ഓരോ വീട്ടിലും
ഒരു പാറ്റയുണ്ട്

സ്വാതന്ത്ര്യ സമരകാലത്ത് ജയിലിൽ കിടന്നവർ തങ്ങളുടെ മക്കളിലേക്ക് പകർന്ന അതേ സ്വാതന്ത്ര്യദാഹം തന്നെയാണ്, ഇന്നത്തെ Gen Z അവരുടെ വരും തലമുറകളിലേക്കും പകരാൻ പോകുന്നത്. ഈ രാഷ്ട്രീയബോധവൽക്കരണം ഒരു ചെറിയ കാലയളവിൽ അവസാനിക്കുന്നതല്ലെന്നും, അതൊരു ചരിത്രപരമായ തുടർച്ചയാണെന്നും കരുതേയേ പറ്റൂ- റാസി മുഹമ്മദ് എഴുതുന്നു.

ഇന്ത്യൻ കുടുംബങ്ങളിൽ 'മുതിർന്നവർ പറയും, കുട്ടികൾ കേൾക്കും' എന്നതായിരുന്നു രീതി. എന്നാൽ ഇന്റർനെറ്റിലൂടെയും സ്വതന്ത്രമായ വായനയിലൂടെയും Gen Z ആർജ്ജിച്ചെടുത്ത യുക്തിഭദ്രത ഈ സമവാക്യം ലേശം തിരുത്തിയിട്ടുണ്ട്. വികാരങ്ങളേക്കാൾ വസ്തുതകൾ വെച്ച് സംസാരിക്കുന്ന കുട്ടികളുടെ രാഷ്ട്രീയ-സാമൂഹികവാദങ്ങളിൽ കഴമ്പുണ്ടെന്ന് ഇന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞുതുടങ്ങി. വ്യാജവാർത്തകളും, വിദ്വേഷപരാമർശങ്ങളും അപ്പപ്പോൾ തന്നെ തിരുത്തപ്പെടുന്നത് ഇന്ന് വീടുകൾക്കുള്ളിലാണ്.

അടുക്കളയിലും ഊണുമേശയിലും, വീട്ടിലെ സ്ഥിരം കീഴ് വഴക്കങ്ങളെയും, അന്ധവിശ്വാസങ്ങളെയും, വർഗീയചിന്തകളെയും നിരന്തരം ചോദ്യംചെയ്യുന്ന ഒരു ശബ്ദമായി Gen Z മാറിയിരിക്കുന്നു. കുടുംബത്തിലെ പഴയ ചിന്താഗതികൾക്ക് ഇതൊരു  വലിയ 'അലോസരമായി' മാറുന്നുണ്ടെങ്കിലും, അതിനെ പൂർണ്ണമായി അവഗണിക്കാൻ കഴിയുന്നില്ല. സ്വന്തം മകൻ അല്ലെങ്കിൽ മകൾ ഒരു കാര്യം യുക്തിസഹമായി പറയുമ്പോൾ മാതാപിതാക്കൾക്ക് അത് ഉൾക്കൊള്ളാതിരിക്കാൻ കഴിയില്ല. സ്നേഹവും വ്യക്തിപരമായ അടുപ്പവും ഉള്ളതുകൊണ്ട് ഈ സംസാരം കൂടുതൽ ഫലപ്രദമാകുന്നു.

ക്യാമ്പസുകളിൽനിന്ന് കുട്ടികൾ തെരുവിലിറങ്ങിയത് മധ്യവർഗ്ഗ മാതാപിതാക്കൾക്ക് വലിയൊരു ഷോക്കായിരുന്നു. തങ്ങളുടെ കുട്ടികൾ കൃത്യമായ രാഷ്ട്രീയബോധമുണ്ടെന്ന് അവർ തിരിച്ചറിഞ്ഞു തുടങ്ങി. ഇത് വീടുകളിലെ ചർച്ചകളിൽ കുട്ടികളുടെ അഭിപ്രായങ്ങൾക്ക് വില നൽകാൻ അവരെ നിർബന്ധിതരാക്കി. സമരസമയത്ത് തങ്ങളുടെ മക്കളെ ഭരണകൂടം ഉപദ്രവിക്കുമോ എന്ന ഭയമായിരുന്നു പല മാതാപിതാക്കൾക്കും. തങ്ങൾ വർഷങ്ങളായി ഭയന്ന് മിണ്ടാതിരുന്ന കാര്യങ്ങളാണ് ഈ കുട്ടികൾ വിളിച്ചുപറയുന്നത് എന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞു. കുടുംബങ്ങളിലെ രാഷ്ട്രീയതീരുമാനങ്ങൾ അച്ഛനിൽ മാത്രം ഒതുങ്ങിയിരുന്നെങ്കിൽ, ഇന്നത് മക്കളുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചുള്ള ഒന്നായി മാറിയിട്ടുണ്ട്.

തെരുവിലെ സമരങ്ങളെ ഭരണകൂടത്തിന് അടിച്ചമർത്താം, എന്നാൽ സ്വന്തം വീടുകളിൽ, മാതാപിതാക്കളോട് യുക്തിസഹമായി സംസാരിക്കുന്ന കുട്ടികളെ ഭരണകൂടം എങ്ങനെ നേരിടും? പാറ്റകൾ പുറമേനിന്നുള്ള ശത്രുക്കളല്ല. അവ വീടിന്റെ ഉള്ളിലും, അടുക്കളയിലും ജീവിക്കുന്നവയാണ്. ഈ ആഭ്യന്തരപ്രതിരോധത്തെ തകർക്കുക എന്നത് പരമ്പരാഗത അധികാരകേന്ദ്രങ്ങൾക്ക് അസാധ്യമാണ്.

ക്യാമ്പസുകളിൽനിന്ന് കുട്ടികൾ തെരുവിലിറങ്ങിയത് മധ്യവർഗ്ഗ മാതാപിതാക്കൾക്ക് വലിയൊരു ഷോക്കായിരുന്നു. തങ്ങളുടെ കുട്ടികൾ കൃത്യമായ രാഷ്ട്രീയബോധമുണ്ടെന്ന് അവർ തിരിച്ചറിഞ്ഞു തുടങ്ങി.
ക്യാമ്പസുകളിൽനിന്ന് കുട്ടികൾ തെരുവിലിറങ്ങിയത് മധ്യവർഗ്ഗ മാതാപിതാക്കൾക്ക് വലിയൊരു ഷോക്കായിരുന്നു. തങ്ങളുടെ കുട്ടികൾ കൃത്യമായ രാഷ്ട്രീയബോധമുണ്ടെന്ന് അവർ തിരിച്ചറിഞ്ഞു തുടങ്ങി.

90-കളിലെയും 2000-ങ്ങളിലെയും ബാബറി മസ്ജിദ് തകർച്ച, ധ്രുവീകരണം തുടങ്ങിയ രാഷ്ട്രീയമാറ്റങ്ങളിലും വൈകാരികപ്രചാരണങ്ങളിലും വീണുപോയവരാണ് ഇന്നത്തെ പല മാതാപിതാക്കളും. അവരാണ് വലതുപക്ഷ- വർഗീയ ശക്തികളെ അധികാരത്തിലേറ്റിയത്. എന്നാൽ ഈ തീരുമാനത്തിന്റെ അനന്തരഫലങ്ങളായ തൊഴിലില്ലായ്മ, വിലക്കയറ്റം, പൗരാവകാശധ്വംസനം എന്നിവ നേരിട്ട് അനുഭവിക്കുന്ന യുവതലമുറ മാതാപിതാക്കളുടെ രാഷ്ട്രീയതിരഞ്ഞെടുപ്പുകളെ പാടെ തള്ളിക്കളയുന്നു. ഈ സമരവും ചോദ്യംചെയ്യലും ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിലോ സംഘടനയിലോ ഒതുങ്ങുന്നതല്ല. ഇന്ത്യയിലെ ഏത് കോണിലുള്ള സാധാരണ കുടുംബമെടുത്താലും, അവിടെ പരമ്പരാഗത രാഷ്ട്രീയത്തെയും വർഗീയതയെയും വെല്ലുവിളിക്കുന്ന ഒരു 'Gen Z' കാണും. സമരം പൊതുവേദിയിലല്ല, ഇന്ത്യയിലെ ദശലക്ഷക്കണക്കിന് വീടുകളിൽ ഒരേസമയം സ്വകാര്യമായി നടക്കുന്നുണ്ട്.

1925-ൽ രൂപീകൃതമായ ഒരു വർഗീയസംഘടന ഒരു നൂറ്റാണ്ട് എടുത്താണ് ഇന്ത്യയുടെ അധികാര കേന്ദ്രങ്ങളിൽ എത്തിയത്. എന്നാൽ തങ്ങൾ വർഷങ്ങൾ കൊണ്ട് വാർത്തെടുത്ത വോട്ട് ബാങ്കിന്റെ വീടുകളിൽ നിന്ന് തന്നെ ഒരു പുതിയ പ്രതിപക്ഷ തലമുറ ഉയർന്നുവരുന്നത് അവർക്ക് ചിന്തിക്കാവുന്നതിലും വലിയ പ്രതിസന്ധിയാണ്.  ഇന്റർനെറ്റും ഡിജിറ്റൽ സാങ്കേതികവിദ്യയും ഇന്ത്യൻ യുവത്വത്തിന്റെ (Gen Z) രാഷ്ട്രീയബോധത്തെ മുൻതലമുറകളിൽ നിന്ന് അടിസ്ഥാനപരമായി മാറ്റിമറിച്ചിട്ടുണ്ട്. കേവലം വാർത്തകൾ അറിയുന്നതിനപ്പുറം, രാഷ്ട്രീയത്തിൽ സജീവമായി ഇടപെടാനും പ്രതികരിക്കാനുമുള്ള ഒരു പുതിയ ഇടമാണ് ഇന്റർനെറ്റ് അവർക്ക് നൽകിയത്.  

ഇന്ത്യൻ യുവത്വത്തിന്റെ രാഷ്ട്രീയബോധം രൂപപ്പെടുത്തുന്നതിൽ കോവിഡ്-19 മഹാമാരിയും തുടർന്നുള്ള ലോക്ക്ഡൗണും വഹിച്ച പങ്ക് വലുതാണ്. വീടുകൾക്കുള്ളിലെ സംവാദങ്ങളെയും, ഭരണകൂടത്തോടുള്ള Gen Z-ന്റെ കാഴ്ചപ്പാടുകളെയും മാറ്റിമറിച്ച ഒരു പ്രേരകശക്തി ആയിരുന്നു കോവിഡ് കാലം എന്നു പറയാം. കുട്ടികളും മാതാപിതാക്കളും ഒരേ വീട്ടിൽ അടച്ചിരിക്കാൻ നിർബന്ധിതരായി. പഠനത്തിന്റെ ഭാഗമായി ആൻഡ്രോയിഡ് ഫോൺ കുട്ടികളുടെ സ്വന്തമായി മാറി. ടെലിവിഷൻ വാർത്തകളിൽ 'എല്ലാം ഭദ്രമാണ്' എന്ന് വിശ്വസിച്ചിരുന്ന മാതാപിതാക്കളും, ഇന്റർനെറ്റിലൂടെ യഥാർത്ഥ ദുരന്തത്തിന്റെ വ്യാപ്തി കണ്ടുകൊണ്ടിരുന്ന കുട്ടികളും തമ്മിൽ ചേർച്ചയില്ലാതെയായി.  

ഓക്സിജൻ കിട്ടാതെ ആശുപത്രി വരാന്തകളിൽ മരിക്കുന്ന മനുഷ്യരും, ഗംഗാ നദിയിലൂടെ ഒഴുകിനടന്ന മൃതദേഹങ്ങളും അവർക്ക് വലിയൊരു തിരിച്ചറിവ് നൽകി. ആയിരക്കണക്കിന് കിലോമീറ്ററുകൾ കൈക്കുഞ്ഞുങ്ങളുമായി കാൽനടയായി സ്വന്തം ഗ്രാമങ്ങളിലേക്ക് നടന്നുപോയ ലക്ഷക്കണക്കിന് തൊഴിലാളികളുടെ ദൃശ്യങ്ങൾ വലിയൊരു ട്രോമയാണ് യുവതലമുറയിൽ ഉണ്ടാക്കിയത്. അതുവരെ കണ്ടിട്ടില്ലാത്ത ഇന്ത്യയുടെ അദൃശ്യമായ വർഗ്ഗ-ജാതി അസമത്വങ്ങളെ അത് അവരുടെ കണ്മുന്നിൽ തുറന്നുകാട്ടി. ക്ഷേത്രനിർമ്മാണമോ, വർഗീയധ്രുവീകരണമോ, വൈകാരികപ്രസംഗങ്ങളോ ഒന്നും പ്രതിസന്ധി ഘട്ടത്തിൽ ഓക്സിജൻ സിലിണ്ടറുകളോ ആശുപത്രി കിടക്കകളോ ആയി മാറില്ലെന്ന യാഥാർത്ഥ്യം അവർ പച്ചയായി മനസ്സിലാക്കി. ഭരണകൂടത്തിന്റെ മുൻഗണനകളും സാധാരണക്കാരുടെ ജീവനും തമ്മിൽ എത്രത്തോളം അന്തരമുണ്ടെന്ന് അവർ നേരിട്ട് കണ്ടു.

ഇന്ത്യൻ യുവത്വത്തിന്റെ രാഷ്ട്രീയബോധം രൂപപ്പെടുത്തുന്നതിൽ കോവിഡ്-19 മഹാമാരിയും തുടർന്നുള്ള ലോക്ക്ഡൗണും വഹിച്ച പങ്ക് വലുതാണ്.
ഇന്ത്യൻ യുവത്വത്തിന്റെ രാഷ്ട്രീയബോധം രൂപപ്പെടുത്തുന്നതിൽ കോവിഡ്-19 മഹാമാരിയും തുടർന്നുള്ള ലോക്ക്ഡൗണും വഹിച്ച പങ്ക് വലുതാണ്.

സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയായപ്പോൾ, ഇന്ത്യൻ യുവത്വം സ്വന്തം നിലയിൽ പ്രതിരോധം തീർത്തു. ട്വിറ്റർ, ഇൻസ്റ്റാഗ്രാം, വാട്സ്ആപ്പ്, ഡിസ്കോർഡ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളെ അവർ 'ഡീസെൻട്രലൈസ്ഡ് കൺട്രോൾ റൂമുകളാക്കി' മാറ്റി. ഈ മേഖലകളിലെ ദൃശ്യതയില്ലാത്ത പ്രവർത്തനങ്ങൾ അവരിൽ വലിയൊരു ആത്മവിശ്വാസം ഉണ്ടാക്കിയെടുത്തു . ജനങ്ങൾ പരസ്പരം സഹായിക്കുന്നതിന്റെ ശക്തിയും, അതിന് ഡിജിറ്റൽ സാങ്കേതികവിദ്യ എത്രത്തോളം ഉപയോഗിക്കാമെന്നും അവർ പ്രായോഗികമായി സ്വായത്തമാക്കി എന്നത് ആരും തിരിച്ചറിഞ്ഞില്ല. കോവിഡ്-19 എന്നത് ഇന്ത്യയിലെ യുവതലമുറയ്ക്ക് ഭരണകൂട സംവിധാനങ്ങളുടെയും, സാമൂഹിക അസമത്വങ്ങളുടെയും, വർഗീയരാഷ്ട്രീയത്തിന്റെ പൊള്ളത്തരങ്ങളുടെയും നേർക്കുള്ള ഒരു വലിയ എക്സ്-റേ റിപ്പോർട്ടായി മാറി എന്നത് ആരും ശ്രദ്ധിച്ചില്ല.  

പുതിയ തലമുറ ചരിത്രവും രാഷ്ട്രീയവും പഠിക്കുന്നത് ഡിജിറ്റൽ ആർക്കൈവുകളിലൂടെയാണ്. പഴയ പ്രസംഗങ്ങൾ, വാഗ്ദാനങ്ങൾ, പഴയ പത്രവാർത്തകളുടെ സ്ക്രീൻഷോട്ടുകൾ എന്നിവ അവർ കൃത്യമായി സൂക്ഷിക്കുകയും സമയമാകുമ്പോൾ ചോദ്യം ചെയ്യാനായി ഉപയോഗിക്കുകയും ചെയ്യുന്നു. ഒരു വീട്ടിലിരുന്ന് സർക്കാരിന്റെ നയങ്ങളെ എതിർക്കുന്ന ഒരു കുട്ടിക്ക്, താൻ ഒറ്റയ്ക്കല്ലെന്നും തന്നെപ്പോലെ ചിന്തിക്കുന്ന ലക്ഷക്കണക്കിന് പേർ രാജ്യത്തുണ്ടെന്നും മനസ്സിലാക്കിക്കൊടുക്കുന്നത് ഇന്റർനെറ്റാണ്.  

2013-ൽ അമേരിക്കയിൽ ഉടലെടുക്കുകയും പിന്നീട് ലോകമെമ്പാടും അലയടിക്കുകയും ചെയ്ത വംശീയവിരുദ്ധ പോരാട്ടമാണ് ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ (Black Lives Matter - BLM). 2012-ൽ അമേരിക്കയിൽ ട്രേവൺ മാർട്ടിൻ (Trayvon Martin) എന്ന കൗമാരക്കാരനെ വെടിവെച്ചുകൊന്ന പ്രതിയെ കോടതി വെറുതെവിട്ടതിനെ തുടർന്നാണ് അലിസിയ ഗാർസ, പാട്രിസ് കള്ളേഴ്സ്, ഒപാൽ ടോമെറ്റി എന്നീ മൂന്ന് വനിതകൾ സോഷ്യൽ മീഡിയയിൽ #BlackLivesMatter എന്ന ഹാഷ്‌ടാഗ് ആദ്യമായി ഉപയോഗിക്കുന്നത്. അമേരിക്കയിലെ ഈ പ്രതിരോധം കണ്ട ഇന്ത്യൻ യുവത്വം, ആ ചോദ്യങ്ങളെ വളരെ വേഗം ഇന്ത്യയുടെ സാമൂഹിക സാഹചര്യങ്ങളിലേക്കും പകർത്തി. അമേരിക്കയിലെ 'കറുപ്പ്' ഇന്ത്യയിലെ 'ദളിത്', 'ന്യൂനപക്ഷ' ജീവിതങ്ങളുമായി എങ്ങനെ സാമ്യപ്പെട്ടിരിക്കുന്നു എന്ന് അവർ തിരിച്ചറിഞ്ഞു. അതിൽ നിന്നാണ് ഇന്ത്യയിൽ "Dalit Lives Matter", "Muslim Lives Matter" തുടങ്ങിയ ഹാഷ്‌ടാഗുകളും ഡിജിറ്റൽ ക്യാമ്പയിനുകളും ആരംഭിക്കുന്നത്.

 2012-ൽ അമേരിക്കയിൽ ട്രേവൺ മാർട്ടിൻ (Trayvon Martin) എന്ന കൗമാരക്കാരനെ വെടിവെച്ചുകൊന്ന പ്രതിയെ കോടതി വെറുതെവിട്ടതിനെ തുടർന്നാണ് അലിസിയ ഗാർസ, പാട്രിസ് കള്ളേഴ്സ്, ഒപാൽ ടോമെറ്റി എന്നീ മൂന്ന് വനിതകൾ സോഷ്യൽ മീഡിയയിൽ #BlackLivesMatter എന്ന ഹാഷ്‌ടാഗ് ആദ്യമായി ഉപയോഗിക്കുന്നത്.
 2012-ൽ അമേരിക്കയിൽ ട്രേവൺ മാർട്ടിൻ (Trayvon Martin) എന്ന കൗമാരക്കാരനെ വെടിവെച്ചുകൊന്ന പ്രതിയെ കോടതി വെറുതെവിട്ടതിനെ തുടർന്നാണ് അലിസിയ ഗാർസ, പാട്രിസ് കള്ളേഴ്സ്, ഒപാൽ ടോമെറ്റി എന്നീ മൂന്ന് വനിതകൾ സോഷ്യൽ മീഡിയയിൽ #BlackLivesMatter എന്ന ഹാഷ്‌ടാഗ് ആദ്യമായി ഉപയോഗിക്കുന്നത്.

ബ്ലാക്ക് ലൈവ്സ് മാറ്റർ (BLM), കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ഫ്രൈഡേസ് ഫോർ ഫ്യൂച്ചർ, പലസ്തീൻ ഐക്യദാർഢ്യം തുടങ്ങിയ ആഗോളവിഷയങ്ങളെക്കുറിച്ച് പൂർണ്ണബോധ്യമുള്ളവരാണ് അവർ. ഈ ആഗോളവീക്ഷണം ഇന്ത്യയിലെ പ്രാദേശിക പ്രശ്നങ്ങളെ വിശകലനം ചെയ്യാനും അവർ ഉപയോഗിക്കുന്നു. ഒരു പ്രശ്നം ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്നതല്ല എന്ന് അവർക്കറിയാം. ജാതി, മതം, ലിംഗ സമത്വം, LGBTQ+ അവകാശങ്ങൾ, സാമ്പത്തിക അസമത്വം എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന വിശാലമായ ബോധം അവർക്ക് ലഭിച്ചിട്ടുണ്ട്. മുൻ തലമുറയ്ക്ക് പലപ്പോഴും ഈ വിഷയങ്ങളെ വേർതിരിച്ചു കാണാനായിരുന്നു താല്പര്യം.

അതുകൊണ്ടു തന്നെ തെരുവിലിറങ്ങുന്നതിനുമുൻപ് തന്നെ പ്രതിഷേധങ്ങൾ തുടങ്ങുന്നത് ഹാഷ്‌ടാഗുകളിലൂടെയും ഡിജിറ്റൽ ആർട്ടുകളിലൂടെയുമാണ്. ഇൻസ്റ്റാഗ്രാം സ്റ്റോറികളും മീമുകളും (Memes) രാഷ്ട്രീയ വിമർശനത്തിനുള്ള ഏറ്റവും മൂർച്ചയുള്ള ആയുധങ്ങളായി മാറിയിരിക്കുന്നു. മുഖ്യധാരാമാധ്യമങ്ങൾ തമസ്കരിക്കുന്ന വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന സ്വതന്ത്ര മാധ്യമപ്രവർത്തകർക്കും അന്യായമായി വേട്ടയാടപ്പെടുന്ന ആക്ടിവിസ്റ്റുകൾക്കും സാമ്പത്തികവും നിയമപരവുമായ പിന്തുണ നൽകാൻ ആഗോളതലത്തിൽ തന്നെ അവർക്ക് കഴിയുന്നു.

സോഷ്യൽ മീഡിയ അൽഗോരിതങ്ങൾ പലപ്പോഴും ഒരേ ചിന്താഗതിക്കാരുമായി മാത്രം സംവദിക്കുന്ന 'എക്കോ ചേമ്പറുകൾ' (Echo Chambers) സൃഷ്ടിക്കുന്നുണ്ട്. എന്നിരുന്നാലും, മുൻതലമുറയെ അപേക്ഷിച്ച് ഡിജിറ്റൽ ലോകത്തെ ഈ അൽഗോരിതം കെണികളെക്കുറിച്ച് അവർ കൂടുതൽ ബോധവാന്മാരാണ്. ചോദ്യങ്ങൾ ചോദിക്കാൻ ഭയമില്ലാത്ത, ലോകത്തിന്റെ ഏത് കോണിൽ നടക്കുന്ന മാറ്റങ്ങളെയും പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയുന്ന ഒരു തലമുറയാണ് ഇന്നുള്ളത്. വീടുകൾക്കുള്ളിൽ നിന്ന് തുടങ്ങുന്ന ഈ മാറ്റങ്ങൾ പതിയെ രാജ്യത്തിന്റെ മുഖ്യധാര രാഷ്ട്രീയത്തെയും മാറ്റിമറിക്കാൻ തുടങ്ങി എന്നേയുള്ളൂ. 

Gen Z അവരുടെ കൗമാര- യൗവന കാലഘട്ടങ്ങളിൽ കണ്ട ഭരണകൂടഭീകരതയും പോരാട്ടങ്ങളും അവരുടെ രാഷ്ട്രീയബോധത്തെ എന്നത്തേക്കുമായി രൂപപ്പെടുത്തിയിട്ടുണ്ട്. പൗരത്വനിയമ ഭേദഗതിക്കെതിരായ (CAA) സമരങ്ങൾ, കർഷക സമരങ്ങൾ, കാമ്പസ് പ്രതിഷേധങ്ങൾ എന്നിവ കണ്ടും അനുഭവിച്ചുമാണ് ഇന്നത്തെ യുവതലമുറ വളരുന്നത്. തങ്ങളുടെ ഏറ്റവും ഊർജ്ജസ്വലമായ പ്രായത്തിൽ അധികാരത്തിന്റെ മർദ്ദനമുറകളും അനീതികളും നേരിട്ട അവർ, ഭാവിയിൽ ഈ വ്യവസ്ഥിതിയോട് വിട്ടുവീഴ്ച ചെയ്യാൻ സാധ്യത വളരെ കുറവാണ്.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരോ, ആ കാലഘട്ടത്തിൽ ജീവിച്ചിരുന്നവരോ അവരുടെ അനുഭവങ്ങൾ പാഠപുസ്തകങ്ങളിലൂടെ മാത്രമല്ല അടുത്ത തലമുറയ്ക്ക് നൽകിയത്. സ്വന്തം വീടുകളിലെ സായാഹ്നങ്ങളിലും, ഉറങ്ങാൻ നേരത്തുള്ള കഥകളിലുമാണ് അവർ ബ്രിട്ടീഷ് ക്രൂരതകളെക്കുറിച്ചും, ഗാന്ധിജിയെക്കുറിച്ചും, ഭഗത് സിംഗിനെക്കുറിച്ചുമെല്ലാം മക്കളോട് പറഞ്ഞത്. സ്വാതന്ത്ര്യ സമരസേനാനികളുടെ മക്കൾക്ക് ജനാധിപത്യം, മതേതരത്വം, പൗരാവകാശങ്ങൾ എന്നിവയോട് സ്വാഭാവികമായ ആഭിമുഖ്യമുണ്ട്. കാരണം ആ സ്വാതന്ത്ര്യം എത്രത്തോളം കഷ്ടപ്പെട്ട് അവരുടെ മുൻതലമുറ നേടിയതാണെന്ന് അവർക്കറിയാം.  

പൗരത്വനിയമ ഭേദഗതിക്കെതിരായ (CAA) സമരങ്ങൾ, കർഷക സമരങ്ങൾ, കാമ്പസ് പ്രതിഷേധങ്ങൾ എന്നിവ കണ്ടും അനുഭവിച്ചുമാണ് ഇന്നത്തെ യുവതലമുറ വളരുന്നത്.
പൗരത്വനിയമ ഭേദഗതിക്കെതിരായ (CAA) സമരങ്ങൾ, കർഷക സമരങ്ങൾ, കാമ്പസ് പ്രതിഷേധങ്ങൾ എന്നിവ കണ്ടും അനുഭവിച്ചുമാണ് ഇന്നത്തെ യുവതലമുറ വളരുന്നത്.

ഇന്നത്തെ Gen Z നേരിടുന്ന രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെ 'രണ്ടാം സ്വാതന്ത്ര്യ സമരം' എന്ന് പലരും വിശേഷിപ്പിക്കാറുണ്ട്. പൗരത്വ നിയമത്തിനെതിരായ (CAA) സമരങ്ങൾ, കർഷക പ്രക്ഷോഭങ്ങൾ, ദൽഹി അതിർത്തികളിലെ പോരാട്ടങ്ങൾ, സർവ്വകലാശാലകളിലെ വിദ്യാർത്ഥിവേട്ടകൾ എന്നിവയെല്ലാം അവർ നേരിൽ കണ്ടവരോ അതിൽ പങ്കെടുത്തവരോ ആണ്. നാളെ ഈ Gen Z തലമുറ മാതാപിതാക്കളാകുമ്പോൾ, അവർ തങ്ങളുടെ മക്കൾക്ക് പറഞ്ഞുകൊടുക്കുന്നത് ദൽഹിയിലെ തെരുവുകളിൽ മാസങ്ങളോളം സമരം ചെയ്ത കർഷകരെക്കുറിച്ചും, ഭരണകൂടം ഇന്റർനെറ്റ് വിച്ഛേദിച്ചപ്പോൾ അവർ നടത്തിയ ഡിജിറ്റൽ ഒളിപ്പോരുകളെക്കുറിച്ചും, വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ഫാക്ട്- ചെക്കിങ് ഉപയോഗിച്ച് അവർ നടത്തിയ ചെറുത്തുനിൽപ്പുകളെക്കുറിച്ചും ആയിരിക്കും. അന്നത്തെ സമരങ്ങളുടെ വീഡിയോകൾ, ഭരണകൂടം പടച്ചുവിട്ട വ്യാജവാർത്തകളുടെ സ്ക്രീൻഷോട്ടുകൾ, പ്രതിരോധത്തിനായി വരച്ച ഡിജിറ്റൽ ആർട്ടുകൾ എന്നിവയെല്ലാം അവരുടെ പക്കലുണ്ട്. ഇത് വരും തലമുറയുടെ ചരിത്രബോധത്തെ (Historical consciousness) കൂടുതൽ യാഥാർത്ഥ്യബോധമുള്ളതാക്കും.

ഒരു തലമുറ തങ്ങൾ അനുഭവിച്ച ഭരണകൂട ഭീകരതയെക്കുറിച്ച് അടുത്ത തലമുറയ്ക്ക് കൃത്യമായി പറഞ്ഞുകൊടുക്കുമ്പോൾ, അത് ആ സമൂഹത്തിന് നൽകുന്ന ഒരു 'വാക്സിനേഷൻ' ആണ്. പഴയകാല അബദ്ധങ്ങളിലേക്കോ വർഗീയതയിലേക്കോ ആ തലമുറ പെട്ടെന്ന് തിരിച്ചുപോകില്ല. സ്വാതന്ത്ര്യ സമരകാലത്ത് ജയിലിൽ കിടന്നവർ തങ്ങളുടെ മക്കളിലേക്ക് പകർന്ന അതേ സ്വാതന്ത്ര്യദാഹം തന്നെയാണ്, ഇന്നത്തെ Gen Z അവരുടെ വരും തലമുറകളിലേക്കും പകരാൻ പോകുന്നത്. ഈ രാഷ്ട്രീയ ബോധവൽക്കരണം ഒരു ചെറിയ കാലയളവിൽ അവസാനിക്കുന്നതല്ലെന്നും, അതൊരു ചരിത്രപരമായ തുടർച്ചയാണെന്നും കരുതേയേ പറ്റൂ.  

ഭരണകൂടം കോടികൾ മുടക്കി ചരിത്രം തിരുത്തുന്നു, സിലബസ് മാറ്റുന്നു, മാധ്യമങ്ങളെ വാങ്ങുന്നു. ഈ വൈകാരിക നാടകങ്ങൾ കണ്ട് കൈയ്യടിക്കുന്ന, വിദ്വേഷം തൊണ്ട തൊടാതെ വിഴുങ്ങിയ പഴയ വോട്ട് ബാങ്കിന് ഒരു 'എക്സ്പയറി ഡേറ്റ്' ഉണ്ട്. പക്ഷേ ഈ ചോദ്യം ചോദിക്കുന്ന Gen Z അടുത്ത 60 വർഷം ഇവിടെത്തന്നെ കാണും. നൂറ് വർഷം പ്ലാൻ ചെയ്ത് അധികാരത്തിൽ വന്നവർ, അടുത്ത 100 വർഷം, ഡാറ്റയും ഫാക്ട് ചെക്കിങ്ങും വെച്ച് നടക്കുന്ന ഈ കുട്ടികളെയും അതിന്റെയെല്ലാം മക്കളേയും എങ്ങനെ സഹിക്കും?

Gen Z തലമുറയുടെ  രാഷ്ട്രീയബോധം ഇന്ത്യയെ വീണ്ടും ഭരണഘടനാപരമായ ജനാധിപത്യപാതയിലേക്ക് തിരികെ കൊണ്ടുവരാൻ നിർണായകമാകും.
Gen Z തലമുറയുടെ രാഷ്ട്രീയബോധം ഇന്ത്യയെ വീണ്ടും ഭരണഘടനാപരമായ ജനാധിപത്യപാതയിലേക്ക് തിരികെ കൊണ്ടുവരാൻ നിർണായകമാകും.

ജനസംഖ്യാപരമായ (Demographic) മാറ്റം എന്നത് ചരിത്രപരമായ ഒരു യാഥാർത്ഥ്യമാണ്. ഇന്നത്തെ വർഗീയരാഷ്ട്രീയത്തിന്റെ അടിത്തറയായ പഴയതലമുറ കാലയളവിൽ ഇല്ലാതാകുമ്പോൾ, ഈ വ്യവസ്ഥിതിയോട് ശക്തമായ വിയോജിപ്പുള്ള Gen Z ആയിരിക്കും അടുത്ത അര നൂറ്റാണ്ടിലേറെ ഇന്ത്യയുടെ നയങ്ങൾ തീരുമാനിക്കുക. അവരുടെ രാഷ്ട്രീയബോധം ഇന്ത്യയെ വീണ്ടും ഭരണഘടനാപരമായ ജനാധിപത്യപാതയിലേക്ക് തിരികെ കൊണ്ടുവരാൻ നിർണായകമാകും. ‘കാലനു പോലും കൈക്കൂലി കൊടുക്കാൻ പറ്റാത്ത’ സാധനമാണ് 'സമയം'. ആ ‘സമയം’ കൃത്യമായി ഈ യുവതലമുറയുടെ കൂടെയാണ്. Gen Z യുടെ ഖജനാവിൽ ആവശ്യത്തിന് സമയമുണ്ട്.

Comments