രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലിയിലെ ഏറ്റവും പ്രശസ്തമായ പ്രാർത്ഥനകളിലൊന്നിൽ, ‘ഭയമില്ലാത്ത മനസ്സും, ഉയർത്തിപ്പിടിച്ച ശിരസ്സും, അറിവിന്റെ സ്വാതന്ത്ര്യവും, യുക്തിചിന്തയുടെ തെളിമയും, സത്യത്തിലേക്കുള്ള നിരന്തരമായ മനുഷ്യന്റെ യാത്രയും നിറഞ്ഞ ഒരു രാജ്യത്തെ’ സ്വപ്നം കാണുന്നുണ്ട്. ആ പ്രാർത്ഥന ഒരു കവിയുടെ ആത്മീയഭാവന മാത്രമായിരുന്നില്ല; സ്വതന്ത്ര ഇന്ത്യയുടെ ധാർമ്മികവും രാഷ്ട്രീയവുമായ ഭാവിയെക്കുറിച്ചുള്ള പ്രഖ്യാപനമായിരുന്നു.
ടാഗോർ സ്വപ്നം കണ്ട ഇന്ത്യ ഭയത്തിന്റെ നിഴലിൽ ജീവിക്കുന്ന മനുഷ്യരുടെ നാടായിരുന്നില്ല. മനുഷ്യൻ ഭയമില്ലാതെ ചിന്തിക്കുകയും ചോദ്യം ചെയ്യുകയും അന്തസ്സോടെ തലയുയർത്തി നിൽക്കുകയും അറിവിനെ അധികാരത്തിന്റെയോ മതത്തിന്റെയോ ജാതിയുടെയോ രാഷ്ട്രീയത്തിന്റെയോ ചുവരുകൾക്കുള്ളിൽ പൂട്ടാതെ സ്വതന്ത്രമായി അന്വേഷിക്കുകയും പങ്കുവെക്കുകയും ചെയ്യുന്ന ഒരു സമൂഹമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം.
സത്യം അധികാരത്തെ ഭയന്ന് മൗനമാക്കപ്പെടാതിരിക്കുകയും, മനുഷ്യന്റെ അധ്വാനം കൂടുതൽ നീതിയും കൂടുതൽ മാനവികതയും ലക്ഷ്യമാക്കി മുന്നേറുകയും, യുക്തിചിന്ത അന്ധവിശ്വാസങ്ങളുടെയും ജഡമായ പാരമ്പര്യങ്ങളുടെയും മണൽക്കാടുകളിൽ വഴിതെറ്റാതെ ഒഴുകുകയും ചെയ്യുന്ന രാജ്യമായിരുന്നു അദ്ദേഹത്തിന്റെ ഇന്ത്യ. അതുകൊണ്ടാണ് ടാഗോറിന്റെ ആ പ്രാർത്ഥന ഇന്നും ഒരു കവിതയായി മാത്രമല്ലാതെ, ജനാധിപത്യത്തിന്റെ ധാർമ്മിക അടിത്തറയായി വായിക്കേണ്ടതുണ്ട് എന്നു പറയുന്നത്. _
ഭയത്തെ അതിജീവിക്കുന്ന ഒരു തലമുറ
സമീപകാലത്ത് ദൽഹിയിലും വിവിധ നഗരങ്ങളിലെ തെരുവുകളിലും സർവകലാശാലാ ക്യാമ്പസുകളിലും, ഇപ്പോൾ ജന്തർ മന്തറിലും ഉയർന്നുവന്ന വിദ്യാർത്ഥി- യുവജന പ്രക്ഷോഭം ടാഗോറിന്റെ ആ സ്വപ്നത്തിന്റെ സമകാലിക പ്രതിധ്വനിയായി മാറി.
ഭയത്തിന്റെയും അടിച്ചമർത്തലിന്റെയും അന്തരീക്ഷത്തിൽ പോലും ജനാധിപത്യത്തെയും ഭരണഘടനാമൂല്യങ്ങളെയും വിദ്യാഭ്യാസാവകാശത്തെയും സംരക്ഷിക്കാൻ തെരുവിലിറങ്ങിയ യുവത, നിർഭയ മനസ്സുകളും സ്വതന്ത്ര ചിന്തയും യുക്തിബോധവും നിറഞ്ഞ ഇന്ത്യയെക്കുറിച്ചുള്ള ടാഗോറിന്റെ സ്വപ്നം ഇന്നും ജീവിച്ചിരിപ്പുണ്ടെന്ന് സ്വന്തം പോരാട്ടത്തിലൂടെ തെളിയിച്ചു. അത് ഒരു പരീക്ഷയുടെ പ്രശ്നമോ ഒരു നിയമഭേദഗതിക്കെതിരായ പ്രതിഷേധമോ ഒരു മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള രാഷ്ട്രീയ പ്രക്ഷോഭമോ മാത്രമായിരുന്നില്ല. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ഒരു തലമുറയുടെ ആശങ്കയും പ്രതീക്ഷയും ഒരുമിച്ച് പ്രകടിപ്പിച്ച ജനകീയ ഇടപെടലായിരുന്നു അത്.

വിദ്യാർത്ഥിനികൾ പ്രകടിപ്പിച്ച ധൈര്യം ഈ പ്രക്ഷോഭത്തിന്റെ മുഖമുദ്രയായി. ഭീഷണികൾക്കും കേസുകൾക്കും അതിക്രമങ്ങൾക്കും മുന്നിൽ അവർ പിന്നോട്ടുപോയില്ല. വിദ്യാഭ്യാസം അവകാശമാണെന്നും ജനാധിപത്യം മുദ്രാവാക്യമല്ല, ജീവിതരീതിയാണെന്നും ഭരണഘടന ഒരു പുസ്തകമല്ല, പൗരരുടെ സംരക്ഷണ കവചമാണെന്നും അവർ പ്രഖ്യാപിച്ചു. അവരുടെ കൈകളിൽ ദേശീയപതാകയുണ്ടായിരുന്നു. ഭരണഘടനയുടെ പകർപ്പുണ്ടായിരുന്നു. ആ രണ്ട് പ്രതീകങ്ങളും ഒരുമിച്ച് ഉയർത്തിപ്പിടിച്ചതിലൂടെ അവർ വലിയ രാഷ്ട്രീയ സന്ദേശമാണ് നൽകിയത്; ദേശസ്നേഹവും ജനാധിപത്യവും പരസ്പരവിരുദ്ധങ്ങളല്ല; യഥാർഥ ദേശസ്നേഹം ഭരണഘടനയുടെ മൂല്യങ്ങളെ സംരക്ഷിക്കുന്നതിലാണ്.
ഭയം: അധികാരത്തിന്റെ പഴഞ്ചൻ രാഷ്ട്രീയം
ചരിത്രം പരിശോധിച്ചാൽ എല്ലാ ഏകാധിപത്യ ഭരണകൂടങ്ങൾക്കും ഒരു പൊതുസ്വഭാവം കാണാം; അവ ജനങ്ങളെ ആദ്യം ഭയപ്പെടുത്തുന്നു. കാരണം, ഭയപ്പെടുന്ന മനുഷ്യൻ ചോദ്യം ചെയ്യില്ല, ചോദ്യം ചെയ്യാത്ത മനുഷ്യൻ പ്രതിഷേധിക്കില്ല, പ്രതിഷേധിക്കാത്ത സമൂഹം ക്രമേണ ജനാധിപത്യത്തിൽനിന്ന് ഏകാധിപത്യത്തിലേക്ക് വഴിമാറും എന്ന് ഈ ഏകാധിപത്യ ഭരണകൂടങ്ങൾക്ക് ഉറപ്പുണ്ട്. അതുകൊണ്ട് ജനാധിപത്യത്തിലെ ഏറ്റവും അപകടകരമായ അവസ്ഥ ജനം ഭരണകൂടത്തെ ഭയപ്പെടാൻ തുടങ്ങുന്നതല്ല; സ്വന്തം അഭിപ്രായം പറയാൻ ഭയപ്പെടാൻ തുടങ്ങുന്നതാണ്.
ഇന്ത്യയിൽ സമീപകാല വർഷങ്ങളിൽ ഈ ഭയത്തിന്റെ രാഷ്ട്രീയം കൂടുതൽ പ്രകടമായതായി കാണാം. വിദ്യാർത്ഥികളെയും അധ്യാപകരെയും മാധ്യമപ്രവർത്തകരെയും മനുഷ്യാവകാശ പ്രവർത്തകരെയും എഴുത്തുകാരെയും വിമർശനാത്മകമായി ചിന്തിക്കുന്ന പൗരരെയും 'ദേശവിരുദ്ധർ', 'അർബൻ നക്സലുകൾ', 'ടുക്ഡേ-ടുക്ഡേ ഗ്യാങ്' തുടങ്ങിയ രാഷ്ട്രീയമുദ്രകൾ ഉപയോഗിച്ച് അപകീർത്തിപ്പെടുത്തുന്ന പ്രവണത വർധിച്ചു. ഇതിലൂടെ ഭരണകൂടവിമർശനത്തെ രാഷ്ട്രത്തോടുള്ള ശത്രുതയായി അവതരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാൽ അതാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ അപകടം. കാരണം, രാഷ്ട്രവും സർക്കാരും: ഒരിക്കലും ഒന്നല്ല. ഒരു സർക്കാർ അഞ്ചു വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെടാം, ഒരു പ്രധാനമന്ത്രി മാറാം, അധികാരത്തിലെത്തുന്ന പാർട്ടി പുറത്തുപോകാം. എന്നാൽ രാഷ്ട്രം അതിനേക്കാൾ വലിയ ആശയമാണ്. അത് ജനങ്ങളാണ്. അതൊരു ഭരണഘടനയാണ്. ചരിത്രവും സംസ്കാരവും ഭാഷകളും വൈവിധ്യങ്ങളും ചേർന്ന സചേതന സമൂഹമാണ്. അതിനാൽ ഒരു സർക്കാരിനെ വിമർശിക്കുന്നത് രാഷ്ട്രത്തെ ആക്രമിക്കുന്നതല്ല. ഭരണകൂടത്തെ ഉത്തരവാദിത്വത്തെക്കുറിച്ച് ഓർമപ്പെടുത്തുന്നത് ജനാധിപത്യത്തിന്റെ ഏറ്റവും ഉയർന്ന രൂപമാണ്.

പരീക്ഷാചോദ്യപേപ്പർ ചോർച്ചയെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചും പൊതുവിദ്യാഭ്യാസത്തെക്കുറിച്ചും സർവകലാശാലകളുടെ സ്വയംഭരണത്തെക്കുറിച്ചും മതധ്രുവീകരണത്തെക്കുറിച്ചും വിമർശനാത്മകമായ ചോദ്യങ്ങളുന്നയിക്കുന്നത് രാജ്യത്തെ കൂടുതൽ നീതിപൂർണ്ണവും ജനാധിപത്യപരവുമായ രാഷ്ട്രമാക്കാനുള്ള പൗരരുടെ ഉത്തരവാദിത്വമാണ്.
ഇവിടെയാണ് ടാഗോറിന്റെ സ്വപ്നം വീണ്ടും നമ്മുടെ മുന്നിലെത്തുന്നത്. ഭയമില്ലാത്ത മനസ്സുകളില്ലാതെ ജനാധിപത്യം നിലനിൽക്കില്ല. ചോദ്യം ചെയ്യുന്ന വിദ്യാർത്ഥികളില്ലാതെ സർവകലാശാലകൾക്ക് അർത്ഥമില്ല. അഭിപ്രായവ്യത്യാസങ്ങളെ ഉൾക്കൊള്ളാത്ത രാഷ്ട്രത്തിന് ജനാധിപത്യത്തിന്റെ ആത്മാവില്ല. അതുകൊണ്ടുതന്നെ ദൽഹിയിലെ വിദ്യാർത്ഥി- യുവജന പ്രക്ഷോഭം ഇന്ത്യയുടെ ജനാധിപത്യ മനഃസ്സാക്ഷി ജീവനോടെയുണ്ടെന്ന പ്രഖ്യാപനമായിരുന്നു. _
ദേശീയത: അധികാരത്തിന്റെ മുദ്രാവാക്യമല്ല,
അത് ജനങ്ങളുടെ മൂല്യമാണ്
ഇന്ത്യൻ സ്വാതന്ത്ര്യസമരം ഒരു ഭരണാധികാരിയെ മാറ്റിസ്ഥാപിക്കാനുള്ള പോരാട്ടമായിരുന്നില്ല. മനുഷ്യന്റെ അന്തസ്സിനും സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടിയുള്ള ചരിത്രപരമായ മുന്നേറ്റമായിരുന്നു. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യസമരത്തിൽ രൂപംകൊണ്ട ഇന്ത്യൻ ദേശീയത ഒരു മതത്തിന്റെയോ ജാതിയുടെയോ ഭാഷയുടെയോ വംശത്തിന്റെയോ ദേശീയതയായിരുന്നില്ല. വൈവിധ്യത്തെ ഉൾക്കൊള്ളുകയും അഭിപ്രായവ്യത്യാസങ്ങളെ അംഗീകരിക്കുകയും ചെയ്യുന്ന ജനാധിപത്യ ദേശീയതയായിരുന്നു അത്.
ഇന്ത്യയെ ഒരു സംസ്കാരത്തിന്റെ പേരിൽ നിർവചിക്കാനോ ഒരു മതത്തിന്റെ പേരിൽ സ്വന്തമാക്കാനോ ആ ദേശീയത ശ്രമിച്ചില്ല. പകരം, നാനാത്വത്തിൽ ഏകത്വം കണ്ടെത്താനുള്ള രാഷ്ട്രീയ- സാംസ്കാരിക ബോധമായിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യൻ ദേശീയതയുടെ യഥാർത്ഥ ശക്തി അതിന്റെ വൈവിധ്യത്തിലാണ്; ഏകതാനതയിലല്ല.
ടാഗോർ: മനുഷ്യനെക്കാൾ വലുതല്ല ദേശീയത
രവീന്ദ്രനാഥ ടാഗോർ ദേശീയതയെ കണ്ണുംപൂട്ടി ആരാധിച്ച വ്യക്തിയായിരുന്നില്ല. യൂറോപ്പിൽ ദേശീയത സാമ്രാജ്യത്വത്തിന്റെയും യുദ്ധങ്ങളുടെയും ആയുധമായി മാറിയതിനെ അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. അതുകൊണ്ടാണ് ദേശീയത മനുഷ്യനെ വിഴുങ്ങുന്ന രാഷ്ട്രീയശക്തിയായി മാറരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. ടാഗോറിന് ഇന്ത്യയുടെ മഹത്വം ഒരു ഏകീകൃത സാംസ്കാരിക രൂപത്തിലല്ല, മറിച്ച് വൈവിധ്യങ്ങളെ ഉൾക്കൊള്ളാനുള്ള ശേഷിയിലായിരുന്നു. ദേശസ്നേഹം മനുഷ്യസ്നേഹത്തെ മറികടക്കുന്ന നിമിഷം അത് മനുഷ്യരാശിക്കെതിരായ ശക്തിയായി മാറുമെന്ന് അദ്ദേഹം വിശ്വസിച്ചു. അതിനാൽ ടാഗോറിന്റെ ദേശീയതയുടെ കേന്ദ്രത്തിൽ രാജ്യമല്ല, മനുഷ്യനാണ് നിലനിൽക്കുന്നത്.

ഗാന്ധി: പ്രതിഷേധം തന്നെയാണ് ദേശസ്നേഹത്തിന്റെ രൂപം
മഹാത്മാഗാന്ധിയുടെ ജീവിതം തന്നെ ഒരു വലിയ പ്രതിഷേധമായിരുന്നു. ഉപ്പുസത്യാഗ്രഹം മുതൽ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം വരെ അദ്ദേഹത്തിന്റെ രാഷ്ട്രീയം അഹിംസയുടെയും സത്യത്തിന്റെയും മനഃസ്സാക്ഷിയുടെയും മേൽ പണിതുയർത്തിയതായിരുന്നു. ഗാന്ധിയെ സംബന്ധിച്ച് ഭരണകൂടത്തോട് വിയോജിക്കുന്നത് ദേശവിരുദ്ധതയല്ല. അനീതിക്കെതിരെ പ്രതികരിക്കാതിരിക്കുന്നതാണ് യഥാർത്ഥ തെറ്റ്. അധികാരത്തെ ചോദ്യം ചെയ്യാൻ പൗരർക്ക് അവകാശമുണ്ടെന്നും ആ അവകാശം ഉപയോഗിക്കുന്നത് ജനാധിപത്യത്തിന്റെ അനിവാര്യ ഘടകമാണെന്നും അദ്ദേഹം ജീവിതംകൊണ്ട് തെളിയിച്ചു. ദേശസ്നേഹം ഭരണാധികാരിയോടുള്ള വിധേയത്വമല്ല; സത്യത്തോടുള്ള പ്രതിബദ്ധതയാണ് എന്നായിരുന്നു ഗാന്ധിയുടെ സന്ദേശം.

നെഹ്റു: ഇന്ത്യ എന്നാൽ ജനം
ജവഹർലാൽ നെഹ്റു പല പൊതുയോഗങ്ങളിലും 'ഭാരത് മാതാ കി ജയ്' എന്ന മുദ്രാവാക്യത്തിന്റെ അർത്ഥം ജനങ്ങളോട് ചോദിക്കാറുണ്ടായിരുന്നു. തുടർന്ന് അദ്ദേഹം തന്നെ മറുപടി പറയുമായിരുന്നു: ഭാരതമാതാവ് ഒരു പ്രതിമയല്ല, ഒരു ഭൂമിശാസ്ത്ര രേഖയുമല്ല; ഈ രാജ്യത്ത് ജീവിക്കുന്ന കോടിക്കണക്കിന് മനുഷ്യരാണ്. അതുകൊണ്ട് ഇന്ത്യയെ സ്നേഹിക്കുക എന്നത് ജനങ്ങളെ സ്നേഹിക്കുകയാണെന്നും, അവരുടെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കുകയാണെന്നും നെഹ്റു പഠിപ്പിച്ചു. ഭൂരിപക്ഷം തന്നെ രാജ്യമാണെന്ന് കരുതിത്തുടങ്ങുന്ന നിമിഷം ജനാധിപത്യം അപകടത്തിലാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ന്യൂനപക്ഷങ്ങളുടെ സുരക്ഷയും അഭിപ്രായസ്വാതന്ത്ര്യവും ഇല്ലാത്ത ദേശീയത സാമൂഹ്യ വിഭജനത്തിലേക്കാണ് നയിക്കുകയെന്നും അദ്ദേഹം വിശ്വസിച്ചു.

അംബേദ്കർ: ഭരണഘടനയാണ്
രാഷ്ട്രത്തിന്റെ ആത്മാവ്
ഡോ. ബി. ആർ. അംബേദ്കറുടെ ദേശീയ സങ്കൽപം മറ്റെല്ലാ ദേശീയതാസങ്കൽപങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നു. അദ്ദേഹത്തിന് രാജ്യം എന്നത് ഒരു ഭൂപ്രദേശമോ ഒരു വികാരമോ മാത്രമായിരുന്നില്ല; സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഭരണഘടനാപരമായ സമൂഹമായിരുന്നു.
ഭരണഘടനയെ സംരക്ഷിക്കുന്നതും സാമൂഹ്യനീതിക്കുവേണ്ടി നിലകൊള്ളുന്നതുമാണ് യഥാർഥ ദേശസ്നേഹമെന്ന് അദ്ദേഹം കരുതി. ഭരണഘടനാമാർഗങ്ങൾ ഉപേക്ഷിച്ച് വ്യക്തിപൂജയിലേക്കോ അധികാരാരാധനയിലേക്കോ പോകുന്ന സമൂഹം ജനാധിപത്യത്തെ തന്നെ അപകടത്തിലാക്കുമെന്ന് അദ്ദേഹം ഭരണഘടനാ സഭയിൽ മുന്നറിയിപ്പ് നൽകിയിരുന്നു. അംബേദ്കറുടെ കാഴ്ചപ്പാടിൽ അധികാരത്തേക്കാൾ ഉയർന്നത് ഭരണഘടനയാണ്; ഭരണാധികാരിയേക്കാൾ ഉയർന്നത് പൗരരാണ്.

ഭരണഘടന ഉറപ്പുനൽകുന്ന സ്വാതന്ത്ര്യം
ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 19 ഓരോ പൗരർക്കും അഭിപ്രായപ്രകടന സ്വാതന്ത്ര്യവും സമാധാനപരമായി സമ്മേളിക്കാനുള്ള അവകാശവും സംഘടന രൂപീകരിക്കാനുള്ള അവകാശവും ഉറപ്പുനൽകുന്നു. ജനാധിപത്യത്തിൽ പ്രതിഷേധം ഒരു കുറ്റകൃത്യമല്ല; ഭരണഘടന അംഗീകരിച്ച പൗരാവകാശമാണ്. ഇത് അക്രമത്തിനുള്ള അവകാശമല്ല. പക്ഷേ, ഭരണകൂടത്തിന്റെ നയങ്ങളോട് വിയോജിക്കാനും പൊതുപ്രശ്നങ്ങളിൽ പ്രതിഷേധിക്കാനും ജനങ്ങൾക്ക് അവകാശമുണ്ടെന്ന അടിസ്ഥാന ജനാധിപത്യ തത്വത്തിന്റെ അംഗീകാരമാണ്. അതിനാൽ ഭരണഘടനയെ ഉയർത്തിപ്പിടിച്ച് വിദ്യാർത്ഥികൾ തെരുവിലിറങ്ങുമ്പോൾ അവർ ഭരണഘടനയെ വെല്ലുവിളിക്കുകയല്ല ചെയ്യുന്നത്; മറിച്ച് അതിലുള്ള മൂല്യങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയാണ്.
ദേശസ്നേഹത്തിന്റെ പേരിൽ
ചോദ്യങ്ങളെ മറയ്ക്കാമോ?
ജനാധിപത്യത്തിൽ ഏറ്റവും അപകടകരമായ സാഹചര്യം എല്ലാ ചോദ്യങ്ങൾക്കും ഒരേയൊരു മറുപടി ലഭിക്കുന്ന അവസ്ഥയാണ്. ഇവിടെ അതാണ് സംഭവിച്ചിരിക്കുന്നത്.
വിദ്യാഭ്യാസത്തെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചും പരീക്ഷാ ക്രമക്കേടുകളെക്കുറിച്ചും ചോദ്യങ്ങളുന്നയിച്ചാൽ അവയെ ‘ദേശസ്നേഹം’ എന്ന ഉരകല്ലിൽവെച്ച് തൂക്കിനോക്കുന്ന സ്വേച്ഛാധിപത്യ ഭരണകൂടം. ഇത്തരം സാഹചര്യത്തിൽ ദേശീയത ഒരു മൂല്യമല്ലാതാവുകയും രാഷ്ട്രീയ കവചമാകുകയും ചെയ്യുന്നു. ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടാതിരിക്കാനുള്ള ഉപാധിയായി അത് ഭരണകൂടം ഉപയോഗിക്കുന്നു.
എന്നാൽ യഥാർത്ഥ ദേശസ്നേഹം; ചോദ്യങ്ങളെയും സത്യത്തെയും വിമർശനത്തെയും ഭയപ്പെടുന്നില്ല. ടാഗോറും ഗാന്ധിയും നെഹ്റുവും അംബേദ്കറും നമ്മെ പഠിപ്പിച്ചതും അതുതന്നെയാണ്.
ജന്തർമന്തറിൽ ഉയർന്നത്
ഒരു തലമുറയുടെ ശബ്ദം
ജന്തർ മന്തറിൽ ഒത്തുകൂടിയ വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തിന്റെ ഭാവിയും ഭരണഘടനയുടെ അന്തസ്സും ജനാധിപത്യത്തിന്റെ നിലനിൽപ്പും സംബന്ധിച്ച ചോദ്യങ്ങളുമായാണ് പൊതുസമൂഹത്തോട് സംസാരിച്ചത്.
ചരിത്രത്തിലെ എല്ലാ വലിയ ജനാധിപത്യ മുന്നേറ്റങ്ങളിലും വിദ്യാർത്ഥികളും യുവജനങ്ങളും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമരം മുതൽ അടിയന്തരാവസ്ഥക്കെതിരായ പ്രക്ഷോഭങ്ങൾ വരെയും, സാമൂഹ്യനീതിക്കും വിദ്യാഭ്യാസ അവകാശത്തിനും വേണ്ടിയുള്ള സമരങ്ങൾ വരെയും യുവതയുടെ സാന്നിധ്യം ഇന്ത്യൻ ജനാധിപത്യത്തെ കൂടുതൽ ജീവനുള്ളതാക്കിയിട്ടുണ്ട്.
ദൽഹിയിലെ പ്രക്ഷോഭവും അതേ ചരിത്രത്തുടർച്ചയാണ്. പ്രത്യേകിച്ച് വിദ്യാർത്ഥിനികൾ കാട്ടിയ ധൈര്യം ശ്രദ്ധേയമായിരുന്നു. ഭീഷണികളും അതിക്രമങ്ങളും നേരിട്ടിട്ടും അവർ പിന്തിരിഞ്ഞില്ല. ജനാധിപത്യത്തിൽ സ്ത്രീകളുടെ സാന്നിധ്യം വെറും പങ്കാളിത്തമല്ല, ജനാധിപത്യത്തിന്റെ ഗുണനിലവാരത്തിന്റെ അളവുകോൽ കൂടിയാണെന്ന് അവർ തെളിയിച്ചു. ഈ പ്രക്ഷോഭം ഒരു തലമുറയുടെ ആത്മവിശ്വാസത്തിന്റെ പ്രഖ്യാപനമായിരുന്നു. അധികാരത്തെ ഭയക്കാതെ ചോദ്യം ചെയ്യാനുള്ള ധൈര്യം ഇന്നും ഇന്ത്യൻ യുവതയ്ക്ക് നഷ്ടപ്പെട്ടിട്ടില്ലെന്ന് അവർ രാജ്യമാകെ ബോധ്യപ്പെടുത്തി.
ജനാധിപത്യത്തിന്റെ ആരോഗ്യം അളക്കേണ്ടത് ഭരണാധികാരികളുടെ ജനപ്രീതികൊണ്ടല്ല; ഭരണകൂടത്തെ വിമർശിക്കാൻ പൗരർക്കുള്ള സ്വാതന്ത്ര്യം കൊണ്ടാണ്. ചോദ്യം ചെയ്യുന്ന സമൂഹം അസ്വസ്ഥത സൃഷ്ടിച്ചേക്കാം. പക്ഷേ അത് മുന്നോട്ടുപോകും. ചോദ്യം ചെയ്യാത്ത സമൂഹം ശാന്തമായി തോന്നിയേക്കാം. പക്ഷേ അത് ക്രമേണ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തും. അതിനാൽ പ്രതിഷേധം ജനാധിപത്യത്തിന്റെ പ്രതിസന്ധിയല്ല; അതിന്റെ ജീവന്റെ അടയാളമാണ്. വിദ്യാർത്ഥികൾ ചോദ്യം ചെയ്യുമ്പോൾ സർവകലാശാലകൾ ജീവിക്കുന്നു. മാധ്യമങ്ങൾ ചോദ്യം ചെയ്യുമ്പോൾ പൊതുസമൂഹം ജീവിക്കുന്നു. പൗരർ ചോദ്യം ചെയ്യുമ്പോൾ ഭരണഘടന ജീവിക്കുന്നു.

ടാഗോറിന്റെ സ്വപ്നം വീണ്ടും വായിക്കേണ്ട സമയം
ഇന്ന് ഇന്ത്യയുടെ മുന്നിലുള്ള ഏറ്റവും വലിയ ചോദ്യം സാമ്പത്തിക വളർച്ചയുടെ നിരക്കല്ല; സാങ്കേതിക പുരോഗതിയുടെ വേഗവുമല്ല. നിർഭയമായി ചിന്തിക്കാൻ കഴിയുന്ന ഒരു സമൂഹമായി ഇന്ത്യ തുടരുന്നുണ്ടോ എന്നതാണ്. ടാഗോറിന്റെ സ്വപ്നം ഒരു കവിതയിൽ അവസാനിച്ചില്ല. ഗാന്ധിയുടെ ജീവിതത്തിലൂടെ അത് സമരമായി മാറി. നെഹ്റുവിന്റെ ഇന്ത്യാസങ്കൽപത്തിൽ അത് ജനാധിപത്യമായി രൂപം നേടി. അംബേദ്കറുടെ കൈകളിൽ അത് ഭരണഘടനയുടെ മൂല്യങ്ങളായി മാറി. ഇന്ന് അതേ സ്വപ്നം ഇന്ത്യയിലെ പുതിയ തലമുറയുടെ കൈകളിലാണ്. അവർ ഉയർത്തുന്ന ഓരോ ചോദ്യവും ജനാധിപത്യത്തിന്റെ ഹൃദയമിടിപ്പാണ്. അവർ സംഘടിപ്പിക്കുന്ന ഓരോ സമാധാനപരമായ പ്രതിഷേധവും ഭരണഘടനയുടെ ആത്മാവിന്റെ പുനർവായനയാണ്. അവർ ഉയർത്തിപ്പിടിക്കുന്ന ദേശീയപതാക ഇന്ത്യയുടെ വൈവിധ്യത്തിന്റെ പ്രതീകമാണ്. അവർ കൈകളിലേന്തുന്ന ഭരണഘടന ഇന്ത്യയുടെ ഭാവിയുടെ പ്രത്യാശയാണ്.
ടാഗോറിന്റെ പ്രാർത്ഥന ഇന്നും പൂർത്തിയായിട്ടില്ല. അത് പൂർത്തിയാകുന്ന ദിവസം ഇന്ത്യയിലെ ഓരോ പൗരരും ഭയമില്ലാതെ ചിന്തിക്കുകയും, അന്തസ്സോടെ സംസാരിക്കുകയും, യുക്തിയോടെ സംവദിക്കുകയും, സത്യത്തിനുവേണ്ടി നിലകൊള്ളുകയും ചെയ്യുന്ന ദിവസമായിരിക്കും.
