എന്നെ തിരിച്ചയച്ചത് കേരളമല്ല കേന്ദ്രമാണെന്നറിഞ്ഞപ്പോൾ ആശ്വാസം തോന്നി

യു.കെയിൽ നിന്ന് കേരളത്തിലെത്തി, കേന്ദ്ര സർക്കാറിന്റെ ഇടപെടൽ മൂലം അതേ ഫ്‌ളൈറ്റിൽ ലണ്ടനിലേക്ക് തിരിക്കേണ്ടി വന്ന പ്രശസ്ത ആന്ത്രപോളജിസ്റ്റ് ഫിലിപ്പോ ഒസെല്ല, ഹീത്രോ എയർപോർട്ടിൽ നിന്ന് വീട്ടിലേക്കുള്ള ബസ്സിലിരുന്ന് തയാറാക്കിയ ഇ-മെയിൽ സ്റ്റേറ്റ്‌മെന്റിലൂടെ താൻ നേരിട്ട ദുരനുഭവത്തെ കുറിച്ചും കേരളമായുള്ള തൻറെ ഊഷ്മള ബന്ധത്തെക്കുറിച്ചും വിവരിക്കുന്നു.

യു.കെയ്ക്കും കേരളത്തിനും ഇടയിലുള്ള നിരവധി പ്ലെയിനുകളിൽ ദീർഘമായ 36 മണിക്കൂറിലധികം ചെലവഴിച്ചതിന് ശേഷം, അവസാനം ലണ്ടൻ ഹീത്രോ എയർപോർട്ടിൽ നിന്ന് എന്റെ വീട്ടിലേക്കുള്ള ബസ്സിൽ ഇരിക്കുമ്പോഴാണ് ഞാൻ ഈ പ്രസ്താവന എഴുതുന്നത്. ഇന്ന് (മാർച്ച് 24, വ്യാഴാഴ്ച) പുലർച്ചെ 3 മണിക്കാണ് ലണ്ടനിൽ നിന്ന് ദുബൈ വഴി വന്ന എമിറേറ്റ്സ് ഫ്ളൈറ്റിൽ ഞാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്നത്. എത്തിയതിന് ശേഷം, ഒരു ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ എന്നോട് ഇമിഗ്രേഷൻ ഡെസ്‌കിലേക്ക് അദ്ദേഹത്തെ പിന്തുടരാൻ പറഞ്ഞു. ഇത് കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നടപടികളാണെന്നാണ് ഞാൻ കരുതിയിരുന്നത്. കേരളത്തിലേക്ക് ഞാൻ 2021 സെപ്റ്റംബറിൽ വന്നപ്പോഴും യുകെയിൽ നിന്നുള്ള ഫ്ളൈറ്റിൽ യാത്ര തുടങ്ങിയവർക്ക് പ്രത്യേകമായി പിസിആർ പരിശോധനയിലൂടെ കടന്നുപോകേണ്ടി വന്നിരുന്നു. ഇപ്രാവശ്യം എന്നെ ഇമിഗ്രേഷൻ ബൂത്തിലേക്ക് എത്തിച്ചതിന് ശേഷം എന്റെ പാസ്പോർട്ടും വിസയും അവർ പരിശോധിച്ചു, ഫോട്ടോയും വിരലടയാളവും എടുത്തു. ഇവയെല്ലാം സാധാരണഗതിയിലുള്ള ഇമിഗ്രേഷൻ പരിശോധനകൾ തന്നെയായിരുന്നു. പക്ഷേ നടപടിക്രമങ്ങൾ പൂർത്തിയായതിന് ശേഷം, ഒരു ഇമിഗ്രേഷൻ സൂപ്പർവൈസർ വളരെ കർക്കശമായ വാക്കുകളിൽ എന്നെ അറിയിച്ചത് കേരളത്തിലേക്ക് എനിക്ക് പ്രവേശനം അനുവദിക്കാൻ കഴിയില്ലെന്നാണ്. എത്രയും വേഗം എന്നെ ലണ്ടനിലേക്ക് തന്നെ തിരിച്ചയക്കുമെന്നും ആ ഉദ്യോഗസ്ഥൻ എന്നെ അറിയിച്ചു.

തീർച്ചയായും, ഇത് മുൻകൂട്ടി തീരുമാനിക്കപ്പെട്ട ഒരു കാര്യമായിരുന്നു, ഞാൻ എത്തുന്നതിന് മുന്നെ തന്നെ ഈ തീരുമാനം എടുത്തുകഴിഞ്ഞിട്ടുണ്ടായിരുന്നു. കാരണം, ഞാൻ വന്ന വിമാനത്തിലേക്ക് തന്നെ എന്നെ കൂട്ടിക്കൊണ്ടുപോകാൻ എമിറേറ്റ്സിന്റെ ഒരു ഉദ്യോസ്ഥനും അവിടെ അപ്പോഴേക്കും എത്തിയിട്ടുണ്ടായിരുന്നു. ഞാനാകെ സ്തബ്ധനായിപ്പോയി, കാരണം എന്റെ കൈയിൽ ഇന്ത്യൻ സർക്കാർ അനുവദിച്ച റിസേർച്ച് വിസ ഉണ്ടായിരുന്നു. മാത്രവുമല്ല, എന്നെ തിരിച്ചയക്കുന്നതിനുള്ള കാരണമെന്താണെന്ന് ഇമിഗ്രേഷൻ സൂപ്പർവൈസറോടും ഉദ്യോഗസ്ഥരോടും ഞാൻ ചോദിച്ചപ്പോൾ, അവരതിന് ഒരു വിശദീകരണവും തരാൻ തയ്യാറായില്ല. ഇത് ഇന്ത്യൻ സർക്കാരിന്റെ തീരുമാനമാണെന്നും അതിനെക്കുറിച്ച് ചർച്ച ചെയ്യാനോ സംസാരിക്കാനോ കഴിയില്ലെന്നും ഒന്നുരണ്ട് പ്രാവശ്യം ആവർത്തിച്ചുപറഞ്ഞതല്ലാതെ, ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ എന്നോട് സംസാരിക്കാൻ പോലും തയ്യാറായില്ല. ഇതിൽ വിശദീകരണം ചോദിക്കാനോ അല്ലെങ്കിൽ അക്കാദമിക് മേഖലയിലെ എന്റെ പദവി വെച്ച് എനിക്കുവേണ്ടി വാദിക്കാനോ പറ്റുന്ന, കേരളത്തിലെയോ ഇന്ത്യയിലെയോ എന്റെ സുഹൃത്തുക്കളെ ബന്ധപ്പെടാനുള്ള അവസരം പോലും അവരെനിക്ക് തന്നില്ല. 30 വർഷത്തിലധികമായി ഇന്ത്യയെക്കുറിച്ച് ഗവേഷണം നടത്തുന്ന, അക്കാദമിക മേഖലയിൽ പ്രവർത്തിക്കുന്ന ഒരാളാണെന്ന് ഞാൻ പറഞ്ഞതിന് ശേഷവും, വളരെ മര്യാദകെട്ട, പ്രൊഫഷണൽ അല്ലാത്ത രീതിയിലാണ് ഇമിഗ്രേഷൻ ഉദ്രോഗസ്ഥർ എന്നോട് പെരുമാറിയത്. കൂടാതെ, ദുബായിലേക്കുള്ള ഫ്ളൈറ്റിലേക്ക് എന്നെ കൊണ്ടുപോകുന്നതിന് മുമ്പ്, രക്തസമ്മർദ്ദത്തിനായുള്ള മരുന്ന് കഴിക്കാനായി എന്റെ ബാഗുകൾ തരാനായി ആവശ്യപ്പെട്ടപ്പോൾ അവർ നൽകിയ മറുപടി, മിണ്ടാതിരുന്നില്ലെങ്കിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥർ ഇടപെടുമെന്നായിരുന്നു. എത്രയും പെട്ടെന്ന്, വളരെ രഹസ്യമായി തന്നെ എന്നെ ഒഴിവാക്കുക എന്നതായിരുന്നു അവരുടെ ആവശ്യം.

മറ്റെന്തെങ്കിലും സംസാരം ഉണ്ടാകുന്നതിന് മുന്നെ തന്നെ അവരെന്നെ ഒരു വിമാനത്തിലേക്ക് കയറ്റി, നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.
എന്തുകൊണ്ടാണ് എനിക്ക് പ്രവേശനം നിഷേധിക്കപ്പെട്ടതെന്നും തിരിച്ചയക്കപ്പെട്ടതെന്നും എനിക്കറിയില്ല. അതുകൊണ്ട് സാധ്യതയുള്ള കാരണങ്ങളെക്കുറിച്ച് ചിന്തിക്കുവാനേ എനിക്ക് കഴിയുകയുള്ളൂ. ഏപ്രിൽ 7ന് ഇന്ത്യയിൽ നിന്ന് തിരിച്ചുപോകാനായിരുന്നു എന്റെ പദ്ധതി. എന്റെ ഒരു വർഷത്തേക്കുള്ള മൾട്ടിപ്പ്ൾ എൻട്രി റിസേർച്ച് വിസയുടെ കാലാവധി കഴിയുന്നതിനും മുന്നെയാണ് അത്. തീർച്ചയായും ഈ സംഭവങ്ങൾ എന്റെ വിസയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ കാരണമല്ല. നടപടിക്രമങ്ങളെക്കുറിച്ച് അറിയാത്തവർക്കുവേണ്ടി പറയട്ടെ, ഇന്ത്യയിലേക്കുള്ള ഒരു റിസേർച്ച് വിസക്കായി അപേക്ഷിക്കുകയാണെങ്കിൽ, പൂർണ്ണമായ പ്രൊജക്ട് പ്രൊപ്പോസൽ മുതൽ ഗവേഷണത്തിന്റെ സ്വഭാവത്തെക്കുറിച്ചും അതിനുവേണ്ടി നടത്തുന്ന പ്രായോഗിക സജ്ജീകരണങ്ങളെക്കുറിച്ചും, ഇന്ത്യൻ സർവ്വകലാശാലകളിൽ നിന്നുള്ള അംഗീകാരവും പിന്തുണയും വെളിപ്പെടുത്തുന്ന കത്തുകളും അടങ്ങുന്ന രേഖകൾ സമർപ്പിക്കേണ്ടത് ആവശ്യമായുണ്ട്.

അപേക്ഷിക്കുന്നയാളുടെ പാസ്പോർട്ടിന്റെ കൂടെ ഈ രേഖകളും ഇന്ത്യയുടെ ഹൈ കമ്മീഷനിലേക്കോ അല്ലെങ്കിൽ കൗൺസുലേറ്റിലേക്കോ അയക്കുകയും, ഇതുമായി ബന്ധപ്പെട്ട ഇന്ത്യൻ സർക്കാരിന്റെ വകുപ്പുകൾ ഇതിൽ സൂക്ഷ്മപരിശോധനയും വിലയിരുത്തലകളും നടത്തുകയും ചെയ്യും. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഇന്ത്യൻ സർക്കാറിന്റെ നിയന്ത്രണങ്ങളും നയങ്ങളുമായി അപേക്ഷിച്ചയാളും അയാൾ നടത്താൻ ഉദ്ദേശിക്കുന്ന ഗവേഷണവും മുഴുവനായും ഒത്തുപോകുന്നുണ്ടെങ്കിൽ മാത്രമാണ് റിസേർച്ച് വിസകൾ അനുവദിക്കപ്പെടുന്നത്. ചുരുക്കിപ്പറഞ്ഞാൽ, എന്റെ പാസ്പോർട്ടിന്റെ കൂടെയുള്ള റിസേർച്ച് വിസ കണ്ടാൽ തന്നെ എന്റെ ഇന്ത്യാ സന്ദർശനം നിയമവിധേയമാണെന്നും ഇന്ത്യൻ സർക്കാരിന്റെ അനുമതിയോടുകൂടിയാണെന്നും ഏതൊരു ഇമിഗ്രേഷൻ ഉദ്യോഗസ്ഥനും ബോധ്യം വരേണ്ടതാണ്. മതിയായ കാരണങ്ങളില്ലാതെ എപ്പോൾ വേണമെങ്കിലും പിൻവലിക്കാമെന്നാണെങ്കിൽ, റിസേർച്ച് വിസകൾ അനുവദിക്കുന്നതിലെ സാംഗത്യമെന്താണ്?
ഇപ്പോൾ എന്റെ സന്ദർശനത്തിന് കാരണമായ, തെക്കൻ കേരളത്തിൽ ഞാൻ നടത്തുന്ന ഗവേഷണം ഒരു വിവാദമാകാനുള്ള സാധ്യത മുന്നിൽകണ്ടതിനാലുമല്ല ഇന്ത്യൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇന്ന് (വ്യാഴാഴ്ച) രാവിലെ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും എനിക്ക് ഉറപ്പാണ്. ഇന്ത്യൻ സർക്കാരിന്റെ അനുമതിയോടുകൂടിയ ഒരു ഗവേഷണമാണിത് എന്ന് മാത്രമല്ല, നിരവധി ഇന്ത്യൻ സർവ്വകലാശാലകളിലെയും സർക്കാർ ഏജൻസികളിലെയും ശാസ്ത്രജ്ഞരുമായി (ശാസ്ത്ര മേഖലയിലേയും, സാമൂഹിക ശാസ്ത്ര മേഖലയിലെയും) സഹകരിച്ചുകൊണ്ടുള്ള ഒന്നുകൂടിയാണ് ഇത്. ഇക്കണോമിക് ആന്റ് സോഷ്യൽ റിസേർച്ച് കൗൺസിൽ (യുകെ)യുടെ ഫണ്ടോടുകൂടി തെക്കൻ ഇന്ത്യയിലെ ചെറുകിട മീൻപിടുത്തക്കാരുടെ കടലിലെ സുരക്ഷ മെച്ചപ്പെടുത്തിക്കൊണ്ട്, അവരുടെ ഉപജീവനം കൂടുതൽ സുരക്ഷിതവും സുസ്ഥിരവുമാക്കുന്നതിനായുള്ള കാര്യക്ഷമമായ മാർഗ്ഗങ്ങൾ കണ്ടെത്തുകയെന്നതാണ് ഈ മൾട്ടി ഡിസിപ്ലിനറി ഗവേഷണത്തിന്റെ ലക്ഷ്യം.

കേരളത്തിന്റെ ദിവസേനയുള്ള ആഹാരക്രമത്തിലും സമ്പദ്ഘടനയിലും വളരെ പ്രധാനപ്പെട്ട പങ്കാണ് ചെറുകിട മത്സ്യത്തൊഴിലാളികൾ വഹിക്കുന്നതെങ്കിലും സംസ്ഥാനത്തെ ഏറ്റവുമധികം അപകടകരമായ തൊഴിൽമേഖലകളിലൊന്നാണ് ഇത്. കടലിലുണ്ടാകുന്ന അപകടത്തെ തുടർന്ന് 2015നും 2021നും ഇടയിൽ ഓരോ 6 ദിവസവും ഒരു മത്സ്യത്തൊഴിലാളി വീതം മരണപ്പെട്ടിട്ടുണ്ടെന്നാണ് അവരുടെ കുടുംബങ്ങൾക്ക് നൽകിയിട്ടുള്ള ഇൻഷുറൻസ് തുകകളുടെ അടിസ്ഥാനത്തിലുള്ള കണക്കുകൾ നോക്കിയാൽ മനസ്സിലാക്കാൻ കഴിയുക.

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് കാലാവസ്ഥ കൂടുതൽ പ്രവചനാതീതമായതും അപകടകരമായതിന്റെയും പശ്ചാത്തലത്തിൽ, ചെറുകിട മത്സ്യത്തൊഴിലാളികളുടെ സുരക്ഷ വർദ്ധിപ്പിക്കാനും അവരുടെ ഉപജീവനം പൂർവ്വസ്ഥിതിയിലേക്ക് കൊണ്ടുവരാനുമായി, പ്രാദേശികാടിസ്ഥാനത്തിൽ തീരദേശങ്ങളിലെ കാലാവസ്ഥാ പ്രവചനം യഥാസമയത്തും കൃത്യതയോടെയും നടപ്പിലാക്കുന്നതിനായി രണ്ട് വർഷത്തോളമായി ഞങ്ങൾ പുതിയ ഉപകരണങ്ങൾ കണ്ടെത്തുകയും പരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഉപകരണങ്ങളുടെ പ്രയോജനവും പ്രായോഗികതയും മീൻപിടുത്തക്കാരുമായി തുടർച്ചയായി നടത്തിയ ചർച്ചകളിലൂടെയാണ് ഉറപ്പാക്കിയത്. കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങളും ഗ്രാഫിക്സുകളും വിവരിക്കാനുള്ള പരിശീലനം അവർക്ക് ഞങ്ങൾ നൽകിയിരുന്നു. ഗവേഷണത്തിന്റെ പ്രാഥമിക കണ്ടെത്തലുകൾ ഇന്ത്യൻ ശാസ്ത്രജ്ഞരുമായി ചേർന്ന്, ജേർണൽ ഓഫ് ദി അമേരിക്കൻ മെറ്റീയിറോളജിക്കൽ സൊസൈറ്റി അടക്കമുള്ള അന്താരാഷ്ട്ര ജേർണലുകളിൽ പ്രസിദ്ധീകരിച്ചു കഴിഞ്ഞതാണ്. എല്ലാ വിവരങ്ങളും അതിനെക്കുറിച്ചുള്ള വിലയിരുത്തലുകളും ഫലങ്ങളും കേരള സർക്കാരിനും, തീരദേശ സമൂഹത്തിനും, ബന്ധപ്പെട്ട സർക്കാർ- സർക്കാരേതര സ്ഥാപനങ്ങൾക്കും ഞങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ഇത് രാഷ്ട്രീയ വിവാദത്തിനുള്ള വിഷയമേയല്ല, മറിച്ച്, കേരളത്തിലെ തീരദേശ സമൂഹത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായുള്ള, ശക്തമായ അടിസ്ഥാനത്തിലുള്ള ഒരു ശാസ്ത്രീയ പഠനമാണ്. അതുപോലെതന്നെ, കേരളത്തിലെ ഈഴവ, മുസ്ലീം സമുദായങ്ങളുടെ പുരോഗതിക്ക് കാരണമായ സാമൂഹിക നവോത്ഥാന പ്രസ്ഥാനത്തെക്കുറിച്ച് ഞാൻ വർഷങ്ങളോളം നടത്തിയ പഠനത്തിന്റെ ഫലമാണ് ഇപ്പോഴെനിക്കുണ്ടായ മോശപ്പെട്ട അനുഭവമെന്ന് കരുതാനും ഞാൻ തയ്യാറല്ല. ജെൻഡറും മാസ്‌കുലിനിറ്റിയും മുതൽ മലയാള ഭക്ഷണവിഭവങ്ങളും ഫാഷനുകളും, സിനിമാ താരങ്ങളും അവരുടെ ഫാൻ ക്ലബുകളും അടക്കം (ഞാനിപ്പോഴും മമ്മൂട്ടിയുടെ വലിയൊരു ആരാധകനാണെന്ന് തുറന്നുപറയേണ്ടിയിരിക്കുന്നു) കേരളത്തിലെ ജീവിതവും സംസ്‌കാരവുമായി ബന്ധപ്പെട്ട മറ്റ് മേഖലകളെക്കുറിച്ചും ഞാൻ ഗവേഷണത്തിന്റെ ഭാഗമായി അന്വേഷണങ്ങൾ നടത്തിയിട്ടുണ്ട്.

അതുകൊണ്ട് തന്നെ എന്നെ തിരിച്ചയക്കാനുള്ള കാരണം, എന്റെ കൈയ്യിൽ ഒന്നുരണ്ട്, പഴയ പാകിസ്ഥാൻ വിസകൾ ഉണ്ടെന്നത് പോലെയുള്ളതാകാമെന്നാണ് ഞാൻ കരുതുന്നത്. സാധാരണഗതിയിൽ ഞാനെന്റെ പാസ്പോർട്ട് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരെ കാണിക്കുമ്പോൾ അവരതിനെ ആശ്ചര്യത്തോടെയാണ് നോക്കാറുള്ളത്, പക്ഷേ ഇതുവരെ ഇന്ത്യയുടെ അതിർത്തി കടക്കുന്നത് തടയുന്ന ഒന്നായി അത് മാറിയിരുന്നില്ല. ഞാൻ ദക്ഷിണേഷ്യൻ മേഖലയെക്കുറിച്ച് പ്രത്യേകമായി ഗവേഷണം നടത്തുന്ന ഒരാളാണ്. യുകെയിലെ സസ്സക്സ് സർവ്വകലാശാലയിൽ ആന്ത്രോപ്പോളജി, സൗത്ത് ഏഷ്യൻ സ്റ്റഡീസ് എന്നീ വിഷയങ്ങളിലെ പ്രൊഫസറാണ്. മാത്രവുമല്ല, തെക്കൻ ഇന്ത്യയിൽ വർഷങ്ങളോളം പ്രവർത്തിക്കുന്ന സമയത്ത് ശ്രീലങ്കയിലും പാകിസ്ഥാനിലും ചില ഗവേഷണങ്ങൾ നടത്തുകയും കോൺഫറൻസുകളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ശ്രീലങ്കയുടെ നഗരങ്ങളിൽ നടക്കുന്ന ചാരിറ്റികളെക്കുറിച്ചും ഗ്രാമീണ പാകിസ്ഥാനിലെ വിദ്യാഭ്യാസ അവസരങ്ങളെക്കുറിച്ചും ഞാൻ നടത്തിയ ഗവേഷണങ്ങൾക്ക് ദി ഇക്കണോമിക് ആന്റ് റിസേർച്ച് കൗൺസിൽ (യുകെ)യും ബ്രിട്ടീഷ് കൗൺസിലുമാണ് യഥാക്രമം ഫണ്ട് നൽകിയത്. പാകിസ്ഥാനിലേക്ക് ഗവേഷണാവശ്യങ്ങൾക്കായി ഞാൻ നടത്താറുള്ള ചെറിയ യാത്രകളെ ഇന്ത്യൻ അധികാരികളിൽ നിന്നും ഒളിച്ചുവെക്കാൻ ഞാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. അക്കാദമിക സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നതിന്റെ കൂടെ ഞാൻ അക്കാദമിക സത്യസന്ധതയിലും സുതാര്യതയിലും വിശ്വസിക്കുന്നു. അതിനാൽ ഓരോ തവണ ഞാൻ ഇന്ത്യയിലേക്കുള്ള റിസേർച്ച് വിസക്കായി അപേക്ഷിക്കുമ്പോഴും, പാകിസ്ഥാനിലേക്കും മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കും ഞാൻ നടത്തിയ സന്ദർശനത്തെക്കുറിച്ചും പറയാറുണ്ടായിരുന്നു (എന്റെ പാസ്പോർട്ടിൽ പാകിസ്ഥാൻ വിസയുടെ സീൽ ഉണ്ടെങ്കിലും എനിക്ക് ഇന്ത്യയിലേക്ക് എല്ലായ്പ്പോഴും വിസ ലഭിക്കാറുണ്ടായിരുന്നു!). പാകിസ്ഥാൻ വിസയെക്കുറിച്ചുള്ള ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ ചോദങ്ങൾക്ക് ഞാൻ വളരെ ലളിതമായ സത്യം അവരോട് പറയാറുമുണ്ടായിരുന്നു, ഞാൻ അക്കാദമിക് മേഖലയിൽ പ്രവർത്തിക്കുന്ന ആളാണെന്നും, പാകിസ്ഥാനിലേക്ക് പോയത് ഗവേഷണത്തിന്റെ ആവശ്യങ്ങൾക്കാണെന്നും. അങ്ങേയറ്റം മുൻവിധിയോടെയും പുച്ഛത്തോടെയും മറ്റുള്ളവരെ കാണുന്നവർക്ക് മാത്രമേ ഇത് സത്യമല്ലെന്ന് തോന്നുകയുള്ളൂ. ദക്ഷിണേഷ്യൻ വിഷയങ്ങളിൽ ഗവേഷണം നടത്തുവർ വളരെ വിശാലമായ മേഖലയിലുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവരാണ്, എന്നാൽ അതേസമയം വളരെ ദൃഢമായ ബന്ധങ്ങളുള്ള ഒരു അക്കാദമിക മേഖലയുമാണ്. ഞങ്ങൾക്ക് പരസ്പരം വളരെ നന്നായറിയാം, വളരെ വിപുലമായ രീതിയിൽ പരസ്പരം ഞങ്ങൾ സഹകരിക്കാറുണ്ട്, ഞങ്ങൾ തമ്മിൽ വാദിച്ചേക്കാം, പരസ്പരം വിയോജിപ്പുകളുണ്ടായേക്കാം, എന്നാൽ വളരെ ആഴത്തിൽ ഓരോരുത്തരും പരസ്പരം ബഹുമാനിക്കുന്നുണ്ട്. അതേസമയം, ലോകത്താകെയുള്ള അക്കാദമിക് വിഭാഗങ്ങളിലും ഏതെങ്കിലും അന്താരാഷ്ട്ര കോൺഫറൻസുകളിലും ദക്ഷിണേഷ്യൻ അക്കാദമിക്കുകൾ വിദ്യാർത്ഥികളും, അവരുടെ ദേശീയത മാറ്റിവെച്ച് ഒരുമിച്ച് നിന്നാണ് പ്രവർത്തിക്കുന്നത്. ഒരു ആന്ത്രോപോളജിസ്റ്റ് എന്ന നിലയിലുള്ള എന്റെ അക്കാദമിക ജീവിതത്തിൽ, ദക്ഷിണേഷ്യയിൽ എല്ലായിടത്തുനിന്നുമായി 40ലധികം വിദ്യാർത്ഥികളുടെ ഗവേഷണ വിഷയങ്ങളെ ഞാൻ വിലയിരുത്തുകയും മേൽനോട്ടം വഹിക്കുകയും ചെയ്തിട്ടുണ്ട്. അവരുടെ അറിവും വിമർശനാത്മക കഴിവുകളും വളർത്താൻ എന്റെ പരമാവധി ശ്രമിക്കുന്നതിന് ഒപ്പം തന്നെ അക്കാദമിക കാർക്കശ്യവും പരസ്പരധാരണയും സഹിഷ്ണുതയും പരിപോഷിക്കാൻ എനിക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. വ്യത്യസ്ത സമുദായങ്ങളിൽപ്പെടുന്നവർ തമ്മിൽ പരസ്പരം ആഴത്തിൽ അറിയുന്ന കേരളം പോലൊരു സംസ്ഥാനം, വർഗ്ഗീയമായ കലഹത്തിനും അക്രമങ്ങൾക്കും വലിയ രീതിയിൽ പ്രതിരോധം തീർത്ത പ്രദേശമായി തുടരുകയാണ്.

എന്നെ തിരിച്ചയച്ചുകൊണ്ടുള്ള ഓർഡർ കൈയ്യിൽ കിട്ടുമ്പോൾ ഞാൻ അങ്ങേയറ്റം സ്തബ്ധനും ദുഃഖിതനുമായിരുന്നു. അത് ഇന്ത്യയിൽ ഭാവിയിൽ നടത്താനിരിക്കുന്ന ഗവേഷണത്തിന് തടസ്സമാകുമെന്നതിനാലല്ല, വർഷങ്ങളായി കേരളം എന്റെ രണ്ടാം വീട് ആയി മാറിയതിനാലാണ്. ഞാൻ വളരെ ആഴത്തിൽ സ്നേഹിക്കുന്ന ഒരു സംസ്‌കാരമുള്ള, എനിക്ക് വളരെയധികം സുഹൃത്തുക്കളുള്ള ഒരു നാടാണ് ഇത്. ഇന്ത്യയിലെ തന്നെ ഏറ്റവും ചലനാത്മകവും സംസ്‌കാരസമ്പന്നവുമായ സംസ്ഥാനങ്ങളിൽ ഒന്നായ കേരളത്തിന്റെ വളരെ ദ്രുതഗതിയിലുള്ള മാറ്റങ്ങൾ മനസ്സിലാക്കാനുള്ള ഉത്സാഹം എനിക്കെന്നുമുണ്ടായിരുന്നു. സംസ്ഥാനത്തിന്റെ സാമൂഹികമായ സങ്കീർണതകളെക്കുറിച്ച് കരുതലും ബഹുമാനവുമുള്ള ഒരാളാണ് ഞാൻ.

പലപ്പോഴും വലിയ പ്രതിസന്ധികൾക്കെതിരെയും പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ചും മലയാളികളുടെ ജീവിതവും അഭിലാഷങ്ങളും മെച്ചപ്പെടുത്താൻ വേണ്ടി തുടർച്ചയായി വന്ന സർക്കാരുകൾ കൈക്കൊണ്ട പരിശ്രമങ്ങളെയും ഞാൻ ആരാധനയോടെയാണ് കാണുന്നത്. എന്നെ തിരിച്ചയച്ചുകൊണ്ടുള്ള നടപടി കേന്ദ്ര സർക്കാരിന്റെ തീരുമാന പ്രകാരമാണെന്നും കേരള സർക്കാരിന്റേതല്ലെന്നുമുള്ളത് അറിഞ്ഞപ്പോൾ എനിക്ക് വളരെ ആശ്വാസം തോന്നി. സംസ്ഥാനത്ത് 30 വർഷങ്ങളായി നടത്തുന്ന ഗവേഷണത്തിന്റെ ഭാഗമായി ഞാൻ നിരവധി രാഷ്ട്രീയ പ്രവർത്തകരുമായും ഉദ്യോഗസ്ഥരുമായും സാമൂഹിക പ്രവർത്തകരുമായും ഇടപഴകിയിട്ടുണ്ട്. അവരെല്ലാം എന്നെ വളരെയധികം ബഹുമാനത്തോടെയും മഹാമനസ്‌കതയോടെയും കാണുന്നവരും, സംസ്ഥാനത്തിന്റെ നിത്യജീവിതവുമായി ബന്ധപ്പെട്ട സങ്കീർണ്ണതകളെ മനസ്സിലാക്കാനുള്ള എന്റെ ആത്മാർത്ഥമായ പരിശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തവരായിരുന്നു. ലണ്ടനിൽ തിരിച്ചെത്തി എന്റെ ഫോൺ ഓൺ ചെയ്തപ്പോൾ എന്നെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് നൂറുകണക്കിന് മെയിലുകളും മെസ്സേജുകളുമാണ് ലോകത്താകെയുള്ള മലയാളികളിൽ നിന്നും, ഇന്ത്യക്കാരായവരും അല്ലാത്തവരുമായ സഹപ്രവർത്തകരിൽ നിന്നും എനിക്ക് കിട്ടിയത്. എന്നെ തിരിച്ചയച്ചുവെന്നതിലുള്ള അവരുടെ അവിശ്വസാവും ദുഃഖവും, അതിന്റെ കൂടെ അവരുടെ സ്നേഹപൂർണ്ണമായ വാക്കുകളിലൂടെയുള്ള പിന്തുണയും എന്നെ കരച്ചിലിന്റെ വക്കിലെത്തിച്ചിരുന്നു. എന്റെ ഹൃദയത്തിന്റെ ഏറ്റവും അടിത്തട്ടിൽ നിന്ന് ഞാൻ അവർക്ക് നന്ദി പറയുകയാണ്. അതുപോലെതന്നെ സംഭവം വളരെ പെട്ടെന്നുതന്നെ റിപ്പോർട്ട് ചെയ്യാൻ തയ്യാറായ ഇന്ത്യൻ വാർത്താമാദ്ധ്യമങ്ങളോടും ഞാൻ എന്റെ നന്ദി രേഖപ്പെടുത്തുകയാണ്.

കേരളത്തിലേക്കുള്ള എന്റെ അവസാനത്തെ സന്ദർശനമല്ല ഇതെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ ശാസ്ത്രജ്ഞരും സർവ്വകലാശാലകളും അവരുടെ ഗവേഷണ പരിശ്രമങ്ങൾക്ക് അന്താരാഷ്ട്ര തലത്തിലുള്ള സഹകരണങ്ങൾക്കായി പരിശ്രമിക്കുമ്പോൾ എനിക്കുണ്ടായതുപോലുള്ള അനുഭവങ്ങൾ അവർക്കുണ്ടാകില്ലെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ധാർഷ്ട്യമുള്ളതും വെറുപ്പുളവാക്കുന്നതുമായ, വെറും ഭ്രാന്തമായ ബ്യൂറോക്രാറ്റിക് ബുദ്ധിശൂന്യതയ്ക്കാണ് ഞാൻ വിധേയമായതെന്നും, അത് ശാസ്ത്രീയമായ അറിവിനായുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്താൻ അനുവദിക്കരുതെന്നുമെന്നാണ് ഞാൻ കരുതുന്നത്. എന്നിരുന്നാലും, അടുത്ത വർഷങ്ങളിലായി അക്കാദമികമായ സ്വാതന്ത്ര്യം ഗുരുതരമായ രീതിയിൽ നിയന്ത്രിക്കപ്പെടുകയും, സെൻസർഷിപ്പും അച്ചടക്ക നടപടികളുമുൾപ്പെടെയുള്ളത് നേരിടേണ്ടിവരികയും ചെയ്യുന്ന പല ഇന്ത്യൻ സഹപ്രവർത്തകരുടെയും ദുരനുഭവങ്ങളുടെ ഏഴയലത്തുപോലും വരില്ല ഞാൻ നേരിടേണ്ടിവന്ന നിർഭാഗ്യകരമായ സംഭവം. എന്റെ ചിന്തകളും ഐക്യദാർഢ്യവും അവരോടൊപ്പമാണ്! സ്വന്തം ജീവിത സാധ്യതകൾ മെച്ചപ്പെടുത്താനുള്ള പരിശ്രമങ്ങൾക്കിടയിൽ, കുടിയേറിയ രാജ്യങ്ങളിൽ നിന്നും ഇമിഗ്രേഷൻ നിയമങ്ങൾ ലംഘിച്ചുവെന്ന തെറ്റായതോ കെട്ടിച്ചമച്ചതോ ആയ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ തിരിച്ചയക്കപ്പെടുന്ന അസംഖ്യം മലയാളികളുടെ അനുഭവങ്ങളുമായും എന്റെ തിരിച്ചയക്കലിനെ താരതമ്യപ്പെടുത്താൻ കഴിയില്ല. അവരുടെ ധീരതയ്ക്കും സംയമനത്തിനും മുന്നിൽ ഞാൻ സല്യൂട്ട് ചെയ്യുന്നു.

വിവർത്തനം: നീതു ദാസ്

Comments