ഗാന്ധി വധം, ഗീതാ പ്രസ്​, മോദിയുടെ ഗാന്ധി പുരസ്​കാരം: ലജ്ജാകരമായ ഒരു തിരുത്തൽ കൂടി…

ഗാന്ധിയുടെ കൊലപാതകത്തെ തുടർന്ന് അറസ്റ്റിലായവരിൽ, ഗീത പ്രസ്​ ഉടമ ജയ് ദയാൽ ഗോയങ്കയും ഹനുമാൻ പ്രസാദ് പൊദ്ദാറും ഉൾപ്പെടും. സ്വാതന്ത്ര്യത്തിൻ്റെയും ഇന്ത്യാ വിഭജനത്തിൻ്റെയും കാലത്ത്​, ഗീതാ പ്രസും പൊദ്ദാറും ഗാന്ധിവിരുദ്ധരായി മാറുകയും ആർ.എസ്.എസും ഹിന്ദുമഹാസഭയും പ്രതിനിധീകരിക്കുന്ന അക്രമോത്സുക ഹിന്ദുത്വത്തിൻ്റെ ഭാഗമാകുകയും ചെയ്തു.

പുരുഷോത്തം അഗ്രവാളിൻ്റെ നേതൃത്വത്തിൽ പ്രസിദ്ധ സംവിധായകനായ ശ്യാം ബെനഗൽ, ചരിത്രകാരരായ റൊമീല ഥാപ്പർ, പാർത്ഥാ ചാറ്റർജി, പ്രസിദ്ധ എഴുത്തുകാരായ ഗായത്രി ചക്രവർത്തി സ്പിവാക്ക്, ആനന്ദ് തെൽതുംബ്ദേ, അശോക് ബാജ്പേയ്, ആക്ടിവിസ്റ്റ് ടീസ്റ്റാ സെതൽവാദ് തുടങ്ങി നിരവധി പേർ ചേർന്ന് അന്നത്തെ വാജ്പേയ് ഗവണ്മെൻ്റിന് മുൻപാകെ ഒരു ഹർജി സമർപ്പിച്ചു. ഗാന്ധിവധവുമായി ബന്ധപ്പെട്ടതുൾപ്പെടെ 1,50,000 ഫയലുകൾ ഗവണ്മെൻറ്​ നശിപ്പിച്ചു എന്ന വാർത്തയെ ചൊല്ലിയ ആശങ്കയായിരുന്നു ആ ഹർജിയിലെ മുഖ്യവിഷയം. ആ വാർത്ത ശരിയാണെങ്കിൽ നശിപ്പിക്കപ്പെടും മുമ്പ് ആ ഫയലുകളുടെ ഡിജിറ്റൽ പതിപ്പുകൾ എടുത്തിരുന്നോ, അവ ഇന്ത്യയിലെ പ്രശസ്ത സ്ഥാപനങ്ങളായ നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ (എൻ.എ.ഐ), നെഹ്രു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി (എൻ.എം.എം.എൽ ) തുടങ്ങിയ സ്ഥാപനങ്ങളിലേയ്ക്ക് മാറ്റിയിരുന്നോ എന്ന പ്രസക്ത ചോദ്യങ്ങളാണ് അവർ ഉന്നയിച്ചിരുന്നത്. അതിന് വ്യക്തമായ ഒരു ഉത്തരവും ലഭിച്ചില്ല.

വാജ്പേയി ഗവണ്മെൻ്റിൻ്റെ കാലത്തുതന്നെയാണ് സവർക്കറെ പൊതുസ്മരണയിലേയ്ക്ക് പുനരാനയിക്കാനുള്ള വലിയ ശ്രമങ്ങൾ നടക്കുന്നത്. പോർട്ട് ബ്ലെയർ എയർപോർട്ടിനെ വീർ സവർക്കർ എയർപോർട്ട് എന്ന് പേരു കൊടുത്തും പാർലമെൻ്റിലെ സെൻട്രൽ ഹാളിൽ സവർക്കറുടെ ഛായാചിത്രം സ്ഥാപിച്ചുമൊക്കെയാണ് അത് തുടങ്ങിവെച്ചത്. ഹിന്ദു മഹാസഭയിൽ നിന്ന് രാജിവെച്ചും താൻ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്ന് കോടതിയിൽ എഴുതിക്കൊടുത്തും സ്വതന്ത്ര ഇന്ത്യയിലെ ആദ്യതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോലും കഴിയാതിരുന്ന സവർക്കറെ അങ്ങനെ വാജ്പേയി പാർലിമെൻ്റിൽ എത്തിച്ചു.

പ്രൊ. പുരുഷോത്തം അഗര്‍വാള്‍

രേഖകൾ നശിപ്പിച്ചും പുതിയ ‘തെളിവുകൾ’ സൃഷ്ടിച്ചും ഹിന്ദുത്വ രാഷ്ട്രീയം നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ വന്ന രണ്ടു വാർത്തകൾ.

ആദ്യത്തേത്; നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ (എൻ.എം.എം.എൽ ) പേരുമാറ്റി പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി (പി.എം.എൽ.എസ്) എന്ന്​ ആക്കിയതാണ്. നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ എന്ന എൻ.എ.ഐയിലും എൻ.എം.എം എല്ലിലുമാണ് യഥാർത്ഥത്തിൽ ഇന്ത്യയുടെ ചരിത്ര രേഖകളുടെ സൂക്ഷിപ്പ്. ഗാന്ധി വധക്കേസിലെ പ്രതികളുടെ വിചാരണാമൊഴികൾ തൊട്ട് ആർ എസ് എസിൻ്റെ സ്ഥാപകരിൽ ഒരാൾ എന്ന് പറയാവുന്ന ബി.എസ്. മുഞ്ജേയുടെ ഇറ്റലി സന്ദർശനവും മുസ്സോളിനിയുമായുള്ള കൂടിക്കാഴ്ചയും വരെയുള്ള നിരവധി ചരിത്രരേഖകൾ സൂക്ഷിച്ചിരിക്കുന്നത് അവിടെയാണ്. അവിടെയുള്ള ഹിന്ദുത്വ ഭരണകൂട ഇടപെടലുകൾ തീർച്ചയായും അവരുടെ പുതിയ ചരിത്രനിർമ്മിതിയുടെ ഭാഗമായി തന്നെയാണ് വീക്ഷിക്കേണ്ടത്.

മറ്റൊരു വാർത്ത, ഗീതാ പ്രസിന് ഒരു കോടി രൂപയോ മറ്റോ ഉള്ളടങ്ങിയ ഗാന്ധി സമാധാന സമ്മാനം കൊടുത്തു എന്ന വാർത്തയാണ്. 2015- ൽ അക്ഷയ മുകുൾ എഴുതി ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരിച്ച ഗീത പ്രസ്​ ആൻഡ് ദി മേക്കിങ്ങ് ഓഫ് ഹിന്ദു ഇന്ത്യ എന്ന പുസ്തകമാണ്, പേര് സൂചിപ്പിക്കും പോലെ, ഒരു ഹൈന്ദവ ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ സാംസ്കാരികമായി വലിയ പങ്കു വഹിച്ച സ്ഥാപനം. ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ അക്രമോത്സുകമായ ഒരു ഹിന്ദുത്വ രാഷ്ട്രീയം കെട്ടിപ്പടുക്കുന്നതിൽ ഏറ്റവും വലിയ പങ്ക് വഹിച്ചത് സവർക്കർ ആണെന്ന് കാണാം. യാഥാസ്ഥിതിക ബ്രാഹ്മണിസത്തെ ആദ്യം വംശീയവല്ക്കരിച്ചും പിന്നീട് സൈനികവല്ക്കരിച്ചുമാണ് സവർക്കർ ഇത് സാധിച്ചെടുക്കുന്നത്. ഇത് ആദ്യഘട്ടത്തിൽ സ്മൃതികളെ, പ്രത്യേകിച്ച് മനുസ്മൃതിയെ ആശ്രയിച്ചുനിന്നിരുന്ന ആര്യഹിന്ദു മത ബ്രാഹ്മണരിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. സവർക്കറുടെ ബ്രാഹ്മണിസം ദേശത്തേയും പൗരത്വത്തേയും നിർവ്വചിച്ചുകൊണ്ടുള്ള ഒന്നായിരുന്നു.


‘ആസിന്ധു സിന്ധു പര്യന്ത, യസ്യ ഭാരത ഭൂമിക / പിതൃഭൂ, പുണ്യഭൂശ്ചൈവസ വൈ ഹിന്ദു ഋതി സ്മൃതാ’ എന്ന പുതിയൊരു ഹിന്ദു സങ്കല്‌പനം ആണ് സവർക്കർ വാർത്തെടുത്തത്. ചുരുക്കിപ്പറഞ്ഞാൽ, സിന്ധു (നദി) മുതൽ സിന്ധു (സമുദ്രം) വരെയുള്ള സ്ഥലരാശിയെ പിതൃഭൂവും പുണ്യഭൂവുമായി കണക്കാക്കുന്നവനാണ് ഹിന്ദുരാഷ്ട്രത്തിലെ പ്രജ എന്ന സങ്കല്പനമാണ് സവർക്കർ കൊണ്ടുവരുന്നത്. മക്കയും മദീനയും ജറുസലേമും വത്തിക്കാനുമൊക്കെ പുണ്യഭൂമിയായി കാണുന്ന മുസ്​ലിമും ക്രിസ്ത്യാനിയും ഈ ഹിന്ദുരാഷ്ട്രത്തിലെ പൗരത്വസങ്കല്പത്തിൽ നിന്ന് പുറത്താകുമെങ്കിലും സിക്ക്, ജൈന മതങ്ങൾ പോലുള്ള അനാര്യമതങ്ങളും അനാര്യജാതികൾക്കും ഹിന്ദുത്വത്തിനുള്ളിൽ ഇടം കിട്ടുന്നു എന്നതായിരുന്നു ആര്യ ഹിന്ദു മത സങ്കല്പവും സവർക്കറിയൻ ബ്രാഹ്മണിസവും തമ്മിൽ ആദ്യകാലത്തുണ്ടായ ഇടച്ചലിന് കാരണം. ജാതിവ്യവസ്ഥ തന്നെ ബ്രാഹ്മണിസം കേന്ദ്രമാക്കി മറ്റു വിഭാഗങ്ങളെ പ്രത്യേകരീതിയിൽ അതിനോട് ചേർത്തുനിർത്തുന്ന ഒരു ഘടനയാണെന്ന് കാണാനുള്ള ആഴക്കാഴ്ച ആര്യഹൈന്ദവർക്ക് ഉണ്ടായില്ല. ന്യൂനപക്ഷങ്ങളിൽ ന്യൂനപക്ഷമായ ബ്രാഹ്മണരെ കേന്ദ്രീകരിച്ചുള്ള യാഥാസ്ഥിതിക ബ്രാഹ്മണിസത്തിന് നിലനിൽപ്പില്ലെന്ന് സവർക്കർക്ക് അറിയാമായിരുന്നു. അതിനാൽ പൊടുന്നനെ യാഥാസ്ഥിതിക ആര്യ ബ്രാഹ്മണർ എതിർത്താൽ പോലും അവർ പിന്നാലെ അക്രമോത്സുക ഹിന്ദുത്വത്തിൽ എത്തും എന്നും അദ്ദേഹം കണക്കു കൂട്ടിയിരുന്നു.

Photo: gitapress.org

ഈ സമന്വയം, യാഥാസ്ഥിതിക ആര്യ ബ്രാഹ്മണിസത്തിൻ്റേയും അക്രമോത്സുക ഹിന്ദുത്വ രാഷ്ട്രീയ ബ്രാഹ്മണിസത്തിൻ്റേയും അപകടകരമായ സമന്വയം സാധിപ്പിച്ചെടുത്തതിൽ ഗോരഖ്പൂർ കേന്ദ്രമാക്കി സ്ഥാപിതമായ ഗീതാ പ്രസ്​ നിർവ്വഹിച്ച പങ്ക് നിസ്സീമമാണ്. ഭഗവദ്ഗീതയും തുളസീദാസ രാമായണവും കുറഞ്ഞ വിലയിൽ ജനകീയമാക്കുന്ന പദ്ധതിയാണ് ഗീത പ്രസ്​ തുടങ്ങിവെച്ചത്. ബ്രിട്ടീഷിന്ത്യയിലും സ്വതന്ത്രേന്ത്യയിലും കച്ചവട സമുദായം എന്ന നിലയിൽ ഉയരങ്ങൾ ആർജ്ജിച്ച മാർവാഡി സമുദായത്തിലെ പ്രബലരായിരുന്നു ഗീത പ്രസിൽ നിക്ഷേപിച്ചിരുന്നത്. കച്ചവടക്കാരനായി തുടങ്ങി ആത്മീയതയിലേയ്ക്ക് തിരിഞ്ഞ ജയ് ദയാൽ ഗോയങ്കയാണ് ഈ പ്രസ്ഥാനം തുടങ്ങിവെച്ചത് എന്ന് പറയാം. എന്നാൽ ഗീതാ പ്രസിനെ ഇന്നത്തെ നിലയിലെത്തിച്ചത് 1926- ൽ ജനിച്ച് 1971- ൽ അന്തരിച്ച ഹനുമാൻ പ്രസാദ് പൊദ്ദാർ ആണ്. ഗീത പ്രസിൽനിന്ന്​ പുറത്തിറങ്ങിയ കല്യാൺ എന്ന പ്രസിദ്ധീകരണമാണ് നേരത്തെ പറഞ്ഞ പോലെ ഭക്തിയിലും ജാതിശ്രേണിയിലും വിശ്വസിച്ചിരുന്ന ഹിന്ദുസമുദായത്തിലെ വിവിധ തട്ടുകളിലെ വലിയൊരു വിഭാഗത്തെ അക്രമോത്സുക ഹിന്ദുത്വത്തിന് കൂട്ടിക്കൊടുക്കുന്നതിൽ വലിയ സാംസ്കാരിക പങ്കാളിത്തം നിർവ്വഹിച്ചത്. ഇന്നും, ഓരോ ലക്കം ‘കല്യാണും' 2,30,000 കോപ്പികൾ വിതരണം ചെയ്യപ്പെടുന്നു എന്നാണ് അവരുടെ വെബ്സൈറ്റ് പറയുന്നത്. ഒരു ആനുകാലികത്തെ സംബന്ധിച്ച്​ അത് ഒരു പക്ഷെ റെക്കോർഡ് ആയിരിക്കും.

ഹനുമാൻ പ്രസാദ് പൊദ്ദാർ / Photo : Screengrab Sadguru Sang Santo


പൊദ്ദാറിൻ്റേയും ഗീത പ്രസ്​ പ്രസിദ്ധീകരണമായ കല്യാണിൻ്റേയും ചരിത്രമാണ് അക്ഷയ മുകുൾ തൻ്റെ പുസ്തകത്തിൽ വൈഭവത്തോടെ ഇഴ പിരിക്കുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ഗാന്ധിയുമായി പൊദ്ദാറും ഗീത പ്രസും പുലർത്തിയ ബന്ധത്തിൻ്റെ പരിണാമത്തെക്കുറിച്ചാണ്. 1930- കളിൽ അവർ തമ്മിൽ ഊഷ്മള ബന്ധമുണ്ടായിരുന്നതായി അക്ഷയ് മുകുൾ വിവരിക്കുന്നു. നിസ്സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഗാന്ധി ജയിലിൽ കഴിയുന്ന കാലത്ത് അദ്ദേഹത്തിൻ്റെ മകൻ ദേവ്ദാസ് ഗാന്ധിയും ഗോരഖ്പൂരിൽ ജയിലിലടക്കപ്പെട്ടു. അവിടെ വെച്ച് ദേവ്ദാസിന് ടൈഫോയ്ഡ് ബാധിച്ചത് ഗാന്ധിയെ ആശങ്കാകുലനാക്കി. ഗാന്ധി ആവശ്യപ്പെട്ടതനുസരിച്ച് പൊദ്ദാർ ജയിലിൽ പോയി ദേവ്ദാസിനെ സന്ദർശിക്കുകയും ആരോഗ്യനില തൃപ്തികരമാണെന്ന് ഗാന്ധിയെ അറിയിക്കുകയും ചെയ്തു.

അതേസമയം, 1932- ൽ  ഗാന്ധിയുടെ ഈ നിരാഹാരം പൊദ്ദാർ അടക്കമുള്ള യാഥാസ്ഥിതിക, ആര്യ ഹിന്ദുക്കളെ ചൊടിപ്പിച്ചു. അക്ഷയ മുകുൾ പറയുന്നത്, അതാണ് ക്ഷേത്രപ്രവേശനത്തെ സാമാന്യമാക്കിയത് എന്നാണ്.
‘‘യാഥാസ്ഥിതികമായ അലഹബാദ് മുതൽ കോസ്‌മോപോളിറ്റൻ ബോംബെ വരെ ക്ഷേത്രങ്ങളായ ക്ഷേത്രങ്ങളെല്ലാം അതിൻ്റെ വാതിലുകൾ തുറന്നിട്ടു. അസാധാരണമായ ഒരു നീക്കത്തിലൂടെ ബോംബെയിലെ ആറു ക്ഷേത്രങ്ങൾ മുൻവശത്ത് ബാലറ്റ് പെട്ടി വെച്ച് ഒരു ഹിതപരിശോധന നടത്തുകയും ‘അസ്പൃശ്യർക്ക്’ ക്ഷേത്രപ്രവേശനം അനുവദിക്കണം എന്ന് വാദിക്കുന്നവർക്ക് വൻ ഭൂരിപക്ഷം കിട്ടുകയും ചെയ്തു. കൃത്യമായി പറഞ്ഞാൽ 24,979 പേർ ക്ഷേത്രപ്രവേശനത്തിന് അനുകൂലമായി പ്രതികരിച്ചപ്പോൾ 445 പേർ മാത്രമാണ് എതിർത്തത്’’- പത്മജ നായിഡു ഇതിനെ ‘ശുദ്ധീകരണം’ എന്നാണ് വിശേഷിപ്പിച്ചത് എന്ന് അക്ഷയ മുകുൾ പറയുന്നു. ടാഗോർ ഗാന്ധിയെ കാണാൻ കുതിച്ചെത്തിയതായും.


എന്നാൽ, ഗീത പ്രസിനേയും പൊദ്ദാറിനേയും ഈ നിലപാട് ഞെട്ടിച്ചുകളഞ്ഞു. പന്തിഭോജനവും ക്ഷേത്രപ്രവേശനവും ഹിന്ദുമതത്തിൻ്റെ പരിശുദ്ധി നശിപ്പിക്കും എന്ന് തൻ്റെ അഭിപ്രായം പൊദ്ദാർ ഗാന്ധിക്ക് തുറന്നെഴുതി. ദലിതരെ കുളിപ്പിക്കുകയും നല്ല വസ്ത്രം ധരിപ്പിക്കുകയും ചാരായം കുടിക്കുന്നതിൽ നിന്നും മാംസഭക്ഷണം കഴിക്കുന്നതിൽ നിന്നും തടയുകയാണ് വേണ്ടതെന്നും. ഒരു യുദ്ധത്തിലേയ്ക്ക് നയിക്കും എന്നതിനാൽ പാണ്ഡവരും കൗരവരും തമ്മിൽ ഒന്നിച്ച് ഉണ്ണാൻ മെനക്കെട്ടിട്ടില്ല എന്നും പൊദ്ദാർ ഗാന്ധിയെ ഓർമ്മിപ്പിച്ചു. പന്തിഭോജനത്തെ എതിർക്കുന്നത് പാപമാണ് എന്ന് ഗാന്ധി പൊദ്ദാറെ ഓർമ്മിപ്പിച്ചു,

മരണം വരെ വിവേചനത്തിനെതിരെ പോരാടുമെന്നും. തുടർന്ന് ഗാന്ധിയെ പാശ്ചാത്യ സന്യാസി എന്ന് പൊദ്ദാർ വിശേഷിപ്പിക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടും ആ ബന്ധം പൂർണ്ണമായി തകർച്ചയിൽ എത്തിയില്ല. എന്നാൽ സ്വാതന്ത്ര്യവും ഇന്ത്യാ വിഭജനവും നടക്കുന്ന കാലമെത്തിയപ്പോൾ കല്യാണും ഗീതാ പ്രസും പൊദ്ദാറും തികച്ചും ഗാന്ധിവിരുദ്ധരായി മാറുകയും ആർ.എസ്.എസും ഹിന്ദുമഹാസഭയും പ്രതിനിധീകരിക്കുന്ന അക്രമോത്സുക ഹിന്ദുത്വത്തിൻ്റെ ഭാഗമായി മാറുകയും ചെയ്തു.

ജയ് ദയാൽ ഗോയങ്ക

ഈ പരിണാമത്തിൻ്റെ വ്യാപ്തിയും ആഴവും മനസ്സിലാകണമെങ്കിൽ, ഗാന്ധിയുടെ കൊലപാതകത്തെ തുടർന്ന് അറസ്റ്റിലായവരിൽ പൊദ്ദാറും ഉൾപ്പെടും എന്ന വസ്തുതയുമായി ചേർത്ത് വായിക്കണം. പൊദ്ദാറിനൊപ്പം അറസ്റ്റിലായവരിൽ ഗീത പ്രസ്​ ഉടമ ജയ് ദയാൽ ഗോയങ്കയും ഉൾപ്പെടും. അക്ഷയ മുകുൾ പറയുന്നത് പൊദ്ദാറിൻ്റേയും ഗോയങ്കയുടേയും അറസ്റ്റിനെക്കുറിച്ചുള്ള രേഖകൾ ഒന്നും വലുതായി അവശേഷിക്കുന്നില്ല എന്നാണ്. ആകെയുള്ളത് പൊദ്ദാറിൻ്റെ അപ്രകാശിത ജീവചരിത്രത്തിലെ ഒരു ഭാഗമാണ്. അതിൽ പറയുന്നത് ഗാന്ധിവധം സംഭവിച്ച 1948 ജനുവരി 30 ന് പൊദ്ദാർ ദൽഹിയിലുണ്ടായിരുന്നു എന്നും. ആ ജീവചരിത്രം കുറ്റപ്പെടുത്തുന്നത് പൊദ്ദാറിൻ്റേയും ജയ് ദയാൽ ഗോയങ്കയുടേയും അടുത്ത സഹായിയും ഗീത പ്രസിൻ്റെ മുൻ മാനേജരുമായിരുന്ന മഹാവീർ പ്രസാദ് പൊദ്ദാറിനെയാണ്. ‘പല കാരണങ്ങൾ കൊണ്ട് മഹാവീർ പ്രസാദ് ഭായ്ജിയും (ഹനുമാൻ പ്രസാദ് പൊദ്ദാർ) കല്യാണും ഗീതാ പ്രസും (ഗാന്ധി ) വധത്തിന് ഉത്തരവാദികളാണെന്ന നീചമായ കിംവദന്തി പരത്തുകയുണ്ടായി.’


ഗാന്ധി വധത്തിന് ഉത്തരവാദികൾ എന്ന സംശയത്തിൽ അറസ്റ്റിലായ ഉടമയുടേയും പത്രാധിപരുടേയും കീഴിലുള്ള ഗീതാ പ്രസ്​ ഗാന്ധിയുടെ പേരിലുള്ള സമാധാന സമ്മാനത്തിന് അർഹമാകുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. നമ്മുടെ മുന്നിലാണ് ചരിത്രം തിരുത്തപ്പെടുന്നത്. ആ തിരുത്തപ്പെട്ട ചരിത്രത്തിലെ പ്രജകളായി ജീവിക്കേണ്ടിവരുന്നു എന്ന വെല്ലുവിളിയാണ് ഓരോരുത്തരും നേരിടുന്നത്. തിരുത്തപ്പെടുന്നത് നമ്മുടെ പേരുകൾ തന്നെയാണ്. 

Comments