‘ദില്ലി ചലോ’ കർഷക മാർച്ചിന്റെ നാലാം ദിവസമായ ഞായറാഴ്​ച വൈകീട്ട്​ ഡൽഹി- ഹരിയാന അതിർത്തിയിലെ സിംഗുവിൽ തമ്പടിച്ച കർഷകർ

ചമ്പാരനിൽ നിന്ന് കൊളുത്തുന്ന പുതിയ കർഷക സമരജ്വാല

2019 ലും പതിനായിരത്തിലധികം കർഷകർ ഇന്ത്യയിൽ ആത്മഹത്യ ചെയ്തു. കർഷക ആത്മഹത്യ ഒരു പ്രാദേശിക വാർത്ത പോലും അല്ലാതായിക്കഴിഞ്ഞ സന്ദർഭത്തിലാണ് ഗ്രാമങ്ങളിൽ നിന്ന് കർഷകർ സ്വന്തം നേതൃത്വം സ്വയം ഏറ്റെടുത്ത് സമരരംഗത്തേക്ക് ഇറങ്ങുന്നത്. ഈ പ്രക്ഷോഭങ്ങൾക്ക് ഒരു ബദൽ ആഗോളവത്ക്കരണ രാഷ്ട്രീയം കൂടിയുണ്ട്.

ബി.ജെ.പി ഗവണ്മെന്റിന്റെ കർഷകദ്രോഹ നിയമങ്ങൾക്കെതിരെ സംസ്ഥാനങ്ങളിൽ ഉയർന്നുവരുന്ന കർഷകരുടെ പ്രക്ഷോഭം പല കാരണങ്ങളാൽ ഗാന്ധി നയിച്ച കർഷക സമരങ്ങളെ ഓർമിപ്പിക്കുന്ന ഒന്നാണ്. സ്വന്തം ഭൂമിയിൽ എന്തു കൃഷി ചെയ്യണം, എങ്ങനെ കൃഷി ചെയ്യണം, സ്വന്തം ഉൽപ്പന്നങ്ങൾക്ക് എന്ത് വില കിട്ടണം തുടങ്ങിയ കർഷകരുടെ മൗലികമായ അവകാശങ്ങളെ നിഷ്‌ക്കരുണം എടുത്തുകളഞ്ഞ് ബ്രിട്ടീഷുകാർ ഇന്ത്യൻ കർഷകരെ അർദ്ധ പട്ടിണിക്കാരും അടിമകളുമാക്കി മാറ്റിയതിനെതിരെ ആയിരുന്നു ഗാന്ധി ചമ്പാരനിൽ നിന്ന് തന്റെ സമരത്തിന് തുടക്കം കുറിച്ചത്. ഈ തുടക്കം യഥാർത്ഥത്തിൽ ബ്രിട്ടീഷ് സാമ്രാജ്യവാഴ്ചയിൽ നിന്ന് നാടിനെ വീണ്ടെടുക്കുന്നതിനുള്ള ഇന്ത്യൻ കർഷകരുടെ പുതിയ ഉയിർത്തെഴുന്നേൽപ്പിന്റെ തുടക്കം കൂടിയായിരുന്നു.

ദില്ലി ചലോ മാർച്ചിൽ പങ്കെടുക്കാൻ പഞ്ചാബിൽ നിന്നുമെത്തിയ കർഷകർ

ഇന്നിപ്പോൾ നരേന്ദ്ര മോദി ഗവൺമെൻറ്​ ഏകപക്ഷീയമായി പാസാക്കിയെടുത്ത കാർഷിക നിയമങ്ങൾ ചെറുകിട കർഷക സമൂഹത്തെ ആഗോള കോർപ്പറേറ്റ് മുതലാളിത്തത്തിന് പൂർണമായും അടിമപ്പെടുത്തുന്നതിനുള്ള അധികാര പത്രങ്ങളാണ് എന്നുതന്നെ പറയേണ്ടിവരും. കാരണം, ഈ നിയമങ്ങൾ നടപ്പാകുന്നതോടെ ബ്രിട്ടീഷ് കോളനി വാഴ്ചക്കാലത്തെന്ന പോലെ കർഷകർക്ക് അവരുടെ ഭൂമിയിലും കൃഷിയിലും ഉൽപന്നങ്ങൾക്കും മേലുള്ള അവശേഷിക്കുന്ന അവകാശങ്ങൾ കൂടി ക്രമേണ എടുത്തു കളയപ്പെടുകയാവും ഫലത്തിൽ സംഭവിക്കുക.

ദൂരവ്യാപക ദുരിതങ്ങളുടെ മൂന്നു നിയമങ്ങൾ

ഇന്ത്യൻ കർഷക സമൂഹത്തെ ദുരിതങ്ങളിൽനിന്ന് കരകയറ്റാനെന്ന പ്രഖ്യാപനത്തോടെയാണ് നരേന്ദ്രമോദി ഗവർമെന്റ്​ പുതിയ മൂന്ന് നിയമങ്ങൾ പാസാക്കിയിരിക്കുന്നത്. എന്നാൽ ഈ നിയമങ്ങളിലൂടെ ബഹുഭൂരിപക്ഷം ചെറുകിട ദരിദ്ര കർഷക സമൂഹത്തിന്റെ ജീവിതത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് കാണാൻ വലിയ ഗവേഷണത്തിന്റെയൊന്നും ആവശ്യമില്ല. ജനങ്ങളുടെ രക്ഷക്കുവേണ്ടി എന്നുപറഞ്ഞ്​ നരേന്ദ്രമോദി ഒരു ചക്രവർത്തിയെ പോലെ ഇന്ത്യൻ ജനതക്കുമേൽ നിനച്ചിരിക്കാതെ നോട്ടുനിരോധനവും ലോക്ക്ഡൗണും അടിച്ചേൽപ്പിച്ചപ്പോൾ ഏറ്റവും അടിത്തട്ടിലെ പണിയെടുത്തു ജീവിക്കുന്ന സാധാരണക്കാരുടെ ജീവിതത്തിൽ എന്താണ് സംഭവിച്ചത് എന്ന് നാം കണ്ടതാണ്. ഈ പുതിയ നിയമങ്ങൾ ജനജീവിതത്തിൽ അതിനേക്കാൾ ദൂരവ്യാപക ദുരിതങ്ങൾക്കും ദുരന്തങ്ങൾക്കും കാരണമാകുന്ന ഘടനാപരമായ മാറ്റങ്ങൾക്കാണ് തുടക്കം കുറിക്കുന്നത്.

ട്രാക്​റ്ററുകളിൽ ഡൽഹിയിലേക്ക് വരുന്ന കർഷകർ

പ്രത്യക്ഷത്തിൽ കർഷക രക്ഷക്കാണ് എന്ന മട്ടിൽ നരേന്ദ്ര മോദി അവതരിപ്പിക്കുന്ന ഈ നിയമങ്ങൾ എന്താണ് ലക്ഷ്യം വക്കുന്നതെന്നും ചെറുകിട ദരിദ്ര കർഷക ലക്ഷങ്ങളുടെ ജീവിതത്തെ അവയെങ്ങനെയാണ് ബാധിക്കാൻ പോകുന്നതെന്നും വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഇപ്പോൾ നിലവിൽ വന്ന നിയമങ്ങളിൽ ഒന്നാമത്തേത് ( Promotion of farmers produce trade & commerce -Act 2020 ) നിലവിലുള്ള നിയന്ത്രണങ്ങളെ മറികടന്ന് കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് ഏറ്റവും നല്ല വില കിട്ടുന്ന, എവിടെ വേണമെങ്കിലും വിൽക്കാനുള്ള സ്വാതന്ത്ര്യം നൽകുന്ന ഒന്നാണെന്ന് നരേന്ദ്രമോദിയും കൂട്ടരും വാദിക്കുന്നു. നിലവിലുള്ള APMC (Agricultural Produce Market Committee ) പോലുള്ള വിപണി നിയന്ത്രണങ്ങൾ എടുത്തു കളയുകയും കാർഷികരംഗം സ്വതന്ത്ര വിപണിക്ക് തുറന്നുകൊടുക്കുകയും ചെയ്യുന്നതിലൂടെ കർഷകർക്ക് മെച്ചപ്പെട്ട വിപണി തെരഞ്ഞെടുക്കാനും വിലപേശാനുമുള്ള സ്വാതന്ത്ര്യം ഈ നിയമം മൂലം കൈവരുന്നു എന്നതാണ് ഈ നിയമത്തിന്റെ പൊരുൾ. രണ്ടാമത്തെ നിയമം (The Farmer Agreement of Price Assurance and Farm Service Act -2020 ) കാലാകാലമുണ്ടാകുന്ന വിലത്തകർച്ചമൂലം സംഭവിക്കുന്ന നഷ്ടങ്ങളിൽ നിന്ന് കർഷകരെ രക്ഷിക്കുന്ന ഒന്നാണ് എന്ന് ഇവർ വാദിക്കുന്നു. ഇതിനായി ഉൽപ്പന്നങ്ങൾക്ക് മുൻകൂർ വില നിശ്ചയിക്കുന്ന കരാർ കൃഷിയുടെ സുരക്ഷിതത്വത്തിലേക്ക് പ്രവേശിക്കാനുള്ള സുവർണാവസരം കൃഷിക്കാർക്ക് തുറന്നു കിട്ടുമത്രേ. മൂന്നാമത്തെ നിയമം (Essential Commodities Amendment Act ) 2020) നിലവിലുള്ള അവശ്യവസ്തു നിയമപ്രകാരമുള്ള നിയന്ത്രണങ്ങളിൽ അയവുവരുത്തി, അമിത വിലവർധനയുണ്ടാകുമ്പോഴുള്ള സർക്കാർ ഇടപെടൽ യുദ്ധവും മഹാമാരിയും പ്രകൃതി ദുരന്തവും പോലുള്ള ചില പ്രത്യേക സന്ദർഭങ്ങളിലേക്ക് മാത്രം പരിമിതപ്പെടുത്താനുള്ളതാണ്.

‘ദില്ലി ചലോ’ മാർച്ചിനിടെ റോഡരികിൽ റൊട്ടി ചുടുന്ന സമരക്കാർ

ചെറുകിട കർഷകരുടെ ചതിക്കുഴി

കർഷകർക്ക് കൂടുതൽ സ്വാതന്ത്ര്യവും അവസരങ്ങളും തുറന്നു കൊടുക്കാനെന്ന പേരിൽ കൊണ്ടുവന്ന ഈ നിയമങ്ങൾ പതിറ്റാണ്ടുകളായി ഇന്ത്യൻ ഭരണവർഗം നടപ്പാക്കിക്കൊണ്ടിരിക്കുന്ന നവലിബറൽ മുതലാളിത്ത നിയമങ്ങളുടെ കാർഷിക രംഗത്തേക്കുള്ള കടന്നുകയറ്റത്തിന്റെ പൂർത്തീകരണമാണെന്ന യാഥാർഥ്യം മറ്റു വാദമുഖങ്ങൾ കൊണ്ടൊന്നും മറച്ചുപിടിക്കാനാകാത്തവിധം വ്യക്തമാണ്. ഈ പുതിയ നിയമങ്ങളിലൂടെ സ്വതന്ത്ര കാർഷിക വിപണി നിലവിൽ വരുകയും കരാർ കൃഷിയിലേക്ക് കർഷകവൃത്തി പരിവർത്തിക്കുകയും ചെയ്യുമ്പോൾ ഇന്ത്യൻ കാർഷിക വ്യവസ്ഥക്കും കർഷക ജീവിതത്തിനും എന്താണ് ക്രമേണ സംഭവിക്കാൻ പോകുന്നതെന്ന് നോക്കാം.

ദേശീയപാതയിലിരുന്ന്​ ​​പ്രക്ഷോഭകർ ഭക്ഷണം കഴിക്കുന്നു

ഇന്ത്യൻ കർഷക സമൂഹത്തിൽ 86 % ത്തിലധികം ചെറുകിട ദരിദ്ര കർഷകരാണെന്ന്​കണക്കുകൾ വ്യക്തമാക്കുന്നു. പുതിയ നിയമങ്ങളിലൂടെ തുറക്കപ്പെടുന്ന സ്വതന്ത്ര വിപണിയിലേക്ക് സ്വന്തം നിലയിൽ പ്രവേശിക്കാൻ കരുത്തുള്ളവരല്ല ഈ ബഹുഭൂരിപക്ഷവും. ഉൽപ്പന്നങ്ങൾക്ക് ഏറ്റവും കൂടുതൽ വിലകിട്ടുന്ന ഏതു വിപണിയും തിരഞ്ഞെടുക്കാൻ കർഷകർക്ക് പുതിയ നിയമങ്ങൾ അവസരം നൽകുന്നു എന്ന് പറയുമ്പോൾ പരിമിതമായ സ്വന്തം ഉൽപ്പന്നങ്ങളുമായി വിപണികൾ തേടിപ്പോകാൻ കഴിവുള്ളവരല്ല ബഹുഭൂരിപക്ഷം കർഷകരും എന്ന യാഥാർഥ്യം വിസ്മരിക്കപ്പെടുകയാണ്. എ.പി.എം.സിക്കു പുറത്ത് കാർഷികോൽപന്നങ്ങൾ സംഭരിച്ച് വൻകിട കച്ചവടക്കാർക്കോ സംസ്‌കരണ ശാലക്കാർക്കോ കയറ്റുമതിക്കാർക്കോ എത്തിച്ചുകൊടുക്കുന്ന ഇടനിലക്കാരേയോ ഏജന്റുമാരേയോ കർഷകർക്ക് ഈ സാഹചര്യത്തിൽ ആശ്രയിക്കേണ്ടിവരുന്നു. അങ്ങനെ കമ്പോളത്തിലെ ചരക്കുകളുടെ ലഭ്യതയെ കുറിച്ചോ വിലനിലവാരത്തെ കുറിച്ചോ ഒരു ധാരണയുമില്ലാത്ത അജ്ഞരും അസംഘടിതരുമായ ചെറുകിട കൃഷിക്കാർക്ക് സ്വതന്ത്രരായ വൻകിട ഉപഭോക്താക്കളുടേയും അവരുടെ ഏജന്റുമാരുടേയും ചൂഷണ തന്ത്രങ്ങൾക്ക് കീഴ്പ്പെട്ട് കൂടുതൽ പാരതന്ത്ര്യത്തിലേക്ക് പതിക്കേണ്ടതായി വരും. മാത്രമല്ല സ്വതന്ത്ര വിപണി നിലവിൽ വരുന്നതോടെ ഇപ്പോൾ കർഷകർക്ക് ലഭിച്ചുവരുന്ന ‘താങ്ങുവില' എന്ന സംവിധാനം തന്നെ ക്രമേണ പിൻവലിക്കപ്പെടാനാണ് സാധ്യത.

ദില്ലി ചലോ മാർച്ചിൽ പങ്കെടുക്കാൻ വരുന്ന കർഷകരെ ഡൽഹി അതിർത്തിയിൽ പൊലീസ് തടഞ്ഞപ്പോൾ

86% ത്തിലധികം വരുന്ന ചെറുകിട ദരിദ്ര കർഷകരെ സംബന്ധിച്ച് സ്വതന്ത്ര വിപണിയെ പോലെത്തന്നെ കൊട്ടിഘോഷിക്കപ്പെടുന്ന കരാർ കൃഷി എത്രമാത്രം വിനാശകരമാണെന്ന് കാണാൻ നരേന്ദ്രമോദിക്കും കൂട്ടർക്കും മാത്രമേ കണ്ണില്ലാതുള്ളൂ. വിപണി കീഴടക്കുന്ന വൻകിട ഉപഭോക്താക്കൾ അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് കർഷകരെക്കൊണ്ട് കൃഷി ചെയ്യിക്കാനുള്ള കരാറിൽ ഏർപ്പെടുന്നതോടെ ചെറുകിട കർഷകർ അവരുടെ പ്രാകൃതമായ ജീവിതാവസ്ഥയിൽ നിന്ന് കരകയറുമെന്നാണ് ഇവർ പറയുന്നത്. സമന്മാർ തമ്മിലല്ലാത്ത ഈ കരാർകൃഷിക്കച്ചവടം ഒടുവിൽ ആർക്കനുകൂലമായിതീരുമെന്ന് ഊഹിക്കാൻ സാമാന്യബുദ്ധി മാത്രം മതി. വൻകിട ഉപഭോക്താവായ മേലാളനും ചെറുകിട കൃഷിക്കാരനായ കീഴാളനും തമ്മിലുള്ള കരാറിൽ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരമടക്കമുള്ള ഒരുനൂറു കാരണങ്ങൾ പറഞ്ഞ് മേലാളന് കരാർ ലംഘിക്കാൻ പഴുതുകളേറെയാണ്. ദരിദ്രരും നിരക്ഷരരുമായ ഭൂരിപക്ഷം വരുന്ന ഗ്രാമീണ കർഷകർക്ക് കരാർ ലംഘനത്തിനെതിരെ കോടതിയിൽ നിന്ന് നീതി നേടാൻ കഴിയുമെന്നു പറയുന്നതും അർത്ഥശൂന്യമാണ്.

‘ദില്ലി ചലോ’ മാർച്ചിൽനിന്ന്​

മാത്രമല്ല, കരാറുകാർക്കാവശ്യമുള്ള വിളകൾക്കുവേണ്ടി അവർ പറയുന്ന രീതിയിൽ കൃഷി ചെയ്യേണ്ടി വരുന്നതിലൂടെ ചെറുകിട കർഷകർക്ക് സ്വന്തം കൃഷിഭൂമിയിലും കാർഷിക വൃത്തിയിലുമുള്ള എല്ലാ സ്വാതന്ത്ര്യങ്ങളേയും പുതിയ മേലാളന്മാർക്ക് അടിയറ വെക്കേണ്ടതായും വരും. ചുരുക്കത്തിൽ, വിലത്തകർച്ചയിൽ നിന്ന് കൃഷിക്കാരനെ രക്ഷപ്പെടുത്താനെന്ന പേരിൽ ഉൽപ്പന്നത്തിന് മുൻകൂർ വില നിർണയിക്കുന്ന കരാർ കൃഷി സമ്പ്രദായം ചെറുകിട കൃഷിക്കാരനെ സംബന്ധിച്ച് ഒരു ചതിക്കുഴി ആണെന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു.

ഈ വിധത്തിൽ, നേരത്തെ സൂചിപ്പിച്ചതുപോലെ ആഗോള മൂലധന സാമ്രാജ്യ വ്യവസ്ഥ എല്ലാത്തരം കീഴാള ജീവിതങ്ങളേയും അതിന്റെ നവ ലിബറൽ നയങ്ങളിലൂടെ പൂർണമായി ഗ്രസിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ ഒരു മാതൃകയായി ഈ കർഷക വിരുദ്ധ നിയമങ്ങളെ കണക്കാക്കാം.

ബാരിക്കേഡുകൾക്കും ജലപീരങ്കികൾക്കും തടയാനാകാത്ത പോരാട്ടവീര്യം

ബ്രിട്ടീഷ് സാമ്രാജ്യത്വവും മോദി വാഴ്ചയും

ഇവിടെയാണ് ഇന്ത്യൻ കർഷകർക്കുമേൽ കടുത്ത നിയന്ത്രണം അടിച്ചേൽപ്പിച്ച് അവരെ കൊള്ളയടിക്കാൻ ബ്രിട്ടീഷ് സാമ്രാജ്യത്വവാഴ്ച നടത്തിയ നിയമ നിർമ്മാണങ്ങളും നടപ്പാക്കിയ കൃഷിരീതികളും ഇപ്പോൾ ആഗോള മൂലധന സാമ്രാജ്യത്തിന്റെ നടത്തിപ്പുകാരെന്ന നിലയിൽ നരേന്ദ്രമോദിയും കൂട്ടരും നടപ്പാക്കാൻ പോകുന്ന കാർഷിക നിയമങ്ങളും തമ്മിലുള്ള സമാനത പരിശോധിക്കേണ്ടി വരുന്നത്. യൂറോപ്യൻ കോളനി മേധാവികൾ, അവർ കീഴടക്കിയ കിഴക്കൻ രാജ്യങ്ങളിലെല്ലാം എന്നപോലെ ഇന്ത്യയിലും പ്രാചീന കാലം മുതൽ രൂപപ്പെട്ടുവന്ന കാർഷിക ഗ്രാമവ്യവസ്ഥയെ സമ്പൂർണമായി തകർത്തു കൊണ്ടാണ് വ്യവസ്ഥാപിതമായ കൊളോണിയൽ കൊള്ളക്ക് അടിത്തറ പാകിയത്. ഭൂമിയിന്മേൽ പാശ്ചാത്യ മാതൃകയിലുള്ള സ്വകാര്യ സ്വത്തവകാശം നടപ്പാക്കുകയും ഗ്രാമ - ഗോത്ര സമൂഹങ്ങൾക്ക് ഭൂമിയിന്മേലുള്ള പാരമ്പരാഗതാവകാശങ്ങൾ ഇല്ലാതാക്കുകയും ചെയ്തുകൊണ്ടാണ് ഇന്ത്യൻ കർഷക സമൂഹങ്ങളെ അവർ അടിമകളാക്കിയത്. ഈ പശ്ചാത്തലത്തിലാണ്, പരുത്തിയും ചണവും നീലവും പോലെ യൂറോപ്യൻ വ്യവസായങ്ങൾക്കാവശ്യമായ അസംസ്‌കൃത വസ്തുക്കൾ കൃഷി ചെയ്യാനും ബ്രിട്ടീഷുകാർ നിശ്ചയിക്കുന്ന വിലക്ക് അവ വിൽക്കാനും ഇന്ത്യൻ കർഷകർ നിർബന്ധിതരാകുന്ന നില വരുന്നത്. ഇങ്ങനെ കാർഷിക അടിമത്തവും കടുത്ത നികുതി ഭാരവും കൊണ്ട് ജീവിതം തകർന്ന കർഷകർക്കിടയിലേക്കാണ് ഗാന്ധി കടന്നു വന്നത്.

ഡൽഹിയിലേക്കുള്ള റോഡിൽ കുത്തിയിരിക്കുന്ന കർഷക പ്രക്ഷോഭകർ

കൊളോണിയൽ സാമ്രാജ്യവാഴ്ച കാലത്ത്, എന്ത് കൃഷി ചെയ്യണമെന്നും എന്ത് വിലയ്ക്ക് ഉൽപ്പന്നങ്ങൾ വിൽക്കണമെന്നുമുള്ള കർഷകന്റെ സ്വാതന്ത്ര്യത്തിനു മേലുള്ള പൂർണമായ നിയന്ത്രണമാണ് അവരുടെ ജീവിതത്തെ ദുരിതത്തിലാഴ്ത്തിയതെങ്കിൽ ആഗോള മൂലധന സാമ്രാജ്യത്തിന്റെ കാലത്ത് കർഷകരെ കെണിയിലാക്കുന്നത് ദരിദ്ര കർഷകർക്ക് അപ്രാപ്യമായ സ്വതന്ത്ര വിപണിയുടേയും കരാർ കൃഷിയുടേയും നടപ്പാക്കലാണെന്നുമാത്രം. അന്തിമ പരിശോധനയിൽ, നിയന്ത്രിത കമ്പോളത്തിന്റെയും നിയന്ത്രിത കൃഷിയുടെയും ഇടുക്കുതൊഴുത്തിനുള്ളിൽ ബന്ധിക്കപ്പെട്ട ചമ്പാരനിലെ കർഷകർക്ക് ബ്രിട്ടീഷ് മുതലാളിമാർ പറഞ്ഞത് മാത്രം കൃഷിയിറക്കി അവർ പറഞ്ഞ വിലയ്ക്ക് വിൽക്കേണ്ടി വന്നെങ്കിൽ നരേന്ദ്രമോദി നടപ്പാക്കുന്ന, കർഷകർക്കപ്രാപ്യമായ സ്വതന്ത്ര കമ്പോളത്തിൽ കോർപ്പറേറ്റ് ഭീമന്മാർ വ്യവസ്ഥകൾ നിർദ്ദേശിക്കുന്നു- രണ്ട് സന്ദർഭങ്ങളിലും ഇന്ത്യൻ കർഷകർ അനുഭവിക്കേണ്ടി വരുന്ന പാരതന്ത്ര്യവും ചൂഷണവും അന്തഃസ്സത്തയിൽ ഒന്നുതന്നെയാണ്. അതിനാൽ, പുതിയ കാർഷിക നിയമങ്ങൾക്കെതിരേ കർഷകർ തുടങ്ങിയ സമരത്തിന്റെ രാഷ്ട്രീയ പ്രാധാന്യം നിർണായകമാണ്.

കർഷക മാർച്ചിനെ തടയാൻ ഡൽഹി- ഹരിയാന അതിർത്തിയിൽ പൊലീസ്​ സ്​ഥാപിച്ച സന്നാഹങ്ങൾ

ഗാന്ധിയും മാർക്സും കണ്ട ഇന്ത്യ

ഇന്ത്യൻ കർഷക സമൂഹത്തിന്റെ രാഷ്ട്രീയ പ്രാധാന്യം ആദ്യം കണ്ടെത്തിയത് ഗാന്ധിയാണ്. നിരക്ഷരരും അജ്ഞരുമായ ഒരു പ്രാകൃത സമൂഹമാണ് ഇന്ത്യൻ കർഷകർ എന്നതായിരുന്നു പാശ്ചാത്യ മുഖ്യധാരാ ആധുനികതയുടെ കണ്ണിലൂടെ അവരെ കണ്ട ഇംഗ്ലീഷുകാരുടെ ധാരണ. ചമ്പാരനിൽ എത്തി അധികം വൈകാതെ എല്ലാ പാശ്ചാത്യ ധാരണകൾക്കും വിരുദ്ധമായി, അപ്രതിരോധ്യവും അത്ഭുതകരവുമായ ഒരു മഹാശക്തിയാണ് കർഷകരിൽ കുടികൊള്ളുന്നതെന്ന് ഗാന്ധി കണ്ടെത്തി. ചമ്പാരനിൽ ഒരു ആനപ്പുറത്താണ് ഗാന്ധിയെ കർഷകർ കൊണ്ടുനടന്നത്. ഗാന്ധി ആരെന്നറിയില്ലെങ്കിലും തങ്ങളുടെ രക്ഷകനായി എത്തിയ നേതാവിനെ കാണാൻ ദരിദ്രരും അവശരുമായ പതിനായിരക്കണക്കിന് കർഷകർ ഗാന്ധിക്ക് പിന്നാലെ കൂടി. ഗാന്ധി തിരിഞ്ഞു നോക്കിയപ്പോൾ കണ്ട വിസ്മയക്കാഴ്ചയെ കുറിച്ച് പറയുന്നത്, ‘ഞാൻ ഈ കർഷകരിലൂടെ ജീവിതത്തിൽ ആദ്യമായി ദൈവത്തേയും അഹിംസയേയും സത്യത്തേയും നേരിൽ കണ്ടു' എന്നാണ്. അങ്ങനെയാണ് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വ മഹാശക്തിയെ ഇന്ത്യയിൽനിന്ന് തുരത്താൻ കർഷകരിൽ ഗാന്ധി ദർശിച്ച ദൈവത്തിനും അഹിംസക്കും സത്യത്തിനും കഴിയുമെന്ന വെളിപാട് ഗാന്ധിക്കുണ്ടാകുന്നത്.

‘ദില്ലി ചലോ’ മാർച്ച്​ ഡൽഹി- ഹരിയാന അതിർത്തിയിൽ

പാശ്ചാത്യരുടെ കണ്ണിലൂടെ ഇന്ത്യൻ ചരിത്രത്തെയും സംസ്‌കാരത്തെയും കണ്ടുശീലിച്ച നമുക്ക് ഗാന്ധിയുടെ ഈ വെളിപാടിന്റെ അർത്ഥം ഇനിയും തെളിഞ്ഞു കിട്ടിയിട്ടില്ല.

1853ൽ, ചലനശേഷിയും വികാസവുമില്ലാതെ കെട്ടിക്കിടക്കുന്ന ചരിത്രരഹിതമായ ഒരു സമൂഹമാണ് ഇന്ത്യയുടെ അടിത്തട്ടിലുള്ളത് എന്നെഴുതുമ്പോൾ ബ്രിട്ടീഷ് ചരിത്രകാരന്മാരെ പകർത്തുക മാത്രമാണ് മാർക്സ് ചെയ്തത്. എന്നാൽ പിന്നീട് യൂറോപ്യൻ മുതലാളിത്തം പാർശ്വവൽക്കരിച്ച ലോകങ്ങളെ കുറിച്ചുള്ള പഠനങ്ങളിലൂടെ മാർക്സ് ഈ ധാരണ തിരുത്തി. ഇതിലൂടെ മാർക്സ് കണ്ടെത്തിയത്, മുകളിൽ നിന്നുള്ള മേലാള ഭരണ കൂടങ്ങളുടെ അധികാരത്തെ ചെറുത്ത് സ്വച്ഛന്ദ (Autonomous ) മായ ഒരു സ്വാധികാര മണ്ഡലത്തെ അഥവാ ഒരു ബദൽ അധികാരത്തെ നിലനിർത്താൻ പോന്ന ജീവിതമാതൃകയാണ് ഈ ഗ്രാമ -ഗോത്ര സമൂഹങ്ങൾ എന്നാണ്. ഗ്രാമ- ഗോത്ര സമൂഹങ്ങളുടെ സ്വച്ഛന്ദമായ ഈ സ്വാധികാര മണ്ഡലത്തിന്റെ പ്രഭാവ ( Hegemony ) ത്തെയാണ് ചമ്പാരനിൽ തനിക്ക് പിന്നാലെ അണിനിരന്ന കർഷകരിൽ ഗാന്ധി കണ്ടത്. എന്നാൽ ഇന്ത്യൻ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് കർഷക സമൂഹങ്ങൾ ഇന്നും തൊഴിലാളിവർഗത്തെ അപേക്ഷിച്ച് ഒരു വർഗമായി സ്വയം കണ്ടെത്താൻ കഴിയാത്ത ( Class in Itself ), ചരിത്ര പരിണാമത്തിന്റെ താണ പടവുകളിൽ കുടുങ്ങി നിൽക്കുന്ന പ്രാകൃതരാണ്. എന്നാൽ മാർക്‌സും ഗാന്ധിയും ഒരേപോലെ കണ്ടെത്തിയ കർഷക സമൂഹത്തിന്റെ ശക്തി എത്രമാത്രം അപ്രതിരോധ്യമായ ഒരു ബദൽ രാഷ്ട്രീയാധികാരമാണെന്ന യാഥാർഥ്യം ഇന്ത്യൻ സ്വാതന്ത്ര്യ സമരം തെളിയിച്ചു.

‘ദില്ലി ചലോ’ മാർച്ചിലെ യുവ കർഷകർ

ഇന്ന് നരേന്ദ്രമോദി സർക്കാറിന്റെ കർഷകദ്രോഹ നിയമങ്ങൾക്കെതിരേ സമരരംഗത്തിറങ്ങിയിക്കുന്നതും ഇതേ കർഷക രാഷ്ട്രീയ ശക്തിയാണ്. സ്വാതന്ത്ര്യലബ്ദിക്കുശേഷമുള്ള ഈ ഏഴു പതിറ്റാണ്ടു കാലവും ഇന്ത്യൻ ഭരണവർഗങ്ങളാൽ നിരന്തരം വഞ്ചിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു ജനവിഭാഗമാണ് കർഷകർ. 2019 ലും പതിനായിരത്തിലധികം കർഷകർ ഇന്ത്യയിൽ ആത്മഹത്യ ചെയ്തു. കർഷക ആത്മഹത്യ നമ്മുടെ മാധ്യമങ്ങൾക്ക് ഒരു പ്രാദേശിക വാർത്ത പോലും അല്ലാതായി കഴിഞ്ഞിരിക്കുന്നു. ഈ സന്ദർഭത്തിലാണ് വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളെ മിക്കവാറും കാഴ്ചക്കാരാക്കി മാറ്റിക്കൊണ്ട് ഗ്രാമങ്ങളിൽ നിന്ന് കർഷകർ സ്വന്തം നേതൃത്വം സ്വയം ഏറ്റെടുത്ത് സമരരംഗത്തേക്ക് ഇറങ്ങുന്നത്. ഇത് നൽകുന്ന സൂചന, ഗാന്ധി രാഷ്ട്രീയ ശക്തിയായി ഉയർത്തിയെടുത്ത ഇന്ത്യൻ കർഷക സമൂഹങ്ങൾ അവയുടെ സ്വാധികാരത്തിന്റെ ചരിത്രത്തിലെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കാൻ തുടങ്ങുന്നു എന്നാണ്.

കർഷകർക്കുനേരെ പൊലീസ്​ ടിയർ ഗ്യാസ്​ ഷെൽ പ്രയോഗിക്കുന്നു

ഈ കർഷക ജനസഞ്ചയം ഒരു ബദൽ ആഗോള രാഷ്ട്രീയ പ്രതിഭാസം

ഈ പുതിയ ഘട്ടം, ഗാന്ധി നയിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അനിവാര്യമായ രാഷ്ട്രീയ പരിമിതികളിൽ നിന്ന് പുറത്തേക്ക് കടക്കുന്ന ഒന്നാണ്. സ്വാതന്ത്ര്യം കൊതിക്കുന്ന ഇന്ത്യൻ മുതലാളി വർഗത്തിന്റെ പ്രസ്ഥാനമായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചട്ടക്കൂടിനുള്ളിൽ കർഷക സമൂഹത്തിന്റെ കീഴാള രാഷ്ട്രീയ ശക്തിയെ ഉൾച്ചേർത്തുകൊണ്ടുള്ള ഒരു ദേശീയ വിമോചന സമരമാണ് ഗാന്ധി നയിച്ചത്. കോളനി വാഴ്ചക്കെതിരായ ഇത്തരമൊരു വിമോചന സമരത്തിന് വിവിധ ജനസമൂഹങ്ങളെ ഒരു ജനത ( People ) യായി രൂപാന്തരപ്പെടുത്തുകയും ഐക്യപ്പെടുത്തുകയും ചെയ്യുന്ന ഒരു ദേശീയ വിമോചന പ്രസ്ഥാനമാകാതെ വയ്യ. ഇങ്ങനെയൊരു ദേശീയ വിമോചന പ്രസ്ഥാനത്തിലൂടെ രൂപപ്പെടുന്ന ദേശരാഷ്ട്രം കീഴാള ജനതയുടെ സ്വാതന്ത്ര്യത്തെ സാക്ഷാത്ക്കരിക്കുന്ന പൂർണ സ്വരാജ് ആവില്ലെന്നും മറിച്ച് ഒരു ലിബറൽ മുതലാളിത്ത ‘പാർലമെന്ററി സ്വരാജ് ' മാത്രമേ ആവുകയുള്ളൂ എന്നും ഗാന്ധിക്ക് അറിയാമായിരുന്നു.

പഞ്ചാബിലെ കർഷകൻ സമരത്തിനിടെ

എന്നാൽ, ഇന്ന് ഇത്തരം ദേശീയതകളെ നിർണയിക്കുന്ന ദേശീയ മുതലാളിത്ത മൂലധനം അതിന്റെ സ്വത്വം കൈവിടുകയും ആഗോള കോർപ്പറേറ്റ് മൂലധന വ്യവസ്ഥയുടെ ഭാഗമാവുകയും ചെയ്തതോടെ ദേശീയ പരമാധികാര ഭരണകൂടങ്ങൾ ഈ ആഗോള മൂലധന വ്യവസ്ഥയുടെ ആജ്ഞാനുവർത്തികൾ എന്ന നിലയിലേക്ക് തരംതാണിരിക്കുന്നു. ഈ സാഹചര്യത്തിൽ ദേശീയ ലിബറൽ രാഷ്ട്രീയ മാതൃകകൾ അപ്രസക്തമാവുകയും ആഗോള മൂലധന സാമ്രാജ്യത്തിന്റെ പിന്തുണയോടെ അതിന്റെ സാമന്ത പദവിയിലേക്ക് മത തീവ്രവാദ - വംശീയ ജനാധിപത്യവിരുദ്ധശക്തികൾ ഉയർന്നു വരികയും ചെയ്തു. ഇന്ത്യയിൽ അധികാരത്തിലേക്കുയർന്ന ഹിന്ദുത്വ രാഷ്ട്രീയം അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്.

ഇന്ത്യൻ ലിബറൽ മുതലാളിത്ത ദേശീയത അപ്രസക്തമായതിന്റെ ശൂന്യതയിലാണ് ഹിന്ദുത്വത്തെ മുൻനിർത്തിയുള്ള ആർ.എസ്.എസിന്റെ മതദേശീയത അധികാരം പിടിക്കാൻ പോന്ന ഒരു രാഷ്ട്രീയ ശക്തിയായി ഉയർന്നത്. ഇതിനുകാരണം, ആഗോള മൂലധനത്തിന്റെ ഭൂതം ആവേശിച്ച ഭരണകൂട പരമാധികാരത്തിന് ജനങ്ങളുമായി നിലനിന്ന അതിന്റെ പഴയ ലിബറൽ ഉടമ്പടി ബന്ധം പാടെ അറ്റുപോകുന്നു എന്നതാണ്. ഭരണകൂടവും സിവിൽ സമൂഹവും തമ്മിലുള്ള പഴയ ബന്ധം ഇങ്ങനെ അറ്റു പോകുമ്പോൾ പാർലമെന്റും കോടതിയും മറ്റും പ്രത്യക്ഷത്തിൽ തന്നെ ജനവിരുദ്ധ സ്ഥാപനങ്ങളായി പരിണമിക്കുന്നു.

ദില്ലി ചലോ മാർച്ചിൽ പങ്കെടുക്കാനെത്തിയ കർഷകർ റോഡിലും ട്രാക്ടറിന് മേലെയും ഉറങ്ങുന്നു

എന്നാൽ, ഇതിനൊരു മറുവശമുണ്ട്. ആഗോളവത്ക്കരണം മുതലാളിത്ത മൂലധനത്തിലോ മാറുന്ന ഭരണകൂട പരമാധികാര ബന്ധങ്ങളിലോ മാത്രം ഒതുങ്ങി നിൽക്കുന്ന ഒരു പ്രക്രിയയോ പ്രതിഭാസമോ അല്ല. മുതലാളിത്ത മൂലധനത്തോടൊപ്പം മനുഷ്യ ജീവിത വ്യാപാരങ്ങളും ജീവിത ബന്ധങ്ങളും വ്യവഹാരങ്ങളും വിനിമയങ്ങളും എല്ലാം ആഗോളവത്ക്കരിക്കപ്പെടുന്നുണ്ട്. അതിനാൽ ആഗോളമൂലധനാധിപത്യത്തെ ചെറുക്കുന്ന കീഴാള ജനത ആഗോളവത്ക്കരണത്തിനെതിരെ നീങ്ങുകയല്ല, മറിച്ച് ആഗോളവത്ക്കരണത്തിന് ബദലായ മറ്റൊരു സമാന്തര ജീവിതമാർഗം തുറക്കുകയാണ് ചെയ്യുന്നത്. സ്ത്രീ- പുരുഷ- മത- വംശ ഭേദങ്ങളെ മറികടന്ന് ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന അദ്ധ്വാനത്തിന്റെ ആഗോള കുടിയേറ്റം ഇതാണ് വ്യക്തമാക്കുന്നത്. മനുഷ്യജീവിതത്തിന് സംഭവിക്കുന്ന ഈ ആഗോളവത്ക്കരണത്തെ രാഷ്ട്രമീംമാംസ ബദൽ ആഗോളവത്ക്കരണം ( Alter globalization ) എന്ന മറ്റൊരു പരികൽപ്പന കൊണ്ടാണ് നിർദ്ദേശിക്കുന്നത്. ഈ ബദൽ ആഗോളവത്ക്കരണം ഐ.സി.ടി (Information- Communication Technology ) മേഖല മുതൽ അടുക്കളയും കൃഷിയിടവും വരെ എല്ലാത്തരം അധ്വാനങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ജനവിഭാഗങ്ങളെ ദേശ രാഷ്ട്ര മാതൃകയിലുള്ള അധികാര ബന്ധങ്ങളിൽ നിന്ന് പുറത്തുകൊണ്ടുവരികയാണ് ചെയ്യുന്നത്. ഇതോടെ പഴയ ദേശീയ പൗരസമൂഹ മാതൃകയിലെ ജീവിതത്തിന്റെ സ്വകാര്യ - പൊതുകാര്യ വിഭജനം ഭേദിച്ച് ജനജീവിതം ഒന്നാകെ ഒരു ജൈവ രാഷ്ട്രീയ മണ്ഡലമായി പരിണമിക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ് ബദൽ ആഗോളവത്ക്കരണത്തിന്റെ ഫലമായി ദേശരാഷ്ട്ര പരമാധികാരവുമായുള്ള പൗരസമൂഹത്തിന്റെ സാമൂഹ്യ ഉടമ്പടിയിൽ നിന്ന് പുറത്തുവരുന്ന ജനങ്ങൾ ആഗോള ജനസഞ്ചയമായി മാറുന്നത്.
ചുരുക്കത്തിൽ, കോളനി വാഴ്ചയിൽ നിന്നുള്ള മോചനത്തിന് ഒഴിവാക്കാനാകാത്ത ദേശീയ ജനതയുടെ രാഷ്ട്ര സങ്കൽപ്പത്തിലും അതിന്റെ പരമാധികാര റിപ്പബ്ലിക്കൻ മാതൃകയിലും തട്ടിയുടഞ്ഞുപോയ ഗാന്ധിയുടെ രാഷ്ട്രീയസ്വപ്നം സാക്ഷാൽക്കരിക്കാനുള്ള ചരിത്ര സന്ദർഭമാണ് ഇപ്പോൾ രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്.

ടെൻറിനുള്ളിലിരുന്ന്​ മുദ്രാവാക്യം വിളിക്കുന്ന സ്​ത്രീ പ്രക്ഷോഭകർ

അതായത്, കീഴാള ബദൽ അധികാരത്തിന്റെ സാക്ഷാൽക്കാരമായ ‘പൂർണ സ്വരാജ് ' അഥവാ ‘സമ്പൂർണ ജനാധിപത്യം' എന്ന സ്വപ്നം നിറവേറ്റാനാവാതെ, പാർലമെന്ററി സ്വരാജ് എന്ന് ഗാന്ധി വിളിച്ച മേലാള ജനാധിപത്യ ഭരണരൂപം കണ്ടുകൊണ്ടാണ് ഗാന്ധിക്ക് മരിക്കേണ്ടി വന്നത്.

എന്നാൽ ഇന്ന് ആഗോള മുതലാളിത്ത മൂലധനത്തിന്റെ പുതിയ കെണികളിൽ നിന്നുള്ള മോചനത്തിനായി സമരം ചെയ്യുന്ന ഇന്ത്യയിലെ കർഷകർ ദേശീയ മുതലാളിത്ത ദേശ രാഷ്ട്രത്തിലെ ‘ജനത'യെന്ന സ്വത്വത്തിൽ നിന്ന് പുറത്തുവരുന്ന ജനസഞ്ചയമാണ്. അതിനാൽ ദേശീയതയുടെ ബാധ്യതകളിൽ നിന്ന് പുറത്തുകടക്കുന്ന ഈ കർഷക സമൂഹം രാഷ്ട്രീയമായ അതിന്റെ പഴയ പരിമിതികളിൽ നിന്ന് പുറത്തേക്കു വരുന്ന ഒരു പുതിയ രാഷ്ട്രീയ ശക്തിയാണ് ഇന്ന്. സ്വാതന്ത്ര്യസമര കാലത്തെന്ന പോലെ ദേശീയ മുതലാളി വർഗത്തിന്റെ ഒരു രാഷ്ട്രീയ ചട്ടക്കൂട് അതിനാവശ്യമില്ല. ലിബറൽ രാഷ്ട്രീയത്തിന്റെ ചട്ടക്കൂടിൽ നിന്ന് പുറത്തുവരുന്ന ഒരു പുതിയ രാഷ്ട്രീയ ശക്തിയെന്ന നിലയിൽ ആഗോള മൂലധന ശക്തികൾക്കും അതിന്റെ സാമന്ത ഭരണകൂടങ്ങൾക്കും എതിരെ സമരം ചെയ്യുന്ന കർഷക ജനസഞ്ചയം ഒരു ബദൽ ആഗോള രാഷ്ട്രീയ പ്രതിഭാസമാണ്. അതുകൊണ്ടു തന്നെ ഈ കർഷക സമൂഹം അതിന്റെ പഴയ വർഗപരമായ പിന്നാക്കാവസ്ഥയേയും ഏകാന്തതയേയും മറികടന്നുപോകുന്നു.

പൊലീസ്​ സന്നാഹത്തിനുമുന്നിൽ പിന്മാറാതെ പ്രക്ഷോഭകർ, ഹരിയാന- ഡൽഹി അതിർത്തിയിലെ ദൃശ്യം

‘തൊണ്ണൂറ്റൊമ്പതു ശതമാനം ഞങ്ങളും ഒരു ശതമാനം നിങ്ങളും ' എന്ന സഹസ്ര കോടീശ്വരന്മാർക്കെതിരെ ഉയർന്ന വാൾ സ്ട്രീറ്റ് സമര മുദ്രാവാക്യം വ്യക്തമാക്കുന്നതുപോലെ ഇന്ന് എല്ലാത്തരം ചൂഷിതരും അടങ്ങുന്ന തൊണ്ണൂറ്റൊമ്പത് ശതമാനത്തിന്റെ ഭാഗമാണ് ഇന്ത്യൻ കർഷകരും. അതിനാൽ ഇന്ന് മൂലധനാധിപത്യത്തിന്റെ വിവിധ രൂപങ്ങൾക്കെതിരെ വിവിധ രീതികളിൽ സമരത്തിൽ ഏർപ്പെടുന്ന തൊഴിലാളികളും തൊഴിൽ ഇല്ലാത്തവരും കർഷകരും കറുത്തവരും സ്ത്രീകളും യുവാക്കളും വിദ്യാർത്ഥികളുമെല്ലാം ഒരേ സമര ശക്തിയുടെ വിവിധ മുഖങ്ങളാണ്. അതുകൊണ്ടുതന്നെ, ആഗോള കോർപ്പറേറ്റ് ശക്തികളുടെ കാര്യസ്ഥനെന്ന നിലയിൽ നരേന്ദ്രമോദി നടപ്പാക്കാൻ പോകുന്ന കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ ഉയർന്നു വന്നുകൊണ്ടിരിക്കുന്ന സമരം ഒരൊറ്റപ്പെട്ട സമരമല്ല. ജനങ്ങളുടെ ചെറുത്തുനിൽക്കുന്ന ജീവിത സ്വാധികാരത്തിന്റെ അഥവാ യഥാർത്ഥ ജനാധിപത്യത്തിന്റെ വിജയത്തിന് വേണ്ടിയുള്ള സമരമാണ്; ഗാന്ധി സ്വപ്നം കണ്ട ‘പൂർണ സ്വരാജി'നുവേണ്ടിയുള്ള സമരത്തിന്റെ തുടർച്ചയാണ്. ▮


ബി. രാജീവൻ

അധ്യാപകൻ. സാഹിത്യ വിമർശനം, തത്വശാസ്ത്രം, സൗന്ദര്യശാസ്ത്രം, രാഷ്ട്രീയചിന്ത, ചരിത്രം തുടങ്ങിയ വിഷയങ്ങളിൽ മൗലികമായ അഭിപ്രായങ്ങൾ മുന്നോട്ടുവെക്കുന്ന ചിന്തകൻ. അടിയന്തരാവസ്ഥക്കെതിരെ നിലപാടെടുത്തതിന് പൊലീസ് മർദ്ദനവും വീട്ടുതടങ്കലും നേരിട്ടു. ജനകീയ സാംസ്‌കാരികവേദിയുടെ കാലത്ത് അറസ്റ്റുചെയ്യപ്പെടുകയും ദീർഘകാലം കോളജ് അധ്യാപകജോലിയിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. കീഴാള മാർക്‌സിസവും കീഴാള ജനാധിപത്യവും, പ്രളയാനന്തര മാനവികത, ജൈവ രാഷ്ട്രീയവും ജനസഞ്ചയവും, ഇന്ത്യയുടെ വീണ്ടെടുക്കൽ തുടങ്ങിയവ പ്രധാന കൃതികൾ.

Comments