കർഷകരുടെ സമരം കാണാതിരിക്കാനാവില്ല; യോഗിക്കും കേന്ദ്ര സർക്കാരിനും വഴങ്ങേണ്ടി വരും

രാജ്യത്തെ കർഷകസംഘടനകളുടെ സംയുക്ത സമരസമിതി ഡൽഹി-നോയ്ഡ അതിർത്തിയിൽ നടത്തുന്ന പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തമാവുന്നു. വരുന്ന ഏഴ് ദിവസത്തിനുള്ളിൽ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാണ് സംഘടനകൾ നൽകിയിട്ടുള്ള അന്ത്യശാസനം…

News Desk

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് രാജ്യത്തെ പ്രധാന കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഡൽഹി - നോയ്ഡ അതിർത്തിയിൽ നടക്കുന്ന സമരം (Farmers Protest) കൂടുതൽ ശക്തമാവുകയാണ്. സംയുക്ത കിസാൻ മോർച്ചയെ കൂടാതെ, ഭാരതീയ കിസാൻ പരിഷത്ത്, ഭാരതീയ കിസാൻ യൂണിയൻ, കിസാൻ മസ്ദൂർ മോർച്ച എന്നിവയും പ്രക്ഷോഭത്തിലുണ്ട്. ഉത്തർ പ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ വികസന പ്രവർത്തനങ്ങളുടെ പേരിൽ സ്ഥലം ഏറ്റെടുത്തപ്പോൾ ഭൂമി നഷ്ടമായ കർഷകർക്ക് മാന്യമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നാണ് ഇപ്പോഴത്തെ സമരത്തിൻെറ ഒരു പ്രധാനപ്പെട്ട ആവശ്യം. കർഷകരുടെ ആവശ്യങ്ങൾ പരിഗണിച്ചു കൊണ്ട് ഒരു ചർച്ചയ്ക്കും ഇതുവരെ യോഗി സർക്കാർ തയ്യാറായിട്ടില്ല. പകരം സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനും പ്രതിഷേധക്കാരെ തടസ്സപ്പെടുത്തുന്നതിനും ആവശ്യമായ നടപടികളാണ് യുപി പോലീസും ഡൽഹി പോലീസും എടുക്കുന്നത്.

ഏകദേശം 160-ഓളം കർഷകരെ ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോലീസ് നടപടികളിൽ കർഷക സംഘടനകൾക്ക് കടുത്ത അതൃപ്തിയുണ്ട്. സമാധാനപരമായി സമരം നടത്താനുള്ള ഭരണഘടനാ അവകാശത്തിൻെറ ലംഘനമാണ് നടക്കുന്നതെന്നും കോടതി ഇടപെടണമെന്നും ഭാരതീയ കിസാൻ പരിഷദ് പ്രസിഡൻറ് രാകേഷ് ടികായത്ത് ആവശ്യപ്പെട്ടു. വരുന്ന ഏഴ് ദിവസത്തിനുള്ളിൽ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് കർഷകർ സംസ്ഥാന സർക്കാരിനും കേന്ദ്ര സർക്കാരിനും അന്ത്യശാസനം നൽകിയിട്ടുണ്ട്.

സമരത്തിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
സമരത്തിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ദല്ലേവാളിൻെറ സമരം

കർഷകരുടെ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് സംയുക്ത കിസാൻ മോർച്ച കൺവീനർ ജഗജിത് സിങ് ദല്ലേവാൾ നവംബർ 26 മുതൽ നിരാഹാര സമരത്തിലാണ്. അദ്ദേഹത്തിൻെറ സമരം ഇപ്പോൾ 9ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ദല്ലേവാളിനെ ഇപ്പോൾ പോലീസ് അനധികൃതമായി കസ്റ്റഡിയിൽ എടുത്തിരിക്കുകയാണെന്ന് കർഷക സംഘടനകൾ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഹേബിയസ് കോർപസ് കേസുമായി കർഷകരുടെ നേതൃത്വത്തിൽ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കനൌരി അതിർത്തിയിൽ സമരം ചെയ്യുകയായിരുന്ന ദല്ലേവാളിനെ പോലീസ് പഞ്ചാബിലെ ലുധിയാനയിലുള്ള ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പോലീസിൻെറ ഈ ഇടപെടലാണ് കർഷകരെ രോഷാകുലരാക്കിയത്. സമാധാനപരമായി സമരം ചെയ്യാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും, എന്നാൽ ഹൈവേകളും മറ്റും തടസ്സപ്പെടുത്തി ജനജീവിതത്തെ ബാധിക്കുന്ന അവസ്ഥയിലാവരുതെന്ന് കേസ് പരിഗണിക്കവേ സുപ്രീം കോടതി പറഞ്ഞു.

നേരത്തെ കർഷകർ നടത്തിയ ഐതിഹാസിക സമരത്തിന് പിന്നാലെ വിവാദ കാർഷിക ബില്ലുകളിൽ നിന്ന് കേന്ദ്ര സർക്കാരിന് പിന്തിരിയേണ്ടി വന്നിട്ടുണ്ട്

ദല്ലേവാളിനെ ഉടൻ മോചിപ്പിക്കണമെന്നും അദ്ദേഹത്തിന് സമരത്തിൽ പങ്കെടുക്കാൻ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹി-നോയ്ഡ പാതയിലെ ഗതാഗതത്തെയടക്കം ബാധിക്കുന്ന ദില്ലി ചലോ മാർച്ചിന് തുടക്കമായത്. പാതയിൽ ചൊവ്വാഴ്ച വലിയ ട്രാഫിക് ബ്ലോക്ക് ഉണ്ടാവുകയും ചെയ്തിരുന്നു. ഇത് പരാമർശിച്ച് കൊണ്ടാണ് ഗതാഗത തടസ്സം ഒഴിവാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടത്. കർഷകരുടെ മറ്റ് ആവശ്യങ്ങൾക്കൊപ്പം വിളകൾക്ക് മിനിമം താങ്ങുവില (MSP) ഉറപ്പുനൽകുക, നിയമപരിരക്ഷ ഉറപ്പാക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് ദല്ലേവാൾ പ്രധാനമായും സമരം തുടരുന്നത്.

കൃഷിമന്ത്രി ഇടപെടണമെന്ന് ഉപരാഷ്ട്രപതി

സമരം നടത്തുന്ന കർഷകരുടെ വിഷയങ്ങൾ കേന്ദ്രസർക്കാർ ഗൗരവത്തോടെ കണക്കിലെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. കർഷകരുടെ പ്രശ്നങ്ങൾ അവഗണിക്കുന്നത് ശരിയായ രീതിയല്ല. കർഷകരുമായി ചർച്ച നടത്തണമെന്ന് കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാനോട് ഉപരാഷ്ട്രപതി ആവശ്യപ്പെടുകയും ചെയ്തു. മുംബൈയിൽ ഇരുവരും ഒരുമിച്ച് പങ്കെടുത്ത ഒരു പരിപാടിയിൽ വെച്ചാണ് ധൻകറിൻെറ പ്രതികരണം. “സർക്കാരും കർഷകരും തമ്മിൽ ഒരു അതിർത്തി വെക്കുന്നത് ശരിയാണോ? കർഷകരുമായി ചർച്ച നടത്താത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഇതുവരെ അതിനുള്ള ഒരു ശ്രമം നടക്കാതിരുന്നത് എന്തുകൊണ്ടാണ്? കർഷകർക്ക് എന്തെങ്കിലും വാഗ്ദാനം നൽകിയിട്ടുണ്ടെങ്കിൽ അത് നൽകാൻ സർക്കാർ ബാധ്യസ്ഥരാണ്,” - ഉപരാഷ്ട്രപതി വ്യക്തമാക്കി.

വഴങ്ങുന്ന സർക്കാരുകൾ

കർഷകർ സമരം കടുപ്പിച്ചതോടെ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാരും പ്രശ്നപരിഹാരത്തിനുള്ള വഴി തേടുകയാണ്. കർഷകരുടെ ആവശ്യങ്ങൾ പഠിക്കുന്നതിന് സർക്കാർ അഞ്ചംഗ കമ്മിറ്റിയെ നിയോഗിച്ചിരിക്കുകയാണ്. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കർഷകരുടെ ഭൂമി ഏറ്റെടുത്തതിന് നൽകേണ്ട നഷ്ടപരിഹാരത്തുകയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കമ്മിറ്റി പരിശോധിക്കും. സമരം ശക്തമാവുകയാണെന്ന് തോന്നിയതോടെ തന്നെ കർഷകരുമായി ചർച്ചകൾക്ക് സാധ്യത ആരായുന്നുണ്ട് യു.പി സർക്കാർ. തിങ്കളാഴ്ച ചർച്ചകൾക്ക് പിന്നാലെ കർഷകർ താൽക്കാലികമായി പ്രതിഷേധം നിർത്തിയിരുന്നു. എന്നാൽ, ചൊവ്വാഴ്ച സമരം വീണ്ടും ശക്തമായി.

 കർഷകരുടെ കൂട്ടായ്മ സർക്കാരുകളിൽ വലിയ സമ്മർദ്ദമാണ് ഉയർത്തുന്നത്.
കർഷകരുടെ കൂട്ടായ്മ സർക്കാരുകളിൽ വലിയ സമ്മർദ്ദമാണ് ഉയർത്തുന്നത്.

ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ഉത്തർ പ്രദേശിലായിരുന്നു. അഖിലേഷ് യാദവിൻെറ നേതൃത്വത്തിലുള്ള സമാജ്വാദി പാർട്ടിക്കാണ് ഇവിടെ കൂടുതൽ സീറ്റുകൾ ലഭിച്ചത്. യു.പിയിൽ നേരിട്ട തിരിച്ചടി തന്നെയാണ് 400 സീറ്റുകൾ പ്രതീക്ഷിച്ച എൻ.ഡി.എയ്ക്ക് വലിയ ഇടിവുണ്ടാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം, സംസ്ഥാന നിയമസഭയിലേക്ക് ഈയിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ 9-ൽ 7 സീറ്റുകൾ എൻ.ഡി.എയ്ക്ക് നേടാൻ സാധിച്ചിരുന്നു. ഇത് ആശ്വാസം പകർന്നുവെങ്കിലും, ഇപ്പോൾ നടക്കുന്ന കർഷക സമരം പെട്ടെന്ന് പരിഹരിച്ചില്ലെങ്കിൽ അത് വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുമെന്ന ഭയം യോഗി ആദിത്യനാഥിനുണ്ട്. ഉപരാഷ്ട്രപതിയുടെയും സുപ്രീം കോടതിയുടെയുമെല്ലാം ഇടപെടൽ കൂടിയായതോടെ ശ്രദ്ധയോടെ നീങ്ങാൻ കേന്ദ്ര സർക്കാരിനും യു.പിയിലെ യോഗി സർക്കാരിനും തീരുമാനിക്കേണ്ടി വരും. നേരത്തെ കർഷകർ നടത്തിയ ഐതിഹാസിക സമരത്തിന് പിന്നാലെ വിവാദ കാർഷിക ബില്ലുകളിൽ നിന്ന് കേന്ദ്ര സർക്കാരിന് പിന്തിരിയേണ്ടി വന്നിട്ടുണ്ട്. കർഷകരുടെ കൂട്ടായ്മ സർക്കാരുകളിൽ വലിയ സമ്മർദ്ദമാണ് ഉയർത്തുന്നത്. അവരുടെ ആവശ്യങ്ങളെ കണ്ടില്ലെന്ന് നടിക്കാൻ യോഗി ആദിത്യനാഥിനും നരേന്ദ്ര മോദിക്കും സാധിക്കില്ല. കർഷകർക്ക് അനുകൂലമായി തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിൽ ഡിസംബർ 6-ന് വീണ്ടും ദില്ലി ചലോ മാർച്ച് പുനരാരംഭിക്കാനാണ് സംഘടനകളുടെ തീരുമാനം.

Comments