ജൂൺ നാലിനുശേഷം പഴയ പടിയായിരിക്കില്ല ഇന്ത്യൻ രാഷ്ട്രീയം; കർഷകർക്ക് നന്ദി

ജനവികാരം ഏതു രീതിയിൽ അട്ടിമറിക്കപ്പെട്ടാലും ജൂൺ നാലിനുശേഷം ഇന്ത്യൻരാഷ്ട്രീയം പഴയപടിയായിരിക്കില്ല. മോദി ഭരണത്തിന്റെ ആദ്യഘട്ടത്തിൽ നാം കണ്ട നിഷ്‌ക്രിയ പൗരരല്ല ഇന്ന് ഇന്ത്യൻ ജനത. മോദി-അമിത് ഷാ ദ്വയങ്ങളുടെ നേതൃത്വത്തിൽ സംഘപരിവാരങ്ങൾ നടത്താനിരിക്കുന്ന ഏത് അതിസാഹസികതയും കൂടുതൽ ശക്തമായ ഒരു രാഷ്ട്രീയ പൗരരിലേക്ക് വളരുന്നതിന് അതിടയാക്കും എന്നതിൽ സന്ദേഹമൊന്നുമില്ല- കെ. സഹദേവൻ എഴുതുന്നു.

രാജ്യത്തെ പൊതു തെരഞ്ഞെടുപ്പു ഫലം എന്തായിരിക്കും എന്നറിയാൻ ജൂൺ നാലു വരെ കാത്തിരുന്നേ മതിയാകൂ. സ്വതന്ത്ര സ്ഥാപനമെന്ന നിലയിൽ പ്രവർത്തിക്കേണ്ട ഇലക്ഷൻ കമീഷൻ അതിന്റെ എല്ലാ നിഷ്പക്ഷതാ നാട്യങ്ങളും വെടിഞ്ഞ് ഭരണകക്ഷിക്കുവേണ്ടി പണിയെടുത്തുകൊണ്ടിരിക്കുന്നത് നാം കാണുന്നു. അതുകൊണ്ടുതന്നെ ജനകീയേച്ഛ തെരഞ്ഞെടുപ്പു ഫലത്തിൽ എത്രകണ്ട് പ്രതിഫലിക്കപ്പെടും എന്ന കാര്യത്തിൽ തെരഞ്ഞെടുപ്പിന്റെ ഓരോരോ ഘട്ടങ്ങൾ കഴിയുമ്പോഴും ആശങ്ക കൂടിക്കൂടി വരികയാണ്.

തെരഞ്ഞെടുപ്പുഫലം എന്തുതന്നെയായാലും ജൂൺ നാലിനു ശേഷം ഇന്ത്യൻ രാഷ്ട്രീയം കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി നാം കാണുന്നതിൽ നിന്ന് ഭിന്നമായിരിക്കും എന്ന കാര്യത്തിൽ സന്ദേഹമൊന്നുമില്ല.

'മോദി ബ്രാൻഡ്' എന്നത് ഊതിവീർപ്പിച്ച ബലൂൺ മാത്രമാണെന്ന് ആദ്യമായി തെളിയിച്ചത് കർഷക  പോരാളികളാണ്.
'മോദി ബ്രാൻഡ്' എന്നത് ഊതിവീർപ്പിച്ച ബലൂൺ മാത്രമാണെന്ന് ആദ്യമായി തെളിയിച്ചത് കർഷക പോരാളികളാണ്.

നരേന്ദ്ര മോദിയെന്ന കോർപ്പറേറ്റ് ബ്രാൻഡ് തകർന്നുവീഴുന്നതും, ബി ജെ പി ഭരണത്തെ ജനങ്ങൾ തെരുവിൽ നേർക്കുനേർ ചോദ്യം ചെയ്യുന്നതും, സംഘപരിവാരങ്ങൾക്കകത്തെ ആഭ്യന്തര സംഘർഷങ്ങൾ മൂർച്ഛിക്കുന്നതും നാം കാണുന്നു. ഒരുമിച്ച് നിൽക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്, അവയുടെ സാധ്യതകളെക്കുറിച്ച് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ ബോധ്യം കൂടുതൽ ഉറച്ചതായി മാറുന്നതിനും സിവിൽ സൊസൈറ്റി പ്രസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ ഇടപെടൽ നിർണ്ണായകമായി മാറുന്നതും ഇക്കാലയളവിൽ കാണാൻ കഴിഞ്ഞു.

ഒരുവേള, മുൻകാലങ്ങളിൽ നിന്ന് ഭിന്നമായി, തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടയിൽ ഇന്ത്യൻ ഒളിഗാർക്കുകളുടെ പേരുകൾ പൊതുചർച്ചകളിലേക്ക് വലിച്ചിഴക്കപ്പെടുന്നതും ആദ്യമായി നാം കണ്ടു. അദാനി-അംബാനിമാർ അടങ്ങുന്ന വിരലിലെണ്ണാവുന്ന വൻകിടക്കാർക്കായി ഭരണപക്ഷം നൽകുന്ന കനത്ത സൗജന്യങ്ങളെ സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങളെ നേരിടാൻ അതേ പേരുകൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി തന്നെ നിർബന്ധിതനായി.
കർഷക പോരാളികൾക്ക് നന്ദി.

'മോദി ബ്രാൻഡ്' എന്നത് ഊതിവീർപ്പിച്ച ബലൂൺ മാത്രമാണെന്ന് ആദ്യമായി തെളിയിച്ചത് അവരാണ്. ജനങ്ങളുടെ നിശ്ചയദാർഢ്യത്തിനുമുന്നിൽ ഏത് ഏകാധിപതിക്കും മുട്ടുമുടക്കേണ്ടിവരുമെന്ന് അവരുടെ സമാനതകളില്ലാത്ത പോരാട്ടവീര്യം തെളിയിച്ചു. ആർ.എസ്.എസിന്റെ രണനീതിയെ, മോദിയുടെ കൂസലില്ലായ്മയെ, സംഘപരിവാരങ്ങളുടെ നൃശംസതയെ അവർ സഹനസമരങ്ങളിലൂടെ നേരിട്ടു. ജനവിരുദ്ധങ്ങളായ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ മോദി സർക്കാർ നിർബന്ധിതമായി എന്നതുമാത്രമല്ല കർഷക പ്രക്ഷോഭത്തിന്റെ നേട്ടം. പാർലമെന്റിലെ വൻ ഭൂരിപക്ഷം ഉപയോഗിച്ച് പാസാക്കപ്പെട്ട തൊഴിൽ നിയമങ്ങൾ (ലേബർ കോഡ്) അടക്കമുള്ള അര ഡസനോളം നിയമങ്ങൾ നടപ്പിലാക്കുന്നതിൽ നിന്ന് സർക്കാരിനെ പിന്തിരിപ്പിക്കാനും പ്രക്ഷോഭത്തിന് സാധിച്ചു. കർഷക പ്രക്ഷോഭങ്ങൾക്കുമുമ്പ് ഉറവെടുത്ത പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടന്ന പ്രക്ഷോഭങ്ങളെ കോവിഡിന്റെ മറവിൽ അടിച്ചൊതുക്കാൻ ഗവൺമെന്റിന് സാധിച്ചുവെങ്കിലും അതിൽ നിന്നുകൂടി ഊർജ്ജമുൾക്കൊണ്ടുകൊണ്ടായിരുന്ന കർഷക സമരം പിറവിയെടുത്തത്.

‘ഡൽഹി ചലോ’ കർഷക പ്രക്ഷോഭത്തിൽ നിന്ന്
‘ഡൽഹി ചലോ’ കർഷക പ്രക്ഷോഭത്തിൽ നിന്ന്

രാഷ്ട്രീയ വിഷയങ്ങളോട് നിഷ്‌ക്രിയമായി സമീപിക്കുകയും വ്യക്തിതാൽപ്പര്യങ്ങളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്ന, സ്വയം കീഴടങ്ങിയ 'പൗരപ്രജ'(citizen subject)യുടെ സൃഷ്ടി ഒരു രാഷ്ട്രീയ പദ്ധതിയെന്ന നിലയിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുകയായിരുന്നു സംഘപരിവാരങ്ങൾ ഈ നാളുകളിൽ. എന്നാൽ ഈ പൗരപ്രജയുടെ വികാസത്തിന് വിലങ്ങുതടിയായി കർഷക പ്രക്ഷോഭം ഇന്ത്യൻ രാഷ്ട്രീയ മണ്ഡലത്തിൽ പുതിയൊരു പ്രതീക്ഷ പകർന്നുനൽകിക്കൊണ്ട് ഉദയം ചെയ്തു.

കേവല ഗുണഭോക്താവ് (beneficiary)- ഭരണാധികാരി കനിഞ്ഞരുളുന്ന ഔദാര്യങ്ങളിൽ സന്തോഷംകൊള്ളുന്ന ഒരു നിഷ്‌ക്രിയ സ്വീകർത്താവ്- എന്ന നിലയിലേക്ക് പൗരരെ പരുവപ്പെടുത്തിയെടുക്കാനുള്ള ഭരണകൂട പദ്ധതികൾ മൂർധന്യത്തിലെത്തിയ കാലം കൂടിയായിരുന്നു ഇത്. ഗുണഭോക്തൃ വിഹിതത്തിനും ഭരണകൂട കാരുണ്യത്തിനും വേണ്ടി സ്റ്റേറ്റിന്റെ /ഭരണാധികാരിയുടെ പ്രീതിക്കായി കാത്തിരിക്കുന്ന കേവല പ്രജകൾ ഇന്ത്യൻ രാഷ്ട്രീയത്തെ നിശ്ചലവും ദുർഗ്ഗന്ധപൂരിതവുമായ മലിന തടാകമായി മാറ്റിക്കൊണ്ടിരിക്കുകയും രാജ്യത്തെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ ദിശാബോധമില്ലാതെ രാഷ്ട്രീയത്തിൽ ഇടപെടുകയും ചെയ്ത കാലം. ഈയൊരു സന്ദിഗ്ദ്ധ ഘട്ടത്തിലായിരുന്നു കർഷക സമരം ഇന്ത്യയിൽ പിറവിയെടുക്കുന്നത്. രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടുന്ന, പൊതുനയങ്ങളെ സ്വാധീനിക്കുകയും ജനവിരുദ്ധ നിയമനിർമ്മാണങ്ങൾക്കെതിരായി ശബ്ദമുയർത്തുകയും കൂട്ടായി തെരുവിലിറങ്ങുകയും ചെയ്യുന്ന രാഷ്ട്രീയ ജീവിയായ 'പൗരരെ' ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് തിരികെക്കൊണ്ടുവരാൻ കർഷക സമരത്തിന് സാധിച്ചുവെന്ന് പറയാം. അതോടൊപ്പം ഏതാണ്ട് പൂർണ്ണമായും തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ കാൽക്കലിൽ സമർപ്പിക്കപ്പെട്ടു കഴിഞ്ഞ മുഖ്യധാരാ മാധ്യമങ്ങളെ മറികടന്ന് പുതിയൊരു, ജനകീയ മാധ്യമ സംസ്‌കാരം, വിപുലവും വിശാലവുമായ രീതിയിൽ ഉദയം ചെയ്യുന്നതിനും കർഷക പ്രക്ഷോഭം കാരണമായി.

തെരുവുകളിൽ പ്രകടമാകുന്ന ഈ ജനകീയേച്ഛയെ സാങ്കേതികവിദ്യയോ പണമോ ഉപയോഗിച്ച് അട്ടിമറിക്കാനുള്ള സാധ്യതകൾ നിലനിൽക്കുമ്പോഴും അവയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് നൂറുവട്ടം ചിന്തിക്കാൻ ഭരണകൂടം നിർബന്ധിതമാകുമെന്ന അവസ്ഥ സൃഷ്ടിക്കാനും കർഷക പ്രക്ഷോഭത്തിന് സാധിച്ചിട്ടുണ്ടെന്നത് ഉറപ്പാണ്. കഴിഞ്ഞ ദിവസം (മെയ് 23) പ്രധാനമന്ത്രിയുടെ പട്യാല തെരഞ്ഞെടുപ്പു യോഗത്തിന് സുരക്ഷയൊരുക്കാൻ സാധാരണ നിലയ്ക്കുള്ള സുരക്ഷാ സംവിധാനങ്ങൾക്കുപുറമെ 7500-ഓളം അർധ സൈനിക വിഭാഗത്തിൽ നിന്നുള്ള ഭടന്മാരെ കൂടി നിയോഗിച്ചത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

മെയ് 23 ന് പ്രധാനമന്ത്രിയുടെ പട്യാല തെരഞ്ഞെടുപ്പു യോഗത്തിന് സുരക്ഷയൊരുക്കാൻ സാധാരണ നിലയ്ക്കുള്ള സുരക്ഷാ സംവിധാനങ്ങൾക്കുപുറമെ 7500-ഓളം അർധ സൈനിക വിഭാഗത്തിൽ നിന്നുള്ള ഭടന്മാരെ കൂടി നിയോഗിച്ചത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്
മെയ് 23 ന് പ്രധാനമന്ത്രിയുടെ പട്യാല തെരഞ്ഞെടുപ്പു യോഗത്തിന് സുരക്ഷയൊരുക്കാൻ സാധാരണ നിലയ്ക്കുള്ള സുരക്ഷാ സംവിധാനങ്ങൾക്കുപുറമെ 7500-ഓളം അർധ സൈനിക വിഭാഗത്തിൽ നിന്നുള്ള ഭടന്മാരെ കൂടി നിയോഗിച്ചത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്

ഭരണം കൈവിടാതിരിക്കാനുള്ള എല്ലാ വഴികളും മോദി-അമിത് ഷാ ദ്വയങ്ങൾ സ്വീകരിക്കുമെന്നത് തർക്കമറ്റ കാര്യമാണ്. പ്രതിപക്ഷകക്ഷികളുടെ മുൻകൈയ്യിൽ നിശ്ചയദാർഢ്യത്തോടുകൂടിയ ഒരു സർക്കാർ രൂപപ്പെടുകയും മുൻ സർക്കാരിന്റെ ചെയ്തികളെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടത്തുകയും ചെയ്താൽ ശിഷ്ടകാലം മുഴുവൻ ജയിലിൽ കഴിയേണ്ടിവരുന്ന തരത്തിലുള്ള അഴിമതികളും ക്രമക്കേടുകളും തങ്ങൾ ചെയ്തുകൂട്ടിയുണ്ടെന്ന് അവർക്കറിയാം. അതുകൊണ്ടുതന്നെ ഭരണത്തുടർച്ചയ്ക്കുവേണ്ടി ഏത് കടുത്ത നടപടികൾ സ്വീകരിക്കാനും അവർ തയ്യാറാകും.

കേവല ഭൂരിപക്ഷത്തിനടുത്തുള്ള കളികളാണ് തെരഞ്ഞെടുപ്പുഫലം വന്നശേഷം നടക്കാനിരിക്കുന്നതെങ്കിൽ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ബന്ദികളാക്കപ്പെടാനുള്ള സാധ്യതകൾ പോലും തള്ളിക്കളയാനാകില്ല. പാർലമെന്റ് മന്ദിരത്തിന്റെ സുരക്ഷാ ചുമതല സി ആർ പി എഫിൽ നിന്ന് സി ഐ എസ് എഫിലേക്ക് മാറ്റുകയും 3300-ഓളം സൈനികരെ സുരക്ഷാ ചുമതലയ്ക്കായി നിയോഗിക്കുകയും ചെയ്തത് ഈയടുത്ത ദിവസങ്ങളിലാണ്. ഇരു സഭകളിലെയും മൊത്തം അംഗങ്ങളുടെ നാലിരട്ടിയിലധികമാണ് ഇത്. ഇതോടൊപ്പം തന്നെ പാർലമെന്റ് കോംപ്ലക്‌സിൽ മോക് ഇവാക്വേഷൻ ഡ്രിൽ നടത്തിയതും അസാധാരണ നടപടിയായി മാത്രമേ കാണാൻ കഴിയൂ. സംഘപരിവാരങ്ങൾ സെൻട്രൽ വിസ്റ്റയെ വളഞ്ഞുവെക്കുന്ന ഒരു 'ട്രംപ് മൊമെന്റിന്' സാക്ഷിയാകാനുള്ള അവസരം പോലും ഇന്ത്യൻ ജനാധിപത്യത്തിന് കൈവന്നേക്കാം എന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു.

ഒരു കാര്യം തീർച്ചയാണ്. ജനവികാരം ഏത് രീതിയിൽ അട്ടിമറിക്കപ്പെട്ടാലും ജൂൺ നാലിന് ശേഷം ഇന്ത്യൻ രാഷ്ട്രീയം പഴയപടിയായിരിക്കില്ല. മോദി ഭരണത്തിന്റെ ആദ്യഘട്ടത്തിൽ നാം കണ്ട നിഷ്‌ക്രിയ പൗരരല്ല ഇന്ന് ഇന്ത്യൻ ജനത. മോദി-അമിത് ഷാ ദ്വയങ്ങളുടെ നേതൃത്വത്തിൽ സംഘപരിവാരങ്ങൾ നടത്താനിരിക്കുന്ന ഏത് അതിസാഹസികതയും കൂടുതൽ ശക്തമായ ഒരു രാഷ്ട്രീയ പൗരരിലേക്ക് വളരുന്നതിന് അതിടയാക്കും എന്നതിൽ സന്ദേഹമൊന്നുമില്ല.


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments