താര പ്രചാരകരെ നിയന്ത്രിക്കൂ, ബി.ജെ.പിയോടും കോൺഗ്രസിനോടും ഇലക്ഷൻ കമീഷൻ

Election Desk

  • ലക്ഷൻ കാമ്പയിനിൽ വർഗീയ പരാമർശം പാടില്ലെന്ന് ബി.ജെ.പി സ്റ്റാർ കാമ്പയിനർമാർക്ക് നിർദേശം നൽകണമെന്ന് ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഢയോട് ഇലക്ഷൻ കമീഷൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് പരാമർശിക്കാതെയാണ് കമീഷൻ നോട്ടീസ്.

  • ഭരണഘടനക്ക് അന്ത്യമായേക്കാം എന്ന തരത്തിലുള്ള പരാമർശങ്ങൾ പാടില്ലെന്ന് കോൺഗ്രസിന്റെ താരപ്രചാരകർക്കും നിർദേശം നൽകണമെന്ന് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേയോട് കമീഷൻ.

  • അധികാരത്തിലിരിക്കുന്ന പാർട്ടി എന്ന നിലയിൽ ഇക്കാര്യത്തിൽ ബി ജെ പിക്ക് കൂടുതൽ ഉത്തരവാദിത്തമുണ്ടെന്നും പരിധിയില്ലാത്ത സ്വാതന്ത്ര്യം പ്രതിപക്ഷത്തിനില്ല എന്നും കമീഷൻ.

  • പ്രധാനമന്ത്രി നരേന്ദ്ര മോദി കാമ്പയിനിൽ തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന വർഗീയ- വിദ്വേഷ പരാമർശങ്ങൾക്കെതിരെ ഇലക്ഷൻ കമീഷനിൽ പരാതിയുണ്ടായിരുന്നു. രാഹുൽ ഗാന്ധിക്കെതിരെയും പരാതിയുണ്ടായിരുന്നു. ഈ പരാതികളിൽ ഇലക്ഷൻ കമീഷൻ ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും അധ്യക്ഷന്മാർക്ക് നോട്ടീസ് അയച്ചിരുന്നു.

  • ഇരു പാർട്ടികളും, അവരുടെ നേതാക്കൾ നടത്തിയ പരാമർശങ്ങളെ ന്യായീകരിച്ചാണ് മറുപടി നൽകിയത്. ഈ മറുപടിക്കുള്ള കത്തിലാണ് കമീഷൻ, ഇത്തരം പരാമർശങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ നിർദേശം നൽകിയത്.

  • ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഢക്കുള്ള മറുപടിയിൽ കമീഷൻ പറഞ്ഞു: 'താങ്കളുടെ പാർട്ടിയുടെ എല്ലാ സ്റ്റാർ കാമ്പയിനർമാർക്കും, സമൂഹത്തെ വിഭജിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തരുതെന്ന് പാർട്ടി അധ്യക്ഷനെന്ന നിലയ്ക്ക് നിർദേശം നൽകണം'.

  • ഇന്ത്യൻ ഭരണഘടന ഇല്ലാതാകാൻ പോകുന്നുവെന്ന തരത്തിലുള്ള പരാമർശങ്ങൾ ഒഴിവാക്കാൻ കോൺഗ്രസിന്റെ സ്റ്റാർ കാമ്പയിനർമാർക്ക് നിർദേശം നൽകണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേക്കും കമീഷൻ നിർദേശം നൽകിയിരുന്നു.

  • ഏപ്രിൽ 25ന് കമീഷൻ നോട്ടീസ് നൽകിയ ശേഷവും ബി.ജെ.പിയുടെ സ്റ്റാർ കാമ്പയിനർമാർ കാമ്പയിനുകളിൽ ഇലക്ഷൻ പെരുമാറ്റചട്ടം ലംഘിക്കുന്ന തരത്തിൽ പ്രസംഗിക്കുന്നതായി കമീഷൻ നഡ്ഢക്കുള്ള കത്തിൽ പറയുന്നു.

Comments