഷ്ട്രീയ പാർട്ടിയുടേയും വിശദവിവരങ്ങൾ ഇലക്ഷൻ കമീഷന് വീഴ്‌ച കൂടാതെ പിന്നാലെ സമർപ്പിക്കുകയും വേണം. ഈ വ്യവസ്ഥകളെല്ലാം മാറ്റി, ഇലക്ടറൽ ബോണ്ട് വാങ്ങുന്നവർക്കും അത് സ്വീകരിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കും ഈ നിയമങ്ങൾ ബാധകമല്ല എന്ന പുതിയ വ്യവസ്ഥ എഴുതിച്ചേർത്തു.

ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് പണമായി ലഭിക്കുന്ന എല്ലാ സംഭാവനകളും ദേശീയ സർക്കാരിന്റെ നിയമ- ധനകാര്യ വകുപ്പുകളുടെ പരിശോധനകളിൽ നിന്ന് പൂർണമായി മുക്തമാക്കുന്നതായിരുന്നു എഫ് സി ആർ എ ഭേദഗതി.

പതിനായിരക്കണക്കിന് ഓഹരി ഉടമകൾ ഉള്ള കോർപറേറ്റ് കമ്പനി ഇലക്ടറൽ ബോണ്ടുകളിലൂടെ ഏതൊക്കെ പാർട്ടികൾക്ക് എത്രകോടി രൂപ വീതം തെരഞ്ഞെടുപ്പ് സംഭാവന കൊടുത്തു എന്ന് ഓഹരി ഉടമകൾക്ക് അറിയാനുള്ള അവകാശം, ബോണ്ട് പദ്ധതി നിലവിൽ വന്നതോടെ ഇല്ലാതെയായി. രാഷ്ട്രീയ പാർട്ടികൾക്ക് ആരിൽനിന്നൊക്കെ എത്രത്തോളം രൂപ തെരഞ്ഞെടുപ്പ് സംഭാവനയായി കിട്ടിയിട്ടുണ്ട് എന്നത് അറിയാൻ പൗരർക്കുള്ള അവകാശവും ഇല്ലാതായി.

ആയിരം, പതിനായിരം, ഒരു ലക്ഷം, പത്ത് ലക്ഷം, ഒരു കോടി രൂപ വീതം വിലയുള്ള ഇലക്ടറൽ ബോണ്ടുകളാണ് ആവശ്യക്കാർക്ക് ബാങ്കിലൂടെ ലഭിക്കുക. ഇന്ത്യൻ പൗരരോ ഇന്ത്യയിൽ രജിസ്റ്റേഡ് ഓഫീസുള്ള വിദേശ കമ്പനികളോ വിദേശപൗരരോ ആയ ആർക്കും ഇന്ത്യയിലെ ഏതെങ്കിലും അംഗീകൃത ബാങ്കിൽ കെ വൈ സി അക്കൗണ്ട് ഉണ്ടെങ്കിൽ, അവർക്ക് ആവശ്യമുള്ളിടത്തോളം ഇലക്ടറൽ ബോണ്ടുകൾ വാങ്ങുകയും ഇന്ത്യയിൽ ഔദ്യോഗിക അംഗീകാരമുള്ള ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കോ/ പാർട്ടികൾക്കോ ആ ബോണ്ടുകൾ സംഭാവനയായി നൽകുകയും ചെയ്യാം.

2018 മുതൽ 2023 ഒക്ടോബർ വരെയുള്ള കാലയളവിൽ വാങ്ങിയ ഇലക്ടറൽ ബോണ്ടുകളിൽ 76 ശതമാനവും നൽകപ്പെട്ടത് ബി ജെ പിക്കായിരുന്നു. ഈ തുകയിൽ 90 ശതമാനവും ഒരു കോടി രൂപയുടെ ബോണ്ടുകളായിരുന്നു. ഈ കണക്കിൽ നിന്ന് ഇലക്ടറൽ ബോണ്ട് ആർക്കാണ് ഗുണം ചെയ്തിരുന്നത് എന്ന് വ്യക്തമാണ്.

29 എസ് ബി ഐകളിലൂടെയാണ് ഇലക്ടറൽ ബോണ്ടുകളുടെ വിൽപന നടക്കുന്നത്‌. 2021-ൽ ആകെ വിറ്റത് 2068 ബോണ്ടുകൾ. അതിൽ ഒരു കോടി രൂപ വീതം മൂല്യമുള്ള ബോണ്ടുകൾ 1156 എണ്ണം. 536 ബോണ്ടുകൾ 10 ലക്ഷം രൂപയുടേതും 365 എണ്ണം ഒരു ലക്ഷം രൂപയുടേതും, പത്തെണ്ണം പതിനായിരം രൂപ ബോണ്ടുകളും, ഒരെണ്ണം മാത്രം ആയിരം രൂപയുടെ ബോണ്ടുമാണ് വിൽക്കപ്പെട്ടത്‌. കഴിഞ്ഞ അഞ്ച് വർഷവും വിറ്റഴിച്ച ഇലക്ടറൽ ബോണ്ടുകളിൽ 92 ശതമാനവും ഒരു കോടി രൂപ വീതം ഉള്ളവയായിരുന്നു.

Comments