മോത്തിലാൽ നെഹ്റുവും കുടുംബവും, 1920-ന്റെ അവസാനത്തിൽ.

ആനന്ദ് ഭവനിൽനിന്ന്
സ്വരാജ് ഭവനിലേക്ക്:
ഒരു വീടിന്റെ
രാഷ്ട്രീയ പ്രഖ്യാപനം

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ കോൺഗ്രസിന്റെയും ദേശീയപ്രസ്ഥാനത്തിന്റെയും കേന്ദ്രമായി പ്രവർത്തിച്ച ആനന്ദ് ഭവന്റെ രാഷ്ട്രീയപ്രാധാന്യത്തെക്കുറിച്ച് എഴുതുന്നു ഡോ. നിസാർ കിഴക്കയിൽ.

ന്ത്യയുടെ ആധുനിക രാഷ്ട്രീയ- സാമൂഹ്യ ചരിത്രത്തിൽ ചില വീടുകൾ പ്രധാന പങ്കു വഹിച്ചവയാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ മണിഭവനെ പോലെ കോൺഗ്രസിന്റെയും ദേശീയപ്രസ്ഥാനത്തിന്റെയും കേന്ദ്രമായി പ്രവർത്തിച്ച വീടായിരുന്നു ആനന്ദ് ഭവൻ.

മണിഭവൻ ഗാന്ധിജിയുടെ ബോംബയിലെ താമസസ്ഥലമായിരുന്നെങ്കിൽ ആനന്ദ് ഭവൻ നെഹ്‌റുവിന്റെ കുടുംബ വീടായിരുന്നു. ടാഗോറിന്റെ കുടുംബവസതിയായിരുന്ന ജോരാസങ്കോ താക്കൂർ ബാരിക്ക് ബംഗാൾ നവോത്ഥാനവുമായി ആഴത്തിൽ ബന്ധമുണ്ട്. രാജഗോപാലചാരിയുടെ മദ്രാസിലെ ബസലുല്ല റോഡിലെ വീട് (48 Bazalulla Road) തെക്കെ ഇന്ത്യയിലെ ദേശീയ സമരത്തിന്റെയും കോൺഗ്രസിന്റെയും കേന്ദ്രമായിരുന്നു. മിതവാദി കൃഷ്ണന്റെ ലക്ഷ്മിവിലാസം വീടും പറൻ സ്‌ക്വയറും കോഴിക്കോട്ടെ പൊതുകൂടിച്ചേരലുകളുടെ കേന്ദ്രമായിരുന്നു.

വായനശാലകളും കോഫി ഹൗസുകളും ക്ലബുകളും ചരിത്രരചനയുടെ ഭാഗമായിട്ടുണ്ടെങ്കിലും എതെങ്കിലും വീടുകൾ ചരിത്രപരമായ പഠനങ്ങൾക്കു വിധേയമായതായി അധികം കാണാൻ കഴിയുന്നില്ല. ലഭ്യമായ പഠനങ്ങളിൽ കുടുതലും വീടുകളുടെ വാസ്തുശില്പമാതൃകകളെകുറിച്ചുള്ളതോ അല്ലെങ്കിൽ രൂപകല്പന സംബന്ധിച്ചുള്ളതോ ആണ്. കുടുംബചരിത്രം എഴുതുന്നത് വികസിച്ചു വന്നിട്ടുണ്ടെങ്കിലും വംശാവലിയിലൂന്നിയുള്ള പഠനങ്ങളാണ് കൂടുതലും കാണാൻ കഴിയുന്നത്. വീട് വ്യക്തിപരവും കുടുംബപരവും അതുപോലെ സാംസ്കാരികവും രാഷ്ട്രീയവുമായി ബന്ധപ്പെട്ടു കിടക്കുന്ന സ്ഥലമാണ്. അലഹബാദിനെ പോലെ ചരിത്രപ്രധാനമായ നഗരത്തിൽ ആനന്ദ് ഭവനെന്ന വീട് ദേശീയ സമരത്തിന്റെ കേന്ദ്രമായി മാറിയതും പിന്നീട് അതിന്റെ പുനർനാമകരണവും അതുമായി ബന്ധപ്പെട്ടു നടത്തിയ ഉടമ്പടിയും (deed) ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിന്റെ ഭാഗമാണ്.

വിദേശ വിദ്യാഭ്യാസവും നീണ്ട ജയിൽവാസവും മാറ്റിനിർത്തിയാൽ 11-ാമത്തെ വയസ്സു മുതൽ ദൽഹിയിലേക്ക് താമസം മാറുന്ന 1946 വരെ നെഹ്റുവിന്റെ താമസം ആനന്ദ് ഭവനിൽ തന്നെയായിരുന്നു.

20,000 രൂപയ്ക്ക് വാങ്ങിയ വീട്

1898- ൽ മോത്തിലാൽ നെഹ്‌റു അലഹബാദിൽ വാങ്ങിച്ച ബംഗ്ലാവാണ് പിന്നീട് നവീകരണത്തിനു ശേഷം "ആനന്ദ് ഭവൻ" (Abode of happiness) എന്ന പേരിലറിയപ്പെട്ടത്. ചർച്ച് റോഡിലെ 20 ഏക്കർ ഭൂമിയും അതിലുള്ള വലിയ ബംഗ്ലാവും 20,000 രൂപ കൊടുത്താണ് 37-ാം വയസ്സിൽ മോത്തിലാൽ വാങ്ങിക്കുന്നത്. അലഹബാദ് ഹൈക്കോടതിയോടും ഗവണ്മെന്റ് ഹൗസിനോടും അടുത്തായിരുന്നു ഈ ബംഗ്ലാവ്.

1857-ലെ പ്രക്ഷോഭത്തിലുണ്ടായ നഷ്ടങ്ങൾക്ക് പരിഹാരമായി ഷൈഖ് ഫയ്യാസ് അലിക്ക് ബ്രിട്ടീഷുകാർ കൊടുത്ത സ്ഥലത്താണ് ഈയൊരു കെട്ടിടം നിർമിച്ചതെന്ന് കരുതപ്പെടുന്നു. ഈ കുടുംബത്തിൽനിന്ന് 9,000 രൂപയ്ക്കാണ് സർ സയ്യിദ് അഹ്മദ് ഖാന്റെ മകൻ സയ്യിദ് മഹ്മൂദ് ഈ കെട്ടിടം 1888-ൽ വാങ്ങുന്നത്. തുടർന്ന് "മഹ്മൂദ് മൻസിൽ" എന്ന് ഈ വീട് അറിയപ്പെട്ടു. 1894- നു ശേഷം ഈ ബംഗ്ളാവ് മൊറാദാബാദിലെ രാജ ജൈകിഷൻ ദാസിന്റെ കുടുംബത്തിന്റെ കൈവശമായിരുന്നു. രാജ ജൈകിഷനിൽ നിന്നാണ് മോത്തിലാൽ ഈ വീട് വാങ്ങിക്കുന്നത്.

വിദേശ വിദ്യാഭ്യാസവും നീണ്ട ജയിൽവാസവും മാറ്റിനിർത്തിയാൽ 11-ാമത്തെ വയസ്സു മുതൽ ദൽഹിയിലേക്ക് താമസം മാറുന്ന 1946 വരെ നെഹ്റുവിന്റെ താമസം ആനന്ദ് ഭവനിൽ തന്നെയായിരുന്നു. ആനന്ദ് ഭവനിലേക്ക് താമസം മാറുന്നതിനുമുമ്പ് അലഹബാദിന്റെ ഹൃദയ ഭാഗത്തായിരുന്ന മിർ ഗഞ്ചിലും പിന്നീട് സിവിൽ ലൈൻസിലുമായിരുന്നു നെഹ്‌റു കുടുംബം താമസിച്ചിരുന്നത്. ജവഹർ ജനിച്ചതും കുറച്ചുകാലം താമസിച്ചതും മിർ ഗഞ്ചിലെ വീട്ടിലായിരുന്നു.

അഭിഭാഷകനായിരുന്ന മോത്തിലാലാണ് നെഹ്‌റു കുടുംബത്തിന്റെ കേന്ദ്രമായി അലഹബാദിനെ മാറ്റുന്നത്. കൂട്ടുകുടുംബമായി ജീവിച്ച മോത്തിലാൽ തന്റെ വലിയ കുടുംബത്തിന് ഒരുമിച്ച് ജീവിക്കാനും തന്റെ പദവിക്കൊത്ത വീടുമായാണ് ആനന്ദ് ഭവനെ കണ്ടത്. നീണ്ട കാലത്തെ പ്രയാസകരമായ ജീവിതത്തിനുശേഷം മോത്തിലാലിലൂടെ നെഹ്‌റു കുടുംബം പ്രശസ്തിയിലേക്കും സമ്പന്നതയിലേക്കും വന്നതിന്റെ ഭാഗമായാണ് പുതുതായി വാങ്ങിച്ച ബംഗ്ലാവിനു ആനന്ദ് ഭവൻ എന്ന പേര് നൽകുന്നത്. പ്രമുഖരായ പല ഭൂവുടമകളും രാജകുടുംബാംഗങ്ങളും കേസുകളുമായി ബന്ധപ്പെട്ട് ആനന്ദ് ഭവൻ സന്ദർശിക്കുന്നത് ഇക്കാലത്ത് പതിവു കാഴ്ചയായിരുന്നു.

മോത്തിലാൽ നെഹ്റു 1898 ൽ വാങ്ങിയ വിക്ടോറിയൽ ശൈലിയിലുള്ള ഈ ബംഗ്ലാവാണ് പിന്നീട് ആനന്ദ് ഭവൻ ആയി മാറിയത്. 1930-ൽ സ്വരാജ് ഭവൻ എന്ന് പേരിടുകയും ചെയ്തു.
മോത്തിലാൽ നെഹ്റു 1898 ൽ വാങ്ങിയ വിക്ടോറിയൽ ശൈലിയിലുള്ള ഈ ബംഗ്ലാവാണ് പിന്നീട് ആനന്ദ് ഭവൻ ആയി മാറിയത്. 1930-ൽ സ്വരാജ് ഭവൻ എന്ന് പേരിടുകയും ചെയ്തു.

നെഹ്റുവിന്റെ പാഠശാല

കുട്ടിക്കാലവുമായി ബന്ധപ്പെട്ടാണ് ജവഹറിന്റെ ആനന്ദ് ഭവൻ ഓർമ്മകൾ തുടങ്ങുന്നത്. അദ്ദേഹം ആത്മകഥയിൽ ഇങ്ങനെ എഴുതുന്നുണ്ട്: When I was ten years old we changed over to a new and much bigger house which my father named 'Anand Bhawan'. This house had a big garden and swimming pool and I was full of excitement at the fresh discoveries I was continuously making.

വൈകാതെ ആനന്ദ് ഭവൻ നെഹ്റുവിന്റെ പാഠശാലയായി. യൂറോപ്യൻ ട്യൂട്ടറായിരുന്ന ഫെർഡിനന്റ് ബ്രൂക്ക്സ് എന്ന തിയോസഫിസ്റ്റായിരുന്നു നെഹ്‌റുവിനെ 1902-04 വർഷങ്ങളിൽ ആനന്ദ് ഭവനിൽവച്ച് അക്ഷരാഭ്യാസം നൽകുന്നത്. ഇക്കാലത്ത് കുടുംബത്തിലെ ചെറുപ്പക്കാരായ അടുത്ത ബന്ധുക്കൾ വിദ്യാഭ്യാസത്തിന് പുറത്തുപോകാൻ തുടങ്ങുകയും ക്രമേണ സ്വന്തമായി വീടുവെക്കാൻ തുടങ്ങുകയും ചെയ്തു. കൂട്ടുകുടുംബമായി ജീവിച്ച മോത്തിലാൽ ചെറിയ കുടുംബമായി ജീവിക്കാൻ തുടങ്ങുകയാണ്.

1899, 1900, 1905, 1909 വർഷങ്ങളിൽ മോത്തിലാൽ നടത്തിയ വിദേശയാത്രകളിൽ നല്ലൊരു സമയവും ആനന്ദ് ഭവനിലേക്കുള്ള ഫർണിച്ചറും അതുപോലെ മറ്റു ഫിറ്റിങ്ങ്സും വാങ്ങിക്കാനാണ് ചെലവഴിച്ചതെന്നു അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ ബി. ആർ. നന്ദ എഴുതുന്നുണ്ട്.

ആനന്ദ് ഭവനിലെ ഹോം ട്യൂട്ടോറിയൽ അവസാനിപ്പിച്ച് 1905- ന്റെ പകുതിയോടെ ജവഹർ ഇംഗ്ലണ്ടിലെ ഹാരോയിൽ പഠനത്തിന് ചേർന്നു. സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട യൂറോപ്യൻ യാത്ര കഴിഞ്ഞ് ഇന്ത്യയിലെത്തിയ മോത്തിലാൽ 1905 നവംബർ 6 ന് ജവഹറിന് ഇങ്ങനെ എഴുതുന്നുണ്ട്: Here we are at last, but somehow or other Anand Bhawan does not appear to be so full of Anand as it used to be. There is something wanting and that something must necessarily be yourself...

1905 നവംബറിൽ മോത്തിലാലിനും സ്വരൂപ് റാണിക്കും ഒരു ആൺകുട്ടി പിറക്കുകയും ആഴ്ചകൾക്കുള്ളിൽ മരിക്കുകയും ചെയ്തു. തൊട്ടടുത്ത വർഷം ആനന്ദ് ഭവന്റെ വിൽപ്പനയുമായി ബന്ധപ്പെട്ട ചർച്ചകളും നടക്കുന്നുണ്ട്. എന്നാൽ സ്വരൂപ് റാണിയും ജവഹറും അതിനെ ശക്തമായി എതിർക്കുന്നതും കാണാം. പിന്നീട് മോത്തിലാൽ ഈ ആലോചനയിൽ നിന്ന് പിന്മാറുന്നതും ആനന്ദ് ഭവൻ കൂടുതൽ മോടിപിടിപ്പിക്കുന്നതായും കാണാം.

 മോത്തിലാൽ നെഹ്റു മകൻ ജവഹർ ലാലിനും മറ്റു സഹോദര പുത്രന്മാർക്കുമൊപ്പം.
മോത്തിലാൽ നെഹ്റു മകൻ ജവഹർ ലാലിനും മറ്റു സഹോദര പുത്രന്മാർക്കുമൊപ്പം.

ആഢംബര ഭവൻ

1899, 1900, 1905, 1909 വർഷങ്ങളിൽ മോത്തിലാൽ നടത്തിയ വിദേശയാത്രകളിൽ നല്ലൊരു സമയവും ആനന്ദ് ഭവനിലേക്കുള്ള ഫർണിച്ചറും അതുപോലെ മറ്റു ഫിറ്റിങ്ങ്സും വാങ്ങിക്കാനാണ് ചെലവഴിച്ചതെന്നു അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ ബി. ആർ. നന്ദ എഴുതുന്നുണ്ട്. സമ്പന്നതയിൽ ജീവിക്കുമ്പോൾ തന്നെ കർക്കശമായ സാമ്പത്തിക അച്ചടക്കവും ആനന്ദ് ഭവനിൽ പാലിച്ചിരുന്നു. എങ്കിലും ആനന്ദ് ഭവന്റെ കാര്യത്തിൽ യാതൊരു കുറവും വരുത്താൻ മോത്തിലാൽ തയ്യാറായിരുന്നില്ല. 1905-ൽ ആനന്ദ് ഭവൻ വൈദ്യുതീകരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ആനന്ദ് ഭവനിലായിരുന്നു അലഹബാദിൽ ആദ്യമായി മോട്ടോർ കാർ എത്തുന്നത്. യൂറോപ്യൻ ഫർണിച്ചർ, പേർഷ്യൻ കാർപെറ്റുകൾ, വെനീഷ്യൻ പാത്രങ്ങൾ തുടങ്ങിയവയെല്ലാം അവിടെ എത്തിച്ചിരുന്നു. കൊളോണിയൽ സൗന്ദര്യബോധത്തിന്റെ സ്വാധീനം വീടിന്റെ അലങ്കാരപണികളിൽ മാത്രമല്ല, ഒരു ഉദ്യാനം രൂപപ്പെടുത്തുന്നതിലും മോത്തിലാൽ കൃത്യമായി പ്രകടിപ്പിക്കുന്നുണ്ട്. ആനന്ദ് ഭവൻ ഇന്ത്യൻ- പാശ്ചാത്യ ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. ഇന്ത്യൻ അടുക്കളയോടൊപ്പം ഇംഗ്ലീഷ് അടുക്കളയും അവിടെയുണ്ടായിരുന്നു. ഇംഗ്ലണ്ടിലെ ഉന്നത പ്രഭുക്കന്മാരുടെ ഉടമസ്ഥതയിലുള്ള ആഡംബരപൂർണ്ണമായ കൺട്രി ഹൗസുകളെ പോലെയായിരുന്നു ആനന്ദ് ഭവനെന്ന് സി. എഫ്. ആൻഡ്രൂസ് എഴുതുന്നുണ്ട്.

അലഹബാദിലെ സിൻക്രെറ്റിക് (syncretic) സംസ്കാരത്തിന്റെ ഉത്പന്നമായിരുന്നു മോത്തിലാൽ. ഹിന്ദുസ്ഥാനി അല്ലെങ്കിൽ ഹിന്ദി- ഉറുദു ആയിരുന്നു അവിടെ സംസാരിച്ചിരുന്നത്. ഒരുതരത്തിലുള്ള മതപരമായ വിദ്യാഭ്യാസവും ആനന്ദ് ഭവനിൽ അവിടുത്തെ കുട്ടികൾക്ക് കൊടുത്തതായി കാണുന്നില്ല. പലവിധ കാഴ്ചപ്പാടുകൾ അവിടെ ചർച്ച ചെയ്യുകയും ബഹുസ്വരതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അമ്മയിൽ നിന്നും അടുത്ത ബന്ധുക്കളിൽ നിന്നും മനസ്സിലാക്കിയ രാമായണ, മഹാഭാരത ഐതിഹ്യങ്ങളായിരുന്നു ആകെയുള്ള മതപരമായ പഠനങ്ങളെന്നു ജവഹർ ആത്മകഥയിൽ എഴുതുന്നുണ്ട്. തുടർന്ന് അദ്ദേഹം ഇങ്ങനെ എഴുതുന്നു: Of religion I had very hazy notions. It seemed to be a woman's affair. Father and my older cousins treated the questions harmoniously and refused to take it seriously. The women of the family indulged in various ceremonies and pujas from time to time and I rather enjoyed them...

ഒരുതരത്തിലുള്ള മതപരമായ വിദ്യാഭ്യാസവും ആനന്ദ് ഭവനിൽ അവിടുത്തെ കുട്ടികൾക്ക് കൊടുത്തതായി കാണുന്നില്ല. പലവിധ കാഴ്ചപ്പാടുകൾ അവിടെ ചർച്ച ചെയ്യുകയും ബഹുസ്വരതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

അതേസമയം രസതന്ത്രവും ബൗദ്ധികശാസ്ത്രവും പഠിക്കാനായി ചെറിയൊരു പരീക്ഷണശാല ആനന്ദ് ഭവനിൽ തയ്യാറാക്കിയിരുന്നതായി ജവഹർ സൂചിപ്പിക്കുന്നുണ്ട്. ആധുനിക വിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള ശാസ്ത്രപഠനത്തിനുള്ള സൗകര്യങ്ങൾ വീട്ടിൽ തന്നെ ഒരുക്കുക എന്നത് അക്കാലത്ത് അപൂർവമായിരുന്നു. 1927 സെപ്‌റ്റംബർ 5 നു മോത്തിലാൽ സ്വരൂപ് റാണിക്കയച്ച കത്തിൽ ഇങ്ങനെ പറയുന്നുണ്ട്: You can undertake whatever pilgrimage you want to. You are wrong that I will be displeased. In fact, I help people monetarily for undertaking Haj and pilgrimage, although I myself neither perform Haj nor pilgrimage. But I know that all are not like me nor can they be...
ഒരു ലിബറൽ കുടുംബം / വീട് മോത്തിലാൽ പടിപടിയായി രൂപപ്പെടുത്തിയെടുക്കുകയായിരുന്നു.

പ്രമുഖ അഭിഭാഷകനും വിദേശ വിദ്യാഭ്യാസം നേടുന്ന മകന്റെയും സഹോദരപുത്രന്മാരുടെയും രക്ഷിതാവുമെന്ന ഇമേജായിരുന്നു മോത്തിലാൽ ആദ്യകാലത്ത് ആനന്ദ് ഭവനിൽ നിലനിർത്തിയിരുന്നത്. ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം കത്തുകൾ വഴി വിശദമായി പങ്കുവെക്കുകയും അതുവഴി ജവഹറിന്റെ ബൗദ്ധിക വീക്ഷണത്തെ രൂപപ്പെടുത്തിയെടുക്കുകയും ചെയ്തു. 1907- ൽ രണ്ടാമത്തെ മകളായ കൃഷ്ണയെ പ്രസവിച്ചതിനെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങൾ കാരണം ആനന്ദ് ഭവനിൽ നിന്ന് സ്വരൂപ് റാണിയെ പലപ്പോഴും ഹിൽ സ്റ്റേഷനുകളിലേക്ക് യാത്ര പോവാൻ നിർബന്ധിതയാക്കിയിരുന്നു. ഇക്കാലത്തു മോത്തിലാൽ ആസ്ത്മയുടെ പ്രയാസങ്ങൾ വലിയ തോതിൽ അനുഭവിക്കുന്നുണ്ട്. ആനന്ദ് ഭവനും ഏതെങ്കിലും ഹിൽ സ്റ്റേഷനിലുമായിട്ടായിരുന്നു നെഹ്‌റു കുടുംബം ഇക്കാലത്തു ജീവിച്ചുകൊണ്ടിരുന്നത്. രോഗവും ചികിത്സയും അതോടൊപ്പം വിശ്രമത്തിനുമായി കുടുംബത്തിന്റെയും പരിചാരകരുടേയും ഹിൽ സ്റ്റേഷനുകളിലേക്കുള്ള യാത്രകളും ആനന്ദ് ഭവനിലെ പ്രധന ചർച്ചാവിഷയമായി മാറുകയും ചെയ്തു.

മോത്തിലാൽ നെഹ്റു കുടുംബത്തോടപ്പം 20-ാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ.
മോത്തിലാൽ നെഹ്റു കുടുംബത്തോടപ്പം 20-ാം നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ.

ആനന്ദ് ഭവൻ തുറന്നുകൊടുക്കുന്നു

കോൺഗ്രസിനകത്തെ "മിതവാദി" (Modarate), "തീവ്രവാദി" (Extrimist) ഗ്രൂപ്പുകളുടെ സ്വഭാവങ്ങളായിരുന്നു ആനന്ദ് ഭവനിലേക്ക് താമസം മാറിയപ്പോൾ മോത്തിലാലിന്റെ ശ്രദ്ധ പ്രധാനമായും ആകർഷിച്ചത്. 1907 മുതൽ ജവഹറിനയക്കുന്ന കത്തുകളിൽ കോൺഗ്രസ്സിനകത്തു രൂപം കൊള്ളുന്ന വൈരുധ്യങ്ങൾ പങ്കുവയ്ക്കുന്നതോടൊപ്പം തന്റെ കാഴ്ചപ്പാടുകൾ വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. അതോടൊപ്പം, അക്കാലത്തെ പ്രസിദ്ധീകരണങ്ങളിൽ രാഷ്ട്രീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ലേഖനങ്ങൾ എഴുതുകയും കോൺഗ്രസ് സമ്മേളനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. 1910- ൽ മോത്തിലാൽ പ്രൊവിൻഷ്യൽ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് തിരഞ്ഞടുക്കപ്പെട്ടു. ക്രമേണ അഭിഭാഷകരായിരുന്ന തേജ് ബഹദൂർ സപ്രുവിന്റേയും മോത്തിലാലിന്റെയും വീടുകളും മദൻ മോഹൻ മാളവ്യയുടെ ഭാരതി ഭവൻ ഗ്രന്ഥാലയവും അലഹബാദിലെ കോൺഗ്രസ് പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളാവുകയും ചെയ്തു.

കോൺഗ്രസിന്റെ 25-ാം വാർഷിക സമ്മേളനം 1910 ഡിസംബറിൽ അലഹബാദിലാണ് നടന്നത്. മോത്തിലാൽ പ്രധാന സംഘാടകനായ സമ്മേളനം കൂടിയായിരുന്നു ഇത്. സമ്മേളനവുമായി ബന്ധപ്പെട്ട് ആനന്ദ് ഭവൻ പ്രതിനിധികൾക്കും പ്രവർത്തകർക്കുമായി തുറന്നുകൊടുത്തു. ആദ്യമായിട്ടാണ് ആനന്ദ് ഭവൻ കോൺഗ്രസ് പരിപാടിക്ക് വിപുലമായ രീതിയിൽ കേന്ദ്രമാകുന്നത്. കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും ആ വർഷത്തെ സമ്മേളന അധ്യക്ഷനുമായിരുന്ന സർ ഡബ്ലിയു. വെഡ്ർബണും അദ്ദേഹത്തിന്റെ സംഘവും ആനന്ദ് ഭവനിലായിരുന്നു താമസിച്ചത്. 1911 ജനുവരിയിൽ ഗ്വാളിയർ രാജാവും അദ്ദേഹത്തിന്റെ കുടുംബവും നാല്പതോളം സ്റ്റാഫും ആനന്ദ് ഭവനിൽ അത്താഴത്തിന് എത്തിച്ചേരുന്നതായും കാണാം. ഉയർന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥരും യുണൈറ്റഡ് പ്രൊവിൻസ് ഗവർണ്ണറുമടക്കം നിരവധി പ്രമുഖർ ഈ വർഷങ്ങളിൽ ആനന്ദ് ഭവൻ സന്ദർശിക്കുകയും ചെയ്തു. കുംഭമേളകളിൽ പങ്കെടുക്കാനെത്തുന്നവരും ആനന്ദ് ഭവൻ സന്ദർശിക്കുന്നുണ്ട്.

1927-ൽ നിർമാണം പൂർത്തിയായ പുതിയ ആനന്ദ് ഭവൻ. 1929-ൽ നെഹ്റു കുടുംബം പുതിയ വീട്ടിലേക്ക് താമസം മാറി.
1927-ൽ നിർമാണം പൂർത്തിയായ പുതിയ ആനന്ദ് ഭവൻ. 1929-ൽ നെഹ്റു കുടുംബം പുതിയ വീട്ടിലേക്ക് താമസം മാറി.

നെഹ്റു തിരിച്ചെത്തുന്നു

1910 ആവുമ്പോഴേക്കും ആനന്ദ് ഭവനിൽ മോത്തിലാൽ പലതരം മാറ്റം വരുത്തിയിരുന്നു. നീണ്ട വരാന്തയും ഉദ്യാനവും പുതുക്കിപ്പണിതു. റൂമുകളും ഹാളുകളും മോടി പിടിപ്പിച്ചു. ഏഴു വർഷം നീണ്ടു നിന്ന യൂറോപ്യൻ വിദ്യാഭ്യാസക്കാലയളവിൽ രണ്ടു ചെറിയ അവധിക്കാലം മാത്രമാണ് ജവഹർ ആനന്ദ് ഭവനിൽ ചെലവഴിച്ചത്. അവധിയ്ക്ക് ജവഹർ വീട്ടിലേക്കു വരുന്നതിൽ മോത്തിലാലിന് താൽപര്യമുണ്ടായിരുന്നില്ല. പകരം ഹോസ്റ്റൽ അടക്കുന്ന സമയത്ത് താമസിക്കാൻ മറ്റു സൗകര്യങ്ങൾ അവിടെ ഒരുക്കിക്കൊടുക്കുകയാണ് ചെയ്തത്. യൂറോപ്യൻ വിദ്യാഭ്യാസത്തിന്റെ പൂർണ്ണ ഗുണം കിട്ടണം എന്നായിരുന്നു മോത്തിലാലിന്റെ ഉദ്ദേശ്യം. അതേസമയം ഇംഗ്ലീഷ് വിദ്യാഭ്യാസം ജവഹറിന്റെ സ്വഭാവത്തിൽ എന്തുതരം മാറ്റങ്ങളായിരിക്കും വരുത്തിയത് എന്ന ആശങ്ക മോത്തിലാലിനും സ്വരൂപ് റാണിക്കും ഉണ്ടായിരുന്നു എന്ന് ഇവരുടെ കത്തുകളിൽ കാണാം.

കൊളോണിയൽ ആധുനികതയുടെ ഗുണപരമായ ചിന്തകളും സമീപനങ്ങളും മോത്തിലാൽ മുന്നോട്ടു വച്ചിരുന്നുവെങ്കിലും വിവാഹമടക്കമുള്ള പല കാര്യങ്ങളിലും പരസ്പരവിരുദ്ധമായ സമീപനങ്ങൾ വച്ചുപുലർത്തിയിരുന്നതായി കാണാം. 1912-ൽ യൂറോപ്യൻ വിദ്യാഭ്യാസം പൂർത്തിയാക്കി 23 വയസ്സുകാരനായ ജവഹർ ആനന്ദ് ഭവനിലേക്ക് മടങ്ങിയെത്തി. പൊതുവിൽ അക്കാലത്തെ സാഹചര്യങ്ങളിൽ ജവഹർ തൃപ്തനായിരുന്നില്ലെങ്കിലും വീട്ടിലെ സാഹചര്യം ആശ്വാസം നൽകിയെന്ന് നെഹ്‌റു ആത്മകഥയിൽ പറയുന്നുണ്ട്.

അലഹബാദ് ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചെങ്കിലും അഭിഭാഷക ജോലിയിൽ കാര്യമായ താല്പര്യമുണ്ടായിവന്നതുമില്ല. കോടതിയും അലഹബാദിലെ വായനശാലകളും ആനന്ദ് ഭവനിലെ പുസ്തകങ്ങളുമൊക്കെയായി ജവഹർ മുന്നോട്ടുപോയി. ആത്മകഥയിൽ ഇങ്ങനെ എഴുതുന്നു: At home, in those early years, political questions were not peaceful subjects for discussion, and references to them, which were frequent, immediately produced a tense atmosphere.

ഒന്നാം ലോക മഹായുദ്ധവും ബ്രിട്ടന്റെ തുർക്കിയോടുള്ള നിലപാടും മുസ്ലിം ലീഗ് ഒരു പ്രശ്‌നമായി എടുക്കാൻ തുടങ്ങി. അതോടൊപ്പം, ദേശീയ പ്രസ്ഥാനത്തിൽ കോൺഗ്രസ്- ലീഗ് ഭിന്നതയും പുറത്തേക്കു വന്നുതുടങ്ങി. മോത്തിലാൽ മുൻകൈ എടുത്താണ് 1916- ലെ കോൺഗ്രസ് സമ്മേളനത്തിന് മുമ്പ് കോൺഗ്രസ്- ലീഗ് ചർച്ച ആനന്ദ് ഭവനിൽ നടക്കുന്നത്. രണ്ടു സംഘടനകളെയും ആനന്ദ് ഭവനിലേക്ക് ചർച്ചക്കെത്തിക്കുന്നതിൽ മോത്തിലാൽ വിജയിച്ചു. ദേശീയ പ്രസ്ഥാനത്തിലെ വിവിധ വിഭാഗങ്ങളെ ഒന്നിച്ചുകൊണ്ടുവരാൻ മോത്തിലാലിന്റെ നയചാതുരിക്ക് കഴിയുകയും പലപ്പോഴും ആനന്ദ് ഭവൻ അതിനു വേദിയാവുകയും ചെയ്തു.

1916- ൽ തിലക് ഹോം റൂൾ ലീഗ് രൂപീകരിച്ചതോടെ മോത്തിലാൽ അടക്കമുള്ള മിക്ക മോഡറേറ്റ് നേതാക്കന്മാരും പരസ്യമായി സ്വയം ഭരണത്തിനു വേണ്ടി രംഗത്തുവന്നു. തിലകും ആനി ബസന്റും ആനന്ദ് ഭവനിലെത്തുകയും പ്രചാരണത്തിന് നേതൃത്വം കൊടുക്കുകയും ചെയ്തു. മോത്തിലാൽ അലഹബാദ് കമ്മിറ്റിയുടെ പ്രസിഡന്റായി. ആനന്ദ് ഭവനിൽ ഇതിനെ തുടർന്ന് ഹോം റൂൾ ലീഗ് യോഗങ്ങൾ ചേരാൻ തുടങ്ങി. ആദ്യമായിട്ടായിരുന്നു ആനന്ദ് ഭവൻ പ്രത്യക്ഷത്തിൽ ബ്രിട്ടീഷ് വിരുദ്ധ യോഗങ്ങൾക്കു വേദിയാവുന്നത്. ആനന്ദ് ഭവൻ ക്രമേണ സർക്കാർ സംവിധാനങ്ങളിൽ നിന്നും അകലാൻ തുടങ്ങുകയും അവിടേക്കുള്ള ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ സന്ദർശനം കുറഞ്ഞുവരികയും ചെയ്തു. ഈ തിരക്കുകൾകിടയിലായിരുന്നു 1916 ഫെബ്രുവരിയിൽ ജവഹറിന്റെ വിവാഹം ദൽഹിയിൽ വച്ച് നടക്കുന്നത്. തുടർന്ന് ആനന്ദ് ഭവനിൽ വിവാഹ സൽക്കാരം നടന്നു.

1917- ൽ ഇന്ദിരയുടെ ജനനമായിരുന്നു ഇക്കാലത്തെ ആനന്ദ് ഭവനിലെ പ്രധാന സംഭവം. കമലയുടെ ആരോഗ്യ പ്രശ്നങ്ങൾ സന്തോഷങ്ങൾക്കിടയിൽ വലിയ പ്രയാസങ്ങളുണ്ടാക്കി. 1919 ലാണ് മോത്തിലാൽ ആനന്ദ് ഭവൻ കേന്ദ്രമാക്കി The Independent എന്ന പത്രം തുടങ്ങുന്നത്. ഇതിന്റെ എഡിറ്ററായിരുന്ന പ്രമുഖ മാധ്യമ പ്രവർത്തകൻ സയ്ദ് ഹുസൈൻ സ്വരൂപ് കുമാരിയുമായി (വിജയലക്ഷ്മി പണ്ഡിറ്റ്) അടുപ്പത്തിലായി. കുടുംബത്തിലെ എതിർപ്പ് കാരണം പിന്നീട് ഈ ബന്ധം വേർപിരിയുകയും ഹുസൈൻ വിദേശത്തേക്ക് താമസം മാറുകയും ചെയ്തു.

നഗരത്തിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്കും സമ്പന്നർക്കും ഗാർഡൻ പാർട്ടികൾ നടന്നിരുന്ന ആനന്ദ് ഭവൻ ഉദ്യാനത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുക്കുന്ന ബ്രിട്ടീഷ് വിരുദ്ധ പൊതുയോഗങ്ങൾ നടക്കാൻ തുടങ്ങിയത് നിസ്സഹകരണ സമരത്തോടെയാണ്.

ഗാന്ധി ആനന്ദ് ഭവനിൽ

1919- ലെ ജാലിയൻ വാലബാഗ് കൂട്ടക്കൊല അന്വേഷിക്കാനുള്ള കോൺഗ്രസ് കമ്മിറ്റിയിൽ മോത്തിലാൽ അംഗമായി. അതേവർഷം നടന്ന അമൃതസർ കോൺഗ്രസ് സെഷൻ പ്രസിഡൻറായും മോത്തിലാലിനെ തിരഞ്ഞെടുത്തു. ജവഹർ ഈ പരിവർത്തനത്തെകുറിച്ച് എഴുതുന്നത് ഇങ്ങനെയാണ്:..
happenings in Punjab in 1919 finally led him [Mothilal] to cut drift from his old life and his profession, and throw in his lot with a new movement started by Gandhiji.

1920 ജൂൺ 1, 2 തീയതികളിൽ ആനന്ദ് ഭവനിൽ നടന്ന ഹിന്ദു- മുസ്ലിം സംയുക്ത സമ്മേളനം ബ്രിട്ടീഷ് സർക്കാരുമായി നിസ്സഹകരണ പരിപാടി അംഗീകരിക്കുകയും സമരത്തിന് നേതൃത്വം നൽകാൻ ഗാന്ധിജിയോട് ആവശ്യപ്പെടുകയും ചെയ്തു. മുന്നൂറോളം പ്രമുഖ ദേശീയ നേതാക്കന്മാർ സമ്മേനത്തിൽ പങ്കെടുത്തിരുന്നു. ഗാന്ധിജി പലവട്ടം അലഹബാദിൽ എത്തുകയും ആനന്ദ് ഭവനിൽ താമസിക്കുകയും ചെയ്യുന്നതായി കാണാം.

1920 നവംബർ 28 ന് ആനന്ദ് ഭവനിൽ വച്ച് ഗാന്ധിജിയുടെ നേതൃതത്തിൽ വലിയൊരു പൊതുയോഗം ചേർന്നു. നഗരത്തിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്കും സമ്പന്നർക്കും ഗാർഡൻ പാർട്ടികൾ നടന്നിരുന്ന ആനന്ദ് ഭവൻ ഉദ്യാനത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുക്കുന്ന ബ്രിട്ടീഷ് വിരുദ്ധ പൊതുയോഗങ്ങൾ നടക്കാൻ തുടങ്ങിയത് നിസ്സഹകരണ സമരത്തോടെയാണ്. 15 വർഷത്തോളം ബ്രിട്ടീഷ് സ്വാധീനത്തിന്റെയും സമ്പന്നതയുടെയും കേന്ദ്രമായിരുന്ന ആനന്ദ് ഭവൻ ദേശീയ സമരത്തിന്റെ കേന്ദ്രമാകുന്നതാണ് 1916 മുതൽ കാണാൻ കഴിയുന്നത്.

പഞ്ചാബിലും ബോംബെയിലും കൽക്കട്ടയിലുമായി നടന്നുകൊണ്ടിരുന്ന പ്രധാന രാഷ്ട്രീയ ചർച്ചകൾ ക്രമേണ അലഹബാദിലേക്ക് കേന്ദ്രീകരിച്ചു. ഗോപാലകൃഷ്ണ ഗോഖലെ (1915), ദാദാഭായ് നവറോജി (1917), ബാല ഗംഗാധർ തിലക് (1920) എന്നിവരുടെ മരണങ്ങൾ ബോംബയിൽ നിന്നും ദേശീയസമരത്തിന്റെ കേന്ദ്രം മാറുന്നതിനു കാരണമായി. ഇക്കാലത്ത് ഗാന്ധിജിയും സർദാർ പട്ടേലും സബർമതി ആശ്രമം കേന്ദ്രീകരിച്ച് കോൺഗ്രസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. മുസ്ലിം ലീഗ് പ്രവർത്തനങ്ങൾ ഇക്കാലത്ത് ബോംബെയിലും ലക്‌നൗവിലുമായി കേന്ദ്രീകരിക്കുകയും ചെയ്തു.

ഹിന്ദു മഹാസഭ 1920- നുശേഷം വാരാണസിയും സമീപ പട്ടണങ്ങളും കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ തുടങ്ങി. സ്വദേശി പ്രസ്ഥാനത്തിന്റെ ശക്തി ക്ഷയിച്ചതും ബിപിൻ ചന്ദ്രപാൽ സജീവ രാഷ്ട്രീയം അവസാനിപ്പിച്ചതും 1925- ൽ സി. ആർ. ദാസ് മരിച്ചതും കൽക്കട്ടയിൽ നിന്ന് ബോംബെയെ പോലെ ദേശീയസമരം യുണൈറ്റഡ് പ്രൊവിൻസിലേക്ക് മാറുന്നത്തിനു കാരണമായി.

മോത്തിലാൽ നെഹ്റു ജവഹർലാൽ നെഹ്റുവിന്റെയും ഇന്ദിരയുടെയും സാന്നിധ്യത്തിൽ സ്വരാജ് ഭവൻ എന്ന് പുതിയ പേരിട്ട ആനന്ദ് ഭവൻ 1930 ഏപ്രിൽ ഒമ്പതിന് രാജ്യത്തിന് സമർപ്പിക്കുന്നു.
മോത്തിലാൽ നെഹ്റു ജവഹർലാൽ നെഹ്റുവിന്റെയും ഇന്ദിരയുടെയും സാന്നിധ്യത്തിൽ സ്വരാജ് ഭവൻ എന്ന് പുതിയ പേരിട്ട ആനന്ദ് ഭവൻ 1930 ഏപ്രിൽ ഒമ്പതിന് രാജ്യത്തിന് സമർപ്പിക്കുന്നു.

മോത്തിലാലും മദൻ മോഹൻ മാളവ്യയും ജവഹറും തേജ് ബഹദൂർ സപ്രുവും ജെ. ബി. കൃപലാനിയും അലഹബാദ് കേന്ദ്രീകരിച്ച് ദേശീയ സമരത്തെ നയിച്ചു. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ബനാറസിലേക്ക് താമസം മാറിയിരുന്നെങ്കിലും അലഹബാദിൽ മാളവ്യ സജീവ സാന്നിധ്യമായിരുന്നു. 1904- ൽ ഗംഗ നദിക്കു കുറുകെ പണിത കഴ്സൺ റെയിൽ പാലം വൈകാതെ അലഹബാദിനെ ഇന്ത്യയിലെ മിക്ക നഗരങ്ങളുമായും റെയിൽവേ വഴി ബന്ധപ്പെടുത്തി. നിസ്സഹകരണ സമരത്തെ ഗാന്ധിയൻ കാലത്തിന്റെ തുടക്കമായാണ് കാണുന്നത്. ഇക്കാലത്തു കോൺഗ്രസിന്റെ / ദേശീയ പ്രസ്ഥാനത്തിന്റെ ആസ്ഥാനമായാണ് ആനന്ദ് ഭവൻ പരിവർത്തനപ്പെടുന്നത്. ക്രമേണ ഒരു കേന്ദ്രീകൃത ഓഫീസ് സംവിധാനത്തിലേക്ക് കോൺഗ്രസ് പ്രവർത്തനങ്ങൾ മാറുന്നതാണ് ആനന്ദ് ഭവനിലുടെ കാണുന്നത്.

നിസ്സഹകരണ സമരത്തോടെ ആനന്ദ് ഭവൻ പോലീസ് നിരീക്ഷണത്തിലായി. മോത്തിലാലും ജവഹറും ആനന്ദ് ഭവനിൽ വച്ച് അറസ്റ്റ് ചെയ്യപ്പെട്ട് തടവിലായി. എങ്കിലും സമയാസമയങ്ങളിൽ മോത്തിലാൽ ആനന്ദ് ഭവന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിശദനിർദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. ജവഹറും മോത്തിലാലും മുഴുവൻ സമയ രാഷ്ട്രീയത്തിന്റെ ഭാഗമായതോടെ വിജയലക്ഷ്മി പണ്ഡിറ്റ് ആനന്ദ് ഭവന്റെ ദൈനംദിന കാര്യങ്ങൾക്കു മേൽനോട്ടം വഹിക്കാൻ തുടങ്ങി.

പലപ്പോഴും ആനന്ദ് ഭവൻ പോലീസ് റെയ്ഡ് നടത്തുകയും ഫർണിച്ചർ പിടിച്ചെടുക്കുകയും ചെയ്തു. നിസ്സഹകരണസമരം പ്രഖ്യാപിച്ചതോടെ ആനന്ദ് ഭവൻ പൂർണ്ണമായും പാശ്ചാത്യരീതികളെല്ലാം ഒഴിവാക്കിതുടങ്ങി. വസ്ത്രവും, ഭക്ഷണവും, ഒത്തു ചേരലുകളുമെല്ലാം ദേശീയ സമരത്തിന്റെ ഭാവതലം ഉൾക്കൊള്ളുന്ന രീതിയിലേക്ക് മാറി.

വിജയലക്ഷ്മി പണ്ഡിറ്റിന്റെ വിവാഹം 1921 മെയ് 10ന് ആനന്ദ് ഭവനിലാണ് നടന്നത്. 1920- ന്റെ തുടക്കത്തിൽ തന്നെ ആനന്ദ് ഭവന്റെ പരിപാലനത്തെ കുറിച്ച് മോത്തിലാൽ ആലോചിക്കുന്നുണ്ട്. നിസ്സഹകരണ സമരത്തോടെ അഭിഭാഷക ജോലിയിൽ നിന്ന് മാറിനിന്ന മോത്തിലാലിന് നാല്പതിലധികം മുറികളും വിശാലമായ ഉദ്യാനവും ഉൾകൊള്ളുന്ന ആനന്ദ് ഭവൻ പരിപാലിക്കുക പ്രയാസകരമാണെന്നു തോന്നിയിരുന്നു. പുതിയൊരു വീട് നിർമിക്കുന്നതിനെ കുറിച്ച് അദ്ദേഹം ജവഹറുമായി സംസാരിച്ചു. പുതിയൊരു വീട് നിർമിച്ചാൽ നിലവിലെ വീടിന്റെ സ്വഭാവത്തെ കുറിച്ചും മോത്തിലാൽ ചിന്തിക്കുന്നുണ്ട്. പുതിയ വീടിന്റെ നിർമാണം പലകാരണങ്ങളാൽ നീണ്ടുപോയി.

ആനന്ദ് ഭവൻ എന്ന രാഷ്ട്രീയ ആസ്ഥാനം

കോൺഗ്രസ് പ്രവർത്തക സമിതിയുടെയും 1922-ൽ രൂപീകരിച്ച സിവിൽ നിയമലംഘന അന്വേഷണ കമ്മിറ്റിയുടെയും യോഗങ്ങൾ ആനന്ദ് ഭവനിൽ നടന്നിരുന്നു. നിസ്സഹകരണ സമരം പിൻവലിച്ചതിനെ തുടർന്ന് സി.ആർ. ദാസ്, മോത്തിലാൽ നെഹ്‌റു എന്നിവരുടെ നേതൃത്വത്തിൽ 1923 ഫെബ്രുവരി 20, 21, 22 തിയ്യതികളിൽ സ്വരാജ് പാർട്ടി രൂപീകരിക്കപ്പെട്ടത് ആനന്ദ് ഭവനിൽ നടന്ന യോഗത്തോടെയാണ്. മോത്തിലാൽ സ്വരാജ് പാർട്ടി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

1923-25 കാലത്ത് അലഹബാദ് മുനിസിപ്പാലിറ്റിയുടെ ചെയർമാനായി ജവഹർ. 1923- ൽ ജവഹറിനെ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ആനന്ദ് ഭവൻ ദേശീയ സമരത്തിന്റെയും കോൺഗ്രസിന്റെയും അനൗദ്യോഗിക / ഔദ്യോഗിക കേന്ദ്രമായി പ്രവർത്തിച്ചതായി കാണാം. ദൽഹി പുതിയ രാജ്യ തലസ്ഥാനമായി വളർന്നു വരുമ്പോൾ അലഹബാദ് ദേശീയ സമരത്തിന്റെ കേന്ദ്രമാകുകയും ആനന്ദ് ഭവൻ അതിന്റെ ആസ്ഥാനമാവുകയും ചെയ്തു.

കമലയും ഇന്ദിരയും

രാഷ്ട്രീയ തിരക്കുകൾക്കിടയിൽ കമല നെഹ്‌റു ക്ഷയരോഗത്താൽ പ്രയാസപ്പെടുന്ന സാഹചര്യവും ആനന്ദ് ഭവനിലുണ്ടായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ കാരണം കമലയെ പലപ്പോഴും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതായും കാണാം. ഇന്ദിരയും പലപ്പോഴും അനാരോഗ്യം കാരണം ചികിത്സ തേടുന്നുണ്ട്. 1924 നവംബറിൽ കമല ഒരാൺകുഞ്ഞിന് ജൻമം നൽകുകയും ഒരാഴ്ചക്കകം മരിക്കുകയും ചെയ്തു. അതേ വർഷം ഓഗസ്റ്റ്- സെപ്റ്റംബർ മാസങ്ങളിൽ ജവഹറും അസുഖബാധിതനായി. കൂടാതെ സ്വരൂപ് റാണിയുടെയും മോത്തിലാലിന്റെയും ആരോഗ്യം കൂടുതൽ മോശമായി. പലപ്പോഴും രോഗശമനത്തിന് രാഷ്ട്രീയ തിരക്കുകൾക്കിടയിലും മോത്തിലാൽ ആനന്ദ് ഭവനിൽനിന്നും ഹിൽ സ്റ്റേഷനുകളിലേക്കു യാത്ര ചെയ്തുകൊണ്ടേയിരുന്നു.

1922-ൽ മോത്തിലാൽ ജവഹറിനയക്കുന്ന കത്തിൽ എഴുതുന്നതിങ്ങനെയാണ്: The question of Kamala, Betty (Krishna Nehru), & Indu's education is troubling me. I am afraid we are losing all along the line... Please give this matter your serious considerations and do something to turn these young lives to account.... Your mother, Kamala, Betty and Indu all require some doctoring...

പുതിയ വീടിന്റെ മിനുക്കു ജോലികളിൽ ജവഹർ കാര്യമായി താൽപര്യം കാണിക്കാത്തതിലുള്ള പരിഭവവും വിജയലക്ഷി പണ്ഡിറ്റ് താമസം മാറുന്നതിനുള്ള വിഷമവും മോത്തിലാൽ പ്രകടിപ്പിക്കുന്നുണ്ട്.

നെഹ്‌റു കുടുംബത്തിലെ എല്ലാ ആൺകുട്ടികളും വിദേശ വിദ്യാഭ്യാസം നേടിയെങ്കിലും പെൺകുട്ടികൾക്ക് ആനന്ദ് ഭവനിൽ ഹോം ട്യൂട്ടർസ് ആയിരുന്നു വിദ്യാഭ്യാസം നൽകിയിരുന്നത്. എന്നാൽ ഇന്ദിരക്ക് സ്കൂൾ വിദ്യാഭ്യാസം നൽകണമെന്ന നിലപാടായിരുന്നു ജവഹർ എടുത്തത്. ഇന്ദിരയുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ജവഹറും മോത്തിലാലും ഇക്കാലത്ത് വ്യത്യസ്ത നിലപാടുകൾ എടുക്കുന്നുണ്ട്. ഗാന്ധിജിയുടെ ഇടപെടൽ ഇക്കാര്യത്തിൽ മോത്തിലാൽ തേടുന്നുമുണ്ട്. മുഴുവൻ കുടുംബാംഗങ്ങളും ആരോഗ്യ പ്രശ്നങ്ങൾ നേരിടുകയും, മോത്തിലാലും ജവഹറും നിരന്തരം തിരക്കിലാവുകയും ചെയ്യുന്നത് ആനന്ദ് ഭവനിലെ കുടുബജീവിതത്തെ കാര്യമായി ബാധിച്ചു.

1925- ൽ കമലയുടെ ആരോഗ്യം മോശമാകുകയും ചികിത്സക്കായി യൂറോപ്പിലേക്കു പോകാൻ ഡോക്ടർമാർ നിർദേശിക്കുകയും ചെയ്തു. രണ്ടു വർഷത്തോളം ജവഹറും കമലയും ഇന്ദിരയും ചികിത്സാർത്ഥം യൂറോപ്പിലേക്കും താമസം മാറ്റി. 1925- ന്റെ തുടക്കത്തോടെ പുതിയ വീടിന്റെ രൂപരേഖ തയ്യാറാക്കി മുനിസിപ്പാലിറ്റിയിൽ അംഗീകാരത്തിനായി സമർപ്പിച്ചിരുന്നു. മോത്തിലാലും ടാറ്റ ഗ്രൂപ്പ് അയച്ച സ്പെഷ്യലിസ്റ്റ് ആർക്കിടെക്റ്റുമാണ് ഇത് പ്രധാനമായും രൂപകൽപ്പന ചെയ്തത്. 1925-ന്റെ പകുതിയിൽ പുതിയ വീടിന്റെ പണി തുടങ്ങി. 1925 സെപ്റ്റംബറിൽ അലഹബാദിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും നിർമാണപ്രവർത്തനങ്ങൾ വൈകിപ്പിച്ചു. പുതിയ വീടിന്റെ പണി തുടങ്ങിയപ്പോൾ പഴയ വീട് എങ്ങനെ ഉപയോഗിക്കണമെന്ന് മോത്തിലാൽ ഗാന്ധിജിയുമായി ചർച്ച ചെയ്യുന്നുണ്ട്.

1925- ൽ സി.ആർ. ദാസിന്റെ മരണം സ്വരാജ് പാർട്ടിയുടെയും മോത്തിലാലിന്റെയും രാഷ്ട്രീയ പ്രവർത്തനത്തെ ഒരുപോലെ ബാധിച്ചു. ഒരു ഭാഗത്ത് ഹിന്ദു മഹാസഭ ശക്തിപ്പെടുകയും കോൺഗ്രസിലെ ഹിന്ദുമഹാസഭ അനുകൂലികൾ മദൻ മോഹൻ മാളവ്യ, ലാല ലജ്പത് റായ്, എം. ആർ. ജയകർ, എൻ.സി. കെൽകർ എന്നിവരുടെ നേതൃത്വത്തിൽ ഒരുമിക്കുകയും ചെയ്തു. ആരോഗ്യ പ്രശ്നങ്ങൾ കൂടിയായതോടെ ദേശീയ രാഷ്ട്രീയത്തിൽ മോത്തിലാൽ ഒറ്റപ്പെടൽ നേരിട്ടു. 1926-27 കാലത്തു ദേശീയ രാഷ്ട്രീയ വ്യവഹാരങ്ങളിൽ ആനന്ദ് ഭവൻ സജീവമായി കാണാൻ കഴിയുന്നില്ല.

പുതിയ ആനന്ദ് ഭവൻ

നിർമാണ ഘട്ടത്തിൽ പലവിധ പ്രയാസങ്ങൾ നേരിട്ടെങ്കിലും 1927- ന്റെ ആരംഭത്തിൽ തന്നെ പുതിയ ആനന്ദ് ഭവന്റെ നിർമാണം പൂർത്തീകരിച്ചു. മോത്തിലാൽ ജവഹറിന് ഇങ്ങനെ എഴുതുന്നുണ്ട്: The photographs of the new house have been taken today and will be sent next week. I am only responsible for architectural effect and accommodation with all necessary conveniences. Furnishing the house is your business & must be held over till you come back...

തുടർന്ന് കമലക്കുള്ള കത്തിൽ മോത്തിലാൽ വീടിനെ കുറിച്ച് എഴുതുന്നതിങ്ങനെയാണ്: I hope you like the outer look of the new house photographs of which were sent from Allahabad last week. There is nothing in the inside yet except the bare walls but all the necessary material has been collected and sanitary fittings and flooring will be taken in hand in a few days. The English and Indian kitchens with store rooms are now being built... Crowds of people Indians & Europeans come to see the house daily and take numerous photos.

മോത്തിലാലിന് യൂറോപ്പിലേക്ക് പോകേണ്ടതിന്റെ മുമ്പായി പരമാവധി പണി തീർക്കാൻ ശ്രമിച്ചു. ഓരോഘട്ടത്തിലും മോത്തിലാൽ മേൽനോട്ടം വഹിച്ചു. കൂടുതൽ മെച്ചപ്പെട്ട സാധന സാമഗ്രികകൾ യൂറോപ്പിൽനിന്ന് കൊണ്ടുവരാനുള്ള തയ്യാറെടുപ്പുകളും അദ്ദേഹം നടത്തി. ആ സമയത്തു യൂറോപ്പിലുണ്ടായിരുന്ന ജവഹറിന്റെ സഹായവും തേടുന്നുണ്ട്. പഴയ വീടിന്റെ അത്ര വലിപ്പം വരില്ലെങ്കിലും ഇരു നിലകളിലായി ഒരു കുടുംബത്തിന് എല്ലാ സൗകര്യത്തോടെയും ജീവിക്കാനുള്ള വീടായിരുന്നു മോത്തിലാൽ നിർമ്മിച്ചത്. പുതിയ വീട്ടിലേക്ക് താമസം മാറുന്നതിനുമുമ്പ് 1928 ഫെബ്രുവരിയിൽ ആനന്ദ് ഭവനിൽ നിന്ന് വിജയലക്ഷ്മി പണ്ഡിറ്റ് താമസം അലഹബാദിൽ തന്നെ മറ്റൊരു വീട്ടിലേക്കു മാറുകയും ചെയ്തു. പുതിയ വീടിന്റെ മിനുക്കു ജോലികളിൽ ജവഹർ കാര്യമായി താൽപര്യം കാണിക്കാത്തതിലുള്ള പരിഭവവും വിജയലക്ഷി പണ്ഡിറ്റ് താമസം മാറുന്നതിനുള്ള വിഷമവും മോത്തിലാൽ പ്രകടിപ്പിക്കുന്നുണ്ട്.

ചെറിയ ഇടവേളക്കുശേഷം ആനന്ദ് ഭവൻ വീണ്ടും സജീവമാവാൻ തുടങ്ങി. ജവഹറും മോത്തിലാലും യൂറോപ്പിൽ നിന്ന് തിരിച്ചെത്തുകയും 1927- ലെ മദ്രാസ് കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്തു. ജവഹറാണ് "സമ്പൂർണ്ണ ദേശീയ സ്വാതന്ത്ര്യമാണ് ഇന്ത്യൻ ജനതയുടെ ലക്ഷ്യം" എന്ന് ഈ സമ്മേളനത്തിൽ പ്രഖ്യാപിക്കുന്നത്. തുടർന്ന് സൈമൺ കമീഷനുമായി ബന്ധപ്പെട്ട സമരം 1928- ൽ ദൽഹിയിൽ ഓൾ പാർട്ടി കോൺഫറൻസ് ചേരുന്നതിലേക്കു നയിച്ചു. മോത്തിലാൽ നെഹ്‌റുവിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഭരണഘടനയുടെ തത്വങ്ങൾ പരിഗണിക്കാനും നിർണ്ണയിക്കാനും ഒരു കമ്മിറ്റി രൂപീകരിച്ചു​. ‘നെഹ്‌റു റിപ്പോർട്ട്' തയ്യാറാക്കുന്നത് ആനന്ദ് ഭവനിൽ വച്ചായിരുന്നു. ഈ കമ്മിറ്റി ബ്രിട്ടീഷ് കോമൺ‌വെൽത്തിനുള്ളിൽ സ്വയംഭരണം (ഡൊമിനിയൻ സ്റ്റാറ്റസ്) നിർദ്ദേശിക്കുകയാണ് ചെയ്തത്. എന്നാൽ ജവഹർ ഇതിനോട് യോജിച്ചില്ല. 1928- ൽ കൽക്കട്ട കോൺഗ്രസ് സെഷനിൽ മോത്തിലാലും 1929- ലെ ലാഹോർ സെഷനിൽ ജവഹറും അദ്ധ്യക്ഷത വഹിച്ചു. ഡൊമിനിയൻ പദവിയെ പൂർണ്ണമായും നിരാകരിച്ച്, "ഇന്ത്യൻ ജനതയുടെ ലക്ഷ്യം പൂർണ്ണ സ്വരാജാണെന്ന" പ്രമേയം 1929 ഡിസംബർ 31 ന് ലാഹോർ സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ഇതിനെ തുടർന്ന് 1930 ജനുവരി 26 ന് സ്വാതന്ത്ര്യദിനമായി ആഘോഷിക്കാൻ കോൺഗ്രസ് ആഹ്വാനം ചെയ്തു.

ജവഹർലാൽ നെഹ്റുവും മോത്തിലാൽ നെഹ്റുവും 1929-ൽ കോൺഗ്രസിന്റെ ലാഹോർ സമ്മേളനത്തിൽ. "ഇന്ത്യൻ ജനതയുടെ ലക്ഷ്യം പൂർണ്ണ സ്വരാജാണെന്ന" പ്രമേയം 1929 ഡിസംബർ 31 ന് ലാഹോർ സമ്മേളനത്തിൽ പ്രഖ്യാപിച്ചു
ജവഹർലാൽ നെഹ്റുവും മോത്തിലാൽ നെഹ്റുവും 1929-ൽ കോൺഗ്രസിന്റെ ലാഹോർ സമ്മേളനത്തിൽ. "ഇന്ത്യൻ ജനതയുടെ ലക്ഷ്യം പൂർണ്ണ സ്വരാജാണെന്ന" പ്രമേയം 1929 ഡിസംബർ 31 ന് ലാഹോർ സമ്മേളനത്തിൽ പ്രഖ്യാപിച്ചു

ആനന്ദ് ഭവൻ സ്വരാജ് ഭവൻ ആകുന്നു

1929- ൽ മോത്തിലാലും കുടുംബവും പുതിയ ആനന്ദ് ഭവനിലേക്ക് താമസം മാറിയിരുന്നു. 1930 മാർച്ച് 27- ന് മോത്തിലാൽ കോൺഗ്രസ് പ്രഡിഡന്റിന് എഴുതുന്നതിങ്ങനെയാണ്: I am now placing before you formally my proposal to present the old "Anand Bhawan" to the Nation which you and I discussed with Gandhiji at camp Jambusar on the 22nd instant. We agreed there that having regard to the past history of the house and the stage we have now reached in the national struggle for freedom the most appropriate use to which it can be put is to make it the permanent headquarters of the Indian National Congress...I desire to know if the Working Committee approves and accept the main idea....In the event of my offer being accepted I shall like the house to be renamed "Swaraj Bhawan" (Independence Hall).

1927- ലെ സമ്പൂർണ്ണ ദേശീയ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെയും 1929- ലെ ലാഹോർ പ്രഖ്യാപനത്തിന്റെയും ഊർജം ഉൾക്കൊണ്ടാണ് മോത്തിലാൽ സ്വന്തം വീടിനെ "സ്വരാജ് ഭവൻ" എന്ന് വിശേഷിപ്പിച്ചത്. ഈ നിർദേശം കോൺഗ്രസ് സ്വീകരിച്ചതിനെ തുടർന്ന് 1930 ഏപ്രിൽ 9 നു മോത്തിലാൽ പഴയ ആനന്ദ് ഭവൻ സ്വരാജ് ഭവനെന്നു പുനർനാമകരണം ചെയ്ത് രാഷ്ട്രത്തിന് സമർപ്പിച്ചു. ഇതിന്റെ പേപ്പർ വർക്കുകൾ പൂർത്തിയാക്കുന്നതിനുമുമ്പ് നിയമലംഘന സമരത്തെ തുടർന്ന് മോത്തിലാൽ അറസ്റ്റ് ചെയ്യപ്പെടുകയും തുടർന്ന് ആരോഗ്യം ക്ഷയിക്കുകയും 1931 ഫെബ്രുവരി 6 നു മരിക്കുകയും ചെയ്തു. സ്വരാജ് ഭവൻ പിന്നീട് ജവഹർലാൽ നെഹ്റുവാണ് ഔപചാരികമായി രാഷ്ട്രത്തിനു കൈമാറിയത്.

ജവഹർ തയ്യാറാക്കിയ deed of trust സ്വരാജ് ഭവൻ ഉപയോഗിക്കേണ്ടതിനെ കുറിച്ച് എഴുതുന്നതിങ്ങനെയാണ്: "benefit of the Indian people in the advancement of knowledge, health, social and economic well-being, and, especially with the object of promoting unity among all classes and creeds of the Indian people, raising the status of Indian women and the elevation and betterment in all respects of the suppressed classes in India and Indian workers and peasants and the promotion of social equality among all the peoples and classes of India".

1928- ലെ നെഹ്‌റു റിപ്പോർട്ടിൽ നിന്നും 1929- ലെ ജവഹറിന്റെ ലാഹോർ കോൺഗ്രസ് അധ്യക്ഷ പ്രസംഗത്തിൽ നിന്നുമുള്ള പ്രധാന രാഷ്ട്രീയ കാഴ്ചപ്പാടുകൾ സ്വരാജ് ഭവൻ trust deed- ൽ ഉൾക്കൊള്ളിച്ചതായി കാണാം. 1929 മുതൽ 1946 വരെ ജവഹർ കുടുംബത്തോടപ്പം പുതിയ ആനന്ദ് ഭവനിൽ താമസിക്കുകയും 1946- ൽ ദൽഹിയിലേക്ക് താമസം മാറുകയും ചെയ്തു. 1930 മുതൽ 1946 വരെ കോൺഗ്രസ് ആസ്ഥാനമായി പഴയ ആനന്ദ് ഭവൻ പ്രവർത്തിക്കുകയും ചെയ്തു.

തന്റെ പേരിനും പ്രശസ്തിക്കുമൊത്ത വീട് വേണമെന്ന ആഗ്രഹത്തിലാണ് മോത്തിലാൽ ഒരു ബംഗ്ളാവ് വാങ്ങിക്കുന്നത്. തുടർന്ന് അലഹബാദിലെ ആഡംബര വീടുകളിലൊന്നായി അതിനെ വളരെ വേഗം നവീകരിച്ചു. എന്നാൽ നിസ്സഹകരണ സമരത്തോടെ ആഡംബര ജീവിതത്തിൽനിന്നും യൂറോപ്യൻ ജീവിതരീതികളിൽ നിന്നും മാറിനിൽക്കുകയും തുടർന്ന് ഇന്ത്യൻ ശൈലിയിലുള്ള മറ്റൊരു വീട് നിർമിച്ച് അവിടേക്ക് താമസം മാറുകയും ചെയ്തു.

ഗാന്ധിജി മുന്നോട്ടുവച്ച മിനിമലിസത്തിലൂന്നിയ നിർമ്മാണരീതിയുടെ സ്വാധീനം മോത്തിലാലിൽ കാണാൻ കഴിയുന്നില്ല. നിർമാണത്തിൽ പുതിയ പരീക്ഷണങ്ങൾക്കു പ്രാമുഖ്യം കൊടുക്കാതെ ഒരു വീടിനെ എങ്ങനെ പൊതു കൂടിച്ചേരലുകൾക്കായി ഉപയോഗിക്കാം എന്നാണ് മോത്തിലാൽ ആലോചിച്ചത്. ഒരു കുടുംബത്തിന്റെ രാഷ്ട്രീയ വളർച്ചയോടൊപ്പം ഒരു വീടിന്റെ രാഷ്ട്രീയ പ്രഖ്യാപനവുമായിരുന്നു ആനന്ദ് ഭവനിൽ നിന്ന് സ്വരാജ് ഭവനിലേക്കുള്ള വികാസം.

Comments