കെ. സഹദേവൻ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്തിനൊപ്പം / Photos: Asokan Nambazhikad

ഗ്രാമങ്ങളിലേക്ക്​ മടങ്ങില്ല,
​സമരമുഖത്തുതന്നെയാണ്​ കർഷകർ

നാലാം തിയ്യതിക്കു ശേഷമുള്ള സമരപരിപാടികൾക്കായുള്ള ഒരുക്കങ്ങളും ചർച്ചകളുമാണിപ്പോൾ നടക്കുന്നത്. ഗ്രാമങ്ങളിൽ നിന്ന് വസ്ത്രങ്ങളും, ഭക്ഷ്യവസ്തുക്കളുമായി സമരമുഖത്തേക്കെത്താൻ ആളുകൾക്ക് നിർദേശം നൽകിക്കഴിഞ്ഞു. ടെന്റുകൾ പുതുക്കി പണിയും. ​ഗ്രാമങ്ങളിലേക്ക്​ തിരിച്ചുപോകാതെ, ഇവിടെ തന്നെ തുടർന്ന്​ പ്രതിഷേധം ശക്തമാക്കുകയാണ്​ കർഷകർ: സമരമുഖത്തുനിന്ന്​ നേരിട്ടുള്ള റിപ്പോർട്ട്​.

എം.സ്.പി. അബി നഹീ തൊ, കബീ നഹി
(അടിസ്ഥാന താങ്ങുവില ഇപ്പോഴില്ലെങ്കിൽ ഒരിക്കലുമില്ല)

കേന്ദ്ര സർക്കാറിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കർഷകരുടെ സംയുക്ത സമര സമിതി തുടർന്നങ്ങോട്ട് അണിനിരക്കുന്നത് ഈയൊരു മുദ്രാവാക്യത്തിനു കീഴിലാണ്. അടിസ്ഥാന താങ്ങുവിലയ്ക്ക് നിയമപരിരക്ഷ, കർഷക സമരത്തിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം, സമരം ചെയ്ത ആയിരക്കണക്കിന് കർഷകർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത സമര സമിതി നവംബർ 27 ന് പ്രധാനമന്ത്രിക്ക് ഒരു കത്ത് നൽകിയിരുന്നു. ഡിസംബർ നാലിന് ഇതിന് മറുപടി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാലാം തിയ്യതിക്കു ശേഷമുള്ള സമരപരിപാടികൾക്കായുള്ള വിപുലമായ ഒരുക്കങ്ങളും ചർച്ചകളുമാണിപ്പോൾ നടക്കുന്നത്. ഗ്രാമങ്ങളിൽ നിന്ന് തണുപ്പിനെ ചെറുക്കാൻ വസ്ത്രങ്ങളും, ഭക്ഷ്യവസ്തുക്കളുമായി സമരമുഖത്തേക്കെത്താൻ ആളുകൾക്ക് നിർദേശം നൽകിക്കഴിഞ്ഞു. നിലവിൽ താമസിക്കുന്ന ടെന്റുകൾ മുഴുവൻ പുതുക്കി പണിയും. സമരമുഖത്തു തന്നെ താമസം തുടർന്ന് പ്രതിഷേധം ശക്തമാക്കുക എന്നതാണ് സമരത്തിന്റെ പൊതുവായുള്ള ബോധ്യം. സമരം ശക്തമാക്കി ആവശ്യങ്ങൾ നേടിയെടുക്കാനുള്ള തയ്യാറെടുപ്പുകളുമായിട്ടാണ് ആളുകൾ ഇവിടേക്ക് എത്തിച്ചേരുന്നത്.

ഖട്ട്കർ ടോൾ പ്ലാസ പിക്കറ്റ് ചെയ്യുന്ന സമരക്കാർ
ഖട്ട്കർ ടോൾ പ്ലാസ പിക്കറ്റ് ചെയ്യുന്ന സമരക്കാർ

അടിസ്ഥാന താങ്ങുവിലയ്ക്ക് നിയമപരിരക്ഷ നൽകുക എന്ന കർഷകരുടെ ദീർഘകാല ആവശ്യത്തിനായിരിക്കും കർഷക സമരം ഇനി ഊന്നൽ നൽകുന്നത്. "കാർഷിക നിയമങ്ങൾ പിൻവലിച്ചു, നിങ്ങൾക്ക് വീടുകളിലേക്ക് മടങ്ങിക്കൂടെ എന്ന ചോദ്യങ്ങളാണ് കർഷകർക്കെതിരെ വിമർശകർ ഉന്നയിക്കുന്നതും, പ്രചരിപ്പിക്കുന്നതും.' ഇതിനുള്ള അവരുടെ മറുപടി, "സമരം നാലാം തിയ്യതി മുതൽ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്, അതിന്റെ ഭാവിയെക്കുറിച്ച് നാലാം തിയ്യതി മുതൽ അറിഞ്ഞു തുടങ്ങാം. ഞങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാതെ മടങ്ങി പോകില്ലെന്നാണ് തീരുമാനം.' എന്നാണ്.

കർഷക സമരത്തിനിടെ കൊല്ലപ്പെട്ട കർഷകരെ സംബന്ധിച്ച കണക്കുകൾ ലഭ്യമല്ല, അതിനാൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നതിനെ കുറിച്ചുള്ള ചോദ്യമേ ഉയരുന്നില്ലെന്നാണ് കേന്ദ്ര കാർഷികവകുപ്പ് മന്ത്രി നരേന്ദ്ര സിങ്ങ് തോമർ കഴിഞ്ഞ ദിവസം പാർലമെന്റിൽ പറഞ്ഞത്. തുടർന്നുള്ള സമരങ്ങളിലെ രക്തസാക്ഷികളെ സമരസ്ഥലത്തു തന്നെ അടക്കം ചെയ്യുമെന്നാണ് പുതിയ തീരുമാനം.

ബി.കെ.യു. ജനറൽ സെക്രട്ടറി സുഖ്‌ദേവ് സിങ്ങ് കുക്രിയോടൊപ്പം കെ. സഹദേവൻ
ബി.കെ.യു. ജനറൽ സെക്രട്ടറി സുഖ്‌ദേവ് സിങ്ങ് കുക്രിയോടൊപ്പം കെ. സഹദേവൻ

കർഷക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതു മുതൽ കർഷകർ തിരികെ വീടുകളിലേക്ക് പോകാൻ ആരംഭിച്ചു, സമരം ദുർബലമായി അല്ലെങ്കിൽ അവസാനിച്ചു- എന്നു തുടങ്ങിയ പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. തുടർന്നുള്ള സമരരീതികളെ സംബന്ധിച്ച നാലാം തിയ്യതിക്കു ശേഷമാണ് വ്യക്തത ലഭിക്കുകയെങ്കിലും, സമരം ശക്തമാക്കാൻ തന്നെയാണ് കർഷക സംഘടനകളുടെ നയം. എം.എസ്.പിയെ കുറിച്ചും മറ്റും ചർച്ച ചെയ്യാനായി രൂപീകരിച്ച സമിതിയിൽ കർഷക സംഘടനകളുടെ അഞ്ചു പ്രതിനിധികളെ കേന്ദ്ര സർക്കാർ ക്ഷണിച്ചെന്ന് കഴിഞ്ഞ ദിവസം നരേന്ദ്ര സിങ്ങ് തോമർ പറഞ്ഞിരുന്നു. എന്നാൽ ഔദ്യോഗികമായി അത്തരം ഒരറിയിപ്പോ ധാരണയോ കർഷക സംഘടനകളുമായി ഇല്ലാത്ത സാഹചര്യത്തിൽ കർഷക സംഘടനകൾ അതേക്കുറിച്ച് ആലോചിച്ചിട്ടില്ല. 2011-ൽ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ അടിസ്ഥാന താങ്ങുവിലയുമായി ബന്ധപ്പെട്ട കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കപ്പെട്ടിരുന്നില്ല. ഇത്തരം അനുഭവങ്ങൾ ഉൾക്കൊണ്ട് നിലവിലെ സർക്കാർ മുന്നോട്ടു വെക്കുന്ന കാര്യങ്ങളെ സംശയത്തോടെ സ്വീകരിക്കാനേ കർഷക സംഘടനകൾ തയ്യാറുള്ളു. എന്തു വിലകൊടുത്തും സമരത്തെ വിഘടിപ്പിക്കുകയെന്ന ഉദ്ദേശ്യമാണ് പ്രധാനമായും സർക്കാറിനുള്ളത്.

ഇങ്ങനെയുള്ള ധാരണകളെ അടിസ്ഥാനമാക്കിയാണ് നാലാം തിയ്യതിക്കു ശേഷമുള്ള സമരം കർഷകർ പദ്ധതിയിടുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് കേന്ദ്രസർക്കാർ വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിച്ചതെന്ന് കർഷകർ പൂർണമായും തിരിച്ചറിയുന്നുണ്ട്. കൂടാതെ ജനുവരി 26-ന് ഇനി ദിവസങ്ങൾ അധികമില്ലെന്നതും ബി.ജെ.പി. സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

നിയമം പിൻവലിച്ച തീരുമാനത്തെ മുൻനിർത്തി കർഷക സംഘടനകൾക്കിടയിൽ ആശയക്കുഴപ്പവും വിഭാഗീയതയും സൃഷ്ടിക്കാൻ ബി.ജെ.പി ശ്രമിച്ചിരുന്നെങ്കിലും, സർക്കാരിനെ കുറിച്ച് കൃത്യമായ ധാരണയുള്ള കർഷകർ പുതിയ മുദ്രാവാക്യത്തിനു കീഴിൽ അണിനിരക്കുകയാണ്. സമരത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണയും, ഏകീകൃത ലക്ഷ്യബോധവും ഗ്രൗണ്ടിലുള്ള കർഷകർക്ക് ഉണ്ടെന്നത് കണക്കിലെടുക്കുമ്പോൾ നേതൃത്വത്തെ സ്വാധീനിച്ച് സമരത്തെ ഇല്ലായ്മ ചെയ്യുന്നതിലും ബി.ജെ.പി. സർക്കാർ പരാജയപ്പെടും.

രാജ്യത്തെ മൊത്തം കർഷകർ ഒറ്റക്കെട്ടായ ഒരു രാഷ്ട്രീയ ശക്തിയായി പരിണമിക്കും എന്ന് തെളിയിച്ച കൂട്ടരാണ് സമരവുമായി മുന്നോട്ടു പോകാൻ തീരുമാനിക്കുന്നത്. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതരായതിന് പിന്നിൽ ഈയൊരു പരിണാമമാണ്. അത് കർഷകർക്ക് നൽകിയ ആത്മവിശ്വാസം ചെറുതല്ല. സമരത്തെ ഇല്ലാതാക്കാനുള്ള ബി.ജെ.പിയുടെ ശ്രമം ഫലത്തിൽ കർഷകരുടെ ആത്മവീര്യത്തെ വർദ്ധിപ്പിക്കുകയായിരുന്നു.

എന്നാൽ മറ്റു കക്ഷികൾക്കൊപ്പം ചേർന്ന് തങ്ങളാർജ്ജിച്ച രാഷ്ട്രീയ പ്രബലതയെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രയോഗിക്കാൻ കർഷക സംഘടനകൾക്ക് ഉദ്ദേശ്യമില്ല. കർഷക സംഘടനകൾ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കുകയാണെന്ന് പ്രചരണങ്ങൾ ഉണ്ടെങ്കിലും, സംയുക്ത കിസാൻ മോർച്ചയുമായി അതിനൊന്നും ബന്ധമില്ല. ബി.ജെ.പിയുടെ വികലമായ രാഷ്ട്രീയത്തിനെതിരെ കൃത്യമായ നിലപാട് കർഷക കൂട്ടായ്മകൾ മുൻപേ സ്വീകരിച്ചിട്ടുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലും അതിനെ മുൻനിർത്തിയുള്ള പ്രചാരണങ്ങൾ കർഷക സംഘടനകൾ നയിക്കുകയും ചെയ്യും. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


കെ. സഹദേവൻ

സോഷ്യൽ ആക്ടിവിസ്റ്റ്, എഴുത്തുകാരൻ. നഗരമാലിന്യം: പ്രശ്നങ്ങളും പരിഹാരങ്ങളും, ഇന്ത്യൻ പരിസ്ഥിതി വർത്തമാനം, നാരായൺ ദേസായിയുടെ എന്റെ ജീവിതം തന്നെ എന്റെ സന്ദേശം (വിവർത്തനം), എണ്ണ മണ്ണ് മനുഷ്യൻ: പരിസ്ഥിതി സമ്പദ്ശാസ്ത്രത്തിന് ഒരാമുഖം, ഇന്ത്യയിലെ ആദിവാസി കോറിഡോറിൽ സംഭവിക്കുന്നത്,ഇന്ത്യൻ സ്വതന്ത്ര്യസമരവും ആദിവാസികളും, തുടങ്ങിയവ പ്രധാന കൃതികൾ.

Comments