തൂത്തുക്കുടിയിലെ താപവൈദ്യുതിനിലയം / Photo: Wikimedia Commons

‘കൽക്കരി ക്ഷാമം’ ഒരു നുണക്കഥയാണ്​

നിലവിലുള്ള ഉപഭോഗരീതി അനുസരിച്ച്, അടുത്ത ഒരു നൂറ്റാണ്ട് കാലത്തേക്കുള്ള കൽക്കരിശേഖരം ഇന്ത്യയിലുണ്ട് . അതുകൊണ്ടുതന്നെ, ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന 'കൽക്കരിക്ഷാമ'ത്തിനും വൈദ്യുതി പ്രതിസന്ധിക്കും വസ്തുതകളുമായി യാതൊരു ബന്ധവുമില്ല- ‘രാജ്യം ഇരുട്ടിലേക്ക്​’ എന്ന മട്ടിൽ പ്രചരിക്കുന്ന കൽക്കരി പ്രതിസന്ധിയുമായി ബന്ധപ്പെട്ട വാർത്തകളുടെ അണിയറക്കഥകളിലേക്ക്​

"രാജ്യം വൈദ്യുതി പ്രതിസന്ധിയിലേയ്ക്ക്', "താപനിലയങ്ങളിൽ കൽക്കരിക്ഷാമം രൂക്ഷം', "വിവിധ സംസ്ഥാനങ്ങളിൽ താപവൈദ്യുതിനിലയങ്ങൾ അടച്ചുപൂട്ടുന്നു'. 2021 ഒക്ടോബർ രണ്ടാമത്തെ ആഴ്ചകളിൽ ഇന്ത്യയിലെ എല്ലാ ദേശീയ മാധ്യമങ്ങളുടെയും മുഖ്യവാർത്ത ഏതാണ്ട് സമാനമായിരുന്നു. കോവിഡ് മഹാമാരിയെത്തുടർന്നുള്ള ലോക്ഡൗണിൽ നിന്ന് പതുക്കെ കരകയറിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ വ്യാവസായിക - ഉത്പാദന മേഖലകളെ ആശങ്കയിലാഴ്ത്തുന്ന വിധത്തിലുള്ളതായിരുന്നു ഈ വാർത്ത. എന്നാൽ രാജ്യത്തെ ഊർജോത്പാദനരംഗത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഏതൊരാൾക്കും തൊണ്ടതൊടാതെ വിഴുങ്ങാവുന്ന ഒന്നായിരുന്നില്ല ഇത്. ഇന്ത്യൻ കൽക്കരി മേഖലയിൽ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന പുത്തൻ ഗാംഗ്സ് ഓഫ് വാസ്സേപൂർ* അധികാരത്തിന്റെ ഇടനാഴികളിൽ നടത്തിക്കൊണ്ടിരിക്കുന്ന കളികളെക്കുറിച്ചും ഖനനമേഖലയുടെ നിയന്ത്രണം കൈക്കലാക്കാനുള്ള മത്സരങ്ങളെക്കുറിച്ചും ബോധ്യമുള്ള ഏതൊരാൾക്കും "കൽക്കരി പ്രതിസന്ധി' വാർത്ത നടന്നുകൊണ്ടിരിക്കുന്ന ചില അന്തർനാടകങ്ങളുടെ തുടർച്ചയായി മാത്രമേ കാണാൻ കഴിയുമായിരുന്നുള്ളൂ.

ഇന്ത്യയിൽ കൽക്കരിക്ഷാമം രൂക്ഷമാണെന്നും പാതിയോളം കൽക്കരി താപനിലയങ്ങൾ പ്രവർത്തനം നിർത്തിവെക്കേണ്ടി വരുമെന്നുമുള്ള വാർത്ത ജനങ്ങളെ ഭീതിയിലാഴ്ത്തിയെന്നത് സത്യമാണ്. ദില്ലി, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ തൊട്ട് കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് വരെ വൈദ്യുതി പ്രതിസന്ധിയെ നേരിടേണ്ടി വരുമെന്നും അതത് സംസ്ഥാനങ്ങളിലെ സർക്കാരുകൾ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞിരുന്നു. പല സംസ്ഥാനങ്ങളിലും വൈദ്യുതി ഉപഭോഗം കൂടിയ സമയങ്ങളിൽ ലോഡ് ഷെഡിങ്ങും, മറ്റിടങ്ങളിൽ അപ്രഖ്യാപിത പവർ കട്ടുകൾ ഏർപ്പെടുത്താനും ആരംഭിച്ചു. ഇന്ത്യയിലെ താപനിലയങ്ങളിൽ അടുത്ത ഏതാനും ദിവസങ്ങൾ കൂടി പ്രവർത്തിക്കുവാനുള്ള കൽക്കരിശേഖരം മാത്രമേയുള്ളൂ എന്ന അവസ്ഥയാണുള്ളത്. ദില്ലിയിലെ വൈദ്യുതിവിതരണ കമ്പനിയായ ടി.ഡി.ഡി.എൽ. (ടാറ്റ പവർ ഡെൽഹി ഡിസ്ട്രിബ്യൂഷൻ ലിമിറ്റഡ്) ഉപഭോക്താക്കൾക്ക് അയച്ച സന്ദേശത്തിലാണ് കൽക്കരിക്ഷാമം മൂലം തുടർന്നുള്ള ദിവസങ്ങളിൽ വൈദ്യുതി വിതരണത്തിൽ അനിശ്ചിതത്വം ഉണ്ടാകാനുള്ള സാധ്യതയെ സംബന്ധിച്ചുള്ള മുന്നറിയിപ്പ് നൽകയിത്.

രാജ്യത്തിന്റെ വൈദ്യുതി ആവശ്യം പൂർത്തീകരിക്കാൻ ഉതകുന്നത്രയും ഉത്പാദന ശേഷിയുള്ള സി.ഐ.എല്ലിനെയും അവയുടെ സബ്സിഡിയറികളെയും തകർക്കാനും രാജ്യത്ത് കൃത്രിമ കൽക്കരി പ്രതിസന്ധി സൃഷ്ടിക്കാനുമുള്ള നീക്കങ്ങൾ കൃത്യമായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നു

രാജ്യത്തിന്റെ വൈദ്യുതി ഉത്പാദനത്തിന്റെ 70 ശതമാനവും നിർവഹിക്കുന്നത് ഇന്ത്യയിലെ 135 ഓളം വരുന്ന കൽക്കരി താപനിലയങ്ങളിൽ നിന്നാണ്. ഇവയിൽ പാതിയോളം നിലയങ്ങൾ ഏതാണ്ട് അടച്ചുപൂട്ടലിന്റെ വക്കിലെത്തി നിൽക്കുകയാണെന്നും പലതും ഉത്പാദനം നിർത്തിവച്ചുവെന്നുമുള്ള വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കൽക്കരിക്ഷാമത്തെ സംബന്ധിച്ച വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നവയാണെന്നും രാജ്യത്ത് കൽക്കരി ക്ഷാമമില്ലെന്നും ഊർജമന്ത്രാലയം വക്താക്കൾ ഇതിനോട് പ്രതികരിക്കുന്നുണ്ടെങ്കിലും ഒക്ടോബർ 13 ആയപ്പോഴേക്കും അവരുടെ മുൻ പ്രസ്താവനകളെ അപ്രസക്തമാക്കിക്കൊണ്ട് താപനിലയങ്ങളിലെ ക്ഷാമത്തെ നേരിടാൻ 10 ശതമാനം ബ്ലെൻഡഡ് കൽക്കരി ഇറക്കുമതി ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.
നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾ ആരംഭിച്ചുവെന്നും അടുത്ത നാലഞ്ച് മാസങ്ങൾക്കുള്ളിൽ വൈദ്യുതോത്പാദനം പൂർവസ്ഥിതിയിലേക്ക് തിരിച്ചെത്തുമെന്നും ഊർജമന്ത്രാലയ വക്താക്കൾ വിശദീകരിക്കുകയുണ്ടായി.

വസ്തുതയെന്ത്?

കൽക്കരിശേഖരങ്ങളുടെ കാര്യത്തിൽ ലോകത്തിൽ അഞ്ചാമത്തെ റാങ്കുള്ള രാജ്യമാണ് ഇന്ത്യ. 1,10,000 ദശലക്ഷം ടൺ കൽക്കരിയാണ് രാജ്യത്ത് നിലവിൽ കണ്ടെത്തിയിരിക്കുന്നത്. ആഗോള കൽക്കരി ശേഖരത്തിന്റെ ഒമ്പത് ശതമാനം വരും ഇത്. പ്രതിദിനം 14 മുതൽ 16 ലക്ഷം ടൺ വരെ കൽക്കരി ഉപഭോഗം നടക്കുന്ന രാജ്യമാണ് ഇന്ത്യ. ഉത്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും കാര്യത്തിൽ ലോകത്തിൽ രണ്ടാമതാണ് നമ്മുടെ സ്ഥാനം. അതേസമയം, കൽക്കരി ഇറക്കുമതിയുടെ കാര്യത്തിലും നാം മുന്നിലാണ്. രാജ്യത്തിന്റെ കൽക്കരി ഉപഭോഗത്തിന്റെ 20 ശതമാനത്തോളം വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. നിലവിലുള്ള ഉപഭോഗരീതി അനുസരിച്ച്, അടുത്ത ഒരു നൂറ്റാണ്ട് കാലത്തേക്കുള്ള കൽക്കരിശേഖരം ഇന്ത്യയിലുണ്ട് എന്നതാണ് യാഥാർഥ്യം. (അതേസമയം കാർബൺ ഉദ്​വനം കുറയ്ക്കാനുള്ള അന്താരാഷ്ട്ര കരാറുകളിൽ ഭാഗഭാക്കായതുകൊണ്ടുതന്നെ ഇന്നത്തെ നിലയിലുള്ള കൽക്കരി ഉപഭോഗത്തിൽ വെട്ടിക്കുറവ് വരുത്തേണ്ടിവരും). അതുകൊണ്ടുതന്നെ, ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന "കൽക്കരിക്ഷാമ'ത്തിനും വൈദ്യുതി പ്രതിസന്ധിക്കും വസ്തുതകളുമായി യാതൊരു ബന്ധവുമില്ലെന്നതാണ് സത്യം.

രാജ്യത്തിന്റെ വൈദ്യുതി ഉപഭോഗത്തിലെ പീക് ഡിമാൻറ്​ എന്നത് രണ്ടുലക്ഷം മെഗാവാട്ടാണ്. പീക് ഡിമാന്റ് എന്നത് വളരെ കുറഞ്ഞ ദൈർഘ്യം മാത്രമുള്ളതാണ്. ശരാശരി വൈദ്യുതി ആവശ്യകത ഏതാണ്ട് 1.5 ലക്ഷം മെഗാവാട്ട് ആണെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. രണ്ട് കാര്യങ്ങൾ ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. അതിലൊന്ന്, മൺസൂൺ സീസണിൽ രാജ്യത്തിന്റെ ജലവൈദ്യുതി നിലയങ്ങൾ അതിന്റെ പരമാവധിയിൽ പ്രവർത്തിക്കുമെന്നതാണ്. രണ്ടാമത്തെ കാര്യം 90,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സൗരോർജ സംവിധാനങ്ങൾ മഴക്കാലങ്ങളിൽ പോലും 75 ശതമാനം കാര്യക്ഷമതയിൽ പ്രവർത്തിക്കുന്നുവെന്നതും. സ്ഥിരതയുള്ള (base load) വൈദ്യുതി എന്ന നിലയിൽ താപനിലയങ്ങളുടെ പങ്ക് പ്രധാനമാണെങ്കിലും ഈ കണക്കുകളെയൊക്കെ മുൻനിർത്തി താപനിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ആവശ്യം ഒരുലക്ഷം മെഗാവാട്ട് മാത്രമായിരിക്കും. ഇത്രയും വൈദ്യുതി ഉത്പാദിപ്പിക്കാൻ ഒരുവർഷം 500 ദശലക്ഷം ടൺ കൽക്കരി ആവശ്യമായി വരും. പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡ് (Coal India Limited -CIL) മാത്രം പ്രതിവർഷം 600 ദശലക്ഷം ടൺ കൽക്കരി ഉത്പാദിപ്പിക്കുന്നുണ്ടെന്നറിയുക. സിംഗ്രേനി (ആന്ധ്രപ്രദേശ്) ഖനിയിൽ നിന്ന് മാത്രം 60 ദശലക്ഷം ടൺ കൽക്കരി പ്രതിവർഷം ഖനനം ചെയ്യുന്നുണ്ട്. കൂടാതെ കാപ്റ്റീവ് കോൾ ബ്ലോക്കുകളിൽ നിന്നുള്ള ഉത്പാദനം വേറെയും. ഈ കണക്കുകളൊക്കെ സൂചിപ്പിക്കുന്നത് രാജ്യത്ത് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന കൽക്കരിക്ഷാമവും, വൈദ്യുതിപ്രതിസന്ധി സംബന്ധിച്ച മുറവിളികളും അരങ്ങേറിക്കൊണ്ടിരിക്കുന്ന മറ്റ് ചില അന്തർനാടകങ്ങളിൽ നിന്ന് ഉയർന്നുകേൾക്കുന്ന പശ്ചാത്തലസംഗീതം മാത്രമാണെന്നതാണ്. അവ എന്താണെന്ന് വഴിയേ സൂചിപ്പിക്കാം.

താപവൈദ്യുതിനിലയങ്ങളുമായി ബന്ധപ്പെട്ട് ഉടലെടുത്ത കൃത്രിമ പ്രതിസന്ധിക്ക് പിന്നിൽ ഊർജോത്പാദന മേഖലയിലെ സ്വകാര്യവത്കരണ പ്രക്രിയകളുടെയും പുനഃക്രമീകരണങ്ങളുടെയും പശ്ചാത്തലമുണ്ട്​

മൺസൂൺ കാലങ്ങളിൽ കൽക്കരി ഉത്പാദനത്തിൽ കുറവ് സംഭവിക്കുക സാധാരണ സംഗതിയാണ്. ഖനികളിൽ വെള്ളം കയറാനും മണ്ണിടിച്ചിൽ സംഭവിക്കാനും ഉള്ള സാധ്യതകൾ പരിഗണിച്ച് ഖനനജോലികളിൽ ഇളവുവരുത്തുക സ്വാഭാവികവുമാണ്. ഇത്തരം സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് മഴക്കാലങ്ങളിലേക്കുള്ള സംഭരണം ഉറപ്പുവരുത്തുക എന്നത് സാധാരണഗതിയിൽ ചെയ്തുപോരുന്ന നടപടികളുമാണ്. ഒരുവർഷത്തിലധികമായി നീണ്ടുനിൽക്കുന്ന ലോക്ഡൗണിന് ശേഷം രാജ്യത്തിന്റെ വ്യാവസായിക-ഉത്പാദന മേഖല പതുക്കെ ചലിച്ചുവരുന്നതിന്റെ ഭാഗമായുള്ള വൈദ്യുതി ഉപഭോഗത്തിലെ വർധനവിനെ മുൻകൂട്ടി കാണുന്നതിൽ അധികൃതർക്ക് പിഴവ് സംഭവിച്ചുവെന്നതും സത്യമാണ്. ഒറ്റരാത്രികൊണ്ട് അടച്ചുപൂട്ടൽ പ്രഖ്യാപിച്ച നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനും അടച്ചുപൂട്ടൽ പ്രക്രിയയിൽ നിന്ന് പുറത്ത് കടക്കുന്നതെങ്ങനെയെന്നത് സംബന്ധിച്ച യാതൊരു കാഴ്ചപ്പാടുകളുമില്ലെന്നതിന്റെ തെളിവുകൂടിയാണ് ഇത്.

താപവൈദ്യുതിനിലയങ്ങളുമായി ബന്ധപ്പെട്ട് ഉടലെടുത്ത കൃത്രിമ പ്രതിസന്ധിക്ക് പിന്നിലെ പ്രാഥമിക കാരണങ്ങൾ ഇവയൊക്കെയാകാമെങ്കിലും ദേശീയതലത്തിലും അന്തർദേശീയ തലത്തിലും ഊർജോത്പാദന മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്ന സ്വകാര്യവത്കരണ പ്രക്രിയകളുടെയും പുനഃക്രമീകരണങ്ങളുടെയും പശ്ചാത്തലത്തിൽ കൂടി വേണം ബോധപൂർവം സൃഷ്ടിച്ച ഈ പ്രതിസന്ധികളെ വിലയിരുത്താൻ.

ധൻബാദിലെ കൽക്കരി ഖനി / Photo: Wikimedia Commons

കൽക്കരി മേഖലയിലും മോദിഫിക്കേഷൻ

രാജ്യത്ത് ബാക്കിയായ എല്ലാ പൊതുസമ്പത്തും തന്റെ ആത്മമിത്രങ്ങൾക്കായി പതിച്ചുനൽകുക എന്ന അവതാരലക്ഷ്യമാണ് നരേന്ദ്ര മോദി കഴിഞ്ഞ ഏഴ് വർഷങ്ങളായി നടത്തിപ്പോരുന്നത് എന്നതിൽ ആർക്കെങ്കിലും സന്ദേഹമുണ്ടാകുമെന്ന് തോന്നുന്നില്ല. "മോദിയുടെ റോക്ഫെല്ലർ' എന്നറിയപ്പെടുന്ന ഗൗതം അദാനിയുടെ സ്വകാര്യ വിമാനത്തിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിപദം ആദ്യമായി ഏറ്റെടുക്കാനെത്തിയ നരേന്ദ്ര മോദി തന്റെ ഫൈനാൻസറും ചങ്ങാതിയുമായ ഗൗതം അദാനിയെ രാജ്യത്തെ ഏറ്റവും വലിയ ധനികനെന്ന നിലയിലേക്ക് ഉയർത്താൻ പ്രതിജ്ഞാബദ്ധനായിരുന്നുവെന്ന് തുടർന്നുള്ള നാളുകളിലെ ഭരണ നടപടികളിലൂടെ തെളിയിച്ചുകൊണ്ടിരുന്നു. ആറ് വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ചും മുൻ അനുഭവങ്ങളില്ലാത്ത കമ്പനികളെക്കൂടി വിമാനത്താവള നടത്തിപ്പിനായി അനുവദിക്കാമെന്ന് മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തിയും രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനത്താവള നടത്തിപ്പുകാരനായി മാറാൻ അദാനിയെ മോദി സർക്കാർ സഹായിക്കുകയായിരുന്നു. ഇതേ രീതിയിൽ തന്റെ ഉറ്റ സുഹൃത്തിന്റെ ബിസിനസ് താല്പര്യം ഉറപ്പുവരുത്തുന്നതിനായി രാജ്യത്തെ അവശ്യസാധന നിയമത്തിൽ (Essential Commodities Act-ECA) പോലും ഭേദഗതി വരുത്തിക്കൊണ്ട് ഭക്ഷ്യസംഭരണ മേഖലയിലെ പൊതു ഉടമസ്ഥത അവസാനിപ്പിക്കാനും സ്വകാര്യനിക്ഷേപം അനുവദിക്കാനും 2020-ലെ കാർഷിക ഭേദഗതി നിയമത്തിലൂടെ മോദി തയ്യാറായത് നാം കണ്ടു. നിയമനിർമാണം ആരംഭിക്കുന്നതിന് മുൻപുതന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലക്ഷക്കണക്കിന് ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുവാനുള്ള ആധുനിക ഭക്ഷ്യധാന്യ സംഭരണശാലകൾ (silos) നിർമ്മിക്കുവാനുള്ള ധൈര്യം അദാനി അഗ്രി ലോജിസ്റ്റിക്സ് ലിമിറ്റഡി (AALL)ന് ഉണ്ടായതിന് പിന്നിലും ചങ്ങാതിയോടുള്ള മോദിക്കൂറ് മാത്രമായിരുന്നു.

ഊർജോത്പാദനം, ഇറക്കുമതി, വിതരണം എന്നീ മേഖലകളിലെല്ലാം ചെറിയ കാലയളവുകൊണ്ടുതന്നെ മുൻനിരയിലെത്താൻ അദാനിയെ സഹായിച്ചത് മോദിയുടെ കലവറയില്ലാത്ത നിയമവിരുദ്ധ നടപടികൾ തന്നെയായിരുന്നു

ഗതാഗതം (തുറമുഖം, വിമാനത്താവളം), ഭക്ഷ്യസംഭരണം എന്നീ മേഖലകളിലെന്ന പോലെ രാജ്യത്തെ ഏറ്റവും സുപ്രധാനമായ മറ്റൊരു മേഖലയിലും അദാനിയുടെ കുത്തക ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ മോദി അധികാരത്തിലെത്തിയ നാൾ തൊട്ട് ആരംഭിച്ചിരുന്നു. ഊർജോത്പാദനം, ഇറക്കുമതി, വിതരണം എന്നീ മേഖലകളിലെല്ലാം ചെറിയ കാലയളവുകൊണ്ടുതന്നെ മുൻനിരയിലെത്താൻ അദാനിയെ സഹായിച്ചത് മോദിയുടെ കലവറയില്ലാത്ത നിയമവിരുദ്ധ നടപടികൾ തന്നെയായിരുന്നു. പ്രകൃതിവാതക ഉത്പാദന - വിതരണ രംഗത്തും ദേശീയവും അന്തർദേശീയവുമായ കരാറുകൾ അദാനിയുടെ കൈകളിലേക്ക് എത്തിക്കുന്നതിലും മോദി സർക്കാരിന്റെ ഇടപെടൽ ശക്തമായിരുന്നുവെന്ന് കാണാം.

2020 മാർച്ചിൽ തന്നെ ഖനനമേഖലയെ സ്വകാര്യ കമ്പനികൾക്ക് തുറന്നുകൊടുക്കുന്നതിനായുള്ള നിയമനിർമാണങ്ങൾ ഓർഡിനൻസ് രൂപത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്നിരുന്നു. ഇന്ത്യയിലെ 38 ഓളം കൽക്കരി ഖനികളാണ് സ്വകാര്യ കമ്പനികൾക്കായി തുറന്നുകൊടുക്കാൻ തീരുമാനിച്ചത്. ലേലം ചെയ്യപ്പെട്ട 19 കൽക്കരി ഖനികളിൽ 12 എണ്ണവും കരസ്ഥമാക്കിയത് അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയായിരുന്നു. കൽക്കരി ബ്ലോക്കുകളുടെ ലേലത്തിൽ പങ്കെടുക്കുന്ന കമ്പനികളുടെ സാമ്പത്തികശേഷിയെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുൻ കേന്ദ്ര ഊർജ സെക്രട്ടറിയായിരുന്ന ഇ.എ.എസ്. ശർമ കേന്ദ്ര ഊർജമന്ത്രാലയത്തിനും കൽക്കരി മന്ത്രാലയത്തിനും നിരവധി കത്തുകൾ മുന്നെതന്നെ എഴുതിയിട്ടുണ്ടായിരുന്നു. അദാനി പവർ സൃഷ്ടിച്ച കടബാധ്യതകൾ പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയാസ്തികളായി പെരുകിക്കിടക്കുന്നത് സംബന്ധിച്ച തെളിവുകളും ശർമ നൽകുകയുണ്ടായി.

അദാനിയുടേതടക്കം പുതുതായി സ്വകാര്യ കമ്പനികൾ ഏറ്റെടുത്ത കൽക്കരി ഖനികളെല്ലാം തന്നെ വനാവകാശ നിയമം (Forest Right Act), പെസ നിയമം (Panchayat Extension of Scheduled Areas Act) എന്നിവ പരിപൂർണമായും ലംഘിച്ചുകൊണ്ടാണെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഛത്തീസ്ഗഢിലെ സർഗുജ ഡിവിഷനിൽ ഹാസ്ദേവ് അരിന്ദിൽ അദാനിയുടെ കൽക്കരി ഖനന പദ്ധതിക്കെതിരെ ആദിവാസി സമൂഹം ഒറ്റെക്കെട്ടായി നിന്ന് പോരാടുകയാണ്.
കൽക്കരിമേഖല സ്വകാര്യ കമ്പനികൾക്ക് തുറന്നുകൊടുത്തപ്പോൾ അവയിൽ വലിയൊരു ഭാഗം കൈയടക്കാൻ അദാനിക്ക് സാധിച്ചു. അതോടൊപ്പം തന്നെ സ്വകാര്യ താപവൈദ്യുതോത്പാദകരിൽ ഒന്നാംസ്ഥാനത്തെത്താനും അദാനി പവർ കമ്പനിക്ക് സാധിച്ചു. നിലവിൽ പ്രവർത്തനത്തിലുള്ള നാല് പ്ലാന്റുകൾക്ക് പുറമെ മൂന്ന് പദ്ധതികളുടെ നിർമാണം പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ അദാനിയുടെ അധീശത്വം പൂർത്തിയാകും. തന്റെ ഉടമസ്ഥതയിലുള്ള താപനിലയങ്ങൾക്ക് കൽക്കരി ഉറപ്പുവരുത്തുക എന്നതോടൊപ്പം ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരി ഹബിന്റെ ഉടമയും അദാനിയായി മാറും.

മർമഗോവയിലെ കൽക്കരി കയറ്റിറക്കുമതി തുറമുഖം ഇന്ത്യയുടെ കൽക്കരി ഭൂപടത്തെ മാറ്റിവരയ്ക്കാൻ പോന്നതായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഗോവൻ പശ്ചിമഘട്ട പരിസ്ഥിതിയെ പൂർണമായും തകർത്തുകൊണ്ടായിരിക്കും മർമഗോവ കൽക്കരി തുറമുഖ പദ്ധതി നടപ്പിലാക്കപ്പെടുക. പ്രതിവർഷം 25 ദശലക്ഷം ടൺ കൽക്കരി ഈ തുറമുഖം വഴി ഇറക്കുമതി ചെയ്യപ്പെടും. അദാനിയെക്കൂടാതെ വേദാന്ത, ജിൻഡാൽ എന്നീ കമ്പനികളും ഗോവൻ തുറമുഖം വഴിയായിരിക്കും തങ്ങളുടെ നിലയങ്ങളിലേയ്ക്കുള്ള കൽക്കരി ഇറക്കുമതി ചെയ്യുന്നത്.

രാജ്യമെമ്പാടും കോവിഡ് മഹാമാരിയിലൂടെ കടന്നുപോയ അവസരത്തിൽ ഖനനമേഖല സ്വകാര്യ കമ്പനികൾക്ക് തുറന്നിട്ടുകൊടുക്കുന്നതിനുള്ള നിയമനിർമാണം നടത്താനുള്ള അവസരമായിട്ടാണ് മോദി ഉപയോഗിച്ചത്.

കോൾ ഇന്ത്യാ ലിമിറ്റഡിന്റെ ചിറകരിയുന്നു

ഇന്ത്യയുടെ കൽക്കരി ഉത്പാദനത്തിന്റെ കുത്തക 70കളുടെ ആരംഭം തൊട്ട് പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡിന്റെ കൈകളിലായിരുന്നു. സ്വകാര്യ ഖനന കമ്പനികളുടെയും ദല്ലാൾമാരുടെയും ഇടപെടലിൽനിന്ന് കൽക്കരി മേഖലയെ രക്ഷിച്ചെടുത്തത് ഇന്ദിരാഗാന്ധിയുടെ ദേശസാൽക്കരണ നയങ്ങളായിരുന്നു. ഇതനുസരിച്ച്, 1971-ൽ ഗാർഹിക ആവശ്യങ്ങൾക്കും 73-ൽ വ്യാവസായിക ആവശ്യങ്ങൾക്കുമുള്ള കൽക്കരി ഖനനം പൊതുമേഖലയിലേക്ക് ചേർക്കപ്പെട്ടു. നവലിബറൽ സാമ്പത്തിക പരിഷ്‌കരണത്തിന്റെ ഭാഗമായി 1990കളിൽ കൽക്കരി ഖനനമേഖല സ്വകാര്യ കമ്പനികൾക്കായി തുറന്നുകൊടുക്കാനുള്ള ശ്രമങ്ങൾ ഉണ്ടായെങ്കിലും അത് വിജയിക്കുകയുണ്ടായില്ല. അരനൂറ്റാണ്ട് കാലത്തിനുശേഷം മോദി സർക്കാരാണ് ഖനനമേഖലയിലേക്ക് സ്വകാര്യ കുത്തക കമ്പനികളെ കൊണ്ടുവരാനുള്ള നിയമഭേദഗതികൾ ആരംഭിച്ചത്. ഏതാനും കൽക്കരി ബ്ലോക്കുകൾ സ്വകാര്യ കമ്പനികൾക്ക് ഖനനാവശ്യത്തിനായി വിട്ടുനൽകിക്കൊണ്ട് പരീക്ഷണ നടപടികൾ 2015-ൽ തന്നെ മോദി സർക്കാർ ആരംഭിച്ചിരുന്നു.

പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റണമെന്ന് പ്രഖ്യാപിച്ച നരേന്ദ്ര മോദി പ്രവൃത്തിയിലൂടെ അത് കാണിച്ചുതരികയുണ്ടായി. രാജ്യമെമ്പാടും കോവിഡ് മഹാമാരിയിലൂടെ കടന്നുപൊയ്ക്കൊണ്ടിരുന്ന അവസരത്തിൽ ഇന്ത്യയിലെ ഖനനമേഖല സ്വകാര്യ കമ്പനികൾക്ക് തുറന്നിട്ടുകൊടുക്കുന്നതിനുള്ള നിയമനിർമാണം നടത്താനുള്ള അവസരമായിട്ടാണ് മോദി ഉപയോഗിച്ചത്. ഇന്ത്യയുടെ മൈൻസ് ആൻഡ്‌ മിനറൽസ് (ഡവലപ്മെന്റ് ആൻഡ്‌ റെഗുലേഷൻ) അമെൻഡ്മെന്റ് ബിൽ ഈ വർഷം മാർച്ച് 19, 21 തീയതികളിലായി പ്രതിപക്ഷത്തിന്റെ എല്ലാ എതിർപ്പുകളെയും അവഗണിച്ചുകൊണ്ട് പാസാക്കുകയുണ്ടായി. ഇന്ത്യയിൽ ഏറ്റവും ലാഭകരമായി പ്രവർത്തിച്ചുകൊണ്ടിരുന്ന പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡി (CIL) നെയും അതിന്റെ സബ്സിഡിയറി കമ്പനികളെയും ഒന്നൊന്നായി തകർച്ചയുടെ പടുകുഴിയിലേയ്ക്ക് തള്ളിവിടാനുള്ള നടപടികൾ മോദി ഭരണകൂടം നടത്തിക്കൊണ്ടിരുന്നു.

2015-ൽ 40,000 കോടി രൂപ കരുതൽ ധനമായുണ്ടായിരുന്ന കോൾ ഇന്ത്യാ ലിമിറ്റഡ് ഇന്ന് കേവലം 10,000 കോടിയിലേയ്ക്ക് ചുരുങ്ങിയിരിക്കുകയാണെന്ന്​ സൂചിപ്പിക്കുന്ന, കൽക്കരി വകുപ്പ് സെക്രട്ടറിയായിരുന്നഅനിൽ സ്വരൂപിന്റെ ട്വീറ്റ്​

ഇന്ത്യാ ഗവൺമെന്റിന്റെ കീഴിൽ കൽക്കരി വകുപ്പ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന അനിൽ സ്വരൂപ് ഇക്കാര്യം വ്യക്തമായിത്തന്നെ വിശദീകരിക്കുന്നുണ്ട്. 2015-ൽ 40,000 കോടി രൂപ കരുതൽ ധനമായുണ്ടായിരുന്ന കോൾ ഇന്ത്യാ ലിമിറ്റഡ് ഇന്ന് കേവലം 10,000 കോടിയിലേയ്ക്ക് ചുരുങ്ങിയിരിക്കുകയാണെന്നും 2016-ൽ കമ്പനിയുടെ ഇക്വിറ്റി ഷെയറുകൾ 400 രൂപയ്ക്ക് കച്ചവടം ചെയ്തിരുന്ന സ്ഥിതിയിൽനിന്നും 2021-ലെത്തുമ്പോഴേക്കും 200 രൂപയിലും താഴെയായി തീർന്നിരിക്കുന്നുവെന്നും അനിൽ സ്വരൂപ് ചൂണ്ടിക്കാട്ടുന്നു. 2016 മുതൽക്കുള്ള ഒരു വർഷക്കാലയളവിൽ കോൾ ഇന്ത്യാ ലിമിറ്റഡിന്റെ സി.എം.ഡി. (ചെയർമാൻ കം മാനേജിങ് ഡയറക്ടർ) സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. സി.ഐ.എല്ലിന്റെ സബ്സിഡിയറികളായ വിവിധ സ്ഥാപനങ്ങളിൽ ഇപ്പോഴും ഉന്നതപദവികൾ ഒഴിഞ്ഞുകിടക്കുകയാണെന്നും അനിൽ സ്വരൂപ് ആരോപിക്കുന്നുണ്ട്. ലാഭത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനത്തെ തത്വദീക്ഷയില്ലാതെ മറ്റ് മേഖലകളിലേക്ക് നിർബന്ധമായി നിക്ഷേപം നടത്താൻ പ്രേരിപ്പിച്ചതും സി.ഐ.എല്ലിന്റെ ഉയർന്ന ഉദ്യോഗസ്ഥരെ സ്വച്ഛ് ഭാരത് അഭിയാനിന്റെ ഉത്തരവാദിത്തം ഏൽപ്പിച്ചതും അടക്കം സിഐഎല്ലിന്റെ ഇന്നത്തെ തകർച്ചയ്ക്ക് ബോധപൂർവ്വമുള്ള നിരവധി ഇടപെടലുകൾ ഭരണാധികാരികളുടെ ഭാഗത്തുന്നിന് ഉണ്ടായിരുന്നുവെന്നാണ് അനിൽ സ്വരൂപിന്റെ വിമർശനങ്ങളിൽ നിന്ന് മനസ്സിലാക്കേണ്ടത്.

രാജ്യത്തിന്റെ വൈദ്യുതി ആവശ്യം പൂർത്തീകരിക്കാൻ ഉതകുന്നത്രയും ഉത്പാദന ശേഷിയുള്ള സി.ഐ.എല്ലിനെയും അവയുടെ സബ്സിഡിയറികളെയും തകർക്കാനും രാജ്യത്ത് കൃത്രിമ കൽക്കരി പ്രതിസന്ധി സൃഷ്ടിക്കാനുമുള്ള നീക്കങ്ങൾ വളരെ കൃത്യമായിത്തന്നെ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഇന്ത്യൻ താപനിലയങ്ങളിലെ കഴിഞ്ഞ ഒരു വർഷത്തെ കൽക്കരി സ്റ്റോക്കുകളുടെ കണക്കെടുത്താൽ മാത്രം ഇക്കാര്യം വ്യക്തമാകും. 2020 ഏപ്രിൽ മാസത്തിൽ 50.9 ദശലക്ഷം ടൺ (31 ദിവസത്തേക്കുള്ളത്) കൽക്കരി സംഭരിക്കപ്പെട്ടിരുന്നത് 2021 മെയ് ആയപ്പോഴേക്കും 28.8 ദശലക്ഷം (16 ദിവസത്തേക്ക് മാത്രം) ആയി കുറഞ്ഞിരുന്നു. 2021 സെപ്തംബറിൽ അത് 8 ദശലക്ഷം ടൺ ആയി ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിപ്പെട്ടു. (ചാർട്ട് ശ്രദ്ധിക്കുക. source: Ministry of Coal). കൽക്കരി സംഭരണത്തിലെ ഈ കളികൾ 2019 തൊട്ട് ആരംഭിച്ചതാണെന്ന് കൽക്കരി മന്ത്രാലയത്തിന്റെ കണക്കുകളിൽ നിന്ന് വ്യക്തമാകുന്നു. അതുകൊണ്ടുതന്നെ താപനിലയങ്ങളിലെ കൽക്കരി ക്ഷാമം ഒരൊറ്റ രാത്രികൊണ്ട് പൊട്ടിമുളച്ചതല്ലെന്നും ഇതു സംബന്ധിച്ച മാധ്യമങ്ങളുടെയും ഊർജ്ജമന്ത്രാലയത്തിന്റെയും വ്യാഖ്യാനങ്ങൾ വിശ്വാസയോഗ്യമല്ലെന്നും ബോധ്യപ്പെടും.

സ്വകാര്യവൽക്കരണ വാദങ്ങൾക്ക് പിൻബലം നൽകാനാവശ്യമായ നടപടികളുടെ ഭാഗമായിട്ടാണ് ഇപ്പോൾ രാജ്യത്ത് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന കൽക്കരി പ്രതിസന്ധി വാർത്തകളെന്നത് വ്യക്തമാണ്.

പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യാ ലിമിറ്റഡ് കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും സ്വകാര്യ കമ്പനികളെ ഖനന മേഖലയിലേക്ക് കൂടുതൽ സ്വാതന്ത്ര്യത്തോടെ ഇടപെടാൻ അനുവദിക്കണമെന്നും ഉള്ള സ്വകാര്യവൽക്കരണ വാദങ്ങൾക്ക് പിൻബലം നൽകാനാവശ്യമായ നടപടികളുടെ ഭാഗമായിട്ടാണ് ഇപ്പോൾ രാജ്യത്ത് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന കൽക്കരി പ്രതിസന്ധി വാർത്തകളെന്നത് വ്യക്തമാണ്. ഈ പ്രചരണ കോലാഹലങ്ങൾ സൃഷ്ടിക്കുന്ന പരിഭ്രാന്തികൾക്കിടയിൽ വളരെ സുപ്രധാനമായൊരു നിയമഭേദഗതിക്കുള്ള പദ്ധതികളും അണിയറയിൽ നടന്നുകൊണ്ടിരിക്കുന്നെണ്ടന്ന് അറിയുക. കൽക്കരി ഖനികൾ അടങ്ങിയ പ്രദേശങ്ങളിലെ ഭൂമി ഏറ്റെടുക്കലും അവയുടെ വികസനവുമായി ബന്ധപ്പെട്ട് 1957-ൽ രൂപംകൊടുത്ത "കോൾ ബെയറിങ് ഏരിയാസ് (അക്വിസിഷൻ ആന്റ് ഡവലപ്പ്മെൻറ്​) ആക്ട്' ഭേദഗതി ചെയ്യാനുള്ള ശ്രമങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച സൂചനകൾ 2021 ജൂലൈ 12ന്റെ ലോക് സഭാ ബുള്ളറ്റിനിൽ കാണാവുന്നതാണ്. (Lok Sabha Bullettin Part 2, Page 6). ഈ നിയമഭേദഗതി രാജ്യത്തിന്റെ ഫെഡറൽ സ്വഭാവത്തിന് തുരങ്കം വെക്കുന്നതാണെന്നും ഖനനമേഖലയുടെ ഉത്തരവാദിത്തം മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കേന്ദ്ര സർക്കാരിന്റെ മാത്രമായി ചുരുങ്ങുമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നുണ്ട്.

'കോൾ ബെയറിങ് ഏരിയാസ് (അക്വിസിഷൻ ആന്റ് ഡവലപ്പ്‌മെന്റ്) ആക്ട്' ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് 2021 ജൂലൈ 12-ന്റെ ലോക് സഭാ ബുള്ളറ്റിനിൽ നൽകിയത്

കാർമൈക്ക്ൾ കൽക്കരിപ്പാടം

ഇന്ത്യയുടെ കൽക്കരി ഉപഭോഗത്തിന്റെ 20 ശതമാനവും ഇറക്കുമതി ചെയ്യപ്പെടുന്നതാണെന്ന ബോധ്യത്തിൽ നിന്നും കൽക്കരി ഖനനമേഖയിലെ ഇടപാടുകൾ വിദേശ രാജ്യങ്ങളിലേയ്ക്കും വ്യാപിപ്പിക്കാൻ അദാനി ഗ്രൂപ്പിനെ പ്രേരിപ്പിച്ചു. ആസ്ട്രേലിയയിലെ ക്വീൻസ്‌ലാൻഡിലെ കാർമൈക്ക്ൾ കൽക്കരിപ്പാടം വിലയ്ക്കെടുത്തുകൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ കൽക്കരി ഉത്പാദകനായി മാറാൻ അദാനിക്ക് സാധിച്ചു. ആസ്ട്രേലിയൻ തദ്ദേശ ജനതയുമായുള്ള നിരവധി ഏറ്റുമുട്ടലുകൾക്കുശേഷം 2019-ലാണ് ഖനനമേഖലയിലെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കാൻ അദാനി ഗ്രൂപ്പിന് സാധിച്ചത്. 2021 ജൂൺ മാസത്തോടെ കാർമൈക്ക്ൾ ഖനികളിൽ നിന്നുള്ള ആദ്യത്തെ കൽക്കരി ഖനനം സാധ്യമായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൽക്കരി കയറ്റി അയക്കുന്ന ഏറ്റവും വലിയ കമ്പനിയായി അദാനി ഗ്രൂപ്പ് മാറി. ഈ കാലയളവിൽ ആഗോള കൽക്കരി വിലയിൽ, പ്രത്യേകിച്ചും ഉയർന്ന ഗുണനിലവാരമുള്ള (കുറഞ്ഞ സൾഫർ അടങ്ങിയ) ഓസ്ട്രേലിയൻ കൽക്കരിയുടെ, നാല് മടങ്ങ് വർദ്ധനവ് സംഭവിച്ചുവെന്ന വസ്തുതയും ഇവിടെ ഓർത്തിരിക്കേണ്ടതാണ്.

ആസ്‌ട്രേലിയയിൽ അദാനിയുടെ കാർമൈക്ക്ൾ കൽക്കരി ഖനിയ്ക്കെതിരെ നടന്ന പ്രതിഷേധം / Photo: Wikimedia Commons

ഹരിത ഊർജ സാങ്കേതികവിദ്യയിലും അദാനിയുടെ കണ്ണ്

പരമ്പരാഗത ഊർജസ്രോതസ്സുകളിന്മേലുള്ള ആശ്രിതത്വം അടുത്ത ഒന്നുരണ്ട് ദശാബ്ദക്കാലത്തേക്കെങ്കിലും വലിയതോതിൽ മാറ്റമില്ലാതെ തുടരുമെന്നത്, ഊർജ്ജോത്പാദനത്തിന് ഖനിജ ഇന്ധനങ്ങളെ വലിയതോതിൽ ആശ്രയിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം വസ്തുതയാണ്. ഇത് ഇന്ത്യയുടെ മാത്രം കാര്യമല്ലെന്നും ആഗോളതലത്തിൽ തന്നെ അടുത്ത രണ്ട് പതിറ്റാണ്ട് കാലത്തേങ്കിലും ഊർജ്ജവിനിയോഗത്തിലും ഖനിജ ഇന്ധന ഉപഭോഗത്തിലും വർധനവാണ് സംഭവിക്കാൻ പോകുന്നതെന്നും ഈ മേഖലയിലെ പൊതുപ്രവണതയെ വിലയിരുത്തിക്കൊണ്ട് അമേരിക്കൻ ഊർജ വിദഗ്ദ്ധനായ വാസ്ലേവ് സ്മിൽ സമർഥിക്കുന്നുണ്ട് (Grand Transition, Vaclav Smill, 2021). അതുതന്നെയാണ് ഈ മേഖലയിലെ പുതിയ നിക്ഷേപങ്ങൾക്ക് അദാനിയെപ്പോലുള്ള വൻകിട സ്വകാര്യ കമ്പനികളെ പ്രേരിപ്പിക്കുന്നതും.

എന്നാൽ ഭാവിയുടെ ഊർജം ഹരിത സാങ്കേതികവിദ്യകളിൽ നിന്നായിരിക്കുമെന്ന തിരിച്ചറിവ് ആ മേഖലയിലും വലിയ നിക്ഷേപങ്ങൾ നടത്താൻ സ്വകാര്യ കമ്പനികൾക്ക് ആവേശം പകരുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ, മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള, റിലയൻസ് ഇൻഡസ്ട്രീസ് നോർവേ സോളാർ മോഡ്യൂൾ നിർമാതാക്കളായ ആർ.ഇ.സി. ഗ്രൂപ്പിനെ റിലയൻസ് ഇൻഡസ്ട്രീസിനോട് ചേർത്തത് അടുത്ത കാലത്താണ്. 5800 കോടി രൂപയ്ക്കാണ് ആർ.ഇ.സി.യെ അംബാനി വിലയ്ക്കെടുത്തത്. അടുത്ത ഏതാനും വർഷങ്ങൾക്കകം തന്നെ 75,000 കോടി രൂപയുടെ മുതൽമുടക്ക് ഹരിതോർജ മേഖലയിൽ നടത്തുമെന്നും ഗുജറാത്തിലെ ജാംനഗറിൽ ധീരുഭായ് അംബാനി ഗ്രീൻ എനർജി കോംപ്ലക്സിന്റെ നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും റിലയൻസ് ഇൻഡസ്ട്രീസ് വിശദീകരിക്കുന്നു.

ഇന്ത്യയിലെ കൽക്കരിക്ഷാമ കഥകൾക്ക് ഏതാനും ദിവസങ്ങൾ മുന്നെതന്നെ ചൈനയും ബ്രിട്ടനും കടുത്ത വൈദ്യുതി പ്രതിസന്ധി അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്ന വാർത്തകൾ എത്രപേർ ശ്രദ്ധിച്ചു കാണുമെന്നറിയില്ല.

അതേസമയം, ഇന്ത്യയിലെ ഹരിത ഊർജോത്പാദനത്തിൽ ഏറ്റവും ഉയർന്ന നിക്ഷേപം നടത്തിയിരിക്കുന്നത് അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രീൻ എനർജി ലിമിറ്റഡ് ആണ്. ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിലായി മൂന്ന് ഗിഗാവാട്ട് വൈദ്യുതി ഉത്പാദനമാണ് അദാനി ഗ്രൂപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. 36 പദ്ധതികൾ വൈദ്യുതി ഉത്പാദനഘട്ടത്തിലും മൂന്നെണ്ണം നിർമാണത്തിലുമാണ്. മോദി അധികാരത്തിലേറിയതിന്റെ തൊട്ടടുത്ത വർഷം (2015 ജനുവരി) മാത്രം രൂപീകരിക്കപ്പെട്ട അദാനി ഗ്രീൻ എനർജി ലിമിറ്റഡ് ചെറിയ കാലയളവിൽ തന്നെ ഈ മേഖലയിൽ വമ്പിച്ച കുതിച്ചുകയറ്റം സാധ്യമാക്കി. അടുത്ത പത്ത് വർഷത്തിനുള്ളിൽ 1.48 ട്രില്യൺ രൂപയുടെ നിക്ഷേപം ഹരിതോർജ്ജ മേഖലകളിൽ നടത്താനുള്ള പദ്ധതികളാണ് എ.ജി.ഇ.എൽ. രൂപപ്പെടുത്തിയിരിക്കുന്നത്.

മഹത്തായ പുനഃക്രമീകരണം

ഊർജോത്പാദന മേഖലയിലെ കൃത്രിമ കുഴമറിച്ചിലുകൾ ഇന്ത്യയുടെ മാത്രം കാര്യമാണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. ഇന്ത്യയിലെ കൽക്കരിക്ഷാമ കഥകൾക്ക് ഏതാനും ദിവസങ്ങൾ മുന്നെതന്നെ ചൈനയും ബ്രിട്ടനും കടുത്ത വൈദ്യുതി പ്രതിസന്ധി അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്ന വാർത്തകൾ എത്രപേർ ശ്രദ്ധിച്ചു കാണുമെന്നറിയില്ല. ചൈനയിൽ രൂക്ഷമായ കൽക്കരി പ്രതിസന്ധിമൂലം വൈദ്യുതി വിതരണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ് തന്നെ റിപ്പോർട്ട് ചെയ്യുകയുണ്ടായി. ചൈനയുടെ ഉത്പാദനമേഖലയിൽ വലിയ സ്വാധീനം ചെലുത്തുന്ന പടിഞ്ഞാറൻ ചൈനയെ വൈദ്യുതി പ്രതിസന്ധി സാരമായി ബാധിക്കുമെന്നുള്ള വിലയിരുത്തലുകളും വന്നിരുന്നു.

പ്രകൃതിവാതകങ്ങളുടെയും ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെയും വിലയിൽ സംഭവിച്ച അതിഭീമമായ വർധനവും വൈദ്യുതാവശ്യങ്ങൾക്കായി ഇതര യൂറോപ്യൻ രാജ്യങ്ങളിൽമേലുള്ള ആശ്രിതത്വവും സമാനമായ പ്രതിസന്ധിയിലേക്ക് ബ്രിട്ടനെയും ചെന്നെത്തിക്കുകയുണ്ടായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വൈദ്യുതി വിതരണം തടസ്സപ്പെട്ടതായും ശീതകാല വൈദ്യുതി ഉപഭോഗവളർച്ചയെ നേരിടാൻ ദേശീയ ഗ്രിഡിന് സാധിക്കുകയില്ലെന്നും ഉള്ള വാർത്തകൾ ഒക്ടോബർ ആരംഭത്തോടെ മാധ്യമങ്ങളുടെ മുഖ്യവാർത്തകളായി പുറത്തുവന്നുകൊണ്ടിരുന്നു. റഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളും സമാനമായ പ്രതിസന്ധികളെ നേരിടുന്നതായി ഇതേകാലയളവിൽ റിപ്പോർട്ടു ചെയ്യപ്പെട്ടിരുന്നു.

ആഗോള കാലാവസ്ഥയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഗുരുതരമായ മാറ്റങ്ങൾ ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗത്തിൽ വൻരീതിയിലുള്ള വെട്ടിച്ചുരുക്കലുകൾക്ക് രാഷ്ട്രങ്ങളെ നിർബന്ധിതമാക്കുന്നുണ്ടെന്നത് യാഥാർഥ്യമാണ്. ഹരിത സാങ്കേതിക വിദ്യകളിന്മേലുള്ള നിയന്ത്രണം മൂലധനശക്തികളിൽ നിന്ന് കൈവിട്ടുപോകാതിരിക്കാനുള്ള ശ്രമങ്ങളും വലിയതോതിൽ നടക്കുന്നുണ്ട്. ആണവോർജം (ന്യൂക്ലിയർ ഫ്യൂഷൻ വഴി), ജിയോ തെർമൽ പവർ, ഹൈഡ്രജൻ എനർജി, സൗരോർജം തുടങ്ങിയ സാങ്കേതികവിദ്യകൾ ഈ രീതിയിൽ പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും പല സാങ്കേതികവിദ്യകളും ഇന്നത്തെ നിലയിലുള്ള വൈദ്യുതോപഭോഗത്തെ തൃപ്തിപ്പെടുത്തുന്ന നിലയിലേക്ക് വാണിജ്യ ഉത്പാദനം സാധ്യമാക്കണമെങ്കിൽ പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ടിവരുമെന്നതാണ് യാഥാർഥ്യം. ഈ സാങ്കേതികവിദ്യകൾ ഉയർത്താവുന്ന പാരിസ്ഥിതിക-സാമ്പത്തിക ഭാരങ്ങൾ എത്രമാത്രം വലുതായിരിക്കുമെന്ന കാര്യത്തിലും വലിയ ആശങ്കകളുണ്ട്.

ഖനിജ (ഫോസിൽ) ഇന്ധനങ്ങളിൽ നിന്നുള്ള പരിവർത്തനം സാധ്യമാക്കണമെങ്കിൽ ഈ മേഖലയിലെ നിക്ഷേപങ്ങൾക്ക് നിയന്ത്രണം ആവശ്യമായി വരും. അതോടൊപ്പം തന്നെ ഖനിജ ഇന്ധന ഉപഭോഗത്തിൽ നിന്ന് പിൻവലിയുമ്പോൾ സംഭവിക്കുന്ന വൈദ്യുതോത്പാദനക്കുറവ് ജനങ്ങളിൽ സൃഷ്ടിക്കുന്ന പരിഭ്രാന്തിയെ സംബന്ധിച്ചും അതിന്റെ പ്രതികരണം എന്തായിരിക്കും എന്നതിനെക്കുറിച്ചും രാഷ്ട്രീയ ഭരണകൂടങ്ങൾ ആശങ്കയിലാണ്.
കോവിഡ് മഹാമാരിയെത്തുടർന്ന് സമൂഹത്തിലുണ്ടായ "പെരുമാറ്റ വ്യതിയാന' (behavioral change) ത്തെ സംബന്ധിച്ച് വേൾഡ് ഇക്കണോമിക് ഫോറം തയ്യാറാക്കിയ "ഗ്രേറ്റ് റീസെറ്റ്' ഉത്കണ്ഠപ്പെടുന്നുണ്ട്. (Great Reset, P78). ഈയൊരു സ്വഭാവമാറ്റം വരുംകാലങ്ങളിൽ എങ്ങനെ പ്രവർത്തിക്കുമെന്നതിനെക്കുറിച്ച് തൽക്കാലം ആർക്കും വലിയ നിശ്ചയമില്ലെന്നതാണ് വസ്തുത. അതേസമയം, "ഷോക് ട്രീറ്റ്മെന്റു'-കളിലൂടെ സമൂഹത്തിന്റെ മനോനില മനസ്സിലാക്കാനുള്ള ശ്രമങ്ങൾ അടുത്തകാലത്തായി വലിയതോതിൽ നടന്നുവരുന്നതായി കാണാൻ കഴിയും. യഥാർഥ പ്രതിസന്ധികളോടുള്ള പ്രതികരണം എന്തെന്ന് മനസ്സിലാക്കുവാനുള്ള ട്രയൽ റണ്ണുകൾ നടത്തുക എന്നതാണ് ഇതിന്റെ രീതി.

ഹരിതോർജ്ജ മേഖലയിലേക്കുള്ള ചുവടുമാറ്റം നിലവിലുള്ള ഭൗമരാഷ്ട്രീയത്തെ അപ്പാടെ അപ്രസക്തമാക്കുമെന്ന ആശങ്കകളും ആഗോള രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നവരെ ആശങ്കപ്പെടുത്തുന്നുണ്ട്.

കാലം ആവശ്യപ്പെടുന്ന രീതിയിലുള്ള ഊർജസ്രോതസ്സുകളിലെ പരിവർത്തനം സാധ്യമാകണമെങ്കിൽ ഖനിജ ഇന്ധന ആവശ്യകതയെ പൊളിച്ചുപണിയേണ്ടതുണ്ട്. ഇതുസംബന്ധിച്ച വിശാലമായ സംവാദങ്ങൾക്ക് തുടക്കമിടുന്നതിൽ നിന്നും തുറന്നു സമ്മതിക്കുന്നതിൽ നിന്നും രാഷ്ട്രീയ ഭരണനേതൃത്വങ്ങൾ ഒഴിഞ്ഞുമാറുകയാണ്. ഖനിജ ഇന്ധന വിനിയോഗത്തിൽ നിന്നുള്ള പരിവർത്തനം നിലവിലുള്ള ഉത്പാദന - ഉപഭോഗ മാതൃകകളെ വലിയ തോതിൽ ബാധിക്കുമെന്നതും അത്തരത്തിലുള്ള കർശനമായ മാറ്റങ്ങളോട് സമൂഹം എങ്ങനെ പ്രതികരിക്കുമെന്നതും രാഷ്ട്രീയ - ഭരണ നേതൃത്വത്തെ ഭയപ്പെടുത്തുന്നുണ്ടെന്ന് സാമൂഹ്യശാസ്ത്രജ്ഞർ വിലയിരുത്തുന്നു. ഹരിതോർജ്ജ മേഖലയിലേക്കുള്ള ചുവടുമാറ്റം നിലവിലുള്ള ഭൗമരാഷ്ട്രീയത്തെ അപ്പാടെ അപ്രസക്തമാക്കുമെന്ന ആശങ്കകളും ആഗോള രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നവരെ ആശങ്കപ്പെടുത്തുന്നുണ്ട്.
ആഗോള ഊർജ ഉത്പാദന-വിതരണ മേഖലയെ കാർബൺ മുക്തമാക്കുക എന്നത് വളരെ എളുപ്പത്തിൽ സാധിക്കുന്ന കാര്യമല്ല. നിലവിൽ ലോകത്തിലെ മറ്റേതെങ്കിലും സാങ്കേതികവിദ്യ (സെൽഫോൺ ഉദാഹരണം) സമൂഹത്തിൽ വ്യാപകമായതുപോലെ കാർബൺമുക്ത സാങ്കേതികവിദ്യകൾ വ്യാപകമാകാൻ പോകുന്നില്ലെന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്. യു.എൻ.എഫ്.സി.സി.യുടെ (United Nations Framework Convention on Climate Change -UNFCC) 1992-ൽ നടന്ന പ്രഥമ സമ്മേളനത്തിൽ ആഗോള പ്രാഥമിക ഊർജ വിനിയോഗത്തിൽ ഫോസിൽ ഇന്ധന നിരക്ക് 86.6% ആണെന്ന് വിലയിരുത്തുകയുണ്ടായി. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് നടന്ന നിരവധി ഉച്ചകോടികൾക്കും കരാറുകൾക്കും ശേഷം 2017-ലെ കണക്കനുസരിച്ച് ഇത് 85.5% ആണ്. കഴിഞ്ഞ കാൽനൂറ്റാണ്ട് കാലത്തിനിടയിൽ ഫോസിൽ ഇന്ധന ഉപഭോഗത്തിൽ കേവലം 1.5% കുറവ് മാത്രമേ സംഭവിച്ചിട്ടുള്ളൂ.

പ്രാഥമിക ഊർജസ്രോതസ്സുകളിൽ നിന്ന് ഫോസിൽ ഇന്ധനങ്ങൾ നീക്കംചെയ്യുന്ന നടപടികൾ നിലവിലുള്ള സാമ്പത്തിക മാതൃകകളെ തകർക്കുന്നതും അതിന്റെ പരിണിതഫലങ്ങൾ എന്തായിരിക്കുമെന്ന് നിശ്ചയമില്ലാത്തതും ആഗോള രാഷ്ട്രീയ ഭരണനേതൃത്വങ്ങളെ കടുത്ത തീരുമാനങ്ങളെടുക്കുന്നതിൽ നിന്ന് പിന്തിരിക്കുന്നുണ്ട്. മുകളിൽനിന്ന് താഴോട്ട് തീരുമാനങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തി മാത്രം ശീലമുള്ള ഒരു സാമൂഹ്യ - രാഷ്ട്രീയ വ്യവസ്ഥയ്ക്ക് അടിത്തട്ടിൽ നിന്ന് ആരംഭിക്കേണ്ട മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കുക അസാധ്യമായിരിക്കും.
സാമ്പത്തിക തകർച്ച, വളരുന്ന അസമത്വം, കാലാവസ്ഥാ പ്രതിസന്ധി, കാർബൺമുക്ത ഊർജോത്പാദനം തുടങ്ങിയ വസ്തുനിഷ്ഠ യാഥാർഥ്യങ്ങളെ, അതത് ദേശീയ രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച്, മുതലെടുപ്പിനും അധികാര കേന്ദ്രീകരണത്തിനുമുള്ള അവസരങ്ങളാക്കിമാറ്റുന്ന അണിയറ നാടകങ്ങൾക്ക്‌ വൈദ്യുതി പ്രതിസന്ധിയുടെ ഇരുൾകൊണ്ട് മറയിടുക മാത്രമാണ് പുതിയ ക്ഷാമകഥകളിലൂടെ ഭരണനേതൃത്വം ചെയ്യുന്നത്. ▮

*ഗാംഗ്സ് ഓഫ് വാസ്സേപൂർ 2012-ലെ ഒരു ബോളിവുഡ് സിനിമയാണ്. സ്വാതന്ത്ര്യലബ്ധിക്കാലത്ത് ഝാർഘണ്ഡിലെ ധൻബാദ് മേഖല കൈയടക്കിവെച്ചിരുന്ന കൽക്കരി മാഫിയകളെയും അവരുടെ രാഷ്ട്രീയ സ്വാധീനത്തെക്കുറിച്ചും ഒക്കെയാണ് സിനിമയുടെ പ്രമേയം.


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments