‘ഡൽഹി ചലോ’ മാർച്ച് @ 100, കർഷക പ്രക്ഷോഭം ബി.ജെ.പി നേതാക്കളുടെ വീട്ടുപടിക്കലേക്ക്

‘ഡൽഹി ചലോ’ മാർച്ചിന് നൂറു ദിവസം തികയുന്ന നാളെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ പ്രമുഖ ബി.ജെ.പി നേതാക്കളുടെ വീട്ടുപടിക്കൽ സമരം തുടങ്ങുമെന്ന് സംയുക്ത കിസാൻ മോർച്ച (നോൺ പൊളിറ്റിക്കൽ) കൺവീർ ജഗ്ജിത് സിങ ദല്ലേവാൽ. ബി.ജെ.പിയുടെ ഇലക്ഷൻ പ്രതീക്ഷകൾക്ക് വൻ തിരിച്ചടിയാകുകയാണ് കർഷക സംഘടനകളുടെ നീക്കം.

Election Desk

ഞ്ചാബിലും ഹരിയാനയിലും ബി.ജെ.പിക്ക് വൻ തിരിച്ചടിയായി കർഷക സംഘടനകളുടെ പുതിയ നീക്കം. ‘ഡൽഹി ചലോ’ മാർച്ചിന് നൂറു ദിവസം തികയുന്ന നാളെ ഇരു സംസ്ഥാനങ്ങളിലെയും പ്രമുഖ ബി.ജെ.പി നേതാക്കളുടെ വീട്ടുപടിക്കൽ സമരം തുടങ്ങുമെന്ന് സംയുക്ത കിസാൻ മോർച്ച (നോൺ പൊളിറ്റിക്കൽ) കൺവീർ ജഗ്ജിത് സിങ ദല്ലേവാൽ പറഞ്ഞു. നാളെ യോഗം ചേർന്ന് കർഷക സംഘടനകൾ ഭാവി സമരങ്ങളെക്കുറിച്ച് തീരുമാനിക്കും.

ഇലക്ഷൻ കാമ്പയിന് പ്രധാനമന്ത്രി നരേന്ദ്രമോദി മെയ് 23, 24 തിയതികളിൽ പഞ്ചാബിൽ വരുമ്പോൾ തടയാനും കർഷക സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ നടപ്പാക്കാത്ത വാഗ്ദാനങ്ങളുടെ പേരിൽ മെയ് 23, 24 തീയതികളിൽ പട്യാല, ജലന്ധർ, ഗുരുദാസ്പൂർ എന്നിവിടങ്ങളിൽ പ്രതിഷേധം നടത്തുമെന്നും കിസാൻ മസ്ദൂർ മോർച്ച കോർഡിനേറ്റർ സർവാൻ സിംഗ് പന്ദർ അറിയിച്ചു. ശംഭു, ഖനൗരി അതിർത്തികളിലും ബി ജെ പിയുടെ താരപ്രചാരകർ സംസ്ഥാനം സന്ദർശിക്കുന്ന സ്ഥലങ്ങളിലും പ്രതിഷേധം കേന്ദ്രീകരിക്കാൻ തീരുമാനിച്ചതായി ദല്ലേവാൾ പറഞ്ഞു.

കർഷക സംഘടനകൾ നടത്തുന്ന ട്രെയിൽ തടയൽ സമരം

ആറാം ഘട്ടത്തിൽ മെയ് 25നാണ് ഹരിയാനയിൽ ഇലക്ഷൻ. പഞ്ചാബിലെ 13 ലോക്‌സഭാ സീറ്റുകളിലേക്ക് ജൂൺ ഒന്നിനാണ് വോട്ടെടുപ്പ്. മാറി മറിഞ്ഞ ദേശീയ രാഷ്ട്രീയ പശ്ചാത്തലത്തിൽ, രൂക്ഷമാകുന്ന കർഷക പ്രതിഷേധം ബിജെപിയുടെ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുകയാണ്. പഞ്ചാബിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും നേരിട്ടു മത്സരിക്കുകയാണ്. ഇവിടെ, ബി.ജെ.പി മൂന്നാം സ്ഥാനത്താണ്.

2019-ൽ പഞ്ചാബിൽ ആകെ 13 സീറ്റിൽ എട്ടും കോൺഗ്രസിനായിരുന്നു. രണ്ടെണ്ണം വീതം ബി.ജെ.പി- ശിരോമണി അകാലിദൾ സഖ്യവും ഒരെണ്ണം ആപ്പിനും ലഭിച്ചു. ഇത്തവണ ബി.ജെ.പി ഒറ്റക്കാണ് മത്സരിക്കുന്നത്.

ഹരിയാനയിൽ ആകെയുള്ള പത്തു സീറ്റും കഴിഞ്ഞ തവണ ബി.ജെ.പിക്കായിരുന്നു. ഇത്തവണ ശക്തമായ കർഷക രോഷം മൂലം ഇരു സംസ്ഥാനങ്ങളിലും കഴിഞ്ഞ തവണത്തെ നേട്ടം ആവർത്തിക്കാനാകാത്ത സാഹചര്യമാണ്,ബി.ജെ.പിക്ക്.

ഡൽഹി ചലോ മാർച്ചിനിടെ അറസ്റ്റിലായ മൂന്നു കർഷകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഒരു മാസത്തിലേറെയായി അതിർത്തിയിലെ ശംഭു റെയിൽവേ സ്‌റ്റേഷനുസമീപം ട്രെയിൻ തടയൽ സമരം ചെയ്യുന്ന കർഷകർ പഞ്ചാബിലെയും ഹരിയാനയിലെയും ബി.ജെ.പി നേതാക്കളുടെ വീട്ടുപടിക്കലേക്ക് സമരം മാറ്റുകയാണ്. പൊതുജനതാൽപര്യാർഥം ട്രെയിൻ തടയൽ സമരം ഒഴിവാക്കി പ്രമുഖ ബി.ജെ.പി നേതാക്കളുടെ വീട്ടുപടിക്കൽ സമരം തുടങ്ങുമെന്ന് സംയുക്ത കിസാൻ മോർച്ച (നോൺ പൊളിറ്റിക്കൽ) കൺവീനർ ജഗ്ജിത് സിങ് ദല്ലേവാൽ പറഞ്ഞു. കർഷക എതിർപ്പിനെ വൻ റാലികളിലൂടെ നേരിടാനാണ് പഞ്ചാബിൽ ബി.ജെ.പി തീരുമാനം. ഈ സാഹചര്യത്തിൽ നാളെ യോഗം ചേർന്ന് ഭാവി പരിപാടി ആസൂത്രണം ചെയ്യുമെന്ന് ദല്ലേവാൾ പറഞ്ഞു.

സംയുക്ത കിസാൻ മോർച്ച (നോൺ പൊളിറ്റിക്കൽ) കൺവീനർ ജഗ്ജിത് സിങ് ദല്ലേവാൽ വാർത്താസമ്മേളനത്തിൽ.

കാർഷിക വിളകൾക്ക് മിനിമം വില ഉറപ്പാക്കണമെന്നുൾപ്പടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് കർഷക സംഘടനകൾ സമരം തുടരുന്നത്. ഡൽഹി ചലോ കർഷക സമരത്തിനിടെ പൊലീസ് നടപടിയിൽ കൊല്ലപ്പെട്ട യുവകർഷകൻ പഞ്ചാബ് സ്വദേശി ശുഭ്കരൺ സിങിനോടുള്ള ആദരസൂചകമായി കർഷക സംഘടനകൾ ഫെബ്രുവരി അവസാനം വരെ പ്രതിഷേധം താൽക്കാലികമായി നിർത്തിവച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച അദ്ദേഹത്തിന്റെ സംസ്‌കാര പ്രാർത്ഥനയിലാണ് ഡൽഹി മാർച്ച് പുനരാരംഭിക്കാൻ തീരുമാനിച്ചത്. ഫെബ്രുവരി 13 ന് ആരംഭിച്ച ഡൽഹി ചലോ മാർച്ചിന് 100 ദിവസം പൂർത്തിയാകുന്ന നാളെ, വിപുലമായ പ്രതിഷേധ പരിപാടികളാണ് കർഷക സംഘടനകൾ ആസൂത്രണം ചെയ്തിട്ടുളളത്.

നാളെ ശംഭു അതിർത്തിയിൽ റാലി നടത്താനും പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ ബി ജെ പി നേതാക്കളുടെ വീടുകൾക്കു മുന്നിൽ ധർണ ആരംഭിക്കാനുമാണ് കർഷകരുടെ തീരുമാനം. വോ​ട്ടെടുപ്പിലെ അവസാന മണിക്കൂറിലെ കർഷക രോഷം ബി ജെ പിക്ക് നൽകുന്ന പ്രഹരം ചെറുതല്ല. അതുകൊണ്ടുതന്നെ കർഷക സമരം പ്രതിരോധിക്കാൻ വിപുല സന്നാഹമാണ് കേന്ദ്രസർക്കാർ ഒരുക്കിയിരിക്കുന്നത്. മാർച്ച് തടയാൻ ഡൽഹി അതിർത്തികളിൽ കനത്ത ബാരിക്കേഡുകളും പോലീസിനെയും സർക്കാർ വിന്യസിച്ചിട്ടുണ്ട്. നേരത്തെ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഡൽഹിയിലേക്ക് മാർച്ച് ചെയ്യുന്നത് തടയാൻ കേന്ദ്രസർക്കാർ നിരവധി ശ്രമങ്ങൾ നടത്തിയിരുന്നു. അത് മറികടന്ന് കർഷക സമരം മുന്നോട്ട് പോയിരുന്നു. ഇത്തവണയും എല്ലാ വിലക്കുകളെയും മറികടന്ന് സമരം ശക്തമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം.

കർഷക പ്രസ്ഥാനത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്നതുമായ നിരവധി ആരോപണങ്ങൾ ബി.ജെ.പി നേതാക്കൾ ഉന്നയിക്കുന്നുണ്ടെന്നും ഇതിന് മറുപടിയായാണ് പ്രതിഷേധമെന്നും ദല്ലേവാൾ പറയുന്നു.

ഡൽഹി ചലോ മാർച്ചിനുനേരെയുണ്ടായ പൊലീസ് നടപടിയിൽ കൊല്ലപ്പെട്ട പഞ്ചാബ് സ്വദേശി ശുഭ്കരൺ സിങ്.

കർഷകസമരത്തിനിടെ അറസ്റ്റിലായ മൂന്ന് പേരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാന - പഞ്ചാബ് അതിർത്തിയിലെ ശംഭുറെയിൽവേ സ്റ്റേഷനിൽ കർഷകർ കഴിഞ്ഞ മാസം 17 മുതൽ കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു. എന്നാൽ ഈ ഉപരോധത്തിലൂടെ നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിടുന്നതും റദ്ദാക്കപ്പെടുകയും ചെയ്യുന്നത് യാത്രക്കാർക്ക് സാരമായ ബുദ്ധിമുട്ടുകളുണ്ടാകുന്നുവെന്ന തിരിച്ചറിവിൽ നിന്നാണ് പുതിയ സമരമാർഗം സ്വീകരിക്കാൻ കർഷകർ തയ്യാറായത്.

സ്വാമിനാഥൻ കമീഷൻ ശുപാർശകൾ നടപ്പാക്കുക, കർഷകർക്കെതിരായ പോലീസ് കേസുകൾ പിൻവലിക്കുക, 2021- ലെ ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി അക്രമത്തിലെ ഇരകൾക്ക് നീതി ഉറപ്പാക്കുക, 2013- ലെ ഭൂമി ഏറ്റെടുക്കൽ നിയമം പുനഃസ്ഥാപിക്കുക, കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, കർഷകരിലെ വയോജനങ്ങൾക്ക് പെൻഷൻ നൽകുക, കടങ്ങൾ എഴുതിതള്ളുക, ഗാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള തൊഴിൽ ദിനങ്ങൾ 100ൽ നിന്ന് 200 ആക്കി സർക്കാർ ഇരട്ടിയാക്കുക, വേൾഡ് ട്രേഡ് ഓർഗനൈസേഷനിൽ നിന്ന് ഇന്ത്യ പിന്മാറുക, എല്ലാ സ്വതന്ത്ര വ്യാപാര കരാറുകളും റദ്ദാക്കുക - തുടങ്ങിയ ആവശ്യങ്ങളാണ് കർഷകസംഘടനകൾ പ്രധാനമായും ഉന്നയിക്കുന്നത്.

ഹരിയാനയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി വിളകൾക്ക് നിയമാനുസൃതമായ മിനിമം താങ്ങുവില ഉറപ്പാക്കുന്നതിനെക്കുറിച്ച് മിണ്ടാത്തത് ചൂണ്ടിക്കാട്ടി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. രാജ്യത്തെ പെൺമക്കൾക്ക് നീതി ഉറപ്പാക്കുന്നതിനെക്കാൾ രാഷ്ട്രീയത്തിനാണ് പ്രധാനമന്ത്രി മുൻഗണന നൽകുന്നതെന്നെന്നായിരുന്നു കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞത്.

ബി.ജെ.പി എം.പി ബ്രിജ് ഭൂഷൺ ശരൺ സിംഗ്

ബി.ജെ.പി എംപി ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ നടപടിയെടുക്കാത്തതും കൈസർഗഞ്ച് ലോക്‌സഭാ സീറ്റിൽ നിന്ന് അദ്ദേഹത്തിന്റെ മകൻ കരൺ ഭൂഷൺ സിങ്ങിന് സീറ്റ് നൽകിയതിലൂടെ ഇന്ത്യയുടെ പെൺമക്കളെ മോദി വീണ്ടും പരാജയപ്പെടുത്തിയെന്നും ഹരിയാനയിൽ നിന്നുള്ള വനിതാ ഗുസ്തിക്കാരുടെ പ്രതിഷേധത്തെ പരാമർശിച്ച് അദ്ദേഹം ആരോപിച്ചു. ഹരിയാനയിലെ കർഷകർക്ക് 'ഇരട്ട മോദി സർക്കാരിൽ' വിശ്വാസം പൂർണ്ണമായും നഷ്ടപ്പെട്ടുവെന്നും ജയറാം രമേശ് ആരോപിച്ചു.

പഞ്ചാബിലെ ഗ്രാമങ്ങളിൽ ബി.ജെ.പി സ്ഥാനാർഥികൾ പ്രചാരണം നടത്തുന്നത് കർഷകർ തടയുന്നുണ്ട്. പഞ്ചാബിലെ കർഷക പ്രതിഷേധത്തിൽ ആംആദ്മിയും കോൺഗ്രസും നുഴഞ്ഞുകയറുകയാണെന്നാണ് പഞ്ചാബിലെ ബി.ജെ.പി അധ്യക്ഷൻ സുനിൽ ജാഖർ കുറ്റപ്പെടുത്തുന്നത്. പഞ്ചാബിൽ ബി.ജെ.പി സ്ഥാനാർഥികൾക്ക് പ്രചാരണം നടത്താനുള്ള അവകാശത്തെ പോലും ഇവർ നിഷേധിക്കുകയാണെന്നും ജാഖർ പറയുന്നു.

1996-നു ശേഷം ആദ്യമായാണ് ശിരോമണി അകാലി ദൾ സഖ്യമില്ലാതെ പഞ്ചാബിൽ ബി.ജെ.പി മത്സരിക്കുന്നത്.

Comments