ബംഗാളിൽനിന്ന് വാർത്തകളുണ്ട്

ഗ്രാമങ്ങളിൽ അതിവേഗം കാലുറപ്പിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പിയുടെ വളർച്ച, പശ്ചിമബംഗാളിനെ ജാതി രാഷ്ട്രീയത്തിലേക്ക് വഴിമാറ്റുകയാണ്- ബംഗാളിൽനിന്ന് നേരിട്ടുള്ള റിപ്പോർട്ട്

""നിങ്ങൾ ഏതു രാഷ്ട്രീയപാർട്ടിക്കാരനാണ്?''
ഉരുളക്കിഴങ്ങും കാബേജും മുളകുമൊക്കെ നട്ടുവളർത്തിയ പച്ചക്കറിപ്പാടത്ത് കുനിഞ്ഞുനിന്നു പണി ചെയ്യുന്ന കൃഷിക്കാരനോട് ഞങ്ങൾ ചോദിച്ചു.
""തൃണമൂൽ കോൺഗ്രസ്,'' തലയുയർത്തി ഞങ്ങളെ നോക്കി അയാൾ പറഞ്ഞു.
പേര് അയാൾ പറഞ്ഞുവെങ്കിലും അത് ഇവിടെ എഴുതുന്നില്ല.

കഴിഞ്ഞ ഒന്നാം തീയതിയാണ് അയാളെ കണ്ടത്.
പശ്ചിമബംഗാളിന്റെ ദക്ഷിണ ഭാഗത്തുള്ള സൗത്ത് 24 പർഗാനാസ് ജില്ലയിലെ ദയാപുരിൽവച്ച്. ലോകത്ത് ഏറ്റവും വിസ്തൃതമായ കണ്ടൽക്കാടുകളുള്ള സുന്ദർബൻ മേഖലയിൽപ്പെട്ട ഗ്രാമം. ജനസംഖ്യ അയ്യായിരത്തോളം. അവരിൽ ഭൂരിഭാഗവും (82 ശതമാനം) ദളിതർ. പതിനഞ്ചുശതമാനത്തോളം ആദിവാസികൾ. മിക്കവരും ചെറുകിടകർഷകരും പാട്ടകൃഷിക്കാരും കർഷകത്തൊഴിലാളികളുമാണ്. കടുവകളും മറ്റു വന്യമൃഗങ്ങളുമുള്ള കാട്ടിൽ പോയി തേൻ ശേഖരിക്കുന്നവരും മീനും ഞണ്ടും പിടിച്ചു ജീവിക്കുന്നവരുമുണ്ട് അവരുടെ കൂട്ടത്തിൽ. പുല്ലുമേഞ്ഞ ചെറിയ വീടുകൾ. മുറ്റത്തു വൈക്കോൽക്കൂനകളും ആടുകളും പശുക്കളും. കുടിവെള്ളത്തിന് അവിടെയുമിവിടെയുമൊക്കെ ടാപ്പുകളുണ്ട്. ദിവസം രണ്ടു തവണ വെള്ളം വരും. ടാപ്പിനുതാഴെ കുടങ്ങൾ നിരന്നുനിൽക്കുന്നു.

പശ്ചിമബംഗാളിന്റെ ദക്ഷിണ ഭാഗത്തുള്ള സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഒരു പച്ചക്കറി പാടം / ചിത്രങ്ങൾ : എം. സുചിത്ര

""ബംഗാളിൽ വിധാൻസഭ തിരഞ്ഞെടുപ്പ് അടുത്തുവരികയാണല്ലോ. നിങ്ങൾ ആർക്കാണ് വോട്ടു ചെയ്യുക?''
""ബി.ജെ.പിക്ക്.''
""ബി.ജെ.പിക്കോ?!''
""അതെ,'' അയാൾ പറഞ്ഞു; ""ഞാൻ മാത്രമല്ല. ഞങ്ങളുടെ കൂട്ടത്തിൽ പലരും ഇക്കുറി ബി.ജെ.പിക്കാണ് വോട്ടു ചെയ്യുക. ഞങ്ങളുടെ പാർട്ടിനേതാക്കളെ പേടിച്ച് ഞങ്ങൾ യോഗങ്ങൾക്കൊക്കെ പോകുന്നുണ്ട്. ബി.ജെ.പിക്കാണ് വോട്ടുചെയ്യുക എന്നത് പുറത്തുപറയുന്നില്ല.''
""തൃണമൂലുകാരനല്ലേ, എന്നിട്ടെന്താ ബി.ജെ.പിക്ക് വോട്ടുചെയ്യുന്നത്?''
""അല്ലാതെന്തു ചെയ്യും? മുപ്പത്തിനാലുകൊല്ലം തുടർച്ചയായി സി.പി.എം ഭരിച്ചു. കഴിഞ്ഞ 10 കൊല്ലമായി ഞങ്ങളുടെ പാർട്ടിയാണ് ഭരണത്തിൽ. പക്ഷേ, ഞങ്ങളെപ്പോലെ താഴെക്കിടയിലുള്ളവരുടെ ജീവിതത്തിൽ മാറ്റമൊന്നുമുണ്ടാവുന്നില്ല. ''
""ബി.ജെ.പി വന്നാൽ മാറ്റമുണ്ടാകുമെന്നു തോന്നുന്നുണ്ടോ?''
""അറിയില്ല. ഞങ്ങൾക്കു വേണ്ടി പലതും ചെയ്യുമെന്ന് അവർ പറയുന്നുണ്ട്. ചിലപ്പോൾ ഗുണമുണ്ടായാലോ?''

ബംഗാളിൽ സംഘടനയോ നേതാക്കളോ അണികളോ ഒന്നും ഇല്ലാതിരുന്ന ഹിന്ദുത്വ പാർട്ടി എങ്ങനെയാണ് സംസ്ഥാനത്ത് അതിവേഗം വളർന്നത്? ഈ ചോദ്യത്തിന്റെ പ്രധാന ഉത്തരങ്ങളിലൊന്ന് പശ്ചിമ ബംഗാളിലെ ആദിവാസി- ദളിത് വിഭാഗങ്ങളുടെ സാമൂഹ്യവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയും ഭരണകൂടത്തിന്റെ അതിക്രമങ്ങളും അലംഭാവവുമാണ്.

ഞങ്ങളുടെ ഹിന്ദിയിലുള്ള ചോദ്യങ്ങൾ ബംഗാളിയിലേക്കും ഉത്തരങ്ങൾ ഹിന്ദിയിലേക്കും മൊഴിമാറ്റിത്തന്നു സഹായിച്ച 29 വയസുള്ള ധ്രുവ് ബിശ്വാസ് കാര്യങ്ങൾ വിശദീകരിച്ചു: ""ബംഗാളിലെ ഗ്രാമങ്ങളുടെ സ്ഥിതി പരിതാപകരമാണ്. ജീവിത സൗകര്യം വളരെ കുറവാണ്. കൃഷികൊണ്ട് ഒന്നുമാവുന്നില്ല. കഷ്ടപ്പെട്ടാണെങ്കിലും ആളുകൾ കുട്ടികളെ സ്‌കൂളിലും കോളേജിലുമൊക്കെ അയക്കുന്നുണ്ട്. പക്ഷേ, പഠിച്ചിട്ടെന്താ കാര്യം? തൊഴിലില്ലായ്മ വളരെ കൂടുതലാണ്. ചെറുപ്പക്കാർ ഗ്രാമങ്ങൾ വിട്ട് തൊഴിൽ തേടി കൽക്കത്ത പോലുള്ള വലിയ നഗരങ്ങളിലേക്കും ദൂര സംസ്ഥാനങ്ങളിലേക്കും കുടിയേറുകയാണ്.''
തമിഴ്നാട്ടിലെ ഒരു ഹോട്ടലിലാണ് ധ്രുവ് കുറച്ചുകൊല്ലം തൊഴിലെടുത്തത്.
""ഗ്രാമങ്ങളിൽ സി.പി.എമ്മിന്റ സ്ഥിതി എന്താണ്?''
""മുമ്പ് ഗ്രാമങ്ങളിൽ സി.പി.എമ്മിന് ശക്തമായ സാന്നിധ്യം ഉണ്ടായിരുന്നു. ഇപ്പോൾ സ്ഥിതി മാറി. പഴയ സി. പി.എം പ്രവർത്തകർ തന്നെയാണല്ലോ തൃണമൂലിലേക്കു പോയത്. പാർട്ടിയിൽ ചേരാത്തവരെ തൃണമൂലിന്റെ ഗുണ്ടകൾ അടിച്ചൊതുക്കി..''

കാലുറപ്പിച്ചുകഴിഞ്ഞ ബി.ജെ.പി

പശ്ചിമ ബംഗാളിലെ പല ഗ്രാമങ്ങളിലും ബി.ജെ.പി കാലുറപ്പിച്ചുകഴിഞ്ഞു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിനും 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുമിടയിൽ ബി.ജെ.പിക്ക് സ്വാധീനമുള്ള നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം ആറിൽ നിന്ന് 121 ആയി ഉയർന്നിട്ടുണ്ട്. അതിൽ 67 എണ്ണം സംസ്ഥാനത്തിന്റെ വടക്കുഭാഗത്തുള്ള സിൽഗുഡി, ജൽപായ്ഗുഡി, ഡാർജിലിങ്, ആലിപൂർ ദ്വാർ, കൂച് ബിഹാർ, ഉത്തര- ദക്ഷിണ ദിനാജ്പുർ തുടങ്ങിയ ജില്ലകളിൽ നിന്നും പടിഞ്ഞാറു ഭാഗത്തുള്ള ജംഗൽ മഹൽ മേഖലയിൽപ്പെടുന്ന ജില്ലകളിൽ നിന്നുമാണ്. ആദിവാസി- ദളിത് പിന്നാക്ക വിഭാഗങ്ങൾക്കു സ്വാധീനമുള്ള മേഖലകളാണ് ഇവ. തെക്കൻ ഭാഗത്തുള്ള 48 മണ്ഡലങ്ങളിലും ബി.ജെ.പി ശക്തിയാർജ്ജിച്ചിട്ടുണ്ട്.

ബംഗാളിലെ ഒരു ഗ്രാമത്തിലെ കാഴ്ച

വെറും മൂന്നു വർഷത്തിനുള്ളിലാണ് ഈ വളർച്ച എന്നോർക്കണം. തിരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളാവാൻ സ്വന്തമായി ആളുകൾ പോലുമില്ലായിരുന്നു ബി.ജെ.പിക്ക്. മറ്റു രാഷ്ട്രീയ പാർട്ടികൾക്കുള്ളിൽ അസംതൃപ്തരായവരെ കണ്ടെത്തി അവരെ ചാക്കിട്ടു പിടിക്കേണ്ട ഗതികേടിലായിരുന്നു പാർട്ടി. സൗത്ത് 24 പർഗാനാസ് ഉൾപ്പെടെ പല ജില്ലകളിലും 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ പാർട്ടിയുടെ പുതിയ ഓഫീസുകളിൽ പെയിന്റ് പോലും ഉണങ്ങിയിരുന്നില്ല. എന്നിട്ടും 40 ശതമാനം വോട്ട് സ്വന്തമാക്കി 43 ശതമാനം വോട്ടു ലഭിച്ച തൃണമൂലിനു തൊട്ടുപിറകെയെത്താൻ കഴിഞ്ഞുവെന്നത് ബി.ജെ.പിയെ സംബന്ധിച്ച് അഭൂതപൂർവമായ നേട്ടമാണ്.

അതിവേഗ വളർച്ചക്കുപിന്നിൽ

ബംഗാളിൽ സംഘടനയോ നേതാക്കളോ അണികളോ ഒന്നും ഇല്ലാതിരുന്ന ഹിന്ദുത്വ പാർട്ടി എങ്ങനെയാണ് സംസ്ഥാനത്ത് അതിവേഗം വളർന്നത്? ഈ ചോദ്യത്തിന്റെ പ്രധാന ഉത്തരങ്ങളിലൊന്ന് പശ്ചിമ ബംഗാളിലെ ആദിവാസി- ദളിത് വിഭാഗങ്ങളുടെ സാമൂഹ്യവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയും ഭരണകൂടത്തിന്റെ അതിക്രമങ്ങളും അലംഭാവവുമാണ്.

സംസ്ഥാനത്ത് കാലാകാലമായി നിലനിന്നുവരുന്ന സവർണ മേധാവിത്വവും സാമൂഹ്യവും സാമ്പത്തികവുമായ അസമത്വങ്ങളും ദളിത് - ആദിവാസി-പിന്നാക്ക വിഭാഗങ്ങളോട് ആദ്യം കോൺഗ്രസ് സർക്കാരും പിന്നീട് ഇടതുസർക്കാരും അതിനു ശേഷം തൃണമൂൽ സർക്കാരും കാണിച്ച അവഗണനയും അധികാരത്തിലിരിക്കുന്നവരുടെ ഗുണ്ടായിസവും അഴിമതിയുമൊക്കെ ഉയർത്തിക്കാട്ടിയാണ് ബി.ജെ.പി ഗ്രാമങ്ങളിൽ ചുവടുറപ്പിക്കുന്നത്.

വോട്ടർമാരിൽ 12-13 ശതമാനം മാത്രം വരുന്ന ബ്രാഹ്‌മണ - വൈദ്യ - കായസ്ഥ വിഭാഗങ്ങളാണ് ബംഗാൾ രാഷ്ട്രീയം എക്കാലവും നിയന്ത്രിച്ചുകൊണ്ടിരുന്നത്. ഇവരിൽ നിന്നല്ലാതെ ഒരു മുഖ്യമന്ത്രി പോലും സംസ്ഥാനത്ത് ഉണ്ടായിട്ടില്ല എന്നത് ബി.ജെ.പി ഉയർത്തിക്കാട്ടുന്നുണ്ട്

പശ്ചിമബംഗാളിന്റെ സാമൂഹ്യ- രാഷ്ട്രീയ- സാംസ്‌ക്കാരിക മേഖലകളിൽ ബ്രാഹ്‌മണ - വൈദ്യ - കായസ്ഥ വിഭാഗ മേധാവിത്വം എക്കാലത്തുമുണ്ടായിരുന്നു. മൊത്തം വോട്ടർമാരിൽ 12-13 ശതമാനം മാത്രം വരുന്ന ഈ വിഭാഗങ്ങളാണ് ബംഗാൾ രാഷ്ട്രീയം എക്കാലവും നിയന്ത്രിച്ചുകൊണ്ടിരുന്നത്. ഇവരിൽ നിന്നല്ലാതെ ഒരു മുഖ്യമന്ത്രി പോലും സംസ്ഥാനത്ത് ഇതുവരെ ഉണ്ടായിട്ടില്ല എന്നത് ബി.ജെ.പി ഉയർത്തിക്കാട്ടുന്നുണ്ട്. സംസ്ഥാന ജനസംഖ്യയിൽ 17 ശതമാനത്തോളം പിന്നാക്ക വിഭാഗക്കാരും 23 ശതമാനം പട്ടികജാതി വിഭാഗവും അഞ്ചര ശതമാനം ആദിവാസികളുമാണ്. 27ശതമാനം മുസ്‌ലിംകളിൽ നല്ലൊരു ഭാഗം ദളിത് ഹിന്ദു വിഭാഗങ്ങളിൽ നിന്ന് മതം മാറി വന്നവരാണ്.

ചൂഷകരെ തിരിച്ചറിയാകാനാകാത്ത അവസ്ഥ

ബംഗാളിൽ ആദിവാസി- ദളിത് - പിന്നാക്ക വിഭാഗങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സ്വാതന്ത്ര്യത്തിനുമുമ്പേ ദാരിദ്ര്യവും ജാതിവിവേചനങളും സാമൂഹ്യമായ അനീതികളും അധഃസ്ഥിതാവസ്ഥയും തൊഴിൽപരമായ ചൂഷണങ്ങളും അനുഭവിച്ചിരുന്നവരാണ് ഇവർ. ഉത്തര ബംഗാളിലെ സിൽഗുഡി, ജൽപായ്ഗുഡി മേഖലകളിലെ പരമ ദരിദ്രരും ഭൂരഹിതരുമായ പാട്ടകൃഷിക്കാരും പങ്കുകൃഷിക്കാരും ജന്മിത്തത്തിനെതിരെ മുപ്പതുകളുടെ അവസാനത്തിലും നാൽപതുകളുടെ തുടക്കത്തിലും കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ സംഘടിക്കുകയും തേഭാഗ പോലുള്ള പ്രക്ഷോഭങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഈ പ്രക്ഷോഭങ്ങളുടെ തുടർച്ചയായിരുന്നു പിന്നീട് ഡാർജിലിങ് ജില്ലയിൽ ദരിദ്രരായ ആദിവാസി തേയിലത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ സംഘടിച്ചു നടത്തിയ നക്‌സൽബാരി പ്രക്ഷോഭം.

""മുമ്പ് ശത്രുക്കൾ ആരാണ് എന്നറിയാമായിരുന്നു. അവരോട് പോരാടിയാൽ മതിയായിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. ചൂഷകർ പലരാണ്. സർക്കാർ, ഉദ്യോഗസ്ഥർ, വൻകിട കമ്പനികൾ, റിയൽ എസ്റ്റേറ്റുകാർ ... എങ്ങനെയാണ് ഇതെല്ലാം നേരിടേണ്ടതെന്ന് മനസ്സിലാവുന്നില്ല,'' എന്ന് നക്‌സൽബാരി പ്രക്ഷോഭത്തിൽ മുൻനിരയിലുണ്ടായ ശാന്തി മുണ്ട 2017ൽ, നക്‌സൽബാരി പ്രക്ഷോഭത്തിന്റെ അമ്പതാം വാർഷികത്തിൽ, അവരെ ചെന്നുകണ്ടപ്പോൾ പറഞ്ഞിരുന്നു.

1947 ൽ മതത്തിന്റെ അടിസ്ഥാനത്തിൽ നടന്ന ഇന്ത്യ വിഭജനം ബംഗാളിലെ ജാതീയമായി താഴ്ത്തപ്പെട്ട ജനവിഭാഗങ്ങളെ അങ്ങേയറ്റം പ്രതികൂലമായിട്ടാണ് ബാധിച്ചത്. ബംഗാളിന്റെ കിഴക്കുവശത്തുള്ള നാലു ജില്ലകളിൽ ജീവിച്ചിരുന്ന നാമശൂദ്രർ എന്ന ദളിത് വിഭാഗത്തിന് ഭൂമിയും വീടും മറ്റെല്ലാം ഉപേക്ഷിച്ച് കിഴക്കൻ പാക്കിസ്ഥാനിലേക്ക് - ഇപ്പോഴത്തെ ബംഗ്ലാദേശ്- പോകേണ്ടി വന്നിരുന്നു. അവരാണ് അമ്പതുകളിലും അറുപതുകളിലും എഴുപതുകളിലുമൊക്കെ അഭയാർത്ഥി പ്രവാഹമായി തിരിച്ചുവന്നുകൊണ്ടിരുന്നത്. അഭയാർത്ഥി ക്യാമ്പുകളിൽ ഏറിയ പങ്കും കൽക്കത്തയിലായിരുന്നു.

എന്നാൽ കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണത്തിലിരുന്ന കോൺഗ്രസ് സർക്കാരുകൾക്കോ കൽക്കത്തയിലെ മദ്ധ്യവർഗത്തിനോ ഇവരോട് അനുതാപമൊന്നുമുണ്ടായിരുന്നില്ല. അഭയാർത്ഥികളുടെ പുനരധിവാസത്തിന് പ്രക്ഷോഭം നടത്തിയിരുന്ന ഇടതുപക്ഷം 1977 ൽ അധികാരത്തിൽ വന്നപ്പോഴും ഈ മനോഭാവത്തിൽ പറയത്തക്ക മാറ്റമുണ്ടായില്ല. കഠിന യാതനകളും ഭരണകൂട ഭീകരതകളും ദളിതരായ അഭയാർത്ഥികൾക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. 1979 ൽ ജ്യോതിബസു മുഖ്യമന്ത്രിയായിരിക്കെ സുന്ദർ ബന്നിലെ മാരീച്ഝാപിയിലേക്കു കുടിയേറിയ ദളിത് അഭയാർത്ഥികൾക്കുനേരെ നടന്ന വെടിവെപ്പിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. പക്ഷേ, ഈ കൂട്ടക്കൊല പശ്ചിമ ബംഗാളിന്റെ ചരിത്രത്തിൽ വേണ്ടവിധം രേഖപ്പെടുത്തിയിട്ടില്ല. കൊല്ലപ്പെട്ടത് ദളിതരായതിനാലാവാം.

ജാതി എന്ന യാഥാർത്ഥ്യത്തെയോ അതുമായി ബന്ധപ്പെട്ട സങ്കീർണതകളെയോ അംഗീകരിക്കാൻ രണ്ടര ദശാബ്ദം ഭരണത്തിലിരുന്ന കോൺഗ്രസോ അതിനുശേഷം മൂന്നര പതിറ്റാണ്ടോളം തുടർച്ചയായി ഭരിച്ച ഇടതുപക്ഷമോ തയ്യാറായിരുന്നില്ല.

ജാതി എന്ന യാഥാർത്ഥ്യത്തെയോ അതുമായി ബന്ധപ്പെട്ട സങ്കീർണതകളെയോ അംഗീകരിക്കാൻ രണ്ടര ദശാബ്ദം ഭരണത്തിലിരുന്ന കോൺഗ്രസോ അതിനുശേഷം മൂന്നര പതിറ്റാണ്ടോളം തുടർച്ചയായി ഭരിച്ച ഇടതുപക്ഷമോ തയ്യാറായിരുന്നില്ല. ഭൂപരിഷ്‌കരണം പോലുള്ള നടപടികൾ ഉണ്ടായില്ലെന്നല്ല. പക്ഷേ, അവ കേരളത്തിലെന്നപോലെത്തന്നെ ആദിവാസി- ദളിത്- പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട ചെറുകിട കർഷകരുടെയും കർഷക തൊഴിലാളികളുടെയും ജീവിതാവസ്ഥകളിൽ പറയത്തക്ക മാറ്റമൊന്നുമുണ്ടാക്കിയിട്ടില്ല.

ഇടതുപക്ഷം, മമത, ബി.ജെ.പി

പശ്ചിമ ബംഗാളിൽ സി.പി.എം ഏറ്റവും കീഴ്ത്തട്ടിൽവരെ പാർട്ടി സൊസൈറ്റികൾ രൂപീകരിച്ചിരുന്നു. ഈ സൊസൈറ്റികളായിരുന്നു ജനങ്ങളുടെ സാമൂഹ്യജീവിതത്തിന്റെ ആധാരശില. ജനങ്ങളുടെ സകലമാന കാര്യങ്ങളിലും ഈ സൊസൈറ്റികൾക്ക് വലിയ പങ്കുണ്ടായിരുന്നു. എന്നാൽ വർഗസിദ്ധാന്ത കടുംപിടുത്തം കാരണം ജാതി എന്ന യാഥാർഥ്യം അംഗീകരിക്കാൻ ഇടതുപക്ഷം തയ്യാറായില്ല. ""പശ്ചിമ ബംഗാളിൽ രണ്ടേ രണ്ടു ജാതിയേ ഉള്ളൂ, ധനികരും ദരിദ്രരും'' എന്നായിരുന്നു 2006 ൽ സച്ചാർ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന വേളയിൽ അപ്പോഴത്തെ ഇടതുമുഖ്യമന്ത്രി ജ്യോതിബസുവിന്റെ പ്രതികരണം.

നന്ദിഗ്രാമിലെയും (മുസ്‌ലിം ഭൂരിപക്ഷ പ്രദേശം) സിംഗൂരിലെയും കാർഷികഭൂമി കോർപറേറ്റ് കമ്പനികൾക്കു വേണ്ടി കർഷകരിൽ നിന്ന് ബലം പ്രയോഗിച്ച് ഏറ്റെടുക്കാൻ ഇടതുസർക്കാർ തീരുമാനിച്ചതിനെ തുടർന്നുണ്ടായ വൻപ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ടാണ് മമത ബാനർജി അധികാരത്തിലേക്കു വന്നത്. എന്നാൽ, സി.പി.എം പിന്തുടർന്നുപോന്ന പാർട്ടി സൊസൈറ്റി സംവിധാനത്തിൽ മമതയും മാറ്റമൊന്നും വരുത്തിയില്ല. സി.പി.എം പ്രവർത്തകരെ അടിച്ചമർത്തി സൊസൈറ്റികളെല്ലാം തൃണമൂലിന്റേതാക്കി മാറ്റി എന്നൊരു വ്യത്യാസം മാത്രം. പാർശ്വവത്കൃത ജനവിഭാഗങ്ങൾക്കു വേണ്ടി പദ്ധതികൾ പലതും ആവിഷ്‌കരിച്ചുവെങ്കിലും അവരെ വോട്ടുബാങ്കായി നിലനിർത്തുന്നതിനപ്പുറം അവരുടെ രാഷ്ട്രീയവും സാമൂഹ്യവുമായ ഉന്നമനത്തിൽ മമതയും ശ്രദ്ധിച്ചില്ല.

ഇതാണ് ഇപ്പോൾ ബി.ജെ.പി മുതലെടുക്കുന്നത്. ഗ്രാമങ്ങളെ തങ്ങളുടെ വരുതിയിൽ കൊണ്ടുവരുന്നതിന് ബി.ജെ.പി വൻതോതിൽ പണമിറക്കുന്നുണ്ട് എന്ന് തൃണമൂലും സി.പി.എമ്മും കുറ്റപ്പെടുത്തുന്നുണ്ട്. ബി.ജെ.പിയുടെ പ്രവർത്തനരീതികൾ വച്ചുനോക്കുമ്പോൾ ഈ ആരോപണം സത്യമാവാനാണ് സാധ്യത. എന്നാൽ, അതുമാത്രമല്ല. ആർ.എസ്.എസും വനവാസി കല്യാൺ ആശ്രമം, ശ്രീഹരി സത്സംഗ്, സേവാഭാരതി തുടങ്ങിയ സംഘടനകളും വർഷങ്ങളായി ഗ്രാമങ്ങളിൽ സജീവമാണ്. ഈ സംഘടനകളുടെ പതിനായിരക്കണക്കിനു വളണ്ടിയർമാർ പിന്നാക്കമേഖലകളിൽ "സാമൂഹ്യസേവനം' നടത്തുന്നുണ്ട്. സ്‌കൂളുകൾ, ഏകാധ്യാപക വിദ്യാലയങ്ങൾ, ശിശുകേന്ദ്രങ്ങൾ, ചികിത്സാസൗകര്യങ്ങൾ, വിത്തുബാങ്കുകൾ, പരസ്പര സഹകരണസംഘങ്ങൾ തുടങ്ങിയവയൊക്കെ നടത്തി ജനങ്ങളുടെ ജീവിതത്തിലും സംസ്‌കാരത്തിലും ചിന്തകളിലും വേരുറപ്പിക്കുന്നതിൽ ഹിന്ദുത്വ ദേശീയ വാദികൾക്ക് ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്. ഇത് തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. മുമ്പ് മാവോയിസ്റ്റുകൾക്ക് നല്ല സ്വാധീനമുണ്ടായിരുന്ന പുരൂലിയ പോലുള്ള മേഖലകൾ പോലും പിടിച്ചെടുക്കാൻ ആർ.എസ്.എസിനു കഴിഞ്ഞിട്ടുണ്ട്.

ബി.ജെ.പിയുടെ ചേരിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ആദിവാസി- ദളിത് -പിന്നാക്ക വിഭാഗങ്ങളെ എങ്ങനെയെങ്കിലും തിരിച്ചുപിടിക്കാനുള്ള തത്രപ്പാടിലാണ് മമത ബാനർജി ഇപ്പോൾ

ഇതിനൊക്കെ പുറമേ, പിന്നാക്ക വിഭാഗത്തിൽപ്പെട്ട ദിലീപ് ഘോഷിനെ പാർട്ടിയുടെ സംസ്ഥാന പ്രസിഡണ്ട് ആക്കിക്കൊണ്ട് പാർശ്വവത്കൃത ജനവിഭാഗങ്ങൾക്കൊപ്പം എന്ന പ്രതിച്ഛായ സൃഷ്ടിക്കാനുള്ള ബി.ജെ.പി യുടെ ശ്രമത്തിനു നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. പിന്നാക്ക മേഖലയായ പശ്ചിമ മേദിനിപൂരിൽ നിന്നുള്ള നേതാവാണ് ഘോഷ്. ഹിന്ദുക്കൾക്കിടയിൽ കീഴ്ജാതിയായി കണക്കാക്കപ്പെടുന്ന സദ്ഗോപ ജാതിയിൽപ്പെട്ട വ്യക്തി. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു പിന്നാക്ക വിഭാഗക്കാരൻ ഏതെങ്കിലും പ്രമുഖ രാഷ്ടീയ പാർട്ടിയുടെ നേതൃസ്ഥാനത്തെത്തുന്നത്.

പശ്ചിമബംഗാൾ ജാതി രാഷ്ട്രീയത്തിലേക്ക്

ബി.ജെ.പിയുടെ ചേരിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ആദിവാസി- ദളിത് -പിന്നാക്ക വിഭാഗങ്ങളെ എങ്ങനെയെങ്കിലും തിരിച്ചുപിടിക്കാനുള്ള തത്രപ്പാടിലാണ് മമത ബാനർജി ഇപ്പോൾ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞയുടൻ അവർ വിധാൻസഭയിലെ 84 പട്ടികജാതി - പട്ടികവർഗ എം.എൽ.എമാരുടെ ഒരു യോഗം വിളിച്ചു. അധികാരത്തിൽ വന്നശേഷം ആദ്യമായിട്ടാണ് ആദിവാസി- ദളിത് വിഭാഗങ്ങളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ അത്തരമൊരു യോഗം വിളിക്കുന്നത്. പിന്നീട് 2019 സെപ്തംബറിൽ പാർശ്വവത്കൃത വിഭാഗങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് ഒരു സെല്ലുണ്ടാക്കി. അതേവർഷം നവംബറിൽ പട്ടികജാതി - പട്ടിക വർഗ ക്ഷേമ വകുപ്പിന്റെ രാജീവ് ബാനർജിയെ തൽസ്ഥാനത്തുനിന്നു മാറ്റി പകരം പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന രാജ്‌വംശി നേതാവായ ബിനയ് കൃഷ്ണ ബർമനെ മന്ത്രിയാക്കി.

അടുത്തുവരുന്ന തിരഞ്ഞെടുപ്പിനു മുന്നോടിയായി ഉത്തര- പശ്ചിമ മേഖലകളിൽ കൂടുതൽ പര്യടനം നടത്താൻ മമത ബാനർജി ശ്രദ്ധിക്കുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരി നാലിന് പട്ടികജാതി-പട്ടിക വർഗക്കാർക്കായി മമത ഒരു കൺവെൻഷൻ സംഘടിപ്പിച്ചു. ഭരണത്തിൽ വന്നശേഷം നടാടെയാണ് ഇങ്ങനെയൊരു കൺവെൻഷൻ. കൽക്കത്തയിലെ ഗീതാഞ്ജലി പാർക്കിൽ നടന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി വികാരഭരിതയായി: ""നിങ്ങൾ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ്. ബി.ജെ.പി നിങ്ങളെ ചൂഷണം ചെയ്യാൻ ശ്രമിക്കുകയാണ്. സാമൂഹ്യ മൈത്രിയും മതസൗഹാർദ്ദവും ഇല്ലാതാക്കാനാണ് അവർ ശ്രമിക്കുന്നത്. അതിന് നിന്നുകൊടുക്കരുത്. കഴിഞ്ഞ തവണ നിങ്ങളുടെ കുറേ സീറ്റുകൾ ബി.ജെ.പി തട്ടിയെടുത്തു. ഇത്തവണ അങ്ങനെ ഉണ്ടാവരുത്. നമ്മുടെ സംസ്ഥാനത്തിന്റെ സംസ്‌കാരം തകർക്കാൻ ബി.ജെ.പിയെ അനുവദിക്കരുത്. ആ പാർട്ടിക്ക് ഒരു കാരണവശാലും പിന്തുണ നൽകരുത്.''
അവസാന നിമിഷത്തിലെ ഈ സ്‌നേഹപ്രകടനങ്ങൾക്ക് എന്തെങ്കിലും ഗുണമുണ്ടാകുമോ?
അറിയില്ല. പക്ഷേ, ഒരു കാര്യം വ്യക്തമാണ്. പശ്ചിമബംഗാൾ ജാതി രാഷ്ട്രീയത്തിലേക്ക് വഴിമാറുകയാണ്. ▮


എം. സുചിത്ര

മാധ്യമപ്രവർത്തക. ഇന്ത്യ ടുഡേ, കൈരളി ടി.വി., ഇന്ത്യൻ എക്‌സ്പ്രസ്, ദി ക്വസ്റ്റ് ഫീച്ചേഴ്‌സ് ആൻഡ് ഫൂട്ടേജസ്, ഡൗൺ ടു എർത്ത് എന്നിവിടങ്ങളിൽ പ്രവർത്തിച്ചു.

Comments