‘ബിഹാറിലെ ലെനിൻ ഗ്രാഡ്’ എന്നറിയപ്പെടുന്ന ബെഗുസരായ് ഇത്തവണയും ബി.ജെ.പിക്കൊപ്പം. ‘ഇന്ത്യ’ സഖ്യ സ്ഥാനാർത്ഥിയായ സി പി ഐയുടെ അവധേഷ് കുമാർ റായിയെ എതിരിട്ടാണ് ബി ജെ പി സിറ്റിങ് എം.പിയും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങ് വിജയം ഉറപ്പിച്ചത്. ബീഹാറിൽ ‘ഇന്ത്യ’ സഖ്യം സി പി ഐക്ക് നൽകിയ ഏക സീറ്റായിരുന്നു ഇത്. കമ്യൂണിസ്റ്റ് ശക്തികേന്ദ്രമായിരുന്ന ബെഗുസരായിൽ ഏറെ പ്രതീക്ഷകളോടെയായിരുന്നു സി പി ഐ പോരാട്ടം. ഭരണവിരുദ്ധവികാരമായിരുന്നു 'ഇന്ത്യ' സഖ്യത്തിന്റെ തുരുപ്പുചീട്ട്.
യാദവ് വിഭാഗക്കാരനായ റായിയിലൂടെ മുസ്‌ലിം- യാദവ് വോട്ടുബാങ്ക് അനുകൂലമാകുമെന്ന പ്രതീക്ഷ സി.പി.ഐക്കുണ്ടായിരുന്നു. നിതീഷ് സർക്കാറിനെതിരായ ഭരണവിരുദ്ധവികാരവും 'ഇന്ത്യ' സഖ്യത്തിന്റെ യോജിച്ച പോരാട്ടവും അധിക പ്രതീക്ഷയും നൽകി. എന്നാൽ, ഇതൊന്നും ഫലം കണ്ടില്ലെന്ന് ബി.ജെ.പി ജയം തെളിയിക്കുന്നു.
ജെ.എൻ.യു.വിലെ വിദ്യാർഥിനേതാവായി കത്തിനിന്നിരുന്ന കനയ്യ കുമാർ എതിർ സ്ഥാനാർഥിയായിട്ടും 2019-ൽ നാലു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപ
ക്ഷത്തിനാണ് ഗിരിരാജ് സിങ് ജയിച്ചത്. അന്ന് സി.പി.ഐയിലായിരുന്നു കനയ്യ കുമാർ. തോൽവിക്കുശേഷമാണ് കോൺഗ്രസിൽ ചേർന്നത്. കനയ്യകുമാറിനുവേണ്ടി ഇത്തവണയും മണ്ഡലം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സി.പി.ഐയുടെ അവകാശവാദത്തിനാണ് അംഗീകാരം ലഭിച്ചത്.
ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഏഴ് നിയമസഭാ സീറ്റുകളിൽ നാലിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിച്ചത് ‘ഇന്ത്യ’ സഖ്യ കക്ഷികളാണ്. സി പി ഐക്കും ആർ ജെ ഡിക്കും രണ്ടു സീറ്റു വീതം.
1967-ലാണ് ഇവിടെനിന്ന് ഒടുവിലായി ഒരു ഇടതുനേതാവ് ലോക്‌സഭയിലെത്തിയത്, സി.പി.ഐ. നേതാവ് യോഗേന്ദ്ര ശർമ. 57 വർഷത്തിനുശേഷം ബെഗുസരായിയെ ചുവപ്പിക്കാനിറങ്ങിയ സി പി ഐയ്ക്ക് കാലിടറിയെങ്കിലും ഗിരിരാജ് സിങ്ങിന്റെ കഴിഞ്ഞ വർഷത്തെ നാല് ലക്ഷമെന്ന വമ്പൻ ഭൂരിപക്ഷം കുറയ്ക്കാനും ശക്തമായ പോരാട്ടം കാഴ്ചവെക്കാനുമായിട്ടുണ്ട്.
2014-ലാണ് ആദ്യമായി ബി.ജെ.പി ഇവിടെനിന്ന് ജയിച്ചത്, ഭോലാ സിങ്ങിലൂടെ. അദ്ദേഹത്തിന്റെ മരണശേഷമാണ് ഗിരിരാജ് സിങ് രംഗത്തെത്തിയത്.