1997 ലെ കസ്റ്റഡി മർദനക്കേസിൽ മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി. സഞ്ജീവ് ഭട്ട് പോർബന്തർ എസ്.പി ആയിരിക്കുമ്പോഴുള്ള കേസിലാണ് കോടതി വിധി ഉണ്ടായിരിക്കുന്നത്. 27 വർഷത്തോളമായി തുടരുന്ന നിയമ പോരാട്ടത്തിനൊടുവിലാണ് കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ഗുജറാത്ത് പോർബന്തർ കോടതി കണ്ടെത്തിയത്. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മുകേഷ് പാണ്ഡ്യയാണ് വിധി പ്രസ്ഥാവിച്ചത്.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരെ മൊഴി നൽകിയ ഐ.പി.എസുകാരനാണ് സഞ്ജീവ് ഭട്ട്. അത് കൊണ്ട് തന്നെ ബി.ജെ.പിയുടെ കണ്ണിലെ കരട് തന്നെയായിരുന്നു അദ്ദേഹം. 2009 മുതൽ ബി.ജെ.പി ഭട്ടിന്റെ പിന്നാലെയുണ്ടാരുന്നു. അതിന്റെ തുടർച്ചയായിട്ടാണ് അദ്ദേഹത്തിനെതിരെയുള്ള പ്രതികാര നടപടികളുടെ തുടക്കം.1990 ലെ കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ടാണ് ഭട്ടിനെതിരെയുള്ള ആദ്യ പ്രതികാര നടപടി ആരംഭിക്കുന്നത്. എൽ.കെ അധ്വാനിയുടെ രഥയാത്ര തടഞ്ഞതിനെ തുടർന്ന് ഗുജറാത്തിലെ ജാംനഗർ ജില്ലയിലുണ്ടായ കലാപത്തിൽ 150 ഓളം പേരെ ഭട്ടിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. അവരിലൊരാളായ പ്രഭുദാസ് വൈഷ്ണാനി പുറത്തിറങ്ങി ദിവസങ്ങൾക്കു ശേഷം കിഡ്‌നിരോഗബാധയെ തുടർന്ന് മരിച്ചു. ഈ സംഭവത്തെ കസ്റ്റഡി മരണമെന്ന നിലയിലേക്ക് മോദി ഭരണകൂടം എത്തിക്കുകയായിരുന്നു. 2019 ജൂണിലാണ് സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം ശിക്ഷിച്ചു കൊണ്ടുള്ള വിധി വരുന്നത്.
പിന്നീട് 1996 ൽ രാജസ്ഥാനിലെ അഭിഭാഷകന്റെ വാഹനത്തിൽ ലഹരിവെച്ച് കേസ് കെട്ടിച്ചമച്ചുവെന്ന ആരോപണത്തിൽ സഞ്ജീവ് ഭട്ടിനെതിരെ കേസെടുക്കുകയും 20 വർഷം തടവിനു ശിക്ഷിക്കുകയും ചെയ്തിരുന്നു. നിലവിൽ രാജ്കോട്ട് ജയിലിൽ ശിക്ഷ അനുഭവിച്ചുവരികയാണ് ഭട്ട്.