എം.പിമാർക്ക് ‘ജനകീയ വിപ്പു'മായി കർഷകർ പാർലമെന്റ് സ്ട്രീറ്റിലാണ്

എട്ടുമാസമായി ഡൽഹി അതിർത്തികളിൽ സമരം ചെയ്യുന്ന കർഷകർ പ്രഖ്യാപിച്ച പാർലമെന്റ് മാർച്ച് പൊലീസ് തടഞ്ഞതിനെത്തുടർന്ന് പാർലമെന്റ് സ്ട്രീറ്റിൽ കർഷക പാർലമെന്റ് നടത്തിയും എം.പിമാർക്ക് 'ജനകീയ വിപ്പ്' നൽകിയും റോഡരികിൽ ഭക്ഷണം കഴിച്ചും കർഷകർ ഒരിക്കൽ കൂടി രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്.

ൽഹി അതിർത്തികളിൽ എട്ട് മാസമായി പ്രക്ഷോഭത്തിലേർപ്പെട്ടിരിക്കുന്ന കർഷകർ ഒരു ചൂവടുകൂടി മുന്നോട്ടു നീക്കിയിരിക്കുകയാണ്. അവരിപ്പോൾ ഡൽഹിയുടെ തന്ത്രപ്രധാനമായ പാർലമെൻറ്​ സ്ട്രീറ്റ് കയ്യടക്കിക്കഴിഞ്ഞിരിക്കുന്നു. കർഷകർ പ്രഖ്യാപിച്ച പാർലമെൻറ്​ മാർച്ച് പൊലീസ് തടഞ്ഞതിനെത്തുടർന്ന് കിസാൻ സൻസദ് (കർഷക പാർലമെൻറ്​) നടത്തിയും റോഡരികിൽ ഭക്ഷണം കഴിച്ചും അവർ ഒരിക്കൽ കൂടി രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്.

കോവിഡ് മഹാമാരിയെത്തുടർന്ന് ദീർഘകാലമായി നടക്കാതിരുന്ന പാർലമെൻറ്​ സമ്മേളനം ജൂലൈ 19 ന് ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച അന്നുതന്നെ ഇന്ത്യൻ പാർലമെൻറിലേക്ക് കർഷകർ മാർച്ച് നയിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ചു. ജൂലൈ 22 ന് ജന്തർമന്ദറിൽ നിന്ന്​ പാർലമെൻറിന് മുന്നിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്നായിരുന്നു കർഷക സംഘടനകൾ പ്രഖ്യാപിച്ചത്. പാർലമെ
ൻറിന്റെ മഴക്കാല സമ്മേളനം നടക്കുന്ന ആഗസ്ത് 13വരെ ഘെരാവോ തുടരുമെന്നും അവർ അറിയിച്ചിരുന്നു.

കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കണമെന്നാവശ്യപ്പെട്ട്​ പാർലമെൻറ്​ അംഗങ്ങൾക്ക് ജനകീയ വിപ്പ് നൽകാനും കർഷക സംഘടനകൾ തയ്യാറായി.
കർഷക സമരവുമായി ബന്ധപ്പെട്ട് അംഗങ്ങൾക്ക് നൽകിയ ജനകീയ വിപ്പിൽ നാല് കാര്യങ്ങളാണ് പ്രധാനമായും സൂചിപ്പിച്ചിരിക്കുന്നത്.

പാർലമെന്റിനു മുന്നിൽ സമരം ചെയ്യുന്ന കർഷകർ / Photo: Kisan Ekta Morcha

ഒന്ന്: ജൂലൈ 19 ന് ആരംഭിക്കുന്ന മൺസൂൺ സെഷന്റെ എല്ലാ ദിവസങ്ങളിലും പാർലമെന്റിൽ ഹാജരാകുക;
രണ്ട്: നിങ്ങളും നിങ്ങളുടെ പാർട്ടിയും, ഇടവേളകളില്ലാതെ, കർഷകരുടെ പ്രശ്‌നങ്ങൾ ഉന്നയിക്കുകയും കർഷകരുടെ ആവശ്യങ്ങളെ പിന്തുണയ്ക്കുകയും വേണം.
മൂന്ന്: കർഷകരുടെ ആവശ്യങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിക്കുന്നതുവരെ മറ്റേതെങ്കിലും കാര്യങ്ങൾ സഭാ നടപടികളിൽപ്പെടുത്താൻ നിങ്ങൾ അനുവദിക്കരുത്; കൂടാതെ, കർഷകരുടെ ആവശ്യങ്ങൾക്ക് അനുകൂലമായി സഭയിൽ കൊണ്ടുവന്ന ഏതെങ്കിലും പ്രമേയത്തെ നിങ്ങളും നിങ്ങളുടെ പാർട്ടിയിലെ മറ്റേതെങ്കിലും അംഗങ്ങളും എതിർക്കുകയോ, വോട്ടുചെയ്യുന്നത് ഒഴിവാക്കുകയോ ചെയ്യരുത്.

ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധിയെന്ന നിലയിൽ ജനങ്ങൾ നല്കുന്ന വിപ്പ് ആയി ഇതിനെ കണക്കാക്കണമെന്നും വോട്ടർമാരുടെ ഈ വിപ്പ് നിങ്ങൾ നിരാകരിക്കുകയാണെങ്കിൽ, എല്ലാ പൊതുവേദികളിലും നിങ്ങളോടുള്ള എതിർപ്പ് ശക്തമാക്കാൻ ഞങ്ങൾ, കർഷകർ നിർബന്ധിതരാകുമെന്നും ആൾ ഇന്ത്യാ കിസാൻ സംഘർഷ് സമിതിയുടെ പേരിൽ നൽകിയ ജനകീയ വിപ്പ് പാർലമെൻറ്​ അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.

ജൂലൈ 22ന് നടക്കാൻ പോകുന്ന പാർലമെൻറ്​ മാർച്ചിലേക്ക് തിരഞ്ഞെടുക്കപ്പെടുക്കപ്പെട്ട 200 കർഷക പ്രതിനിധികൾക്കായിരുന്നു കർഷക സംഘടനകൾ അനുമതി നൽകിയിരുന്നത്. പഞ്ചാബിൽ നിന്നുള്ള 100ഓളം അംഗങ്ങളും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 100ഓളം അംഗങ്ങളും ഉൾപ്പെടുന്നതായിരുന്നു സംഘം. ഈ വളണ്ടിയർമാരുടെ വിശദാംശങ്ങൾ മുമ്പേ പൊലീസിന് കൈമാറുകയും പൂർണമായും സമാധാനപരമായിരിക്കും പ്രക്ഷോഭമെന്നും സമിതി നേതാക്കൾ അറിയിച്ചു. ജനുവരി 26ന് നടന്ന കർഷക റിപ്പബ്ലിക് മാർച്ചിൽ സർക്കാർ അനുകൂലികളായ ആളുകൾ കടന്നുകൂടി പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചതിന്റെ അനുഭവം കൂടി കണക്കിലെടുത്തുകൊണ്ടായിരുന്നു കർഷക സംഘടനകളുടെ ഇത്തവണത്തെ നീക്കം.

ജൂലൈ 22ന് രാവിലെ 11 മണിയോടെ കർഷക പ്രതിനിധികൾ ജന്തർമന്ദറിൽ എത്തുകയും അവിടെ നിന്ന് പാർലമെൻറ്​ സ്ട്രീറ്റിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. ഇതിനിടയിൽ കർഷകരുടെ വാഹനങ്ങൾ തടയാൻ പല സ്ഥലത്തുവെച്ചും പൊലീസ് ശ്രമിച്ചുവെങ്കിലും അവയൊക്കെ മറികടന്ന് പാർലമെന്റ് സ്ട്രീറ്റിലേക്ക് കർഷക സംഘം എത്തിച്ചേരുകയും ചെയ്തു. 2000ത്തോളം പൊലീസ്- അർദ്ധ സൈനിക വിഭാഗങ്ങളെയാണ് 200ഓളം വരുന്ന കർഷക മാർച്ചിനെ തടയുന്നതിന്​ സർക്കാർ നിയോഗിച്ചിരുന്നത്. ബാരിക്കേഡുകൾ കൊണ്ട് കോട്ടകെട്ടി കർഷകരെ തടയുകയാണുണ്ടായത്.

സർദാർ ബൽദേവ് സിംഗ് സിർസ നിരാഹാരസമരത്തിനിടെ. അറസ്റ്റു ചെയ്ത കർഷകരെ വിട്ടയച്ചതിനു ശേഷമാണ് ആറു ദിവസം നീണ്ടു നിന്ന നിരാഹാരസമരം ബൽദേവ് സിങ്ങ് അവസാനിപ്പിച്ചത്.

പൊലീസ് തടഞ്ഞ സ്ഥലത്ത് വെച്ച് കർഷകർ ‘കിസാൻ സൻസദ്’ ചേരുകയും കർഷകരുടെ വിഷയങ്ങൾ ക്രമബദ്ധമായി അവതരിപ്പിക്കുകയും ചെയ്തു. കർഷകർക്കുള്ള ഭക്ഷണം ലംഗറുകളിൽ നിന്ന് തയ്യാറാക്കി എത്തിച്ചത്, പ്രതിനിധികൾ റോഡിൽ തന്നെയിരുന്ന് ഭക്ഷിക്കുകയും ചെയ്തു.
ഇതേസമയം, കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളിലും അംഗങ്ങൾ ബഹളം വെക്കുകയും സഭാധ്യക്ഷൻ പാർലമെൻറ്​ നടപടികൾ നിർത്തിവെക്കുകയും ചെയ്തു. പ്രതിപക്ഷാംഗങ്ങൾ പാർലമെന്റിന് പുറത്ത്, ഗാന്ധി പ്രതിമക്കുമുന്നിൽ കർഷകരുടെ ആവശ്യങ്ങൾ ഉന്നയിച്ച് ധർണ നടത്തുകയും ചെയ്തു. ജനകീയ വിപ്പിനോടുള്ള പ്രതിപക്ഷ പാർലമെന്റ് അംഗങ്ങളുടെ പ്രതികരണമെന്ന നിലയിൽ ഈ നടപടികളെ കാണാം. കേരളത്തിലെ 20 പാർലമെന്റ് അംഗങ്ങളും കർഷക പാർലമെന്റ് സന്ദർശിക്കുകയും കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

ഇതേസമയം, ഹരിയാനയിലെ കർഷക പ്രക്ഷോഭകാരികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനോടുള്ള പ്രതിഷേധമെന്ന നിലയിൽ സിർസയിൽ സംയുക്ത കിസാൻ മോർച്ച നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി 80 വയസ്സുകാരനായ സർദാർ ബൽദേവ് സിംഗ് സിർസ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരുന്നു. അറസ്റ്റിലായവരെ വിട്ടയച്ചതിനെ തുടർന്ന് നിരാഹാര സമരത്തിന്റെ ആറാം ദിവസമായ ഇന്നലെ അദ്ദേഹം സമരം അവസാനിപ്പിക്കുകയായിരുന്നു.

കർഷക പ്രക്ഷോഭം 238 ദിവസം പിന്നിടുമ്പോൾ രാജ്യചരിത്രത്തിൽ നാളിതുവരെ രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്ത അഭൂതപൂർവ്വമായ പ്രക്ഷോഭ പരമ്പരകൾക്കാണ് കർഷക സംഘടനകൾ തയ്യാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുന്നത്. സഹനത്തിന്റെയും ത്യാഗത്തിന്റെയും ഏതറ്റംവരെയും സഞ്ചരിക്കാൻ കർഷക സംഘടനകൾ തയ്യാറാണെന്നും കേന്ദ്ര സർക്കാർ തങ്ങളുടെ സ്വേച്ഛാധിപത്യപൂർണ്ണമായ സമീപനത്തിൽ നിന്ന് പിൻവലിയുന്നതുവരെ ഈ സഹനസമരം തുടരുമെന്നും അവർ പ്രഖ്യാപിക്കുന്നു.കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments