▮ അരുന്ധതി റോയ്
എല്ലാ ജനങ്ങളെയും എക്കാലവും കബളിപ്പിക്കാൻ കഴിയുമോ? 150 കോടി ജനസംഖ്യയുള്ള ഒരു രാജ്യത്തെ ഒരു ശവശരീരത്തെപ്പോലെ എന്നെന്നേക്കുമായി വലിച്ചിഴച്ചു കൊണ്ടുപോകാൻ സാധിക്കുമോ? ഒരിക്കലുമില്ല. പാറ്റകൾ പുറത്തിറങ്ങിയിരിക്കുന്നു. വർഷങ്ങൾക്കുശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരിയായതിൽ അതിയായ സന്തോഷം തോന്നുന്നത്. പ്രതീക്ഷകളെല്ലാം അസ്തമിച്ചുവെന്ന് കരുതിയ നിമിഷം, അവർ കടന്നുവന്നു. മഴയ്‌ക്കൊപ്പം ഒഴുകിയെത്തിയ ചെറുപാറ്റകൾ,ഒരു ന്യായാധിപനും ഒരു തമാശയും തമ്മിലുള്ള അപവിത്രമായ ബന്ധത്തിൽ പിറന്ന സന്തതികൾ.

────────────────────────────────────────

▮ നസീറുദ്ദീൻ ഷാ
ഞാൻ നിങ്ങളോട് രണ്ട് കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നു. ഒന്നാമതായി അറിവില്ലാത്ത ഒരാളാണ് ഈ രാജ്യത്തെ നയിക്കുന്നതെങ്കിൽ, തന്നെപ്പോലെ തന്നെ ഈ രാജ്യവും അറിവില്ലാത്തതും വിഡ്ഢിത്തം നിറഞ്ഞതും പരാജയപ്പെട്ടതും ക്രൂരവുമായ ഒന്നായിത്തീരണമെന്നായിരിക്കുംഅയാളുടെ ആഗ്രഹം. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലും പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലുമായി അഭിനയത്തിൽ രണ്ട് വ്യത്യസ്ത കോഴ്സുകൾ പൂർത്തിയാക്കിയിട്ടും, അഭിനയത്തെക്കുറിച്ച് ഞാൻ ഏറ്റവും കൂടുതൽ കാര്യങ്ങൾ പഠിച്ചത് ഞാൻ പഠിപ്പിക്കാൻ ശ്രമിച്ചിട്ടുള്ള ആ കുട്ടികളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നുമാണ്. എന്റെ പൂർണ്ണമായ പിന്തുണ അവർക്കൊപ്പമാണ്. ഓരോ ശ്വാസത്തിലും ഞാൻ അവർക്ക് ആയിരക്കണക്കിന് അനുഗ്രഹങ്ങൾ നേരുന്നു, ഓരോ അധ്യാപക ദിനത്തിലും ഞാൻ അവരെ അഭിവാദ്യം ചെയ്യുന്നു. മുഖംമൂടി ധരിച്ച് കൈകളിൽ വടികളുമായി എത്തുന്ന അമേരിക്കയിലെ ICE ഏജന്റുമാരെ ഓർമ്മിപ്പിക്കുന്ന ആ ഗുണ്ടകൾ നമ്മുടെ കുട്ടികളോട് ക്രൂരമായി പെരുമാറുന്നത് കാണുമ്പോൾ എന്റെ ഹൃദയം വേദനയും കടുത്ത രോഷവും കൊണ്ട് നിറയുന്നു.
ചിലപ്പോഴെങ്കിലും നിങ്ങളുടെ കുട്ടികളെക്കുറിച്ചും ചിന്തിക്കുക. ഒപ്പം, ഒരുനാൾ നിങ്ങൾക്കും അന്ത്യം സംഭവിക്കുമെന്ന കാര്യവും ഓർക്കുക. ഈ കുട്ടികളോടെല്ലാം എനിക്ക് പറയാനുള്ളത് ഇതാണ്. പ്രതീക്ഷ കൈവിടരുത്. അനേകം ആളുകളുടെ സഹതാപം നിങ്ങൾക്കൊപ്പമുണ്ട്, ഒട്ടേറെപ്പേർ നിങ്ങൾക്ക് പിന്തുണയുമായുണ്ട്. പോരാട്ടം തുടരുക. നമ്മുടെ രാജ്യത്തെ യുവതലമുറയിൽ എനിക്ക് എപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു, ഇപ്പോൾ ആ പ്രതീക്ഷ കൂടുതൽ വ്യക്തമായിരിക്കുന്നു. നിങ്ങൾ നിങ്ങളുടെ പോരാട്ടം തുടരുക, ഞങ്ങൾ എല്ലാവരും നിങ്ങൾക്കൊപ്പമുണ്ട്. ഈ രാജ്യത്തെ സർക്കാരിനോട് എനിക്ക് ഇത്രമാത്രമേ പറയാനുള്ളൂ, എല്ലാം ഓർമ്മിക്കപ്പെടും.
────────────────────────────────────────

▮ മമ്മൂട്ടി
യുവജനങ്ങളാണ് നമ്മുടെ രാജ്യത്തിന്റെ യാഥാർത്ഥ സമ്പത്ത്. അവരുടെ ശബ്ദം കേൾക്കുക അവരെ സംരക്ഷിക്കുകയും ശാക്തീകരിക്കുകയും ചെയ്യുക.
─────────────────────

▮ പ്രകാശ് രാജ്
എന്റെ രാജ്യത്തെ യുവതലമുറ അവരുടെ ഭാവിക്കായി പോരാടുകയാണ്. സ്വാതന്ത്ര്യസമരത്തെ ഓർമ്മിപ്പിക്കുന്ന ഒരു ജനകീയ പ്രക്ഷോഭം വീണ്ടും രൂപംകൊണ്ടിരിക്കുകയാണ്. ഈ ഉണർവിന് കരുത്തേകാൻ ഞാൻ തുടർന്നും ഒപ്പമുണ്ടാകും. അവരുടെ കൈകൾ ചേർത്തുപിടിക്കാനും അവർക്ക് എന്റെ കരുത്ത് പകർന്നുനൽകാനും അവരുടെ ഭാവിക്കായി അവർക്കൊപ്പം ഉറച്ചുനിൽക്കാനും ഞാൻ എന്നും ഉണ്ടാകും.
────────────────────────────────────────

▮ ശബാന ആസ്മി
ഞാൻ ആസ്തമ രോഗിയാണ്. കണ്ണീർവാതകം പ്രയോഗിച്ചതിനെ തുടർന്ന് എനിക്ക് അസ്വസ്ഥതയുണ്ടായി. എന്നാൽ ഇൻഹേലർ കൈവശമുണ്ടായിരുന്നതിനാൽ ഇപ്പോൾ കുഴപ്പമില്ല. എന്നെ അടുത്തുള്ള ഒരു കെട്ടിടത്തിലേക്ക് സുരക്ഷിതമായി കൊണ്ടുപോയി. ശ്വാസം സാധാരണ നിലയിലായശേഷം വീണ്ടും സമരവേദിയിലേക്ക് മടങ്ങി, ലാത്തിച്ചാർജിനിരയായ വിദ്യാർത്ഥികളുമായി സംസാരിച്ചു. അവരുടെ പോരാട്ടവീര്യവും ആത്മധൈര്യവും സമാനതകളില്ലാത്തതാണ്. അവർക്ക് എന്റെ ഹൃദയം നിറഞ്ഞ സലാം. ഞാൻ ഒരിക്കലും ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമായിരുന്നിട്ടില്ല. ഇനി ഒരിക്കലും ആകുകയും ഇല്ല. കാരണം, ഒരു പാർട്ടിയുടെ ഭാഗമാകുമ്പോൾ അതിന്റെ നിലപാടുകൾ തന്നെയാണ് നിങ്ങളുടെ നിലപാടുകളായി മാറുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു. മൂന്നാഴ്ചയിലേറെയായി നിരാഹാരസമരം നടത്തുന്ന, ഇപ്പോൾ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം അറിയിക്കാനാണ് ഞാൻ ജന്തർ മന്തറിലെത്തിയത്. അവർ ഉന്നയിക്കുന്ന ആവശ്യങ്ങൾ ഒന്നും തെറ്റായതല്ല. സ്വന്തം ഭാവി സുരക്ഷിതമാക്കുന്നതിനുള്ള വിദ്യാഭ്യാസ പരിഷ്‌കാരങ്ങളും, മുഴുവൻ വിദ്യാഭ്യാസ സംവിധാനത്തിന്റെയും സമഗ്രമായ പുനഃസംഘടനയുമാണ് അവർ ആവശ്യപ്പെടുന്നത്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ കുറഞ്ഞത് ആറു ശതമാനം വിദ്യാഭ്യാസത്തിനായി അടിയന്തരമായി വകയിരുത്തണമെന്നും അവർ ആവശ്യപ്പെടുന്നു. അവരുടെ ശബ്ദം കേൾക്കൂ. അവർക്ക് ശ്രദ്ധ നൽകൂ. അവർക്ക് പ്രത്യാശ നൽകൂ. അവരുടെ ആത്മവിശ്വാസം ഉയർത്തൂ, അത് തകർക്കാൻ ശ്രമിക്കരുത്.
────────────────────────────────────────

▮ യോഗേന്ദ്ര യാദവ്
ഈ ഭരണകൂടവും അതിന് ചുറ്റുമുള്ള മൗനവും പലപ്പോഴും എന്നെ സംശയിപ്പിച്ചിരുന്നു. എന്നാൽ ഇന്ന്, വളരെക്കാലമായി അടിച്ചമർത്തപ്പെട്ടിരുന്ന ജനാധിപത്യബോധം വീണ്ടും ഉയിർത്തെഴുന്നേൽക്കുന്നത് കണ്ടപ്പോൾ എനിക്കും വീണ്ടും പൂർണത തിരിച്ചുകിട്ടിയതായി തോന്നുന്നു, അതൊരു താൽക്കാലിക അനുഭവമാണെങ്കിലും. ഈ പ്രക്ഷോഭം സാമൂഹ്യനീതിയുടെ രാഷ്ട്രീയത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കമിട്ടേക്കാം. ഇന്ത്യയിലെ യുവാക്കൾ ദലിത് യുവാവായ അഭിജീത് ദിപ്കെയുടെ നേതൃത്വത്തിലും ആദിവാസി ചിന്തകനായ സോനം വാങ്ചുക്കിന്റെ പ്രചോദനത്തിലും ഒരുമിച്ചിരിക്കുന്നു. ഇത് സാധാരണമട്ടിലുള്ള "എസ്.സി./എസ്.ടി. വിഷയങ്ങൾ" എന്ന ചട്ടക്കൂടിൽ ഒതുങ്ങുന്ന പ്രക്ഷോഭമല്ല. രാജ്യത്ത് തങ്ങൾക്ക് ലഭിക്കേണ്ട വിഹിതം മാത്രം ആവശ്യപ്പെടുന്ന രാഷ്ട്രീയത്തിൽനിന്ന് മാറി, രാജ്യം എന്നത് എന്താണ് എന്നുതന്നെ നിർവചിക്കാൻ ബഹുജൻ രാഷ്ട്രീയം പ്രാപ്തമാകുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി, ഇന്ത്യയുടെ ഭാവിയെക്കുറിച്ച് എന്നോട് ചോദിക്കുന്നവരോടെല്ലാം ഒരു വാചകം ആവർത്തിക്കാറുണ്ട്: ചോദ്യം, ജനം ഏകാധിപത്യത്തിനെതിരെ എഴുന്നേറ്റുനിൽക്കുമോ എന്നതല്ല. യഥാർഥ ചോദ്യം ഇതാണ്: ജനം എഴുന്നേറ്റുനിൽക്കുമ്പോഴേക്കും, നാം തന്നെ പിന്മാറുകയും മൗനത്തിലാവുകയും പോരാട്ടം ഉപേക്ഷിക്കുകയും ചെയ്തിരിക്കുമോ?ഇന്നലെ ആ വാക്കുകൾ എന്റെ കൺമുന്നിൽ യാഥാർഥ്യമായി. ജനങ്ങൾ എഴുന്നേറ്റുനിന്നിരുന്നു, ഞാനും അവർക്കൊപ്പമുണ്ടായിരുന്നു.
────────────────────────────────────────

▮ മെഹബൂബ മുഫ്തി
1947-നുശേഷം രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പരീക്ഷണഘട്ടത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ പോരാട്ടത്തിലേക്ക് യുവജനങ്ങളും ഇപ്പോൾ അണിനിരന്നിരിക്കുകയാണ്. ഇന്നത്തെ ഇന്ത്യയിൽ കുട്ടികളേക്കാൾ സുരക്ഷിതരായിരിക്കുന്നത് പശുക്കളാണ്. നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്ക് പോലും സമയമില്ലെന്നാണ് പറയുന്നത്. ഈ ക്രൂരതയ്ക്കും അനീതിക്കുമെതിരെ ഇന്ന് ഈ യുവതലമുറ ശബ്ദമുയർത്തിയില്ലെങ്കിൽ, 1947-നുമുമ്പുണ്ടായിരുന്നതിനേക്കാൾ മോശം അവസ്ഥയിലേക്ക് രാജ്യം നീങ്ങുമെന്ന് ഞാൻ കരുതുന്നു. മാറ്റം ഉണ്ടാകണമെങ്കിൽ അത് കൊണ്ടുവരുന്നത് ഇവരായിരിക്കും. ഭരണഘടനയെ സംരക്ഷിക്കേണ്ടിവരുമെങ്കിൽ അതും ഈ യുവതലമുറ തന്നെയായിരിക്കും സംരക്ഷിക്കുക.
────────────────────────────────────────

▮ ആലിയ ഭട്ട്
കഴിഞ്ഞ കുറച്ച് ദിവസങ്ങൾ എന്റെ ഹൃദയത്തെ തകർക്കുകയും, വീണ്ടും വീണ്ടും പ്രത്യാശകൊണ്ട് അതിനെ കൂട്ടിച്ചേർക്കുകയും ചെയ്തു. സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുന്ന ഓരോ വിദ്യാർത്ഥിയുടെയും പിന്നിൽ ഒരു സ്വപ്നമുണ്ട്, ഒരു കുടുംബത്തിന്റെ പ്രതീക്ഷയുണ്ട്, എണ്ണമറ്റ ത്യാഗങ്ങളുടെ ഒരു യാത്രയുണ്ട്. അവർ തങ്ങളെ മാത്രമല്ല പ്രതിനിധീകരിക്കുന്നത്; അവരെ പിന്തുണച്ച എല്ലാവരെയും, തങ്ങൾക്കുശേഷം വരുന്നവർക്ക് കൂടുതൽ മികച്ചൊരു വഴി സൃഷ്ടിക്കാനുള്ള പ്രതീക്ഷയെയും അവർ പ്രതിനിധീകരിക്കുന്നു. അവരുടെ ധൈര്യം എന്നെ വിനയാന്വിതയാക്കുന്നു. അവരുടെ ദൃഢനിശ്ചയം നമ്മളോരോരുത്തരുടെയും മുന്നിൽ ഒരു കണ്ണാടിയാണ് ഉയർത്തുന്നത്, നാളെയുടെ ഇന്ത്യയെ പാരമ്പര്യമായി ഏറ്റെടുക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്ന ഈ തലമുറയുടെ ശബ്ദം നമ്മൾ ശരിക്കും കേൾക്കുന്നുണ്ടോ എന്ന ചോദ്യം അത് നമ്മോട് ചോദിക്കുന്നു. വിദ്യാർത്ഥികൾക്കായി, വിദ്യാർത്ഥികളാൽ. ഭാവി അവരുടേതാണ്.
────────────────────────────────────────

▮ ടോവിനോ തോമസ്
ശരിയും തെറ്റും ആപേക്ഷികമായിരിക്കാം, എന്നാൽ സമാധാനപരമായ ഒരു പ്രതിഷേധത്തെ കൈകാര്യം ചെയ്യേണ്ട രീതി തീർച്ചയായും ഇതല്ല. ഒരു രാജ്യത്തിന്റെ ഭാവിതലമുറ ശബ്ദമുയർത്തുമ്പോൾ, ആ ശബ്ദങ്ങളെ അടിച്ചമർത്തി, ശക്തിപ്രയോഗം കൊണ്ട് നേരിടുന്നത് യഥാർത്ഥത്തിൽ ആ രാജ്യത്തിന്റെ ഭാവിയെത്തന്നെ ചവിട്ടിമെതിക്കുന്നതിന് തുല്യമാണ്. ജനാധിപത്യത്തിലുള്ള വിശ്വാസമാണ് അതുവഴി ചോർന്നുപോകുന്നത്. ഈ വിദ്യാർത്ഥികൾ എന്ത് തെറ്റാണ് ചെയ്തത്? അവർ പൊതുമുതൽ നശിപ്പിച്ചോ? അക്രമം അഴിച്ചുവിട്ടോ? ഇത്തരമൊരു പെരുമാറ്റം അർഹിക്കുന്ന എന്ത് കാര്യമാണ് അവർ ചെയ്തത്? നമ്മുടെ രാജ്യത്തിന്റെ ഏത് ഭാഗത്തായാലും, നീതിപൂർവ്വമായ ആവശ്യത്തിനുവേണ്ടി സമാധാനപരമായി പ്രതിഷേധിക്കുന്ന ഓരോ വ്യക്തിക്കും ഞാൻ പൂർണ്ണമായ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന് ഭീഷണിയല്ല; മറിച്ച്, അത് ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളിലൊന്നാണ്. എന്റെ ദേശസ്നേഹത്തെ ചോദ്യം ചെയ്യാൻ മുതിരുന്നവരോട് എനിക്ക് പറയാനുള്ളത് ഇതാണ്: നിങ്ങളെക്കാൾ നന്നായി എന്നെ എനിക്കറിയാം. മനുഷ്യത്വമാണ് എന്റെ രാഷ്ട്രീയം. സമാധാനമാണ് എന്റെ വിശ്വാസം.
────────────────────────────────────────

▮ജോസഫ് വിജയ്
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ദൽഹിയിൽ നടന്ന യുവജന പ്രതിഷേധത്തിന് പിന്തുണ അറിയിക്കാനെത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത കേന്ദ്ര സർക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടി ശക്തമായി അപലപിക്കപ്പെടേണ്ടതാണ്. നീറ്റ് പരീക്ഷാസംവിധാനം പൂർണ്ണമായും റദ്ദാക്കണമെന്നതാണ് ടി വി കെ യുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട്. വിദ്യാർത്ഥികളെ മാത്രമല്ല, അവരുടെ കുടുംബങ്ങളെയും ഗൗരവമായി ബാധിക്കുന്ന നീറ്റ് സംവിധാനത്തെ വോട്ടുരാഷ്ട്രീയത്തിനായി ഉപയോഗിച്ച് വ്യാജ വാഗ്ദാനങ്ങൾ നൽകാൻ ഞങ്ങൾ ഒരിക്കലും തയ്യാറാകില്ല. നീറ്റ് പോലുള്ള പരീക്ഷകൾ റദ്ദാക്കണമെങ്കിൽ ആദ്യം വിദ്യാഭ്യാസത്തെ സംസ്ഥാന പട്ടികയിലേക്ക് തിരിച്ചുകൊണ്ടുവരണം. അതുമാത്രമാണ് സ്ഥിരപരിഹാരം. അതിന് നിയമപരമായോ ഭരണഘടനാപരമായോ തടസ്സമുണ്ടെങ്കിൽ, അവ പരിഹരിക്കുന്നതുവരെ ഇടക്കാല പരിഹാരമായി പ്രത്യേക സമവായ പട്ടിക രൂപീകരിച്ച് സംസ്ഥാന സർക്കാരുകൾക്ക് കൂടുതൽ അധികാരം നൽകണം. അതിലൂടെ വിദ്യാഭ്യാസം, മെഡിക്കൽ വിദ്യാഭ്യാസം എന്നിവ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംസ്ഥാനങ്ങൾക്ക് പൂർണ്ണ അധികാരം ലഭിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കണം. ഇതാണ് സ്ഥിരപരിഹാരത്തെയും ഇടക്കാല പരിഹാരത്തെയും കുറിച്ചുള്ള ഞങ്ങളുടെ ദർശനം. പാർട്ടി രൂപീകരിച്ചതു മുതൽ ഈ നിലപാട് ഞങ്ങൾ ഉന്നയിച്ചുവരുന്നു. ജനങ്ങളുടെ വികാരങ്ങളെയും വിദ്യാർത്ഥികളുടെ ആഗ്രഹങ്ങളെയും കേന്ദ്ര സർക്കാർ മാനിക്കണം. അതിന്റെ ഭാഗമായി നീറ്റ് പരീക്ഷ പൂർണ്ണമായും റദ്ദാക്കണം. ഈ പ്രശ്നത്തിന് ഇതുമാത്രമാണ് യഥാർത്ഥ പരിഹാരമെന്ന് ഞങ്ങൾ ആവർത്തിക്കുന്നു.
────────────────────────────────────────

▮ സീനത്ത് അമൻ
ഇന്ത്യയുടെ ഭാവിയെ സംബന്ധിക്കുന്ന ഈ വിഷയത്തിൽ ഇന്ത്യൻ സർക്കാർ അടിയന്തരമായി സംവാദം ആരംഭിക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. സമാധാനപരമായ പ്രതിഷേധങ്ങളുടെ സമ്പന്നമായ പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. അതിനാൽ അധികാരത്തിലുള്ളവർ ഇത്തരം പ്രതിഷേധങ്ങളോട് സമാധാനപരമായ സംവാദത്തിലൂടെയാണ് പ്രതികരിക്കേണ്ടത്.
────────────────────────────────────────

▮ അരവിന്ദ് കെജ്‌രിവാൾ
ഇന്നലെ രാത്രി 12 മണിക്ക് പ്രധാനമന്ത്രി, തിങ്കളാഴ്ച പാർലമെന്റിൽ ചോദ്യപേപ്പർ ചോർച്ച കേസുകൾക്കായി പ്രത്യേക ഫാസ്റ്റ്- ട്രാക്ക് കോടതികൾ സ്ഥാപിക്കുന്ന നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ ആ ഉറപ്പിന് എത്രത്തോളം ആത്മാർത്ഥതയുണ്ടെന്നത് ഇന്നലെ തന്നെ വ്യക്തമായി. 2024-ലെ നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിലെ മുഖ്യസൂത്രധാരനെ ഇന്നലെ സി.ബി.ഐ കോടതി കുറ്റവിമുക്തനായി പ്രഖ്യാപിച്ചു. തെളിവ് ഹാജരാക്കാൻ കഴിയുന്നില്ലെങ്കിൽ ഇത്തരമൊരു അന്വേഷണത്തിന് എന്താണർഥം? അങ്ങനെയിരിക്കെ ഫാസ്റ്റ്- ട്രാക്ക് കോടതികളെക്കുറിച്ചുള്ള ഈ പ്രഖ്യാപനം വെറും നാടകമല്ലേ? നിങ്ങളും നിങ്ങളുടെ സി.ബി.ഐയും കോടതിയിൽ മതിയായ തെളിവുകൾ സമർപ്പിക്കുന്നില്ലെങ്കിൽ ഫാസ്റ്റ്-ട്രാക്ക് കോടതികൾ കൊണ്ട് എന്ത് പ്രയോജനം? പ്രശ്നം കോടതികളിലല്ല, നിങ്ങളുടെ ഉദ്ദേശ്യത്തിലാണ് അടിസ്ഥാനപരമായ പോരായ്മയുള്ളത്.
────────────────────────────────────────

▮ നന്ദിത ദാസ്
ജനങ്ങൾ ഒരുമിച്ച് കൂടാനും, സംസാരിക്കാനും, കേൾക്കാനും, അവരുടെ ശബ്ദം കേൾപ്പിക്കാനും കഴിയുമ്പോഴാണ് ജനാധിപത്യം കൂടുതൽ ശക്തമാകുന്നത് എന്ന് വിശ്വസിക്കുന്ന എല്ലാവർക്കുമൊപ്പമാണ് ഞാൻ. സൃഷ്ടിപരമായ വിയോജിപ്പുകളാണ് ഒരു ജനാധിപത്യത്തെ ജീവനോടെ നിലനിർത്തുന്നത്. ഇന്ന് ദൽഹിയിൽ സമാധാനപരമായി മാർച്ച് ചെയ്യുന്ന, നാം വിശ്വസിക്കുന്ന ഇന്ത്യയ്ക്കായി ശബ്ദമുയർത്തുന്ന എല്ലാവരോടും എന്റെ ആത്മാവുകൊണ്ടുള്ള ഐക്യദാർഢ്യം.
────────────────────────────────────────

▮എം. കെ. സ്റ്റാലിൻ
നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ രാജ്യത്തുടനീളം വിദ്യാർത്ഥികൾ നടത്തുന്ന അഭൂതപൂർവമായ പ്രതിഷേധങ്ങൾ, കേവലം ഒരു പരീക്ഷയുടെ സുതാര്യതയെ ബാധിച്ച പ്രശ്നം എന്നതിലുപരി, വലിയൊരു പ്രതിസന്ധിയെയാണ് വെളിപ്പെടുത്തുന്നത്. യോഗ്യതയുടെയും മികവിന്റെയും പരമമായ സംരക്ഷകനായി അവതരിപ്പിക്കപ്പെട്ട ഒരു സംവിധാനത്തോടുള്ള വിശ്വാസം നഷ്ടപ്പെടുന്നതിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്. തങ്ങളുടെ ഭാവി നിർണ്ണയിക്കുന്ന പ്രക്രിയയുടെ നീതിയിലും സുതാര്യതയിലും ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് വിശ്വാസം നഷ്ടപ്പെടുമ്പോൾ, അത് രാജ്യത്തിന്റെ മനഃസാക്ഷിയെത്തന്നെയാണ് ഉലയ്ക്കുന്നത്. വിദ്യാർത്ഥികളുടെ പഠനഭാരം കുറയ്ക്കുക, മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണം തടയുക, വിദ്യാഭ്യാസ നിലവാരം ഉയർത്തുക എന്നീ മൂന്ന് പ്രധാന വാഗ്ദാനങ്ങളോടെയാണ് നീറ്റ് പരീക്ഷ നടപ്പിലാക്കിയത്. എന്നാൽ ഈ മൂന്ന് ലക്ഷ്യങ്ങളിലും നീറ്റ് പരാജയപ്പെട്ടിരിക്കുകയാണ്. യാഥാർഥ്യത്തിൽ സംഭവിച്ചതാകട്ടെ, പഠനം സ്കൂളുകളിൽ നിന്ന് കോച്ചിംഗ് സെന്ററുകളിലേക്ക് മാറ്റപ്പെട്ടുവെന്നതാണ്. നീറ്റ് പരീക്ഷയുടെ പ്രശ്നം, അത് നടത്തപ്പെടുന്ന രീതിയിൽ മാത്രമല്ല. ആ പരീക്ഷാ സംവിധാനം തന്നെയാണ് അടിസ്ഥാന പ്രശ്നം. സമീപകാല സംഭവവികാസങ്ങൾ അത് കൂടുതൽ വ്യക്തമായി തെളിയിച്ചിരിക്കുകയാണ്.
രാജ്യത്തുടനീളം വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധങ്ങൾ കേന്ദ്ര സർക്കാരിനുള്ള ശക്തമായ മുന്നറിയിപ്പാണ്. സംസ്ഥാനങ്ങളെ വിശ്വസിച്ച് ഈ ഉത്തരവാദിത്തം അവർക്കു കൈമാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നീറ്റ് പരീക്ഷാ സംവിധാനം അവസാനിപ്പിക്കാനുള്ള സമയമാണിത്. പരീക്ഷ പൂർണമായും ക്രമക്കേടുകൾക്ക് വഴിയൊരുക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ആദ്യം തന്നെ മുന്നറിയിപ്പ് നൽകിയവരാണ് നമ്മൾ. അതുകൊണ്ടുതന്നെ, ഈ പരീക്ഷ നടപ്പിലാക്കിയ കാലംമുതൽ അതിന്റെ ദോഷഫലങ്ങൾ ചൂണ്ടിക്കാട്ടി ഡി.എം.കെ നീറ്റിനെ ശക്തമായി എതിർത്തുവരികയാണ്. തമിഴ്നാടിന്റെ ഒരേയൊരു ആവശ്യം നീറ്റ് റദ്ദാക്കുക എന്നതാണ്. മറ്റെല്ലാ ആവശ്യങ്ങളേക്കാളും ഇതു തന്നെയായിരിക്കണം ഈ സമരങ്ങളുടെ കേന്ദ്രാവശ്യമായി ഉയരേണ്ടത്. നീറ്റ് പൂർണമായി റദ്ദാക്കുക മാത്രമാണ് നിലവിലുള്ള എല്ലാ പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം.
────────────────────────────────────────

▮ മഞ്ജു വാര്യർ
മാനുഷികത, അതാണ് എല്ലാ രാഷ്ട്രീയത്തിനും മേലെ നിൽക്കേണ്ടത്. നമ്മുടെ യുവതലമുറയ്ക്ക് ചോദ്യങ്ങൾ ചോദിക്കാനും ആശങ്കകൾ പങ്കുവെക്കാനും, സമാധാനപരമായി പ്രതിഷേധിക്കാനും അവകാശമുണ്ട്. ഇന്ത്യയിലെവിടെയായാലും പരീക്ഷാസമ്പ്രദായങ്ങളുടെ വിശ്വാസ്യത കാത്തുസൂക്ഷിച്ചേ പറ്റൂ. നമ്മുടെ പരീക്ഷാസംവിധാനത്തിലുള്ള വിശ്വാസം ശക്തിപ്പെടണം. മെറിറ്റിനും സത്യസന്ധതയ്ക്കും നീതിക്കും എന്നും മുൻഗണന ലഭിക്കണം. നമ്മുടെ മക്കൾക്ക് ഭയമല്ല, പ്രതീക്ഷയാണ് നാം സമ്മാനിക്കേണ്ടത്. അവരുടെ ഭാവി സുരക്ഷിതമാകട്ടെ. അവരുടെ സ്വപ്നങ്ങൾ സംരക്ഷിക്കപ്പെടട്ടെ.
────────────────────────────────────────

▮ കമൽഹാസൻ
ഒരു കുട്ടി കരഞ്ഞപ്പോൾ തന്നെ നമ്മൾ അത് ശ്രദ്ധിക്കേണ്ടതായിരുന്നു, എന്നാൽ, നമ്മുടെ നിരവധി കുട്ടികൾ മരിക്കുന്നതുവരെ നമ്മൾ കാത്തിരുന്നു. പഠനത്തെ കോച്ചിംഗ് സെന്ററുകൾ പകരം വയ്ക്കുകയും, ജിജ്ഞാസയെ ഉത്കണ്ഠ പകരം വയ്ക്കുകയും, യോഗ്യതയെ കുറ്റകൃത്യങ്ങൾ പകരം വയ്ക്കുകയും ചെയ്യുന്ന ഒരു സംവിധാനം അഴുകിപ്പോയ സംവിധാനമാണ്. ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ ലഭിക്കുന്നതിന് പകരം തടസ്സങ്ങളും ലാത്തിച്ചാർജും നേരിടേണ്ടിവരുമ്പോൾ ഒരു രാജ്യം പരാജയപ്പെട്ടുവെന്ന് പറയാം. ഇന്ത്യയിലെ വിദ്യാർത്ഥികളേ, നിങ്ങളാണ് ഈ രാജ്യത്തിന്റെ ഏറ്റവും മികച്ച മുഖം. നിങ്ങളുടെ കടമ നിങ്ങൾ നിറവേറ്റിക്കഴിഞ്ഞു. ഇനി രാജ്യം നിങ്ങളോടുള്ള കടമ നിറവേറ്റേണ്ട സമയമാണ്. നമ്മുടെ പരാജയങ്ങളേക്കാൾ വലുതായിരിക്കട്ടെ എന്നും നിങ്ങളുടെ സ്വപ്നങ്ങൾ.
────────────────────────────────────────

▮ വിസ്മയ മോഹൻലാൽ
കണ്ണീർവാതകം. ലാത്തിച്ചാർജ്ജ്. വിദ്യാർത്ഥികൾക്ക് പരിക്ക്. റോഡുകൾ തടയുന്നു.. മെട്രോ സ്റ്റേഷനുകൾ അടക്കുന്നു. നഗരത്തിലുടനീളം കനത്ത ബാരിക്കേഡുകൾ. ഇന്റർനെറ്റ് സസ്പെൻഷൻ. പ്രതിഷേധക്കാരോട് നിങ്ങൾ യോജിക്കേണ്ടതില്ല. അവരുടെ ആവശ്യങ്ങളെ പിന്തുണയ്ക്കേണ്ടതില്ല. ഇതിൽ ഉൾപ്പെട്ട സംഘടനകളെ നിങ്ങൾ ഇഷ്ടപ്പെടേണ്ടതില്ല. എന്നാൽ പൗരർ ശബ്ദമുയർത്തുന്നതിനുള്ള മറുപടിയായി അമിതമായ ബലപ്രയോഗമാണ് നേരിടേണ്ടിവരുന്നതെങ്കിൽ, നമ്മൾ ഏതുതരം ജനാധിപത്യമായി മാറുകയാണെന്ന് ചോദിക്കണം. കാരണം നാളെ, കേൾക്കപ്പെടാൻ ശബ്ദമുയർത്തേണ്ടിവരുന്നത് നിങ്ങളായിരിക്കാം. നിങ്ങളുടെ നഗരമായിരിക്കാം. നിങ്ങളുടെ അയൽപക്കമായിരിക്കാം. അല്ലെങ്കിൽ നിങ്ങളുടെ സ്വന്തം കുടുംബമായിരിക്കാം. എന്റെ ചോദ്യം വളരെ ലളിതമാണ്: ഒരു ജനാധിപത്യം, സ്വന്തം പൗരരോട് ഇങ്ങനെയാണ് പ്രതികരിക്കേണ്ടതെന്ന് നിങ്ങൾ ആത്മാർത്ഥമായി വിശ്വസിക്കുന്നുണ്ടോ?
────────────────────────────────────────

▮ അദിതി റാവു ഹൈദാരി
ആരുടെയൊക്കെ രാഷ്ട്രീയ നിലപാടുകൾ എന്തുതന്നെയായാലും, മനുഷ്യത്വമാണ് എല്ലാറ്റിനും ഉപരിയായി നിൽക്കേണ്ടത്. പരസ്പര ബഹുമാനം, അന്തസ്സ്, സഹാനുഭൂതി എന്നിവയിൽ അധിഷ്ഠിതമായ ഒരു സുരക്ഷിത അന്തരീക്ഷം നാം ഉറപ്പാക്കണം; നമ്മുടെ ധീരരായ വിദ്യാർത്ഥികൾക്കും അർത്ഥവത്തായ സംവാദങ്ങളിലൂടെ തങ്ങളുടെ ശബ്ദം കേൾപ്പിക്കാൻ ആഗ്രഹിക്കുന്ന, ദൃഢനിശ്ചയമുള്ള എല്ലാവർക്കും ഇത് അനിവാര്യമാണ്. പരസ്പരം കേൾക്കാനുള്ള മനസ്സാണ് അർഥവത്തായ പുരോഗതിയുടെ അടിത്തറ. നമ്മുടെ വിദ്യാർത്ഥികളാണ് നമ്മുടെ ഭാവി.
────────────────────────────────────────

▮ സൽമാൻ ഖാൻ
അതൊരു സമാധാനപരമായ മുന്നേറ്റമായിരുന്നു; അക്രമാസക്തമായി മാറിയതിൽ അതിയായ ദുഃഖമുണ്ട്. പരിക്കേറ്റ വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പം എന്റെ മനസ്സ് എപ്പോഴുമുണ്ടാകും. പരീക്ഷാ ചോദ്യപേപ്പർ ചോർച്ച എന്നത് വളരെ ഗൗരവകരമായ ഒരു വിഷയമാണ്. മികച്ചൊരു വിദ്യാഭ്യാസ സംവിധാനത്തിനായി നമ്മുടെ രാജ്യത്തെ കുട്ടികൾ ഒത്തുചേർന്നതും, മാതാപിതാക്കൾ അവർക്ക് പിന്തുണ നൽകിയതും കാണുമ്പോൾ എനിക്ക് സന്തോഷമുണ്ട്. കഠിനാധ്വാനം ചെയ്ത് പഠിക്കാനുള്ള ശ്രമത്തെയും സ്വന്തം ഭാവിയും കൂടുതൽ വിദ്യാഭ്യാസമുള്ള ഒരിന്ത്യയും കെട്ടിപ്പടുക്കാനുള്ള അവരുടെ ആത്മാർത്ഥതയെയും പ്രതിബദ്ധതയെയും ഞാൻ ഹൃദയപൂർവം അഭിനന്ദിക്കുന്നു. ഈ സമരം, ഈ പ്രതിഷേധം, അവരുടെ ആവശ്യങ്ങൾ ഉന്നയിക്കാനുള്ള ശരിയായ മാർഗമാണ്. ഏറ്റവും പ്രധാനമായി, വിദ്യാർത്ഥികൾ അത് സമാധാനപരമായ രീതിയിലാണ് നടത്തിയത്. അവരുടെ ധൈര്യവും നിശ്ചയദാർഢ്യവും അഭിനന്ദനാർഹമാണ്. വിദ്യാഭ്യാസത്തോടുള്ള ഈ തലമുറയുടെ പ്രതിബദ്ധത ഇന്ത്യയ്ക്ക് അഭിമാനമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.
ഇത് വിദ്യാർത്ഥികളും വിദ്യാഭ്യാസ സംവിധാനവും തമ്മിലുള്ള വിഷയമാണ്. അതിനെ രാഷ്ട്രീയവത്കരിക്കരുത്. ഈ പ്രക്ഷോഭത്തിന്റെ മുഴുവൻ അംഗീകാരവും നമ്മുടെ രാജ്യത്തെ വിദ്യാർത്ഥികൾക്കാണ് ലഭിക്കേണ്ടത്. സർക്കാർ അവരുടെ ആവശ്യങ്ങൾ ഗൗരവമായി പരിഗണിക്കുകയും കൂടുതൽ ശക്തവും വിശ്വസനീയവുമായ ഒരു വിദ്യാഭ്യാസ സംവിധാനം രൂപപ്പെടുത്താൻ ആവശ്യമായ പിന്തുണ നൽകുകയും ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങനെ സംഭവിച്ചാൽ അത് എല്ലാവർക്കും ഗുണകരമായ വിജയമാകും. അനുകൂലമായ തീരുമാനത്തിനായി ഞാൻ പ്രത്യാശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന നിങ്ങളെയെല്ലാം ദൈവം അനുഗ്രഹിക്കട്ടെ.
വിദ്യാഭ്യാസം തന്നെയാകണം നമ്മുടെ സമൂഹത്തിലെ അടുത്ത വലിയ പ്രവണതയും അഭിമാനവും. ഓരോ വർഷവും അത് കൂടുതൽ പ്രാധാന്യവും ആകർഷണീയതയും നേടണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ ഇന്ത്യയിലേക്ക് പഠിക്കാനെത്തുന്ന വിധത്തിൽ, ഇന്ത്യ ഒരു ആഗോള വിദ്യാഭ്യാസ കേന്ദ്രമായി വളരട്ടെ.
────────────────────────────────────────

▮ ഗ്രേസ് ആന്റണി
തങ്ങളുടെ യുവതയുടെ ശബ്ദം അടിച്ചമർത്തുന്ന ഒരു രാഷ്ട്രം, തങ്ങളുടെ ഭാവിയെത്തന്നെയാണ് നിശ്ശബ്ദമാക്കുന്നത്. രാഷ്ട്രീയം, പ്രത്യയശാസ്ത്രം, മതം, അധികാരം എന്നിവയ്‌ക്കെല്ലാം മുകളിലായിരിക്കണം എപ്പോഴും മാനവികത. അക്രമത്തെയോ ഭീഷണിയെയോ ഭയക്കാതെ സംസാരിക്കാനും ചോദ്യങ്ങൾ ചോദിക്കാനും സ്വപ്നം കാണാനുമുള്ള അവകാശം യുവതലമുറയ്ക്കുണ്ട്. അടിസ്ഥാന ജനാധിപത്യ അവകാശം വിനിയോഗിച്ച ശേഷം തങ്ങളുടെ കുട്ടിക്ക് സുരക്ഷിതമായി വീട്ടിലെത്താൻ കഴിയുമെന്ന് അറിയുന്നതിലെ സമാധാനം ഓരോ രക്ഷിതാവിനും അവകാശപ്പെട്ടതാണ്. ഇത് പക്ഷം പിടിക്കുന്നതിനെക്കുറിച്ചുള്ളതല്ല. മറിച്ച് മാനവികതയെ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചാണ്. സമാധാനപരമായ ശബ്ദങ്ങളെ ബലപ്രയോഗത്തിലൂടെയാണ് നേരിടുന്നതെങ്കിൽ, ജനാധിപത്യം ദുർബലമാകുന്നു, അതോടൊപ്പം നമ്മളും. നമ്മുടെ യുവതലമുറയെ സംരക്ഷിക്കാൻ നമുക്ക് കഴിയുന്നില്ലെങ്കിൽ, എന്തൊരു ഭാവിയാണ് നാം കെട്ടിപ്പടുക്കുന്നത്?
