It is not enough to understand only the ‘essence'of fascism. One must be capable of appraising it as a living political phenomenon, as a conscious and wily foe. -Leon Trotsky
ഇന്ത്യ ഒട്ടാകെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടന്നു കൊണ്ടിരുന്നപ്പോൾ, അതിൽ പങ്കെടുത്ത പലരും ഉയർത്തിയ പ്രധാന മുദ്രാവാക്യം മോദിയുടെ ഫാസിസ്റ്റ് ഭരണം തുലയട്ടെ എന്നായിരുന്നു. ഫാസിസം എന്ന വാക്ക് ഉണ്ടാക്കുന്ന ഭീതിയും ജാഗ്രതയും ചെറുതല്ലാത്തതുകൊണ്ട് അത്തരമൊരു പരാമർശം പാടില്ല എന്ന് രാമചന്ദ്ര ഗുഹയെ പോലെയുള്ള ചില ചിന്തകർ അന്ന് പ്രതിഷേധത്തിൽ പങ്കെടുത്തവരെ ഉപദേശിച്ചിരുന്നു.
പൗരത്വഭേദഗതി നിയമം ഉയർത്തുന്ന പ്രശ്‌നങ്ങൾ ഒരു നിയമഭേദഗതിയുടെ പ്രശ്‌നമാണെന്നും, ആ പ്രശ്‌നത്തെയാണ് നേരിടേണ്ടത് എന്നും അതിൽ നിന്ന് ശ്രദ്ധ മാറി സർക്കാരിനെ ഫാസിസ്റ്റ് എന്ന് വിളിക്കുന്നതിൽ അർത്ഥമില്ല എന്നുമായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. എന്നാൽ, ഏതാനം മാസങ്ങൾക്ക് ശേഷം രാമചന്ദ്ര ഗുഹ തന്നെ 1920കളിലെ മുസ്സോളിനിയുടെ ഇറ്റലിയും 2020ലെ മോദിയുടെ ഇന്ത്യയും തമ്മിലുള്ള സാമ്യങ്ങൾ കണ്ടെത്തി ലേഖനങ്ങൾ എഴുതി. പക്ഷെ അപ്പോഴും ഇന്ത്യൻ ഭരണകൂടത്തെ ഫാസിസ്റ്റ് എന്ന് വിളിക്കുവാൻ അദ്ദേഹം മുതിർന്നില്ല. ഒരു പക്ഷെ ചരിത്രത്തിൽ മുൻപ് സംഭവിച്ചിട്ടുള്ള ഫാസിസ്റ്റ് ഭരണങ്ങളുടെ സ്വഭാവം ഇന്ത്യയിൽ അത്ര എളുപ്പം കാണുവാൻ സാധിക്കുന്നില്ല എന്ന ബോധ്യം ഗുഹയെ സംശയത്തിൽ നിറുത്തുന്നതായിരിക്കാം. ചരിത്രപരമായ ഈ സംശയം വിരൽ ചൂണ്ടുന്നത് ഇനിയും ഫാസിസത്തെ കുറിച്ചുള്ള ചർച്ച മുന്നോട്ട് കൊണ്ട് പോകണമോ എന്ന ചോദ്യത്തിലേക്കാണ്.
ലഭ്യമായ ചരിത്രബോധത്തിന്റെ ചട്ടക്കൂട്ടിൽ നിർത്താവുന്ന ഒരു നിർവചനം ഫാസിസത്തിന് കല്പിച്ച് കൊടുക്കുവാൻ സാധ്യമല്ല. തത്വത്തിലും പ്രയോഗത്തിലും ചരിത്രത്തിലുടനീളം മാറ്റങ്ങൾ വരുത്തി മുന്നേറുന്ന അമിതാധികാര പ്രവണതയുള്ള ആശയരൂപങ്ങളുടെ സഞ്ചയമാണ് ഫാസിസം. നിരന്തരം മാറ്റത്തിന് വിധേയമാകുന്ന ഈ രാഷ്ട്രീയ പ്രതിഭാസത്തെ അറിയുവാനും നേരിടുവാനും ഒരു തിയറിയുടെ ആവശ്യമുണ്ട്. ചരിത്രത്തിൽ അത്തരമൊരു തിയറിക്കായി പരതുമ്പോഴാണ് ലിയോൺ ട്രോട്‌സ്‌കി എന്ന വിപ്ലവകാരി ഫാസിസത്തെ കുറിച്ച് നടത്തിയ കണ്ടെത്തലുകൾ പ്രാധാന്യമർഹിക്കുന്നത്. റഷ്യൻ വിപ്ലവത്തിൽ ലെനിനൊപ്പം പ്രാധാന്യമുള്ള നേതാവ്, റെഡ് ആർമി സ്ഥാപകൻ, സോവിയറ്റ് യൂണിയന്റെ തന്നെ മാർക്‌സിസ്റ്റ് വിമർശകൻ എന്നിങ്ങനെ പല നിലകളിൽ പ്രശസ്തനായിരുന്നു അദ്ദേഹം. റഷ്യൻ വിപ്ലവത്തെ നയിക്കുകയും, പിന്നീട് അതേ വിപ്ലവത്തിലൂടെ സ്ഥാപിക്കപ്പെട്ട സ്റ്റാലിൻ ഭരണത്തെ വിമർശിക്കുകയും ചെയ്തിരുന്നു. ഫാസിസത്തിന്റെ മുന്നേറ്റം മറ്റു കമ്യൂണിസ്റ്റുകളെ സംശയത്തിൽ നിറുത്തിയപ്പോൾ ട്രോട്‌സ്‌കി ഫാസിസത്തെ വൈരുധ്യാത്മകമായി പഠിച്ചു. ഫാസിസത്തെ കുറിച്ച് നടത്തുന്ന പഠനങ്ങളിൽ പലതിലും ഉപയോഗിക്കപ്പെടുന്ന ഈ സിദ്ധാന്തം ഇന്ത്യൻ ഫാസിസത്തെ മനസിലാക്കുവാനും ഉപയോഗിക്കാവുന്നതാണ്.
ഫാസിസത്തിന്റെ മുന്നേറ്റം മറ്റു കമ്യൂണിസ്റ്റുകളെ സംശയത്തിൽ നിർത്തിയപ്പോൾ ട്രോട്‌സ്‌കി ഫാസിസത്തെ വൈരുധ്യാത്മകമായി പഠിച്ചു. ഫാസിസത്തെ കുറിച്ച് നടത്തുന്ന പഠനങ്ങളിൽ പലതിലും ഉപയോഗിക്കപ്പെടുന്ന ഈ സിദ്ധാന്തം ഇന്ത്യൻ ഫാസിസത്തെ മനസിലാക്കുവാനും ഉപയോഗിക്കാം
അത്തരം രാഷ്ട്രീയ വിശകലനം നടത്തുമ്പോൾ ഫാസിസം ബാധിച്ച സമൂഹത്തിന്റെ പ്രശ്‌നങ്ങളെ കുറിച്ചും ഫാസിസത്തെ ചെറുക്കുന്നതിലും മുഖ്യപങ്ക് വഹിക്കേണ്ടത് ഇടതുപക്ഷമാണ് എന്ന് തിരിച്ചറിയുവാനും സാധിക്കും. ഇന്ത്യൻ ഫാസിസത്തെ ട്രോട്‌സ്‌കിയൻ രീതിയിൽ വിശകലനം ചെയ്യുന്നതിന് മുൻപ് ഫാസിസത്തെ മനസിലാക്കാൻ ഉപയോഗിക്കാവുന്ന ഈ തിയറിയുടെ ചരിത്രപശ്ചാത്തലം മനസിലാക്കേണ്ടതുണ്ട്.
1917-ലെ റഷ്യൻ വിപ്ലവത്തിനുശേഷം മാർക്‌സിസ്റ്റ് വിപ്ലവകാരികൾ കാത്തിരുന്നത് യൂറോപ്പിലെ മറ്റു വ്യവസായവൽകൃത രാജ്യങ്ങളിലെ തൊഴിലാളികളുടെ വിപ്ലവമായിരുന്നു. ട്രോട്‌സ്‌കി അടക്കമുള്ളവർ വാദിച്ചിരുന്നത് അത്തരം വ്യവസായവൽകൃത രാജ്യങ്ങളിലെ തൊഴിലാളികൾ നടത്തുന്ന വിപ്ലവമാകണം ആഗോള കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകേണ്ടത് എന്നായിരുന്നു. ജർമനിയും ഇറ്റലിയും അത്തരമൊരു വിപ്ലവത്തിന് സജ്ജമായിരിക്കുമ്പോഴാണ് അവിടെ നാസിസവും ഫാസിസവും ശക്തി പ്രാപിക്കുന്നത്. വളരെ പെട്ടെന്നായിരുന്നു വർഗ വ്യത്യാസമില്ലാതെ ഏവരെയും ഉൾകൊള്ളുന്ന തരത്തിലേക്ക് ഫാസിസം വളർന്നത്. ജർമനിയിലും ഇറ്റലിയിലുമുള്ള ഇടതുപക്ഷക്കാർ ഫാസിസത്തിന്റെ വളർച്ചയെ കണ്ടത് യഥാർത്ഥ വിപ്ലവത്തിന് മുന്നോടിയായി സംഭവിക്കുന്ന ബൂർഷ്വ വിപ്ലവമായിട്ടാണ്. അതുകൊണ്ട് തന്നെ ഇലക്ഷനിൽ അത്തരം പാർട്ടികളുടെ സാന്നിധ്യം അവർ നിസ്സാരമായി കണ്ടു.
ഇലക്ഷനിലും മറ്റും അവർക്കെതിരെ മത്സരിക്കുകയും ചെയ്തു. പക്ഷെ പിന്നീട് സംഭവിച്ചത് വളരെ കൃത്യമായി തിരുമാനിച്ചെടുത്ത അധികാരം പിടിച്ചടക്കലായിരുന്നു. മുസോളിനിയുടെ റോമിലേക്കുള്ള മാർച്ചും, ഹിറ്റ്‌ലറിന്റെ ബീർ ഹാൾ പുഷും (പരാജയപ്പെട്ടത്, പക്ഷെ ഹിറ്റ്‌ലറെ ആ മുന്നേറ്റം പ്രശസ്തനാക്കി), കൃത്യമായി തീരുമാനിച്ച് വെളിവാക്കപ്പെട്ട ശക്തിപ്രകടനങ്ങൾ ആയിരുന്നു. അത്തരം ശക്തിപ്രകടനങ്ങളാണ് നാസിസത്തിന്റെ അടിസ്ഥാന ആയുധം എന്ന് ഹിറ്റ്‌ലർ മെയിൻ കാംഫിൽ എഴുതുന്നുമുണ്ട്. പക്ഷെ ഇത്തരം ശക്തിപ്രകടനങ്ങൾ പരിശോധിച്ചാൽ മനസിലാകുന്ന ഒരു കാര്യം, അതൊരു ന്യൂനപക്ഷത്തിന്റേതായിരുന്നു എന്നതാണ്. പക്ഷെ അതിന്റെ സ്വാധീനമാകട്ടെ വർഗവ്യത്യാസമില്ലാതെ നടക്കുന്നുമുണ്ട്.
ഇന്ത്യൻ ചരിത്രത്തിലെ വിടവുകൾ
ഇവിടെയാണ് ട്രോട്‌സ്‌കി ഫാസിസം അതിന്റെ ഉത്ഭവത്തിലും, തുടർന്നുണ്ടാക്കുന്ന മുന്നേറ്റത്തിലും വെളിവാക്കുന്ന കാതലായ വൈരുദ്ധ്യത്തെ പഠിക്കുന്നത്. ഫാസിസം അതിന്റെ ഉത്ഭവത്തിൽ വളരെ വിപ്ലവാത്മകമായി തോന്നാം. ഒരു രാജ്യം ഒന്നാകെ നേരിടുന്ന പ്രതിസന്ധികൾക്കുള്ള മറുപടി എന്നോണം എല്ലാ കോണുകളിൽ നിന്നും ഉയർന്നുവരുന്ന അധികാരമാറ്റത്തിന് വേണ്ടിയുള്ള മുറവിളികൾ ഫാസിസ്റ്റുകൾ ഏറ്റെടുക്കും. ഈ ഏറ്റെടുക്കലിൽ ആശയവ്യത്യാസങ്ങളെല്ലാം ഇല്ലാതാകുന്നതായി കാണാം. ഓരോ വർഗത്തെയും അണിചേർക്കുന്നതിനായി അവർ ആശയങ്ങളിൽ മാറ്റങ്ങൾ വരുത്തുകയും എന്നാൽ പ്രവൃത്തിയിൽ അതിന്റെ സ്വാധീനം ലവലേശം കാണിക്കാതിരിക്കുകയും ചെയ്യും. ആശയങ്ങൾ അധികാരം നേടിയെടുക്കുന്നതിനുള്ള ഒരു ഉപാധി മാത്രമാണ്.
മുസ്സോളിനിയുടെ ചരിത്രം ശ്രദ്ധിക്കുക, താനൊരു സോഷ്യലിസ്റ്റ് ആണെന്നും അധികാരം നേടിയശേഷം ഭരണകൂടത്തിന് കീഴിൽ സോഷ്യലിസ്റ്റ് നടപടികൾ നടത്തുമെന്ന് പറഞ്ഞിരുന്നു എങ്കിലും, അധികാരം നേടിയശേഷമാകട്ടെ അദ്ദേഹം വൻ കോർപറേറ്റുകളുടെ സഹായിയായി. ഹിറ്റ്‌ലറിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല, ജർമൻ തൊഴിലാളികൾക്കിടയിൽ പ്രവർത്തനം ആരംഭിച്ച ഹിറ്റ്‌ലർ, അധികാരം നേടിയശേഷം ജർമൻ കമ്പനികൾക്ക് ലാഭം ഉണ്ടാക്കുന്നതിലായിരുന്നു ശ്രദ്ധിച്ചത്. ഇങ്ങനെ ആശയത്തിലും പ്രവൃത്തിയിലും ഉണ്ടാകുന്ന കാതലായ വൈരുധ്യം ഫാസിസത്തെ മനസിലാക്കുന്നതിൽ നമ്മെ ബുദ്ധിമുട്ടിക്കുന്നു.
അധികാരത്തിന് വേണ്ടിയുള്ള അടങ്ങാത്ത മോഹം എന്നും ഫാസിസ്റ്റുകളിൽ കാണാം, അത് കൊണ്ട് തന്നെ സ്വീകാര്യത ലഭിക്കുവാൻ അവർ സമൂഹത്തിൽ വേരോടുന്ന ഏത് ആശയവും ഏറ്റെടുക്കും, അത് ദേശീയതയാകാം, മതമാകാം, ജാതിയാകാം, മറ്റൊരു രാജ്യത്തോടുള്ള വിരോധവുമാകാം
അതുകൊണ്ട് തന്നെയാണ് ഫാസിസ്റ്റുകൾ പറയുന്ന കാര്യങ്ങളോടൊപ്പം അവരുടെ പ്രവൃത്തികളും നാം പഠിക്കണം എന്ന് ട്രോട്‌സ്‌കി കണ്ടെത്തുന്നത്. ചെറിയ ഒരു കൂട്ടത്തിൽ നിന്ന് വളർന്ന് ഒരു സാന്നിധ്യമായി മാറിയശേഷം വളരെ പെട്ടെന്നുണ്ടാക്കുന്ന ശക്തി പ്രകടനത്തിലൂടെ അധികാരം നേടുക, പിന്നീട് അധികാരത്തിലിരുന്നുകൊണ്ട് എല്ലാ ജനാധിപത്യ സാധ്യതകളും ഇല്ലാതാക്കുക എന്നതാണ് ഫാസിസ്റ്റ് മുന്നേറ്റങ്ങളുടെ പൊതുസ്വഭാവം. വർഗസ്വഭാവം പരിശോധിച്ചാൽ വർഗപരമായി അവർ സമൂഹത്തിലെ മധ്യവർഗത്തിന്റെ സ്വഭാവസവിശേഷതകളാണ് കാട്ടുന്നത്. മുതലാളിത്തം നിർമ്മിക്കുന്ന അസ്ഥിരതയിൽ, മുതലാളി ആകാനുള്ള ആഗ്രഹവും എന്നാൽ തൊഴിലാളി ആകുമോ എന്ന ഭയവും അവരെ എത്രയും പെട്ടെന്ന് അധികാരം നേടിയെടുക്കണം എന്ന ആഗ്രഹത്തിലേക്ക് എത്തിക്കുന്നു. അധികാരത്തിന് വേണ്ടിയുള്ള ഈ അടങ്ങാത്ത മോഹം എന്നും ഫാസിസ്റ്റുകളിൽ കാണാം, അതുകൊണ്ട് കൃത്യമായ ഒരു ആശയമോ പ്രവർത്തനരീതിയോ അവർക്കുണ്ടാകില്ല. അധികാരമാണ് അവരുടെ ലക്ഷ്യം, അതുകൊണ്ട് തന്നെ സ്വീകാര്യത ലഭിക്കുവാൻ അവർ സമൂഹത്തിൽ വേരോടുന്ന ഏത് ആശയവും ഏറ്റെടുക്കും, അത് ദേശീയതയാകാം, മതമാകാം, ജാതിയാകാം, മറ്റൊരു രാജ്യത്തോടുള്ള വിരോധവുമാകാം.
പണ്ടുമുതൽക്കേ സമൂഹത്തിൽ നിലനിൽക്കുന്ന ആശയങ്ങളെ തന്നെ കൂട്ടുപിടിക്കുകയും, എന്നാൽ അത് എല്ലാ വർഗങ്ങളെയും ഉൾകൊള്ളുന്ന രീതിയിൽ നവീകരിച്ചെടുക്കുകയും ചെയ്യുന്നത് ഫാസിസം വളരെ വേഗം പടർന്നു പിടിക്കുന്നതിന് സഹായിക്കും. ഈ ജനപ്രീതി മറ്റു രാഷ്ട്രീയ പാർട്ടികളെ സംശയത്തിലാക്കുകയും, പതിയെ അവരും മേല്പറഞ്ഞ ഫാസിസ്റ്റ് പാർട്ടിയുടെ ആശയത്തെ ഒരു കണ്ണാടി എന്ന പോലെ പ്രതിഫലിപ്പിക്കുവാനും ശ്രമിക്കും. ഇത്തരത്തിൽ ഫാസിസം എന്നത് ഒരു പാർട്ടിയുടെ മാത്രം സ്വഭാവമല്ല മറിച്ച് അത് സമൂഹമാകെ പടർന്നു പിടിക്കുന്ന ഒന്നാണ് എന്ന തിരിച്ചറിവിൽ എത്തുമ്പോഴാണ് ഫാസിസ്റ്റുവിരുദ്ധ ഐക്യമുന്നണി (United Bloc) സൃഷ്ടിക്കണം എന്ന് ട്രോട്‌സ്‌കി അഭിപ്രായപ്പെടുന്നത്. ഈ ഐക്യമുന്നണിയിൽ ട്രോട്‌സ്‌കി ആവശ്യപ്പെടുന്നത് മറ്റെല്ലാ ഫാസിസ്റ്റേതര പാർട്ടികളുടെയും ഐക്യമായിട്ടാണ്. ജർമനിയുടെ കാര്യത്തിൽ അദ്ദേഹം ആവശ്യപ്പെട്ടത് സോഷ്യൽ ഡെമോക്രാറ്റുകളും കമ്യൂണിസ്റ്റുകളും തമ്മിലുള്ള നാസി- വിരുദ്ധ മുന്നണി ആയിരുന്നു. അത്തരം മുന്നണികളിലൂടെ ലക്ഷ്യം വെക്കുന്നതാകട്ടെ ഫാസിസ്റ്റ് സ്വഭാവമുള്ള പാർട്ടികളും മറ്റു പാർട്ടികളും തമ്മില്ലുള്ള കൃത്യമായ വിടവ് നിലനിർത്തുക എന്നതും. ആശയങ്ങളുടെ പ്രകാശനത്തിൽ തുടങ്ങി വളരെ ശ്രദ്ധിച്ച് സൃഷ്ടിക്കേണ്ട ഫാസിസ്റ്റ് വിരുദ്ധ സംസ്‌കാരമാണ് അതിന്റെ അന്തിമ ലക്ഷ്യവും. ഇന്ത്യയുടെ ചരിത്രത്തിലും അത്തരം വിടവുകൾ നമുക്ക് കാണാം.
ഭരണത്തിലെ എല്ലാ തലങ്ങളിലുമുണ്ട്, ഫാസിസം
മാർക്‌സിസ്റ്റ് രീതിയിൽ അല്ലെങ്കിൽ കൂടിയും ഫാസിസത്തിന്റെ അപകടം മുന്നിൽ കണ്ടുകൊണ്ട് അവരുമായുള്ള വ്യത്യാസം കൃത്യമായി പാലിച്ചു പോകുക എന്നതായിരുന്നു ഗാന്ധിയും, നെഹ്റുവും എല്ലാം ചെയ്തിരുന്നത്. പക്ഷെ ഈ വിടവുകൾ ഒന്നും തന്നെ പരിണമിച്ച് ഫാസിസത്തിന് ഒരു തരത്തിലും വളരാൻ സാധിക്കാത്ത ഒരു തടസ്സമായി മാറിയില്ല, മറിച്ച് അതാത് കാലങ്ങളിൽ ഫാസിസത്തിന് ശക്തി പ്രാപിക്കാനായിട്ടുള്ള അവസരങ്ങൾ ഇല്ലാതാക്കി എന്നത് മാത്രമാണ് ചെയ്തത്. അതുകൊണ്ട് തന്നെ ജനാധിപത്യ ഇന്ത്യ നേരിടുവാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന് അംബേദ്കർ പ്രവചിച്ച ഹിന്ദുത്വ ബ്രാഹ്‌മണ്യ ഫാസിസം യാഥാർഥ്യമാകുകയും ചെയ്തു.
എന്തെല്ലാം കാരണങ്ങളാണ് ബി.ജെ.പിയെ വളരെ പെട്ടെന്ന് ഇന്ത്യയുടെ മുഖമായി മാറുവാൻ സഹായിക്കുന്നത് എന്ന് അന്വേഷിക്കുമ്പോഴാണ് ബി.ജെ.പി അതിന്റെ ആശയങ്ങളിൽ തന്നെ ഏതൊരു ഫാസിസ്റ്റ് പാർട്ടിയെയും പോലെ വരുത്തിയ കാതലായ മാറ്റം നാം ശ്രദ്ധിക്കേണ്ടത്. 1925-ൽ സ്ഥാപിക്കപ്പെട്ട രാഷ്ട്രീയ സ്വയം സേവക് സംഘ്, 1951-ൽ സ്ഥാപിക്കപ്പെട്ട ഭാരതീയ ജന സംഘ് , 1964-ൽ സ്ഥാപിക്കപ്പെട്ട വിശ്വ ഹിന്ദു പരിഷത്ത് എന്നീ സംഘടനകൾ ഒരു കൂട്ടമായി സംഘ് പരിവാർ എന്ന കുടുംബത്തിൽ പെടുന്നു. ഹിന്ദു മതത്തെ അതിന്റെ ജാതീയ വേർ തിരിവുകളിൽ നിന്ന് മുക്തമാക്കി ഹിന്ദു ഐക്യം പുനസ്ഥാപിക്കുക എന്ന പൊതു ലക്ഷ്യം അവർ മുന്നിൽ കണ്ടിരുന്നെങ്കിലും പിന്നീട് രാഷ്ട്രീയ ലക്ഷ്യങ്ങളിലേക്ക് ശ്രദ്ധ മാറുന്നതോടെ ജന സംഘ് പതിയെ ജനതാപാർട്ടിയായി പരിണമിക്കുന്നു.
അതാത് രാഷ്ട്രീയ കാലാവസ്ഥക്കനുസരിച്ച് നയം മാറ്റുക എന്ന നിലപാട് സംഘ് പരിവാറിലുള്ള അനേകം സംഘടനകൾ തമ്മിലുള്ള ബന്ധം സങ്കീർണമാക്കുന്നു. 1984-ലാണ് ആശയപരമായ മറ്റൊരു മാറ്റം സംഭവിക്കുന്നത് ഗാന്ധിയൻ സോഷ്യലിസത്തിലും മതനിരപേക്ഷതയിൽ നിന്നും ഹിന്ദുത്വവാദത്തിലേക്ക് നടത്തിയ മാറ്റമായിരുന്നു അത്. ആ മാറ്റം 1984-ലെ ലോക്സഭ ഇലക്ഷനുകളിൽ അവർക്ക് 89 സീറ്റുകൾ നേടി കൊടുത്തിരുന്നു. പിന്നീടുണ്ടായ ഫാസിസ്റ്റ് ശക്തി പ്രകടനം രാംജന്മഭൂമിയുമായി ബന്ധപ്പെട്ട യാത്രകളാണ്. വിശ്വഹിന്ദു പരിഷത്തും, രാഷ്ട്രീയ സ്വയം സേവക് സംഘുമെല്ലാം ശക്തി പ്രകടിപ്പിക്കുന്ന സമയവും ഇതാണ്. 1948 മുതൽ രാമജന്മഭൂമി മുന്നേറ്റവുമായി ബന്ധപ്പെട്ട് സംഘ് പരിവാർ പ്രവർത്തിച്ചിരുന്നെങ്കിലും 1980-കളോടെ വളരെ ശക്തമായി പ്രകടനങ്ങൾ വളർന്നു. ഭാരത് മാത ഗംഗ മാത യാത്ര , രാമ - ജാനകി രഥ യാത്ര എന്നിങ്ങനെ ധാരാളം യാത്രകൾ ഉത്തരേന്ത്യയിൽ നടത്തി. രഥയാത്രകൾ പോകുന്ന വഴിയിൽ തടയുന്നവരെ ശാരീരികമായി നേരിടുവാൻ ബജ്രംഗ് ദൾ പോലുള്ള ഗ്രൂപ്പുകൾ നിർമിക്കുകയും ചെയ്തു.
ഇത്തരം പല യാത്രകളുടെ ഫലമായി എൽ.കെ. അദ്വാനിയുടെ നേതൃത്വത്തിലുള്ള രഥയാത്രയും നടക്കുന്നു. കാശി, മഥുര, അയോദ്ധ്യ എന്നി മൂന്ന് സ്ഥലങ്ങൾ കേന്ദ്രമാക്കി നടത്തിയ യാത്രകൾ ഇന്ത്യൻ പൊതു ബോധത്തെ പിടച്ചടക്കി എന്നത് യാഥാർഥ്യമാണ്. ശക്തി പ്രകടത്തിന്റെ ഭാഗം കഴിഞ്ഞതോടെ ഫാസിസം അതിന്റെ പൂർണരൂപം തേടുന്നത് മധ്യവർഗ പ്രതിനിധിയായ നരേന്ദ്ര മോദിയിലാണ്. കുടുംബ ഭരണത്തിലേക്ക് അധഃപതിച്ച കോൺഗ്രസിന് ബദൽ എന്ത് കൊണ്ടും ഇന്ത്യയിലെ ഒരു ചായക്കടക്കാരനാവണം എന്ന മിത്ത് വളരുന്നത് ഇത്തരത്തിലാണ്. മോദിയുടെ വളർച്ച 2014-ലെയും 2019 -ലെയും ഇലക്ഷനുകളോടെ അമിതാധികാരത്തിലേക്ക് വളരുകയും 2020 ആയതോടെ അതിന്റെ പൂർണരൂപം കൈക്കൊള്ളുകയും ചെയ്തു . വളരെ ശക്തമായി കേന്ദ്രീകരിക്കപ്പെട്ട പാർട്ടിയിൽ ഇപ്പോൾ അമിത് ഷാ - മോദി കൂട്ടുകെട്ടാണ് പ്രധാനമെന്നത് സുവ്യക്തമാണ്. അവർക്ക് തൊട്ട് കീഴിൽ പാർട്ടി പ്രസിഡന്റ് ജെ.പി. നദ്ദയും, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും നില ഉറപ്പിക്കുന്നു. കേന്ദ്രത്തിൽ അധികാരം നേടിയതോടെ അവസാനിക്കുന്ന ഒന്നല്ല ഈ മുന്നേറ്റം, മറിച്ച് പണവും അധികാരവും ഉപയോഗിച്ച് 2014 മുതൽ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഭരണം ബി.ജെ.പി നേടിയെടുത്തത് ജനഹിതത്തിന് ശേഷം നടക്കുന്ന നാടകങ്ങളിലൂടെയാണ്.
ചലച്ചിത്രതാരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മഹത്യ വരെ വളരെ നാടകീയമായി രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി മാധ്യമങ്ങളുടെ സഹായത്തോടെ ബി.ജെ.പി ഉപയോഗിച്ചത് ശ്രദ്ധിക്കുക. ഇത്തരത്തിൽ കേന്ദ്ര ഭരണം നിലനിർത്തുമ്പോൾ മാത്രമല്ല പ്രതിഷേധങ്ങൾ നേരിടുമ്പോഴും ബി.ജെ.പി നടത്തുന്നത് അവരുടെ ലക്ഷ്യം അട്ടിമറിക്കുക എന്നതാണ്. ഷഹീൻ ബാഗിലെ സമരം ശ്രദ്ധിക്കുക. ആഗോള ശ്രദ്ധ പിടിച്ചു പറ്റിയ ഫാസിസ്റ്റ് വിരുദ്ധ സമരമായിരുന്നു അത്. എന്നാൽ സമരം നടക്കുമ്പോൾ തന്നെ പ്രതിഷേധിക്കുന്നവർക്കിടയിൽ ആർ.എസ്.എസ് പ്രവർത്തകർ നിലകൊള്ളുകയും, കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സമരം അവസാനിച്ചപ്പോൾ അവർ ബി.ജെ.പിയിൽ ചേർന്നതായി വാർത്ത നല്കുകയും ചെയ്തു. ഷഹീൻ ബാഗ് നിവാസികൾക്ക് പരിചയമില്ലാത്ത ഇവർ യഥാർത്ഥത്തിൽ ആ സമരത്തിന്റെ ലക്ഷ്യത്തെ ലോകത്തിന്റെ മുൻപിൽ അട്ടിമറിക്കുകയും ചെയ്തു. കൊറോണയുടെ മറവിൽ മുന്നോട്ട് കൊണ്ട് വന്ന കർഷക ബില്ലുകളും, പരിസ്ഥിതി ആഘാത പഠന നിർദ്ദേശങ്ങളുടെ ഭേദഗതിയും എല്ലാം സ്വകാര്യ കമ്പനികളുടെ താല്പര്യം കാത്തുസൂക്ഷിക്കുന്നു എന്നത് വ്യക്തമാണ്. ഭരണത്തിന്റെ പല ഘട്ടങ്ങളിൽ മോദി സർക്കാർ മുന്നോട്ടുവെച്ച പല നടപടികളും പ്രസ്താവനകളും വൈരുധ്യം നിറയുന്നതായി കാണാം.
2014-ൽ പ്രഖ്യാപിച്ച മേക് ഇൻ ഇന്ത്യ പ്രൊജക്റ്റ് ഇതിന് ഉദാഹരണമാണ് ഇന്ത്യയിലെ ഉല്പാദനം കൂട്ടുകയും സേവന മേഖല വളർത്തുകയും ലക്ഷ്യം ഇടുന്ന പ്രൊജക്റ്റ് പക്ഷെ അടിസ്ഥാനമായും നിലനിൽക്കുന്നത് വിദേശ നിക്ഷേപങ്ങളുടെ അടിസ്ഥാനത്തിലാണ്. എങ്ങനെയാണ് രാജ്യം വിദേശ നിക്ഷേപത്തിലൂടെ സുസ്ഥിരമാകുന്നത് എന്നറിയില്ല. കൊറോണയുടെ പശ്ചാത്തലത്തിൽ രാജ്യം ആത്മനിർഭർ കൈവരിക്കും എന്ന് പറയുന്നതും ഇതുപോലെ മറ്റൊരു പ്രഖ്യാപനമാണ്. നോട്ട് നിരോധനത്തിന്റെ ആഘാതം ഒഴിയുന്നതിന് മുൻപ് രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുമ്പോൾ സാധാരണക്കാരന്റെ വാങ്ങൽ ശേഷിയെ പരിപോഷിപ്പിക്കുന്നതിലല്ല, മറിച്ച് വീണ്ടും സ്വകാര്യ നിക്ഷേപം ഉറപ്പാക്കുവാനാണ് സർക്കാർ ശ്രമിക്കുന്നത്. ലോക്ക്ഡൗണിന്റെ കെടുതി അനുഭവിച്ച അന്തർസംസ്ഥാന തൊഴിലാളികളിൽ എത്ര പേർക്ക് ജോലി നഷ്ടപെട്ടുവെന്നോ എത്ര പേർക്ക് യാത്രാമദ്ധ്യേ ജീവൻ നഷ്ടപെട്ടുവെന്നോ ഉള്ള കണക്കുകൾ കൈവശമില്ലാത്ത സർക്കാരിൽ നിന്ന് ഇനിയും എന്തെങ്കിലും പ്രതീക്ഷിക്കുന്നത് അസ്ഥാനത്താണ്.
അർണാബ് ഗോസ്വാമിയുടെ കാര്യത്തിൽ മാത്രം വ്യക്തിസ്വാതന്ത്ര്യം ഒരു വിഷയമാകുമ്പോൾ വരവരറാവുവിന്റെയോ, സ്റ്റാൻ സാമിയുടെയോ, ആനന്ദ് തെൽതുബ്ദേയുടെയോ കാര്യം വരുമ്പോൾ കോടതികൾ അത് മറക്കുന്നു
ഒരു വശത്ത് രാജ്യം സാമ്പത്തിക അസ്ഥിരത നേരിടുമ്പോൾ മറുവശത്ത് ഭരണകൂടം ജനങ്ങളുടെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിലേക്കും കൈകടത്തിക്കഴിഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരങ്ങളിൽ പലതിലും ഭാഗമായിരുന്ന ഓൺലൈൻ മാധ്യമങ്ങൾ ഇനി മുതൽ ഭരണകൂടത്തിന്റെ വരുതിയിൽ വരും,
അർണാബ് ഗോസ്വാമിയുടെ കാര്യത്തിൽ മാത്രം വ്യക്തിസ്വാതന്ത്ര്യം ഒരു വിഷയമാകുമ്പോൾ വരവരറാവുവിന്റെയോ, സ്റ്റാൻ സാമിയുടെയോ, ആനന്ദ് തെൽതുബ്ദേയുടെയോ കാര്യം വരുമ്പോൾ കോടതികൾ അത് മറക്കുന്നു. 2019-ലെ തെരഞ്ഞെടുപ്പ് റാലികളിൽ തുടരെ തുടരെ മോദിക്ക് ഇലക്ഷൻ കമീഷൻ ക്ലീൻ ചീറ്റ് നൽകുകയായിരുന്നു. ഇപ്പോൾ ഭരണപരാജയം മറച്ചുവെക്കാൻ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയെ ഉപയോഗിക്കുന്നു, മാധ്യമങ്ങളെ ഉപയോഗിച്ച് ഒരു ചലച്ചിത്ര നടന്റെ ആത്മഹത്യ മറയാക്കി ഒരു സംസ്ഥാന സർക്കാരിനെ അട്ടിമറിക്കുവാൻ ശ്രമിക്കുന്നു. ഇനിയും രാഷ്ട്രീയ സഹായങ്ങൾ ലഭിക്കുവാൻ ഇ.ഡി ഡയറക്ടറുടെ കാലാവധി മുൻകാല പ്രാബല്യത്തോടെ നീട്ടി നല്കുന്നു...ഇതെല്ലാം രാഷ്ട്രീയനീക്കങ്ങൾ മാത്രമായിട്ടല്ല, മറിച്ച് ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് നടിപടിയായി തന്നെയാണ് കാണേണ്ടത്. ഭരണത്തിലെ എല്ലാ വകുപ്പുകളിലും ആശയമായും പ്രയോഗമായും ഫാസിസം കടന്ന് കഴിഞ്ഞിരിക്കുന്നു.
സ്ത്രീപക്ഷ രാഷ്ട്രീയം ഇടതുപക്ഷത്തിലൂടെ
ഇത്തരമൊരു സാഹചര്യത്തിലാണ് വിശാല ഇടതു പക്ഷ ഐക്യം എന്ന ആശയം മുന്നോട്ട് വരേണ്ടത്. അന്ന് യൂറോപ്പിൽ ട്രോട്‌സ്‌കി വിഭാവനം ചെയ്ത അതേ വിശാല ഐക്യം (United Bloc), ബീഹാർ തെരെഞ്ഞെടുപ്പ് അത്തരമൊരു വിശാല ഐക്യത്തിന്റെ പ്രാധാന്യം ചൂണ്ടി കാട്ടുന്നുണ്ട്. മഹാസഖ്യം എന്ന ആശയം മുന്നോട്ട് വെക്കുന്നത് പ്രായോഗിക രാഷ്ട്രീയം മാത്രമല്ല, മറിച്ച് ആശയപരമായ ഒരു ബദൽ കൂടിയാണ്. തെരെഞ്ഞെടുപ്പ് ഫലം എൻ.ഡി.എ.ക്ക് ഭരണം നേടികൊടുത്തെങ്കിലും ഇടതുപക്ഷം നേടിയെടുത്ത മുന്നേറ്റം ശ്രദ്ധേയമാണ്. ഈ മഹാസഖ്യത്തിന്റെ രാഷ്ട്രീയം തന്നെയാണ് ഫാസിസത്തിന് എതിരെയുള്ള പ്രതിരോധം. പക്ഷെ സഖ്യം തീർക്കുമ്പോൾ തീർച്ചയായും പ്രാധാന്യം നൽകേണ്ടത് സഖ്യത്തിൽ ചേരുന്നവരുടെ നിലപാടുകളാണ്. മുൻപ് അത്തരം പാർട്ടികൾ പുലർത്തിയ നിലപാടുകൾ ശ്രദ്ധിക്കേണ്ടതാണ്.
ഉദാഹരണത്തിന് നിലപാടിൽ മതേതരത്വവും പ്രയോഗത്തിൽ മൃദു ഹിന്ദുത്വവും വെച്ച് പുലർത്തുന്ന കോൺഗ്രസിന് എന്തിന് ബിഹാറിൽ 70 സീറ്റ് മത്സരിക്കുവാൻ നൽകി എന്നും ചിന്തിക്കേണ്ടതാണ്. സി.പി.ഐ (എം.എൽ) ലിബറേഷൻ ദേശീയ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ ഈ വിമർശനം ഉന്നയിച്ചിട്ടുണ്ട്.
ഇതോടൊപ്പം ശ്രദ്ധിക്കേണ്ട മറ്റൊരു സാന്നിധ്യം, രാജ്യത്ത് വളർന്നു വരുന്ന സ്ത്രീ വോട്ടർമാരാണ്. ബിഹാറിലെ എൻ.ഡി.എയുടെ വിജയത്തിന് വലിയ പങ്ക് വഹിച്ചത് സ്ത്രീകളാണ് എന്ന് ബദ്രി നാരായണിനെ പോലുള്ള രാഷ്ട്രീയ നിരീക്ഷകർ കണ്ടെത്തുന്നുണ്ട്. ഇന്ന് ഉണർന്നുവരുന്ന സ്വത്വരാഷ്ട്രീയ ബോധത്തിന്റെ ഒരു ഭാഗമാണ് സ്ത്രീയുടെ വർഗവുമായി ബന്ധപ്പെട്ട രാഷ്ട്രീയം. ഈ രാഷ്ട്രീയം വളരെ കൃത്യമായി ഫാസിസം ഉപയോഗിക്കും എന്നത് വ്യക്തമാണ്. സ്ത്രീശാക്തീകരണം ആശയത്തിൽ മാത്രമേ ഉണ്ടാകൂ, പ്രയോഗത്തിൽ കാണുകയില്ല. ഒരു വശത്ത് സ്ത്രീകൾ രാജ്യത്തിന്റെ പ്രതിരോധ മേഖലയിലേക്ക് വളരണം എന്ന് പറയുമ്പോൾ തന്നെ മറുവശത്ത് ഹാഥ്റസ് പോലുള്ള അനവധി സംഭവങ്ങൾ നടക്കുന്നു, ബി.ജെ.പിയിൽ അംഗമായ സ്ത്രീകളെ തന്നെ പുറത്താക്കുകയും കർണാടകയിൽ സംഭവിച്ചത് പോലെ ശാരീരികമായി കയ്യേറ്റം ചെയ്യപ്പെടുകയും ചെയ്യുന്നു. ആശയത്തിലും പ്രയോഗത്തിലും കണ്ടെത്താവുന്ന ഈ വൈരുധ്യം മനസിലാക്കി സ്ത്രീപക്ഷ രാഷ്ട്രീയം സാധ്യമാകണമെങ്കിൽ അത് ഇടതുപക്ഷ രാഷ്ട്രീയത്തിലൂടെ മാത്രം നേടാവുന്ന ഒന്നാണ് എന്ന തിരിച്ചറിവ് നാം നേടണം. ഇങ്ങനെ ചരിത്രപരമായി തന്നെ ഫാസിസത്തെ ചെറുക്കുന്നതിൽ ഉത്തരവാദിത്വം നിക്ഷിപ്തമായിരിക്കുന്നത് ഇടതു പക്ഷത്തിലാണ്. അതുകൊണ്ടുതന്നെ, ഇടതു പക്ഷ രാഷ്ട്രീയം വളരണമെങ്കിൽ സമരങ്ങളിൽ പങ്കാളികളാകേണ്ടതുണ്ട്.
ഏത് സമരത്തിലാണ് ഇടതുപക്ഷമുള്ളത്?
ഇന്ന് രാജ്യത്ത് നിലനിൽക്കുന്ന കാർഷിക പ്രശ്‌നങ്ങൾ മുതൽ പാരിസ്ഥിതിക പ്രശ്‌നങ്ങൾ വരെ ഏറ്റെടുത്താൽ മാത്രമേ ഇടതുപക്ഷത്തിന് ഫാസിസത്തെ ചെറുക്കുവാൻ സാധിക്കൂ. ബിഹാറിൽ നടന്നതുപോലെ, ജനങ്ങളുടെ ദൈനംദിന പ്രശ്‌നങ്ങളെ സമരമായി മാറ്റിക്കൊണ്ട് മാത്രമേ ഇടതിന് ഫാസിസത്തെ ചെറുക്കാൻ സാധിക്കൂ. ഫാസിസം ഒരു മുന്നേറ്റമാണ്, അത് ഒരു പ്രക്രിയയിലൂടെ കടന്ന്പൂർണരൂപം കൈവരിക്കുകയാണ്. മോദി ഭരണം ആ പ്രക്രിയയുടെ ഭാഗമാണ്. പ്രതിരോധിച്ചില്ലെങ്കിൽ വരും കാലങ്ങളിൽ മോദി മാറി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി ആകുന്ന കാലം വിദൂരമല്ല. അതുകൊണ്ടുതന്നെ ഇടതുപക്ഷം ചെയ്യേണ്ടത് വിപ്ലവസാധ്യതയുള്ള സമരങ്ങളെയും വർഗങ്ങളെയും (സ്ത്രീകൾ , ആദിവാസികൾ, ദളിതർ മുതലായവർ) ഏറ്റെടുക്കുകയും, അത്തരം സമരങ്ങളിലൂടെ സ്വയം നവീകരിച്ചെടുത്ത് ഫാസിസത്തെ നിഷ്‌കാസനം ചെയ്യുകയുമാണ്.
ഇത്തരത്തിൽ വിലയിരുത്തപ്പെടുമ്പോഴാണ് എന്നാണ് ഇടതുപക്ഷം കേരളത്തിൽ ശരിയായ ഒരു സമരം നടത്തിയത് എന്ന് ആലോചിക്കേണ്ടത്. ഓരോ അഞ്ചു വർഷവും നിയമസഭയിൽ ഭൂരിപക്ഷം കിട്ടുമ്പോഴും അല്ലാത്തപ്പോഴും നിരവധി പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും സഹകരണ ബാങ്കുകളിലും സ്ഥാപനങ്ങളിലും ഇടതുപക്ഷം അധികാരത്തിൽ തന്നെയാണ്. ഈ അധികാരങ്ങൾ വ്യവസ്ഥിതിയുടെ മാറ്റത്തിനല്ല, മറിച്ച് അതിനെ വീണ്ടും വീണ്ടും ഉറപ്പിക്കുന്നതിനാണ് സഹായകമായത് എന്ന് കാണേണ്ടി വരും. കേരളത്തിൽ ഇന്ന് ധാരാളമായി നടക്കുന്ന പരിസ്ഥിതി സമരങ്ങളിലൊന്നിലും ഇടതുപക്ഷം പങ്കാളികൾ അല്ലെന്നു മാത്രമല്ല, മിക്കവാറും അധികാരത്തിന്റെയും പരിസ്ഥിതി നാശത്തിന്റെയും പക്ഷത്തുമാണ്. സമൂഹത്തെ ഒരടിയെങ്കിലും മുന്നോട്ടു നയിക്കുവാൻ ഈ അധികാരം പ്രയോജനപ്പെടുന്നില്ല. എന്നാൽ വ്യവസ്ഥിതിയെ നിലനിർത്താൻ പെടാപ്പാട് ചെയ്യേണ്ടതായും വരുന്നു. ജി.എസ്.ടി നിലവിൽ വന്നപ്പോൾ അതിനെ അനുകൂലിച്ച സർക്കാരാണ് ഇന്നിപ്പോൾ അത് വലിയ ചതിയായിരുന്നു എന്ന് തിരിച്ചറിയുന്നത്. എത്ര മാവോയിസ്റ്റുകളെ വേട്ടയാടിയാലും ഫാസിസ്റ്റ് ശക്തിയുടെ മുന്നിൽ നല്ല കുട്ടിയാവാൻ കഴിയില്ല എന്നും ഇടതുപക്ഷം തിരിച്ചറിയേണ്ടതായിട്ടുണ്ട്. ഇന്നിപ്പോൾ കേന്ദ്രത്തിന്റെ അഞ്ചു അന്വേഷണ ഏജൻസികളാണ് കേരള സർക്കാരിനെ തലനാരിഴകീറി പരിശോധിക്കുന്നത്. ഓരോ ദിവസവും ഉയർന്നു വരുന്ന വാർത്തകളെ അന്നത്തേക്ക് വിശദീകരിച്ചു ക്ഷീണിക്കുന്ന ഈ അവസ്ഥയിലാണ് സിദ്ധാന്തം സഹായകരമാകുക. ട്രോട്‌സ്‌കിയുടെ ഫാസിസത്തെ കുറിച്ചുള്ള കാഴ്ചയുടെ ശരിമ തിരിച്ചറിയുക എന്നതാണ് അതിൽ ഏറ്റവും ലളിതമായിട്ടുള്ളത്. അത്തരം തിരിച്ചറിവുകളിലൂടെ മാത്രമേ ഇടതുപക്ഷത്തിന് ആത്മവിമർശനം നടത്തുവാനും ഫാസിസത്തെ നേരിടുവാനും കഴിയൂ.▮