പേരുമാറ്റത്തിലുണ്ട് ഒരു പ്രത്യയശാസ്ത്ര തന്ത്രം

പേര് ഒരു പ്രത്യയശാസ്ത്രായുധമായി മാറുന്നതെങ്ങനെയെന്ന് ഇന്ന് ഇന്ത്യൻ രാഷ്ട്രീയം ഓരോ ദിവസവും കാട്ടിത്തരുന്നു. പേരുകൾ മാറുകയും മായുകയും ചെയ്യുമ്പോൾ മനുഷ്യരും അവർ പ്രതിനിധാനം ചെയ്ത ആശയങ്ങളും മൂല്യങ്ങളും കൂടിയാണ് നിഷ്‌കാസനം ചെയ്യപ്പെടുന്നത്. പേരുമാറ്റങ്ങളിൽനിന്ന് പാഠപുസ്തകങ്ങളിലേക്ക്, ഹിന്ദുത്വാനുകൂലചരിത്രം സൃഷ്ടിക്കാനുള്ള പിഴവുകളില്ലാത്ത പദ്ധതികളിലേക്ക് ഇന്ത്യൻ നിർമിത ഫാസിസത്തിന്റെ പ്രയാണം ഏറെ സുഗമമായിരിക്കുന്നു.

ഒരു പേരിലെന്തിരിക്കുന്നു... റോസാപ്പൂവിന് മറ്റെന്തെങ്കിലും പേരു നൽകിയാൽ അതിന്റെ സൗരഭ്യം കുറയുമോ?
- (ജൂലിയറ്റിന്റെ ആത്മഗതം, വില്യം ഷേക്‌സ്പിയറിന്റെ ‘റോമിയോ ആൻഡ് ജൂലിയറ്റി’ൽ നിന്ന്)

ന്ന് ജൂലിയറ്റിനെ വ്യാകുലപ്പെടുത്തിയത് കാമുകനായ റോമിയോയുടെ മൊണ്ടേഗു എന്ന കുടുംബപ്പേരായിരുന്നു: ഇരുവരുടെയും കുടുംബങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ അടയാളമായ പേര്. പേരിലെന്തിരിക്കുന്നുവെന്ന ജൂലിയറ്റിന്റെ ചോദ്യം ആരും കേട്ടില്ല. അവരുടെ പ്രണയപരാജയത്തിലേക്കും ദാരുണാന്ത്യത്തിലേക്കും ഷേക്‌സ്പിയർ തന്റെ കഥാതന്തുവിനെ എത്തിക്കുന്നത് കുടുംബപ്പേരുകളിലൊളിച്ചിരിക്കുന്ന പൊള്ളയായ അഭിമാന ബോധത്തിന്റെ ചുമലിലേറ്റിയാണ്. ആ കമിതാക്കളുടെ മരണത്തിനൊപ്പം കുടുംബങ്ങൾ തമ്മിലുള്ള ശത്രുതയും മരിക്കുന്നുവെന്ന് അദ്ദേഹം എഴുതിവയ്ക്കുന്നു, ഒരു പേരിൽ ഒന്നുമില്ലെന്ന് ആവർത്തിച്ചുകൊണ്ട്.

എന്നാൽ പേര് ഒരു പ്രത്യയശാസ്ത്രായുധമായി മാറുന്നതെങ്ങനെയെന്ന് ഇന്ന് ഇന്ത്യൻ രാഷ്ട്രീയം ഓരോ ദിവസവും കാട്ടിത്തരുന്നു. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ എതിർചേരിയിൽ എക്കാലവും നിലകൊണ്ട ഭീമറാവു അംബേദ്കറിന്റെ മുഴുവൻ പേരായ ഭീംറാവു റാംജി അംബേദ്കർ എന്നു മാത്രമേ സർക്കാർ രേഖകളിൽ എഴുതാവൂ എന്ന നിർദ്ദേശം ഉത്തരപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ നൽകിയത് 2018-ലായിരുന്നു. പിതാവിന്റെ പേരായ റാംജി തന്റെ ഔദ്യോഗികവ്യവഹാരങ്ങളിലൊന്നും അംബേദ്കർ ഉപയോഗിച്ചിരുന്നില്ല. ബി.ആർ. അംബേദ്കർ എന്നായിരുന്നു അദ്ദേഹം ഒപ്പിട്ടിരുന്നതുപോലും. മഹാരാഷ്ട്രയിൽ പിതാവിന്റെ പേര് മകന്റെ പേരിനൊപ്പം ചേർക്കുന്നത് സർവസാധാരണമാണെന്നും, ഭരണഘടനയിൽ ഒപ്പിടുമ്പോൾ അംബേദ്കർ റാംജി എന്ന പേര് ഉപയോഗിച്ചിരുന്നുവെന്നുമാണ് യു.പി സർക്കാർ ഉയർത്തുന്ന ന്യായം. വലതുപക്ഷം സ്വപ്നം കാണുന്ന ഹിന്ദുരാഷ്ട്രത്തിന്റെ പിതൃബിംബത്തിന്റെ നാമം ഇന്ത്യൻ ജനാധിപത്യത്തിന്റെയും മതേതരത്ത്വത്തിന്റെയും ഏറ്റവും വലിയ ബിംബത്തിലേക്ക് കൂട്ടിച്ചേർക്കുന്നത് നിഷ്‌കളങ്കമല്ലല്ലോ.
പേരുകൾ മാറുകയും മായുകയും ചെയ്യുമ്പോൾ മനുഷ്യരും അവർ പ്രതിനിധാനം ചെയ്ത ആശയങ്ങളും മൂല്യങ്ങളും കൂടിയാണ് നിഷ്‌കാസനം ചെയ്യപ്പെടുന്നത്.

നരേന്ദ്രമോദി സ്റ്റേഡിയമെന്ന് പുനർനാമകരണം ചെയ്ത മെെതാനത്ത് 2020 ഫെബ്രുവരിയിൽ നടത്തിയ 'നമസ്തേ ട്രംപ്' പരിപാടി

രാജീവ് ഗാന്ധി ഖേൽ രത്‌ന പുരസ്‌കാരത്തെ മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌കാരമാക്കിയപ്പോൾ മോദി സർക്കാർ മുന്നിൽ കണ്ടതും മറ്റൊന്നല്ല. രാജീവ്ഗാന്ധി കായികമേഖലയ്ക്ക് നൽകിയ സംഭാവനകളേക്കാൾ കൂടുതൽ ഹോക്കി ഇതിഹാസം ധ്യാൻചന്ദ് നൽകിയിട്ടില്ലേ എന്നായിരുന്നു ചില നിഷ്‌കളങ്കരുടെ ചോദ്യം. എന്നാൽ നരേന്ദ്ര മോദി എന്തുസംഭാവന നൽകിയിട്ടാണ് കഴിഞ്ഞ ഫെബ്രുവരിയിൽ പുതുക്കിപ്പണിത ഗുജറാത്ത് സ്റ്റേഡിയത്തിന് അദ്ദേഹത്തിന്റെ പേര് നൽകിയതെന്ന് ഉറക്കെ ചോദിക്കേണ്ടിവരും. ഇന്ത്യയുടെ കായികചരിത്രത്തിൽനിന്ന് രാജീവ് ഗാന്ധിയുൾപ്പെടെയുള്ള ബി. ജെ.പിയിതര നേതാക്കളുടെ പേരുകൾ മായ്ച്ചുകളയുകയും അവിടെ സ്വയം പ്രതിഷ്ഠിക്കുകയും ചെയ്യുന്നതാണ് മോദിയുടെ തന്ത്രം. സർദാർ പട്ടേലിന്റെ പേര് മാറ്റിയാണ് മോദി സ്വന്തം പേര് സ്റ്റേഡിയത്തിന് നൽകിയത് എന്നുകൂടി ഇവിടെ കൂട്ടിവായിക്കണം.

ഇതോടൊപ്പം, നാഗർഹോളെ ദേശീയോദ്യാനത്തിൽനിന്ന് രാജീവ്ഗാന്ധിയുടെ പേര് മാറ്റണമെന്നും പകരം ഫീൽഡ് മാർഷൽ കെ.എം. കരിയപ്പ എന്ന് പുനർനാമകരണം ചെയ്യണമെന്നും മടിക്കേരി ബി.ജെ.പി എം.എൽ.എ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം തന്നെയാണ് ബംഗളുരുവിലെ ഇന്ദിരാഗാന്ധി കാന്റീന്റെ പേര് അന്നപൂർണേശ്വരി എന്നു മാറ്റണമെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവി ആവശ്യപ്പെട്ടത്. 2017-ൽ അന്നത്തെ കോൺഗ്രസ് സർക്കാർ അവരുടെ സ്വപ്ന പദ്ധതിയായി കർണാടകയിൽ വിഭാവനം ചെയ്തതാണ് ഇന്ദിര കാന്റീൻ. ബംഗളൂരിവിലെ 190 വാർഡുകളിലും ഓരോ കാന്റീൻ വീതം ആരംഭിക്കാനായിരുന്നു തീരുമാനം. തമിഴ്നാട്ടിലെ അമ്മ കാന്റീന്റെ ചുവടുപിടിച്ചായിരുന്നു കർണാടക ജനസൗഹൃദപരമായ ഇത്തരമൊരു പദ്ധതിയുടെ ശ്രമം തുടങ്ങിയത്. പേരുമാറ്റാനുള്ള ആവശ്യങ്ങളുയരുന്നതിനൊപ്പംതന്നെ, പല കാന്റീനുകളിൽനിന്നും ഇന്ദിരയുടെ ചിത്രങ്ങളും സർക്കാർ നീക്കംചെയ്തു തുടങ്ങിയിട്ടുണ്ട്.

ബംഗളുരുവിലെ ഇന്ദിരാ കാന്റീനുകളിലൊന്ന് / Photo: Wikimedia Commons

ജനാധിപത്യ സംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട് ഇന്ത്യ ഭരിച്ചിരുന്ന ഭരണകർത്താക്കളെ മറവിയിലേക്ക് തള്ളിവിടുന്നതിന്റെ ആദ്യപടിയാണ് ഇത്തരം പേരുമാറ്റങ്ങൾ. സമൂഹത്തിന്റെ സ്മരണകൾ ഇക്കാലത്ത് സ്വയമേവ രൂപപ്പെടുന്നവയല്ലെന്ന് നമുക്കറിയാം. മാധ്യമങ്ങളുടെയും മറ്റും സഹായത്തോടെ ശ്രദ്ധാപൂർവ്വം അവ നിർമ്മിക്കപ്പെടുകയാണ്. ഓർക്കേണ്ടവ മാത്രം ഓർമ്മിപ്പിക്കാനും ബാക്കിയുള്ളവ മറന്നുകളയാനും ജനങ്ങൾ ശീലിപ്പിക്കപ്പെടുകയാണ്.

പേരുകൾക്കപ്പുറമുള്ള നേരുകൾ

2017 ജനുവരി ആദ്യവാരം ഒരുകൂട്ടം അക്കാദമീഷ്യന്മാർ ന്യൂഡൽഹിയിൽ യോഗംകൂടിയിരുന്നു. രാജ്യത്തിന്റെ ചരിത്രം എങ്ങനെ പുനർനിർമ്മിക്കണം എന്നതായിരുന്നു അവരുടെ ചർച്ചാവിഷയം. ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണെന്ന് സ്ഥാപിക്കാനാവുന്ന തെളിവുകൾ കണ്ടെത്തുകയും ഇന്ത്യൻ പുരാണേതിഹാസങ്ങൾ കഥയല്ല, യാഥാർത്ഥ്യമാണെന്ന് തെളിയിക്കുകയും ചെയ്യുകയായിരുന്നു ലക്ഷ്യം. ചുരുക്കിപ്പറഞ്ഞാൽ, ഈ 14 അംഗസമിതിയുടെ ജോലി ഹിന്ദുത്വ ആശയത്തിനനുസരിച്ച് ഇന്ത്യൻ ചരിത്രത്തെ പുനർനിർമിക്കുകയും ഇതിലൂടെ ചരിത്രവും കെട്ടുകഥകളും തമ്മിലുള്ള വിടവ് ഇല്ലാതാക്കുകയുമായിരുന്നു. "ഇന്ത്യയുടെ വീക്ഷണത്തിലൂടെ ചരിത്രത്തെ വീണ്ടെടുക്കുക' എന്നാണിതിനെ അമിത് ഷാ വിശേഷിപ്പിച്ചത്. ഇന്ത്യയെന്നത് ഇവിടെ വലതുപക്ഷം വിഭാവനംചെയ്യുന്ന ഹിന്ദുത്വരാഷ്ട്രമാണ്. അതിന് അഭിമതമായതിനെ മാത്രം ചേർത്തുവച്ചും, ഇടയിലെ വിടവുകളെ നുണകൊണ്ടു നികത്തിയും നിർമ്മിക്കുന്ന നരേറ്റീവുകളാണ് ‘ഇന്ത്യൻ വീക്ഷണത്തിലുള്ള ചരിത്രം'.

ജാൻ ആസ്മാൻ

60 ലക്ഷത്തിലധികം ജൂതന്മാർ കൂട്ടക്കൊല ചെയ്യപ്പെട്ട ഹോളോകാസ്റ്റ് നടന്നിട്ടേയില്ലെന്ന് ഇന്നും പ്രചരിപ്പിക്കുന്നവരുണ്ട്. ‘ഹോളോകാസ്റ്റ് ഡിനയേഴ്‌സ്' എന്ന് പൊതുവിൽ അറിയപ്പെടുന്ന ഇവർ ഹിറ്റ്‌ലറെ ചരിത്രത്തിലെ വീരനായകനായി പ്രതിഷ്ഠിക്കാൻ പ്രയത്‌നിക്കുന്നവരാണെന്ന് പറയേണ്ടതില്ലല്ലോ. പഴയ പാപഭാരങ്ങളിൽനിന്ന് കരകയറിവരുന്ന ജർമനിയിൽ ഈ വാദത്തിന് കാര്യമായ വക്താക്കളില്ലെന്നതാണ് വസ്തുത. പക്ഷേ ഇന്ത്യയിലെ വലതുപക്ഷത്തിന്റെ രീതി കുറേക്കൂടി ബുദ്ധിപൂർവ്വമാണ്. ചരിത്രം എന്ന, തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലുള്ള വിജ്ഞാനസമ്പ്രദായത്തെ ഒരു വ്യാജനിർമിതിയാക്കി മാറ്റുകയാണവർ.

ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുന്ന ഒരു പേര്, വെറും പേരല്ല. അതിനെ ചുറ്റിപ്പറ്റി സാംസ്‌കാരികവും സാമൂഹികവും വ്യക്തിപരവുമായ നിരവധി സ്മരണകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ വ്യക്തിപരമായ ഓർമ്മകൾ ഒരു കാലഘട്ടം വരെയേ നിലനിൽക്കുകയുള്ളൂ. അതിനപ്പുറത്ത്, സമൂഹം ശാശ്വതമായി സൂക്ഷിക്കുന്ന സ്മൃതികളാണ് അതിന്റെ അടയാളങ്ങളായി വർത്തിക്കുന്നത്. ജാൻ ആസ്മാൻ (Jan Assmann) ഇവയെ പൊതുവായി സാംസ്‌കാരികസ്മരണ (cultural memory) എന്നാണ് വിശേഷിപ്പിക്കുന്നത്. സാംസ്‌കാരികമായ ഓർമകൾ സ്ഥിതി ചെയ്യുന്നത് മനുഷ്യരുടെ ഓർമകളിൽ മാത്രമല്ല, സ്മാരകങ്ങളിലും ചടങ്ങുകളിലും അനുസ്മരണങ്ങളിലും സാമൂഹ്യമായ നടപടികളിലും വസ്ത്രങ്ങളിലുമൊക്കെയാണ്. രാഷ്ട്രീയക്കാരുടെ അഭിപ്രായങ്ങൾ, എഡിറ്റോറിയലുകൾ, ഏതെങ്കിലും ദിശയിലേക്ക് പൊതുജനാഭിപ്രായം സമാഹരിക്കാൻ ശ്രമിക്കുന്നവരുടെ അഭിപ്രായങ്ങൾ എന്നിവയിലെല്ലാം ഇത് ബാധകമാണ്. ഇവ സാമൂഹികമായ ഓർമ്മയുടെ ഭാഗമാകുമ്പോൾ, അത് സമൂഹത്തിന്റെ മൊത്തം സ്വന്തമാകുന്നു.

പൂനയിലെ ഔധ് സി.പി. റോഡിൽ നിർമ്മിച്ച മോദി ക്ഷേത്രം

ഒരു വ്യക്തി തന്റെ ഓർമ നിലനിർത്താൻ അവ കുറിച്ചുവച്ച രേഖകളെ ആശ്രയിക്കുന്നതുപോലെ, സാമൂഹികമായ ഓർമകൾ നിലനിർത്താൻ സാമൂഹികമായ നിർമിതികൾ ആവശ്യമാണ്, സ്മാരകങ്ങൾ പോലെ. പേരുകൾ ഇല്ലാതാക്കുമ്പോൾ, ഓർമകളുടെ ഈ ശേഖരത്തിന്റെ തായ് വേരിലാണ് ഭരണകൂടത്തിന്റെ കണ്ണ്. ചരിത്രബോധമില്ലാത്ത ഒരു തലമുറയെ സൃഷ്ടിക്കാനും വലതുപക്ഷപ്രത്യയശാസ്ത്രം എളുപ്പത്തിൽ വേരോടിക്കുവാനും ഭരണകൂടത്തിന് സാധിക്കുന്നു. ചരിത്രത്തിൽ സ്വയം വിഗ്രഹവത്ക്കരിക്കാൻ, സ്റ്റേഡിയം മാത്രമല്ല ക്ഷേത്രങ്ങൾപോലും തന്റെ പേരിൽ നിർമിച്ചെടുക്കാൻ ശ്രദ്ധാലുവാണ് നമ്മുടെ പ്രധാനമന്ത്രി. പൂനയിലെ ഔധ് സി.പി. റോഡിൽ നമോഫൗണ്ടേഷൻ ചെയർമാൻ മയൂർ മുണ്ടെ മോദിയുടെ പേരിൽ ക്ഷേത്രവും ഭക്തർക്ക് പ്രാർത്ഥിക്കാൻ മോഡി പ്രതിമയും നിർമിച്ചിട്ടുണ്ട്.

മായ്ക്കപ്പെടുന്ന ചരിത്രസന്ദർഭങ്ങൾ

പേരുമാറ്റം പുതിയൊരു ആശയമല്ല. സ്‌പെയിനിലെ ഏകാധിപതി ജനറൽ ഫ്രാങ്കോ 35 തെരുവുകൾക്ക് നൽകിയ പേരുകൾ പിൽക്കാലത്ത് സ്‌പെയിൻ മാറ്റിയിരുന്നു. സമാനമായൊരു സംഗതി പോർച്ചുഗലിലുമുണ്ട്. എസ്ട്രാഡോ നോവോയുടെ ഭരണകാലത്തും അതിനുശേഷമുള്ള വർഷങ്ങളിലും, ആ ഭരണത്തെ മഹത്ത്വവത്കരിച്ച് നിലവിൽവന്ന ആഖ്യാനങ്ങളെ പുനഃപരിശോധിക്കുന്ന രീതി 1990-കളിൽ അവിടെ നിലവിൽവന്നു. ഓർമകളുടെ വിപ്ലവം എന്നാണിതിനെ വിശേഷിപ്പിക്കുന്നത്. പക്ഷേ ഇവയെല്ലാം ഒരു ചരിത്രസന്ധിയുടെ ഇരകളാകേണ്ടിവന്ന മനുഷ്യർക്കുവേണ്ടിയുള്ള മനുഷ്യത്വപരമായ നടപടികളായിരുന്നു. കലാപങ്ങളെയും കൂട്ടക്കുരുതികളെയും അതിജീവിച്ച മനുഷ്യരെ ആ ഓർമകളിൽനിന്ന് മാറ്റിനടത്തുകയും അവ ആവർത്തിക്കുകയില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന ഭരണകൂടത്തിന്റെ കരുതലായി ഈ പേരുമാറ്റങ്ങളെ കാണണം.

എന്നാൽ ഇന്ത്യയിൽ നടക്കുന്നതാകട്ടെ, ഇതിന് നേരേ വിപരീതമായ ഒരു സാമൂഹികപ്രക്രിയയാണ്. പേരുകൾ മാറ്റിയും തിരസ്‌ക്കരിച്ചും വ്യക്തികളെ ചരിത്രത്തിൽനിന്ന് നിഷ്‌കാസനം ചെയ്യുന്നതുപോലെ ചില പ്രത്യേക ചരിത്രസന്ദർഭങ്ങളേയും, ചരിത്രസ്ഥലങ്ങളേയും അപനിർമിച്ച് തങ്ങൾക്ക് ഹിതകരമായ ചരിത്രംനിർമ്മിക്കാൻ ഹിന്ദുത്വഭരണകൂടം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഉത്തരപ്രദേശിൽ യോഗി ആദിത്യനാഥ് ചരിത്രനഗരങ്ങളുടെ പേരുകൾ മാറ്റുന്നത് ഇതിനുദാഹരണമാണ്.
ഉത്തർ പ്രദേശിലെ പ്രധാനപ്പെട്ട നഗരമായ ഫൈസാബാദിനെ യോഗി അയോധ്യയാക്കി മാറ്റി.

1857 -ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ പലയിടങ്ങളിലായി നടന്ന യുദ്ധങ്ങളിൽ ഫൈസാബാദും ഒരു കേന്ദ്രമായിരുന്നു. ഇന്ത്യയിലെ നാട്ടുരാജ്യമായ ഔധിലെ ആദ്യ നവാബായിരുന്ന സാദത്ത് അലി ഖാൻ പുരാതന നഗരമായ അയോദ്ധ്യയുടെ പ്രാന്തപ്രദേശത്താണ് ഫൈസാബാദ് നഗരത്തിന് അടിത്തറയിട്ടത്. ഈ ഫൈസാബാദിനെയാണ് യോഗി അയോധ്യയാക്കിയത്. 2019-ലെ കുംഭമേള നടക്കാനിരിക്കെയായിരുന്നു അലഹബാദ് ജില്ലയെ പ്രയാഗ് രാജ് എന്ന് പുനർനാമകരണം ചെയ്യുമെന്ന് യോഗി പ്രഖ്യാപിച്ചത്. നെഹ്റുവിന്റെ കുടുംബവീടായ ആനന്ദഭവൻ, അക്ബറിന്റെ കോട്ട എന്നിവ സ്ഥിതി ചെയ്യുന്ന നഗരമാണ് അലഹബാദ്. അടുത്തതമായി ചരിത്രമുറങ്ങുന്ന അലിഗഢിനെ ഹരിഗഢ് ആക്കാനും മെയിൻപുരിയെ മയൻപുരിയാക്കാനുമുള്ള ശ്രമത്തിലാണ് യോഗി. അലിഗഢ് വിമാനത്താവളത്തിന് ബി ജെ പി നേതാവും യു.പി മുൻമുഖ്യമന്ത്രിയുമായ കല്യാൺ സിങ്ങിന്റെ പേരിടാനുള്ള പ്രമേയം ഇതിനകം പാസാക്കിയിട്ടുണ്ട്. അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്നത് അലിഗഢിലാണ്. അലിഗഢ് ഹരിഗഢ് ആകുമ്പോൾ യൂണിവേഴ്സിറ്റിയുടെ പേര് എന്താകുമെന്ന് കണ്ടറിയണം. മഹർഷി മഹൻ നിർമിച്ചതെന്ന് കരുതപ്പെടുന്ന മെയിൻപുരിയിൽനിന്നാണ് സമാജ് വാദി പാർട്ടി നേതാവ് മുലായംസിംഗ് അഞ്ചുതവണ തെരഞ്ഞെടുക്കപ്പെട്ടത്. ഈ സ്ഥലത്തെയാണ് മയൻനഗറാക്കി മാറ്റുന്നത്.

കൂടാതെ മുഗൾസരായിയെ പണ്ഡിറ്റ് ദീൻദയാൽ ഉപധ്യായ നഗർ എന്നും മാറ്റാനുള്ള പ്രമേയം പാസായിട്ടുണ്ട്. രാജ്യത്തുതന്നെ ഏറ്റവും പഴക്കമേറിയതും ചരിത്രപ്രാധാന്യമേറിയതുമായ റെയിൽവേ സ്റ്റേഷനാണ് മുഗൾസരായി. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നിർമിച്ച് രാജ്യത്തെതന്നെ ആദ്യ റെയിൽവേ ലൈനുകളിലൊന്നായ ദൽഹി-ഹൗറ ലൈനിന്റെ ഭാഗമായ ഈ സ്റ്റേഷൻ 1862-ൽ ആണ് നിലവിൽ വന്നത്. 2017-ൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ പേര്മാറ്റാൻ തീരുമാനമെടുത്തപ്പോൾ അന്ന്, ബി.എസ്.പിയുടെയും സമാജ് വാദി പാർട്ടിയുടെയും അംഗങ്ങൾ രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. എന്താണ് ആർ.എസ്.എസ് നേതാവായ ദീൻദയാൽ രാജ്യത്തിന് നൽകിയ സംഭാവനയെന്ന് പ്രതിഷേധക്കാർ ചോദിച്ചപ്പോൾ അദ്ദേഹം വലിയ ചിന്തകൻ ആണെന്നായിരുന്നു കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി ഉത്തരം നൽകിയത്.

ഔറംഗബാദിന്റെ പേരുമാറ്റാൻ മുപ്പതുവർഷമായി ശിവസേന ശ്രമിക്കുന്നുണ്ട്. മുഗൾ ഭരണാധികാരി ഔറംഗസേബിന്റെ സ്മരണാർത്ഥമുള്ള പേരു മാറ്റി ശിവജിയുടെ മകന്റെ പേരായ സംബാജി നഗർ എന്ന് പേരിടണമെന്നാണ് ശിവസേനയുടെ ആവശ്യം. കൂടാതെ മധ്യപ്രദേശിലെ നഗരമായ ഹോഷംഗാബാദിന്റെ പേര് നർമദാപുരം എന്നു മാറ്റണമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ആവശ്യപ്പെട്ടിരുന്നു.
ചൈനീസ് ചുവയുള്ള ഡ്രാഗൺ ഫ്രൂട്ടിന്റെ പേര് കമലം എന്നു മാറ്റിയത് ഗുജറാത്ത് സർക്കാർ ആയിരുന്നു. ഈ പഴത്തിന് താമരയുടെ ആകൃതിയുണ്ടെന്നായിരുന്നു മുഖ്യമന്ത്രി വിജയ് രൂപാണി ഇതിനു പറഞ്ഞ ന്യായം. ഗർഭിണികൾക്കുനൽകുന്ന ധനസഹായത്തിന്റെ പേര് ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജന എന്നതിൽനിന്ന് മാതൃവന്ദന യോജന എന്നാക്കിയിട്ടുണ്ട്.

ചരിത്രത്തെ അപനിർമിക്കാനുള്ള ഈ ശ്രമത്തിന്റെ മറുവശത്ത് മരവിപ്പിക്കുന്ന നിശ്ശബ്ദതയാണെന്നതാണ് ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വലിയ വെല്ലുവിളി. പ്രതിരോധങ്ങളില്ലാതെ, മെല്ലെമെല്ലെ, വലതുപക്ഷത്തിന്റെ സൂക്ഷ്മവും സ്ഥൂലവുമായ എല്ലാത്തരം കൈയേറ്റങ്ങൾക്കും ഇന്ത്യ വഴങ്ങിക്കൊടുക്കുന്നതാണ് ഇന്നത്തെ കാഴ്ച. പേരുമാറ്റങ്ങളിൽനിന്ന് പാഠപുസ്തകങ്ങളിലേക്ക്, ഹിന്ദുത്വാനുകൂലചരിത്രം സൃഷ്ടിക്കാനുള്ള പിഴവുകളില്ലാത്ത പദ്ധതികളിലേക്ക് ഇന്ത്യൻ നിർമിത ഫാസിസത്തിന്റെ പ്രയാണം ഇക്കാരണം കൊണ്ടുതന്നെ ഏറെ സുഗമമായിരിക്കുന്നു.


Comments