രക്ഷകന്മാർ തമ്മിലുള്ള മത്സരത്തിൽ
​ഫാഷിസത്തെ തോൽപ്പിക്കാനാവില്ല

പല ജനാധിപത്യ രാഷ്ട്രീയ വിഷയങ്ങളിലും പുരോഗമനപരമായ നിലപാടെടുക്കാൻ പ്രസ്ഥാനങ്ങളെ ചരിത്രം നിർബന്ധിതരാക്കും. അത്തരത്തിലൊരു തിരുത്തൽ പരിമിതമായെങ്കിലും സ്വീകരിക്കാൻ നിർബന്ധിതരാകുന്ന ചരിത്രസന്ധിയിലാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം.

ന്ത്യൻ ജനാധിപത്യം തോറ്റുപോയൊരു സമരമാണോ എന്ന് കാലം അടയാളപ്പെടുത്തുന്നത് നാം ജീവിച്ചിരിക്കുന്ന ഇക്കാലത്തിന്റെ കണക്കെടുപ്പിലൂടെയായിരിക്കും എന്നത് ചരിത്രസന്ധികളിൽ ജീവിക്കാനുള്ള ഭാഗ്യമോ നിർഭാഗ്യമോ ആണ്. ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ഓരോ ദിവസവും കടന്നുപോകുന്നത് ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ഒരു കല്ലെങ്കിലും തകർത്തിട്ടുകൊണ്ടാണ്. എങ്ങനെയാണ് തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ ഒരു സമഗ്രാധിപത്യ ഭരണകൂടമായും സമ്പൂർണമായ ഫാഷിസ്റ്റ് ഭരണകൂടമായും കൃത്യമായ ആസൂത്രണത്തോടെ രൂപം മാറുന്നതെന്ന് ഇന്ത്യ കണ്ടുകൊണ്ടിരിക്കുകയാണ്. യാതൊരുവിധ സംശയങ്ങളുമില്ലാത്ത ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ കൈപ്പുസ്തകം ഇന്ത്യൻ ഭരണഘടനയുടെ മുകളിൽ അമർത്തിവെച്ചുകഴിഞ്ഞു. ജനാധിപത്യ മതേതര ഭരണഘടനയുടെ ഞെരക്കങ്ങളാണ് നാമിപ്പോൾ ഇടയ്‌ക്കൊക്കെ കേൾക്കുന്ന പൗരാവകാശങ്ങളും ജനാധിപത്യമൂല്യങ്ങളും മതേതരത്വവുമെല്ലാം പാളിനോക്കുന്ന വർത്തമാനങ്ങൾ. ബഹുസ്വര പൗരസമൂഹത്തിന്റെയും വൈവിധ്യങ്ങളുടെ സ്വാതന്ത്ര്യത്തിന്റെയും അടിത്തറയിൽ പണിതുയർത്താൻ തുനിഞ്ഞിറങ്ങിയ ഇന്ത്യ എന്ന ആശയം വീണ്ടെടുപ്പിന് കഴിയാത്തവണ്ണം അവസാനിക്കുകയാണോ എന്നതൊരു അലങ്കാരസ്ഥൂലമായ ആശങ്കയാണെന്ന സന്ദേഹത്തിൽ നിന്നും പുതിയ സ്വാഭാവികതയായി (The New Normal) സ്ഥാപിക്കപ്പെട്ടുകഴിഞ്ഞു. അതിനെ തിരിച്ചറിയാനും തടയാനുമുള്ള ശേഷി ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏതെങ്കിലും ഭാഗത്ത് അവശേഷിക്കുന്നുണ്ടോ എന്നതാണ് ഇനിയുള്ള ഒരേയൊരു പ്രശ്‌നം.

നിലവിലുള്ള നിയമവാഴ്ചയുടെ സംവിധാനങ്ങളിലൂടെ ഹിന്ദുത്വ ഫാഷിസം ജനാധിപത്യത്തിന്റെയും അതിന്റെ ജീവശ്വാസമായ വിമതശബ്ദങ്ങളെയും ഇല്ലാതാക്കുന്നതിന്റെ ഏറ്റവും പുതിയ അധ്യായമാണ് നടക്കുന്നത്.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവ് രാഹുൽ ഗാന്ധിയെ ഒരു അപകീർത്തി കുറ്റാരോപണത്തിൽ ഗുജറാത്തിലെ സൂറത്തിലെ ഒരു കോടതി രണ്ടു വർഷത്തെ തടവിന് ശിക്ഷിക്കുന്നതും ആ വിധിയുടെ മഷിയുണങ്ങും മുമ്പ് അയാളെ പാർലമെൻറ്​ അംഗത്വത്തിൽ നിന്ന്​ അയോഗ്യനാക്കി വിജ്ഞാപനം പുറപ്പെടുവിക്കുന്നതും ചട്ടപ്പടി നോക്കിയാൽ നിയമവാഴ്ചയാണ്. ശിക്ഷിക്കപ്പെട്ടയാൾക്ക് മേൽക്കോടതിയിൽ ഹർജി നൽകാം. കുറ്റവിമുക്തനാക്കപ്പെടുകയോ അല്ലെങ്കിൽ ശിക്ഷ ശരിവെക്കപ്പെടുകയോ ചെയ്യാം. കുറ്റവാളികൾക്ക് ഇന്ത്യൻ പാർലമെന്റിൽ സ്ഥാനമില്ല എന്ന ഉന്നതമായ നീതിസാരം നടപ്പാക്കപ്പെടുന്നതിന്റെ വേഗതയാലോചിച്ച് രാജ്യത്തിനു പുളകം കൊള്ളാം. നമ്മുടെ ഭാവിയെ എടുത്തുകാട്ടുന്ന ഇതിലേറെ വ്യക്തമായ മറ്റൊരു സംഭവമില്ല. നിലവിലുള്ള നിയമവാഴ്ചയുടെ സംവിധാനങ്ങളിലൂടെ ഹിന്ദുത്വ ഫാഷിസം ജനാധിപത്യത്തിന്റെയും അതിന്റെ ജീവശ്വാസമായ വിമതശബ്ദങ്ങളെയും ഇല്ലാതാക്കുന്നതിന്റെ ഏറ്റവും പുതിയ അധ്യായമാണ് നടക്കുന്നത്. അതിന്റെ കൃത്യതയും സൂക്ഷ്മതയും ഇന്ത്യയുടെ അവസാനജീവനിൽ ഭയപ്പെടുത്തുന്ന മരവിപ്പിനെയാണ് കയറ്റിവിടുന്നത്.

ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധി

ഹിന്ദുത്വ ഫാഷിസ്റ്റ് പ്രത്യയശാസ്ത്രം ഇന്ത്യയിൽ പ്രവർത്തിക്കുന്നതും അതിന്റെ രാഷ്ട്രീയാധികാരത്തിലേക്കെത്തുന്നതും ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെയും ഭരണകൂടങ്ങളുടെയും ആഗോള ചരിത്രത്തിന്റെ സ്വഭാവവിശേഷങ്ങൾ മിക്കതും അകത്തും പുറത്തും പേറിക്കൊണ്ടുതന്നെയാണ്. എന്നാൽ അതിനു യൂറോപ്യൻ ഫാഷിസത്തിന്റെ ചരിത്രത്തിൽ നിന്നുള്ള ചില ഭിന്നരൂപങ്ങളുണ്ട്. അതിന്റെ വളർച്ച ഹിന്ദുത്വ ഫാഷിസത്തിന്റെ തനിമകൾ പേറുന്നതുമാണ്. യൂറോപ്യൻ ഫാഷിസ്റ്റ് മുന്നേറ്റങ്ങൾ തങ്ങളുടെ രാഷ്ട്രീയാധികാരത്തിലേക്കെത്തുന്നതിനെടുത്ത കാലയളവ് വളരെ ചെറുതായിരുന്നു. ഫാഷിസ്റ്റ് ഭരണകൂടസ്ഥാപനത്തിനു മുമ്പുതന്നെ യൂറോപ്പ് അതിനുവേണ്ട തരത്തിൽ പാകമായ ഒരു രാഷ്ട്രീയ-സാമൂഹ്യാവസ്ഥയിലേക്ക് അതിവേഗം എത്തിയിരുന്നുവെങ്കിലും അതിലേക്ക് ഒരു സംഘടിത രൂപം എന്ന നിലയിലുള്ള ഫാഷിസ്റ്റ്/നാസി രാഷ്ട്രീയത്തിന്റെ ഇടപെടൽ വളരെ കുറച്ചുകാലം മാത്രമേ എടുത്തിരുന്നുള്ളു. മാത്രവുമല്ല, യൂറോപ്പും ലോകവും അതിഗുരുതരമായ ആഭ്യന്തരക്കുഴപ്പങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോയിരുന്ന ദശാബ്ദങ്ങളായിരുന്നു അവയെല്ലാം. വ്യാവസായിക മുതലാളിത്തവും ശേഷം ധന മൂലധനവും അവയുടെ ചരിത്രപരമായ അടിത്തറയുറപ്പിക്കലിനുവേണ്ടി ഹിംസാത്മകമായ ചൂഷണം അതിഭീകരമായ രീതിയിൽ നടത്തുകയായിരുന്നു. ജനാധിപത്യത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ ബൂർഷ്വാസിയുടെ ഉദാര ജനാധിപത്യത്തിന്റെ രൂപഘടനകളിലേക്കുപോലും എത്തിയിരുന്നില്ല. കൊളോണിയലിസം ഒരു ലോകക്രമായിരുന്നു. വംശീയതയും വര്ണവെറിയും യൂറോപ്പിന്റെ അടയാളങ്ങളായിരുന്നു. ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തിനു തഴച്ചുവളരാൻ പാകത്തിൽ വൈരുധ്യങ്ങളുടെയും കുഴപ്പങ്ങളുടെയും അസംതൃപ്തികളുടെയും അന്ധമായ ഏറ്റുമുട്ടലുകളിൽ ചീറ്റിത്തെറിച്ച രക്തംകൊണ്ട് ഫലഭൂയിഷ്ഠമായ മണ്ണായിരുന്നു യൂറോപ്പ്. രാഷ്ട്രീയാധികാരത്തിലേക്ക് കയറിയിരിക്കുക എന്നത് യൂറോപ്യൻ ഫാഷിസത്തിന്റെ അവകാശമായി. ജനിച്ചയുടനെ വളർന്നുവലുതായ പുരാണകഥകളിലെ അതിമാനുഷരെപ്പോലെയായിരുന്നു യൂറോപ്യൻ ഫാഷിസം. തെരഞ്ഞെടുപ്പുകളും ജനാധിപത്യവുമൊക്കെയായി അവർക്കുണ്ടായത് വളരെ ഹ്രസ്വമായ ഇടപാടുകൾ മാത്രമായിരുന്നു. ഹിംസയുടെ നാനാവിധരൂപങ്ങൾ ഭരണകൂടത്തിന് പുറത്തുള്ളതിനേക്കാൾ അകത്തിരുന്നാണ് അവർ ഉപയോഗിച്ചത്.

ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ വേഗതയോടും സൂക്ഷ്മവും ആസൂത്രിതവുമായ രാഷ്ട്രീയ പദ്ധതികളോടും ചെറുത്തുനിൽക്കാനോ അതിനെ തിരിച്ചറിയാൻ പോലുമോ കഴിയാത്തവിധത്തിൽ ബലഹീനരായിരുന്നു മുഖ്യധാര മതേതര രാഷ്ട്രീയകക്ഷികൾ

എന്നാൽ, ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ നാൾവഴികൾ അതിദീർഘവും ബഹുവിധങ്ങളായ സാഹചര്യങ്ങളോടെറ്റുമുട്ടി രൂപപ്പെട്ടതുമാണ്. കൊളോണിയൽ വിരുദ്ധ ദേശീയ വിമോചനസമരവുമായി അതിനൊരുതരത്തിലും ബന്ധമുണ്ടായിരുന്നില്ല. എന്നുമാത്രമല്ല, ബ്രിട്ടീഷ് ഭരണത്തിനനുകൂലമായ നിലപാടുകളായിരുന്നു അവർ എടുത്തുകൊണ്ടിരുന്നത്. രാഷ്ട്രീയാധികാരം എന്നത് തങ്ങളുടെ അജണ്ടയിലുള്ള ഒന്നായി ആർ എസ് എസ് അന്നൊന്നും വലുതായി ഭാവിച്ചിരുന്നുമില്ല. ഇന്ത്യൻ സമൂഹത്തിന്റെ ശുദ്ധീകരണവും ഒപ്പം ഹിന്ദുത്വവത്ക്കരണവുമെന്ന രാഷ്ട്രീയ പദ്ധതിയെപ്പോലും ഒരു സാമൂഹ്യ-സാംസ്‌കാരിക പരിപാടിയിയായി പൊതിഞ്ഞായിരുന്നു അവർ പലപ്പോഴും അവതരിപ്പിച്ചിരുന്നത്. സ്വാതന്ത്ര്യത്തിനു ശേഷവും നേരിട്ടും പ്രത്യക്ഷമായും രാഷ്ട്രീയാധികാരത്തിനു വേണ്ടിയുള്ള മത്സരത്തിൽ പങ്കെടുക്കാൻ ആർ.എസ്.എസ് തന്ത്രപരമായ വിമുഖതയും പ്രകടിപ്പിച്ചു. അതുകൊണ്ടുതന്നെ ഹിന്ദു മഹാസഭയും ജനസംഘുമൊക്കെ പലപ്പോഴായി കനത്ത തിരിച്ചടികൾ നേരിട്ടപ്പോഴും അത് തങ്ങളുടെ ഹിന്ദുത്വവത്ക്കരണത്തിന്റെയും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സാമൂഹ്യസ്വീകാര്യതയുടെ പൊതുമണ്ഡല സൃഷ്ടിയുടേയും പരിപാടികളെ ഏതെങ്കിലും തരത്തിൽ ബാധിക്കാതിരിക്കാനുള്ള സുരക്ഷാകവചമായി അതിനെ മാറ്റി.

ഇന്ത്യയുടെ രാഷ്ട്രീയമണ്ഡലം അതിന്റെ ദേശീയ വിമോചന സമരചരിത്രത്തിൽ നിന്നും അതിവേഗത്തിൽ അകന്നുപോവുകയും കൊളോണിയൽ വിരുദ്ധ സമരത്തിന്റെ ബഹുസ്വരമായ പുരോഗമന, മതേതര ധാരകൾ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ രാഷ്ട്രീയാധികാരത്തിൽ തങ്ങളുടെ പങ്ക് പറ്റുകയും ജനവിരുദ്ധമായ അതലങ്ങളിലേക്ക് ആണ്ടിറങ്ങുകയും ചെയ്ത ഘട്ടത്തിലാണ് ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയം നേരിട്ടുള്ള രാഷ്ട്രീയാധികാരത്തിനു വേണ്ടിയുള്ള ഇടപെടലുകൾക്ക് സമയമായി എന്ന് തൊട്ടറിയുന്നത്. അതിനുശേഷമുള്ള കാലം ഇന്ത്യൻ സമൂഹത്തിന്റെ എല്ലാ മേഖലകളിലും വിട്ടുവീഴ്ചയില്ലാത്ത കടന്നുകയറ്റവും പടർന്നുകയറലും ആക്രമണവും നടത്തിയ ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ വേഗതയോടും സൂക്ഷ്മവും ആസൂത്രിതവുമായ രാഷ്ട്രീയ പദ്ധതികളോടും ചെറുത്തുനിൽക്കാനോ അതിനെ തിരിച്ചറിയാൻ പോലുമോ കഴിയാത്തവിധത്തിൽ ഗുണത്തിലും ഗണത്തിലും ബലഹീനരായിരുന്നു ഇന്ത്യയിലെ മുഖ്യധാര മതേതര രാഷ്ട്രീയകക്ഷികൾ എന്നതാണ് വസ്തുത.

ബാബരി മസ്ജിദ് തകർക്കുന്നതിന് തലേന്ന് പിക്കാസുകളും ഹാമറുകളുമായി സംഘം ചേർന്ന കർസേവകർ / ഫോട്ടോ: പ്രവീൺ ജയിൻ/ ദി പ്രിൻറ്, ദി പയനിയർ.

ഇന്ത്യൻ നാഷണൽ കോൺഗ്രസ് മാത്രമല്ല കോൺഗ്രസിനെതിരായ മതേതര പ്രതിപക്ഷത്തിന്റെകൂടി രാഷ്ട്രീയ ദൗർബ്ബല്യങ്ങൾ കോൺഗ്രസിന്റെ തകർച്ചയ്ക്കൊപ്പം വെളിപ്പെട്ടുകൊണ്ടിരുന്നു. ഇന്ത്യൻ ജനാധിപത്യം നേരിട്ട അന്നുവരെയുള്ള ഏറ്റവും കനത്ത ആക്രമണമായിരുന്ന അടിയന്തരവാസ്ഥ പ്രഖ്യാപനവും അതിനെത്തുടർന്നുള്ള ഭീകരമായ ഭരണകൂട അടിച്ചമർത്തലുകളും കഴിഞ്ഞുനടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യൻ ജനത ജനാധിപത്യത്തിന്റെ പുനഃസ്ഥാപനത്തിനു തങ്ങളെക്കൊണ്ടാവുന്ന വിധത്തിൽ കോൺഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പരാജയപ്പെടുത്തി. എന്നാൽ അധികാരത്തിലെത്തിയ കോൺഗ്രസ് ഇതര കക്ഷികൾക്ക് യാതൊരുവിധത്തിലുമുള്ള രാഷ്ട്രീയ ഐക്യമോ ബദൽ പരിപാടികളോ അവതരിപ്പിക്കാൻ കഴിഞ്ഞില്ല. ഇന്ത്യൻ ജനാധിപത്യത്തിന്റെ മാർഗ്ഗരേഖയായി മാറേണ്ട, പുതിയ ജനാധിപത്യസമൂഹ നിർമ്മിതിക്കുവേണ്ട അടിത്തറയാകേണ്ടിയിരുന്ന ഒരു ചരിത്രസന്ധിയിൽ അവർ ദയനീയമായ വിധത്തിൽ പരാജയപ്പെട്ടുപോയി. ഇതിനെത്തുടർന്ന് കോൺഗ്രസ് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ വീണ്ടും അധികാരത്തിലെത്തിയെങ്കിലും അത് കോൺഗ്രസിന്റെ ചരിത്രപരമായ തകർച്ചയെ മറികടന്നുകൊണ്ടോ അതിജീവിച്ചുകൊണ്ടോ ആയിരുന്നില്ല, ഒരു ബദലില്ലാത്ത നിരാശയിൽ ഇന്ത്യൻ ജനത നൽകിയ താത്ക്കാലിക ആശ്വാസമായിരുന്നു.

അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് ശേഷം, 1975 ജൂൺ 27ന് പ്രസിദ്ധീകരിച്ച 'ദ ഹിന്ദു' ദിനപത്രത്തിന്റെ ആദ്യ പേജ് / Photo: thehinducentre.com

ഇരുപതാം നൂറ്റാണ്ടിന്റെ അവസാന രണ്ടു ദശകങ്ങൾ മുഴുവൻ സംഘപരിവാറിന്റെ മുക്കാൽ നൂറ്റാണ്ടു നീണ്ട ഹിന്ദുത്വവത്ക്കരണ പ്രക്രിയയുടെ ഏറ്റവും പ്രകടമായ പദ്ധതികളായിരുന്നു അരങ്ങേറിയത്. അത് ഹിന്ദുത്വത്തിന്റെ രാഷ്ട്രീയപരിപാടികളെ ഇന്ത്യൻ ജനാധിപത്യത്തിന്റെ താഴ്ന്നുകൊണ്ടിരുന്ന പ്രതിരോധങ്ങളെ പൊളിച്ചുകൊണ്ട് കപടമായ ജനാധിപത്യമര്യാദകൾക്കുള്ളിൽക്കൂടി ശക്തമായി പ്രതിഷ്ഠിച്ചു. ടെലിവിഷനിൽ രാമായണവും മഹാഭാരതവും സംസ്‌കാരത്തിന്റെ ദൃശ്യങ്ങളായെങ്കിൽ അനുപൂരകമായി തെരുവുകളിൽ ജയ് ശ്രീരാം പ്രായപൂർത്തിയായ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ യുദ്ധാക്രോശമായി നിറഞ്ഞു. അദ്വാനിയുടെ രഥയാത്രയുടെ വഴികളിൽ മുഴുവൻ ഇന്ത്യയെന്ന ബഹുസ്വര ജനാധിപത്യ മതേതര രാഷ്ട്രത്തിന്റെ രക്തവും മാംസവും ചിതറിത്തെറിച്ചു. ഇന്ത്യൻ ജനാധിപത്യത്തിനു മുകളിൽ സമഗ്രാധിപത്യ ഭരണകൂടത്തിനെ സ്ഥാപിക്കാൻ ഇന്ദിരാഗാന്ധിയും കോൺഗ്രസും നടത്തിയ പരാജയപ്പെട്ട ശ്രമത്തിനേക്കാൾ എത്രയോ സൂക്ഷ്മവും കൃത്യവുമായിരുന്നു സംഘപരിവാർ പദ്ധതി. അതിന് ഏതാണ്ട് മുക്കാൽ നൂറ്റാണ്ടുകാലത്തെ സമയമെടുത്തെങ്കിലും ഹിന്ദു ഇന്ത്യ അവർക്കായി തയ്യാറായിക്കഴിഞ്ഞിരുന്നു.

അതിനാടകീയമായ സാമൂഹ്യപ്രകടനങ്ങളും കുറ്റബോധമില്ലാതെ ഹിംസയും കൃത്യമായ ഇടവേളകളിൽ നൽകിക്കൊണ്ടാണ് ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയം 2014-ലെ നരേന്ദ്ര മോദിയിലേക്ക് എത്തിയത്. അപ്പോഴേക്കും സാമ്പ്രദായിക മതേതര കക്ഷികൾ വെറും കാഴ്ചക്കാരായി മാറിയിരുന്നു.

ഹിന്ദുത്വവത്ക്കരിക്കപ്പെട്ട ഭൂരിപക്ഷ സമൂഹത്തിലേക്ക് രാഷ്ട്രീയാധികാരത്തിന്റെ അജണ്ട സ്വാഭാവികമായും ആദ്യപരിഗണനയായി കടന്നുവരും. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള, ബി.ജെ.പിക്ക് കേവലഭൂരിപക്ഷമുള്ള സർക്കാർ 2014-ൽ അധികാരത്തിലെത്തുമ്പോഴേക്കും അത്തരത്തിലൊരു രാഷ്ട്രീയാധികാരം എങ്ങനെയാണ് തങ്ങൾ വിനിയോഗിക്കാൻ പോകുന്നത് എന്നതിന്റെ സൂചനകൾ പൊതുസമൂഹത്തിന് നൽകിയിരുന്നു. അതിലേറെ ശക്തമായ ഉറപ്പ് തങ്ങളുടെ ഹിന്ദുത്വവത്ക്കരിക്കപ്പെട്ട സംഘടിതരും അസംഘടിതരുമായ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും അതിന്റെ സൈനികവത്ക്കരിക്കപ്പെട്ട, ഹിംസയെ സ്വാഭാവികമായ ഹിന്ദുത്വ നീതിയാക്കി സ്വീകരിച്ച ഭൂരിപക്ഷ ഹിന്ദുസമൂഹത്തിലെ വലിയൊരു വിഭാഗത്തിനുള്ളിലേക്കും അവർ നൽകി. ഗുജറാത്തിൽ 2002-ൽ നടന്ന മുസ്​ലിം വംശഹത്യയടക്കം ഇതിന്റെ പ്രകടനങ്ങളായിരുന്ന. അതിനാടകീയമായ സാമൂഹ്യപ്രകടനങ്ങളും കുറ്റബോധമില്ലാതെ ഹിംസയും കൃത്യമായ ഇടവേളകളിൽ നൽകിക്കൊണ്ടാണ് ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയം 2014-ലെ നരേന്ദ്ര മോദിയിലേക്ക് എത്തിയത്. അപ്പോഴേക്കും സാമ്പ്രദായിക മതേതര കക്ഷികൾ വെറും കാഴ്ചക്കാരായി മാറിയിരുന്നു.

അദ്വാനിയുടെ രഥയാത്രയുടെ വഴികളിൽ മുഴുവൻ ഇന്ത്യയെന്ന ബഹുസ്വര ജനാധിപത്യ മതേതര രാഷ്ട്രത്തിന്റെ രക്തവും മാംസവും ചിതറിത്തെറിച്ചു

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഒരു ഹിന്ദുത്വ ഭരണകൂടമായി മാറുന്നത് വളരെ സ്വാഭാവികമായി നോക്കിക്കാണാൻ കഴിയുന്നവിധത്തിൽ ഈ ‘പുത്തൻ സ്വാഭാവികത' അടിയുറച്ചുകഴിഞ്ഞിരുന്നു. ഇന്ത്യയിലെ സാമ്പ്രദായിക മതേതര കക്ഷികളായ കോൺഗ്രസും , സോഷ്യലിസ്റ്റ് കക്ഷികളും പിന്നീട് അതിൽ നിന്നും പിരിഞ്ഞുകിളിർത്ത ജാതിരാഷ്ട്രീയാധിഷ്ഠിത കക്ഷികളും, ഇടതുപക്ഷ രാഷ്ട്രീയ കക്ഷികളും ഹിന്ദുത്വ ഫാഷിസത്തിന്റെ രാഷ്ട്രീയാധികാര പദ്ധതിയോട് എങ്ങനെ പ്രതികരിക്കണമെന്നറിയാതെ സാവകാശം അവരുടെ കളിനിയമങ്ങളിലേക്ക് ചേർന്നുപോവുകയാണ് ചെയ്തത്.

ഹിന്ദുത്വ ഫാഷിസം അധികാരത്തിലെത്തുമ്പോൾ നേരിട്ട് അവരുമായി ഏറ്റുമുട്ടേണ്ടാത്ത ഇടങ്ങളിൽപ്പോലും തകർന്നുപോവുകയായിരുന്നു ഇടതുപക്ഷം.

ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയം ഏറ്റവും കടുത്ത ആക്രമണം നടത്തുന്നൊരു കാലത്ത് അതിനെതിരെയുള്ള രാഷ്ട്രീയസമരത്തിൽ ഏറ്റവും മുന്നിൽ നിൽക്കുകയും അതൊരു അടിയന്തര രാഷ്ട്രീയ പരിപാടിയായി രാജ്യമാകെ പടർത്തുകയും ചെയ്യേണ്ട ചരിത്രപരമായ ചുമതല നിർവ്വഹിക്കേണ്ട കമ്മ്യൂണിസ്റ്റ് പാർട്ടികളെ നോക്കിയാൽ തീവ്രവലതുപക്ഷത്തിന്റെ വിജയത്തിനുള്ള ഇന്ധനം എങ്ങനെയാണ് ശേഖരിക്കപ്പെടുന്നത് എന്ന് മനസിലാകും. ഹിന്ദുത്വ ഫാഷിസം അധികാരത്തിലെത്തുമ്പോൾ നേരിട്ട് അവരുമായി ഏറ്റുമുട്ടേണ്ടാത്ത ഇടങ്ങളിൽപ്പോലും തകർന്നുപോവുകയായിരുന്നു ഇടതുപക്ഷം. ഇടതുപക്ഷത്തിന്റെ തകർച്ചയിൽ നിന്ന്​ ആ ഇടത്തിലേക്ക് എങ്ങനെയാണ് ഹിന്ദുത്വ രാഷ്ട്രീയം കടന്നുകയറിയത് എന്നതിന് പശ്ചിമ ബംഗാളും ത്രിപുരയും ഉദാഹരണങ്ങളാണ്.

ഇത് ഇടതുപക്ഷത്തിന്റെ കാര്യത്തിൽ മാത്രമല്ല, ജാതി,സ്വത്വവാദ രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ അധികാര രാഷ്ട്രീയത്തിൽ നിലയുറപ്പിച്ച വടക്കേ ഇന്ത്യയിലെ രാഷ്ട്രീയകക്ഷികളും സമാനമായ തകർച്ച നേരിട്ടു. ബി.എസ്.പി പോലൊരു ദലിത് കക്ഷിക്ക് തങ്ങളുടെ ദലിത് പിന്തുണ ബി.ജെ.പിക്കുള്ള വോട്ടായി പോകുന്നതിന് നിസ്സഹായമായി സാക്ഷ്യം വഹിക്കേണ്ടിവരുന്നു. മാത്രവുമല്ല ഇന്ത്യയിലെ അപൂർവ്വം ചില കക്ഷികളോ മുന്നേറ്റങ്ങളോ ഒഴിച്ചല് ദലിത് രാഷ്ട്രീയത്തിന്റെ തെരഞ്ഞെടുപ്പ് ഇടപെടലുകളെ തങ്ങൾക്കൊപ്പം നിർത്താൻ സംഘപരിവാറിന്റെ ‘വിശാല ഹിന്ദു' രാഷ്ട്രീയത്തിന് കഴിയുകയും ചെയ്തിട്ടുണ്ട്.

Photo : Mayawati, FB

സ്വാഭാവികമായും സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയാധികാരത്തിന്റെ ഫാഷിസ്റ്റ് ഭരണകൂടത്തിലേക്കുള്ള ക്രമാനുഗതമായ മാറ്റം വലിയ പ്രതിഷേധങ്ങളൊന്നുമില്ലാതെയാണ് അപൂർവ്വം ചില സന്ദർഭങ്ങളിലൊഴിച്ചാൽ ഇന്ത്യയിൽ നടക്കുന്നത് എന്നതാണ് വാസ്തവം. ഇപ്പോൾ രാഹുൽ ഗാന്ധിയെ പാർലമെൻറ്​ അംഗത്വത്തിൽ നിന്ന്​ അയോഗ്യനാക്കുന്നതിലേക്ക് എത്തിയ, അതായത് പ്രതിപക്ഷത്തെ ജനാധിപത്യപ്രക്രിയയുടെ നിയമപരമായി ബാക്കിനിൽക്കുന്ന മണ്ഡലങ്ങളിൽനിന്നുകൂടി ഒഴിവാക്കുന്ന പരിപാടിയിലേക്ക് സംഘപരിവാർ പ്രവേശിക്കുന്നത് അതിനുമുമ്പ് ഇന്ത്യൻ സമൂഹത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ അവകാശങ്ങളിൽ കടുത്ത ആക്രമണവും അധിനിവേശവും നടത്തിയതിനു ശേഷമാണ്.

മുസ്​ലിംകൾക്കെതിരായ ആൾക്കൂട്ട ആക്രമണങ്ങൾ അടക്കമുള്ള നേരിട്ടുള്ള ആക്രമണങ്ങളിലൂടെ തുടങ്ങി ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെയും ഭരണകൂട ഭീകരതക്കെതിരെയും രാഷ്ട്രീയപ്രതിഷേധം ഉയർത്തിയ മനുഷ്യാവകാശ, സാമൂഹ്യ പ്രവർത്തകർ, ബുദ്ധിജീവികൾ, സർവ്വകലാശാലകളിലെ വിദ്യാർത്ഥി മുന്നേറ്റങ്ങൾ, സർവ്വകലാശാലകളുടെ ബൗദ്ധികസ്വതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം എന്നിവക്കെല്ലാം നേരെ കനത്ത ആക്രമണം അഴിച്ചുവിട്ടതിനു ശേഷമാണ് സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയാധികാരം പ്രതിപക്ഷ കക്ഷികളിലെ പ്രധാന നേതാവിലേക്ക് എത്തിയത്.മേൽപ്പറഞ്ഞ സന്ദർഭങ്ങളിലെല്ലാം ഇന്ത്യയിൽ ഉയർന്നുവന്ന പ്രതിഷേധങ്ങളുടെ സ്വഭാവവും അവയുടെ വ്യാപ്തിയും എന്തായിരുന്നു എന്നുകൂടി നാമോർക്കണം. ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയകക്ഷികൾ നേരിട്ട് നേതൃത്വം നൽകിയ ഒരു വൻ പ്രതിഷേധം പോലും ഇന്ത്യയുടെ തെരുവുകൾ കണ്ടില്ല. ചെറിയ പ്രസ്താവനകൾ, അപൂർവ്വമായി പാർലമെന്റിലെ ചില ചോദ്യങ്ങൾ, ചുരുക്കം ചില ഐക്യദാർഢ്യപ്രകടനങ്ങൾ എന്നിങ്ങനെ മാത്രമായിരുന്നു പ്രതിപക്ഷനിരയുടെ പ്രതികരണങ്ങൾ. മോദി സർക്കാരിനെ കേവലമൊരു സർക്കാർ മാറ്റം മാത്രമായി കാണുകയാണ് മിക്ക പ്രതിപക്ഷ കക്ഷികളും ചെയ്തത്. ഇന്ത്യ എന്ന ആശയം തന്നെ മാറുകയാണെന്നും രാജ്യം അതിന്റെ അവസാനത്തിന്റെ ആരംഭത്തിലാണെന്നും തിരിച്ചറിയാതിരിക്കാനുള്ള മത്സരത്തിലായിരുന്നു മിക്ക കക്ഷികളും.

ഇപ്പോൾ പ്രതിപക്ഷത്തുള്ള പല കക്ഷികൾക്കും ബി.ജെ.പിയോടോ സംഘ്പരിവാറിനോടോ പ്രത്യയശാസ്ത്രപരമായ വിയോജിപ്പുപോലും മുൻകാലങ്ങളിൽ നിലനിർത്താൻ കഴിഞ്ഞിരുന്നില്ല എന്നതാണ് വസ്തുത.

ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനഘടനയുടെ ഭാഗവും ഇന്ത്യ എന്ന മതേതര റിപ്പബ്ലിക്കിന്റെ രാഷ്ട്രീയമൂല്യബോധവുമായ മതേതരമായ പൗരത്വം എന്നതിനെ ഇല്ലാതാക്കുകയും മതാടിസ്ഥാനത്തിൽക്കൂടി പൗരത്വത്തിനുള്ള മാനദണ്ഡങ്ങൾ ഉൾപ്പെടുത്തുകയും ചെയ്ത കേന്ദ്ര സർക്കാർ നടപടിക്കെതിരായി രാജ്യത്തിന്റെ പലയിടങ്ങളിലും നടന്ന സമരങ്ങളെല്ലാം തന്നെ ജനാധിപത്യ പൗരസമൂഹത്തിലെ വിവിധ സംഘങ്ങളുടെയോ അഥവാ സംഘടിതമല്ലാത്ത പൗരപ്രതിഷേധങ്ങളുടെയോ ഭാഗമായി നടന്നതായിരുന്നു. മുഖ്യധാരാ രാഷ്ട്രീയകക്ഷികൾ ഐക്യദാർഢ്യ പ്രസ്താവനകളും സമരവേദി സന്ദർശനവുമൊക്കെയായി കഴിഞ്ഞുപോന്നു. ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ, ജമ്മു കാശ്മീരിനെ, ആ സംസ്ഥാനത്തിന്റെ അനുമതി പോലുമില്ലാതെ, പാർലമെന്റിൽ ചർച്ച പോലും നടത്താതെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും സംസ്ഥാന പദവി എടുത്തുകളയുകയും ചെയ്തപ്പോൾ ഇന്ത്യയിലെങ്ങും വലിയ ജനകീയ പ്രതിഷേധങ്ങൾ ഉയർത്തേണ്ടതിനു പകരം ഹിന്ദുത്വ രാഷ്ട്രീയവും മോദി സർക്കാരും ഇട്ടുകൊടുത്ത രാജ്യസ്‌നേഹത്തിന്റെയും ദേശസുരക്ഷയുടെയും കുരുക്കിൽപ്പോയി തലവെക്കുകയോ അല്ലെങ്കിൽ നിശബ്ദമായി തടി കേടാകാതെ പതിവ് പ്രസ്താവന തന്ത്രങ്ങളുമായി ഒതുങ്ങുകയോ ചെയ്യുകയായിരുന്നു മിക്ക പ്രതിപക്ഷ കക്ഷികളും. ജമ്മു കാശ്മീരിനെ ഇന്ത്യൻ യൂണിയനിൽ കൂട്ടിച്ചേർക്കുമ്പോൾ ഉണ്ടാക്കിയ ഉടമ്പടിയും ഇന്ത്യയുടെ ജനാധിപത്യ ഭരണഘടന നൽകിയ പ്രത്യേകാവകാശവും മോദി സർക്കാർ ഇല്ലാതാക്കിയപ്പോൾ അത് ഇന്ത്യയെന്ന ദേശരാഷ്ട്രത്തിന്റെ അടിസ്ഥാനഘടനയെ തകർക്കുകയാണ് എന്നതിന്റെ ഗൗരവമുള്ള വലിയ ജനകീയ പ്രതിഷേധങ്ങളൊന്നും രാജ്യത്തുണ്ടായില്ല. ഭീമ കോരേഗാവ്/എൽഗാർ പരിഷദ് കേസിലടക്കമുള്ള രാഷ്ട്രീയത്തടവുകാരുടെ കാര്യത്തിലടക്കം കടുത്ത പൗരാവകാശ ലംഘനങ്ങൾ നടക്കുമ്പോഴൊക്കെയും മുഖ്യധാര പ്രതിപക്ഷം ചട്ടപ്പടി പ്രസ്താവന പ്രതിഷേധങ്ങൾ മാത്രമാണ് നടത്തിയത്.

ഇത്തരത്തിൽ നീണ്ടുകിടക്കുന്ന ആസൂത്രിതമായ ഹിന്ദുത്വ രാഷ്ട്രീയ പദ്ധതിയുടെ ഒരു അങ്കം മാത്രമാണ് രാഹുൽ ഗാന്ധിയെ അപകീർത്തിക്കേസിൽ ശിക്ഷിച്ചതും പാർലമെന്റ് അംഗത്വത്തിൽ നിന്ന്​ അയോഗ്യനാക്കിയതും. ആ വിഷയത്തിൽ നമുക്ക് മുന്നിൽ വിശകലനത്തിന് രണ്ടു സാധ്യതകളുണ്ട്. ഒന്ന് നിയമപരമായി ഈ അപകീർത്തി കേസിലെ വിധി നിലനിൽക്കുന്നതാണോ, ന്യായമാണോ എന്നും തുടർന്നുള്ള പാർലമെൻറ്​ അംഗത്വത്തിൽ നിന്നുള്ള അയോഗ്യതയുടെ നിയമപ്രശ്‌നങ്ങളും. മറ്റൊന്ന് ഇത്തരത്തിലൊരു സാഹചര്യത്തിലേക്കെത്തിച്ച രാഷ്ട്രീയ അജണ്ടയും അതിന്റെ ചരിത്രപരമായ വികാസവും. ആദ്യത്തേതാണ് നമ്മൾ അവലംബിക്കുന്ന വിശകലനരീതിയെങ്കിൽ അതുവളരെ എളുപ്പമാണ്. കാരണം അതൊരു കോടതി വ്യവഹാരം മാത്രമാണ്. രണ്ടാമത്തെ വഴിയിലൂടെ പോകുമ്പോൾ മാത്രമാണ് നിങ്ങൾക്ക് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ക്രമാനുഗതമായ രാഷ്ട്രീയാധികാര യാത്രയുടെ ലക്ഷ്യം എത്രത്തോളം അടുത്താണ് എന്ന് തിരിച്ചറിയാനാകൂ.

ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയ പദ്ധതിയെ ഇത്തരത്തിലൊരു സമഗ്രതയിൽ കാണാതിരിക്കുകയും കേവലം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ചില സമവാക്യങ്ങളും അടവുകളികളുമാക്കി ചുരുക്കുകയും ചെയ്തതുകൊണ്ടാണ് ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയം ഇത്രയും സുഗമമായി ഇന്ത്യയിൽ മുന്നേറിയത്. ഇപ്പോൾ പ്രതിപക്ഷത്തുള്ള പല കക്ഷികൾക്കും ബി.ജെ.പിയോടോ സംഘ്പരിവാറിനോടോ പ്രത്യയശാസ്ത്രപരമായ വിയോജിപ്പുപോലും മുൻകാലങ്ങളിൽ നിലനിർത്താൻ കഴിഞ്ഞിരുന്നില്ല എന്നതാണ് വസ്തുത. തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ ബി ജെ പി കടന്നാക്രമണം നടത്തുമെന്ന നില വന്നപ്പോഴാണ് പല കക്ഷികളും ബി ജെ പി വിരുദ്ധ നിലപാടിലേക്ക് തിരിഞ്ഞത്. ഇതൊക്കെയാണെകിൽക്കൂടി പുതിയ സാഹചര്യം ഒരു ബി ജെ പി വിരുദ്ധ പ്രതിപക്ഷ നിരയുടെ സാധ്യതയിലേക്ക് നയിക്കുന്നുണ്ട്.

അത്തരത്തിലൊരു പ്രതിപക്ഷ ഐക്യ സാധ്യതയാണ് രാഹുൽ ഗാന്ധിയുടെ ശിക്ഷാവിധിക്കുശേഷം ഉരുത്തിരിയുന്നത്. ഇതാദ്യമായാണ് മുഖ്യധാരാ രാഷ്ട്രീയ നേതൃത്വത്തിലെ ഒരാൾ, അതും കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരാളെ അയാളുടെ പാർലമെന്ററി രാഷ്ട്രീയ പ്രവർത്തനം അസാധ്യമാക്കുന്ന വിധത്തിലുള്ള ഒരു ആക്രമണത്തിലേക് ബി ജെ പി എത്തുന്നത്. ഇതുവരെയും സാമ്പത്തിക കുറ്റകൃത്യങ്ങളും അഴിമതിയാരോപണ ങ്ങളുമൊക്കെയായിരുന്നു പ്രതിപക്ഷത്തിന് നേരെയുള്ള നടപടികളുടെ മറയെങ്കിൽ ഇന്നിപ്പോൾ വളരെ പ്രകടമായ അടിച്ചമർത്തലിലേക്ക് നീങ്ങുകയാണ്. ഇത് തങ്ങളെയും തേടിവരും എന്നത് പ്രതിപക്ഷത്തെ എല്ലാ കക്ഷികളും മനസ്സിലാക്കുന്നുണ്ട്. കോൺഗസിനിത് അത്രയേറെ മനസ്സിലായിരുന്നില്ല, അല്ലെങ്കിൽ മനസിലായതായി അവർ ഭാവിച്ചിരുന്നില്ല. പ്രതിപക്ഷ ഐക്യത്തിനുള്ള ശ്രമങ്ങളെയെല്ലാം തമസ്‌കരണം കൊണ്ടും നിസ്സഹകരണം കൊണ്ടും തള്ളിക്കളയുകയായിരുന്നു കോൺഗസ് ചെയ്തത്. കോൺഗ്രസിന്റെ ആധിപത്യവും മേൽക്കോയ്മയും അംഗീകരിച്ചുവന്നാൽ തങ്ങൾ കൂടെക്കൂട്ടാം എന്നൊരു നിലപാടാണ് അവരെടുത്തത്. ഇന്ത്യയിൽ മുഴുവനും സാന്നിധ്യമുള്ള രാഷ്ട്രീയ കക്ഷിയാണെങ്കിലും തെരഞ്ഞെടുപ്പ് രംഗത്ത് മറ്റു പല പ്രാദേശിക രാഷ്ട്രീയ കക്ഷികളേക്കാളും പിറകിലാണ് ചുരുക്കം ചില സംസ്ഥാനങ്ങളിലൊഴിച്ചാൽ കോൺഗസ്. മുന്നണി ബന്ധങ്ങളില്ലാതെ അവർക്ക് ബി ജെ പിക്കെതിരെ കനത്ത വെല്ലുവിളിയുയർത്താവുന്ന സംസ്ഥാനങ്ങളും വിരളമാണ്. മാത്രവുമല്ല ബി ജെ പിയുടെ വരവിലേക്ക് വഴിതെളിക്കുന്ന പാതയിൽ അതിനു സഹായകമായ തരത്തിൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഗതിവിഗതികളിൽ ജീർണ്ണമായ രാഷ്ട്രീയവിഴുപ്പുകൾ കോൺഗ്രസിന്റേതായുണ്ട്. ഇതിനെയെല്ലാം സ്വയം വിമർശനപരമായി തിരിച്ചറിയാനുള്ള കെല്പ് ആ സംഘടനയ്ക്കില്ല. അത് സാധ്യവുമല്ല. കാരണം ആന്തരികമായ ജനാധിപത്യവത്ക്കരണത്തിന് സാധ്യമല്ലാത്ത വിധത്തിൽ അത് ചരിത്രപരമായ ശോഷണം നേരിട്ട് കഴിഞ്ഞു. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇപ്പോഴുള്ള അവസ്ഥയെ ഗുണപരമായി ഉപയോഗിക്കാനുള്ള രാഷ്ട്രീയആർജ്ജവം കോൺഗസ് കാണിക്കേണ്ടിയിരിക്കുന്നു. അതിനു പകരം മോദിക്ക് ബദൽ രാഹുൽ എന്ന മട്ടിലുള്ള ഗുസ്തിയാണ് വീണ്ടും ആരംഭിക്കുന്നതെങ്കിൽ അത് സംഘപരിവാർ ആഗ്രഹിക്കുന്ന തെരഞ്ഞെടുപ്പ് കളം ഒരുക്കുകയായിരിക്കും.

തുഗ്ലക് ലേയിനിലെ 12 ആം നമ്പർ വസതി രാഹുൽ ഗാന്ധി ഒഴിയുന്നു. ഔദ്യോഗിക വസതി ഒഴിയാം എന്ന് വ്യക്തമാക്കി രാഹുൽ ലോക്‌സഭ സെക്രട്ടറിയേറ്റിന് നൽകിയ കത്ത്.

ലോകത്ത് മറ്റെവിടെയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന് ഇത്ര സുഗമമായി ഭരിക്കാനും തങ്ങളുടെ നയങ്ങൾ നടപ്പാക്കാനും കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. ഇന്ത്യയിലെ പ്രതിപക്ഷത്തിന്റെ പാപ്പരത്തമാണ് ഇത് കാണിക്കുന്നത്. ബ്രസീൽ, യു.എസ്.എ, തുർക്കി, ഫ്രാൻസ്, ഇസ്രായേൽ എന്നിങ്ങനെ ഏതു രാജ്യത്തായാലും വലതുപക്ഷ, നവ ഉദാരീകരണ നയങ്ങൾക്കെതിരെ നാനാതരത്തിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്. ജയവും തോൽവിയും മറ്റൊരു വിഷയമാണ്. ചരിത്രത്തിൽ എല്ലായ്‌പ്പോഴും തെരുവുകളിൽ ഉയരുന്ന തീ അന്നത്തെ അത്താഴത്തിനു വേണ്ടിയല്ല, അത് ഭാവിയുടെ ഭക്ഷണത്തെയാണ് വേവിച്ചെടുക്കുന്നത്. ഇന്ത്യൻ തെരുവുകളെ നോക്കൂ, അവിടെ തീയും പുകയുമില്ലാതെ പൂച്ച പെറ്റു കിടക്കുകയാണ്.

ഇന്ത്യയിലെ ഭരണഘടനാ കോടതികൾക്കെതിരെ, അവയുടെ ഭരണഘടനാനുസൃതമായ സ്വതന്ത്രാധികാരത്തിനെതിരെ വലിയ കടന്നാക്രമണമാണ് സംഘപരിവാറും കേന്ദ സർക്കാരും നടത്തുന്നത്. ഭരണഘടനാ കോടതികളിലെ ന്യായാധിപന്മാരെ നിയമിക്കാനുള്ള, സുപ്രീം കോടതിക്ക് മേൽക്കൈയുള്ള ‘കൊളീജിയം' സംവിധാനത്തെ പൊളിച്ചുകൊണ്ട് കേന്ദ്ര സർക്കാരിന്/എക്‌സിക്യൂട്ടീവിന് ന്യായാധിപ നിയമനാധികാരത്തിൽ മേൽക്കൈ വേണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര നിയമന്ത്രിയടക്കമുള്ളവർ തുടർച്ചയായ ഏറ്റുമുട്ടൽ നടത്തുകയാണ്. ന്യായാധിപ നിയമനങ്ങൾക്കും സ്ഥലം മാറ്റങ്ങൾക്കുമുള്ള കൊളീജിയം ശുപാർശകൾ കേന്ദ്ര സർക്കാർ തുടർച്ചയായി മടക്കുകയും തീരുമാനമെടുക്കാതെ വൈകിപ്പിക്കുകയും ചെയ്യുന്നു. ഇതിനെതിരെ സുപ്രീം കോടതി പലതവണ കടുത്ത ഭാഷയിൽ പ്രതികരിച്ചിട്ടും യാതൊരു ഫലവുമില്ല. പലപ്പോഴും സംഘപരിവാറിന് വേണ്ടപ്പെട്ടവരെ ഹൈക്കോടതി,സുപ്രീം കോടതി ന്യായാധിപന്മാരായി നിയമിക്കുന്നു. ന്യായാധിപ നിയമനങ്ങളിലെ സുതാര്യതയും കേന്ദ്ര സർക്കാർ ഇടപെടലുകളും സംബന്ധിച്ച് നടത്തിയ ഒരു സെമിനാറിൽ പങ്കെടുത്ത സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ചില ന്യായാധിപന്മാരെ കേന്ദ്ര നിയമന്ത്രി ‘രാജ്യത്തെ തകർക്കുന്ന സംഘങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നവരെന്ന്' ആക്ഷേപിച്ച്​ ‘അവർക്കെതിരെ നടപടിയെടുക്കും' എന്ന് പരസ്യമായി ഭീഷണിപ്പെടുത്തുക കൂടിയുണ്ടായി. ഭരണഘടനയുടെ ‘അടിസ്ഥാന ഘടന പ്രമാണം' (Basic structure doctrine ) ഉപേക്ഷിക്കണമെന്നും പാർലമെന്റിനും എക്‌സിക്യൂട്ടീവിനുമാണ് പരമാധികാരമെന്നും നിയമന്ത്രിയും വൈസ് പ്രസിഡന്റുമടക്കമുള്ളവർ നിരന്തരം പറയുന്നു. ഇത്രയൊക്കെയായിട്ടും ഇന്ത്യയുടെ തെരുവുകളിൽ എന്തെങ്കിലും പ്രതിഷേധമുണ്ടോ?

കർഷക സമരവും പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരവും മാറ്റിനിർത്തിയാൽ വലിയ തോതിലുള്ള ജനകീയ സമരങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇപ്പറഞ്ഞ രണ്ടു സമരങ്ങൾപ്പോലും ദേശീയമായ മാനങ്ങളുണ്ടാക്കാൻ പൂർണമായും കഴിഞ്ഞവയല്ല എന്നതാണ് വസ്തുത.

Photo : Menahem Kahana/AFP

ഇതല്ല ലോകത്തെല്ലായിടത്തും നടക്കുന്നത്. തികഞ്ഞ വലതുപക്ഷ രാഷ്ട്രീയ മേധാവിത്തമുള്ള ഇസ്രയേലിൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ കക്ഷികളുടെ സഖ്യകക്ഷി സർക്കാർ സുപ്രീം കോടതിയുടെ സ്വതന്ത്രാധികാരം ഇല്ലാതാക്കാനും പാർലമെന്റിലെ കേവല ഭൂരിപക്ഷത്തിൽ സുപ്രീം കോടതിയുടെ ഏതു വിധിയും മറികടക്കാനുമടക്കമുള്ള പരിഷ്‌ക്കാരങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നതിനെതിരെ ഇസ്രയേലിൽ ഉയരുന്ന ബഹുജനപ്രതിഷേധം ആ രാജ്യത്തിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ ജനമുന്നേറ്റങ്ങളിലൊന്നാണ്. ബഹുജന പ്രക്ഷോഭത്തിനൊപ്പം അണിചേർന്ന്​തൊഴിലാളി സംഘടനകൾ പണിമുടക്കുകയാണ്. ഫ്രാൻസിൽ ഇമ്മാനുവേൽ മാക്രോണിന്റെ സർക്കാർ പാർലമെന്റിനെ മറികടന്ന്​ നടപ്പാക്കിയ പെൻഷൻ പ്രായ വര്ധനവിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിൽ പതിനായിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. തൊഴിലാളി സംഘടനകളും മറ്റ് ബഹുജനസംഘടനകളും ഒത്തൊരുമിച്ചാണ് സമരം നടത്തിയത്. ബ്രസീലിൽ ബോൽസനാരോയുടെ തീവ്രവലതുപക്ഷ നയങ്ങൾക്കെതിരെയും ഭരണകൂട ഭീകരതക്കെതിരെയും വലിയ ജനമുന്നേറ്റമാണ് ഉണ്ടായത്.

ഇന്ത്യയെ നോക്കൂ, കർഷക സമരവും പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരവും മാറ്റിനിർത്തിയാൽ വലിയ തോതിലുള്ള ജനകീയ സമരങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇപ്പറഞ്ഞ രണ്ടു സമരങ്ങൾപ്പോലും ദേശീയമായ മാനങ്ങളുണ്ടാക്കാൻ പൂർണമായും കഴിഞ്ഞവയല്ല എന്നതാണ് വസ്തുത. ഹിന്ദുത്വ ഫാഷിസത്തിന്റെ രാഷ്ട്രീയാധികാരത്തിനെ വലിയ തോതിൽ ഉലയ്ക്കാൻ അവയ്ക്ക് കഴിഞ്ഞില്ല. ഇത്രയും നിസംഗമായും നിരുത്തരവാദിത്തപരമായും ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിന്റെ മരണരംഗം നോക്കിനിൽക്കുന്ന പ്രതിപക്ഷത്തിന് ഇനിയെങ്കിലും തെരഞ്ഞെടുപ്പ് തന്ത്രങ്ങളിലെങ്കിലും തെരുവുകളിലിറങ്ങാൻ ബാധ്യതയുണ്ട്.

Photo: Facebook / Rahul Gandhi

രാഹുൽ ഗാന്ധിയിൽ രക്ഷകനെ കണ്ടെത്തുന്ന തരത്തിലുള്ള ഒന്നാണ് സംഘപരിവാറിനെതിരായ രാഷ്ട്രീയ പതിരോധമെങ്കിൽ അത് തുടങ്ങുമ്പോഴേ പരാജയപ്പെടുന്ന ഒന്നായിരിക്കും. അത് രാഹുൽ ഗാന്ധിയുടെ ദോഷമോ ഗുണമോ കൊണ്ടല്ല. ചരിത്രപരമായി അയാൾക്ക് അത്തരത്തിലൊരു വേഷം അഭിനയിക്കാനുള്ള ഇടമില്ല എന്നതുകൊണ്ടാണ്. രക്ഷകന്മാർ തമ്മിലുള്ള മത്സരത്തിൽ ഫാഷിസത്തെ തോൽപ്പിക്കാനാവില്ല. ജനങ്ങളുടെ കൂട്ടായ രാഷ്ട്രീയബോധത്തിലും ജനാധിപത്യ സമൂഹത്തിനായുള്ള തുറന്ന നിലപാടുകളിലും ഊന്നിനിന്നുകൊണ്ടു മാത്രമേ ഫാഷിസത്തിനെതിരായ ചെറുത്തുനിൽപ്പ് സാധ്യമാകൂ.

ബി.ജെ.പിയും മോദി സർക്കാരും ജനാധിപത്യ വിരുദ്ധതയുടെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞു എന്നതിൽ സംശയമില്ല. അതിലേക്ക് വളരെ വേഗത്തിൽ അവരെ പ്രേരിപ്പിച്ച ഒന്ന് കോർപ്പറേറ്റ് കൂട്ടുകെട്ട് കൂടിയാണ്. അദാനിയുടെ വ്യാപാര സാമ്രാജ്യം കെട്ടിപ്പടുത്തത് മുഴുവൻ ബി.ജെ.പിയുടെ കേന്ദ്ര സർക്കാർ നൽകിയ നിയമവിരുദ്ധമായ പിന്തുണയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ഉന്നത ബി.ജെ.പി നേതൃത്വത്തിനുകൂടി പങ്കുള്ള അഴിമതിയിലൂടെയുമാണെന്ന ആരോപണം ഹിൻഡൻബെർഗ് റിപ്പോർട്ടിന് ശേഷം വളരെ ശക്തമാണ്. ഈ വിഷയത്തിൽ പാർലമെന്റിൽ എന്തെങ്കിലും ചർച്ച നടക്കുന്നതിനെപ്പോലും സർക്കാർ ഭയക്കുന്നു. അതുകൊണ്ടാണ് രാഹുൽ ഗാന്ധി ലണ്ടനിൽ നടത്തിയ പ്രസംഗത്തിലെ, ഇന്ത്യയിൽ ജനാധിപത്യം തകർന്നു എന്ന പരാമർശത്തിൽ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഭരണകക്ഷി നേരിട്ട് പാർലമെന്റ് സ്തംഭിപ്പിച്ചത്. ഇത്രയും വൈരുധ്യം നിറഞ്ഞൊരു അസംബന്ധം അരങ്ങേറ്റാൻ ബി ജെ പിക്ക് ധൈര്യമുണ്ടാകുന്നത് പാര്‌ലമെന്റിനെയോ അതിലെ ചർച്ചകളെയോ ഒക്കെ ഗൗരവത്തിലെടുക്കുന്ന ഒരു സമൂഹം ഇന്ത്യയിലില്ല എന്നതുകൊണ്ടാണ്. പാർലമെന്റിനെ കുറെ കോടീശ്വരന്മാരുടെയും അവസരവാദികളുടെയും കോർപ്പറേറ്റുകളുടെ ബിനാമികളുടെയും താവളമാക്കി മാറ്റിയിട്ട് എത്രയോ നാളുകളായി. അതുകൊണ്ടുതന്നെ ജനങ്ങൾ അതിൽനിന്നുമൊക്കെ ഏറെ അകലെയാണ്. അവരോട് നരേന്ദ്ര മോദി സംസാരിക്കുന്ന ഭാഷ വെറുപ്പിന്റെയും പകയുടെയുമാണ്. അത് കേൾക്കാൻ അവരവിടെ മൈതാനങ്ങളിൽ ഇന്നലെവരെയുമുണ്ടായിരുന്നു എന്നും നമ്മൾ മറന്നുകൂടാ. ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടിത്തറ ഭരണകൂടത്തിന്റെ രാഷ്ട്രീയാധികാരം മാത്രമല്ല, വലിയ തോതിലുള്ള ജനപിന്തുണ കൂടിയാണ്. അതിനോട് സംവദിക്കാനുള്ള രാഷ്ട്രീയഭാഷകൂടിയാണ് ഇന്ത്യയിലെ മുഖ്യധാരാ പ്രതിപക്ഷം കണ്ടെത്തേണ്ടത്.

Photo : Mint

ബോഫോഴ്‌സ് അഴിമതി വിഷയത്തിന്റെ എല്ലാ നൂലാമാലകളും സാധാരണ ഇന്ത്യക്കാരെ ബോധ്യപ്പെടുത്തിയാണോ 1989-ൽ അന്നത്തെ പ്രതിപക്ഷം രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിനെ തോൽപ്പിച്ചത്? അല്ല. എന്നാൽ കോൺഗ്രസിന് ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷവുമായി അധികാരത്തിലെത്തിയ ആ സർക്കാർ ഇന്ത്യയുടെ ജനാധിപത്യത്തിനും സംസ്ഥാനങ്ങളുടെ ഫെഡറൽ അധികാരങ്ങൾക്കും ഭീഷണിയാണെന്നും അഴിമതിയിൽ മുങ്ങിക്കുളിച്ചെന്നും ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ഒരു രാഷ്ട്രീയ നിലപാടും രൂപപ്പെടുത്തിയെടുക്കാൻ അന്നത്തെ ദേശീയ മുന്നണിക്ക് കഴിഞ്ഞു. ലോക്‌സഭയിൽ നിന്നും പ്രതിപക്ഷ അംഗങ്ങൾ ഒന്നടങ്കം രാജിവെച്ചതുപോലെ ഭാവനാത്മകമായ പ്രതിഷേധങ്ങൾ രാജ്യത്താകെ വലിയ ഇളക്കങ്ങളുണ്ടാക്കി. ബോഫോഴ്‌സ് കരാർ എന്തുതന്നെയായാലും ‘ഗലി ഗലി മേം ശോർ ഹേ, രാജീവ് ഗാന്ധി ചോർ ഹേ' എന്ന മുദ്രാവാക്യം ഗ്രാമങ്ങളിലെ കുട്ടികൾപ്പോലും പാടുന്ന അവസ്ഥയിലെത്തി. ബോഫോഴ്സും രാജീവ് ഗാന്ധിയും ചർച്ചയാകാമെങ്കിൽ, ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ഒരു സർക്കാരിനെ താഴെയിറക്കാമെങ്കിൽ അദാനിയും മോദിയും ചർച്ചയാക്കാനും അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിക്കാനും കഴിയണം. കോൺഗ്രസിന്റെ ചരിത്രപരമായ പതനത്തിന്റെ കാലത്തിലല്ല ഇന്ന് ബി.ജെ.പിയുള്ളതെന്നും ബി.ജെ.പിക്ക് കോൺഗ്രസിൽ നിന്നും വ്യത്യസ്തമായി ഹിന്ദുത്വ വർഗീയവാദത്തിന്റെ തെരഞ്ഞെടുപ്പുകൾക്ക് അപ്പുറമുള്ള അടിത്തറയുണ്ടെന്നതും വിസ്മരിക്കുന്നില്ലെങ്കിലും.

സമഗ്രാധിപത്യ മുന്നേറ്റങ്ങൾ, ഫാഷിസ്റ്റ് സംഘങ്ങൾ എങ്ങനെയാണ് ജനാധിപത്യ പ്രക്രിയയെ തങ്ങൾക്കായി ദുരുപയോഗിക്കുന്നതെന്നും എങ്ങനെയാണ് അവയെ ഉപയോഗിച്ചുതന്നെ ജനാധിപത്യത്തെ തകർക്കുന്നതെന്നും ഹന്നാ ആറൻറ്​ (The Origins of Totalitarianism) നിരീക്ഷിക്കുന്നുണ്ട്: ‘സമഗ്രാധിപത്യ മുന്നേറ്റങ്ങൾ ജനാധിപത്യ സ്വാതന്ത്ര്യങ്ങളെ അവയെ റദ്ദാക്കാനായി ഉപയോഗിക്കുകയും ദുരുപയോഗിക്കുകയും ചെയ്യുന്നു'. ഇന്ത്യയിൽ ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയം നിലവിലെ ജനാധിപത്യസാധ്യതകളെ മുഴുവനും ഉപയോഗിക്കുകയും ദുരുപയോഗിക്കുകയും ചെയ്യുന്നത് അവയെ തകർക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണെന്ന് നാൾക്കുനാൾ വ്യക്തമാവുന്നുണ്ട്. ഈ ചരിത്രസന്ധിയെ സമാനതകളില്ലാത്ത പ്രതിസന്ധിയായി തിരിച്ചറിയാനുള്ള രാഷ്ട്രീയധാരണ ഇന്ത്യയിലെ പ്രതിപക്ഷം പ്രകടിപ്പിച്ചില്ല എന്നതുതന്നെയാണ് വസ്തുത. അതിന് അവയുടെ വർഗ താത്പര്യങ്ങളും സങ്കുചിതമായ അവസരവാദവുമടക്കം പല കാരണങ്ങളുമുണ്ട്. എന്നാലിപ്പോൾ നിലനിൽപ്പുതന്നെ അപകടത്തിലായ ഒരു ഘട്ടത്തിൽ ജനാധിപത്യ ഇന്ത്യയെന്ന ഒരൊറ്റ അജണ്ടയിൽ പ്രതിപക്ഷത്തിന് പ്രായോഗികമായ ഒരു രാഷ്ട്രീയഐക്യം രൂപപ്പെടുത്താവുന്നതാണ്.

അദാനി വിഷയത്തിൽ നിരന്തരമായി ചോദ്യമുയർത്താനും ഭാരത് ജോഡോ യാത്രയിലൂടെ തന്റെ രാഷ്ട്രീയത്തിന്റെ മാനവികമായ മറ്റൊരു മുഖം കാണിക്കാനും രാഹുൽ ഗാന്ധി നടത്തിയ ശ്രമങ്ങളും ചെറുതല്ല.

അദാനി വിഷയത്തിൽത്തന്നെ എല്ലാ ചർച്ചയും ഒഴിവാക്കി തടിതപ്പാൻ ശ്രമിക്കുന്ന സർക്കാരിനെ രാജ്യം മുഴുവൻ പ്രചാരണം നടത്തി തുറന്നുകാട്ടാൻ പ്രതിപക്ഷത്തിന് കഴിയണം. ഇതിൽനിന്നും അവരെ തടയുന്ന ഒരു ഘടകം കേരളത്തിലെ വിഴിഞ്ഞം പോലെ അദാനിയുമായും മറ്റ് കോർപ്പറേറ്റ് കൊള്ളക്കാരുമായുമുള്ള ഏർപ്പാടുകളിൽ കൈമുക്കിയവരാണ് പ്രതിപക്ഷത്തും പലരുമെന്നതാണ്. എന്നാൽ ഇത്തരത്തിലൊരു പരുങ്ങലിനെ തന്റെ രാഷ്ട്രീയ പ്രതിരോധത്തിൽ നിന്നും ഒഴിവാക്കി എന്നതാണ് രാഹുൽ ഗാന്ധി നേടിയ വിജയമെന്നത് കാണാതെ പോകരുത്. അയാൾ കോൺഗ്രസിന്റെ തലപ്പത്തെത്തിയത് ജനാധിപത്യത്തിന്റെ എതിർവശത്തുനിന്നാണ് എന്ന യാഥാർത്ഥ്യം ഇന്ത്യയുടെ പൊതുവായ ജനാധിപത്യ ദൗർബല്യങ്ങളുടെ ഭാഗമാണ്. എന്നാൽ അതല്ല ഇപ്പോൾ ജനാധിപത്യ ചേരി നേരിടുന്ന പ്രധാന പ്രതിസന്ധി എന്നതുകൊണ്ട് രാഹുൽ ഗാന്ധി നേടുന്ന പരിമിതമായ സംവാദയിടം പോലും വിലപ്പെട്ടതാണ്. അദാനി വിഷയത്തിൽ നിരന്തരമായി ചോദ്യമുയർത്താനും ഭാരത് ജോഡോ യാത്രയിലൂടെ തന്റെ രാഷ്ട്രീയത്തിന്റെ മാനവികമായ മറ്റൊരു മുഖം കാണിക്കാനും അയാൾ നടത്തിയ ശ്രമങ്ങളും ചെറുതല്ല. ഇതൊന്നും കോൺഗ്രസിന്റെ വർഗ്ഗതാത്പര്യങ്ങളെയോ അത്രയൊന്നും വിദൂരമല്ലാത്ത യു.പി.എ ഭരണകാലത്തടക്കം അവരെടുത്ത ഭരണകൂട അടിച്ചമർത്തൽ നയങ്ങളെയോ വിസ്മൃതിയിലാക്കേണ്ടതില്ല. എന്നാൽ ഇനി തിരിച്ചുപോകാൻ കഴിയാത്തവിധത്തിൽ പല ജനാധിപത്യ രാഷ്ട്രീയ വിഷയങ്ങളിലും പുരോഗമനപരമായ നിലപാടെടുക്കാൻ പ്രസ്ഥാനങ്ങളെ ചരിത്രം നിർബന്ധിതരാക്കും. അത്തരത്തിലൊരു തിരുത്തൽ പരിമിതമായെങ്കിലും സ്വീകരിക്കാൻ നിർബന്ധിതരാകുന്ന ചരിത്രസന്ധിയിലാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം. അതിനെ അപ്പാടെ തള്ളിക്കളയുകയും വിശുദ്ധന്മാരുടെ മറ്റൊരു സൈന്യം വരാനുണ്ടെന്നും ഫാഷിസത്തെ അന്ന് തോൽപ്പിക്കാമെന്നുമാണ് കരുതുന്നതെങ്കിൽ ജനാധിപത്യത്തിന്റെ കുഴിമാടത്തിൽ വെക്കാനുള്ള പൂക്കളെക്കുറിച്ച് മാത്രമാണ് നമുക്ക് തർക്കിക്കേണ്ടി വരിക. ▮

Comments