മോദിയുടേത് വ്യാജ ഗ്യാരണ്ടി, തെളിവുണ്ട്…

‘‘മോദിയുടെ ഗ്യാരണ്ടി എന്നല്ല മറിച്ച്, മോദിയുടെ പരാജയപ്പെട്ട ഗ്യാരണ്ടി എന്നായിരിക്കണം ഈ സർക്കാറിന്റെ ടാഗ് ലൈൻ’’- മോദിയുടെ ഗ്യാരണ്ടി എന്ന ബി.ജെ.പിയുടെ ഇലക്ഷൻ കാമ്പയിൻ ജനങ്ങളെ കബളിപ്പിക്കാനുള്ള വലിയൊരു നുണയാണ് എന്ന് വസ്തുതകളുടെ വെളിച്ചത്തിൽ തുറന്നുകാട്ടുകയാണ് അഖിലേന്ത്യ കിസാൻ സഭ ജനറൽ സെക്രട്ടറി വിജൂ കൃഷ്ണൻ.

രാജ്യമാകെ ഹോർഡിംഗുകളുയർത്തിയും മാധ്യമങ്ങളിൽ പരസ്യം നൽകിയും 'മോദി സർക്കാറിന്റെ ഗ്യാരണ്ടി' എന്ന പ്രഖ്യാപനം നടത്തി, പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ വിജയകരമായി നടപ്പാക്കി എന്ന് അവകാശപ്പെടുകയാണ്, ബി.ജെ.പി സർക്കാർ; 'മോദി എല്ലാം സാധ്യമാക്കുന്നു' എന്നൊരു അടിക്കുറിപ്പോടെ.

എന്താണ് വാസ്തവം?

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ കർഷകർക്കും അധ്വാനിക്കുന്ന മനുഷ്യർക്കും നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പൂർണമായി പരാജയപ്പെട്ടു. മോദിയുടെ ഗ്യാരണ്ടി എന്നല്ല മറിച്ച്, മോദിയുടെ പരാജയപ്പെട്ട ഗ്യാരണ്ടി എന്നായിരിക്കണം ഈ സർക്കാറിന്റെ ടാഗ് ലൈൻ.

മോദിയുടെ ഭരണം അംബാനി, അദാനി തുടങ്ങിയ മുതലാളി വർഗത്തിനുമാത്രമാണ് എല്ലാം സാധ്യമാക്കിക്കൊടുത്തത്. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് രാജ്യത്ത് നടപ്പിലാക്കിയ കോർപറേറ്റ് അനുകൂല കാർഷിക നിയമങ്ങൾ. ഇത്, കോടിക്കണക്കിന് ഇന്ത്യക്കാരുടെ ചെലവിൽ അന്താരാഷ്ട്ര ഫിനാൻസ് മൂലധനത്തിന് ഒത്താശ ചെയ്യുന്നതായിരുന്നു.

മോദി സർക്കാറിന്റെ ഗ്യാരണ്ടി:

കാർഷിക പ്രതിസന്ധിയും കർഷക ആത്മഹത്യകളും അവസാനിപ്പിക്കും.

വാസ്തവം:

കഴിഞ്ഞ പത്ത് വർഷങ്ങളിൽ രാജ്യത്ത് കർഷകരും കർഷക തൊഴിലാളികളുമായ 1,12,000 ലേറെ പേർ ആത്മഹത്യ ചെയ്തു. നാഷനൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ പുറത്തുവിട്ട കണക്കനുസരിച്ച് 2014നും 2023നുമിടയിൽ ദിവസവേതനക്കാരായ 3,12,214 പേരാണ് ആത്മഹത്യ ചെയ്തത്.

പല സംസ്ഥാനങ്ങളും ആത്മഹത്യയുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകൾ വെളിപ്പെടുത്താതിരിക്കുകയോ വ്യാജ കണക്കുകൾ നൽകുകയോ ആണ് ചെയ്തത്. ഔദ്യോഗിക സ്വഭാവമനുസരിച്ചുള്ള ഈ കണക്കുകൾ പ്രകാരം കർഷകരും കർഷക തൊഴിലാളികളും ദിവസവേതനക്കാരുമടക്കം ഏതാണ്ട് 4,25,000 പേരാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിന്റെ കാലത്ത് ആത്മഹത്യ ചെയ്തത്.
സ്ത്രീ കർഷകർ, കർഷിക തൊഴിലാളികൾ, ഭൂരഹിതർ, പാട്ടകൃഷി ചെയ്യുന്നവർ, വനവുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്നവർ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവരുടെ കണക്ക് ഈ പട്ടികയിലില്ല.

മനുഷ്യരാശിയുടെ ചരിത്രത്തിൽ തന്നെ മുമ്പില്ലാത്തതാണ്, നയപരമായ നടപടികൾ മൂലമുണ്ടായ ഇത്തരമൊരു അചിന്തനീയമായ മനുഷ്യദുരന്തം. ഇതിന്റെ ഉത്തരവാദികൾ മോദിയും അദ്ദേഹത്തിന്റെ സർക്കാറുമാണ്.

മോദി സർക്കാറിന്റെ ഗ്യാരണ്ടി:

C2 + 50% ഫോർമുല അനുസരിച്ചുള്ള മിനിമം താങ്ങുവില ഉറപ്പാക്കും.

വാസ്തവം:

കർഷകർ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് മിനിമം താങ്ങുവില നൽകാം എന്ന ആകർഷകമായ ഉറപ്പ് നരേന്ദ്രമോദിയും ബി.ജെ.പിയും 2014-ൽ നൽകിയിരുന്നു. C2 + 50% ഫോർമുല അനുസരിച്ച്, ഉൽപ്പാദനച്ചെലവിന്റെ ഒന്നര ഇരട്ടിയാണ് വാഗ്ദാനം ചെയ്യപ്പെട്ടത്.

അതായത്, കാർഷിക ജോലികൾക്കായി ഉപയോഗപ്പെടുത്തിയ പണം, വിത്തുകൾ, രാസവളങ്ങൾ, കീടനാശിനികൾ, കൂലിപ്പണികൾ, ഇന്ധനം, ജലസേചനം എന്നിവയോടൊപ്പം കൂലിയില്ലാത്ത കുടുംബതൊഴിലാളികളുടെ ചെലവും വാടക, പലിശ, സ്ഥിര മൂലധന ആസ്തികളുടെ മൂല്യത്തകർച്ച എന്നിവയും ചേർത്താണ് മിനിമം താങ്ങുവില നിശ്ചയിക്കുക. ഈ മൊത്തം ചെലവിന്റെ അമ്പതു ശതമാനം കൂടി ചേർത്താണ് മിനിമം താങ്ങുവില നിശ്ചയിക്കുക എന്നായിരുന്നു ഉറപ്പ്.

എന്നാൽ, മോദി സർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞത്, തങ്ങളുടെ വാഗ്ദാനം അനുസരിച്ചുള്ള മിനിമം താങ്ങുവില തീരുമാനിക്കാനാകില്ല എന്നായിരുന്നു. അത്തരമൊരു വർധന വിപണിയിൽ തിരിച്ചടിയുണ്ടാക്കുമത്രേ.
തുടർന്ന്, താങ്ങുവില നൽകുന്നതിനുള്ള ഫോർമുല C2-വിൽനിന്ന് A2 + FL-ലേക്ക് മാറ്റി. അതായത്, ഭൂമിയുടെ വാടകച്ചെലവും മൂലധനത്തിന്റെ പലിശയും ഉൾപ്പെടുത്താത്ത മിനിമം താങ്ങുവിലയാണ് ലഭിക്കുക. A2 + FL അനുസരിച്ച് മിക്ക വിളകൾക്കും, യഥാർഥ ഉൽപ്പാദനചെലവിനേക്കാൾ വളരെ കുറഞ്ഞ തുകയാണ് ലഭിക്കുക എന്നർഥം.

മാത്രമല്ല, കമീഷൻ ഓഫ് അഗ്രികൾച്ചറൽ കോസ്റ്റ്‌സ് ആന്റ് പ്രൈസസ് (സി.എ.സി.പി) ഓരോ സംസ്ഥാനത്തിന്റെയും യഥാർഥ ചെലവ് കുറക്കുകയും മിനിമം താങ്ങുവില കണക്കാക്കാൻ അഖിലേന്ത്യ ശരാശരി നിശ്ചയിക്കുകയും ചെയ്തു. ആന്ധ്രപ്രദേശ്, ബിഹാർ, കർണാടക, കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, തമിഴ്‌നാട്, തെലങ്കാന, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ നെല്ലിന്റെ ഉൽപ്പാദനച്ചെലവ് കമീഷൻ ഓഫ് അഗ്രികൾച്ചറൽ കോസ്റ്റ്‌സ് ആന്റ് പ്രൈസസ് മാനദണ്ഡമനുസരിച്ചുള്ളതിനേക്കാൾ വളരെ ഉയർന്നതാണ്. ഇത് കൃഷിയുടെ അനുബന്ധ ചെലവുകളിലുണ്ടായ വർധനവും വിലക്കയറ്റവും പരിഗണിക്കാതെയുള്ള വ്യവസ്ഥയുമാണ്.

നെല്ലിന്, സി.എ.സി.പി പറയുന്ന C2 ചെലവ് (ക്വിന്റലിന് 1911 രൂപ) കണക്കിലെടുത്താൽ C2 + 50% അനുസരിച്ച് ക്വിന്റലിന് 2866.5 രൂപ കിട്ടണം. എന്നാൽ, മിനിമം താങ്ങുവില 2183 രൂപ മാത്രമാണ്. സംസ്ഥാനങ്ങളുടെ C2 ചെലവ് അനുസരിച്ചുള്ള ശരാശരി (ക്വിന്റലിന് 2139 രൂപ) C2 + 50 അനുസരിച്ച് ക്വിന്റലിന് 3208.5 രൂപയാണ്. അതായത്, ഇതനുസരിച്ച് കർഷകർക്ക് ക്വിന്റലിന് യഥാക്രമം 683.5 രൂപയുടെയും 1025.5 രൂപയുടെയും നഷ്ടമാണുണ്ടാകുന്നത്. ഹെക്ടറിൽനിന്ന് ആറു ടൺ നെല്ല് ഉൽപ്പാദിപ്പിക്കുന്ന ആന്ധ്രപ്രദേശിലെ ഒരു കർഷകന് ഇതുസരിച്ച് യഥാക്രമം ഹെക്ടറിന് 41,010 രൂപയുടെയും 61,530 രൂപയുടെയും നഷ്ടമുണ്ടാകുന്നു. ആന്ധ്രപ്രദേശിൽ 22 ലക്ഷത്തിലേറെ ഹെക്ടറിൽ നെല്ല് കൃഷി ചെയ്യുന്നുണ്ട്. ഇതനുസരിച്ച് സംസ്ഥാനത്തെ കർഷകർക്ക് ആകെയുണ്ടാകുന്ന നഷ്ടം 9020 കോടി രു മുതൽ 13,540 കോടി രൂപ വരെയാണ്.

2011-ൽ ഒരു കിലോ റബ്ബറിന് കർഷകർക്ക് 230 രൂപ കിട്ടിയിരുന്നു. അത് ഇപ്പോൾ 124 രൂപയായി ഇടിഞ്ഞു. ഒരു ഹെക്ടറുള്ള കർഷകൻ ശരാശരി 1000 കിലോ റബർ ഉൽപ്പാദിപ്പിക്കുന്നുണ്ടെങ്കിൽ, അവർക്ക് കിട്ടേണ്ട 2,30,000 രൂപ 2023-ൽ 1,24,000 രൂപയായി ഇടിഞ്ഞു. അതായത്, 1,06,000 രൂപ നഷ്ടം. ബി.ജെ.പി സർക്കാർ വിവേചനപൂർണമായ സ്വതന്ത്ര വ്യാപാര കരാർ പിന്തുടരുന്നതടക്കമുള്ള തെറ്റായ വ്യാപാരനയങ്ങളാണ് ഈ സാഹചര്യം സൃഷ്ടിച്ചത്.

മോദി സർക്കാറിന്റെ ഗ്യാരണ്ടി:

2022- ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കും.

വാസ്തവം:

2016 ഫെബ്രുവരി 28ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന്റെ തലേദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി കർഷകർക്ക് മറ്റൊരു വാഗ്ദാനം നൽകി. 2022-ൽ, അതായത് രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ കർഷകരുടെ വരുമാനം ഇരട്ടിയാക്കും.

സിറ്റുവേഷൻ അസെസ്മെന്റ് സർവേ ഓഫ് അഗ്രികൾച്ചറൽ ഹൗസ്ഹോൾഡ്സ് 2021-ൽ പുറത്തുവിട്ട കണക്കു പ്രകാരം 2018- 2019 ൽ കർഷക കുടുംബങ്ങളുടെ പ്രതിമാസ വരുമാനം 10,218 രൂപ എന്ന നാമമാത്ര തുക മാത്രമായിരുന്നു. വാർഷിക വരുമാനമായി കണക്കാക്കുമ്പോൾ 1,22,616 രൂപ. സർക്കാർ വാഗ്ദാനം ചെയ്ത പ്രകാരം 2022-ൽ ലഭിക്കേണ്ടിയിരുന്ന 2,71,378 രൂപ എന്ന ഇരട്ടിവരുമാനത്തിന്റെ അടുത്തെങ്ങും എത്താത്ത തുക. ഇന്ത്യയിലെ പകുതിയിലധികം കർഷക കുടുംബങ്ങളെയും ഈ വരുമാന നഷ്ടം കടത്തിലാക്കിയിരിക്കുന്നു.

ഓരോ കുടുംബത്തിന്റെയും ശരാശരി കട കുടിശിക 74,121 രൂപയാണ്. 2013-ലെ കുടിശ്ശിക 47,000 രൂപയായിരുന്നു, അതിന്റെ 57 ശതമാനമാണ് വർധിച്ചത്. കടക്കെണിയിലായ കർഷകരുടെ എണ്ണം 2013- 2019 കാലത്ത് 9.02 കോടിയിൽ നിന്ന് 9.30 കോടിയായി ഉയർന്നു. അതായത്, കോവിഡിന് മുമ്പുള്ള വർഷങ്ങളെ അപേക്ഷിച്ച് 2013-ൽ ശരാശരി വായ്പാ കുടിശ്ശികയുടെ 1.6 ശതമാനം വർധിച്ചു. കോവിഡിനുശേഷമുള്ള അവസ്ഥയാകട്ടെ അതിലും കടുത്തതായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി

മോദി സർക്കാറിന്റെ ഗ്യാരണ്ടി:

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയനുസരിച്ച് 200 ദിവസത്തെ ജോലി, ഉയർന്ന വേതനം.

വാസ്തവം:

മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി വിഹിതം വെട്ടിച്ചുരുക്കി. 2014-2015 സാമ്പത്തിക വർഷത്തിൽ മൊത്തം ബജറ്റ് വിഹിതത്തിന്റെ 1.85 ശതമാനമായിരുന്നു അനുവദിച്ചത്. എന്നാൽ 2023-2024 സാമ്പത്തിക വർഷം 1.33 ശതമാനമായി കുറഞ്ഞു. 100 ദിവസം തൊഴിൽ നടപ്പാക്കാൻ രണ്ടു ലക്ഷം കോടിയിലധികം രൂപയാണ് ആവശ്യം. എന്നാൽ, 2023-2024 ൽ 60,000 കോടി രൂപ മാത്രമാണ് നീക്കിവച്ചത്. മുൻവർഷത്തേക്കാൾ 33 ശതമാനത്തിന്റെ വെട്ടിക്കുറവ്. 2023ലെ പുതുക്കിയ എസ്റ്റിമേറ്റിൽ ഇത് 86,000 കോടി രൂപയായിരുന്നു. 2024-25ലെ എസ്റ്റിമേറ്റിൽ വർധിപ്പിക്കുകയും ചെയ്തിട്ടില്ല. ആയിരണക്കണക്കിന് കോടി രൂപ കൂലി കുടിശ്ശികയിനത്തിൽ മുടങ്ങിക്കിടക്കുകയാണ്. പശ്ചിമ ബംഗാളിന് മാത്രമായി 7,000 കോടി രൂപ കേന്ദ്ര സർക്കാർ നൽകാനുണ്ട്. അതായത്, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പിടിപ്പുകേടിനെതുടർന്ന് ദശലക്ഷക്കണക്കിന് മനുഷ്യർക്ക് ചെയ്ത ജോലിക്ക് കൂലി ലഭിക്കാത്ത അവസ്ഥ.

കോവിഡ് കാലം ഉൾപ്പടെ കഴിഞ്ഞ ആറ് വർഷത്തെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ശരാശരി 50 തൊഴിൽ ദിവസങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളു. LibTech India യുടെ കണക്കുകൾ പ്രകാരം അവസാന 21 മാസത്തിൽ 7.6 കോടി തൊഴിലവസരങ്ങളാണ് സർക്കാർ ഇല്ലാതാക്കിയത്. കേവലം 240 രൂപയാണ് തൊഴിലാളികൾക്ക് ലഭിക്കുന്ന ശരാശരി ദിവസക്കൂലി. ആധാർ പോലെയുള്ള രേഖകൾ ഉപയോഗിച്ചുള്ള പെയ്മെന്റ് സമ്പ്രദായം, ഓൺലൈൻ അറ്റന്റൻസ്, ജാതി തിരിച്ചുള്ള ഫണ്ട് വിഹിതം തുടങ്ങിയ രീതികൾ ഭൂരിഭാഗം തൊഴിലാളികളെയും ബാധിച്ചു. അതുവഴി ഈ പദ്ധതിയുടെ ലക്ഷ്യമായ 100 തൊഴിൽ ദിവസങ്ങൾ എന്ന വാഗ്ദാനം കടലാസിലൊതുങ്ങി.

മോദി സർക്കാറിന്റെ ഗ്യാരണ്ടി:

എല്ലാ കർഷകർക്കും ഇൻഷുറൻസ് സുരക്ഷ.

വാസ്തവം:

കർഷകർക്ക് ഇൻഷൂറസ് നിഷേധിക്കപ്പെട്ടു. അതേസമയം, ഇൻഷൂറൻസ് കമ്പനികൾ വൻ ലാഭം നേടിയെടുക്കുകയും ചെയ്തു. പ്രധാനമന്ത്രി ഫാസൽ ഭീമ യോജന (PMFBY) 2016-ൽ ആരംഭിച്ചപ്പോൾ, മൊത്തം പ്രീമിയമായി ഏകദേശം 1,97,657.20 കോടി രൂപയാണ് സമാഹരിച്ചത്. 1,40,037.88 രൂപയുടേതായിരുന്നു ക്ലെയിം. 2016-2017, 2021-2022 എന്നീ കാലയളവുകളിൽ 57,619.32 കോടി രൂപ ഇൻഷുറൻസ് കമ്പനികളിലേക്ക് പോയിട്ടുണ്ട്. ബി.ജെ.പി സർക്കാർ പറയുന്ന കണക്കനുസരിച്ച് ഏകദേശം 4-6 കോടി കർഷകർ പി.എം.എഫ്.ബി.വൈയുടെ കീഴിൽവന്നിട്ടുണ്ട്. പക്ഷെ 2022-2023 റാബി കാലയളവിൽ 7.8 ലക്ഷം കർഷകർക്ക് 3,878 കോടി രൂപയാണ് ക്ലെയിമായി നൽകിയത്. പദ്ധതിയുടെ സമ്പൂർണ പരാജയമാണ് ഇത് കാണിക്കുന്നത്. ഈ പദ്ധതിക്ക് പ്രധാനമന്ത്രി കോർപറേറ്റ് ഭീമ യോജന എന്ന പേര് നൽകുന്നതായിരിക്കും കൂടുതൽ നല്ലത്.

ആന്ധ്ര പ്രദേശ്, തെലങ്കാന, ബീഹാർ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ നരേന്ദ്രമോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്ത് എന്നിങ്ങനെ ഏഴ് വലിയ സംസ്ഥാനങ്ങൾ ഉയർന്ന ചെലവ്, കുറഞ്ഞ ക്ലെയിം അനുപാതം എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഈ പദ്ധതി ഉപേക്ഷിച്ചു. പദ്ധതിയുടെ പരാജയത്തെയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. അതോടൊപ്പം, പദ്ധതിയുടെ പരാജയം കർഷകർക്കിടയിൽ അതൃപ്തിക്കും കാരണമായിട്ടുണ്ട്. പല കർഷകർക്കും അവർ ഉന്നയിച്ച ക്ലെയിം ലഭിച്ചിട്ടില്ല.

പദ്ധതിയുടെ കീഴിൽ 2016-2017 ൽ 570.8 ലക്ഷം ഹെക്ടറുണ്ടായിരുന്നത് 2022-2023 ൽ 487.4 ലക്ഷം ഹെക്ടറായി കുറഞ്ഞു. അതായത് മൊത്തം കൃഷി ഭൂമിയുടെ (1540 ലക്ഷം ഹെക്ടർ) മൂന്നിലൊന്നായി കുറഞ്ഞുവെന്നർഥം. പി എം എഫ് ബി വൈ പദ്ധതിക്കുള്ള 2023-2024 വർഷത്തെ വിഹിതത്തേക്കാൾ കുറവാണ് പുതുക്കിയ എസ്റ്റിമേറ്റനുസരിച്ച് 2024-2025 ലേത്. മാത്രമല്ല, ജലസേചനമില്ലാത്ത പ്രദേശങ്ങൾക്കുള്ള പ്രീമിയത്തിലെ കേന്ദ്ര ബാധ്യത 30 ശതമാനമായും ജലസേചനമുള്ള പ്രദേശങ്ങൾക്കുള്ളത് 25 ശതമാനവുമായും തീരുമാനിച്ചു. ഇത് അധിക പ്രീമിയം സബ്സിഡി നൽകേണ്ടിവരുന്ന സംസ്ഥാനങ്ങൾക്ക് വലിയ തിരിച്ചടിയാകും.

മോദി സർക്കാറിന്റെ ഗ്യാരണ്ടി:

എല്ലാ കൃഷിയിടങ്ങൾക്കും ജലസേചന സൗകര്യം.

വാസ്തവം:

2015-ലാണ് പ്രധാനമന്ത്രിയുടെ അഗ്രികൾച്ചർ ഇറിഗേഷൻ സ്‌കീം- പി.എം.കെ.എസ്.വൈ- നിലവിൽവന്നത്. അഞ്ചുവർഷം കൊണ്ട് 50,000 കോടി രൂപയും അല്ലെങ്കിൽ ഒരു വർഷം ശരാശരി 10,000 കോടി രൂപയെങ്കിലും ചെലവഴിച്ച് എല്ലാ കൃഷിയിടങ്ങളിലേക്കും ജലസേചനം ഉറപ്പുവരുത്തും എന്നായിരുന്നു തെരഞ്ഞെടുപ്പു വാഗ്ദാനം. ഇത് ഇപ്പോൾ 2026 വരെ നീട്ടിയിട്ടുണ്ട്. എന്നാൽ ഓരോ വർഷവും 10,000 കോടിയിൽ കുറവായിരുന്നു ശരാശരി വിഹിതം. പത്തുവർഷം കൊണ്ട് ഒരു ലക്ഷം കോടി എന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം ഇതുവരെയും 30,000 കോടിക്കപ്പുറം കടന്നിട്ടില്ല. മുമ്പുണ്ടായിരുന്ന ആക്സിലറേറ്റഡ് ഇറിഗേഷൻ ബെനിഫിറ്റ് പ്രോഗ്രാം, കമാൻഡ് ഏരിയ ഡെവലപ്മെന്റ് ആൻഡ് വാട്ടർ മാനേജ്മെന്റ്, സബ്സിഡി ഫോർ മൈക്രോ ഇറിഗേഷൻ എന്നീ പദ്ധതികൾ യോജിപ്പിച്ചാണ് ഇതിനെ പുതിയ പദ്ധതിയാക്കി അവതരിപ്പിച്ചത്.

ആക്സിലറേറ്റഡ് ഇറിഗേഷൻ ബെനഫിറ്റ് പ്രോഗ്രാമിന്റെ കീഴിൽ 76 ലക്ഷം ഹെക്ടർ സ്ഥലത്തിനുവേണ്ട ജലസേചനം നടപ്പാക്കുന്ന 99 പ്രോജക്ടുകൾ 2019- നുള്ളിൽ പൂർത്തീകരിക്കും. എന്നാൽ 2016 നും 2022 നും ഇടയിൽ 24 ലക്ഷം ഹെക്ടറിൽ മാത്രമാണ് ജലസേചനം നടപ്പാക്കിയത്. പത്തും (45.9 ലക്ഷം ഹെക്ടർ) പതിനൊന്നും (57.7 ലക്ഷം ഹെക്ടർ) പഞ്ചവത്സര പദ്ധതികൾ വെച്ച് നോക്കുമ്പോൾ ഇത് വളരെ കുറവാണ്. കർഷകർക്ക് ചെറുകിട ജലസേചന ഉപകരണങ്ങൾ നൽകാനുള്ള പദ്ധതിയും കൃത്യമായി നടപ്പാക്കുന്നില്ല. 2015- 20 കാലത്ത് ഓരോ തുള്ളിയിലും കൂടുതൽ വിള എന്ന അനുബന്ധ പദ്ധതിയനുസരിച്ച് ചെറുകിട ജലസേചന സാങ്കേതികവിദ്യകളിലൂടെ 10 മില്യൺ ഹെക്ടറിൽ ജലസേചനം എത്തിക്കുമെന്നായിരുന്നു ഉറപ്പ്. എന്നാൽ 2022 ആയിട്ടും 6.2 മില്യൺ ഹെക്ടർ മാത്രമാണ് ഈ പദ്ധതിക്കു കീഴിൽ കൊണ്ടുവരാൻ കഴിഞ്ഞത്.

ഇന്ത്യയിൽ ഇപ്പോഴും 14 കോടി കൃഷിയിടങ്ങളിൽ ആവശ്യത്തിന് വെള്ളമെത്തുന്നില്ല. 2015 മുതൽ 2021 വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യയിലെ 35 മില്യൻ ഹെക്ടറിലധികം ഭൂമിയിൽ വൻ വരൾച്ചയും തൽഫലമായി ഉൽപ്പാദനത്തിൽ ഇടിവും നേരിട്ടു. മാധ്യമപ്രവർത്തകനായ വിവേക് ഗുപ്ത നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് കേന്ദ്ര കാർഷിക മന്ത്രാലയത്തിന്റെ വരൾച്ചാ നിയന്ത്രിത സെൽ നൽകിയ മറുപടിയിലാണ് ഈക്കാര്യമുള്ളത്. 1876- നുശേഷം ദക്ഷിണേന്ത്യ നേരിട്ട എറ്റവും വലിയ വരൾച്ചയായിരുന്നു 2016-ലേത് എന്നാണ് കണക്കുകൾ. ചെറുകിട കർഷകരും മൊത്തം കർഷകരുടെ 80 ശതമാനത്തിലധികം വരുന്ന പാട്ടകൃഷിക്കാരുമാണ് കാലാവസ്ഥാ വ്യതിയാനത്തിന് ഏറ്റവും കൂടുതൽ ഇരയാകുന്നത്. 'ഹർ ഖേത് കോ പാനി' എന്ന മോദി ഗ്യാരണ്ടി മറ്റൊരു വലിയ തട്ടിപ്പായിരുന്നുവെന്ന് ഇത് തെളിയിക്കുന്നു.

മോദി സർക്കാറിന്റെ ഗ്യാരണ്ടി:

60 വയസ് തികഞ്ഞ എല്ലാ കർഷകർക്കും
പെൻഷൻ

വാസ്തവം:

60 വയസിനു മുകളിൽ പ്രായമുള്ള എല്ലാ കർഷകർക്കും പെൻഷൻ എന്നതിലുപരി, പ്രധാനമന്ത്രി കിസാൻ മന്ധാൻ യോജന വാഗ്ദാനം ചെയ്തിരുന്നത് യോഗ്യരായ എല്ലാ ചെറുകിട കർഷകർക്കും 3000 രൂപ എന്ന നിശ്ചിത തുകയായിരുന്നു. 18- 40 പ്രായക്കാരായ കർഷകർക്കുള്ള കോൺട്രിബ്യൂട്ടറി പെൻഷൻ സ്‌കീമാണിത്. എന്നാൽ ഈ പദ്ധതി പ്രകാരം ഒരു കർഷകനുപോലും നയാപൈസ ലഭിച്ചിട്ടില്ല. വിശ്വാസ്യത കുറഞ്ഞ ഈ പദ്ധതിയിൽ ഇന്ത്യയിലാകെ 22 ലക്ഷം കർഷകർ മാത്രമേ രജിസറ്റർ ചെയ്തിട്ടുള്ളൂ. നരേന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും മറ്റൊരു കൺകെട്ടുവിദ്യയാണിത്.

മറക്കില്ല, ക്ഷമിക്കില്ല

വില സ്ഥിരപ്പെടുത്തലടക്കം മോദി സർക്കാർ മുന്നോട്ടുവെച്ച മറ്റെല്ലാ ഗ്യാരണ്ടികളും പരാജയപ്പെട്ടു. കർഷകരും കാർഷിക മേഖലയും വൻ പ്രതിസന്ധി നേരിടുമ്പോഴും മോദി സർക്കാറിന്റെ കാർഷിക മന്ത്രാലയം കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ ഒരു ലക്ഷം കോടി രൂപയിലേറെയാണ് ബജറ്റ് വിഹിതത്തിൽനിന്ന് വെട്ടിക്കുറച്ചത്. ഇതുകൂടാതെ, കാർഷികമേഖലയെ കൊടും നിരാശയിലാക്കി, കാർഷിക മേഖലയെ കോർപറേറ്റ് വൽക്കരിക്കാനും സർക്കാർ നിയന്ത്രിത വിപണി ഇല്ലാതാക്കാനും കരാർ കൃഷി പ്രോൽസാഹിപ്പിക്കാനുമുള്ള ലക്ഷ്യത്തോടെ മൂന്ന് കാർഷിക നിയമങ്ങൾ കൊണ്ടുവരികയാണ് ബി.ജെ.പി സർക്കാർ ചെയ്തത്. ഇതോടൊപ്പം വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണനീക്കവും കർഷകർക്ക് തിരിച്ചടിയാകുന്നു. ആസിയാൻ സ്വതന്ത്ര വ്യാപാര കരാർ പ്രകാരമുള്ള തെറ്റായ വ്യാപാര നയങ്ങൾ കർഷകരുടെ പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു.

തെരഞ്ഞെടുപ്പുവർഷമായ 2024-2025 ലെ ഇടക്കാല ബജറ്റിൽ പോലും കാർഷിക മേഖലക്കും ഗ്രാമീണ സമ്പദ്‌വ്യവസ്ഥക്കും പ്രാധാന്യം നൽകിയിട്ടല്ല. 2022-2023ലെ ബജറ്റുമായി താരതമ്യം ചെയ്യുമ്പോൾ കാർഷിക മേഖലക്കും അനുബന്ധ മേഖലകൾക്കുമുള്ള വിഹിതം 2024-2025 ബജറ്റിൽ 81,000 കോടി രൂപ വെട്ടിക്കുറച്ചു. കൃഷിക്കും അനുബന്ധ മേഖലകൾക്കും മൊത്തത്തിലുള്ള വിഹിതത്തിൽ, അതിന്റെ യഥാർഥ ചെലവുമായി താരതമ്യം ചെയ്യുമ്പോൾ 2022-23 വർഷത്തെ അപേക്ഷിച്ച് 22.3 ശതമാനത്തിന്റെ വിഹിത നഷ്ടമുണ്ടായിട്ടുണ്ട്. 2023-24ൽ ആറു ശതമാനത്തിന്റെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ, കോർപറേറ്റുകളും ബി.ജെ.പി സർക്കാറിന്റെ കാർഷിക നയങ്ങളും തമ്മിലുള്ള അഗാധമായ ബന്ധം പുറത്തുകൊണ്ടുവരുന്നുണ്ട്. കർഷകർക്കുള്ള മോദി സർക്കാരിന്റെ ഗ്യാരണ്ടി, കർഷകരെ ഭരണകൂടം എത്ര ഹീനമായാണ് അടിച്ചമർത്തുന്നത് എന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ്.

എങ്ങനെ മറക്കും?

കർഷക മാർച്ച് ഡൽഹിയിലെത്തുന്നത് തടയാൻ ദേശീയപാതയിൽ കുഴിച്ച കിടങ്ങുകൾ എങ്ങനെ മറക്കും?.
തങ്ങൾക്കുനേരെ പ്രയോഗിച്ച ജലപീരങ്കികളെ കർഷകർ എങ്ങനെ മറക്കും?
പെല്ലറ്റ് തോക്കുകളും റബ്ബർ ബുള്ളറ്റുകളും ടിയർഗ്യാസും കർഷകർ എങ്ങനെ മറക്കും?.
റോഡിൽ തീർത്ത കോൺക്രീറ്റ് ബാരിക്കേഡുകൾ, വൈദ്യുതിയും ഇന്റർനെറ്റും വെള്ളവും വരെ വിഛേദിച്ചുകൊണ്ടുള്ള അടിച്ചമർത്തലുകൾ, കർഷകർ എങ്ങനെ മറക്കും?
ശത്രുസൈന്യത്തെപ്പോലെയാണ് കർഷകർക്കും അവരുടെ കുടുംബങ്ങൾക്കും നേരെ അഴിച്ചുവിട്ട ആക്രമണം കർഷകർ എങ്ങനെ മറക്കും?
ചരിത്രപരമായ കർഷക പ്രക്ഷോഭത്തിനിടെ രക്തസാക്ഷികളായ 750 പേരെ കർഷകർ എങ്ങനെ മറക്കും?
അവരിൽ, കേന്ദ്ര കാബിനറ്റ് മന്ത്രിയായ അജയ് മിശ്ര തേനിയുടെ മകന്റെ വാഹനം ഓടിച്ചുകയറ്റി കൊല്ലപ്പെട്ട കർഷകരുമുണ്ടായിരുന്നു, അത് കർഷകർ എങ്ങനെ മറക്കും?

ഇതൊന്നും കർഷകർ മറക്കുകയോ പൊറുക്കുകയോ ഇല്ല.

കോർപറേറ്റു കൊള്ളക്കും കാർഷികമേഖലയുടെ കോർപറേറ്റ്‌വൽക്കരണത്തിനും കൂട്ടുനിൽക്കുന്ന നയങ്ങൾക്കും വ്യാജ വാഗ്ദാനങ്ങൾക്കുമെതിരെ കർഷകർ വിട്ടുവീഴ്ചയില്ലാത്ത സമരത്തിലാണ്. ഇത് ജനങ്ങളുടെ ശത്രുക്കളുടെ മനസ്സിൽ ഭീതിയുടെ വിത്തുവിതച്ചു കഴിഞ്ഞു. ഇനി, നാം കഠിനാധ്വാനത്തിലൂടെ നേടിയ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താം. കർഷകാഭിമുഖ്യമുള്ള, തൊഴിലാളി ആഭിമുഖ്യമുള്ള ഒരു ബദലിനായി, നമ്മുടെ ജനാധിപത്യവും ഫെഡറൽ അവകാശങ്ങളും സെക്യുലറിസവും സംരക്ഷിക്കാനായി കർഷകരും തൊഴിലാളികളും യോജിച്ച് പ്രവർത്തിക്കും, നരേന്ദ്രമോദി സർക്കാറിന്റെ തോൽവി ഉറപ്പുവരുത്താൻ, ഈയൊരു മുദ്രാവാക്യത്തോടെ: 'കോർപറേറ്റ് കൊള്ള അവസാനിപ്പിക്കുക, കർഷകരെ രക്ഷിക്കുക, മോദിയെ തോൽപ്പിക്കുക, ഇന്ത്യയെ രക്ഷിക്കുക, മോദിയെ മാറ്റൂ, രാജ്യത്തെ രക്ഷിക്കൂ'.

Comments