മിനിമം താങ്ങുവിലയ്ക്ക് 17 ലക്ഷം കോടി,
കേന്ദ്രത്തിന്റെ ഒരു കള്ളക്കണക്ക്

ഇപ്പോൾ നടക്കുന്ന കർഷകപ്രക്ഷോഭത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായ മിനിമം താങ്ങു വില എന്ന ആവശ്യം പരിഗണിച്ചാൽ, അത് പൊതുഖജനാവിനുമേൽ 17 ലക്ഷം കോടി രൂപയുടെ അധികഭാരം സൃഷ്ടിക്കും എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. എന്നാൽ, പൂർണമായും തെറ്റിദ്ധാരണ പരത്തുന്നതും സ്ഥിതിവിവരക്കണക്കുകളുടെ പിന്തുണയില്ലാത്തതുമായ വാദമാണിതെന്ന് കെ. സഹദേവൻ എഴുതുന്നു.

ങ്ങളുടെ അധ്വാനത്തിന് മിനിമം താങ്ങുവില നിയമപരമായി ഉറപ്പുവരുത്തണം എന്ന ആവശ്യമുയർത്തി കർഷക സംഘടനകൾ പ്രക്ഷോഭത്തിലാണ്. ഒന്നാം കർഷക പ്രക്ഷോഭത്തിൽ നിന്ന് ഭിന്നമായി ഇത്തവണ കർഷക സംഘടനകളിൽ ഒരു വിഭാഗം മാത്രമാണ് ഡൽഹി- ഹരിയാന അതിർത്തികളിൽ സമരസജ്ജരായി നിൽക്കുന്നത് എന്നൊരു വ്യത്യാസമുണ്ടെങ്കിലും ഇതര കർഷക സംഘടനകളും സമാന ആവശ്യങ്ങൾ ഉയർത്തി പ്രക്ഷോഭപാതയിൽ തന്നെയാണ്.

രണ്ടാം 'ഡൽഹി ചലോ' മാർച്ച്, ഗ്രാമീണ ബന്ദ്, ടോൾപ്ലാസകൾ കയ്യടക്കൽ, എൻ.ഡി.എ എംപിമാരുടെ വീടുകൾ വളയൽ, ട്രാക്ടർ റാലികൾ എന്നിവയുമായി ഏതാണ്ടെല്ലാ കർഷക സംഘടനകളും പല തട്ടിൽ പ്രക്ഷോഭരംഗത്ത് സജീവമാണ് എന്നത് ശ്രദ്ധിക്കേണ്ട സംഗതിയാണ്.

കർഷക സംഘടനകളിൽ ഒരു വിഭാഗവുമായി ചർച്ചകളിൽ ഏർപ്പെടുകയും എന്നാൽ അവർ ഉന്നയിക്കുന്ന ആവശ്യങ്ങൾ കേൾക്കുന്നതിനു പകരം സ്വയം തയ്യാറാക്കിയ പദ്ധതികൾ മുന്നോട്ടുവെക്കാനുമാണ് കേന്ദ്ര സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈയിടെ കഴിഞ്ഞ നാല് തവണ നടന്ന ചർച്ചകളുടെയും പൊതുസ്വഭാവം ഇതായിരുന്നുവെന്ന് പറയാം.

അഞ്ച് പ്രത്യേക വിളകൾ, കരാർ അടിസ്ഥാനത്തിൽ കൃഷി ചെയ്യാൻ തയ്യാറാവുന്ന കർഷകരിൽ നിന്ന്, മിനിമം സഹായ വില നൽകി, അഞ്ച് വർഷത്തേക്ക് വാങ്ങാം എന്ന വാഗ്ദാനമാണ് ഡൽഹി അതിർത്തികളിൽ സമരം ചെയ്യുന്ന കർഷക സംഘടനാ പ്രതിനിധികളുമായുള്ള ചർച്ചയിൽ കേന്ദ്ര മന്ത്രിമാർ മുന്നോട്ടുവെച്ചത്. വാസ്തവത്തിൽ ഈ നിർദ്ദേശം കർഷകർ മുന്നേ തള്ളിക്കളഞ്ഞ, കേന്ദ്ര സർക്കാരിനുതന്നെ ഉപേക്ഷിക്കേണ്ടിവന്ന, മൂന്ന് കാർഷിക നിയമങ്ങളിൽ ഉൾപ്പെട്ട കരാർ കൃഷിയുടെ മറ്റൊരു രൂപം തന്നെയാണ്.

പൊതു തെരഞ്ഞെടുപ്പ് അടുക്കാറായ വേളയിൽ, പ്രത്യേകിച്ച് പാർലമെന്റ് സമ്മേളനങ്ങൾ അവസാനിച്ച സന്ദർഭത്തിൽ, ഇത്തരം ആവശ്യങ്ങൾഉയർത്തി സമരം ചെയ്യുന്നതിന്റെ അസാംഗത്യം ചൂണ്ടിക്കാണിച്ചും, മിനിമം സഹായ വില നൽകുന്നതിലൂടെ സർക്കാർ ഖജനാവിന് വരുന്ന വൻ സാമ്പത്തിക ഭാരത്തെക്കുറിച്ചും ഒക്കെ തെറ്റിദ്ധാരണാജനകമായ വാർത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതിൽ വ്യാപൃതരായിരിക്കുകയാണ് അധികാരികളും അവരോട് ചേർന്നുനിൽക്കുന്ന സംഘടനകളും വ്യക്തികളും. മിനിമം സഹായ വില എന്ന ആവശ്യം നടപ്പാക്കാൻ കഴിയാത്ത ഒരു പകൽസ്വപ്നം മാത്രമാണെന്ന പ്രതീതിയാണ് അവർ സൃഷ്ടിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഏതൊരു മേഖലയുടെയും വ്യവസ്ഥാപരമായ തകർച്ച തടയുന്നതിന് ആ മേഖലയ്ക്കാവശ്യമായ പിന്തുണ ഉറപ്പുവരുത്തുക എന്നത് സാധാരണഗതിയിൽ സർക്കാരിന്റെ ഉത്തരവാദിത്തങ്ങളിൽപ്പെടുന്ന കാര്യം മാത്രമാണ്. ഓഹരി വിപണി, വാർത്താവിതരണം തുടങ്ങിയ നിരവധി മേഖലകളിൽ വിലനിയന്ത്രണം ഏർപ്പെടുത്തുന്നതിനായി സർക്കാർ ഇടപെടലുകൾ ഇപ്പോൾത്തന്നെ നിലവിലുണ്ട്.

ഓഹരി വില കുറയുന്നത് തടയുന്നതിനാവശ്യമായ സർക്കാർ ഇടപെടലുകൾ സമ്പന്ന വിപണി സമ്പദ് വ്യവസ്ഥകളിൽ പോലും നടക്കാറുണ്ട്. ഓഹരികളുടെ വിലനിലവാരത്തിന്റെ കാര്യത്തിൽ, അതല്ലെങ്കിൽ ഷോർട്ട് സെല്ലിംഗ് നിരോധനം, ഓഹരി ഡിമാന്റ് ഉയർത്തുന്നതിനായി സർക്കാർ ഉടമസ്ഥതയിലുള്ള ഏജൻസികളുടെ ഇടപെടൽ എന്നിവയൊക്കെയും വളരെ സ്വാഭാവികമായ പ്രവർത്തനങ്ങളാണ്. ഈയൊരു 'മിനിമം സപ്പോർട്ട്' സവിശേഷ മേഖലകളിൽ കാലാകാലങ്ങളായി തുടരുന്നതും ആ മേഖലകളെ സാമ്പത്തിക തകർച്ചകളിൽ നിന്ന് രക്ഷപ്പെടുത്താനായുള്ള സർക്കാർ ഇടപെടലുകളായി അംഗീകരിച്ചുപോരുന്നതുമാണ്.

ബാങ്കുകളുടെ നിഷ്‌ക്രിയാസ്തി പ്രശ്നങ്ങളിൽ ഇടപെട്ട്, ബാങ്കുകളെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിന് സഹായിക്കാൻ 'മൂലധന പുനർവിന്യാസം' (റീ കാപിറ്റലൈസേഷൻ) നടത്തുന്നതും ഇതേ കാരണം കൊണ്ടുതന്നെയാണ്. 2020-ൽ മൂന്ന് ലക്ഷം കോടി രൂപയാണ് മൂലധന പുനർവിന്യാസമെന്ന പേരിൽ ഇന്ത്യയുടെ പൊതുഖജനാവിൽനിന്ന് ബാങ്കുകളിലേക്ക് പ്രവഹിക്കപ്പെട്ടത്. (ബാങ്കുകളുടെ നിഷ്‌ക്രിയാസ്തികളുടെയും ബാഡ് ലോണുകളുടെയും പിറകിൽ വൻകിട കോർപ്പറേറ്റ് കമ്പനികളാണെന്നത് മറ്റൊരു കാര്യം).

കാർഷിക വിളകൾക്കുള്ള മിനിമം സഹായ വില എന്ന ആവശ്യം പല കാരണങ്ങൾകൊണ്ടും ന്യായമാണ്. രാജ്യത്തെ 20 കോടിയോളം വരുന്ന കർഷർ നേരിട്ടും ജനസംഖ്യയിലെ പകുതിയോളംപേർ പ്രത്യക്ഷമായും ബന്ധപ്പെടുന്ന മേഖലയാണ് കൃഷി. ഇന്ത്യൻ ഗ്രാമീണ മേഖല ഏതാണ്ട് പൂർണമായും കാർഷിക- അനുബന്ധ വ്യവസായങ്ങളിൽ ഇടപെടുന്നു എന്നതുകൊണ്ടുതന്നെ നിയമപരമായ പരിരക്ഷയിലൂടെ മിനിമം സഹായ വില കർഷകർക്ക് ഉറപ്പുവരുത്തേണ്ടതുണ്ട്.

നിലവിൽ 23 വിളകൾക്ക് കേന്ദ്ര സർക്കാർ താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഫലത്തിൽ അത് രണ്ട് വിളകൾക്ക് മാത്രമേ ലഭ്യമാകുന്നുള്ളൂ എന്ന വസ്തുത കാണാതെ പോകരുത്. മാത്രമല്ല, മിനിമം സഹായ വില ലഭ്യമാകുന്ന വിളകളായ നെല്ലും ഗോതമ്പും പൂർണമായും സംഭരിക്കാനാവശ്യമായ സംവിധാനം കേന്ദ്ര സർക്കാരിനു കീഴിലില്ല എന്നതും മനസ്സിലാക്കേണ്ടതുണ്ട്. ഏതാനും സംസ്ഥാന സർക്കാരുകൾ താങ്ങുവില നൽകി പയറുവർഗ്ഗങ്ങൾ സംഭരിക്കുന്നുണ്ടെങ്കിലും അതും പര്യാപ്തമായ അളവിലല്ല. നിലവിലെ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച മിനിമം സഹായ വിലയുടെ നേട്ടം 6% കർഷകർക്ക് മാത്രമേ ലഭ്യമാകുന്നുള്ളൂ എന്ന് സർക്കാരിന്റെ തന്നെ കണക്കുകൾ തെളിവു നൽകുന്നു. അതുകൊണ്ടുതന്നെ എല്ലാ സംസ്ഥാനങ്ങൾക്കും, എല്ലാ കർഷകർക്കും ഒരുപോലെ ബാധകമാകുന്ന മിനിമം സഹായ വില നിയമപരമായ അവകാശമെന്ന നിലയിൽ നടപ്പിലാക്കേണ്ടത് പ്രധാനമാണ്.

മിനിമം സഹായ വില എന്ന ആവശ്യം പരിഗണിച്ചാൽഅത് പൊതുഖജനാവിനുമേൽ 17 ലക്ഷം കോടി രൂപയുടെ അധികഭാരം സൃഷ്ടിക്കും എന്നതാണ് ഒരു വാദം. പൂർണമായും തെറ്റിദ്ധാരണ പരത്തുന്നതും സ്ഥിതിവിവര കണക്കുകളുടെ പിന്തുണയില്ലാത്തതുമായ വാദമാണിത്.

ആദ്യമായി മനസ്സിലാക്കേണ്ട ഒരു സംഗതി, ഇവിടെ കാർഷിക ഉത്പന്നങ്ങൾ വാങ്ങുന്നത് സർക്കാർ ഏജൻസികൾ മാത്രമല്ല എന്നതാണ്. സ്വകാര്യ കച്ചവടക്കാർ വാങ്ങിയ ശേഷമുള്ള ഉത്പന്നങ്ങൾ മാത്രമാണ് സർക്കാരുകൾ കർഷകരിൽ നിന്ന് വാങ്ങി സംഭരിക്കുന്നതും സംഭരിക്കാൻ ആവശ്യപ്പെടുന്നതും. വിപണിവില മിനിമം സഹായ വിലയേക്കാൾ കൂടുന്ന ഘട്ടത്തിൽ സർക്കാരിന് കാര്യമായൊന്നും ചെയ്യേണ്ടിവരില്ലെന്ന് സാരം. സർക്കാർ ചന്തകൾ (മണ്ഡികൾ) കാര്യക്ഷമമായി നിലനിർത്തേണ്ടതും കർഷകർക്ക് വില സുരക്ഷിതത്വം ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് സുപ്രധാന കാര്യം.

2017-18 കാലയളവിലെ ഔദ്യോഗിക ഡാറ്റ അനുസരിച്ച്, ഓരോ ദിവസത്തെയും വിൽപ്പനയുടെ അളവ്, വിലനിലവാരം, മുഴുവൻ സീസണിലെയും വിപണിവില എന്നിവ കണക്കാക്കി തയ്യാറാക്കിയ കണക്കുകൾ അനുസരിച്ച് സർക്കാർ പ്രഖ്യാപിച്ച 23 വിളകളിൽ സുപ്രധാനമായ 13 വിളകളുടെ മിച്ചോൽപ്പാദനം ഏറ്റെടുത്ത് സംഭരിക്കുന്നതിനായി പൊതുഖജനാവിൽ നിന്ന് ചെലവഴിക്കേണ്ട തുക ഏതാണ്ട് 47,000 കോടി രൂപയായിരിക്കുമെന്നാണ് കണക്ക്. ബാക്കി 10 വിളകളിലെ മിച്ചോൽപ്പാദനം കൂടി സർക്കാർ സംഭരിക്കുകയാണെങ്കിൽ ആവശ്യമായ തുക 50,000 കോടിയായിരിക്കുമെന്നും കണക്കാക്കപ്പെടുന്നു. ഇതേ കാലയളവിൽ തൊഴിലുറപ്പ് പദ്ധതിക്കായി വകയിരുത്തിയ തുകയേക്കാൾ കുറഞ്ഞ തുക മാത്രമാണ് മിനിമം സഹായവില നൽകി പ്രഖ്യാപിച്ച 23 വിളകളും സംഭരിക്കാൻ സർക്കാരിന് ചെലവു വരുന്നുള്ളൂ. കേന്ദ്ര സർക്കാർ അവതരിപ്പിക്കുന്ന വാർഷിക ബജറ്റിന്റെ 1% മാത്രമായിരിക്കും ഈ തുക എന്നു കൂടി അറിയുക.

കാര്യക്ഷമമായ സർക്കാർ ചന്തകൾ, പൊതു സംഭരണ-വിതരണ സംവിധാനങ്ങൾ എന്നിവകളിലൂടെ മൂന്ന് നേട്ടങ്ങളാണ് ഉറപ്പിച്ചെടുക്കാൻ കഴിയുക.
1. പൊതുസംഭരണത്തിലൂടെ ഭക്ഷ്യസുരക്ഷ.
2. വിലസ്ഥിരത.
3. കർഷകർക്ക് മതിയായ വരുമാനം ഉറപ്പാക്കൽ.

ഈ മൂന്ന് കാര്യങ്ങളും ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന കാര്യങ്ങളാണ്. രാജ്യത്തെ 80 കോടി ജനങ്ങൾക്ക് സൗജന്യ അരി തുടങ്ങിയ സൗജന്യങ്ങൾ, തെരഞ്ഞെടുപ്പ് അടുക്കാറായ അവസരങ്ങളിൽ, പ്രഖ്യാപിച്ച് ജനങ്ങളുടെ കണ്ണിൽപൊടിയിടുന്നതിനു പകരം ദീർഘകാലം നിലനിൽക്കുന്നതും നിയമപരമായ അവകാശം ഉറപ്പുവരുത്തുന്നതുമായ നിയമനിർമാണങ്ങൾ നടത്താനാണ് സർക്കാരുകൾ ശ്രമിക്കേണ്ടതും ജനങ്ങൾ ആവശ്യപ്പെടേണ്ടതും.

മിനിമം സഹായ വില എന്നത് കാർഷികമേഖല നേരിടുന്ന സകല പ്രതിസന്ധികൾക്കുമുള്ള ഒറ്റമൂലിയായി പരിഗണിക്കപ്പെടേണ്ട ഒന്നല്ല, ആഗോള വ്യാപാര സംഘടനയുമായി ബന്ധപ്പെട്ടുണ്ടാക്കിയ കാർഷിക കരാർ അടക്കം കാർഷിക മേഖലയെ പ്രതിസന്ധിയിലാക്കുന്ന നിരവധി വിഷയങ്ങൾ ഗൗരവപൂർവ്വം ചർച്ച ചെയ്യപ്പെടേണ്ടതായുണ്ട്. അതിൽ ഒന്നു മാത്രമാണ് നിയമപരമായ മിനിമം സഹായ വില എന്ന ആവശ്യം.

ഇന്ത്യൻ കാർഷിക പ്രശ്നത്തെ കൂടുതൽ സജീവമായി ചർച്ചാവേദിയിലേക്ക് എത്തിക്കാൻ സഹായിക്കുന്നു എന്നതു കൂടിയാണ് കർഷക പ്രക്ഷോഭത്തിന്റെ നേട്ടം.


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments