Photo: Gorge Cancela

ആഗോള പട്ടിണി സൂചിക: ഇന്ത്യയിലെ കുട്ടികൾ കൊടിയ പട്ടിണിയിൽ

ആഗോള പട്ടിണിസൂചികയിൽ ഇന്ത്യ 111–ാം സ്ഥാനത്താണ് എന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. ലോകത്ത് അഞ്ചുവയസ്സിൽ താഴെ ഏറ്റവും കൂടുതൽ പട്ടിണിയിലുള്ളവർ ഇന്ത്യയിലാണ്. ‘ഉയരത്തിനനുസരിച്ചുള്ള ഭാരവും വണ്ണവും ഇല്ലാത്ത കുട്ടികളുടെ നിരക്ക് (Child Wasting)ലോകത്ത് ഏറ്റവും ഉയർന്നത് ഇന്ത്യയിലാണ്. രൂക്ഷമായ പോഷകാഹാരക്കുറവാണ് കാരണം.

2023- ലെ ആഗോള പട്ടിണിസൂചികയിൽ ഇന്ത്യ 111–ാം സ്ഥാനത്താണ് എന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ അയൽരാജ്യങ്ങളേക്കാൾ പിന്നിലാണ് ഇപ്പോൾ ഇന്ത്യയുടെ സ്ഥാനം. 125 രാജ്യങ്ങളുള്ള സൂചികയിൽ 2022-ൽ ഇന്ത്യ 107-മതായിരുന്നു. ആഗോള, ദേശീയ, പ്രാദേശിക തലങ്ങളിലെ പട്ടിണി വസ്തുനിഷ്ഠമായി വിശകലനം ചെയ്താണ് സൂചിക തയ്യാറാക്കുന്നത്. ഇന്ത്യക്ക് ലഭിച്ച സ്കോർ 28.7.

ഐറിഷ് ജീവകാരുണ്യസ്ഥാപനമായ കൺസേൺ വേൾഡ് വൈഡും ജർമൻ സംഘടനയായ വെൽറ്റ് ഹങ്കർ ഹിൽഫെയും ചേർന്നാണ് ജി.എച്ച്.ഐ. റിപ്പോർട്ട് തയ്യാറാക്കിയത്. പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, ശരീരശോഷണം, വളർച്ചാ മുരടിപ്പ് എന്നീ സൂചകങ്ങൾ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണിസൂചിക തയ്യാറാക്കുന്നത്. ഇന്ത്യയിലെ സ്ഥിതി ഭയപ്പെടുത്തുന്നതെന്നാണ് ഇവരുടെ വിലയിരുത്തൽ. അയൽരാജ്യങ്ങളായ പാകിസ്താനും നേപ്പാളുമെല്ലാം പട്ടികയിൽ 'ഗുരുതരം' എന്ന വിഭാഗത്തിലാണെങ്കിലും റാങ്കിങ്ങിൽ ഇന്ത്യയെക്കാൾ മുന്നിലാണ്. 125 രാജ്യങ്ങളുടെ പേരുകളാണ് ആഗോള പട്ടിണി സൂചികയിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഈ വർഷത്തെ ആഗോള പട്ടിണി സൂചികയിൽ പാകിസ്ഥാൻ– 102, ബംഗ്ലാദേശ്– 81, നേപ്പാൾ– 69, ശ്രീലങ്ക– 60 സ്ഥാനങ്ങളിലാണ്. ഇന്ത്യയിലെ കുട്ടികൾ കൊടിയ പട്ടിണിയാണ് അനുഭവിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ‘ഉയരത്തിനനുസരിച്ചുള്ള ഭാരവും വണ്ണവും ഇല്ലാത്ത കുട്ടികളുടെ നിരക്ക് (Child Wasting) ലോകത്ത് ഏറ്റവും ഉയർന്നത് ഇന്ത്യയിലാണ് (18.7 ശതമാനം). രൂക്ഷമായ പോഷകാഹാരക്കുറവാണ് കാരണം’–റിപ്പോർട്ട് പറയുന്നു.
കുട്ടികളുടെ വളർച്ചാമുരടിപ്പ് നിരക്ക് 35.5 ശതമാനം, മതിയായ പോഷണം കിട്ടാത്ത കുട്ടികളുടെ നിരക്ക് -16.6, അഞ്ചുവയസ്സിന് താഴെയുള്ളവരുടെ മരണനിരക്ക് 3.1, 15– 24 പ്രായക്കാരായ സ്ത്രീകളിലെ വിളർച്ചാനിരക്ക് – 58.1 ശതമാനം വീതം. ദേശീയ കുടുംബാരോഗ്യ സർവേയിൽനിന്നുള്ള വിശദാംശങ്ങളാണ് ആഗോള പട്ടിണിസൂചികക്ക് ഉപയോഗിച്ചിട്ടുള്ളത്.

സൂചിക പ്രകാരം ദക്ഷിണേഷ്യയും സഹാറക്ക് തെക്കുള്ള ആഫ്രിക്കയുമാണ് ലോകത്ത് ഏറ്റവും പട്ടിണിയുള്ള മേഖലകൾ. ലോകത്തു തന്നെ കുട്ടികളിൽ ഏറ്റവുമധികം തൂക്കക്കുറവുള്ള (ഉയരത്തിനനുസരിച്ച് തൂക്കമില്ലാത്ത) രാജ്യവും ഇന്ത്യയാണ്; 18.7 ശതമാനം. രാജ്യത്തെ പോഷകാഹാരക്കുറവ് നിരക്ക് 16.6 ശതമാനവും അഞ്ച് വയസ്സിന് താഴെയുള്ളവരുടെ മരണനിരക്ക് 3.1 ശതമാനവുമാണ്. 15- 24 പ്രായമുള്ള സ്ത്രീകളിൽ വിളർച്ചയുടെ വ്യാപനം 58.1 ശതമാനമാണ്.

പുതിയ സൂചിക പ്രകാരം, 2015 വരെയുള്ള പുരോഗതിക്കു ശേഷം, ലോകമെമ്പാടുമുള്ള പട്ടിണിക്കെതിരായ മുന്നേറ്റം നിശ്ചലമായി തുടരുകയാണ്. പോഷകാഹാരക്കുറവ് വർധിക്കുകയാണ്. ലോകത്തിലാകെ പോഷകാഹാരക്കുറവുള്ളവരുടെ എണ്ണം 572 ദശലക്ഷത്തിൽനിന്ന് 735 ദശലക്ഷമായി ഉയർന്നു.

റിപ്പോർട്ട് തള്ളി കേന്ദ്രം

രാജ്യത്തെ പട്ടിണിസാഹചര്യം അതീവ ഗുരുതരമാണെന്ന് വ്യക്തമാക്കുന്ന സൂചിക കയ്യോടെ കേന്ദ്രസർക്കാർ തള്ളിക്കളഞ്ഞിരിക്കുയാണ്. സൂചികയുടെ കണക്കെടുപ്പ് വസ്തുതാപരമല്ല എന്ന നിലപാടാണ് കേന്ദ്ര സർക്കാരിന്റേത്. പോഷകാഹാരക്കുറവ് നേരിടുന്ന ജനസംഖ്യയെ ആസ്പദമാക്കി തയ്യാറാക്കുന്ന 'ഗ്ലോബൽ ഹംഗർ റിപ്പോർട്ടി'ൽ ഗുരുതരപിഴവുണ്ട്, അടിസ്ഥാനപരമായ വസ്തുതകളെ കണക്കിലെടുത്തിട്ടില്ല, റിപ്പോർട്ടിന്റെ പ്രസിദ്ധീകരണ ഏജൻസികളായ കൺസേൺ വേൾഡ് വൈഡ്, വെൽറ്റ് ഹംഗർ ഹിൽഫ് എന്നിവർ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് കൃത്യമായ പഠനമോ പരിശോധനയോ നടത്തിയിട്ടില്ല എന്നെല്ലാമാണ് കേന്ദ്രസർക്കാർ വാദം. പതിവുപോലെ, ഇന്ത്യ സർക്കാർ പട്ടിണി സൂചികയെ തള്ളിയിരിക്കുന്നു.

ദുരുദ്ദേശ്യപരവും തെറ്റായ രീതിശാസ്ത്രവുമനുസരിച്ച് തയാറാക്കിയതുമാണ് പട്ടിണി സൂചിക എന്നാണ് വനിത- ശിശുക്ഷേമ മന്ത്രാലയം പറയുന്നത്. പാരമ്പര്യം, ശുചിത്വം, പരിസ്ഥിതി, ഭക്ഷണം കഴിക്കുന്ന രീതി തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വളർച്ചാമുരടിപ്പും മറ്റും ഉണ്ടാകുന്നതെന്ന് മന്ത്രാലയം പ്രതികരിച്ചു. ഗുരുതരമായ രീതിശാസ്ത്ര പ്രശ്നങ്ങളുള്ളതാണ് സൂചികയെന്നാണ് മന്ത്രാലയത്തിന്റെ വാദം. നാല് ചോദ്യങ്ങളടങ്ങിയ അഭിപ്രായ സർവേയിലൂടെയാണ് ഏജൻസി വിശകലനം നടത്തിയത്. സർവേ ടെലിഫോണിലൂടെയായിരുന്നു. ഇത് ശാസ്ത്രീയ രീതിയല്ല. ആളോഹരി ഭക്ഷധാന്യ ലഭ്യത പോലുള്ള, പോഷകാഹാരക്കുറവ് കണ്ടെത്താനുള്ള ശാസ്ത്രീയമായ ഒരു രീതിശാസ്ത്രവും ഈ കാലയളവിൽ സ്വീകരിച്ചില്ല. പോഷകാഹാരക്കുറവ് ശാസ്ത്രീയമായി വിലയിരുത്തുന്നതിന് വ്യക്തികളുടെ ശരീരഭാരവും ഉയരവും അറിയേണ്ടതുണ്ട്. എന്നാൽ ഇവിടെ നടത്തിയത് ടെലിഫോണിനെ മാത്രം ആശ്രയിച്ചുള്ള വിവരശേഖരണമാണ്. സർക്കാരിൽ നിന്നോ മറ്റെവിടെ നിന്നെങ്കിലുമോ ഭക്ഷ്യസഹായം ലഭിച്ചിട്ടുണ്ടോ എന്ന ഒരു ചോദ്യം പോലും ഈ സർവേയിൽ ഉൾപ്പെട്ടിരുന്നില്ല. സർവേയിലെ ജനങ്ങളുടെ പങ്കാളിത്തം പോലും സംശയാസ്പദമാണ്- മന്ത്രാലയത്തിന്റെ വാദങ്ങൾ ഇങ്ങനെ പോകുന്നു.

ജർമനിയിലെ രാഷ്‌ട്രീയ പാർട്ടികളായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ, ക്രിസ്ത്യൻ സോഷ്യലിസ്റ്റ് യൂണിയൻ, ക്രൈസ്തവ സംഘടനകളായ ഇവാഞ്ചലിക്കൽ സൊസൈറ്റി ഓഫ് ജർമനി, ജർമൻ ബിഷപ്പ് തുടങ്ങിയവയുടെയൊക്കെ പ്രതിനിധികൾ ഉൾപ്പെടുന്ന സംഘടനയാണ് വെൽത്ത് ഹംഗർ ഹിൽഫ്. ഇവരുടെ ഐറീഷ് ചെറുപതിപ്പാണ് കൺസേൺ വേൾഡ് വൈഡ്. 3000 പേരിൽ നിന്നു മാത്രമുള്ള അഭിപ്രായസർവ്വേയുടെ അടിസ്ഥാനത്തിൽ ഇന്ത്യയെപ്പോലെ ഇത്രയും വലിയ, ജനബാഹുല്യമുള്ള ഒരു രാജ്യത്തിന്റെ അവസ്ഥയെ വിലയിരുത്തുന്നത് വങ്കത്തമാണെന്നാണ് സർക്കാർ വാദം. പട്ടിണി മാറ്റാൻ ഇന്ത്യ ഗോതമ്പും അരിയും മറ്റ് ഭക്ഷ്യവിഭവങ്ങളും അയച്ചുകൊടുക്കുന്ന നേപ്പാൾ, ശ്രീലങ്ക,അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളേക്കാൾ പട്ടിണിയുടെ കാര്യത്തിൽ എങ്ങനെയാണ് ഇന്ത്യ പിന്നിലാകുന്നത് എന്ന് തോന്നാൻ വലിയ ബുദ്ധിയുടെ ആവശ്യമില്ല എന്നും സർക്കാർ വാദിക്കുന്നു. പട്ടിണി തയ്യാറാക്കാൻ ഉപയോഗിച്ച നാലിൽ മൂന്ന് സൂചികകളും കുട്ടികളുടെ ആരോഗ്യവുമായി മാത്രം ബന്ധപ്പെട്ടതാണ്. അത് സമൂഹത്തിലെ എല്ലാ ജനതയെയും പ്രതിനിധീകരിക്കുന്ന സംഗതിയല്ലെന്നും കേന്ദ്ര സർക്കാർ പറയുന്നു.

2047-ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്ന മോദി സർക്കാരിന്റെ അവകാശവാദങ്ങളുടെ മുനയൊടിക്കുന്നതാണ് ആഗോള സൂചികകളുടെ ഫലം എന്നാണ് പ്രതിപക്ഷ വിമർശനം. ഷേക്സ്പിയറുടെ ‘കിങ് ലിയർ' നാടകത്തിൽ ലിയർ കാഴ്ചാപരിമിതിയുള്ള ഗ്ലൗസെസ്റ്ററിനോട് ഇങ്ങനെ പറയുന്നുണ്ട്; "കാഴ്ചയില്ലെങ്കിലും ഒരാൾക്ക്, ഈ ലോകം എങ്ങനെ പോകുന്നുവെന്ന് അറിയാനാകും’’. രാജ്യം ഭരിക്കുന്നവർക്ക് പക്ഷേ, കണ്ണുണ്ടായിട്ടും ഈ നാട് എങ്ങനെ ജീവിക്കുന്നുവെന്നു കാണാൻ കഴിയുന്നില്ല. അതുകൊണ്ടാണ് കഴിഞ്ഞവർഷത്തെപ്പോലെ ഇക്കുറിയും പട്ടിണിസൂചികയെ അംഗീകരിക്കില്ലെന്ന നിലപാട് കേന്ദ്രം സ്വീകരിക്കുന്നത് എന്ന് പ്രതിപക്ഷം പറയുന്നു.

ഔദ്യോഗിക ഡാറ്റകൾ തന്നെ

എന്നാൽ, വാസ്തവത്തിൽ ഔദ്യോഗിക ഡേറ്റകളിൽനിന്നുതന്നെ തയാറാക്കുന്നതാണ് സൂചിക; അതിന്റെ രീതിശാസ്ത്രം സുതാര്യവും എല്ലാ രാജ്യങ്ങൾക്കും ഒരുപോലെ ബാധകവുമാണ്. ജി.ഡി.പിയുടെ വലുപ്പം ചൂണ്ടിക്കാണിച്ചും ഭക്ഷ്യരംഗത്ത് ഇന്ത്യ സ്വയംപര്യാപ്തം മാത്രമല്ല, കയറ്റിയയക്കുന്ന രാജ്യം കൂടിയാണ് എന്ന് ഊന്നിപ്പറഞ്ഞും നിഷേധിക്കാവുന്നതല്ല ദാരിദ്ര്യത്തിലും ഭക്ഷ്യദൗർലഭ്യത്തിലും പട്ടിണിയിലും കഷ്ടപ്പെടുന്ന കോടിക്കണക്കിന് മനുഷ്യരുടെ അവസ്ഥ. നിതി ആയോഗിന്റെ തന്നെ നാഷനൽ മൾട്ടി ഡയമൻഷനൽ പോവർട്ടി ഇൻഡക്സ് പറയുന്നത്, ജനങ്ങളിൽ 15 ശതമാനത്തോളം പേർ അതിദാരിദ്ര്യത്തിലാണെന്നാണ്. നാഷനൽ ഫാമിലി ഹെൽത്ത് സർവേ പ്രകാരം മഹാരാഷ്ട്രയിൽ നവജാത ശിശുമരണവും കുട്ടികളിലെ വളർച്ചാ മുരടിപ്പും കുതിച്ചുയർന്നിട്ടുണ്ട്. ഇന്ത്യയിൽ 43 ലക്ഷം കുട്ടികൾ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു എന്ന് കഴിഞ്ഞ മാസം പുറത്തുവിട്ട ‘പോഷൺ ട്രാക്കർ’ വ്യക്തമാക്കുന്നു. പട്ടിണി സൂചിക അപ്പാടെ നിരാകരിക്കുകവഴി സർക്കാർ സ്വന്തം വിശ്വാസ്യതക്ക് പരിക്കേൽപ്പിക്കുകയാണ് എന്നും പറയപ്പെടുന്നു.

മാത്രമല്ല, ആരോഗ്യ- ജനക്ഷേമ രംഗങ്ങളിൽ നിർണായകമായ പല കണക്കുകളും ലഭ്യമല്ലെന്ന് പാർലമെന്റിൽ ഒന്നിലേറെ തവണ പറഞ്ഞിട്ടുണ്ട് സർക്കാർ. ആസൂത്രണത്തിന് അത്യാവശ്യമായ സെൻസസ് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഡാറ്റകളെക്കുറിച്ചുള്ള സർക്കാർ അവകാശവാദത്തിന് എത്രമാത്രം വിശ്വാസ്യതയു​ണ്ട് എന്ന ചോദ്യവുമുയരുന്നു.

പട്ടിണി കിടക്കുന്നവരായി ആരും ബാക്കിയുണ്ടാകരുതെന്ന് ഇന്ത്യ ‘സുസ്ഥിര വികസന ലക്ഷ്യ’മായി നിശ്ചയിച്ച വർഷം 2030 ആണ് -വെറും ആറുവർഷം അകലെ. ആ സ്വപനം ഒരു ബാലികേറാമലയാണെന്നാണ് സമീപകാല പഠനങ്ങളെല്ലാം കാണിക്കുന്നത്.

ആഗോള സൂചികകളിൽ
പി​ന്നിലേക്ക് മുന്നേറുന്ന ഇന്ത്യ

● വിശന്നുവലയുന്നു:

ലോകത്ത് അഞ്ചുവയസ്സിൽ താഴെ ഏറ്റവും കൂടുതൽ പട്ടിണിയിലുള്ളവർ ഇന്ത്യയിലാണ്. കുട്ടികളിലെ പോഷകാഹാരക്കുറവ്, കുട്ടികളിൽ പട്ടിണിയുടെ വ്യാപനം എന്നിവ അപകടകരമായി വർധിക്കുകയാണ്. ഗുരുതര പട്ടിണിയുള്ള രാജ്യമാണ്ഇന്ത്യയെന്ന് കഴിഞ്ഞ ദിവസം പുറത്തുവിട്ട ആഗോള പട്ടിണിസൂചിക വിലയിരുത്തുന്നു.

● ആരോഗ്യമേഖലയിൽ 
പിന്നിൽ:

161 രാജ്യങ്ങളിൽ ഇന്ത്യ 123-ാമതാണ്. ആരോഗ്യമേഖലയിൽ ചെലവഴിക്കുന്നതിൽ 157–-ാം സ്ഥാനം. ഇന്ത്യക്കു പിന്നിൽ നാലുരാജ്യം മാത്രം. ആരോഗ്യമേഖലയിലെ ഇന്ത്യയുടെ മുതൽമുടക്ക് ആകെ ചെലവഴിക്കലിന്റെ 3.64 ശതമാനം മാത്രം. ചൈനയിലും റഷ്യയിലും 10 ശതമാനം. നേപ്പാൾ 7.8 ശതമാനവും പാകിസ്ഥാൻ 4.3 ശതമാനവും മാറ്റിവയ്ക്കുന്നു.

● മാനവശേഷി 
വികസന സൂചിക:

191 രാജ്യങ്ങളുടെ മാനവശേഷി വികസന സൂചികയിൽ ഇന്ത്യ 132-ാമതാണ്. ആയുർദൈർഘ്യം, പഠന കാലയളവ്, ദേശീയവരുമാനം എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സൂചിക. ശ്രീലങ്ക, ഭൂട്ടാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളെല്ലാം ഇന്ത്യക്കു മുന്നിലാണ്. പരിസ്ഥിതി സൂചികയിൽ നന്നേ മോശമെന്ന് യേൽ യൂനിവേഴ്സിറ്റി കണക്കുകാണിച്ച് സമർഥിച്ചപ്പോൾ അതും നമ്മൾ തള്ളി.

● ലിംഗസമത്വ റിപ്പോർട്ട്:

ലിംഗസമത്വത്തിലും ഇന്ത്യ പിന്നോട്ട്. അസമത്വം വർധിക്കുകയാണെന്ന് ലോക സാമ്പത്തിക ഫോറത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. തൊഴിൽ പങ്കാളിത്തത്തിൽ 146 രാജ്യങ്ങളിൽ 140–-ാം സ്ഥാനത്താണ് ഇന്ത്യ.

● മാധ്യമ സ്വാതന്ത്ര്യം:

മോദി ഭരണത്തിൽ ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യം കൂപ്പുകുത്തി. ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ 161-ാം സ്ഥാനത്താണ്. 180 രാജ്യങ്ങളുടെ പട്ടികയിൽ 2022ൽ 150-ാം സ്ഥാനത്തായിരുന്നു. അടുത്ത് പുറത്തുവന്ന മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ കുത്തനെ സ്ഥാനമിടിഞ്ഞപ്പോൾ അത് സുതാര്യമല്ലെന്നു പറഞ്ഞ് സർക്കാർ തള്ളി.

● ഇന്റർനെറ്റ് 
നിരോധനത്തിൽ മുന്നിൽ:

ഭരണകൂടത്തിനെതിരായ ശബ്ദങ്ങൾ ഇല്ലാതാക്കാനായി ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തുന്നതിൽ മോദി ഭരണത്തിൽ ഇന്ത്യ കുപ്രസിദ്ധമായി. 2022-ൽ ലോകത്ത് ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് നിരോധിച്ച രാജ്യം ഇന്ത്യയാണ്‌. ലോകത്തുണ്ടായ 187 നിരോധനങ്ങളിൽ 84- ഉം ഇന്ത്യയിലായിരുന്നു. ഇന്ത്യയെ ‘സ്വതന്ത്രരാജ്യ’ പദവിയിൽനിന്ന് ‘ഭാഗികമായി മാത്രം സ്വാതന്ത്ര്യമുള്ളത്’ എന്ന് ഫ്രീഡം ഹൗസ് റിപ്പോർട്ട് താഴ്ത്തിയപ്പോൾ അത് ‘തെറ്റും വഴിതെറ്റിക്കുന്നതു’മാണെന്ന് സർക്കാർ പറഞ്ഞു. പോയവർഷം ലോകത്ത് പരക്കെ ജനാധിപത്യം തളർന്നെന്നും ഏറ്റവും കൂടുതൽ തളർച്ചയുണ്ടായത് ഇന്ത്യയിലാണെന്നും വി- ഡെം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡെമോക്രസി റിപ്പോർട്ട് പറഞ്ഞപ്പോഴും സർക്കാർ അതിനെ ‘സംശയാസ്പദ രീതിശാസ്ത്രം’ എന്നാരോപിച്ച് തള്ളി.

● ശക്തി ചോർന്ന് 
പാസ്പോർട്ട്:

മോദി ഭരണത്തിൽ ഇന്ത്യൻ പാസ്‌പോർട്ടിന്റെ മൂല്യവും കുറഞ്ഞു. ഹെൻലി പാസ്പോർട്ട് സൂചികപ്രകാരം 2023-ൽ 85-ാം സ്ഥാനത്താണ് ഇന്ത്യ. 2013-ൽ 74-ാം സ്ഥാനത്തായിരുന്നു. മുൻകൂട്ടി വിസ നേടാതെ നിർദിഷ്ട രാജ്യത്തിന്റെ പാസ്പോർട്ട്ഉപയോഗിച്ച് രാജ്യങ്ങളിൽ പ്രവേശിപ്പിക്കാൻ കഴിയുന്നതിന്റെ അടിസ്ഥാനത്തിലാണ് സൂചിക.

Comments