1837-ൽ തോമസ് ബാബിങ്ടൺ മെക്കാളെയുടെ മസ്തിഷ്‌കത്തിലുദിച്ച ആശയമാണ് അപകീർത്തി കുറ്റ നിയമം. പിന്നീട് 1860- ൽ 499, 500 വകുപ്പുകളായി ഇന്ത്യൻ ശിക്ഷാ നിയമത്തിൽ അത് ക്രോഡീകരിക്കപ്പെട്ടു. ബ്രിട്ടീഷ് രാജിനെതിരെയുള്ള എതിർസ്വരങ്ങളെ മാത്രമല്ല, മുറുമുറുപ്പുകളെപ്പോലും മുളയിലേ നുള്ളുക എന്നതായിരുന്നു ലക്ഷ്യം. ഇതേ മെക്കാളെ തന്നെ കരട് എഴുതിയുണ്ടാക്കിയതും പിന്നീട് ഇന്ത്യൻ ശിക്ഷാനിയമത്തിൽ ചേർത്തതുമാണ് ‘സെഡിഷൻ’ എന്ന രാജ്യദ്രോഹക്കുറ്റം. ഗാന്ധിജി അതിനെ ‘പൗരസ്വാതന്ത്ര്യം അടിച്ചമർത്താൻ ആവിഷ്കരിക്കപ്പെട്ട, ഇന്ത്യൻ പീനൽകോഡിലെ രാഷ്ട്രീയ വകുപ്പിലെ രാജകുമാരൻ' എന്നാണ് വിശേഷിപ്പിച്ചത്.
ഈ രണ്ട് നിയമങ്ങളും ബ്രിട്ടീഷ് അധിനിവേശ ഇന്ത്യയിലെ ഭരണീയരായ ഇന്ത്യക്കാരുടെ സമസ്ത വിയോജന സ്വാതന്ത്ര്യവും ചങ്ങലക്കിടാൻ ഉദ്ദേശിച്ചുള്ളതായിരുന്നു.
1922 മാർച്ചിലാണ് ഗാന്ധിജിയെ രാജ്യദ്രോഹക്കുറ്റത്തിലെ 124 എ വകുപ്പ് ചുമത്തി അഹമ്മദാബാദ് കോടതിയിൽ ജഡ്ജി ബ്രൂംഫീൽഡ് വിചാരണ ചെയ്തത്. ആറു വർഷം ജയിൽ ശിക്ഷയാണ് ബ്രൂം ഫീൽഡ് വിധിച്ചത്. എന്നാൽ, ഈ വിചാരണയെ ഗാന്ധിജി അക്ഷരാർഥത്തിൽ കൊളോണിയൽ സ്‌റ്റേറ്റിനെതിരെയുള്ള വിചാരണയാക്കി മാറ്റി. രാജ്യസ്‌നേഹവും രാജ്യക്കൂറും കൃത്രിമമായി നിർമിച്ചെടുക്കാനോ നിയമപരമായി വ്യവസ്ഥാപനം ചെയ്യാനോ കഴിയില്ലെന്ന് കോടതിയിൽ പ്രസ്താവിച്ച ഗാന്ധിജി, ചൂഷണത്തിലൂം അനീതിയിലും അഴിമതിയിലും അധിഷ്ഠിതമായ കൊളോണിയൽ ഭരണകൂടത്തിന്റെ നയങ്ങളോട് ജനത്തിന് വിയോജിപ്പും വിരോധവും ഉണ്ടാകുക സ്വഭാവികമാണെന്നും അത് അക്രമം കൂടാതെ പ്രകടിപ്പിക്കുന്നതിലോ പ്രചരിപ്പിക്കുന്നതിലോ താൻ ഒരു തെറ്റും കാണുന്നില്ലെന്നും കൂട്ടിച്ചേർത്തു.
കൊളോണിയൽ ഭരണകൂടത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ മാത്രമുണ്ടാക്കിയ ഇത്തരം ജനാധിപത്യവിരുദ്ധമായ നിയമങ്ങൾ സ്വാതന്ത്ര്യം ലഭിച്ചയുടൻ ഇന്ത്യൻ ശിക്ഷാ നിയമത്തിൽനിന്ന് പുറന്തള്ളേണ്ടതായിരുന്നു.
ഏതാണ്ട് ഇതേ കാര്യം തന്നെയാണ്, അപകീർത്തിക്കേസിൽ സൂറത്ത് കോടതി പരമാവധി ശിക്ഷയായ രണ്ടുവർഷം ജയിൽവാസവിധി പുറപ്പെടുവിച്ചതോടെ ശരവേഗത്തിൽ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിയും പറഞ്ഞത്. ജീവിതകാലം മുഴുവൻ തുറുങ്കിലടച്ചാലും അയോഗ്യനാക്കിയാലും ജനാധിപത്യത്തിനുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്നും മാപ്പു ചോദിക്കാൻ താൻ സവർക്കർ അല്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്. രാജ്യത്ത് ജനാധിപത്യം ചിത്രവധം ചെയ്യപ്പെട്ടിരിക്കുകയാണെന്നും ബി.ജെ.പിയെയോ മോദിയെയോ തനിക്ക് ഭയമില്ലെന്നും രാഹുൽ പറഞ്ഞു. മോദി- അദാനി അവിശുദ്ധ ബന്ധം പൂർവാധികം കടുപ്പിച്ച് വീണ്ടും ഉന്നയിക്കുകയും ചെയ്തു.
കൊളോണിയൽ ഭരണകൂടത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ മാത്രമുണ്ടാക്കിയ ഇത്തരം ജനാധിപത്യവിരുദ്ധമായ നിയമങ്ങൾ സ്വാതന്ത്ര്യം ലഭിച്ചയുടൻ ഇന്ത്യൻ ശിക്ഷാ നിയമത്തിൽനിന്ന് പുറന്തള്ളേണ്ടതായിരുന്നു. മറ്റൊരു കോണിലൂടെ നോക്കിയാൽ അപകീർത്തിക്കേസ് ക്രിമിനൽ കുറ്റകൃത്യമായി തുടർന്നതും അതിന്റെ ചുവടുപിടിച്ച് ഭരണപക്ഷം ഇച്ഛിച്ച വിധം സൂറത്ത് കോടതി ശിക്ഷ വിധിച്ചതും ഇന്ത്യൻ ജനാധിപത്യത്തിന് ‘ഉർവശീശാപം ഉപകാരം' എന്ന പോലെ ഗുണകരമായി മാറിയേക്കാം. കാരണം, ഇത്രമേൽ ഗതിവേഗത്തിൽ രാഹുലിന്റെ ലോക്സഭാംഗത്വം റദ്ദാക്കപ്പെട്ടതിനുപിന്നിൽ നടന്ന കുടിലമായ ആസൂത്രണവും ചതുരുപായങ്ങളും ഒരുവേള എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിലുണ്ടായ വിസ്മയകരമായ തരംഗദൈർഘ്യ സമാനതയും ഇന്ത്യൻ ജനത മനസ്സിലാക്കായിട്ടുണ്ടാവും.
രാഹുലിനെപ്പറ്റി ഒന്നൊന്നര വ്യാഴവട്ടമായി ബി.ജെ.പി അഭംഗുരം നിന്ദിച്ചും പരിഹസിച്ചും പുച്ഛിച്ചും പ്രചരിപ്പിച്ചുപോരുന്ന ‘പപ്പു നറേറ്റീവ്' തന്നെ അപകീർത്തിയുടെയും അപഖ്യാതിയൂടെയും മാനഹാനിയുടെയും പരമോച്ചാവസ്ഥയാണ്.
രാഹുലിനെ പിന്തുണച്ച് തൃണമൂൽ കോൺഗ്രസും ബി.ആർ.എസും ഉൾപ്പെടെയുള്ള 18 പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി രംഗത്തുവന്നതും ഇന്ത്യയിൽ അസ്തമിച്ചുകഴിഞ്ഞ ജനാധിപത്യത്തിന് മറ്റൊരു അരുണോദയ സാധ്യത നിലനിൽക്കുന്നു എന്നതിന്റെ നിദർശനമാണ്. രാഹുൽ അയോഗ്യനാക്കപ്പെട്ടത് കോടതിവിധിയെതുടർന്നുള്ള സ്വഭാവിക നടപടി ക്രമമാണെന്നും സർക്കാറിനോ മുഖ്യ ഭരണകക്ഷിയായ ബി.ജെ.പിക്കോ അതിൽ പങ്കില്ലെന്നും ഭരണചക്രം തിരിക്കുന്നവർക്ക് വാദിച്ചു നിൽക്കാം. സൂറത്ത് കോടതി ഇന്ത്യൻ ശിക്ഷാനിയമത്തിലെ 500-ാം വകുപ്പ് അനുസരിച്ച് നൽകിയ പരമാവധി ശിക്ഷയുടെ കാഠിന്യത്തെ നിയമത്തിന്റെ അക്ഷരാർഥം നോക്കി ന്യായീകരിക്കുകയുമാകാം. പക്ഷെ, ഇതൊന്നും ഇന്ത്യയിലെ കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന പ്രതിപക്ഷ പാർട്ടികൾ പോലും തൊണ്ട തൊടാതെ വിഴുങ്ങാൻ തയ്യാറല്ല എന്നാണ് ഈ അഭൂതപൂർവമായ ബി.ജെ.പി ഇതര കക്ഷികളുടെ ഐക്യദാർഢ്യം സൂചിപ്പിക്കുന്നത്.
രാഹുലിനെപ്പറ്റി ഒന്നൊന്നര വ്യാഴവട്ടമായി ബി.ജെ.പി അഭംഗുരം നിന്ദിച്ചും പരിഹസിച്ചും പുച്ഛിച്ചും പ്രചരിപ്പിച്ചുപോരുന്ന ‘പപ്പു നറേറ്റീവ്' തന്നെ അപകീർത്തിയുടെയും അപഖ്യാതിയൂടെയും മാനഹാനിയുടെയും പരമോച്ചാവസ്ഥയാണ്. ഈ ഗീബൽസീയൻ സൃഗാലത്വം ആഴത്തിൽ വേരുപിടിച്ചിരിക്കുന്നു എന്ന് ബി.ജെ.പിയും സംഘ്പരിവാറും ഉറച്ചുവിശ്വസിച്ചു. പക്ഷെ, രാഹുൽ നടത്തിയ ഭാരത് ജോഡോ യാത്ര ഈ ‘പപ്പു നറേറ്റീവി’ന്റെ നട്ടെല്ലുടച്ചു എന്നു മാത്രമല്ല, അദ്ദേഹത്തിന്റെ പ്രതിച്ഛായ അടിമുടി മാറുകയും ചെയ്തു.
അപ്രതീക്ഷിത രാഹുൽ
രാഹുലിന്റെ രൂപാന്തരപ്രാപ്തി ബി.ജെ.പി പ്രതീക്ഷിച്ചതല്ല. അല്ലെങ്കിലും മോദിയെപ്പോലെ പ്രഭാഷണ വൈഭവവും മാധ്യമമുഖാമുഖ വിമുഖതയും രാഹുലിനില്ലെന്ന് എല്ലാവർക്കുമറിയാം. പക്ഷെ, അദ്ദേഹത്തിന്റെ വാക്കുകളിൽ ആത്മാർഥതയുണ്ട് എന്ന കാര്യം മതേതതര ജനാധിപത്യ മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള ഇന്ത്യക്കാർക്ക് അറിയാമായിരുന്നു.
ഭാരത് ജോഡോ യാത്ര രാഹുലിൽ കൃത്രിമമായി ബി.ജെ.പി സന്നിവേശിപ്പിച്ച ‘പപ്പു' എന്ന ‘തിരുമണ്ടൻ' നിഷേധാത്മക പ്രതിച്ഛായയെ നിലംപരിശാക്കി. ഇത് ബി.ജെ.പി- സംഘ്പരിവാർ പ്രഭൃതികളെ ഒട്ടൊന്നുമല്ല അലോസരപ്പെടുത്തിയത്.
ഈ പപ്പു പ്രതിച്ഛായാനിർമാണത്തിന് മോദിയും തന്നാലാവും വിധം പ്രവർത്തിച്ചു. 2019-ൽ ഐ.ഐ.ടി ഖരക്പുരിലെ വിദ്യാർഥികളുമായി വിഡിയോ കോൺഫറൻസിലൂടെ മോദി സംസാരിച്ചിരുന്നു. ഒരു വിദ്യാർഥി, എഴുതാനും വായിക്കാനും പ്രയാസമുള്ള, എന്നാൽ, ബുദ്ധിശക്തിയിൽ ഒട്ടും താഴെയല്ലാത്ത ‘ഡിസ്‌ലെക്‌സിയ' എന്ന ഭിന്നശേഷിക്കാർക്ക് സഹായകമാകുന്ന തന്റെ പ്രൊജക്റ്റിനെക്കുറിച്ച് വിവരിക്കവേ മോദി ഇടപെട്ടു: ‘‘40- 50 വയസ്സുള്ള ‘കുട്ടി'കൾക്ക് ഇത് ഉപകാരപ്പെടുമോ?'' എന്നായിരുന്നു മോദിയുടെ ചോദ്യം. രാഹുലിനെ ഉദ്ദേശിച്ചാണ് മോദി ഇങ്ങനെ ചോദിച്ചതെന്ന് തിരിച്ചറിയാത്ത വിദ്യാർഥി, തീർച്ചയായും ഉപകരിക്കും എന്ന് മറുപടി നൽകി. ഉടനെ മോദിയുടെ പ്രതികരണം, ‘‘എന്നാൽ ഇത്തരം ‘കുട്ടി'കളുള്ള അമ്മമാർക്ക് സമാധാനമുണ്ടാകും’’ എന്നായിരുന്നു. രാഹുലിനെയും സോണിയാഗാന്ധിയെയും മാത്രമല്ല, ഡിസ്‌ലെക്‌സിയയുള്ള കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും മൊത്തത്തിൽ അവഹേളിച്ച മോദിയുടെ ഈ ഉദീരണങ്ങൾ അന്ന് വൻ പ്രതിഷേധത്തിനിടയാക്കി. ഐൻസ്റ്റൈനും പിക്കാസോയും ഡാവിഞ്ചിയുമെല്ലാം ഡിസ്‌ലെക്‌സിയ ഉള്ളവരായിരുന്നു എന്ന് പലരും ട്വീറ്റ് ചെയ്തു. ബിരുദധാരിയാണെന്ന് അവകാശപ്പെടുന്ന മോദി, ഡിസ്‌ലെക്‌സിയയുള്ളവർ ബുദ്ധിമാന്ദ്യമുള്ളവരാണെന്നുകൂടി ധരിച്ചുവശായിരിക്കണം. ഈ ഇടപെടൽ അപകീർത്തിയുടെ പട്ടികയിൽ വരുന്നതാണ്.
അമിത് ഷാ മുതൽ പ്രഗ്യാ സിങ് വരെ
അമിത് ഷാ മുതൽ ഭോപ്പാലിൽ നിന്നുള്ള ക്രിമിനൽ പാശ്ചാത്തലമുള്ള ബി.ജെ.പി എം.പിയായ പ്രഗ്യാ സിങ് വരെയുള്ളവർ രാഷ്ട്രീയ എതിരാളികൾക്കുനേരെയും മുസ്‌ലിം സമുദായത്തിനുനേരെയും അപകീർത്തികരമായ പരാമർശങ്ങൾ മാത്രമല്ല, കടുത്ത ഭീഷണിയുടെ സ്വരവും പലപാട് ഉയർത്തുകയുണ്ടായി. ഇന്ത്യയിൽ ‘കോടാനുകോടി' മുസ്‌ലിം കുടിയേറ്റക്കാരും അഭയാർഥികളും നിയമവിരുദ്ധമായി ജീവിക്കുന്നുണ്ടെന്നും അവരെയെല്ലാം കടലിൽ വലിച്ചെറിയണമെന്നും, കാരണം അവർ ഇന്ത്യയെ തിന്നും കരണ്ടും നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത് അമിത് ഷാ പേർത്തും പേർത്തും ഉത്തരേന്ത്യയിലെ പല വേദികളിൽ പറയുകയുണ്ടായി. ഇങ്ങനെ ഒരു സമുദായത്തെ, ജനവിഭാഗത്തെ ചിതലെന്നും കൃമിയെന്നും കീടമെന്നും വിളിച്ച് അപമാനവീകരിക്കുന്നത് അക്രമത്തിനും ഹിംസയ്ക്കും തുടർന്നുള്ള വംശഹത്യക്കുമാണ് വഴിവച്ചതെന്ന് അന്ന് സ്വബോധമുള്ള പലരും ചൂണ്ടിക്കാട്ടുകയുണ്ടായി. മ്യാൻമറിലെ രോഹിൻഗ്യൻ മുസ്‌ലിംകൾക്കുനേരെ ഹിംസ ആരംഭിക്കുന്നതിനുമുമ്പ് അതിദേശീയവാദിയും തീവ്രവാദിയുമായ ബുദ്ധ സന്യാസി അഷിൻ വിരാത്തു അവരെ വിളിച്ചത് പേപ്പട്ടികൾ എന്നാണ്. റുവാണ്ടയിലെ തുത്‌സികളെ ആക്രമണകാരികളായ ഹുട്ടു വിഭാഗം വിശേഷിപ്പിച്ചത് കൂറകൾ എന്നായിരുന്നു. ആർമേനിയക്കാരെ ഒന്നാം ലോകമഹായുദ്ധക്കാലത്ത് തുർക്കി വിളിച്ചത് ഇത്തിക്കണ്ണികൾ എന്നാണ്. പിന്നീട് അവിടങ്ങളിലെല്ലാം നടന്നത് വംശഹത്യകളായിരുന്നു.
പ്രതിപക്ഷ കക്ഷികൾ കഴിഞ്ഞ ദിവസം ശരിയായി ചൂണ്ടിക്കാണിച്ചതു പോലെ, വ്യത്യസ്ത കേന്ദ്ര ഏജൻസികളെ വേട്ടനായ്ക്കളെപ്പോലെ ഊരിവിട്ടിരിക്കുന്നത് 95 ശതമാനവും പ്രതിപക്ഷ നേതാക്കൾക്കുനേരെയാണ്.
ഇത്തരം പരാമർശങ്ങൾക്കെതിരെയൊന്നും ഒരു പൊലീസ് സ്‌റ്റേഷനിലും കേസില്ല. ‘ഹിന്ദുക്കൾ കത്തികൾ മൂർച്ച കൂട്ടിവെക്കണം, പച്ചക്കറി അരിയുന്ന കത്തിയാണെങ്കിലും' എന്നു പറഞ്ഞ പ്രഗ്യാ സിങ് ഠാക്കൂറും ‘ഹിന്ദുക്കൾ ദസറക്ക് രാവണന്റെ കോലം കത്തിക്കുന്നതുപോലെ മുസ്‌ലിംകളെ മുഴുവൻ കത്തിക്കണം' എന്നു പറഞ്ഞ ബി.ജെ.പിയുടെ ബീഹാർ എം.എൽ.എ ഹരിഭൂഷൺ ഠാക്കൂറും ‘വന്ദേമാതരം വിളിക്കാത്തവർ ഇവിടെ ജീവിക്കാൻ യോഗ്യരല്ല' എന്നും ‘സോണിയാ ഗാന്ധി വെളുത്ത വ്യക്തിയല്ലായിരുന്നുവെങ്കിൽ കോൺഗ്രസ് നേതൃത്വം അവരെ അംഗീകരിക്കുമായിരുന്നില്ല' എന്നും പറഞ്ഞ ഗിരിരാജ് സിങ്ങും ഷാറൂഖ് ഖാനെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയ്യിദിനോട് താരതമ്യം ചെയ്ത യോഗി ആദിത്യനാഥും ഏറക്കുറെ ഇപ്പറഞ്ഞവയ്ക്ക് സമാനമായ, മുസ്‌ലിം സമുദായത്തോടുള്ള വിദ്വേഷവിഷം വമിച്ച പ്രസ്താവനകൾ പലപ്പോഴും യാതൊരു കൂസലുമില്ലാതെ നടത്തിയ അനുരാഗ് ഠാക്കൂറും കിരൺ റിജുജുവും അനന്ത്കുമാർ ഹെഗ്‌ഡെയും നളിൻകുമാർ കട്ടിലും പർവേഷ് വർമയും അനിൽ വിജും മായങ്കേശ്വർ സിങ്ങും ഉൾപ്പെടെയുള്ളവർ സംസ്ഥാന കേന്ദ്രമന്ത്രിമാരും എം.പിമാരുമായും വേറൊരു നീണ്ട പട്ടികയുണ്ട്. അവരൊന്നും ഒരു കേസുകെട്ടിലും പെട്ടിട്ടില്ല.
പ്രതിപക്ഷ കക്ഷികൾ കഴിഞ്ഞ ദിവസം ശരിയായി ചൂണ്ടിക്കാണിച്ചതു പോലെ, വ്യത്യസ്ത കേന്ദ്ര ഏജൻസികളെ വേട്ടനായ്ക്കളെപ്പോലെ ഊരിവിട്ടിരിക്കുന്നത് 95 ശതമാനവും പ്രതിപക്ഷ നേതാക്കൾക്കുനേരെയാണ്. ഭരണഘടന പൊളിച്ചെഴുതിയോ ഭരണഘടനാ സ്ഥാപനങ്ങളെ തകർത്തോ തങ്ങളുടെ സങ്കൽപ്പത്തിലുള്ള പോപ്പുലിസവും നവ ഫാഷിസവും സമാസമം കലർന്ന സുപ്രെമെസിസ്റ്റ് രാഷ്ട്രം സ്ഥാപിക്കാൻ മെനക്കെടേണ്ടതില്ല എന്ന് ഇപ്പോൾ സംഘപരിവാറിന് മനസ്സിലായിട്ടുണ്ട്. ഭരണഘടനയെ നോക്കുകുത്തിയായി നിലനിർത്തിയും ഭരണഘടനാ സ്ഥാപനങ്ങളെ വളച്ചും കുനിച്ചും മാധ്യമങ്ങളെ പ്രത്യക്ഷമായോ പരോക്ഷമായോ ആയ സമ്മർദഭീഷണികളാൽ വശത്താക്കിയും നിശ്ശബ്ദമാക്കിയും തങ്ങളുടെ ‘സ്വപ്‌നപദ്ധതി' നടപ്പിൽ വരുത്താമെന്ന് നാഗ്പുരിൽ നിന്ന് ഭരണകക്ഷിയെ നിയന്ത്രിക്കുന്ന ആർ.എസ്.എസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവക്കെല്ലാം വിഘാതം സൃഷ്ടിക്കുന്ന പ്രതിപക്ഷകക്ഷികളെയും അവയുടെ നേതാക്കളെയും എങ്ങനെ നേരിടാം എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് രാഹുൽ ഗാന്ധി.
തിരഞ്ഞെടുപ്പ് ചൂടിലും അല്ലാത്തപ്പോഴും വിവിധ പാർട്ടികളുടെ നേതാക്കളിൽനിന്ന് വരുന്ന പ്രസ്താവനകൾ ഇന്നത്തെ നിയമമനുസരിച്ച് സൂറത്ത് കോടതി വ്യാഖ്യാനിച്ചതുപോലെ മറ്റ് കീഴ്‌ക്കോടതികളും അക്ഷരാർഥ വ്യഖ്യാന വ്യായാമത്തിൽ ഏർപ്പെട്ടാൽ ഒട്ടുമിക്ക രാഷ്ട്രീയക്കാരും അഴിയെണ്ണേണ്ടിവരും.
അപകീർത്തി നിയമം തന്നെ എന്തിന്?
കോലാറിൽ രാഹുൽ നടത്തിയ പ്രസംഗ ശകലം തൽക്ഷണം അപകീർത്തി നിയമപരിധിയിൽനിന്ന് തള്ളിക്കളയാവുന്ന ഒന്നായിരുന്നു. ഒരു ആധുനിക ജനാധിപത്യ രാജ്യം അപകീർത്തിപ്പെടുത്തലിനെ ഒരിക്കലും ഒരു ക്രിമിനൽ കുറ്റകൃത്യമായി പരിഗണിക്കാനേ പാടില്ല. അധികാര സ്വരൂപങ്ങളെ ചോദ്യം ചെയ്യുന്നത് ഗുരുതര കുറ്റകൃത്യമായി കണക്കാക്കിയിരുന്ന ജീർണ കൊളോണിയൽ പൈതൃകമാണ് അപകീർത്തി നിയമവും രാജ്യദ്രോഹനിയമവും. മറ്റുള്ളവരുടെ വികാര വിചാരങ്ങൾ വ്രണപ്പെട്ടാൽ പോലും ആവിഷ്‌കാരസ്വാതന്ത്ര്യം ചോദ്യം ചെയ്യാനൊക്കാത്തതാണെന്ന് രാജ്യദ്രോഹക്കുറ്റ വിചാരണ നേരിടുന്നതിനുമുമ്പ് ‘യംഗ് ഇന്ത്യ'യിൽ ഗാന്ധിജി എഴുതിയിരുന്നു. നെഹ്‌റു രാജ്യദ്രോഹക്കുറ്റ നിയമത്തെ അത്യന്തം ഗർഹണീയ നിയമം എന്ന് വിശേഷിപ്പിക്കുക മാത്രമല്ല, എത്രയും പെട്ടെന്ന് അത് ഇന്ത്യൻ ശിക്ഷാനിയമത്തിൽനിന്ന് ഒഴിവാക്കുന്നുവോ അത്രയും നല്ലത് എന്ന് പറയുകയും ചെയ്തു. ഇങ്ങനെ അധിനിവേശിത ജനതയെ അടിച്ചമർത്താനും മിണ്ടാട്ടമില്ലാതാക്കാനും കോളനി ഭരണാധികാരികൾ സൃഷ്ടിച്ച പല നിയമങ്ങളും മൂർച്ചയുള്ള വാൾമുനയായി സ്വാതന്ത്ര്യാനന്തരവും ശിക്ഷാനിയമത്തിൽ ഇടം പിടിച്ചിട്ടുണ്ട്. എതിർ ശബ്ദമുയർത്തുന്നവർക്കെതിരെ സത്വരം അവസരോചിതമായി പ്രയോഗിക്കാമെന്നതുകൊണ്ടായിരിക്കണം മാറിമാറി വന്ന സർക്കാറുകൾ അവ നിലനിർത്തിപ്പോന്നത്. പക്ഷെ, ബി.ജെ.പി ഈ നിയമങ്ങളെ അനൈതികമായി ഉപയോഗിക്കുന്നത് പതിവാക്കിയിട്ട് കുറച്ചുകാലമായി.
സമകാലിക ഇന്ത്യയിൽ അപകീർത്തി കുറ്റകൃത്യ നിയമം ഭരണകർത്താക്കളെ ചോദ്യം ചെയ്യുന്നതും കോർപറേറ്റ് ദുർവൃത്തികൾ തുറന്നുകാണിക്കുന്നതും തടയാനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. സൂറത്ത് കോടതിവിധിയിൽ നടുക്കവും ആകുലതയുമുള്ള പ്രതിപക്ഷപാർട്ടികൾ അവയുടെ അജണ്ടയിൽ ക്രിമിനൽ അപകീർത്തിനിയമം അസാധുവാക്കുമെന്ന കാര്യം ഗൗരവചിന്തയോടെ ഉൾപ്പെടുത്തണം. തിരഞ്ഞെടുപ്പ് ചൂടിലും അല്ലാത്തപ്പോഴും വിവിധ പാർട്ടികളുടെ നേതാക്കളിൽനിന്ന് വരുന്ന പ്രസ്താവനകൾ ഇന്നത്തെ നിയമമനുസരിച്ച് സൂറത്ത് കോടതി വ്യാഖ്യാനിച്ചതുപോലെ മറ്റ് കീഴ്‌ക്കോടതികളും അക്ഷരാർഥ വ്യഖ്യാന വ്യായാമത്തിൽ ഏർപ്പെട്ടാൽ ഒട്ടുമിക്ക രാഷ്ട്രീയക്കാരും അഴിയെണ്ണേണ്ടിവരും.
അപകീർത്തി നിയമത്തിന്റെ കാര്യത്തിൽ കോൺഗ്രസിന്റെ മുൻകാല നിലപാട് നിഷ്‌കപടമോ നിർവ്യാജമോ ആയിരുന്നില്ല.
ഇവിടെ ഒരു പരമാർഥം പറയാകെ പോകുന്നത് ശരിയല്ല. അപകീർത്തി നിയമത്തിന്റെ കാര്യത്തിൽ കോൺഗ്രസിന്റെ മുൻകാല നിലപാട് നിഷ്‌കപടമോ നിർവ്യാജമോ ആയിരുന്നില്ല. ബൊഫോഴ്‌സ് കോഴ വിവാദം കത്തിനിൽക്കുന്ന സമയത്ത് അപകീർത്തിയുടെ നിർവചനം കൂടുതൽ വിസ്തൃതമാക്കി രാജീവ്ഗാന്ധി സർക്കാർ ഒരു ബിൽ പാസാക്കിയിരുന്നു. ദേശീയതലത്തിൽ നടന്ന പ്രക്ഷോഭത്തെ തുടർന്നാണ് ആ ബിൽ പിൻവലിച്ചത്. മാധ്യമപ്രവർത്തകരുടെ വായ് മൂടിക്കെട്ടാനും രൂക്ഷ പരിഹാസവും മുള്ളുവാക്കുകളും വിപരീതാർഥ പ്രയോഗവും നടത്തുന്ന എഴുത്തുകാരെയും കാർട്ടുണിസ്റ്റുകളെയും ബുദ്ധിമുട്ടിക്കാനും ഈ നിയമം മുഖേന അനായാസം കഴിയും. അതുകൊണ്ട് ഈ കൊളോണിയൽകാല അമർച്ചാനിയമം എത്ര പെട്ടെന്ന് ഡീക്രിമിനലൈസ് ചെയ്യാൻ യത്‌നിക്കുന്നുവോ അത്രയും നല്ലത്.
സുപ്രീംകോടതിയും ഏതാനും ഹൈകോടതികളും മാറ്റിനിർത്തിയാൽ കീഴ്‌ക്കോടതികളിൽനിന്ന് വരുന്ന വിധിന്യായങ്ങൾ ഭരണാധികാരികളുടെ പ്രതീക്ഷകളുമായി സാധാർമ്യം പുലർത്തുന്നു എന്നത് ശുഭസൂചനയല്ല. നേരത്തെ സൂചിപ്പിച്ചതുപോലെ, ഭരണഘടനാ സ്ഥാപനങ്ങളെ തന്ത്രപൂർവം വശപ്പെടുത്തുന്നതിൽ കേന്ദ്ര ഭരണകക്ഷി കാര്യശേഷി നേടിയെന്നാണോ അനുമാനിക്കേണ്ടത്? അടുത്തകാലത്ത് വിരമിച്ച ഏതാനും ജഡ്ജിമാർ ഏതെല്ലാം പദവികളിൽ ഉപവിഷ്ടരായി എന്ന കാര്യം പരിശോധിച്ചാൽ ‘ഡെന്മാർക്കിൽ എന്തോ ചീഞ്ഞുനാറുന്നു' എന്ന് ആരെങ്കിലും കരുതിയാൽ അവരെ കുറ്റം പറയാനാവില്ല.
കോൺഗ്രസിനെയോ രാഹുലിനെയോ മാറ്റിനിർത്തി ഒരു കോൺഗ്രസ് ഇതര സഖ്യമുണ്ടാക്കി ബി.ജെ.പിയെ നേരിട്ടാൽ ആ പാർട്ടി വീണ്ടും അധികാരത്തിൽ വരും. ഇത്തരം എപ്പിസോഡുകൾ അപ്പോൾ ഉത്തരോത്തരം വർധിക്കുകയും ചെയ്യും.
സൂറത്ത് കോടതിവിധിയെതുടർന്ന് രാഹുലിനെ മിന്നൽവേഗത്തിൽ അയോഗ്യനാക്കിയ സംഭവം പ്രതിപക്ഷ പാർട്ടികളുടെ ഐക്യസാധ്യതക്ക് വഴി തുറന്നിട്ടുണ്ട്. ഇപ്പോഴുണ്ടായ വിശാല പ്രതിപക്ഷ ഒരുമ ശുഭസൂചനയാണ്. ഈ ഐക്യം നിലനിർത്തി ഈ വർഷം നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ പാർട്ടികൾ അവയുടെ കരുത്തും ശേഷിയും പ്രകടമാക്കണം. എങ്കിൽ അടുത്ത വർഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഈ സുപ്രെമാസിസ്റ്റ് ഭരണത്തിന് അന്ത്യം കുറിയ്ക്കാൻ കഴിയും. എന്നാൽ, ജനതാമുന്നണിയെപ്പോലെ ഭിന്നവും വിരുദ്ധവുമായ കാഴ്ചപ്പാടുള്ള കക്ഷികൾ ചേർന്നുള്ള അഴകൊഴമ്പൻ നിരയെ അണിനിരത്തിയിട്ട് കാര്യമില്ല. അത്തരമൊരു മുന്നണിക്ക് അൽപ്പായുസ്സേ ഉണ്ടാകൂ.
ഒന്നാം യു.പി.എ സർക്കാറിന്റെ കാലത്ത് അവതരിപ്പിച്ച് നടപ്പിൽ വരുത്തിയതുപോലുള്ള ഒരു ദേശീയ പൊതു മിനിമംപരിപാടിയുടെ അടിസ്ഥാനത്തിലാകണം 2024-ൽ ബി.ജെ.പി വീണ്ടും അധികാരത്തിൽ വരരുത് എന്നാഗ്രഹിക്കുന്ന രാഷ്ട്രീയ പാർട്ടികൾ സംഘടിക്കേണ്ടത്. ജനാധിപത്യ- മതനിരപേക്ഷ മൂല്യങ്ങളും ഫെഡറൽ തത്വങ്ങളും വികസനത്തെക്കുറിച്ചുള്ള രചനാത്മക വീക്ഷണവും വിയോജന സ്വാതന്ത്ര്യാവകാശവും കോർപറേറ്റ് കടന്നാക്രമണത്തെ ചെറുക്കാനുള്ള പ്രതിരോധ ക്ഷമതയും വിളംബരം ചെയ്യുന്നതായിരിക്കണം ഈ പൊതുമിനിമം പരിപാടി. കോൺഗ്രസിനെയോ രാഹുലിനെയോ മാറ്റിനിർത്തി ഒരു കോൺഗ്രസ് ഇതര സഖ്യമുണ്ടാക്കി ബി.ജെ.പിയെ നേരിട്ടാൽ ആ പാർട്ടി വീണ്ടും അധികാരത്തിൽ വരും. ഇത്തരം എപ്പിസോഡുകൾ അപ്പോൾ ഉത്തരോത്തരം വർധിക്കുകയും ചെയ്യും.
രാഹുൽ ഗാന്ധിയോ കുടുംബത്തിലെ മറ്റാരെങ്കിലുമോ വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച് ജനാധിപത്യത്തിന്റെ പ്രതിരോധത്തിനായി പ്രതിപക്ഷത്തെ ആസകലം ഐക്യത്തോടെ അണിനിരത്താൻ കോൺഗ്രസ് മുൻകൈ എടുക്കണം.
കഴിഞ്ഞ ദിവസം (മാർച്ച് 27,2023) ‘ദ ഹിന്ദു' വിൽ പ്രസിദ്ധ ചരിത്രകാരനായ ഹർബൻസ് മുഖിയ എഴുതിയ ലേഖനത്തിൽ മുന്നോട്ടുവെച്ച നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്. രാഹുൽ- മോദി പോരാട്ടത്തേക്കാളും കേവലം മോദി -അദാനി ബന്ധം ഉയർത്തിയുള്ള പടയേക്കാളും അത്യധികം വലിയ തെരഞ്ഞെടുപ്പങ്കമാണ് 2024- ൽ നടക്കാൻ പോകുന്നത്. അത് ജനാധിപത്യവും ഏകാധിപത്യവും തമ്മിലുള്ള തെരഞ്ഞെടുപ്പു യുദ്ധമാണ്. ബി. ജെ. പി. യും മോദിയും ആഗ്രഹിക്കുന്നത് മറ്റ് പ്രധാന പ്രശ്‌നങ്ങളെല്ലാം അഗണ്യകോടിയിൽ തള്ളി, വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ വെറും മോദി- രാഹുൽ പോരാട്ടമായി ചുരുക്കാനാണ്. രാഹുൽ ഗാന്ധിയോ കുടുംബത്തിലെ മറ്റാരെങ്കിലുമോ വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച് ജനാധിപത്യത്തിന്റെ പ്രതിരോധത്തിനായി പ്രതിപക്ഷത്തെ ആസകലം ഐക്യത്തോടെ അണിനിരത്താൻ കോൺഗ്രസ് മുൻകൈ എടുക്കണം. ഭരണഘടനാ സ്ഥാപനങ്ങളെയും മീഡിയയെപ്പോലും നിയന്ത്രിക്കും വിധം ഈ സ്വേച്ഛാധിപത്യം പടരുകയാണ്. പ്രതിപക്ഷ പാർട്ടികൾക്ക് അവർക്ക് അർഹതയുളളതിനേക്കാൾ ആവശ്യങ്ങൾ കോൺഗ്രസ് സമ്മതിച്ചു കൊടുക്കണം. ഇതിലാണ് രാജ്യതന്ത്രജ്ഞതയുള്ളത്. ഇത് രാജ്യത്തിനുവേണ്ടിയും രാഷ്ട്രത്തിന്റെ ഏറ്റവും സുപ്രധാന മുതൽക്കൂട്ടായ ജനാധിപത്യത്തിനുവേണ്ടിയുമുള്ള ത്യാഗമാണ്. സ്വതാല്പര്യം ഊട്ടിയുറപ്പിക്കുന്നതിനേക്കാൾ ആത്മത്യാഗത്തിന് ഇന്ത്യൻ സമൂഹത്തിൽ മഹനീയമായ മൂല്യമുണ്ട്. ▮