മുസ്സാഫർനഗറിലെ കർഷക മഹാപഞ്ചായത്ത് ബി.ജെ.പിക്കെതിരെ ഒരു രാഷ്​ട്രീയ നിലമൊരുക്കുകയാണ്​

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് പുറത്ത് ജീവിക്കുന്ന ബി.ജെ.പിയെ സംബന്ധിച്ച്​ കർഷക പ്രക്ഷോഭങ്ങളെ താൽകാലികമായെങ്കിലും ദുർബലമാക്കുകയെന്നത് പ്രധാനമാണ്. തെറ്റിദ്ധരിപ്പിക്കുന്ന വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുക, ഗൂഢാലോചനാ സിദ്ധാന്തം ചമയ്ക്കുക, കർഷകസമരം വർഗപരമായ പ്രക്ഷോഭമാണെന്ന് വരുത്തിത്തീർക്കുക തുടങ്ങി, വിളകളുടെ താങ്ങുവില വർധിപ്പിച്ചെന്നു വരുത്തി കർഷകരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ വരെ നിയമസഭാ തെരഞ്ഞെടുപ്പുകളെ മുൻനിർത്തി ബി.ജെ.പി. നടത്തുന്നു.

""അല്ലാഹു അക്ബർ, ഹർ ഹർ മഹാദേവ് മുദ്രാവാക്യങ്ങൾ ഇവിടെ എല്ലായ്‌പ്പോഴും മുഴക്കപ്പെട്ടിട്ടുണ്ട്, അത് തുടർന്നും അലയടിക്കുക തന്നെ ചെയ്യും. ഇവിടെ വർഗീയ ലഹളകൾ ആവർത്തിക്കാൻ ഞങ്ങൾ സമ്മതിക്കില്ല.''
സെപ്തംബർ അഞ്ചിന് മുസ്സാഫർനഗറിൽ നടന്ന കർഷക മഹാപഞ്ചായത്തിൽ ഭാരതീയ കിസാൻ യൂണിയൻ (ബി.കെ.യു) നേതാവും, കർഷക സമരങ്ങളുടെ മുഖവുമായി മാറിയ രാകേഷ് ടികായത്ത് നടത്തിയ പ്രസ്താവന ഇതിനകം പലതരത്തിൽ വായിക്കപ്പെട്ടു കഴിഞ്ഞു.

പതിവു പോലെ സംഘ്പരിവാർ രാകേഷ് ടികായത്തിന്റെ പ്രസംഗത്തിൽ നിന്നും ‘അല്ലാഹു അക്ബർ’ മുദ്രാവാക്യം മാത്രം അടങ്ങുന്ന 20 സെക്കൻറ്​ വീഡിയോ വെട്ടിമാറ്റി തങ്ങളുടെ പുതിയ വർഗീയ വീഡിയോ തയ്യാറാക്കി പ്രചരിപ്പിച്ചു. രാകേഷ് ടികായത്ത് മുന്നോട്ടു വെക്കുന്ന മതേതരത്വം ബി.ജെ.പിക്കെതിരെ ഫലപ്രദമല്ലെന്ന് തെളിഞ്ഞതാണെന്നും, ഇത് കേവലം വാചാടോപം മാത്രമാണെന്നുമുള്ള വിലയിരുത്തലുകൾ മറുഭാഗത്ത്.

ഇന്ന് ഇന്ത്യയിലെ പൊതുവേദികളിൽ വർഗീയ വേർതിരിവിനു വേണ്ടിയല്ലാതെ മുസ്‌ലിം, ഹിന്ദു സംജ്ഞകൾ ഒരേ വാക്യത്തിൽ പ്രയോഗിക്കുന്നത് അപൂർവതയാണെന്ന തിരിച്ചറിവാണ് രാകേഷ് ടികായത്തിന്റെ പ്രസ്താവനയുടെ പ്രസക്തിയും ലക്ഷക്കണക്കിന് വരുന്ന കർഷകരിൽ നിന്ന് അതിന് ലഭിച്ച സ്വീകാര്യതയും. എട്ടു വർഷങ്ങൾക്കു മുമ്പ് 2013 സെപ്തംബറിൽ, സമീപകാല ചരിത്രത്തിൽ ഇന്ത്യ കണ്ട ഏറ്റവും രൂക്ഷമായ ന്യൂനപക്ഷ വേട്ടയ്ക്ക് വേദിയായിരുന്നു മുസ്സാഫർനഗർ എന്നിരിക്കെ, കർഷക പഞ്ചായത്തിലെ മതേതര ആഹ്വാനങ്ങൾ വേദിയിലെ ജനങ്ങൾക്ക് വാചാടോപത്തിനപ്പുറം ജീവിതപ്രശ്‌നമാണ്. സ്വതന്ത്ര ഇന്ത്യയിൽ നടന്ന ഏതൊരു വർഗീയ കലാപത്തിൽ നിന്നുമെന്ന പോലെ, മുസ്സാഫർനഗർ കാലപത്തിന്റേയും മെച്ചം ബി.ജെ.പിക്കായിരുന്നുവെന്നത് പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിച്ചു കാണാം.

രാകേഷ് ടികായത്ത് / Photo: Rakesh Tikait, Fb

ചരിത്രപരമായി ഐക്യത്തിലായിരുന്ന മുസ്സാഫർനഗറിലെ മുസ്‌ലിം- ജാട്ട് കർഷകരെ 2013-ൽ ഭിന്നിപ്പിച്ചത് മതമായിരുന്നെങ്കിൽ, ഇന്നവരെ ഒന്നിപ്പിക്കുന്നത് കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ ദുർഭരണവും തുടർന്നുള്ള സാമ്പത്തിക അരക്ഷിതാവസ്ഥയുമാണ്. പുതിയ കാർഷിക നിയമങ്ങൾക്കു പുറമെ ഇരട്ടിച്ച വൈദ്യുതി ചാർജ്, പെട്രോളിന്റേയും ഡീസലിന്റേയും കീടനാശിനികളുടെയും അനിയന്ത്രിതമായ വിലവർധനവ് എന്നിവ രാജ്യത്തെ കർഷകരെ പാടെ ഉലച്ചിരിക്കുകയാണ്.

കർഷക പ്രതിപക്ഷം

നരേന്ദ്ര മോദിയുടെ പ്രതിച്ഛായ തകർക്കാൻ നടത്തുന്ന ആഗോളഗൂഢാലോചനയുടെ ഭാഗമാണ് കർഷകപ്രക്ഷോഭങ്ങളെന്ന് വാദിച്ചാണ് ബി.ജെ.പി. നേതാക്കൾ അതിനെ തുടക്കം മുതൽ പ്രതിരോധിക്കുന്നത്. കർഷകർ എന്തിന് കൃഷിക്കു പുറമെയുള്ള കാര്യങ്ങളെ കുറിച്ച് സംസാരിക്കണം? ബി.ജെ.പി നേതാക്കളെയും വലതുപക്ഷ മാധ്യമപ്രവർത്തകരെയും അലട്ടുന്നത് ഈയൊരു ചോദ്യമാണ്.

അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ (പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ഗോവ, മണിപ്പൂർ) ബി.ജെ.പിയെ പരാജയപ്പെടുത്തുകയെന്നത് കർഷകസമരത്തിന്റെ ഭാഗമായ കർഷക സംഘടനകളുടെ പ്രഖ്യാപിത ലക്ഷ്യമാണ്. വിവിധ കർഷക സംഘടനകളെ ഏകോപിപ്പിച്ച്, അരികുവത്കരിക്കപ്പെട്ട കൂട്ടായ്മകൾക്ക് ശബ്ദം നൽകുക വഴി മുസ്സാഫർനഗറിലെ കർഷക മഹാപഞ്ചായത്ത് മതേതരത്വത്തിന്റെ ഭാഷ വീണ്ടെടുക്കുക മാത്രമല്ല, ബി.ജെ.പിയുടെ രാഷ്ട്രീയത്തിന് വെല്ലുവിളി ഉയർത്താനുള്ള കഴിവ് പ്രകടിപ്പിക്കുന്നുണ്ടെന്നും ദി ഹിന്ദുവിൽ എഴുതിയ ലേഖനത്തിൽ സതേന്ദ്ര കുമാർ പറയുന്നു.

2013 സെപ്തംബർ ഏഴിന് നടന്ന മഹാപഞ്ചായത്തും, തുടർന്നുണ്ടായ കലാപത്തിൽ അത് ചെലുത്തിയ സ്വാധീനവും ടികായത്ത് ഉൾപ്പടെയുള്ള കർഷക നേതാക്കൾ സമ്മതിച്ചു തരുമ്പോൾ, പുതിയ പ്രതിരോധങ്ങൾക്ക് ജൈവിക സ്വഭാവം കൈവരുന്നുണ്ട്. ഒരുപക്ഷെ ഇന്ത്യയിലെ പ്രബല പ്രതിപക്ഷ കക്ഷികളെക്കാൾ ബി.ജെ.പി. കർഷക സംഘടനകളുടെ ഏകോപനത്തെ ഭയത്തോടെ കാണുന്നത് ഈയൊരു ജൈവിക അടിത്തറ കാരണമായിരിക്കും.

പ്രത്യക്ഷത്തിൽ കേന്ദ്ര സർക്കാറിന്റെ മൂന്ന് പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കുക, താങ്ങുവിലക്ക് നിയമപരിരക്ഷ നൽകുക തുടങ്ങിയ ആവശ്യങ്ങൾക്ക് പുറത്താരംഭിച്ച ഒന്നാണ് കർഷക സമരം. എന്നാൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാർഷികവൃത്തിയെന്നത് കേവലമൊരു തൊഴിലിനപ്പുറം സാമൂഹികവും സാംസ്‌കാരികവുമായ മാനങ്ങളുള്ള പ്രവർത്തിയാണെന്നിരിക്കെ, കർഷക സംഘടനകളെ സംബന്ധിച്ചിടത്തോളം ബി.ജെ.പി. സർക്കാർ കാർഷികമേഖലയെ ദുർബലപ്പെടുത്തുന്നതിനെ പ്രതിരോധിക്കുന്നയത്ര പ്രധാനമാണ് അവരുടെ വർഗീയാടിത്തറയുള്ള രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതും.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് പുറത്ത് മാത്രം ജീവിക്കുന്ന ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം കർഷക പ്രക്ഷോഭങ്ങളെ താൽകാലികമായെങ്കിലും ദുർബലമാക്കുകയെന്നത് പ്രധാനമാണ്. രാകേഷ് ടികായത്തിന്റെ കാര്യത്തിൽ ചെയ്തതു പോലെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുക, ഗൂഢാലോചനാ സിദ്ധാന്തം ചമയ്ക്കുക, കർഷകസമരത്തിൽ വർഗപരമായ വേർതിരിവുണ്ടെന്ന് വരുത്തിത്തീർക്കുക തുടങ്ങി, വിളകളുടെ താങ്ങുവില വർധിപ്പിച്ചെന്നു വരുത്തി കർഷകരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ വരെ നിയമസഭാ തെരഞ്ഞെടുപ്പുകളെ മുൻനിർത്തി ബി.ജെ.പി. നടത്തുന്നു.

കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ റാബി വിളകളുടെ താങ്ങുവില വർധിപ്പിച്ചിരുന്നു. സർക്കാർ കർഷകരിൽ നിന്നും വിളകൾ വാങ്ങുന്ന വിലയാണ് അടിസ്ഥാന താങ്ങുവില. ഗോതമ്പിന് രണ്ടു ശതമാനവും, ഓയിൽസീഡ്‌സിനും പയറുവർഗ്ഗങ്ങൾക്കും എട്ടു ശതമാനവുമാണ് വർധനവ് പ്രഖ്യാപിച്ചത്. എന്നാൽ മിക്ക വിളകളുടെ കാര്യത്തിലും പുതിയ താങ്ങുവിലയെക്കാൾ കൂടുതലാണ് പണപ്പെരുപ്പത്തിന്റെ തോതെന്ന് സംയുക്ത കിസാൻ മോർച്ചക്കു കീഴിലെ കർഷക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. യഥാർത്ഥത്തിൽ ഗോതമ്പിന്റെ താങ്ങുവില നാലു ശതമാനം കുറയുകയാണുണ്ടായതെന്ന് കർഷക സംഘടനകൾ പറയുന്നു.

കഴിഞ്ഞ നാലു വർഷമായി യു.പി സർക്കാർ കരിമ്പിന്റെ താങ്ങുവില വർധിപ്പിച്ചില്ലെന്ന് ഐശ്വര്യ എസ്. ഐയ്യർ തയ്യാറാക്കിയ ദ ക്വിന്റ്റിപ്പോർട്ടിൽ മുസ്സാഫർനഗറിലെ കരിമ്പുകർഷകനായ രാജ് കുമാർ പറയുന്നുണ്ട്. 2021 ആഗസ്തിലാണ് യു.പി, പഞ്ചാബ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുൻ നിർത്തി കേന്ദ്ര സർക്കാർ കരിമ്പിന്റെ അടിസ്ഥാന താങ്ങുവില അഞ്ചു രൂപ വർധിപ്പിച്ചത്. എന്നാൽ ""അഞ്ചല്ല, 500 രൂപ കൂട്ടിയാലും ബി.ജെ.പിക്ക് വോട്ടു ചെയ്യില്ലെന്നാണ് രാജ് കുമാർ പറയുന്നത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം ചെപ്പടി വിദ്യകൾ കാണിച്ച് ജനങ്ങളെ മണ്ടന്മാരായി വിലയിരുത്തരുത്'' രാജ് കുമാർ പറയുന്നു.

Comments