കർണാടകയുടെ തലസ്ഥാന നഗരിയായ ബെംഗളൂരുവിൽ 200-ഓളം വീടുകൾ ഇടിച്ചുനിരത്തി നൂറുകണക്കിന് പേരെ വഴിയാധാരമാക്കിയ കോൺഗ്രസ് സർക്കാർ നടപടി രൂക്ഷവിമർശനത്തിന് ഇടയാക്കിയിരിക്കുകയാണ്. വീട് നഷ്ടപ്പെട്ടവരിൽ ഭൂരിപക്ഷം പേരും മുസ്ലിം സമുദായക്കാരാണ്. ബി.ജെ.പി ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ട് നടക്കുന്ന ബുൾഡോസർ രാജിനോടാണ് ഇടതുപക്ഷം അടക്കമുള്ളവർ ഇതിനെ താരതമ്യപ്പെടുത്തുന്നത്. ഡിസംബർ 22-ന് പുലർച്ചെ നാല് മണിയോടെയാണ് യെലഹങ്ക കോഗിലുവിലെ വാസിം ലേ ഔട്ടിലുള്ള ഫക്കീർ കോളനിയിൽ വീടുകൾ തകർത്തത്. ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെൻറ് ലിമിറ്റഡിന് (BSWML) വേണ്ടിയാണ് വീടുകൾ ഒഴിപ്പിച്ചത്. നാല് ജെസിബികളും ഏകദേശം 150-ലധികം പൊലീസുകാരും സ്ഥലത്തെത്തിയിരുന്നു.
തടാകത്തിനോട് ചേർന്നുള്ള സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ചതാണ് വീടുകളെന്നാണ് അധികൃതരുടെ വാദം. മുൻകൂട്ടി നോട്ടീസ് നൽകാതെ വീടുകളിൽ നിന്ന് ബലം പ്രയോഗിച്ച് ഒഴിപ്പിക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. ഏകദേശം 25 വർഷമായി ഈ പ്രദേശത്ത് കഴിഞ്ഞുവന്നവരാണ് മിക്കവരും. ഇതിൽ കുടിയേറ്റ തൊഴിലാളികളും സാധാരണ തൊഴിലാളികളുമാണ് ഭൂരിപക്ഷം. സർക്കാർ നടപടിക്കെതിരെ വലിയ പ്രതിഷേധം സംസ്ഥാനത്ത് തന്നെ ഉയരുന്നുണ്ട്. ദലിത് സംഘർഷ സമിതി പോലുള്ള സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
വിഷയത്തിൽ കടുത്ത പ്രതിഷേധവുമായി കേരളത്തിലെ സിപിഎം രംഗത്തുണ്ട്.

“കർണാടകയുടെ തലസ്ഥാന നഗരിയിൽ മുസ്ലിം ജനത വർഷങ്ങളായി താമസിച്ചുവരുന്ന ഫക്കീർ കോളനിയും വസീം ലേഔട്ടും ബുൾഡോസർ വെച്ചു തകർത്ത നടപടി അങ്ങേയറ്റം ഞെട്ടലും വേദനയുമുളവാക്കുന്നതാണ്. ഉത്തരേന്ത്യയിൽ സംഘപരിവാർ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ ആക്രമോത്സുക രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പാണ് കർണാടകയിൽ കണ്ടത്. കൊടുംതണുപ്പിൽ ഒരു ജനതയാകെ തെരുവിലിറക്കപ്പെട്ട് പലായനം ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ്. ഉത്തരേന്ത്യൻ മോഡൽ ബുൾഡോസർ നീതി ദക്ഷിണേന്ത്യയിലേക്ക് ചുവടുവച്ചു വരുമ്പോൾ അതിന്റെ കാർമ്മികത്വം കർണാടകയുടെ ഭരണനേതൃത്വത്തിലുള്ള കോൺഗ്രസ്സിനാണ് എന്നത് ആശ്ചര്യകരമാണ്. പാവപ്പെട്ടവർക്ക് കിടപ്പാടം ഒരുക്കി കൊടുക്കാനും ഒരാളെയും താമസസ്ഥലത്തുനിന്ന് ഇറക്കി വിടാതിരിക്കാനും മുൻകൈയെടുക്കേണ്ട ഭരണാധികാരികൾ തന്നെ ഇങ്ങനെ ബലംപ്രയോഗിച്ച് കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നതിനെ എന്തുപറഞ്ഞാണ് കോൺഗ്രസ് ന്യായീകരിക്കുക?” - വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
പിണറായി വിജയൻ ഈ വിഷയത്തിൽ നടത്തിയ അഭിപ്രായ പ്രകടനത്തെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. “ആളുകളെ ഒഴിപ്പിച്ചത് സർക്കാർ ഭൂമി കയ്യേറിയതുകൊണ്ടാണ്. അക്കൂട്ടത്തിൽ ഭൂമിക്ക് അർഹതയുള്ളവർ പെട്ടുപോയിട്ടുണ്ടെങ്കിൽ അവർക്ക് വീട് നൽകാൻ നടപടികൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു. സർക്കാർ ഭൂമിയിൽ കയ്യേറ്റം ഒരിക്കലും അനുവദിക്കില്ല” സിദ്ധരാമയ്യ പറഞ്ഞു. “കേരളത്തിലെ തിരഞ്ഞെടുപ്പിൽ തോറ്റുകൊണ്ടിരിക്കുന്ന സർക്കാർ ന്യൂനപക്ഷങ്ങളുടെ സഹാനുഭൂതി പിടിച്ചുപറ്റാനാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്,” ഡി.കെ. ശിവകുമാർ പറഞ്ഞു.
വിഷയം അത്രമാത്രം ഗൗരവമുള്ളതല്ലെന്ന് വിശദീകരിക്കാനാണ് കർണാടകയിലെ കോൺഗ്രസ് നേതൃത്വം ശ്രമിക്കുന്നത്. കുടിയൊഴിപ്പിച്ചവരിൽ അർഹരായവരുണ്ടെങ്കിൽ അവർക്ക് നഷ്ടപരിഹാരം നൽകാനുള്ള തീരുമാനം സിദ്ധരാമയ്യ പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച് ലക്ഷം രൂപ വരെയാണ് നഷ്ടപരിഹാരമായി നൽകുക. സംസ്ഥാന സർക്കാരിൻെറ ആശ്രയ പദ്ധതി വഴിയും മുഖ്യമന്ത്രിയുടെ ഒരു ലക്ഷം വീട് പദ്ധതി വഴിയുമാണ് വീട് സഹായം നൽകുക.
