ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷയെ (PT Usha) രൂക്ഷമായി വിമർശിച്ച് മുൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് (Vinesh Phogat). പാരീസ് ഒളിമ്പിക്സിൽ നിന്ന് ഭാരപരിശോധനയെ തുടർന്ന് അയോഗ്യയാക്കപ്പെട്ട തനിക്ക് ഒരു പിന്തുണയും പി.ടി. ഉഷയിൽ നിന്ന് ലഭിച്ചില്ലെന്നും തന്റെ സമ്മതമില്ലാതെ ആശുപത്രി കിടക്കയിൽ നിന്ന് ഫോട്ടോ എടുക്കുക മാത്രമാണ് അവർ ചെയ്തതെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു. വിഷയം രാഷ്ട്രീയവൽക്കരിക്കുക മാത്രമാണ് അവർ ചെയ്തതെന്നും വിനേഷ് കൂട്ടിച്ചേർത്തു. ഒരു പ്രാദേശിക വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിനേഷ് ഉഷക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചത്:
“എനിക്ക് ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷയിൽ നിന്ന് ഒരു പിന്തുണയും ലഭിച്ചില്ല. അവരെന്നെ ആശുപത്രിയിലെത്തി കണ്ടിരുന്നു. ഒരു ഫോട്ടോയെടുത്തു. നിങ്ങൾ പറഞ്ഞതുപോലെ രാഷ്ട്രീയത്തിൽ പലതും നടക്കുന്നത് അടഞ്ഞ വാതിലുകൾക്ക് പിന്നിലാണ്. അതുപോലെ പാരീസിലും ചില കള്ളക്കളികൾ നടന്നു. ഗുസ്തി അവസാനിപ്പിക്കരുതെന്ന് പലരും എന്നോട് പറഞ്ഞിരുന്നു. എന്നാൽ ഞാൻ എന്തിനുവേണ്ടിയാണ് ഇനിയും തുടരുന്നത്? എല്ലായിടത്തും രാഷ്ട്രീയമുണ്ട്.” വിനേഷ് പറഞ്ഞു.
പി.ടി ഉഷ സമൂഹമാധ്യമത്തിൽ തനിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതിനെയും വിനേഷ് വിമർശിച്ചു. പിന്തുണ പ്രകടിപ്പിക്കാനുള്ള ശരിയായ മാർഗം അതല്ലെന്നും പി.ടി ഉഷയുടേത് വെറും ഷോ മാത്രമാണെന്നും അവർ പറഞ്ഞു: “നിങ്ങൾ ആശുപത്രി കിടക്കയിലാണ്. പുറത്ത് എന്താണ് നടക്കുന്നതെന്ന് ആ സമയത്ത് അറിയാൻ കഴിയില്ല. ജീവിത്തിലെ മോശം ഘട്ടത്തിലൂടെയായിരിക്കും കടന്നുപോകുന്നത്. എന്നോടൊപ്പമാണെന്ന് എല്ലാവരെയും കാണിക്കാൻ വേണ്ടി, ഒരു ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് വെറും ഷോ മാത്രമാണ്. എന്നോട് പറയാതെ ആ ചിത്രമെടുത്തത് ശരിയായില്ല. എന്നെ പിന്തുണക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിക്കാൻ നടത്തിയ അഭിനയമാണത്,” വിനേഷ് കൂട്ടിച്ചേർത്തു.
‘‘എന്നോടൊപ്പമാണെന്ന് എല്ലാവരെയും കാണിക്കാൻ പി.ടി. ഉഷ, ഒരു ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് വെറും ഷോ മാത്രമാണ്. എന്നോട് പറയാതെ ആ ചിത്രമെടുത്തത് ശരിയായില്ല. എന്നെ പിന്തുണക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിക്കാൻ നടത്തിയ അഭിനയമാണത്,” വിനേഷ് ഫോഗട്ട്.
ഒളിമ്പിക്സിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരമായിരുന്നു വിനേഷ് ഫോഗട്ട്. ഭാരപരിശോധനയിൽ 100 ഗ്രാം അധികം കണ്ടെത്തിയതിന് പിന്നാലെ താരത്തെ 50 കിലോഗ്രാം കാറ്റഗറിയിൽ നിന്നും അയോഗ്യയാക്കുകയായിരുന്നു. ഉക്രൈനിന്റെ ഒക്സാന ലിവാച്ചിനെ 7-5 എന്ന സ്കോറിനും, റൗണ്ട് ഓഫ് 16-ൽ ജപ്പാന്റെ ലോക ഒന്നാം നമ്പർ താരമായ ജപ്പാന്റെ യുയി സുസാസ്കിയേയും വിനേഷ് പരാജയപ്പെടുത്തിയിരുന്നു. വിനേഷിന്റെ അയോഗ്യതക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന ആരോപണം നേരത്തെ ശക്തമായിരുന്നു. താരത്തിന് സ്വർണമെഡൽ ലഭിച്ചിരുന്നുവെങ്കിൽ അത് ചരിത്രനേട്ടമായി മാറിയേനെ.
ഗുസ്തി, ഭാരോദ്വഹനം, ബോക്‌സിങ്, ജൂഡോ തുടങ്ങിയ ഇനങ്ങളില്‍ അത്‌ലറ്റുകളുടെ ശരീരഭാരം നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം അതാത് അത്‌ലറ്റുകള്‍ക്കും അവരുടെ പരിശീലകരുടേതുമാണെന്ന് പി.ടി. ഉഷ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതിനെതുടര്‍ന്ന് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ നിയോഗിച്ച മെഡിക്കല്‍ ടീമിനെതിരെ പ്രതിഷേധം ശക്തമായപ്പോഴായിരുന്നു ഉഷയുടെ പ്രതികരണം. വിനേഷ് ഫോഗട്ടിന്റെ കേസില്‍ ഐ.ഒ.എയുടെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിന്‍ഷോ പര്‍ദിവാല അനാസ്ഥ കാട്ടിയെന്നായിരുന്നു ആരോപണം.
മുൻ ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരെ ഗുസ്തി താരങ്ങൾ തെരുവിൽ നടത്തിയ പോരാട്ടങ്ങളിൽ മുന്നിലുണ്ടായിരുന്ന വ്യക്തിയാണ് വിനേഷ്. ഈ സമരങ്ങളിലൂടെ വിനേഷ് ബി.ജെ.പിയുടെ ശത്രുപക്ഷത്തായിരുന്നു.
പാരിസ് ഒളിമ്പിക്സിലെ രാഷ്ട്രീയ വിവാദങ്ങൾക്ക് ശേഷം ഗുസ്തി പൂർണമായി അവസാനിപ്പിച്ച വിനേഷ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ്. കോൺഗ്രസിൽ അംഗത്വമെടുത്ത അവർ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി ജുലാന മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നു.