ദാരിദ്ര്യം പൂർണ്ണമായും തുടച്ചുനീക്കാൻ പതിറ്റാണ്ടുകൾ നീളുന്ന സാമ്പത്തിക നയങ്ങളും അടിസ്ഥാന സൗകര്യ വികസനവും വേണമെന്ന് ആരാണ് പറഞ്ഞത്? ഏതാനും മീറ്റർ പച്ചത്തുണിയും നാല് മുളങ്കോലുകളും ഉണ്ടെങ്കിൽ ഇന്ത്യയിലെ ദാരിദ്ര്യത്തെ ഒറ്റ രാത്രികൊണ്ട് ഇല്ലാതാക്കാമെന്ന് നമ്മുടെ ഭരണകൂടങ്ങൾ ലോകത്തിന് കാണിച്ചുകൊടുത്തുകൊണ്ടേയിരിക്കുന്നു. കണ്ണിൽപ്പെടാത്തതൊന്നും നിലവിലിവിടെയില്ലാ എന്ന അത്ഭുതകരമായ ചിന്തയിലാണ് നവഇന്ത്യയുടെ വികസന മാതൃക ഇന്ന് ശ്വാസമെടുക്കുന്നത്. ആഗോളതലത്തിൽ ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയുടെയും ക്രയശേഷിയിൽ (PPP) മൂന്നാം സ്ഥാനത്തിന്റെയും പെരുമ്പറ കൊട്ടുമ്പോഴും, വേൽഡ് ഇൻ ഇക്വാലിറ്റി റിപ്പോർട്ട് പറയുന്നത് രാജ്യത്തെ 40 ശതമാനത്തിലേറെ സമ്പത്ത് ജനസംഖ്യയിലെ വെറും ഒരു ശതമാനത്തിന്റെ കൈകളിലാണെന്നാണ്. എന്നാൽ വിദേശ പ്രതിനിധികൾ വിമാനമിറങ്ങുമ്പോൾ ഈ അസമത്വ സൂചികകളെല്ലാം തുണിമറകൾക്ക് പിന്നിൽ അതിവിദഗ്ദ്ധമായി രാജ്യത്തെ ഭരണകൂടം ഒളിപ്പിച്ചുവയ്ക്കുന്നു.
2020-ൽ അഹമ്മദാബാദിൽ ട്രംപ് എത്തിയപ്പോൾ ചേരികൾ കണ്ട് അതിഥി പേടിക്കാതിരിക്കാൻ ഏഴടി ഉയരത്തിൽ ഇഷ്ടിക മതിൽ പണിതായിരുന്നു ഈ 'മാന്ത്രിക വിദ്യ'യുടെ പരീക്ഷണവിദ്യ ഭരണകൂടം ആദ്യം പയറ്റിനോക്കുന്നത്. ജി20 ഉച്ചകോടി എത്തിയപ്പോഴേക്കും വിദ്യ കൂടുതൽ ചിലവുചുരുങ്ങിയതും പരിസ്ഥിതി സൗഹൃദവുമാക്കി; പച്ച വലകളും ഫ്ലെക്സ് ബോർഡുകളും വെച്ച് ഡൽഹിയിലെയും മുംബൈയിലെയും തെരുവുകളെ ഒറ്റയടിക്ക് സ്വിറ്റ്സർലൻഡാക്കി മാറ്റി. ഇപ്പോൾ ബ്രിക്സ് (BRICS) ഉച്ചകോടിക്ക് മുന്നോടിയായും ഡൽഹിയിലെ കൂലി ക്യാമ്പുകളിലും വിമാനത്താവള പാതകളിലും നീലയും വെള്ളയും തുണി ഷീറ്റുകൾ വലിച്ചുകെട്ടി ദാരിദ്ര്യം വീണ്ടും 'ഔദ്യോഗികമായി' ഇല്ലാതാക്കിയിരിക്കുന്നു.
നഗരത്തിന് റോഡും പാലങ്ങളും പണിയുന്ന, അഴുക്കുചാലുകൾ വൃത്തിയാക്കുന്ന, വീടുകളിൽ പണിയെടുക്കുന്ന മനുഷ്യർ അന്താരാഷ്ട്ര അതിഥികളുടെ കണ്ണിൽപ്പെടാൻ പാടില്ലാത്ത 'അഴുക്കായി' മറയ്ക്കുള്ളിൽ അടച്ചിടപ്പെടുന്നു. ഉച്ചകോടി കഴിയുന്നതുവരെ വഴിയോരക്കച്ചവടക്കാർക്ക് കച്ചവടമില്ല, ദിവസക്കൂലിക്കാർക്ക് അന്നമില്ല. തുണി ഷീറ്റുകൾ കെട്ടാൻ ചെലവാക്കുന്ന രൂപ കൊണ്ട് ചേരികളിലെ അഴുക്കുചാലുകൾ നന്നാക്കാനോ പാർപ്പിടമൊരുക്കാനോ കഴിയില്ലെങ്കിലും വിദേശികളുടെ ഇൻസ്റ്റാഗ്രാം ഫ്രെയിമുകൾ വൃത്തിയായി സൂക്ഷിക്കാൻ ഇതിലും മികച്ചൊരു കുറുക്കുവഴി വേറെയില്ല.

ചേരികൾ എന്നത് പാതയിലെ ഒരു സൗന്ദര്യ പ്രശ്നമല്ല; മറിച്ച്, രാജ്യത്തിന്റെ സമ്പത്ത് തുല്യമായി വിതരണം ചെയ്യപ്പെടാത്തതിന്റെ ജീവിക്കുന്ന തെളിവാണ്. അത്തരം ജീവസ്സുറ്റ തെളിവുകളെ തുണികൊണ്ട് മൂടിവെച്ച് അന്താരാഷ്ട്ര വേദികളിൽ സാമ്പത്തിക വൻശക്തിയായി വേഷംകെട്ടുന്നത് സ്വന്തം മുഖത്തെ വിയർപ്പ് മറയ്ക്കാൻ കണ്ണാടി മൂടിവെക്കുന്നതുപോലെ പരിഹാസ്യമാണ്. മറ അഴിച്ചുമാറ്റുമ്പോൾ കാണുന്നത് ഈ യാഥാർഥ്യങ്ങളാണെന്നിരിക്കെ, ഈ മറയ്ക്കൽ നാടകം ആരെ ബോധ്യപ്പെടുത്താനാണ്?
രാജ്യത്തെ ചരിത്രപരമായ പശ്ചാത്തലങ്ങൾ
നഗര സൗന്ദര്യവൽക്കരണത്തിന്റെ പേരിൽ അടിസ്ഥാന ജനവിഭാഗങ്ങളെ പാർശ്വവൽക്കരിക്കുന്നതിന് ഇന്ത്യയിൽ പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. 1976-ൽ അടിയന്തരാവസ്ഥ കാലത്ത് പഴയ ഡൽഹിയിലെ തുർക്ക്മാൻ ഗേറ്റ് പരിസരത്തെ ചേരികൾ ബുൾഡോസറുകൾ ഉപയോഗിച്ച് തകർക്കുകയും ആയിരക്കണക്കിന് മനുഷ്യരെ നഗരത്തിന് പുറത്തേക്ക് കുടിയൊഴിപ്പിക്കുകയും ചെയ്തതാണ് ഇതിന്റെ പ്രാരംഭ രൂപം. പിന്നീട് Cകയും പ്രധാന പാതകളിൽ കൂറ്റൻ ബോർഡുകൾ വെച്ച് ചേരി പ്രദേശങ്ങൾ മറയ്ക്കുകയും ചെയ്തു. 2020-ൽ അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനത്തോടനുബന്ധിച്ച് ('നമസ്തേ ട്രംപ്') അഹമ്മദാബാദിലെ സരൺിയാവാസ് ചേരി മറയ്ക്കാൻ ഏഴടി ഉയരത്തിൽ ഇഷ്ടിക മതിൽ പണിതതും, 2023 ജി20 ഉച്ചകോടിയിൽ പച്ച വലകൾ ഉപയോഗിച്ച് തെരുവുകൾ മൂടിയതും ഈ നയത്തിന്റെ തുടർച്ചയായിരുന്നു.
അന്നത്തെയും ഇന്നത്തെയും സാമ്പത്തിക സൂചികകൾ തമ്മിലുള്ള താരതമ്യം
ഈ ഓരോ ചരിത്രഘട്ടങ്ങളിലും രാജ്യം രേഖപ്പെടുത്തിയ സാമ്പത്തിക സൂചികകളും സാധാരണക്കാരന്റെ ജീവിത യാഥാർഥ്യങ്ങളും തമ്മിൽ വലിയ അന്തരമുണ്ടായിരുന്നു. 1976-ൽ അടിയന്തരാവസ്ഥ കാലത്ത് ജിഡിപി വളർച്ച 1.66 ശതമാനത്തിലേക്ക് ഇടിയുകയും (World Bank, n.d.) ജനസംഖ്യയുടെ പകുതിയിലേറെയും ദാരിദ്ര്യരേഖയ്ക്ക് താഴെയുമായിരുന്നു (Planning Commission, 1979). എന്നാൽ 2010 കോമൺവെൽത്ത് ഗെയിംസ് കാലത്ത് രാജ്യം 8.5 ശതമാനം എന്ന ഉയർന്ന ജിഡിപി വളർച്ച രേഖപ്പെടുത്തിയെങ്കിലും (World Bank, n.d.) പണപ്പെരുപ്പം 12 ശതമാനത്തിന് മുകളിലായിരുന്നു (Reserve Bank of India, 2011). 2020-ൽ അഹമ്മദാബാദിൽ മതിൽ ഉയർന്ന വേളയിൽ ജിഡിപി വളർച്ച 3.87 ശതമാനത്തിലേക്ക് കൂപ്പുകുത്തുകയും (Ministry of Statistics and Programme Implementation, 2021) ദേശീയ തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനത്തിൽ നിൽക്കുകയും ചെയ്തിരുന്നു (Centre for Monitoring Indian Economy, 2020). ഇന്ന് രാജ്യം ക്രയശേഷിയിൽ (PPP) ലോകത്ത് മൂന്നാമതും (International Monetary Fund, 2024) 6.5 മുതൽ 7 ശതമാനം വരെ വളർച്ചയുമുള്ള സമ്പദ്‌വ്യവസ്ഥയാണെന്ന് അവകാശപ്പെടുമ്പോഴും, രാജ്യത്തെ ഏറ്റവും മുകളിലുള്ള ഒരു ശതമാനം ആളുകൾ ദേശീയ വരുമാനത്തിന്റെ 22.6 ശതമാനവും സമ്പത്തിന്റെ 40 ശതമാനത്തിലധികവും കൈവശം വെക്കുന്നു (Bharti et al., 2024).

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലെ കണക്കുകൾ പരിശോധിച്ചാൽ സാമ്പത്തിക വളർച്ച കുറഞ്ഞ കാലത്തും ഉയർന്ന വളർച്ച രേഖപ്പെടുത്തിയ കാലത്തും നഗരങ്ങളിലെ ചേരി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാണ്. നഗരങ്ങളുടെ നിർമ്മാണം, മാലിന്യ സംസ്കരണം, ഗാർഹിക തൊഴിലുകൾ എന്നിവ നിർവഹിക്കുന്ന തൊഴിലാളികളാണ് ഇത്തരം തുണി ഷീറ്റുകൾക്ക് പിന്നിൽ മറയ്ക്കപ്പെടുന്നത്. ഉച്ചകോടികൾ വരുമ്പോൾ ദിവസവേതനക്കാരുടെ സഞ്ചാരവും ഉപജീവനവും തടസ്സപ്പെടുത്തിക്കൊണ്ട് നടത്തുന്ന ഇത്തരം ബാഹ്യ സൗന്ദര്യവൽക്കരണങ്ങൾ രാജ്യത്തെ സാമ്പത്തിക അസമത്വത്തെ ഇല്ലാതാക്കുന്നില്ല. മറിച്ച്, സാമ്പത്തിക വളർച്ചയുടെ ഗുണഫലങ്ങൾ സമൂഹത്തിന്റെ താഴേത്തട്ടിലേക്ക് എത്തിക്കുന്നതിൽ ഭരണകൂടങ്ങൾ നേരിടുന്ന പരാജയങ്ങളെ താത്കാലികമായി മൂടിവെക്കുക മാത്രമാണ് ചെയ്യുന്നത്.
മൂടി വയ്ക്കുന്നത് അവിദഗ്ദ്ധ തൊഴിൽശക്തി
നഗരങ്ങളുടെ അടിസ്ഥാന നിർമ്മാണ പ്രവർത്തനങ്ങൾ, ശുചീകരണം, മാലിന്യ സംസ്കരണം, ഗാർഹിക സേവനങ്ങൾ, വഴിയോര കച്ചവടം എന്നിവ നടത്തുന്നത് പ്രധാനമായും ചേരികളിൽ താമസിക്കുന്ന അവിദഗ്ദ്ധ തൊഴിലാളികളാണ്. നഗര സമ്പദ്‌വ്യവസ്ഥയുടെ സുഗമമായ നടത്തിപ്പിന് ഇവരുടെ സേവനം അത്യന്താപേക്ഷിതവുമാണ്. എന്നാൽ, അന്താരാഷ്ട്ര ഉച്ചകോടികൾ നടക്കുമ്പോൾ ഈ തൊഴിലാളികളെ പൊതുസ്ഥലങ്ങളിൽനിന്നും കാഴ്ചകളിൽനിന്നും പൂർണ്ണമായി ഒഴിവാക്കുന്ന രീതിയാണ് ഭരണകൂടങ്ങൾ സ്വീകരിക്കുന്നത്. ഉച്ചകോടി നടക്കുന്ന ദിവസങ്ങളിൽ ഇവരുടെ തൊഴിലും സഞ്ചാരവും നിരോധിക്കപ്പെടുന്നു; വഴിയോരക്കച്ചവടങ്ങൾ അടപ്പിച്ചു മാറ്റുകയും ദിവസക്കൂലി അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്യുന്നു. ഭരണഘടന ഉറപ്പുനൽകുന്ന തൊഴിലെടുക്കാനും സഞ്ചരിക്കാനുമുള്ള അവകാശമാണ് സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ഇവിടെ പരിമിതപ്പെടുത്തപ്പെടുന്നത്. നഗരത്തിന്റെ അടിസ്ഥാന സേവനങ്ങൾക്കായി ഇവരുടെ അധ്വാനം ഉപയോഗപ്പെടുത്തുകയും, അതേസമയം നഗരത്തിന്റെ പൊതു ഇടങ്ങളിലും വികസന രേഖകളിലും തുല്യ പൗരന്മാരായി ഇവരെ പരിഗണിക്കാതിരിക്കുകയും ചെയ്യുന്നത് തീരത്തും സാമ്പത്തിക വികസനത്തിലെ ഘടനാപരമായ വിവേചനത്തെയാണ് തുറന്നുകാട്ടുന്നത്.
ആഗോള പരിപാടികളും നഗരങ്ങളിൽ നിന്നുള്ള ഒഴിപ്പിക്കലുകളും
വൻകിട കായിക മത്സരങ്ങൾക്കും ഉച്ചകോടികൾക്കും വേദിയാകുമ്പോൾ നഗരങ്ങളിലെ ദരിദ്രരെയും വീടില്ലാത്തവരെയും റോഡുകളിൽനിന്ന് മാറ്റുകയോ മറയ്ക്കുകയോ ചെയ്യുന്ന രീതി ഇന്ത്യക്ക് പുറത്തും നടന്നിട്ടുണ്ട്. ഭരണാധികാരികളുടെ സന്ദർശനവേളയിൽ കൃത്രിമ ഗ്രാമമുഖങ്ങൾ നിർമ്മിച്ച് ദാരിദ്ര്യം മറച്ചുവെച്ച പഴയ റഷ്യൻ ഭരണരീതിയെ 'പോട്ടെംകിൻ വില്ലേജുകൾ' എന്നാണ് വിളിക്കുന്നത് (Adams, 2005). 2008-ലെ ബീജിംഗ് ഒളിമ്പിക്സിന് മുന്നോടിയായി നഗരത്തിലെ പഴയ വീടുകൾ പൊളിക്കുകയും ഏകദേശം 15 ലക്ഷത്തോളം ആളുകളെ ബലംപ്രയോഗിച്ച് ഒഴിപ്പിക്കുകയും ചെയ്തിരുന്നു (Centre on Housing Rights and Evictions, 2007). 2014 ഫിഫ ലോകകപ്പും 2016 ഒളിമ്പിക്സും നടത്തിയ ബ്രസീലിൽ, റിയോ ഡി ജനീറോയിലെ വിമാനത്താവള പാതയിലുള്ള ചേരികൾ വിദേശികൾ കാണാതിരിക്കാൻ റോഡരികിൽ കൂറ്റൻ മതിലുകൾ പണിയുകയും പതിനായിരങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു (Gaffney, 2016).

2015-ൽ മനിലയിൽ നടന്ന എപെക് (APEC) ഉച്ചകോടി സമയത്ത് റോഡരികിലെ ചേരികൾ പലകകൾ വെച്ച് മറയ്ക്കുകയും തെരുവിൽ കഴിഞ്ഞിരുന്ന കുട്ടികളെയും മറ്റുള്ളവരെയും നഗരത്തിന് പുറത്തേക്ക് മാറ്റുകയും ചെയ്തു (Human Rights Watch, 2015). 2023-ൽ അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിൽ എപെക് ഉച്ചകോടിക്ക് തൊട്ടുമുമ്പ് പ്രധാന തെരുവുകളിലെ ഭവനരഹിതരുടെ ടെന്റുകൾ പൂർണ്ണമായി നീക്കം ചെയ്തു (Knight, 2023). 2024-ൽ പാരീസ് ഒളിമ്പിക്സിന് മുന്നോടിയായി തെരുവുകളിൽ കഴിഞ്ഞിരുന്ന പതിനായിരത്തിലധികം കുടിയേറ്റക്കാരെയും വീടില്ലാത്തവരെയും ബസുകളിൽ കയറ്റി മറ്റ് നഗരങ്ങളിലേക്ക് മാറ്റി (Le Revers de la Médaille, 2024). വിദേശ പ്രതിനിധികൾ വരുമ്പോൾ നഗരങ്ങളിലെ അടിസ്ഥാന ജനവിഭാഗങ്ങളെയും ദാരിദ്ര്യത്തെയും കാഴ്ചയിൽനിന്ന് ഒഴിവാക്കുന്ന രീതി വിവിധ രാജ്യങ്ങൾ തുടർച്ചയായി നടപ്പാക്കുന്നുണ്ട് എന്നാണ് ഇത്തരം സംഭവങ്ങൾ അടിവരയിടുന്നത് .
അന്താരാഷ്ട്ര ഉച്ചകോടികൾക്കായുള്ള നഗര സൗന്ദര്യവൽക്കരണത്തിനും താൽക്കാലിക ക്രമീകരണങ്ങൾക്കുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കേന്ദ്ര ഏജൻസികളും വലിയ തോതിൽ പൊതുപണം ചെലവഴിക്കുന്നതായി ഔദ്യോഗിക രേഖകൾ വ്യക്തമാക്കുന്നു. 2020-ൽ അഹമ്മദാബാദിൽ അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനത്തോടനുബന്ധിച്ച് റോഡ് റീ-കാർപ്പറ്റിംഗ്, സൗന്ദര്യവൽക്കരണം, സരൺിയാവാസ് ചേരി മറയ്ക്കാനുള്ള മതിൽ നിർമ്മാണം എന്നിവയ്ക്കായി മുനിസിപ്പൽ കോർപ്പറേഷൻ 80 മുതൽ 100 കോടി രൂപ വരെ ചെലവിട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു (The Times of India, 2020). തുടർന്ന് 2023-ൽ ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയുടെ ഭാഗമായി നടന്ന റോഡ് നവീകരണം, സൗന്ദര്യവൽക്കരണം, താൽക്കാലിക ബാരിക്കേഡുകളും മറകളും സ്ഥാപിക്കൽ എന്നിവയുൾപ്പെടെയുള്ള തയ്യാറെടുപ്പുകൾക്കായി വിവിധ സർക്കാർ ഏജൻസികൾ ചേർന്ന് 4,100 കോടിയിലധികം രൂപ വിനിയോഗിച്ചു (Press Trust of India, 2023).

ഏതാനും ദിവസത്തെ ഉച്ചകോടികൾക്കായി ഇത്രയധികം തുക വിനിയോഗിക്കുമ്പോഴും, മറയ്ക്കപ്പെടുന്ന വസന്ത് വിഹാർ കൂലി ക്യാമ്പ് അടക്കമുള്ള ചേരികളിൽ ശുദ്ധജല വിതരണം, അഴുക്കുചാൽ ശൃംഖല, സുരക്ഷിതമായ പാർപ്പിടം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വർഷങ്ങളായി പരിഹരിക്കപ്പെടാതെ തുടരുകയാണ്. പ്രധാനമന്ത്രി ആവാസ് യോജന ലുള്ള ദാരിദ്ര്യ നിർമ്മാർജ്ജന-പാർപ്പിട പദ്ധതികൾ ലക്ഷ്യത്തിലെത്തിക്കാൻ ശാശ്വതമായ ഫണ്ട് ആവശ്യമായിരിക്കെ, വിദേശ പ്രതിനിധികൾ വരുമ്പോൾ കാഴ്ച മറയ്ക്കുന്നതിനും താൽക്കാലിക അലങ്കാരങ്ങൾക്കുമായി ഫണ്ട് വഴിതിരിച്ചുവിടുന്നത് നഗരാസൂത്രണത്തിലെ വിഭവങ്ങളുടെ വിനിയോഗത്തിലെ അപാകതയെയുമാണ് കൃത്യമായും വ്യക്തമാക്കുന്നത്.
ഉച്ചകോടി തീരുന്നതോടെ അഴിച്ചെടുക്കാൻ പോകുന്ന ഈ മറകൾ വിദേശികളുടെ കാഴ്ചയികളില്‍ നിന്ന് ഈ രാജ്യത്തെ ചേരികളെ മറയ്ക്കുന്നുണ്ടാകാം; എന്നാൽ സ്വന്തം പരാജയങ്ങളെ മൂടിവെക്കാൻ തുണിമറകൾക്ക് പിന്നിൽ ഒളിക്കുന്ന ഭരണകൂടത്തിന്റെ ദയനീയതയെ അത് പച്ചയായി തുറന്നുകാട്ടും എന്നതില്‍ സംശയമില്ല.
