ശംഭു അതിർത്തിയിൽ കർഷകർ

സമരകർഷകരുടെ തോൽക്കരുതാത്ത മുദ്രാവാക്യങ്ങൾ

ഹരിയാന അതിർത്തിയായ ശംഭുവിലാണ് രണ്ടാം കർഷക സമരത്തിന്റെ കേന്ദ്രം. സമരത്തിന് ഐക്യദാർഢ്യവുമായി എത്തിയ ലേഖകൻ കർഷക നേതാക്കളോടും അണികളോടും സംസാരിച്ച് തയ്യാറാക്കിയ റിപ്പോർട്ട്.

No Farmer, No Food

ൽഹിയിൽ നിന്ന് പഞ്ചാബിലേയ്ക്കുള്ള പാതയോരങ്ങളിലെ പ്രധാന ചുമരെഴുത്താണിത്. സമരോത്സുകരായ ഉത്തരേന്ത്യൻ കർഷകർ അവരുടെ പോരാട്ടത്തെ പ്രോജ്വലിപ്പിക്കാനായി ചിട്ടപ്പെടുത്തിയ മുദ്രാവാക്യ സമാനമായ ഭാഷാപ്രയോഗം മാത്രമായി ഈ അക്ഷരങ്ങളെ കാണാനാവില്ല. രാജ്യത്തിന്റെ അതിര് കാക്കുന്ന സൈനികരും അന്നം വിളയിക്കുന്ന കർഷകരും തുല്യരാണെന്നഹങ്കരിക്കുന്ന ഭരണാധികാരികൾ നമുക്ക് യഥേഷ്ടമുണ്ട്. എപ്പോൾ ആവശ്യമെങ്കിലും സൈനികവൽകരിക്കാവുന്ന ജനാധിപത്യ സമ്പ്രദായമാണ് നമ്മുടെ തെന്ന് ആശങ്കപ്പെടാവുന്ന സാഹചര്യം നാം ഇടക്കിടെ നേരിടാറുണ്ട്.

പൗരത്വ ഭേദഗതി നിയമം ഭാഗികമായും കശ്മീരിന്റെ പ്രത്യേക പദവി ഉപേക്ഷിക്കുന്ന നിയമം പൂർണമായും നടപ്പാക്കുന്നതിനായി ഗവൺമെന്റ് സ്വീകരിച്ച തന്ത്രങ്ങൾ അമിതാധികാര പ്രവണതയുടെ പ്രാഥമിക ദൃഷ്ടാന്തങ്ങളായിരുന്നു. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യവും പ്രവർത്തനവകാശവുമെല്ലാം ഉറപ്പുനൽകി അധികാരത്തിലേറിയവരാണ് ഇങ്ങിനെ നിറം മാറുകയും സാധാരണ പൗരരുടെ സ്വാഭാവിക ജീവിതത്തെ അലങ്കോലപ്പെടുത്തുകയും ചെയ്തത്.

സൈനികരെ ആയുധവൽകരിക്കുന്നതിൽ പ്രകടിപ്പിക്കുന്ന താല്പര്യം അവരുടെ ജീവിതം പരിഷ്‌കരിക്കുന്നതിന് ഭരണകൂടങ്ങൾ ശ്രദ്ധിക്കാറില്ല. സൈന്യത്തിന്റെ സ്വഭാവം മാറ്റിയെടുക്കുന്നതിന് ലക്ഷ്യമിട്ട്, അഗ്‌നിവീറുകളെ ഒരുക്കിയെടുക്കുന്നതിനായി ആവിഷ്‌കരിച്ച സമ്പ്രദായം, സാമാന്യ നീതിയ്ക്ക് നിരക്കുന്നതല്ലെന്ന വാദത്തെ കേന്ദ്രസർക്കാർ കണ്ടില്ലെന്ന് നടിച്ചതും ഇതേ കണ്ണിലൂടെ കാണാനാവും. സൈനികരെയോ സൈന്യത്തെയോ പരാമർശിക്കുകയല്ല ഇവിടെ ഉദ്ദേശ്യം. മറിച്ച്, 'ജയ് കിസാൻ ' എന്ന പൊള്ളയായ സർക്കാർ മുദ്രാവാക്യത്തെ, കർഷക സമരത്തിന്റെ പാശ്ചാത്തലത്തിൽ പരിശോധിക്കുകയാണ്.

പഞ്ചാബിൽ നിന്നുള്ള കർഷകർക്കാണ് രണ്ടാംഘട്ട സമരത്തിന്റെ പൂർണ നേതൃത്വം. രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പോരാട്ടത്തിൽ അണിചേരുന്നുണ്ടെങ്കിലും അവർ മുഴുവനായി സമരമുഖത്തേക്ക് ഒഴുകിയെത്തിയിട്ടില്ല. ഒന്നാം കർഷക പ്രക്ഷോഭത്തിൽതോളോട് തോൾ ചേർന്ന് അന്ത്യം വരെ പൊരുതിയ ഇവർ തങ്ങൾക്കൊപ്പമുണ്ടെന്ന് ഇപ്പോൾ സമര രംഗത്തുള്ള സംഘടനകളുടെ നേതാക്കൾ ഉറച്ച് കരുതുന്നു.

സ്വതന്ത്ര കർഷക സംഘടനയായ കിസാൻമസ്ദൂർ മോർച്ച അധ്യക്ഷനായ സർവൻസിംഗ് ബന്ദേറിനാണ് പഞ്ചാബ് - ഹരിയാന അതിർത്തിയായ ശംഭൂവിലെ സമരകേന്ദ്രത്തിന്റെ നേതൃത്വം. 2024 ഫെബ്രുവരി 13 നാണ് മോർച്ച ദൽഹി ചലോ മാർച്ച് ആരംഭിക്കുന്നത്. ബന്ദേർ അന്നു മുതൽ ഈ പടയണിയുടെ മുന്നിലുണ്ട്. പഞ്ചാബിലെ കർഷകപ്രസ്ഥാനങ്ങളിലെ പ്രബലരാണ് ബന്ദേറും അദ്ദേഹത്തിന്റെ കർഷക, തൊഴിലാളി മുന്നേറ്റമായ മോർച്ചയും.

ദീർഘദിനങ്ങൾ രാജ്യത്തെ മുൾമുനയിൽ നിർത്തിയ ഒന്നാം കർഷക പ്രക്ഷോഭത്തിന് നായകത്വം വഹിച്ചവരിൽ പ്രധാനിയായിരുന്നു സർവൻസിംഗ് ബന്ദേർ. ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ ഘടകങ്ങളായി പ്രവർത്തിച്ചിരുന്ന കർഷക സംഘടനകളെ മാറ്റി നിർത്തിയ ഉത്തരേന്ത്യൻ കർഷകർ, പ്രതിപക്ഷപാർട്ടികളുടെ നേതാക്കളെപ്പോലും സമരത്തെ നിയന്ത്രിക്കാനോ വഴിതിരിച്ചുവിടാനോ അനുവദിച്ചില്ല.

സമരത്തിൽ പങ്കുചേരാനായി CPIMന്റെ കീഴിലുള്ള കർഷക സംഘം നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും അവർ അനുമതി നൽകിയില്ല. കർഷകർ ഉന്നയിച്ച മുദ്രവാക്യങ്ങൾ കക്ഷിരാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുമോയെന്ന ആശങ്കയാണ് പ്രക്ഷോഭകരെ ഇതിൽ നിന്നെല്ലാം അകറ്റിയത്. സമരത്തിനൊടുവിൽ കേന്ദ്രസർക്കാരുമായുണ്ടാക്കിയ ഒത്തുതീർപ്പു വ്യവസ്ഥ പാലിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ച് നടത്തുന്ന രണ്ടാം പോരാട്ടത്തിന്റെ ശൈലിയിൽ മാറ്റം വരുത്തുവാൻ അവർ തയ്യാറായായിട്ടില്ല.

ഡൽഹി ചലോ മാർച്ചിനായി പഞ്ചാബിൽ നിന്നു പുറപെട്ട കർഷകരെ ശംഭുവിലും ഖനൗരിയിലും ഹരിയാന പോലീസ് തടഞ്ഞു. അമൃത്സർ - ഡൽഹി ഹൈവേയിലെ ശംഭുവിൽ സർവൻസിംഗ് ബന്ദേറിനാണ് നേതൃത്വമെങ്കിൽ ഖനൗരിയിൽ ജഗജിത് സിംഗ് ധല്ലേവാളിനാണ് ചുമതല. അദ്ദേഹവും കർഷകരുടെ സമുന്നത നേതാക്കളിൽ ഒരാളാണ്.

ശംഭു അതിർത്തിയിൽ കർഷകർ

ഡൽഹിയിൽ നിന്ന് തീവണ്ടിയിലാണെങ്കിൽ ശംഭുവിനടുത്തുള്ള സ്റ്റേഷൻരാജ്പുരയാണ്. അവിടെ നിന്ന് 15 കിലോമീറ്ററോളം ഓട്ടറിക്ഷയിൽ യാത്ര ചെയ്താലെ ശംഭുവിലെ സമരകേന്ദ്രത്തിലെത്തൂ. ദേശീയപാതയിൽ വാഹന തിരക്കില്ല. ഹരിയാന അതിർത്തിയിലെത്തുന്നതിന്ന് അഞ്ച് കിലോമീറ്റർ മുമ്പായി വാഹനവ്യൂഹം കാണാം.

അവിടെ മൂന്ന് നാല് പേർ ഞങ്ങൾ സഞ്ചരിച്ച വാഹനം കൈകാണിച്ച് നിർത്താനാവശ്യപ്പെട്ടു. സമരത്തിന് വന്നതാണെന്ന് ഡ്രൈവർ പറഞ്ഞു. ഇതിനകം, ഡ്രൈവറായ ചെറുപ്പക്കാരൻ എങ്ങോട്ടെന്ന് ഞങ്ങളോടാരഞ്ഞിരുന്നു. കൂടെയുണ്ടായിരുന്ന പി ടി ജോൺ സമര കേന്ദ്രത്തിലേക്കാണെന്ന മറുപടിയും പറഞ്ഞു. 'സമരത്തിൽ പങ്കെടുക്കാൻ ഞങ്ങൾ കേരളത്തിൽ നിന്ന് വരികയാണ് ' നിങ്ങൾക്കൊപ്പമാണ് ഞങ്ങൾ'. ജോണിന്റെ വിവരണം കേട്ടവഴിയിൽ, വാഹനം തടഞ്ഞവരുടെ മുഖത്ത് സന്തോഷവും അമ്പരപ്പും വിരിഞ്ഞു. 'എത്ര പേരുണ്ട്?' ഇതിനിടയിൽ ഓട്ടോയ്ക്കുള്ളിലേക്ക് നോക്കി അവരിലൊരാൾ അന്വേഷിച്ചു. തുടർന്ന് ഓട്ടോ പോവേണ്ടതെങ്ങിനെയെന്ന് അവർ ഡ്രൈവർക്ക് നിർദ്ദേശം നൽകി.

രണ്ടുവരി പാതയാണ്. ഇരു റോഡിലും രണ്ടരികിലുമായി വാഹന നിര. ട്രാക്ടറുകളാണെങ്കിലും ഒറ്റനോട്ടത്തിൽ അവയെല്ലാം ചക്രങ്ങളുള്ള കൂടാരങ്ങളായി തോന്നും . ഇങ്ങിനെ രൂപാന്തരം വരുത്തിയ യന്ത്രങ്ങളിൽട്രാക്ടറുകൾ മാത്രമല്ല, ചെറുതും വലുതുമായ ലോറികൾ, ട്രോളികൾ, ടില്ലറുകൾ തുടങ്ങി എല്ലാം ഉൾപ്പെടും. അവയെല്ലാം സമരാന്ത്യം വരെ പാർപ്പിടങ്ങളാണ്.

ഉറക്കത്തിനും വിശ്രമത്തിനും അനുയോജ്യമായ രീതിയിൽ അവയ്ക്കകം തണുപ്പേൽക്കാത്ത വിധം ചണമോ കോട്ടണോ കൊണ്ട് സുരക്ഷിതമാക്കിയിട്ടുണ്ട്. രണ്ടോ അതിലധികമോ പേർക്ക് ഇവ്വിധമുള്ള ഓരോ കൂടാരത്തിലും കഴിയാം. രാത്രിയിലെ തണുപ്പ് പകലിലെ ഉഷ്ണത്തെ ശമിപ്പിക്കും വിധം തറയിൽ ഗോതമ്പ് തണ്ടുകൾ നിരത്തിയിട്ടുണ്ട്. ഇരിപ്പിടങ്ങളിലധികവും ഗോതമ്പ് തണ്ടുകൾകൊണ്ട് ഉണ്ടാക്കിയെടുത്തതാണ്. കൂടാതെ ഇവയെല്ലാം ഭക്ഷണശാലകളാണ്, ചികിത്സാലയമാണ്, ഔഷധശാലകളാണ്, കോഫി ഷോപ്പുകളോ ചായക്കടകളോ ശീതള പാനീയ വില്പനശാലകളോ ആണ്.

വാഹനങ്ങളിലെല്ലാം പ്രക്ഷോഭകരാണ്. ഭൂരിഭാഗവും ശിരോവസ്ത്ര ധാരികളായ കർഷകർ. ഇവരിൽ മൂന്നിൽ രണ്ടു ഭാഗവും മുതിർന്ന പൗരരാണ്. നരച്ച താടിയും വേഷവുമെല്ലാം ചേർന്ന് ആകെ ഗൗരവം നിറഞ്ഞ അന്തരീക്ഷം. സ്ത്രീകളും കുഞ്ഞുങ്ങളുമുണ്ടിക്കൂട്ടത്തിൽ. സ്വന്തം വാഹനങ്ങളിൽ വരികയോ പോവുകയോ ചെയ്യുന്നവരുണ്ട്. എല്ലാവരും പരസ്പരം നമസ്‌കാരം പറയുന്നു. ഭക്ഷണ വിതരണ വാഹനങ്ങൾക്ക് മുന്നിൽ തിരക്കുണ്ട്. ഓരോ വാഹനത്തിലും വ്യത്യസ്ത സ്വാദുള്ള വിവിധതരം ആഹാരങ്ങളാണ് നൽകുന്നത്. ഇതിനിടയിലൂടെയാണ് ഞങ്ങളുടെ റിക്ഷ മുന്നോട്ടു പോവേണ്ടത്. തിരക്കിനിടയിലൂടെ എത്തിച്ചേർന്നത് റോഡിൽ രണ്ടു ട്രാക്ടർ ടെയിലറുകൾ ചോർത്ത് തയ്യാറാക്കിയ വേദിക്കരികിലാണ്.

രാത്രികാലങ്ങളിൽ സാമാന്യം ഭേദപ്പെട്ട തണുപ്പുണ്ട്. ശൈത്യത്തിന്റെ തുടർച്ചയെന്നോണം കുളിര് ഒരുച്ചവരെ ഉണ്ടാവും. അതുകൊണ്ടു തന്നെ പതിനൊന്ന് മണിയാവുമ്പോഴൊക്കെയെ വേദി സജീവമാവൂ. അവിടെ രാത്രി തങ്ങുന്നവർ മാത്രമല്ല സദസ്യരായുണ്ടാവുക. ഓരോ ഗ്രാമത്തിൽ നിന്നുമുള്ള ചെറുസംഘങ്ങൾ വാഹനങ്ങളിൽ വരും. ഇവരിൽ നല്ലൊരു പങ്കും പ്രക്ഷോഭകർക്കുള്ള ആഹാരവുമായാണ് ഗുരുദ്വാരകൾ കേന്ദ്രീകരിച്ചെത്തുക. അവരിൽ സ്ത്രീകളാണ് കൂടുതലും.

ചപ്പാത്തി, ചാവൽ, സബ്ജി, ദാൽ തുടങ്ങി സർദാർജി മാരുടെ ഇഷ്ടഭക്ഷണം യഥേഷ്ടം മുടങ്ങാതെ സമര കേന്ദ്രത്തിലെത്തുന്നു. വിശപ്പകറ്റാനുള്ള ആഹാരം എന്ന നിലയ്ക്ക് മാത്രമല്ല അവരുടെ പതിവ് ശീലങ്ങൾക്ക് ഭംഗം വരാതെയുള്ള ക്രമമാണിവിടെ പിന്തുടരുന്നത്. മൂന്നുതലമുറ വരെ നീളുന്ന കുടുംബശ്രേണി രംഗത്തിറങ്ങിയെന്നത് കർഷകസമരത്തിന്റെ സവിശേഷതകളിൽ പ്രധാനപ്പെട്ടതാണ്. കുടുംബാംഗങ്ങൾ ക്കിടയിലും അയൽക്കാരുൾപ്പെടുന്ന പ്രാദേശിക സമൂഹത്തിനുമിടയിലുള്ള പരസ്പരാദരവും ഊഷ്മളമായ സ്‌നേഹവും കൈമാറ്റം ചെയ്യപ്പെടുന്നത് ഇവിടുത്തെ ഉത്കൃഷ്ടമായ ദൃശ്യങ്ങളിലൊന്നാണ്.

മുതിർന്നവരോടുള്ള കരുതലും വിനയവും പ്രകടിപ്പിക്കുന്നതിന് അവർ ഒട്ടുമേ വൈമനസ്യം കാണിക്കാറില്ല. ഇതെല്ലാം ചേർന്നൊരുക്കുന്ന സ്‌നേഹാർദ്രമായ ഒരന്തരീക്ഷം സമര കേന്ദ്രത്തിൽ സൃഷ്ടിക്കപ്പെട്ടത് ശരിയ്ക്കും നമ്മെ അത്ഭുതപ്പെടുത്തും. അപ്രതീക്ഷിതമായ ഒരത്യാഹിതം ഉണ്ടാവാമെന്ന ഗൗരവമായ ബോധ്യം സൂക്ഷിക്കുമ്പോഴും അവർ അദൃശ്യമായ ഈ പാരസ്പര്യത്തെ കയ്യൊഴിയുന്നില്ല (പരിഷ്‌കൃതരെന്നഹങ്കരിക്കുന്ന നമുക്കിത് അത്ര സുലഭമായ അനുഭവമല്ലാത്തതുകൊണ്ടാണ് ഇതിവിടെ ഇങ്ങിനെ പ്രതിപാദിച്ചത്).

മാനവികമായ നീതി ബോധങ്ങൾക്കൊന്നും ഇടമില്ലാത്ത ഇക്കാലത്ത് പഞ്ചാബിലെ കർഷകരുടെ പോരാട്ടം വിജയം കാണുമെന്ന് ഉറച്ചു വിശ്വസിക്കാനുള്ള കാരണം മേൽ ചൂണ്ടിക്കാണിച്ച വസ്തുതകളാണ്. പ്രധാന വേദിയിൽ നിന്ന് ഏതാണ്ട് 50 മീറ്ററകലെ കൂറ്റൻ കോൺക്രീറ്റ് ബ്ലോക്കുകൾ ഉപയോഗിച്ച് ദേശീയപാത അടച്ചിരിക്കുന്നു. മുള്ളുവേലികൾ പാകിയതും കാണാം. അവക്കെല്ലാം മുകളിൽ കൃഷിക്കാർക്ക് നേരെ ചൂണ്ടിയ തോക്കുമായി ഹരിയാന പൊലീസ്. ശത്രുരാജ്യത്തെ ഭടന്മാരോടെന്ന പോലെ രാപ്പകൽ ജാഗരൂകരായി നിലയുറപ്പിച്ചിരിക്കുകയാണ് ഹരിയാനയുടെ മണ്ണിൽ പൊലീസുകാർ. സമരകേന്ദ്രത്തിലെത്തുന്നവർ ഇവർക്ക് നേരെ കൈചുണ്ടി മുദ്രാവാക്യം വിളിക്കുന്നു.

സന്ദർശനത്തിനെത്തുന്നവർ പ്രക്ഷോഭകരോടാഭിമുഖ്യം പ്രകടിപ്പിക്കാനായി പ്രസംഗിക്കുന്നു. കവിത ചൊല്ലുന്നു. നാടൻ പാട്ടുകൾപാടുന്നു. പഞ്ചാബിലെ ഏതാണ്ട് മുഴുവൻ ഗ്രാമങ്ങളിൽ നിന്നും കർഷകർ ഇവിടേക്ക് വരുന്നുണ്ട്. അങ്ങിനെ എത്തിച്ചേരാൻ കഴിയാത്തവർ സമരമുന്നണിയിലുള്ളവർക്ക് വേണ്ടി അവരവരുടെ ശേഷിക്കനുസൃതമായി പങ്കാളികളാവുന്നു. ഇങ്ങനെ വീടുകളിലും ഗുരുദ്വാരകൾ കേന്ദ്രീകരിച്ചും ഭക്ഷണം പാകം ചെയ്യുന്നവർ വരെ ഉൾക്കൊള്ളുന്ന ഒരു നിര ഈ സമരത്തിനൊപ്പമുണ്ട്. പ്രത്യക്ഷത്തിൽ സമര കേന്ദ്രത്തിലുള്ളവരെക്കാൾ എത്രയോ മടങ്ങുവരും ഇവരുടെ സംഘബലം.

സമരത്തോടുള്ള കേന്ദ്ര സർക്കാരിന്റെ സമീപനത്തിൽ സമര നേതൃത്വം പ്രതീക്ഷിച്ചതിൽ നിന്നും ഒട്ടും മാറ്റമുണ്ടായില്ല. ഒരു ഘട്ടത്തിൽ ബി ജെ പി അവരുടെ പ്രകടനപത്രികൾ ഉറപ്പു നൽകിയ MSP യാണ് ഇപ്പോൾ കർഷകരുടെ പ്രധാന ആവശ്യം. അവരുടെ വിളകൾക്ക് താങ്ങുവില വേണം. വിപണയിൽ സർക്കാരിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഇടനിലക്കാരും വില്പനക്കാരും അമിതമായി സ്വാധീനം ചെലുത്തുകയും ചെയ്തതോടെ തങ്ങൾക്ക് പിടിച്ചു നിൽക്കാനാവാതെ വന്നെന്ന തിരിച്ചറിവാണ് കർഷക പോരാട്ടത്തിന്റെ യഥാർത്ഥ ഹേതു.

ഉല്പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം തങ്ങൾക്ക് വേണമെന്ന ആവശ്യത്തിലേക്കുള്ള കൃഷിക്കാരുടെ കാൽവെയ്പായി ഈ പ്രക്ഷോഭത്തെ ഗവൺമെന്റുകൾ ഭയക്കുന്നുണ്ട്. രാജ്യത്തെ കർഷകരുടെ നിരന്തരാവശ്യത്തെത്തുടർന്നാണ് കേന്ദ്ര സർക്കാർ കാർഷികോൽപന്നങ്ങളുടെ താങ്ങുവില നിശ്ചയിക്കാൻ കാർഷിക ശാസ്ത്രജ്ഞനായിരുന്ന എം എസ് സ്വാമിനാഥൻ അധ്യക്ഷനായുള്ള കമ്മീഷനെ നിയോഗിച്ചത്. കോൺഗ്രസ് നേതൃത്വത്തിലുള്ള യു പി എ സർക്കാരാണ് ഈ കമ്മീഷനെ ചുമതലപ്പെടുത്തിയതെങ്കിലും തുടർന്നധികാരത്തിലെത്തിയ ഭാരതീയ ജനതാ പാർട്ടി, കമ്മീഷൻ ശുപാർശകൾ തള്ളികളഞ്ഞില്ല.

എന്നാൽ ഈ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിൽനിന്ന് മോദി ഭരണകൂടം തുടർച്ചയായി ഒഴിഞ്ഞുമാറുകയാണുണ്ടായത്. ഒരു വേള കർഷക രക്ഷക്കായി അവർ തന്നെ ആവശ്യപ്പെട്ട MSP യെ തഴയുന്നതിന്നു പിന്നിൽ ബി ജെ പി യെ സ്വാധീനിക്കുന്നതെന്തെന്ന സംശയത്തിന് കർഷകർ ഉത്തരം കണ്ടെത്തിയതും ഈ പോരാട്ടത്തിന്റെ മറ്റൊരു കാരണമാണ്. ബഹുരാഷ്ട്ര ഭീമന്മാരായ കോർപ്പറേറ്റ് കമ്പനികളുടെ ഇംഗിതത്തിന് വഴങ്ങുന്നതുകൊണ്ടു കൂടിയാണ് കർഷകരെ മുഖവിലക്കെടുക്കാൻ സർക്കാർ തയ്യാറാവാത്തതെന്ന വിമർശനവും പ്രക്ഷോഭത്തിന് നിദാനമാണ്.

വിത്ത്, വളം, കാർഷികായുധങ്ങൾ, യന്ത്രങ്ങൾ തുടങ്ങിയവയുടെ വില ക്രമാതീതമായി വർധിക്കുകയും ഇന്ധനത്തിന്റെയും വൈദ്യുതിയുടെയും വിലയുൾപ്പെടെ അനിയന്ത്രിതമായി ഉയരുകയും ചെയ്ത സാഹചര്യം കൃഷിയെ തകർത്തു. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിച്ച പ്രതിസന്ധി ഉല്പാദനം കുറയ്ക്കുകയും വിലയിലെ അസ്ഥിരത കർഷകരുടെ നട്ടെല്ല് തകർക്കുകയും ചെയ്തു. കർഷകരിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ഉല്പനങ്ങൾ വാങ്ങാനുള്ള കുത്തക മുതലാളിമാരുടെ നീക്കങ്ങൾക്ക് തടയിടാൻ സർക്കാർ തയ്യറായില്ലെന്ന് മാത്രമല്ല, കമ്പനികൾക്കനുകൂലമായ സമീപനം കൈകൊള്ളുകയും ചെയ്തു. പ്രതികൂല പാശ്ചാത്തലത്തിൽ വായ്പ പെരുകി കർഷകർ കടക്കെണിലായി - ഇങ്ങിനെ ജീവിതം വഴിമുട്ടിയ കൃഷിക്കാർ അഭയം തേടിയത് ആത്മഹത്യയിലാണ്. ഈ സന്നിഗ്ധ ഘട്ടത്തിൽ ഉല്പന്നങ്ങൾക്ക് വിലസ്ഥിരത നേടാൻ കൃഷിക്കാർ മുന്നോട്ടു വെയ്ക്കുന്ന പരിഹാര മാർഗ്ഗമാണ് MSP .

രാജ്യത്തിന്റെ നട്ടെല്ല് കർഷകരാണെന്ന അവകാശവാദങ്ങൾ വ്യാജമായി നിരന്തരം ഉരുവിടുമ്പോഴും അവർക്ക് നിലനിൽക്കാനൊരു കൈത്താങ് നൽകാൻ സമൂഹത്തിന് ബാധ്യതയില്ലേ എന്ന ചോദ്യവും ഈ പ്രക്ഷോഭം ഉയർത്തുന്നുണ്ട്.

ശംഭൂവിലെ സമരകേന്ദ്രത്തിലെ ചില ഒരുക്കങ്ങളെ സംബന്ധിച്ചുള്ള ചെറുവിവരണം മുകളിൽ നൽകിയിരുന്നു. അവ കൂടാതെ സമരത്തിന് നേതൃത്വം നൽകുന്നവർക്കും മുതിർന്ന പൗരന്മാർക്കും കൂടിയാലോചനകൾക്കായി പ്രത്യേക ഇടം ഇവിടെയുണ്ട്. ഖാപ് പഞ്ചായത്തിന് സമാനമായ ഒരന്തരീക്ഷം എന്നു വേണമെങ്കിൽ പറയാം. അവിടെ വെച്ചാണ് പി ടി ജോണിനൊപ്പം സൻവർ സിംഗ് ബന്ദേറിനോട് മിണ്ടിയത്. സമരത്തിന്റെ ആയുസെത്രയെന്ന ഒറ്റച്ചോദ്യമാണ് ഉള്ളിലുണ്ടായിരുന്നത്.

'എത്ര ദൈർഘ്യമേറിയ പോരാട്ടത്തിനും ഒരുങ്ങിയാണ് ഞങ്ങൾ ഇറങ്ങിയത്. എവിടം വരെ പോവാനും ഞങ്ങൾ തയ്യാറാണ്. ദൈർഘ്യവ്യം വ്യാപ്തിയുമെല്ലാം ഗവൺമെന്റാണ് നിശ്ചയിക്കേണ്ടത്. സമരം തുടങ്ങുമ്പോൾ തന്നെ ഞങ്ങൾ പരിഗണിച്ചത് പ്രതിബന്ധങ്ങളെക്കുറിച്ചാണ്. രാജ്യത്തെ പൗരന്മാരെ തീറ്റിപ്പറ്റുന്ന കർഷകരോടുള്ള അധികാരികളുടെ നിലപാട് ഒന്നാം സമരത്തിൽ നിന്ന് ഞങ്ങൾ മനസ്സിലാക്കി. അതുകൊണ്ട് അനായസം എല്ലാം സന്തോഷകരമായി അവസാനിക്കില്ലെന്ന് നന്നായറിയാം. ഞങ്ങൾ പുറപ്പെട്ടു കഴിഞ്ഞു. ലക്ഷ്യത്തിലെത്താതെ പിന്മാറില്ല. അധികാര കേന്ദ്രത്തിലേക്കാണ് പുറപ്പെട്ടത്. എന്നാൽ ഇവിടെ ഞങ്ങളെ തടഞ്ഞു. തടസ്സം നീക്കുന്നതുവരെ ഇവിടെ നിൽക്കും ഞങ്ങൾ . തിരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിൽ അതെപ്പോഴാണെന്ന് ഞങ്ങൾക്കറിയാം. അതുകൊണ്ടുതന്നെ ആ പ്രതിസന്ധി ഞങ്ങൾക്കില്ല.

ഇന്ത്യ മുന്നണി ഞങ്ങൾക്ക് പിന്തുണ നൽകിയിട്ടുണ്ട്. അവർ അധികാരത്തിലെത്തിയാൽ MSP അനുവദിക്കുമെന്നാണ് രാഹുലിന്റെ ഉറപ്പ് - നല്ലത്. ആവശ്യം അംഗീകരിക്കാതെ പിന്മാറില്ല ഞങ്ങൾ. സമരത്തെ തകർക്കുകയെന്ന ഉദ്ദേശ്യത്തോടെ എന്തെല്ലാമോ ആരോപണങ്ങൾ ഉന്നയിക്കുകയാണ് ചിലർ. ഞങ്ങൾ തീവ്രവാദികളാണെന്ന്. ഖാലിസ്ഥാൻ വാദികളാണെന്ന്. ജാതിയും മതവും ദേശവുമൊന്നും നോക്കിയല്ല ഞങ്ങൾ സമരമുഖത്തുള്ളത്. അതുകൊണ്ട് തന്നെ ഏതറ്റം വരെ പോവാനും കൃഷിക്കാർ തയ്യാറാണ് ' ബന്ദേർ പറഞ്ഞു. സമരകേന്ദ്രത്തിലുണ്ടായിരുന്ന നിരവധി പേരോട് ഇതേ ചോദ്യം ഉന്നയിച്ചപ്പോഴും മറുപടി ഇതു തന്നെയായിരുന്നു.

പബാബിലെ മത്രമല്ല ഈ മേഖലയിലെയും പാടങ്ങളിൽ ഗോതമ്പ് വിളഞ്ഞ് വരുന്നതേയുള്ളു. ഏപ്രിൽ മാസാരംഭത്തോടെ വിളവെടുപ്പിന് പാകമാവും. സാമാന്യം നല്ല നിലയിൽ ലഭിച്ച അനുകുല കാലവസ്ഥയിൽ ഭേദപ്പെട്ട വിളവ് കിട്ടുമെന്നാണ് കർഷകരുടെ പ്രതീക്ഷ. സമരകേന്ദ്രത്തിലെ പ്രക്ഷുബ്ധാവസ്ഥയിൽ തങ്ങളുടെ വിശാലമായ ഗോതമ്പ് പാടത്തെ വിളവെടുപ്പിനെക്കുറിച്ചുള്ള പ്രതീക്ഷകൾ അവർക്കൊരശ്വാസമാണ്. സമരത്തിന്റെ മുൻനിരയിയിലുള്ളവർ ഉൾപ്പെടെ ഏതാണ്ടെല്ലാവരും സ്വന്തമായി ഭൂമിയുള്ള കർഷകരോ കഠിനാധ്വാനികളായ തൊഴിലാളികളോ ആണ്. വിളവെടുക്കണമെങ്കിൽ ഇവരെല്ലാം സ്വഗ്രാമങ്ങളിലെ കൃഷിയിടങളിലേക്ക് മടങ്ങിപ്പോവണം. ഈ പ്രതികൂല സാഹചര്യം എങ്ങിനെ നേരിടാമെന്ന ആലോചന അന്തിമ ഘട്ടത്തിലാണ്. തങ്ങളുടെ പോരാട്ടം തങ്ങൾക്ക് മാത്രം വേണ്ടിയല്ലെന്ന് ഉത്തരേന്ത്യൻ കർഷകർ കരുതുന്നു.

തങ്ങളുടെ പ്രധാന വിളകൾക്ക് നിലവിൽ MSP ഉണ്ടെന്നിരിക്കെ, സാമിനാഥൻ കമ്മീഷൻ നിർദ്ദേശിച്ച മുഴുവൻ വിളകൾക്കും താങ്ങുവില വേണമെന്ന ആവശ്യം അവർ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ മുഴുവൻ കർഷകർക്കും വേണ്ടിയാണ് അവരുടെ സമരം, അതുകൊണ്ടു തന്നെ കൊയ്ത്ത്കാലത്ത് സമരകേന്ദ്രത്തിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള കർഷകരെ അവർ പ്രതീക്ഷിക്കുന്നു . കേരളത്തിലെ കർഷകർ ഉൾപ്പെടെയുള്ളവർ പ്രക്ഷോഭകരുടെ ഈ സഹായാഭ്യർത്ഥന സ്വീകരിക്കണമെന്ന് ബന്ദേറിനൊന്നിച്ച് സംസാരിച്ച, സംയുക്ത കിസാൻ മോർച്ച ദക്ഷിണേന്ത്യൻ കോർഡിനേറ്റർ പി ടി ജോൺ കർഷകരോട് ആവശ്യപ്പെട്ടു.

'ഖനൗരിയിൽ പ്രക്ഷോഭകരിൽ ഒരാൾ ഹരിയാന പോലീസിന്റെ വെടിവെയ്പിൽ കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന് ഉടലെടുത്ത സംഘർഷാവസ്ഥ ഞങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. ബന്ദേരി പറഞ്ഞു. ഈ സംഭവം ദൗർഭാഗ്യകരമെന്ന് സർക്കാരിനും സമ്മതിക്കേണ്ടി വന്നു, അതിന്റെ ഭാഗമായാണ് മൂന്ന് കോടി രൂപയുടെ ധനസഹായം യുവ കർഷകന്റെ കുടുംബത്തിനനുവദിച്ചത്. എന്നാൽ കുടുംബം ഈ വാഗ്ദാനം നിരസിക്കുകയാണ് ചെയ്തത്. കർഷകർ ഉന്നയിച്ച ആവശ്യങ്ങൾ പരിഹരിക്കുവാനാണ് അവർ ആവശ്യപ്പെട്ടത്. ഞങ്ങൾ ഒറ്റക്കെട്ടാണ്, പിന്നോട്ടില്ല. അടുത്ത ദിവസം തന്നെ കൂടുതൽ സ്ഥലങ്ങളിൽ സമരം തുടങ്ങും. എവിടെ തടയുന്നോ അവിടെ നിൽക്കും. ഞങ്ങൾ ഡൽഹിയിലേക്കെത്തും' ബന്ദേർ പറഞ്ഞു.

പഞ്ചാബിന്റെ മണ്ണിൽ കർഷകരോട് അല്പമെങ്കിലും അനുതാപമുള്ള സർക്കാരുണ്ട് എന്നത് പ്രക്ഷോഭകരുടെ ആത്മവീര്യം വർധിക്കാൻ കാരണമാണ്. ഇവരോട് സഹോദരതുല്യമായ ഭാവം പഞ്ചാബ് പൊലീസ് പ്രകടിപ്പിക്കുന്നു. പരസ്പരം കുശലം പറയുന്നതിന്നോ പ്രക്ഷോഭകർ തയ്യാറാക്കിയ ഭക്ഷണം കഴിക്കുന്നതിനോ ഇവർ മടിക്കുന്നില്ല, വാഹനങ്ങളുടെ നിര മാത്രമല്ല, ആംബുലൻസുകൾ, അഗ്‌നിശമന സൗകര്യങ്ങൾ തുടങ്ങിയവയെല്ലാം പൊലീസ് ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

ഒരു മാസം പിന്നിടുന്ന ഈ പോരാട്ടം വിജയിക്കുമെന്ന ഉറപ്പിന് സിഖ് കർഷകരുടെ നിശ്ചയദാർഢ്യം ഒന്നു മാത്രം മതി തെളിവായി. നേരത്തെ സൂചിപ്പിച്ച മുതിർന്ന പൗരരുടെ പങ്കാളിത്തം നൽകുന്ന സൂചനയാണ് മറ്റൊന്ന്. ഈ വൃദ്ധർക്ക് കൃഷിയിൽ മാത്രമല്ല നൈപുണ്യമുള്ളത്. അവരിൽ കേന്ദ്ര- സംസ്ഥാന തലങ്ങളിലെ ഉദ്യോഗങ്ങളിൽ ഉന്നത പദവി വഹിച്ചവരും ഉൾപ്പെടും. ആസൂത്രണ നമിതികളിൽ, പൊലീസിൽ, സൈന്യത്തിൽ, തുടങ്ങി സർവ്വമേഖലകളിലും പയറ്റിത്തെളിഞ്ഞവർ സമരത്തിന്റെ ദിശാസൂചി ജയത്തിലേക്ക് നയിക്കുന്നു. ഇവരുടെ പിൻബലത്തിന് പുറമെയാണ് ഗുരുദ്വാരകളുടെ അകമഴിഞ്ഞ പിന്തുണയും. സിഖ് പുരോഹിതന്മാരുടെ അനുഗ്രഹം മാത്രമല്ല പ്രത്യക്ഷത്തിൽ തന്നെ ഇവർ സമര കേന്ദ്രങ്ങളിലുണ്ട്.

മതചിഹ്നങ്ങളായ തലപ്പാവും കൃപാണവും ധരിച്ച നിരവധി സന്നദ്ധ പ്രവർത്തകരെ സമരമുഖത്ത് കാണാനാവും. പഞ്ചാബിലെ ഗ്രാമങ്ങളെ നിയന്ത്രിക്കുന്ന ഖാപ് പഞ്ചായത്തിന്റെ പിന്തുണയാണ് കർഷകരുടെ മറ്റൊരു കരുത്ത്. കർഷകർ മാത്രമല്ല തൊഴിലാളികളും ഉൾപ്പെടുന്ന ഗ്രാമസമൂഹത്തിന്റെ നിയന്ത്രണം കൈവശമുള്ള ഖാപ്പുകൾ സൃഷ്ടിക്കുന്ന സാമൂഹ്യ ഐക്യം സമരത്തിനനുകൂലമായി പ്രയോജനപ്പെടുത്തുന്നുണ്ട്. കർഷകരും തൊഴിലാളികളും ഒരേ ദിശയിൽ നീങ്ങുവാൻ ഈ പിന്തുണ സഹായിക്കുന്നു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്നെ മുൻനിർത്തി സമരത്തെ അധിക്ഷേപിക്കുന്നവർക്കുള്ള കൃത്യമായ മറുപടിയാണ് അവരെ മാറ്റിനിർത്തിയുള്ള ഇപ്പോഴത്തെ ഡൽഹി ചലോ മാർച്ച്. CPIM നിയന്ത്രണത്തിലുള്ള കിസാൻ സഭയുടെ ഉൾപ്പെടെ രാഷ്ട്രീയ താൽപര്യങ്ങളുള്ള സംഘടനകളെ അകറ്റി നിർത്തുന്നതിന്റെ ന്യായവും ഇതാണ്. 'Adjustment സമരമാണ് അവർ മുന്നോട്ടു വെക്കുന്നത്. തെരഞ്ഞെടുപ്പാണ് സമരത്തിന് ഏറ്റവും അനുയോജ്യ സന്ദർഭം. ജനങ്ങൾക്ക് മുന്നിൽ തങ്ങൾ ഉന്നയിക്കുന്ന ആവശ്യങ്ങൾക്ക് മേൽ നിലപാട് എടുക്കാൻ പാർട്ടികൾ നിർബന്ധിതരാവും. അതാണ് ഉചിതമെന്ന് കർഷകർ കരുതുന്നു. മറ്റൊന്ന്, ഒന്നാം കർഷക സമരത്തിൽ ഒപ്പം പ്രവർത്തിച്ച ചിലർ ഞങ്ങളുടെ സംഘടിത ശേഷി തകർക്കാൻ ശ്രമിച്ചു. രാകേഷ് ടിക്കായത്തിനെ പോലെ ജന പിന്തുണയുള്ള ചിലരെ വരുതിയിലാക്കാൻ അവർക്ക് കഴിഞ്ഞു. സംയുക്ത കിസാൻ മോർച്ച (നോൺ പൊളിറ്റിക്കൽ) രൂപീകരിക്കേണ്ടി വന്നതും അങ്ങിനെയാണ്. ഇത് ഞങ്ങൾ മറന്നിട്ടില്ല' പ്രക്ഷോഭരംഗത്തുള്ള കർഷകരിലൊരാൾ പറഞ്ഞു.


എം.കെ. രാംദാസ്​

സ്വതന്ത്ര മാധ്യമ പ്രവർത്തകൻ. അച്ചടി, ദൃശ്യ, ഓൺലൈൻ രംഗങ്ങളിൽ മാധ്യമപരിചയം. ജീവിതം പ്രമേയമായി അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments