കോടതിക്കു പുറത്ത് നടക്കേണ്ട
​രാഷ്ട്രീയ സമരങ്ങൾ

ഭരണഘടനാ കോടതിക്കുമേലുള്ള ഭരണകൂട കൈയേറ്റം

ഭരണഘടനാകോടതിയും കേന്ദ്ര സർക്കാരും തമ്മിൽ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ നടന്ന ഏറ്റവും ഗൗരവമേറിയ തർക്കങ്ങളിലൊന്നാണ് ഇപ്പോൾ നടക്കുന്നത്. ഭരണഘടനാ കോടതികളെ പൂർണമായും പിടിച്ചെടുക്കുന്നതോടെ സ്വാതന്ത്ര്യസമരത്തിനുശേഷം രൂപംകൊണ്ട ഇന്ത്യ എന്ന രാഷ്ട്രീയ നിർമിതിയുടെ ആരൂഢങ്ങളിലൊന്ന് തകരുകയാണ്.

നാധിപത്യ ഭരണഘടനാ റിപ്പബ്ലിക് ആയി ഇന്ത്യയെ നിലനിർത്തുന്നതിന് അതിന്റെ വിവിധ ഭരണഘടനാസ്ഥാപനങ്ങൾ തമ്മിലുള്ള പരസ്പര പരിശോധനയും കൊടുക്കൽ വാങ്ങലുകളും നിർണായകമാണ്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ തുടർച്ചയായി രൂപം കൊണ്ട ഭരണഘടനാ നിർമാണസഭയിലെ അതിദീർഘമായ സംവാദങ്ങൾക്കും കൂടിയാലോചനകൾക്കും ശേഷം ഇന്ത്യൻ ഭരണഘടനയുടെ അന്തിമരൂപം അംഗീകരിക്കുകയും ഇന്ത്യ എന്ന റിപ്പബ്ലിക് നിലവിൽ വരികയും ചെയ്തതോടെ തുടർന്നുള്ള ഭരണഘടനാവ്യാഖ്യാനങ്ങളുടെ ചുമതല ഭരണഘടനാ കോടതിയിൽ നിക്ഷിപ്തമായി. നിയമനിർമാണത്തിനുള്ള അധികാരം ജനാധിപത്യപരമായ തിരഞ്ഞെടുപ്പിലൂടെ നിലവിൽ വരുന്ന നിയമനിർമാണസഭകളായ പാർലമെന്റിലും സംസ്ഥാന നിയമസഭകളിലുമാണ്. ഭരണഘടനയിൽ കാലോചിത മാറ്റങ്ങളും ഭേദഗതികളും കൊണ്ടുവരുന്നതിനുള്ള അധികാരവും പാർലമെന്റിനുണ്ട്. പാർലമെൻറ്​ കൊണ്ടുവരുന്ന നിയമങ്ങളോ ഭരണഘടനാഭേദഗതികളോ അവയുടെ ഭരണഘടനാ സാധുത സംബന്ധിച്ച കോടതിയുടെ പരിശോധനകൾക്ക് (Judicial Review) വിധേയമാണ്. കോടതികളെ ഏതെങ്കിലും വിഷയത്തിന്റെ / നിയമങ്ങളുടെ / ഭരണഘടനാ ഭേദഗതികളുടെ ഭരണഘടനാപരമായ സാധുതയുടെ പരിശോധനയിൽ നിന്ന്​ തടയാൻ കഴിയില്ല. ഇതാണ് നിലവിലെ ഭരണഘടനാ രീതി.

എന്നാൽ, ഈ നിലപാടും കോടതികളുടെ ഭരണഘടനാപരമായ പരിശോധനാധികാരവും കേന്ദ്ര സർക്കാരിന്റെ കടുത്ത എതിർപ്പിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര സർക്കാർ പ്രധാനമായും എതിർപ്പുയർത്തുന്നത് രണ്ടു വിഷയങ്ങളിലാണ്.

സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ന്യായാധിപന്മാരെ നിയമിക്കുന്ന പ്രക്രിയയിൽ സർക്കാരിന് നിയാമകമായ മേൽക്കൈ ഉണ്ടാകണമെന്ന് കേന്ദ്ര സർക്കാർ കടുത്ത സമ്മർദ്ദം ചെലുത്തുകയാണ്.

ഒന്ന്, ഭരണഘടനയുടെ അടിസ്ഥാന ഘടന (Basic structure) ഏതുതരം നിയമനിർമാണത്തിലും ഭരണഘടനാഭേദഗതിയിലും യാതൊരുവിധത്തിലും ലംഘിക്കാനാകില്ലെന്നും അടിസ്ഥാനഘടനയുടെ ലംഘനം ചൂണ്ടിക്കാട്ടി ഏതു നിയമവും ഭരണഘടനാഭേദഗതിയും കോടതിക്ക് റദ്ദാക്കാനാകും എന്ന നിലവിലുള്ള അടിസ്ഥാനഘടനാ പ്രമാണം റദ്ദാക്കണമെന്നാണ് കേന്ദ്ര സർക്കാർ നിരന്തരം ഉയർത്തുന്ന ആവശ്യവും തർക്കവും.

രണ്ട്, കോടതിയുടെ സ്വാതന്ത്ര്യം (Judicial Independence) സംബന്ധിച്ചാണ്. കോടതിയുടെ സ്വാതന്ത്ര്യം എന്നത് പാർലമെന്റിനും അതുവഴി കേന്ദ്ര സർക്കാരിനും വിധേയമാകണമെന്ന ആവശ്യമാണ് ഒളിഞ്ഞും തെളിഞ്ഞും കേന്ദ്ര സർക്കാർ മുന്നോട്ടുവെക്കുന്നത്. അത്തരത്തിൽ കോടതി പാർലമെന്റിനും എക്‌സിക്യൂട്ടീവിനും വിധേയമായി പ്രവർത്തിക്കുന്ന, കേവലം നിയമനടത്തിപ്പ് സ്ഥാപനമായി മാറണമെന്ന ആവശ്യത്തിന്റെ ഭാഗമായി സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ന്യായാധിപന്മാരെ നിയമിക്കുന്ന പ്രക്രിയയിൽ സർക്കാരിന് നിയാമകമായ മേൽക്കൈ ഉണ്ടാകണമെന്ന് കേന്ദ്ര സർക്കാർ കടുത്ത സമ്മർദ്ദം ചെലുത്തുകയാണ്.

കോടതികളെ ഏതെങ്കിലും വിഷയത്തിന്റെ/നിയമങ്ങളുടെ/ഭരണഘടനാ ഭേദഗതികളുടെ ഭരണഘടനാപരമായ സാധുതയുടെ പരിശോധനയിൽ നിന്ന്​ തടയാൻ കഴിയില്ല. ഇതാണ് നിലവിലെ ഭരണഘടനാ രീതി.

ചരിത്രത്തിലെ വലിയ തർക്കം

ഭരണഘടനാകോടതിയും കേന്ദ്ര സർക്കാരും തമ്മിൽ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ നടന്ന ഏറ്റവും ഗൗരവമേറിയ തർക്കങ്ങളിലൊന്നാണ് ഇപ്പോൾ നടക്കുന്നത്. അതിൽ നിന്നുണ്ടാകുന്ന സംഘർഷാവസ്ഥയാകട്ടെ കൂടുതൽ വ്യക്തമായ പോർമുഖങ്ങൾ തുറക്കുകയുമാണ്. ഭരണഘടനാ കോടതികളുടെ സ്വതന്ത്രമായ പ്രവർത്തനത്തിലേക്ക് കടന്നുകയറാനുള്ള എക്‌സിക്യൂട്ടീവിന്റെ /സർക്കാരിന്റെ ശ്രമം ഇതാദ്യമായല്ല ഇന്ത്യയിലുണ്ടാകുന്നത്. എന്നാൽ, ഇത്തവണ അതിനെ കൂടുതൽ ആപത്ക്കരവും തിരിച്ചുപോക്കില്ലാത്തവിധം ഇന്ത്യയിലെ സ്വതന്ത്ര നീതിന്യായസംവിധാനം എന്ന ഭരണഘടനാ സങ്കല്പനത്തെ അട്ടിമറിക്കാൻ പോന്നതുമാകുന്നത്, ഇന്ത്യയിലിപ്പോൾ നിലനിൽക്കുന്ന ഹിന്ദുത്വ ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ രാഷ്ട്രീയാധികാരമാണ്. അത് ഇന്ത്യയുടെ ജനാധിപത്യ മതേതര ഭരണഘടന റിപ്പബ്ലിക് എന്ന രാഷ്ട്രീയരൂപത്തെ വ്യവസ്ഥാപിതമായി തകർത്തുകൊണ്ടിരിക്കുകയാണ്. ഭരണഘടനാകോടതികളെ പൂർണമായും പിടിച്ചെടുക്കുന്നതോടെ സ്വാതന്ത്ര്യസമരത്തിനുശേഷം രൂപംകൊണ്ട ഇന്ത്യ എന്ന രാഷ്ട്രീയനിർമിതിയുടെ ആരൂഢങ്ങളിലൊന്ന് തകരുകയാണ്.

സുപ്രീം കോടതിയിലും ഹൈക്കോടതിയിലും ന്യായാധിപന്മാരെ നിയമിക്കുന്നതിനുള്ള കൊളീജിയം സംവിധാനം ബലപ്പെടുത്തുന്നതും അത് നിലനിൽക്കുന്നതും അടിസ്ഥാന ഘടനാ പ്രമാണം നൽകുന്ന സാധുത കൂടി ഉപയോഗിച്ചാണ്. അതുകൊണ്ടുകൂടിയാണ് അടിസ്ഥാന ഘടനാ പ്രമാണത്തിനെതിരെ കടുത്ത എതിർപ്പ് ബി.ജെ.പിയും നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും ഉയർത്തുന്നത്.

ജുഡീഷ്യറിയുടെ സ്വതന്ത്രാധികാരത്തിന്റെയും ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ അലംഘ്യതയുമാണ് മോദി സർക്കാരിന്റെ സമഗ്രാധിപത്യ ഭരണകൂട പദ്ധതിയിലുള്ള ഒരു വലിയ തടസം.

ഭരണഘടന പ്രത്യക്ഷത്തിൽ ഇത്തരത്തിലൊരു അടിസ്ഥാന ഘടനയെക്കുറിച്ച് പറയുന്നില്ല. പാർലമെന്റും കേന്ദ്ര സർക്കാരും ഭരണഘടനാ കോടതിയും, പലപ്പോഴും അതിനു കാരണമാവുകയും സജീവമായി ഇടപെടുകയും ചെയ്ത പൗരസമൂഹവും തമ്മിൽ നീണ്ട കാലങ്ങളായി നടന്ന തർക്കങ്ങളിലൂടെയാണ് ഇത്തരത്തിലൊരു അടിത്തറയുടെ അസ്തിത്വം അംഗീകരിക്കപ്പെട്ടത്. ഭരണഘടനയനുസരിച്ച് ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ഒരു ജനാധിപത്യ രാജ്യമായി അതിനെ മുന്നോട്ടുകൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ കൂടിയാണ് ഭരണഘടനയിൽ ഉറപ്പുവരുത്താൻ ശ്രമിച്ചത്. ഇന്ത്യൻ ഭരണഘടന ഒരു അടഞ്ഞ പുസ്തകമല്ല, മറിച്ച് ജീവിക്കുന്ന രാഷ്ട്രീയരേഖയായതുകൊണ്ടാണ് അത്തരത്തിലൊരു ഉരുത്തിരിയൽ പ്രക്രിയ നടന്നത്, അതവസാനിച്ചിട്ടുമില്ല.

ഭരണകൂടത്തിന്റെ നിയന്ത്രണാധികാരം എത്രത്തോളം?

ഭരണഘടനയുടെ അടിസ്ഥാനഘടന എന്ന സങ്കല്പനത്തിലേക്കുള്ള യാത്ര രാജ്യം റിപ്പബ്ലിക്കായതിന്​ ഏതാനും വർഷങ്ങൾക്കുള്ളിൽത്തന്നെ തുടങ്ങി. കൊളോണിയൽ വിരുദ്ധ സ്വാതന്ത്ര്യസമരത്തിന്റെ തുടർച്ചയായിട്ടാണ് ഭരണഘടനാ നിർമാണസഭയെ കാണാവുന്നതെങ്കിൽ ഇന്ത്യൻ റിപ്പബ്ലിക്കിലെ ആദ്യ കേന്ദ്ര സർക്കാർ മുതൽ ഇന്ത്യയിലെ സകല രാഷ്ട്രീയ- സാമ്പത്തിക- സാമൂഹ്യ വൈരുധ്യങ്ങളെയും പ്രതിഫലിപ്പിക്കുന്ന ഭരണകൂടമാണ് ഉണ്ടായത്. അതുകൊണ്ടുതന്നെ അതിവേഗം ഭരണകൂടവുമായുള്ള പൊതുസമൂഹത്തിന്റെ സംഘർഷം തുടങ്ങുകയും അഥവാ ഒരർത്ഥത്തിൽ കൊളോണിയൽ കാലത്തുനിന്നും തുടരുകയും അതിന്റെ ഉടനടിയുള്ള പ്രതിഫലനങ്ങൾ ഭരണഘടനാ കോടതിയിൽ എത്തുകയും ചെയ്തു.

അഭിപ്രായ സ്വാതന്ത്ര്യത്തിനു മുകളിൽ ഭരണകൂടത്തിനുള്ള നിയന്ത്രണാധികാരമായിരുന്നു സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വലിയ ഭരണഘടനാ കോടതി തർക്കങ്ങളിലൊന്ന് എന്നത് വളരെ ശ്രദ്ധേയമായ ചരിത്ര വസ്തുതയാണ്. സ്വാതന്ത്ര്യ സമരത്തിന്റെ അടിയന്തര ലക്ഷ്യമായ സ്വതന്ത്ര ഇന്ത്യൻ റിപ്പബ്ലിക്ക് നിലവിൽ വന്നതോടെ ആ റിപ്പബ്ലിക്കിന്റെ സ്വഭാവത്തെക്കുറിച്ചും റിപ്പബ്ലിക്കിനെ സാധ്യമാക്കിയ ഭരണഘടനയുടെ സാധ്യതകളെക്കുറിച്ചുമുള്ള, തുടർന്നുകൊണ്ടേയിരിക്കുന്ന, അനേക സംവാദങ്ങളുടെയും സംഘർഷങ്ങളുടെയും ഭാഗമായിരുന്നു അത്. ബോംബെയിൽ നിന്ന്​ പ്രസിദ്ധീകരിച്ചിരുന്ന റൊമേഷ് ഥാപ്പറുടെ ക്രോസ്​ റോഡ്​സ്​ എന്ന, കമ്യൂണിസ്റ്റ് ആശയങ്ങളോട് അനുഭാവം പുലർത്തുന്ന പ്രസിദ്ധീകരണത്തിനെതിരെ 1950 മാർച്ചിൽ അന്നത്തെ മദ്രാസ് സർക്കാർ Madras Maintenance of Public Safety Act,1949 അനുസരിച്ച് വാരികയുടെ വിതരണം നിരോധിച്ച്​ ഉത്തരവിട്ടു. അക്കാലത്തുതന്നെ ആർ.എസ്.എസ് പ്രവർത്തകനായ ബ്രിജ് ഭൂഷൻ നടത്തിപ്പ് ചുമതല വഹിച്ചിരുന്ന ആർ.എസ്.എസ് പ്രസിദ്ധീകരണമായിരുന്ന ഓർഗനൈസറിനെതിരെ, East Punjab Public Safety Act, 1949-നു കീഴിൽ പഞ്ചാബ് സർക്കാരും നടപടിയെടുത്തു. ഈ രണ്ടു നടപടികളേയും ഇരുകൂട്ടരും വ്യത്യസ്ത തർക്കങ്ങളിലായി സുപ്രീം കോടതിയിൽ ചോദ്യം ചെയ്തു. ഭരണഘടന നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ നിയന്ത്രിക്കാനുള്ള സർക്കാരിന്റെ അധികാരം വളരെ പരിമിതമാണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം വിപുലമായ ഒന്നാണെന്നും വ്യക്തമാക്കുന്ന വിധിയാണ് അഞ്ചു ന്യായാധിപന്മാരുടെ ഭൂരിപക്ഷ വിധിയിൽ (ഒരാൾ വിയോജന വിധി എഴുതി) സുപ്രീം കോടതി പുറപ്പെടുവിച്ചത്. രണ്ടു കേസുകളിലും സർക്കാർ വാദങ്ങളെ കോടതി തള്ളിക്കളഞ്ഞു.

ജനങ്ങളിൽ നിക്ഷിപ്​തമായ അധികാരം ഉപയോഗിക്കുന്ന ഭരണഘടനാ ഭേദഗതികൾ ചോദ്യം ചെയ്യാനോ റദ്ദാക്കാനോ കോടതിക്ക് കഴിയില്ല. അതുകൊണ്ട് ഈ അധികാരം ഉപയോഗിക്കുന്ന ഭരണഘടനാ ഭേദഗതികൾ ചോദ്യം ചെയ്യാനോ റദ്ദാക്കാനോ കോടതിക്ക് കഴിയില്ല.

കേന്ദ്ര സർക്കാരിനെ സംബന്ധിച്ച്​ ഇത് വലിയ പ്രശ്‌നമായിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ പുകഞ്ഞുതുടങ്ങുകയും ചിലയിടങ്ങളിൽ കത്തിത്തുടങ്ങുകയും ചെയ്ത ജനകീയ സമരങ്ങളും ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങളും പ്രബലമായ കോൺഗ്രസ് രാഷ്ട്രീയധാരയിൽ നിന്ന്​ വ്യത്യസ്തമായ നിരവധി ചിന്താധാരകളും അതിവേഗത്തിൽ പടർന്നുകൊണ്ടിരിക്കെ, അതിനെ നിയന്ത്രിക്കാനുള്ള ഭരണഘടനാപരമായ തടസം കേന്ദ്ര സർക്കാരിനെ സംബന്ധിച്ച് ഗൗരവമായ പ്രശ്‌നമായി. അങ്ങനെയാണ് 1951-ൽ ആദ്യ ഭരണഘടനാ ഭേദഗതി വരുന്നത്.

ന്യായാധിപ നിയമനവും നെഹ്​റു കാലവും

പരമോന്നത ഭരണഘടനാ കോടതിയുമായും അതിന്റെ സ്വതന്ത്രാധികാരങ്ങളുമായുമുള്ള എക്‌സിക്യൂട്ടീവിന്റെ /സർക്കാരിന്റെ ഏറ്റുമുട്ടൽ അന്നുതന്നെ കോടതി വ്യവഹാരങ്ങൾക്ക് പുറത്തുള്ള നടപടികളിലേക്ക് കടക്കാനുള്ള സൂചനകളും നൽകി. റൊമേഷ് ഥാപ്പർ, ബ്രിജ് ഭൂഷൺ കേസുകളിൽ ഭൂരിപക്ഷ വിധിയെഴുതിയത് ജസ്റ്റിസ് പതഞ്ജലി ശാസ്ത്രിയായിരുന്നു. ഏക വിയോജന വിധിയെഴുതിയത് ജസ്റ്റിസ് എസ്. ഫസൽ അലിയും. അടുത്ത ചീഫ് ജസ്റ്റിസിനെ നിയമിക്കേണ്ട ഘട്ടത്തിൽ പട്ടികയിൽ ഒന്നാമതുള്ള പതഞ്ജലി ശാസ്ത്രിയെ നിയമിക്കാൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു വിമുഖത പ്രകടിപ്പിച്ചു. ഇതേത്തുടർന്ന് ജസ്റ്റിസ് പതഞ്ജലി ശാസ്ത്രിയെ നിയമിച്ചില്ലെങ്കിൽ തങ്ങളൊന്നടങ്കം രാജിവെക്കുമെന്ന് മറ്റ് ന്യായാധിപന്മാർ സൂചന നൽകിയതോടെയാണ് ജസ്റ്റിസ് പതഞ്ജലി ശാസ്ത്രി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കപ്പെട്ടത്. ന്യായാധിപ നിയമനത്തിൽ കേന്ദ്ര സർക്കാരിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാനും കോടതിയുടെ സ്വതന്ത്ര സ്വഭാവത്തെ നിയന്ത്രിക്കാനുമുള്ള സംഘർഷങ്ങൾ അന്നുമുതലേ ആരംഭിച്ചു.

പട്ടികയിൽ ഒന്നാമതുള്ള പതഞ്ജലി ശാസ്ത്രിയെ നിയമിക്കാൻ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു വിമുഖത പ്രകടിപ്പിച്ചപ്പോൾ, .തങ്ങളൊന്നടങ്കം രാജിവെക്കുമെന്ന് മറ്റ് ന്യായാധിപന്മാർ സൂചന നൽകി. ഇതേതുടർന്നാണ്​ ജസ്റ്റിസ് പതഞ്ജലി ശാസ്ത്രി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കപ്പെട്ടത്.

വിയോജനവിധി പുറപ്പെടുവിച്ച ജസ്റ്റിസ് അലിയെ നെഹ്റു സർക്കാർ ഒഡിഷ ഗവർണറാക്കി, സംസ്ഥാന പുനഃസംഘടന കമീഷൻ അധ്യക്ഷനാക്കി, പദ്മവിഭൂഷൺ നൽകി, അസം ഗവർണറാക്കി. സുപ്രീം കോടതി ന്യായാധിപ പദവി രാജിവെച്ചാണ് ജസ്റ്റിസ് അലി ഒഡിഷ ഗവർണറായി പോയത്. ജുഡീഷ്യറിയെ വരുതിയിൽ നിർത്താനും സ്വാധീനിക്കാനുമുള്ള ശ്രമങ്ങൾക്ക് ഏതാണ്ട് ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ പഴക്കമുണ്ട്.

ഭരണഘടനാ ഭേദഗതിക്കുള്ള പാർലമെന്റിന്റെ അധികാരം (ആർട്ടിക്കിൾ-368) ഒന്നാം ഭരണഘടനാ ഭേദഗതിക്ക് തൊട്ടുപിന്നാലെ കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. ശങ്കരി പ്രസാദ് കേസിൽ (1951) സുപ്രീം കോടതി പാർലമെന്റിനു ഭരണഘടനാ ഭേദഗതിക്ക് പ്രത്യേക നിയന്ത്രണങ്ങളൊന്നുമില്ല എന്ന മട്ടിലാണ് വിധിയെഴുതിയത്. മൗലികാവകാശങ്ങളെ ഹനിക്കുന്ന തരത്തിലുള്ള നിയമനിർമാണം ഭരണഘടനാവിരുദ്ധമാണെന്ന ആർട്ടിക്കിൾ 13-ലെ നിയന്ത്രണം സാധാരണ നിയമനിർമാണങ്ങൾക്ക് മാത്രമാണെന്നും ആർട്ടിക്കിൾ 13-ൽ പറയുന്ന ‘നിയമം' എന്നതിൽ ഭരണഘടനാ ഭേദഗതി ഉൾപ്പെടുന്നില്ല എന്നും കോടതി പറഞ്ഞു. ഇതേ നിലപാട്, തുടർന്നുവന്ന സജ്ജൻ സിങ് കേസിലും (1965) സുപ്രീം കോടതി ശരിവെച്ചു.

സ്വതന്ത്ര ഇന്ത്യയിലെ ജനാധിപത്യ സർക്കാർ എന്നത് അത്രയെളുപ്പം തള്ളിക്കളയാൻ കഴിയുന്ന ഒന്നായിരുന്നില്ല. സ്വാതന്ത്ര്യസമരത്തിന്റെയും ഭരണഘടനാ നിർമ്മാണസഭയുടെയും തുടർച്ചയായാണ് ആ നെഹ്റു സർക്കാർ എന്നത് വളരെ ശക്തമായ ബോധമായിരുന്നു.

ഭരണഘടനാ ഭേദഗതിക്കുള്ള പാർലമെന്റിന്റെ അധികാരം സാധാരണ നിയമനിർമാണത്തിനുള്ള അധികാരത്തിൽ നിന്നല്ല വരുന്നതെന്നും മറിച്ച്​, ഭരണഘടനാ നിർമാണത്തിനുള്ള ജനങ്ങളുടെ അധികാരത്തിൽ നിന്നാണ് വരുന്നതെന്നുമാണ് ഈ വിധികളിൽ കോടതി ഉയർത്തിയ ന്യായത്തെ ലളിതമായി പറയാവുന്നത്. അതുകൊണ്ട് ജനങ്ങളിൽ നിക്ഷിപ്​തമായ ഈ അധികാരം (Constituent power) ഉപയോഗിക്കുന്ന ഭരണഘടനാ ഭേദഗതികൾ ചോദ്യം ചെയ്യാനോ റദ്ദാക്കാനോ കോടതിക്ക് കഴിയില്ല. അതുകൊണ്ട് ഈ അധികാരം (Constituent power) ഉപയോഗിക്കുന്ന ഭരണഘടനാ ഭേദഗതികൾ ചോദ്യം ചെയ്യാനോ റദ്ദാക്കാനോ കോടതിക്ക് കഴിയില്ല. പാർലമെന്റിന്റെ പരമാധികാരത്തിലേക്കായിരുന്നു ഈ വിധികൾ നയിക്കുക. അതായത് ഭരണഘടന പൗരർക്ക്​ നൽകുന്ന മൗലികാവകാശങ്ങൾ അടക്കമുള്ളവയെ പാർലമെന്റിന് ഏതുതരത്തിലും മാറ്റിയെഴുതാനും അതിനെ കോടതിയുടെ പുനഃപരിശോധനയ്ക്കുള്ള സാധ്യതയെ അടയ്ക്കുന്നതുമായിരുന്നു ഈ വിധികൾ.

സ്വതന്ത്ര ഇന്ത്യയിലെ ജനാധിപത്യ സർക്കാർ എന്നത് അത്രയെളുപ്പം തള്ളിക്കളയാൻ കഴിയുന്ന ഒന്നായിരുന്നില്ല. സ്വാതന്ത്ര്യസമരത്തിന്റെയും ഭരണഘടനാ നിർമ്മാണസഭയുടെയും തുടർച്ചയായാണ് ആ നെഹ്റു സർക്കാർ എന്നത് വളരെ ശക്തമായ ബോധമായിരുന്നു. കേന്ദ്ര സർക്കാരിനെതിരെയുള്ള രാഷ്ട്രീയ സംവാദം ശക്തമായിരുന്നുവെങ്കിലും ഇന്ത്യയുടെ സൃഷ്ടിയിൽ നേരിട്ട് പങ്കുള്ള സർക്കാർ എന്ന പൊതുബോധത്തെ മറികടക്കാൻ മാത്രമുള്ള ശക്തിയും ജുഡീഷ്യറിക്കില്ലായിരുന്നു.

കേന്ദ്ര സർക്കാരിനെതിരെയുള്ള രാഷ്ട്രീയ സംവാദം ശക്തമായിരുന്നുവെങ്കിലും ഇന്ത്യയുടെ സൃഷ്ടിയിൽ നേരിട്ട് പങ്കുള്ള സർക്കാർ എന്ന പൊതുബോധത്തെ മറികടക്കാൻ മാത്രമുള്ള ശക്തിയും ജുഡീഷ്യറിക്കില്ലായിരുന്നു.

എന്നാൽ, ഭരണകൂടത്തിന്റെ സ്വഭാവം വളരെ വേഗത്തിൽ അടിച്ചമർത്തലിന്റെ പ്രത്യക്ഷഭാവങ്ങളായി വെളിപ്പെട്ടുകൊണ്ടിരുന്നു. ഒപ്പം, സ്വാതന്ത്ര്യസമരത്തിന്റെയും ഇന്ത്യ എന്ന റിപ്പബ്‌ളിക്കിന്റെയും ആദ്യ ഭാവനകളുടെ കാല്പനികമോഹങ്ങളിൽ അതിവേഗം വിള്ളലുകളും വീണുതുടങ്ങി. സ്വപ്ന​ങ്ങളിലും പ്രതീക്ഷകളിലും നിന്ന് ഒരു രാമരാജ്യം അതിവേഗം സാധാരണത്തത്തിലേക്ക് ഊർന്നിറങ്ങി. സാവകാശം, ഭരണഘടനാ കോടതി ഭരണഘടനയെ ഇന്ത്യയുടെ പുതിയ സാഹചര്യത്തിൽ വ്യാഖ്യാനിക്കാനുള്ള ചരിത്രപരമായ കടമയിലേക്ക് കടക്കുകയായിരുന്നു. അതായത്, ഭരണഘടനാ നിർമാണസഭയുടെ തുടർച്ചയല്ല പാർലമെൻറ്​ എന്നും ഭരണഘടന അനുസരിച്ചാണ് പാർലമെൻറ്​ നിലവിൽ വരുന്നതെന്നും ആ പാർലമെന്റിന്​ ഭരണഘടനയെ അപ്പാടെ മാറ്റിമറിക്കാനുള്ള അധികാരം നൽകുന്നത് ജനാധിപത്യവ്യവസ്ഥയിൽ നിന്ന്​ സമഗ്രാധിപത്യ ഭരണകൂടത്തിലേക്കുള്ള പോക്കിലേക്കാണ് നയിക്കുകയെന്നുമുള്ള ചിന്ത വളരെ ശക്തമായി വന്നുതുടങ്ങി. സജ്ജൻസിങ് കേസിൽ ജസ്റ്റിസുമാരായ ഹിദായത്തുള്ളയും മധോൽക്കറും ഭിന്നാഭിപ്രായ വിധികൾ പുറപ്പെടുവിച്ചതും ഇതിന്റെ സൂചനയായിരുന്നു. മൗലികാവകാശങ്ങളെ ഭരണഘടനാ ഭേദഗതികളിലൂടെ റദ്ദാക്കുന്നത് മൗലികാവകാശങ്ങൾ ഉൾപ്പെടുത്തിയതിന്റെ യുക്തിയെ അട്ടിമറിക്കുമെന്നായിരുന്നു അവർ പ്രകടിപ്പിച്ച ആശങ്കകളിലൊന്ന്. സാർവ്വത്രിക വോട്ടവകാശവും സർക്കാരിന്റെ ഘടനയും ഭേദഗതിക്കുള്ള അധികാരത്തിനു പുറത്താണെന്ന് വ്യക്തമാക്കുന്ന പാകിസ്ഥാൻ സുപ്രീം കോടതിയുടെ ഒരു വിധി ജസ്റ്റിസ് മധോൽക്കർ എടുത്തുകാട്ടുകയും ചെയ്തു (ഫസലുൽ ഖാദർ ചൗധരി vs മൊഹമ്മദ് അബ്ദുൽ ഹഖ്- 1963).

പാർലമെന്റിന്റെ ഭരണഘടനാ ഭേദഗതികൾക്കുള്ള ചോദ്യം ചെയ്യപ്പെടാത്ത പരമാധികാരമെന്ന അവകാശം ഇല്ലാതാകുന്നു എന്ന് വന്നതോടെ കേന്ദ്ര സർക്കാർ 24-ാം ഭേദഗതി കൊണ്ടുവന്നു. ഭരണഘടനാ ഭേദഗതികൾക്ക് പാർലമെന്റിന് പരമാധികാരമുണ്ടെന്നായിരുന്നു ഭേദഗതിയിലൂടെ സർക്കാർ സ്ഥാപിച്ചെടുത്തത്.

മൗലികാവകാശങ്ങളെയും അതിന്റെ രാഷ്ട്രീയത്തെയും പൗരാവകാശങ്ങളെയും സംബന്ധിച്ചുള്ള രാഷ്ട്രീയ, നിയമ സംവാദങ്ങൾ അതിശക്തമായി നടന്നു. പൊതുസമൂഹത്തിൽ ഭരണകൂടത്തിന്റെ ഇടപെടലുകളോട് പ്രതികരിക്കാനുള്ള ഏറ്റവും ചടുലവും യുക്തവുമായ മാർഗമായി ജനങ്ങൾ ഭരണഘടനാ കോടതികളെ കണ്ടുതുടങ്ങി. 1967-ലെ ഗോലക്​ ​നാഥ് കേസിൽ സുപ്രീം കോടതി വിധി പറയുമ്പോൾ, പാർലമെന്റിന്റെ പരമാധികാരം സംബന്ധിച്ച തർക്കത്തിൽ ഇന്ത്യൻ ജുഡീഷ്യറി നിലപാട് കടുപ്പിച്ചു. നെഹ്രുവിന്റെ മരണശേഷമുള്ള ഇന്ത്യൻ രാഷ്ട്രീയാധികാര സംവിധാനം വിള്ളലുകളും ഭിന്നിപ്പുകളും പ്രകടിപ്പിച്ച കാലവും കൂടിയായിരുന്നു അത്. അതുകൊണ്ടുതന്നെ സമഗ്രാധിപത്യ സ്വഭാവമുള്ള സർക്കാരിലേക്കുള്ള പോക്കിനെ തടയാനുള്ള ജുഡീഷ്യറിയുടെ താത്പര്യവും പ്രകടമായി.

ഗോലക് നാഥ്​ കേസിൽ (1967), 6:5 എന്ന ഭൂരിപക്ഷ വിധിയിൽ പാ
ർലമെന്റിന് ഭരണഘടനാ ഭേദഗതിക്കുള്ള അധികാരങ്ങൾ അപരിമിതമല്ല എന്ന് കോടതി വ്യക്തമാക്കി. ഭരണഘടന നൽകുന്ന മൗലികാവകാശങ്ങൾ ലംഘിക്കാൻ ഭരണഘടനാ ഭേദഗതിയിലൂടെ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഭരണഘടനാ ഭേദഗതികൾ സാധാരണ നിയമനിർമാണത്തിനപ്പുറമുള്ള constituent power നൽകുന്ന അധികാരപ്രയോഗമായി കാണാനും കഴിയില്ലെന്നും കോടതി പറഞ്ഞു. ഇതോടെ കേന്ദ്ര സർക്കാരും കോടതിയും തമ്മിലുള്ള പരമാധികാര തർക്കം പിന്നോട്ടുപോകാനാത്ത വിധത്തിൽ മുഖാമുഖം നിന്നു. പാർലമെന്റിന്റെ ഭരണഘടനാ ഭേദഗതികൾക്കുള്ള ചോദ്യം ചെയ്യപ്പെടാത്ത പരമാധികാരമെന്ന അവകാശം ഇല്ലാതാകുന്നു എന്ന് വന്നതോടെ കേന്ദ്ര സർക്കാർ 24-ാം ഭേദഗതി കൊണ്ടുവന്നു. ഭരണഘടനാ ഭേദഗതികൾക്ക് പാർലമെന്റിന് പരമാധികാരമുണ്ടെന്നായിരുന്നു ഭേദഗതിയിലൂടെ സർക്കാർ സ്ഥാപിച്ചെടുത്തത്.

റായ് ബറേലിയിൽ നിന്നുള്ള ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അലഹാബാദ് ഹൈക്കോടതി റദ്ദാക്കിയതോടെ കോടതികളെ നിലയ്ക്കുനിർത്തുക എന്നത് ഇന്ദിരാഗാന്ധി സർക്കാരിന്റെ അടിയന്തര ആവശ്യമായി.

അടിയന്തരാവസ്​ഥയിലെ ​കോടതി

ഇന്ത്യൻ ഭരണകൂടം ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ അതിവേഗം സമഗ്രാധിപത്യ ഭരണകൂട സ്വഭാവം ആർജ്ജിക്കുന്ന കാലമായിരുന്നു എന്നുകൂടി കാണേണ്ടതുണ്ട്. കേശവാനന്ദ ഭാരതി (1973) കേസിൽ കോടതി പാർലമെന്റിന്റെ ഭരണഘടനാ ഭേദഗതികൾക്കുള്ള അധികാരം അംഗീകരിച്ചെങ്കിലും തുടർന്നുള്ള ഇന്ത്യൻ റിപ്പബ്ലിക്കിന്റെ രാഷ്ട്രീയസ്വഭാവത്തെ ഏറ്റവുമധികം സ്വാധീനിച്ച ഒരു നിയന്ത്രണം അതിൽ ചേർത്തുവെച്ചു; അതാണ് അടിസ്ഥാന ഘടനാ പ്രമാണം (Basic structure doctrine). ഭേദഗതി വരുത്താൻ പാർലമെന്റിന്​അധികാരമുണ്ടെന്നിരിക്കെത്തന്നെ ഇന്ത്യൻ ഭരണഘടനയ്ക്ക് അതിന്റെ അസ്തിത്വത്തെയും സ്വഭാവത്തെയും നിർണയിക്കുന്ന നിയാമകമായ ചില അടിസ്ഥാന ഘടകങ്ങളുണ്ടെന്നും അവയെ ലംഘിക്കാനോ ഇല്ലാതാക്കാനോ തുനിയുന്ന വിധത്തിലുള്ള ഭേദഗതികൾ ഭരണഘടനാവിരുദ്ധമാണെന്നുമാണ് കേശവാനന്ദ വിധിയുടെ കാതൽ. ഭൂരിപക്ഷ വിധിയിലൂടെ നിശ്ചയിക്കപ്പെട്ട കേശവാനന്ദയിൽ ഭരണഘടനയുടെ പരമാധികാരം, സർക്കാരിന്റെ റിപ്പബ്ലിക്കൻ, ജനാധിപത്യ രൂപം, ഭരണഘടനയുടെ മതേതര സ്വഭാവം, അധികാര വിഭജനത്തിന്റെ തത്വങ്ങൾ, ഭരണഘടനയുടെ ഫെഡറൽ സ്വഭാവം എന്നിവ പ്രധാനമായും ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളായി പ്രഖ്യാപിക്കപ്പെട്ടു.

ഈ അടിസ്ഥാന ഘടനയെ ലംഘിക്കുന്ന ഭേദഗതികൾ പുനഃപരിശോധിക്കാനും അവയെ ഭരണഘടനാവിരുദ്ധമായി കണ്ടാൽ റദ്ദാക്കാനും കോടതിക്ക് അധികാരമുണ്ടെന്നും ഇതിലൂടെ ഉറപ്പിച്ചു. ഇന്ത്യയിൽ പാർലമെന്റാണോ ഭരണഘടനയാണോ പരമാധികാരസ്രോതസ്സ് എന്ന ചോദ്യത്തിന് കൂടിയാണ് അതിലൂടെ ഉത്തരമായത്. ഭരണഘടനയാൽ സ്ഥാപിതമായ പാർലമെന്റിന്​എന്തുകൊണ്ട് ഭരണഘടനയെ മറികടക്കാൻ കഴിയില്ലെന്നും അങ്ങനെ മറികടക്കാനുള്ള പാർലമെന്റിന്റെ അമിതാധികാര പ്രയോഗ ശ്രമങ്ങളെ റദ്ദാക്കാനുള്ള അധികാരം ഭരണഘടനാ കോടതിക്കുണ്ടെന്നും വന്നതോടെ ഇന്ത്യൻ ജുഡീഷ്യറി അതിന്റെ സ്വതന്ത്രാധികാരത്തിന് ഏറ്റവും ഉറപ്പുള്ളൊരു അടിത്തറ കൂടി ഉണ്ടാക്കുകയായിരുന്നു.

ഭരണഘടനയുടെ സ്വാതന്ത്ര്യപ്രഖ്യാപനം എന്നുവിളിക്കാവുന്ന കേശവാനന്ദ വിധി എത്രമാത്രം നിർണായകവും രാഷ്ട്രീയ സാഹചര്യത്തിന്റെ കൃത്യമായ രാഷ്ട്രീയവായനയുമായിരുന്നു എന്ന്​, വിധിക്കുശേഷം ഇന്ത്യയെ ആകെ പിടിച്ചുകുലുക്കിയ വർഷങ്ങൾ തെളിവ് നൽകുന്നുണ്ട്. കേശവാനന്ദ വിധി വന്നതിനു തൊട്ടുപിറ്റേന്ന് 1973 ഏപ്രിൽ 25-നു പുതിയ ചീഫ് ജസ്റ്റിസിന്റെ നിയമനം പ്രഖ്യാപിച്ചു. അടിസ്ഥാന ഘടന വിധിയെഴുതിയ ഏഴ് ഭൂരിപക്ഷ ന്യായാധിപന്മാരുടെ കൂട്ടത്തിലുള്ള ജസ്റ്റിസുമാരായ ജെ.എസ്. ഷെലാത്, എ.എൻ. ഗ്രോവർ, കെ.എസ്.ഹെഗ്ഡെ എന്നിവരെ മറികടന്ന്​ ന്യൂനപക്ഷ വിധിയെഴുതിയവരുടെ കൂട്ടത്തിലുണ്ടായിരുന്ന ജസ്റ്റിസ് എ .എൻ.റേയെ ഇന്ദിരാഗാന്ധി സർക്കാർ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു. ഒഴിവാക്കപ്പെട്ട മൂന്നു ജസ്റ്റിസുമാരും പിന്നീട് രാജിവെച്ചു.

കോടതികളുടെ സ്വതന്ത്രാധികാരം കൂടുതൽ കരുത്താർജ്ജിക്കുന്നതിന് കേശവാനന്ദ കാരണവുമായി. 1975 ജൂൺ 12-ന്​ എതിർസ്ഥാനാർത്ഥിയായിരുന്ന രാജ് നാരായൺ നൽകിയ ഹർജിയിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ റായ് ബറേലിയിൽ നിന്നുള്ള തെരഞ്ഞെടുപ്പ് ജസ്റ്റിസ് ജഗ്​മോഹൻ സിൻഹയുടെ വിധിയിലൂടെ അലഹാബാദ് ഹൈക്കോടതി റദ്ദാക്കി. കോടതികളെ നിലയ്ക്കുനിർത്തുക എന്നത് അതോടെ ഇന്ദിരാഗാന്ധി സർക്കാരിന്റെ അടിയന്തര ആവശ്യമായി. ഒട്ടും വൈകാതെ 1975 ജൂൺ 25-ന്​ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഭരണഘടനയുടെ അടിസ്ഥാനഘടന പോയിട്ട് സാമാന്യമായ മനുഷ്യാവകാശങ്ങൾ കൂടി നിഷേധിക്കപ്പെട്ടു. രാഷ്ട്രീയ എതിരാളികളടക്കം ആയിരക്കണക്കിനാളുകൾ തടവറകളിലായി. നിരവധി പേർ ഭരണകൂടത്തിന്റെ കൊലയറകളിൽ ഇല്ലാതാക്കപ്പെട്ടു. മാധ്യമസ്വാതന്ത്ര്യം തീത്തും ഇല്ലാതായി. ഒന്നുകിൽ ഭരണകൂടത്തിന്റെ വിധേയന്മാരും ഉച്ചഭാഷിണികളുമാവുക അല്ലെങ്കിൽ ഭീകരമായ അടിച്ചമർത്തൽ നേരിടുക എന്നതായി മാധ്യമങ്ങൾക്കുള്ള സ്വാതന്ത്ര്യം. ഭൂരിഭാഗവും ആദ്യത്തെ വഴി തിരഞ്ഞെടുത്തു. പൗരാവകാശങ്ങൾ അപ്രത്യക്ഷമായി. സ്വതന്ത്ര ഇന്ത്യയിൽ ഭരണകൂടം അതിന്റെ ഏറ്റവും ഭീകരമായ വ്യവസ്ഥാപിത അധികാരരൂപം പ്രദർശിപ്പിച്ചു. റൊമേഷ് ഥാപ്പർ വിധിയിൽ നിന്നും കേശവാനന്ദയിലേക്കുള്ള ദൂരം നടന്നെത്തിയ പരമോന്നത ഭരണഘടനാ കോടതി പതിവ് സമ്മർദ്ദങ്ങൾക്കപ്പുറം ആജ്ഞാപിക്കുന്ന സമഗ്രാധിപത്യ ഭരണകൂടത്തിന്റെ ദർബാറിലേക്ക് വിളിപ്പിക്കപ്പെട്ടു.

എങ്ങനെയാണ് രാജ്യത്തെ പൊതുരാഷ്ട്രീയ സാഹചര്യങ്ങൾ ജുഡീഷ്യറിയെ എങ്ങനെയാണ് സ്വാധീനിക്കുക കേശവാനന്ദ വരെയുള്ള കാലവും അടിയന്തരാവസ്ഥാ കാലവും അതിനു ശേഷമുള്ള കാലവും ഇന്ത്യയിലെ ഭരണഘടനാ കോടതികൾ പുറപ്പെടുവിച്ച വിധികളിൽ പ്രതിഫലിച്ചു കാണാം.

നിയമപരമായ കാരണങ്ങളൊന്നും കാണിക്കാതെ പൗരരെ ഭരണകൂടത്തിന് തടവിലാടാമോ എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ട ചരിത്രസന്ദർഭമെത്തി. എ. ഡി.എം. ജബൽപൂർ vs ശിവകാന്ത് ശുക്ല (1976) കേസിൽ, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ അന്യായ തടങ്കലുകളടക്കം ചോദ്യം ചെയ്യാനുള്ള പൗരന്മാരുടെ എല്ലാ മൗലികാവകാശങ്ങളും ഭരണകൂടത്തിന് എങ്ങനെ വേണമെങ്കിലും റദ്ദാക്കാമെന്നും അത് കോടതിയിൽ ചോദ്യം ചെയ്യാനാകില്ലെന്നുമുള്ള സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ജനാധിപത്യ വിരുദ്ധമായ വിധികളിലൊന്ന് സുപ്രീം കോടതി പുറപ്പെടുവിച്ചു. ജുഡീഷ്യറിയെ എക്‌സിക്യൂട്ടീവിന്റെ ഉച്ചഭാഷിണിയാക്കിയ വിധിയായിരുന്നു അത്. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളും മനുഷ്യാവകാശങ്ങളും എപ്പോൾ വേണമെങ്കിലും ഭരണകൂടത്തിന് റദ്ദ് ചെയ്യാമെന്നും അത് ചോദ്യം ചെയ്യാൻ കോടതികളെ സമീപിക്കാനാകില്ലെന്നുമുള്ള അവസ്ഥ വരുന്നതോടെ ജനാധിപത്യ ഭരണഘടന റിപ്പബ്ലിക് എന്ന ഇന്ത്യയുടെ നില ഇല്ലാതാവുകയായിരുന്നു. സുപ്രീം കോടതിയിലെ ന്യായാധിപന്മാരെക്കാളും രാഷ്ട്രീയബോധം ഇന്ത്യൻ ജനതയിലെ വലിയൊരു വിഭാഗം പ്രകടിപ്പിച്ചതുകൊണ്ടാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പിൻവലിച്ചശേഷം നടന്ന തെരഞ്ഞെടുപ്പിൽ തോറ്റതും ജനാധിപത്യവും ജുഡീഷ്യറിയുടെ സാമാന്യമായ സ്വാതന്ത്ര്യവും തിരികെക്കിട്ടിയതും.

ഏതാണ്ട് നാല് പതിറ്റാണ്ടുകൾക്കുശേഷം പുട്ടസ്വാമി (2017) കേസിൽ സുപ്രീം കോടതി എ.ഡി.എം.ജബൽപൂർ വിധിയെ മറികടന്നുകൊണ്ടുള്ള വിധി പുറപ്പെടുവിക്കും വരെയും, ആ വിധി ജുഡീഷ്യറിയെ എക്‌സിക്യൂട്ടീവ് കീഴ്‌പ്പെടുത്തുന്നതോടെ എത്ര ഭീകരമായ അവസ്ഥയാണ് രാജ്യത്ത് സൃഷ്ടിക്കപ്പെടുക എന്നതിനുള്ള തെളിവായി നിലനിന്നു. എന്നാൽ 1980-കളോടെത്തന്നെ സമഗ്രാധിപത്യ ഇന്ദിരാഭരണകൂടത്തിന്റെ തകർച്ച കണ്ട ജുഡീഷ്യറി തങ്ങളുടെ സ്വതന്ത്രാധികാരം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ അതിവേഗം നടത്തുകയും എ.ഡി.എം.ജബൽപൂർ വിധി ഫലത്തിൽ അപ്രസക്തമായി മാറുകയും ചെയ്തിരുന്നു. എങ്ങനെയാണ് രാജ്യത്തെ പൊതുരാഷ്ട്രീയ സാഹചര്യങ്ങൾ ജുഡീഷ്യറിയെ എങ്ങനെയാണ് സ്വാധീനിക്കുക കേശവാനന്ദ വരെയുള്ള കാലവും അടിയന്തരാവസ്ഥാ കാലവും അതിനു ശേഷമുള്ള കാലവും ഇന്ത്യയിലെ ഭരണഘടനാ കോടതികൾ പുറപ്പെടുവിച്ച വിധികളിൽ പ്രതിഫലിച്ചു കാണാം.

1975 ജൂൺ 12-ന്​ എതിർസ്ഥാനാർത്ഥിയായിരുന്ന രാജ് നാരായൺ നൽകിയ ഹർജിയിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ റായ് ബറേലിയിൽ നിന്നുള്ള തെരഞ്ഞെടുപ്പ് ജസ്റ്റിസ് ജഗ്മോഹൻലാൽ സിൻഹയുടെ വിധിയിലൂടെ അലഹാബാദ് ഹൈക്കോടതി റദ്ദാക്കി

രാജ് നാരായൺ കേസിനെത്തുടർന്ന് അടിയന്തരാവസ്ഥക്കാലത്ത് രാജ്യത്തെ പ്രതിപക്ഷത്തെ മുഴുവൻ തടവിലടച്ച്​ ഇന്ദിരാഗാന്ധി കൊണ്ടുവന്ന 39-ാം ഭേദഗതി പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കർ എന്നിവരുടെ തെരഞ്ഞെടുപ്പുകളെ കോടതിയിൽ ചോദ്യം ചെയ്യാനോ കോടതിക്ക് അത്തരം തർക്കങ്ങളിൽ പരിശോധനാധികാരമോ ഇല്ലെന്ന് വ്യവസ്ഥ ചെയ്തു. ഭരണഘടനയുടെ അടിസ്ഥാന ഘടന പ്രമാണം കേശവനാന്ദ വിധിക്കുശേഷം ആദ്യമായി പ്രയോഗിച്ചത് ഈ ഭേദഗതിയെ ചോദ്യം ചെയ്യുന്ന തർക്കത്തിലായിരുന്നു. ഇന്ദിരാഗാന്ധി vs രാജ് നാരായൺ (1975)-ൽ ഈ ഭേദഗതിയിലെ 329 A (4) ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു. ജുഡീഷ്യറിയുടെ സമ്പൂർണ നിയന്ത്രണം കൈക്കലാക്കുക എന്നതിനുള്ള ഉടനെയുള്ള വഴി ന്യായാധിപന്മാരെ നിയമിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക എന്നതാണെന്ന് ഏതൊരു ഭരണകൂടത്തിനെയും പോലെ ഇന്ദിരാഗാന്ധിക്കും അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അടുത്ത ചീഫ് ജസ്റ്റിസിനെ നിയമിക്കേണ്ട ഘട്ടം വന്നപ്പോൾ എ.ഡി.എം ജബൽപൂർ കേസിൽ വിയോജന വിധി രേഖപ്പെടുത്തിയ ഏക ന്യായാധിപനായ എച്ച്.ആർ. ഖന്നയെ മറികടന്ന്​ പിറകിലുള്ള എം.എച്ച്. ബേഗിനെ ചീഫ് ജസ്റ്റിസായി നിയമിച്ചു. ഖന്ന രാജിവെച്ചു. ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിലെ ഏറ്റവും ധീരമായ വിയോജനവിധിയുടെ പേരിൽ, ജനാധിപത്യത്തിന്റെയും പൗരാവകാശത്തിന്റെയും ഓരോ നീതിന്യായ പോരാട്ടത്തിലും ജസ്റ്റിസ് ഖന്ന ഓർമിക്കപ്പെടുന്നു.

ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമാണ് മതേതരത്വം എന്നുറപ്പിച്ചതടക്കമുള്ള അടിസ്ഥാന ഘടനാ പ്രമാണത്തിനെതിരെ സംഘപരിവാറിന്റെ ഫാഷിസ്റ്റ് ഭരണകൂടത്തിന് എതിർപ്പുണ്ടാകാതെ വയ്യ.

ഇന്ദിരാഗാന്ധി കേസിലും അടിസ്ഥാന ഘടനയിലേക്ക് കൂടുതൽ ഘടകങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടു. നിയമവാഴ്ച, സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ്, കോടതിയുടെ ഭരണഘടനാപരമായ സാധുത പരിശോധന, ആർട്ടിക്കിൾ 32 അനുസരിച്ചുള്ള കോടതിയുടെ അധികാരം എന്നിവയെല്ലാം അടിസ്ഥാന ഘടനയുടെ ഭാഗമായി. അതിനുശേഷമുള്ള കാലങ്ങളിൽ നിരവധി വിധികളിലൂടെ ഈ അടിസ്ഥാന ഘടനയിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടായിക്കൊണ്ടിരുന്നു.

സംഘ്​പരിവാർ കാലത്തെ കോടതി

ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകമാണ് മതേതരത്വം എന്നുറപ്പിച്ചതടക്കമുള്ള അടിസ്ഥാന ഘടനാ പ്രമാണത്തിനെതിരെ സംഘപരിവാറിന്റെ ഫാഷിസ്റ്റ് ഭരണകൂടത്തിന് എതിർപ്പുണ്ടാകാതെ വയ്യ. പാർലമെന്റിലെ ഭൂരിപക്ഷമുപയോഗിച്ച്​ ഇന്ത്യയുടെ മതേതര ഭരണഘടനാ റിപ്പബ്ലിക് എന്ന നിലയെ തകർക്കാനുള്ള നീക്കത്തിന് കേശവാനന്ദ മുതലുള്ള ഈ വിധിന്യായങ്ങൾ തടസം നിൽക്കുന്നു എന്നതുകൊണ്ടാണ് വൈസ് പ്രസിഡൻറ്​ അടക്കമുള്ള സംഘപരിവാർ കേന്ദ്രങ്ങൾ പരസ്യമായിത്തന്നെ അടിസ്ഥാന ഘടന പ്രമാണം മറികടക്കുന്നതിനുവേണ്ടി വാദിക്കുന്നത്.

എക്‌സിക്യൂട്ടീവിന് ന്യായാധിപന്മാർക്കുമുകളിൽ സമ്മർദ്ദം ചെലുത്താനുള്ള സാധ്യത ഇല്ലാതാക്കുകയാണ് ഭരണഘടനാ നിർമ്മാതാക്കൾ ചെയ്തത്.

ഇന്ദിരാഗാന്ധി കേസിനുശേഷം മറ്റു ചില ഭരണഘടനാ ഭേദഗതികൾ സുപ്രീം കോടതി ഭരണഘടനാവിരുദ്ധമാണെന്നുകണ്ട്​ റദ്ദാക്കിയിട്ടുണ്ട്. മിനർവ മിൽസ് (1980)-ൽ 42-ാം ഭേദഗതിയിൽ പാർലമെന്റിന്​ ഭേദഗതിക്കുള്ള പരമാധികാരം നൽകുന്നതും ഭരണഘടനാ ഭേദഗതികൾ ജുഡീഷ്യറിയുടെ പരിശോധനയ്ക്ക് വിധേയമാക്കരുത് എന്നതും കോടതി ഭരണഘടനാവിരുദ്ധമെന്ന് കാണിച്ച് റദ്ദാക്കി. മാർഗനിർദ്ദേശക തത്വങ്ങൾക്ക് മൗലികാവകാശങ്ങൾക്കുമുകളിൽ സ്ഥാനം നൽകുന്ന, അങ്ങനെ മൗലികാവകാശങ്ങൾക്കുമേൽ കൂടുതൽ നിയന്ത്രണാധികാരം ഭരണകൂടത്തിന് നൽകുന്ന 42-ാം ഭേദഗതിയിലെ വകുപ്പും കോടതി റദ്ദാക്കി. 1986-ലെ സാംബമൂർത്തി കേസിൽ ഹൈക്കോടതിയുടെ ഭരണഘടനാപരമായ പരിശോധനാധികാരം എടുത്തുകളഞ്ഞ 32-ാം ഭേദഗതി റദ്ദാക്കപ്പെട്ടു. നിയമങ്ങൾക്ക് ഭരണഘടനാ കോടതികളുടെ സാധുതാ പരിശോധനയിൽ നിന്ന്​ പരിരക്ഷ നൽകുന്ന ഭരണഘടനയുടെ ഒമ്പതാം പട്ടികയിൽപ്പെടുത്തിയാലും ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളെ ലംഘിക്കുന്നു എന്നുകണ്ടാൽ അവ റദ്ദാക്കണമെന്നും ഒമ്പതാം പട്ടികയിൽപ്പെടുത്തി എന്നുള്ളതുകൊണ്ട് ഒരു നിയമവും അത്തരത്തിലൊരു പരിശോധനയ്ക്ക് പുറത്താകുന്നില്ലെന്നും ഐ.ആർ. കൊയ്​ലോ (2007)-കേസിൽ സുപ്രീം കോടതി വിധിച്ചതോടെ ഭരണഘടനാ കോടതിയുടെ അടിസ്ഥാന ഘടന പരിശോധന ഏതാണ്ട് പൂർണമായ തോതിൽ രാജ്യത്തെ നിയമനിർമാണ സംവിധാനത്തിനുമുകളിൽ ഭരണഘടനയെ പ്രതിഷ്ഠിച്ചു.

ജുഡീഷ്യറിയുടെ ഈ സ്വതന്ത്രാധികാരത്തിന്റെയും ഭരണഘടനയുടെ അടിസ്ഥാന ഘടനയുടെ അലംഘ്യതയുമാണ് മോദി സർക്കാരിന്റെ സമഗ്രാധിപത്യ ഭരണകൂട പദ്ധതിയിലുള്ള ഒരു വലിയ തടസം. അടിസ്ഥാന ഘടനാ പ്രമാണം മാറ്റണമെങ്കിൽ തങ്ങൾക്കുവേണ്ട തരത്തിൽ അതിനെ മാറ്റിയെഴുതാനുള്ള ഒരു വിശാല ഭരണഘടനാ ബെഞ്ചിലേക്കുള്ള ന്യായാധിപന്മാർ സുപ്രീം കോടതിയിലെത്തണം. ഒപ്പം, വിശാലടിസ്ഥാനത്തിൽ രാജ്യത്തെ നീതിന്യായ സംവിധാനത്തെയാകെ തങ്ങളുടെ ഫാഷിസ്റ്റ്- കോർപ്പറേറ്റ് അജണ്ടയ്‌ക്കൊപ്പം നിരത്താൻ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ന്യായാധിപന്മാരെ നിയമിക്കാനുള്ള അധികാരം സർക്കാരിന്റെ കൈകളിലേക്കെത്തണം. അതിനുവേണ്ടിയാണ് ഇപ്പോൾ നിയമമന്ത്രി കിരൺ റിജ്ജുവടക്കമുള്ള സർക്കാർ സംവിധാനവും സംഘപരിവാറിന്റെ രാഷ്ട്രീയനേതൃത്വവും സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ന്യായാധിപരെ നിയമിക്കുന്ന കൊളീജിയം സംവിധാനത്തിനെതിരെ കടുത്ത എതിർപ്പ് പരസ്യമായുയർത്തുന്നത്.

ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് എങ്ങനെയാണ് ജുഡീഷ്യറിയെ സർക്കാരിന്റെ ഏറാന്മൂളികളാക്കി മാറ്റാൻ ശ്രമിച്ചതെന്ന് നമുക്കറിയാം. അന്ന്​ അതിന്​ ഒരു ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അജണ്ടയായിരുന്നില്ല, ഒരു സമഗ്രാധിപത്യ ഭരണകൂടത്തിന്റെ സ്വഭാവമായിരുന്നു.

പല ഘട്ടങ്ങളിലൂടെ, പല വ്യവഹാരങ്ങളിലൂടെയായാണ് ഇപ്പോൾ നിലവിലുള്ള കൊളീജിയം സംവിധാനം നിലവിൽ വന്നത്. സുപ്രീം കോടതി വിധികളിലൂടെ നിലവിൽ വന്ന സംവിധാനമാണിത്. എന്നാലത് പൂർണമായും ഭരണഘടനയുടെ പുറത്തുനിന്ന്​ കൊണ്ടുവന്നതല്ല. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് സങ്കൽചന്ദ് ഹിമ്മത്​ലാൽ സേഥ് (1977) കേസിൽ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ നടത്തിയതടക്കമുള്ള നിരവധി നിരീക്ഷണങ്ങളും പ്രഖ്യാപനങ്ങളും കോടതി വിധികളിലുണ്ട്. ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്തെ ജുഡീഷ്യറിയിൽ ഗവണ്മെൻറ്​ ഓഫ് ഇന്ത്യ ആക്റ്റ് 1935 അനുസരിച്ച് രാജാവിനിഷ്ടമുള്ള കാലമാണ് ന്യായാധിപന് തുടരാൻ കഴിയുക. അതായത്, സർക്കാരിന് ഇഷ്ടമുള്ള കാലത്തോളം. എന്നാൽ ഇന്ത്യൻ ഭരണഘടനയിൽ സർക്കാരിന്റെ ഇഷ്ടമെന്ന ആ പ്രമാണം ഒഴിവാക്കുകയും പകരം നിയതമായ ജനാധിപത്യ മാനദണ്ഡങ്ങൾ കൊണ്ടുവരികയും ചെയ്തു. ജുഡീഷ്യറിയുടെ സ്വതന്ത്രമായ പ്രവർത്തനം ഉറപ്പുവരുത്താനായിരുന്നു അത്. എക്‌സിക്യൂട്ടീവിന് ന്യായാധിപന്മാർക്കുമുകളിൽ സമ്മർദ്ദം ചെലുത്താനുള്ള സാധ്യത ഇല്ലാതാക്കുകയാണ് ഭരണഘടനാ നിർമ്മാതാക്കൾ ചെയ്തത്. ആർട്ടിക്കിളുകൾ 32, 226 എന്നിവ അനുസരിച്ച് ജുഡീഷ്യറിക്ക് ഭരണകൂടത്തിന്റെ നടപടികൾക്ക് മുകളിൽ പരിവസ്ഥാനാധികാരവും നൽകി. ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് എങ്ങനെയാണ് ഈ സംവിധാനത്തെ സർക്കാരിന്റെ ഏറാന്മൂളികളാക്കി മാറ്റാൻ ശ്രമിച്ചതെന്ന് നാം കണ്ടു. അന്ന്​ അതിന്​ ഒരു ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അജണ്ടയായിരുന്നില്ല, ഒരു സമഗ്രാധിപത്യ ഭരണകൂടത്തിന്റെ സ്വഭാവമായിരുന്നു. എന്നാലിന്ന് സംഘപരിവാർ അത്തരത്തിലൊരു ശ്രമം കൂടുതൽ ആസൂത്രിതമായി നടത്തുമ്പോൾ അതിനൊരു ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടം ഒരു ഹിന്ദുത്വ ഫാഷിസ്റ്റ് സമൂഹത്തെ സൃഷ്ടിക്കാനുള്ള രാഷ്ട്രീയപദ്ധതിയുമായി ബന്ധമുണ്ട് എന്ന് കാണാതിരുന്നുകൂടാ.

വി.ആർ. കൃഷ്ണയ്യർ

ന്യായാധിപന്മാരുടെ നിയമനാധികാരം പൂർണമായും എക്‌സിക്യൂട്ടീവിന്റെ കയ്യിലല്ല ഭരണഘടന ഏല്പിച്ചിരിക്കുന്നതെന്ന് ആർട്ടിക്കിൾ 124 (സുപ്രീം കോടതി), ആർട്ടിക്കിൾ 217 (ഹൈക്കോടതി) എന്നിവ വ്യാഖ്യാനിക്കവേ സുപ്രീം കോടതി സങ്കൽചന്ദ് കേസിൽത്തന്നെ പറഞ്ഞിരുന്നു. ന്യായാധിപന്മാരുടെ നിയമനത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായുള്ള ‘കൂടിയാലോചന' (Consultation) ചീഫ് ജസ്റ്റിസിന്റെ സമ്മതം എന്നല്ല എന്നും എന്നാൽ എല്ലാ അർത്ഥത്തിലും ചീഫ് ജസ്റ്റിസുമായുള്ള കൂടിയാലോചന കേന്ദ്ര സർക്കാർ കണക്കിലെടുക്കണമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് തന്റെ വിധിന്യായത്തിൽ എഴുതി. എക്സിക്യൂട്ടീവിന്റെ തിരഞ്ഞെടുപ്പിൽ മറ്റെന്തെങ്കിലും മാനദണ്ഡങ്ങൾ കടന്നുകൂടിയിട്ടുണ്ടോ എന്ന് പരിശോധിക്കാനും കോടതിക്ക് അവസരമുണ്ടാകണമെന്നും കോടതി പറഞ്ഞു.

കൊളീജിയം സംവിധാനം സർക്കാരിന്റെ നിർദ്ദേശങ്ങളെ വലിയ തോതിൽ ഇപ്പോഴും നിയമനക്കാര്യത്തിൽ അംഗീകരിക്കുന്നുണ്ടായിട്ടുപോലും പൂർണ നിയന്ത്രണമില്ലാത്ത സർക്കാരിനെ സംബന്ധിച്ച് പ്രശ്‌നമായിരുന്നു.

സുഭാഷ് ശർമ (1991) കേസിൽ ന്യായാധിപ നിയമനത്തിൽ ചീഫ് ജസ്റ്റിസിന്റെ പങ്ക് നിർണായകമാണെന്ന് കോടതി പറഞ്ഞു. 1991 എന്നാൽ ഇന്ത്യയിൽ കോൺഗ്രസിന്റെ ഏകക്ഷി ഭരണം കഴിഞ്ഞുപോയിക്കൊണ്ടിരുന്ന, കേന്ദ്ര സർക്കാർ താരതമ്യേന കൂടുതൽ ദുർബലമായ കാലം കൂടിയാണ്. ജുഡീഷ്യറി കൂടുതൽ സാമൂഹ്യമായ ഇടപെടൽത്വര പ്രകടിപ്പിക്കുകയും ചെയ്തുതുടങ്ങിയിരുന്നു. എസ്.പി. ഗുപ്ത (1981)-കേസിൽ ഹൈക്കോടതി ന്യായാധിപന്മാരുടെ പുനർവിന്യാസവും സ്ഥലംമാറ്റവും സംബന്ധിച്ച്​ നിയമന്ത്രാലയം ഇറക്കിയ ഒരു വിജ്ഞാപനത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത ഹർജി കോടതി തള്ളിയിരുന്നു. അന്നത്തെ വിധിയോട് സുഭാഷ് ചന്ദ്ര കേസിൽ സുപ്രീം കോടതി ഗൗരവമായ സന്ദേഹങ്ങളുയർത്തി. 1993-ൽ എസ്.സി അഡ്വക്കേറ്റ്‌സ് ഓൺ റെക്കോഡ് vs യൂണിയൻ ഓഫ് ഇന്ത്യ കേസിലാണ് ഇപ്പോൾ നിലവിലുള്ള കൊളീജിയം സംവിധാനം രൂപപ്പെടുന്നത്. എസ്. പി. ഗുപ്ത വിധിയെ മറികടന്ന ഈ വിധിയിൽ ന്യായാധിപ നിയമനത്തിനുള്ള അവസാന ശുപാർശയുടെ അധികാരം സുപ്രീം കോടതി ചീഫ് ജസ്റ്റിസും മുതിർന്ന മറ്റ് രണ്ടു ജസ്റ്റിസുമാരും അടങ്ങുന്ന കൊളീജിയത്തിന് നൽകി. ഹൈക്കോടതി ന്യായാധിപന്മാരുടെ നിയമനത്തിൽ അതാത് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റസുമാരുമായും കൂടിയാലോചന നടത്തണം.

എന്നാൽ പാർലമെന്റിന്റെ പരമാധികാരപ്രശ്‌നം അവസാനിച്ചിട്ടില്ലായിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനായി പ്രസിഡൻറ്​ ആർട്ടിക്കിൾ 143 അനുസരിച്ച് ആ വിഷയം (ആർട്ടിക്കിൾ 217 (1) ആർട്ടിക്കിൾ 222(1) ) സുപ്രീം കോടതിയുടെ പരിഗണനയ്ക്കയച്ചു. (Special Reference No 1 of 1998). ന്യായാധിപ നിയമനത്തിലെ കൂടിയാലോചനാ സംവിധാനത്തിന്റെ കൂടിയാലോചനയിലെ അഭിപ്രായം ഒരു കൂട്ടായ പ്രക്രിയയുടെ ഫലമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കൊളീജിയത്തിൽ മുതിർന്ന നാല് ന്യായാധിപന്മാർ എന്നാക്കി ഉയർത്തി, കൂടിയാലോചന എന്ന കാര്യത്തിൽ സുപ്രീം കോടതി ആ വിധിയിൽ കൂടുതൽ വൈപുല്യവും വ്യക്തതയും വരുത്തി.

കൊളീജിയം ശുപാർശയിൽ നിന്ന്​ തങ്ങളുടെ വരുതിയിൽ നിൽക്കില്ല എന്ന് കരുതുന്നവരെ നിയമിക്കാതിരിക്കാൻ ശുപാർശ പല തവണ മടക്കുകയും തീരുമാനമെടുക്കാതെ അനന്തമായി നീട്ടുകയുമൊക്കെ ചെയ്യുന്ന നടപടികളിലേക്കാണ് മോദി സർക്കാർ നീങ്ങിയത്

ഇതോടെ കേന്ദ്ര സർക്കാരിന് തങ്ങൾക്കിഷ്ടമുള്ളവരെ സുപ്രീം കോടതിയിലും ഹൈക്കോടതിയിലും യാതൊരു തടസ്സവുമില്ലാതെ നിയമിക്കാനുള്ള വഴിയിൽ വലിയൊരു പ്രതിബന്ധം നേരിട്ടു. കൊളീജിയം സംവിധാനം സർക്കാരിന്റെ നിർദ്ദേശങ്ങളെ വലിയ തോതിൽ ഇപ്പോഴും നിയമനക്കാര്യത്തിൽ അംഗീകരിക്കുന്നുണ്ടായിട്ടുപോലും പൂർണ നിയന്ത്രണമില്ലാത്ത സർക്കാരിനെ സംബന്ധിച്ച് പ്രശ്‌നമായിരുന്നു. പാർലമെന്റിന്റെയും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെയും അതുവഴി ജനങ്ങളുടെയും പരമാധികാരമാണ് നിയമനക്കാര്യത്തിൽ മുൻകൈ നേടേണ്ടത് എന്ന വാദമുയർത്തി യു.പി.എ സർക്കാർ കൊണ്ടുവരികയും ഒന്നാം മോദി സർക്കാർ പാർലമെന്റിൽ 99-ാം ഭേദഗതിയിലൂടെ National Judicial Appointments Act -2014 പാർലമെന്റിൽ നിയമമാക്കിയെടുക്കുകയും ചെയ്​തു. ഈ നിയമമനുസരിച്ച് ന്യായാധിപ നിയമനത്തിന് ഒരു ആറംഗ സമിതിക്ക് രൂപം കൊടുക്കും. അതിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസും രണ്ടു ജസ്റ്റിസുമാരും ഉണ്ടാകും. മറ്റു മൂന്നു പേരിൽ ഒരാൾ കേന്ദ്ര നിയമന്ത്രിയും മറ്റു രണ്ടു പേർ ‘പ്രമുഖ വ്യക്തികളുമാണ്'. അവരെ നിയമിക്കുന്നത് ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിയാകും. അവിടെയും പാർലമെന്റും എക്സിക്യൂട്ടീവും ജുഡീഷ്യറിയുടെ മുകളിലായി അധികാരം സ്ഥാപിച്ചു. മാത്രവുമല്ല, ഭേദഗതിയനുസരിച്ച് നിയമന പ്രക്രിയയിലും ബന്ധപ്പെട്ട വിഷയങ്ങളിലും എന്ത് തരത്തിലുള്ള മാറ്റങ്ങൾ വരുത്താനുള്ള നിയമനിര്മാണത്തിനും പാർലമെന്റിനു അധികാരമുണ്ടായിരിക്കും.

പ്രധാനമന്ത്രിക്കെതിരെയുള്ള കുറിപ്പും ലേഖനവും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചവരെയും സ്വവർഗ പങ്കാളിയുള്ളയാളെയുമൊക്കെ കൊളീജിയം ശുപാർശയിൽ നിന്നും അക്കാരണങ്ങൾ പറഞ്ഞുകൊണ്ടുതന്നെ ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാർ സമ്മർദ്ദം കൊളീജിയംതന്നെ പുറത്തുവിട്ടിരിക്കുകയാണ്.

ജുഡീഷ്യറിയുടെ സ്വതന്ത്രമായ പ്രവർത്തനത്തെ അതിന്റെ കടയ്ക്കൽ നിന്നും തകർക്കുന്ന ഒന്നായിരുന്നു ആ ഭേദഗതി. സ്വാഭാവികമായും ഇത് കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങളിലൊന്നായ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നു എന്നായിരുന്നു ഹർജിയിലെ പ്രധാന വാദം. ഇതംഗീകരിച്ച സുപ്രീം കോടതി ഭൂരിപക്ഷ വിധിയിൽ (4:1) 99-ാം ഭരണഘടനാ ഭേദഗതി റദ്ദാക്കി. ‘പ്രമുഖ വ്യക്തികളെ' ന്യായാധിപ നിയമനത്തിനുള്ള സമിതിയിൽ ഉൾപ്പെടുത്തുന്നതടക്കം സർക്കാരിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ ശരിയായിത്തന്നെ ദുരുദ്ദേശ്യം കണ്ടു സുപ്രീം കോടതി.

കൊളീജിയം ശുപാർശയിൽ നിന്ന്​ തങ്ങളുടെ വരുതിയിൽ നിൽക്കില്ല എന്ന് കരുതുന്നവരെ നിയമിക്കാതിരിക്കാൻ ശുപാർശ പല തവണ മടക്കുകയും തീരുമാനമെടുക്കാതെ അനന്തമായി നീട്ടുകയുമൊക്കെ ചെയ്യുന്ന നടപടികളിലേക്കാണ് മോദി സർക്കാർ തുടർന്നു നീങ്ങിയത്. The National Judicial Appointments Commission ( NJAC) നിയമം അംഗീകരിക്കപ്പെട്ടിരുന്നുവെങ്കിൽ രാജ്യത്തെ നീതിന്യായസംവിധാനത്തിൽ സംഘപരിവാർ എന്തായിരിക്കും ചെയ്തുവെച്ചിട്ടുണ്ടാകുക എന്നത് ആലോചിക്കാൻ പോലുമാകാത്തത്ര തെളിവുകൾ നമുക്ക് മുന്നിലുണ്ട്. ഏറ്റവും ഒടുവിലായി പ്രധാനമന്ത്രിക്കെതിരെയുള്ള കുറിപ്പും ലേഖനവും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചവരെയും സ്വവർഗ പങ്കാളിയുള്ളയാളെയുമൊക്കെ കൊളീജിയം ശുപാർശയിൽ നിന്നും അക്കാരണങ്ങൾ പറഞ്ഞുകൊണ്ടുതന്നെ ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാർ സമ്മർദ്ദം കൊളീജിയംതന്നെ പുറത്തുവിട്ടിരിക്കുകയാണ്. നിരന്തരമായി കൊളീജിയം സംവിധാനത്തിനെതിരെ പരസ്യമായി വെല്ലുവിളിയുയർത്തുന്ന കേന്ദ്ര നിയമമന്ത്രി ഏതുതരത്തിലുള്ള ഭരണഘടനാ ഔചിത്യമാണ് പാലിക്കുന്നതെന്ന് സുപ്രീം കോടതിക്ക് ചോദിക്കേണ്ടിവരുന്നു.

ആർ.ബി. ശ്രീകുമാർ, സഞ്ജീവ് ഭട്ട്, ടീസ്റ്റ സെത്തൽവാദ്

ജസ്റ്റിസ് അകിൽ ഖുറേഷിയെ മധ്യ പ്രദേശ് ചീഫ് ജസ്റ്റിസ് ആയി നിയമിക്കാനും അദ്ദേഹത്തെ സുപ്രീം കോടതിയിലേക്ക് കൊണ്ടുവരാനുമുള്ള ശ്രമങ്ങളെ ബി.ജെ.പിയുടെ നേതാക്കൾക്കെതിരായ വിധികളുടെയും മുസ്​ലിം വിരോധത്തിന്റെയും കാരണങ്ങളാൽ പല തരത്തിൽ കേന്ദ്ര സർക്കാർ തടഞ്ഞു. ഗുജറാത്ത്​ ഹൈക്കോടതി ന്യായാധിപനായിരിക്കെ 2010-ൽ ഷൊഹ്റാബുദ്ദീൻ ഷേഖ് വ്യാജ ഏറ്റുമുട്ടൽ കൊലപാതക്കേസിൽ ഇന്നത്തെ ആഭ്യന്തര മന്ത്രി അമിത് ഷായെ പോലീസ് കസ്റ്റഡിയിൽ വിട്ടത് അകിൽ ഖുറേഷിയാണ് എന്നത് ഒപ്പം ഓർക്കേണ്ടതാണ്.

ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം എന്നത് ജനാധിപത്യത്തിന്റെ ഏറ്റവും നിർണായകമായ ഘടകമാണ്. തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന ഭൂരിപക്ഷ സമഗ്രാധിപത്യം രാജ്യത്തിന്റെ മതേതര ജനാധിപത്യ ഭരണഘടനയെ അട്ടിമറിക്കുന്നതിനുള്ള എല്ലാ സാധ്യതകളും സന്ദേഹങ്ങൾക്കിടമില്ലാത്ത വിധത്തിൽ പ്രദർശിപ്പിക്കുന്ന ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ ഭരണകാലത്ത് ജുഡീഷ്യറിയുടെ പ്രവർത്തന സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ടതുണ്ട്. കൊളീജിയം സംവിധാനം പല പോരായ്മകളുമുള്ളതാണ്. നിയമനങ്ങളിലെയും ശുപാർശകളിലെയും അതാര്യത, സംവരണമടക്കമുള്ള സാമൂഹ്യനീതി സംവിധാനത്തോടുള്ള അവഗണന തുടങ്ങിയ പലതും തിരുത്തപ്പെടേണ്ടതായിട്ടുണ്ട്. എന്നാൽ എക്‌സിക്യൂട്ടീവിന് ജുഡീഷ്യറിക്കുമേൽ നിയന്ത്രണം നൽകുന്നൊരു സംവിധാനം ഇന്ത്യയിൽ എത്ര മാത്രം അപകടകരമായിരിക്കുമെന്ന തിരിച്ചറിവ് NJAC നിയമത്തിനുവേണ്ടി അന്ന് വാദിച്ചിരുന്ന മതേതര, ഇടതു കക്ഷികൾക്ക് ഇപ്പോൾ ബോധ്യമായിരിക്കണം.

ജുഡീഷ്യറിയുടെ കാര്യത്തിൽ പൊതു സമൂഹത്തിന്റെ വലിയ സമരങ്ങളുണ്ടാക്കാൻ പാകത്തിലുള്ള സുതാര്യത ആ വിഷയത്തിലില്ല എന്നതുകൊണ്ടുതന്നെ അതിശക്തമായാണ് മോദി സർക്കാർ ജുഡീഷ്യറിക്കെതിരായ ആക്രമണം നടത്തുന്നത്.

രണ്ടു പ്രധാന കടമ്പകളാണ് സംഘപരിവാറിന്റെ ഹിന്ദുത്വ- ഫാഷിസ്റ്റ് ഭരണകൂടത്തിന് ഈ ജനാധിപത്യത്തെ തകർക്കാനായി ഇനി കടക്കാനുള്ളത്. അതിലൊന്ന് ജുഡീഷ്യറിയും മറ്റൊന്ന് നാമമാത്രമെങ്കിലും നിലനിൽക്കുന്ന ഫെഡറൽ സംവിധാനവുമാണ്. ആ ഫെഡറൽ സംവിധാനത്തിനെതിരായ നീക്കം ‘ഹിന്ദി- പശു’ പ്രദേശമൊഴികെയുള്ള ഇന്ത്യയിൽ വലിയ പ്രതിഷേധമുണ്ടാക്കും എന്നതുകൊണ്ടുതന്നെ അക്കാര്യത്തിൽ എടുത്തുചാടാൻ സംഘപരിവാർ തയ്യാറല്ല. ജുഡീഷ്യറിയുടെ കാര്യത്തിൽ പൊതു സമൂഹത്തിന്റെ വലിയ സമരങ്ങളുണ്ടാക്കാൻ പാകത്തിലുള്ള സുതാര്യത ആ വിഷയത്തിലില്ല എന്നതുകൊണ്ടുതന്നെ അതിശക്തമായാണ് മോദി സർക്കാർ ജുഡീഷ്യറിക്കെതിരായ ആക്രമണം നടത്തുന്നത്. ഭരണഘടനയുടെ അടിസ്ഥാന ഘടന പ്രമാണവും ജഡീഷ്യറിയുടെ സ്വാതന്ത്ര്യവുമാണ് അക്കാര്യത്തിൽ കോടതികളുടെ ഭാഗത്തുനിന്നും മോദി സർക്കാരിനും സംഘ്പരിവാറിനും നേരിടേണ്ടി വരുന്ന ഏറ്റവും വലിയ പ്രതിബന്ധം. ന്യായാധിപന്മാരെ തെരഞ്ഞെടുക്കുന്ന സമിതിയുണ്ടാക്കി അതിൽ സർക്കാരിന് പ്രാതിനിധ്യം നല്കണമെന്ന ആവശ്യമുന്നയിച്ച് നിയമമന്ത്രി ചീഫ് ജസ്റ്റിസിന് കത്തയച്ചത് ഇക്കാര്യത്തിൽ കൃത്യമായ പ്രവർത്തനപദ്ധതി മോദി സർക്കാർ ഉണ്ടാക്കിയെന്നതിന്റെ സൂചന കൂടിയാണ്.

സാകിയ ജെഫ്രി കേസിൽ ടീസ്റ്റ സെതൽവാദിനെയും ആർ.ബി. ശ്രീകുമാറിനേയും സഞ്ജീവ് ഭട്ടിനെയും പരാതിക്കാരിക്കൊപ്പം നിന്നതിന് അറസ്റ്റ് ചെയ്യാനും തടവിലിടാനും പാകത്തിൽ വിധിയിൽ എഴുതിവെച്ച , ആദിവാസികളെ കൊല്ലുകയും ഭീകരമായ പീഡനങ്ങൾക്കിരയാക്കുകയും ചെയ്ത സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ഹർജിയുമായെത്തിയ ഹിമാൻഷു കുമാറിനെതിരെയാണ് അന്വേഷണം നടത്തേണ്ടതെന്ന് വിധിച്ച ന്യായാധിപന്മാർ സുപ്രീം കോടതിയിലുണ്ടായി. ഭരണഘടനക്കുമേൽ ഹിന്ദുത്വ ഫാഷിസവും അതിന്റെ സമഗ്രാധിപത്യ ഭരണകൂടവും ആധിപത്യം നേടുന്നതോടെ ഇന്ത്യ അവസാനിക്കും. അതിന്റെ വിധിപ്രസ്താവങ്ങൾ ഭരണഘടനാ കോടതിയിൽ നിന്നുമുയരാൻ അനുവദിക്കാതിരിക്കുക എന്നതൊരു രാഷ്ട്രീയ സമരമാണ്. അത് കോടതിക്ക് പുറത്തു നടന്നാൽ മാത്രമേ അകത്തു കേൾക്കൂ. ▮

Comments