ഗുജറാത്ത്​, ഹിമാചൽ: പ്രധാന കളിക്കാർ ആര്​?

ബി.ജെ.പി ഭരിക്കുന്ന ഹിമാചൽ പ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ്​ തീയതി പ്രഖ്യാപിച്ചുകഴിഞ്ഞു. ഗുജറാത്ത്​​ തെരഞ്ഞെടുപ്പുതീയതിയും ഉടൻ പ്രഖ്യാപിക്കും. ദേശീയ ശ്രദ്ധയാകർഷിക്കുന്ന രണ്ട്​ തെരഞ്ഞെടുപ്പുകളും ബി.ജെ.പിയെയും നരേന്ദ്രമോദിയെയും സംബന്ധിച്ചുമാത്രമല്ല, ഭാവിയി​ലെ ശക്തമായ പ്രതിപക്ഷകക്ഷിയായി വരുന്ന ആം ആദ്​മി പാർട്ടിയെയും സംബന്ധിച്ച്​ നിർണായകമാണ്​. രണ്ട്​ സംസ്​ഥാനങ്ങളിലെയും ഇലക്ഷൻ ഭൂപടത്തിൽ, കോൺഗ്രസ്​ എവിടെയാണ്​?

2022 -ൽ രാജ്യത്ത്​ നടക്കുന്ന ഏറ്റവും ശ്രദ്ധേയമായ തെരഞ്ഞെടുപ്പുകൾക്ക്​ കളമൊരുങ്ങിക്കഴിഞ്ഞു. ഹിമാചൽ പ്രദേശ്​ നിയമസഭാ തെരഞ്ഞെടുപ്പ് നവംബർ 12നും വോ​ട്ടെണ്ണൽ ഡിസംബർ എട്ടിനുമാണ്​. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുതീയതി പ്രഖ്യാപിക്കാനിരിക്കുകയാണ്​.

ഗുജറാത്ത്​: പരീക്ഷിക്കപ്പെടുന്ന മോദി വിജയകഥ

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ദേശീയശ്രദ്ധയാകർഷിക്കുന്നത് വിവിധ കാരണങ്ങളാലാണ്. ഒന്ന്, നരേന്ദ്രമോദിയുടെ മൂന്നാമൂഴത്തിലേക്കുള്ള ‘2024 പ്ലാനി'നെ സംബന്ധിച്ച് നിർണായകമാണ് ഗുജറാത്തിലെ ജയം. അതുകൊണ്ടാണ്, അമിത് ഷായുടെ നേതൃത്വത്തിൽ ഗുജറാത്ത് കാമ്പയിൻ ഒരു മോദി കാമ്പയിനാക്കി മാറ്റാൻ ശ്രമം നടക്കുന്നത്. ബി.ജെ.പിയേക്കാളുപരി, ഗുജറാത്തിനെ ഒരു ‘മോദി വിജയകഥ'യാക്കി മാറ്റുകയാണ് അമിത്ഷായുടെ ലക്ഷ്യം. 2014ൽ മോദി പ്രധാനമന്ത്രിയായശേഷം, പുതിയൊരു മുഖ്യമന്ത്രിയെ വച്ചുകൊണ്ടുള്ള ഗുജറാത്തിലെ രണ്ടാമത്തെ ഇലക്ഷനാണിത്.

2017ൽ കഷ്ടിച്ചാണ് ബി.ജെ.പി ജയിച്ചുകയറിയത്. മൂന്നു പതിറ്റാണ്ടിന്റെ വിജയക്കുതിപ്പിനിടെ ആദ്യമായി പാർട്ടി ഇരട്ട അക്കത്തിലൊതുങ്ങി, 182 ൽ 99 സീറ്റ്. അഞ്ചുവർഷത്തിനിടെ, ഗുജറാത്ത് ഏറെ മാറിപ്പോയി. മോദി പ്രധാനമന്ത്രിയായശേഷം മൂന്ന് മുഖ്യമന്ത്രിമാരാണ്- ആനന്ദിബെൻ പട്ടേൽ, വിജയ് രുപാനി, ഭൂപേന്ദ്ര പട്ടേൽ- ഗുജറാത്ത് ഭരിച്ചത്. മൂന്നുപേരും വൻ പരാജയങ്ങളായിരുന്നു.

ആനന്ദിബെൻ പട്ടേൽ, വിജയ് രുപാനി, ഭൂപേന്ദ്ര പട്ടേൽ
ആനന്ദിബെൻ പട്ടേൽ, വിജയ് രുപാനി, ഭൂപേന്ദ്ര പട്ടേൽ

വിജയ് രുപാനി സർക്കാറിനെതിരെ ഭരണവിരുദ്ധവികാരം കൊടുമ്പിരി കൊണ്ടിരിക്കേയാണ്, ഒരു വർഷം മുമ്പ് ഭൂപേന്ദ്ര പട്ടേൽ സ്ഥാനമേറ്റത്. എന്നാൽ, അടിസ്ഥാനവിഭാഗങ്ങളെയെല്ലാം പ്രക്ഷോഭരംഗത്തിറക്കി എന്ന ‘ഭരണനേട്ട'മാണ്, പട്ടേൽ ബാക്കിവച്ചത്. സർക്കാർ ജീവനക്കാർ, കർഷകർ, കന്നുകാലി കർഷകർ, ആദിവാസികൾ, അധ്യാപകർ, ആശാ വർക്കർമാർ, ആരോഗ്യപ്രവർത്തകർ തുടങ്ങി എല്ലാ മേഖലകളിലും ജീവനക്കാരും തൊഴിലാളികളും സമരരംഗത്താണ്. ശമ്പള പാക്കേജിനെച്ചൊല്ലിയുള്ള പൊലീസ് വിഭാഗത്തിന്റെ സമരം സർക്കാറിനെ യഥാർഥത്തിൽ ഞെട്ടിച്ചു. സ്ത്രീകളും കുട്ടികളുമായി പൊലീസ് കുടുംബങ്ങൾ ഒന്നാകെ തെരുവിലിറങ്ങിയാണ് പ്രതിഷേധിച്ചത്. സർക്കാർ ഫണ്ട് നൽകാത്തതിൽ പ്രതിഷേധിച്ച് പരിപാലനകേന്ദ്രങ്ങളിൽനിന്ന് പശുക്കളെ സർക്കാർ ഓഫീസുകളിലേക്ക് തുറന്നുവിട്ട് ചാരിറ്റബിൾ ട്രസ്റ്റുകൾ നടത്തിയ പ്രക്ഷോഭവും ബി.ജെ.പിയെ പിടിച്ചുകുലുക്കി. ബജറ്റിൽ പശു പരിപാലന കേന്ദ്രങ്ങൾക്കും ചാരിറ്റബിൾ ട്രസ്റ്റുകൾക്കുംവേണ്ടി 500 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ, ഇത് വിതരണം ചെയ്യുന്നില്ല എന്നാരോപിച്ചായിരുന്നു ഗുജറാത്ത് ഗോ സേവാ സംഘം സമരം നടത്തിയത്. സംസ്ഥാനത്ത് 1500 പശുപരിപാലന കേന്ദ്രത്തിൽ നാലര ലക്ഷത്തോളം പശുക്കളുണ്ട്. സർക്കാർ സഹായമില്ലാതെ ഇവയെ പരിപാലിക്കാനാകില്ല.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നരേന്ദ്രമോദി
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നരേന്ദ്രമോദി

കോവിഡ് ഏറ്റവും മോശം രീതിയിൽ കൈകാര്യം ചെയ്തുവെന്ന ‘ഭരണനേട്ട'ത്തെതുടർന്നാണ് വിജയ് രുപാനിയെ മാറ്റി ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കിയത്. എന്നിട്ടും ആരോഗ്യ മേഖലയിൽ ഒരു മാറ്റവും സംഭവിച്ചില്ല. ഡോക്ടർമാരും നഴ്‌സുമാരും ആശാ വർക്കർമാരുമടക്കമുള്ള ആരോഗ്യപ്രവർത്തകരാണ് സർക്കാറിനെതിരെ രംഗത്തുള്ള മറ്റൊരു വിഭാഗം.
ഊതിവീർപ്പിക്കപ്പെട്ട ഒരു മോഡലാണ് ഗുജറാത്ത് എന്ന് ഇതിനകം തെളിഞ്ഞതാണ്. സപ്തംബറിലെ കണക്കനുസരിച്ച്, ദേശീയ ശരാശരിയേക്കാൾ ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്കുള്ള സംസ്ഥാനമാണ് ഗുജറാത്ത്. വാർഷിക പണപ്പെരുപ്പ നിരക്ക് 7.95 ശതമാനമാണ്. (ദേശീയ ശരാശരി 7.41 ശതമാനം). ഗുജറാത്തിലെ ഗ്രാമീണമേഖലയിൽ റീട്ടയ്ൽ പണപ്പെരുപ്പനിരക്ക് 8.31 ശതമാനമാണ്. അതായത്, രാജ്യത്തുതന്നെ വൻതോതിൽ വിലക്കയറ്റം അനുഭവപ്പെടുന്ന സംസ്ഥാനമാണ് ഗുജറാത്ത്.

അമിത്​ ഷാക്കുമുന്നിലെ വെല്ലുവിളികൾ

അടിസ്ഥാന ജനതയുടെ അസംതൃപ്തിയെ എങ്ങനെ മറികടക്കാമെന്ന വെല്ലുവിളിയാണ് അമിത് ഷായുടെ മുന്നിലുള്ളത്. 182 നിയമസഭാ മണ്ഡലങ്ങളിൽ 144 മണ്ഡലങ്ങളെയും കവർ ചെയ്ത് 5700 കിലോമീറ്റർ ദൂരത്തിൽ, ബി.ജെ.പി അഞ്ച് ‘അഭിമാന' യാത്രകളാണ് പ്ലാൻ ചെയ്തിരിക്കുന്നത്. അമിത് ഷായാണ് കാമ്പയിൻ ആസൂത്രകൻ. 2001 - ൽ നരേന്ദ്രമോദി മുഖ്യമന്ത്രിയായശേഷമുള്ള രണ്ട് പതിറ്റാണ്ടിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങളാണ് യാത്രയിൽ അവതരിപ്പിക്കുക. ഗുജറാത്ത് മുഖ്യമന്ത്രിയായിക്കുമ്പോൾ മോദിയാണ് 2002 - ലെ തെരഞ്ഞെടുപ്പിനുതൊട്ടുമുമ്പ് ആദ്യ ‘അഭിമാന'യാത്ര നടത്തിയത്. ആ തെരഞ്ഞെടുപ്പിൽ പാർട്ടി 127 സീറ്റ് നേടി. 2017 ലും ബി.ജെ.പി യാത്ര നടത്തി, അന്ന് 99 സീറ്റിലേക്ക് ചുരുങ്ങി. ഇത്തവണ, മൂന്നിൽ രണ്ട് ഭൂരിപക്ഷമാണ് പാർട്ടി, അണികൾക്ക് ഉറപ്പുനൽകിയിരിക്കുന്നത്.

ബി.ജെ.പിയുടെ ‘എ’ ടീം തന്നെയായി ആം ആദ്​മി

ഗുജറാത്ത് തെരഞ്ഞെടുപ്പിലെ രണ്ടാമത്തെ ഫാക്ടർ, ഒരുപക്ഷെ, ഒന്നാമത്തെയും, ആം ആദ്മി പാർട്ടിയാണ്. ബി.ജെ.പി- ആപ്പ് മത്സരമായിരിക്കും ഇത്തവണ എന്നാണ് അരവിന്ദ് കെജ്‌രിവാൾ പറയുന്നത്. അത്​ ശരിയുമാണ്​. ആപ്പിന്റെ ഗുജറാത്ത് കാമ്പയിൻ ഭൂപടത്തിൽ കോൺഗ്രസേയില്ല. മത്സരം ബി.ജെ.പിയോടായതുകൊണ്ട്, വളരെ കരുതലോടെയാണ് അരവിന്ദ് കെജ്‌രിവാൾ കാമ്പയിന് തുടക്കമിട്ടത്. ‘ഹിന്ദു വിരുദ്ധൻ' എന്ന മുദ്രാവാക്യത്തോടെയാണ് ബി.ജെ.പി പ്രവർത്തകർ കെജ്‌രിവാളിനെ ഗുജറാത്തിലേക്ക് വരവേറ്റത്. ഉടൻ അതിന് മറുപടിയായി, ‘അടുത്തവർഷം പൂർത്തിയാകാനിരിക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് സൗജന്യ തീർഥാടനം' പ്രഖ്യാപിച്ച് ബി.ജെ.പിയെ ഞെട്ടിച്ചുകളഞ്ഞു, കെജ്‌രിവാൾ. തീർന്നില്ല; ‘ഞാനൊരു മതവിശ്വാസിയാണ്, ഭഗവാൻ ഹനുമാന്റെ തീവ്ര ഭക്തനാണ്, ഞാൻ ജനിച്ചത് കൃഷ്ണ ജന്മാഷ്ടമിയിലാണ്, കംസന്റെ പിൻഗാമികളെ നിഗ്രഹിക്കാനാണ് ദൈവം എന്നെ ഇവിടേക്ക് അയച്ചിരിക്കുന്നത്' എന്നും പ്രഖ്യാപിച്ച്, തങ്ങൾ ബി.ജെ.പിയുടെ ‘ബി' ടീമല്ല, അസ്സൽ ‘എ' ടീം തന്നെയാണെന്ന് നിസ്സന്ദേഹം വെളിവാക്കുകയും ചെയ്തു. പശുക്കളുടെ സംരക്ഷണത്തിനടക്കം പ്രത്യേക പാക്കേജ് ഉറപ്പുനൽകുന്ന ആപ്പിന് മനുഷ്യരുടെ കാര്യത്തിൽ ശ്രദ്ധയില്ലെന്ന് പറയാനാകില്ല. പൊലീസ് സമരം ശക്തമായപ്പോൾ, ഇന്ത്യയിൽ മറ്റു പൊലീസ് സേനകൾക്ക് ലഭിക്കുന്ന ശമ്പളം കെജ്‌രിവാൾ ഉറപ്പുനൽകി. ഇതേതുടർന്ന് പൊലീസ് കോൺസ്റ്റബിൾമാർ തങ്ങളുടെ വാട്‌സ്ആപ് പ്രൊഫൈലുകൾ കെജ്‌രിവാളിന്റേതാക്കി. വിറച്ചുപോയ സംസ്ഥാന സർക്കാർ, ഉടൻ 550 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു.

ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അരവിന്ദ് കെജ്രിവാൾ / Photo : Aam Aadmi Party Gujarat, FB
ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അരവിന്ദ് കെജ്രിവാൾ / Photo : Aam Aadmi Party Gujarat, FB

വളരെ നേരത്തെ, ഏപ്രിൽ ഒന്നിന്, ആപ്പ് കാമ്പയിൻ തുടങ്ങി. അഹമ്മദാബാദിൽ റോഡ് ഷോ നടത്തിയായിരുന്നു തുടക്കം. പതിവുപോലെ സ്ത്രീകൾ, യുവാക്കൾ, കർഷകർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരെ ഉന്നം വച്ചാണ് ആപ്പ് വാഗ്ദാനങ്ങൾ വാരിവിതറുന്നത്. 300 യൂണിറ്റുവരെ സൗജന്യ വൈദ്യുതി, പത്തുലക്ഷം യുവാക്കൾക്ക് തൊഴിൽ, കർഷകരുടെ കടം എഴുതിത്തള്ളൽ തുടങ്ങി, മധ്യവർഗ വിഭാഗങ്ങളെയും കുടുംബങ്ങളെയും ലക്ഷ്യമിട്ടുള്ള അതേ ഉറപ്പുകൾ. അതായത്, വർഗീയതയും വെൽഫെയറിസവും തമ്മിലാണ് ഇത്തവണ മത്സരം എന്നാണ് നിരീക്ഷകർ പറയുന്നത്. ഈയൊരു ബൈനറി തിരിച്ചടിച്ചേക്കാമെന്ന ‘ഭീഷണി' മുന്നിൽ കണ്ടാകാം, വർഗീയത പയറ്റുന്നതിൽ വിട്ടുവീഴ്ച വേണ്ട എന്ന് ആപ്പ് തീരുമാനിച്ചത്. അതുകൊണ്ടുതന്നെ ആപ്പ് ബി.ജെ.പിയെ സംബന്ധിച്ച് ഒരു യഥാർഥ വെല്ലുവിളിയാകുകയാണ്.

ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ, ശക്തമായ ഒരു പ്രതിപക്ഷ പാർട്ടി സ്‌പേസിലേക്ക് ആപ്പ് കടന്നുവന്നിട്ടുണ്ട്. സോഷ്യൽ മീഡിയ കാമ്പയിനുകൾ ശക്തമാക്കിയും മറ്റും ബി.ജെ.പിയുടെ എല്ലാ ഗ്യാപുകളിലേക്കും ആപ്പിന് കടന്നുകയറാൻ കഴിയുന്നു. കോൺഗ്രസിനെ നിഷ്​പ്രഭമാക്കി ബി.ജെ.പിയുമായി നേരിട്ടുള്ള മത്സരത്തിന് ആപ്പിനെ പ്രാപ്തമാക്കുന്ന ചില ഘടകങ്ങൾ കൂടിയുണ്ട്. ഗുജറാത്തിൽ ഇപ്പോൾ വോട്ട് ചെയ്യാൻ പോകുന്ന ഓരോ നാലാമത്തെ വോട്ടറും ഒരു കോൺഗ്രസ് ഭരണകൂടത്തെ കാണാത്തവരാണ് എന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകനായ യശ്‌വന്ത് ദേശ്​മുഖ്​ പറയുന്നു. അതായത്, രണ്ടു തലമുറ വോട്ടർമാർ ബി.ജെ.പി സർക്കാറുകളെ മാത്രം കണ്ടവരാണ്​. ശക്തമായ ഒരു മൂന്നാം പാർട്ടി വരുന്നത്, ഈ തലമുറകളെ, ഇത്തവണ വേറിട്ടൊരു സെലക്ഷനിലേക്ക് നയിച്ചേക്കാം. ആപ്പ് പ്രത്യേകിച്ച്, ഈ തലമുറകളെ ആകർഷിക്കുന്ന പാർട്ടിയെന്ന നിലയ്ക്ക് പ്രത്യേകിച്ചും.

ദുരന്തമായിക്കഴിഞ്ഞ കോൺഗ്രസ്​

2017ൽ ബി.ജെ.പിയെ രണ്ടക്കത്തിലേക്ക് മുട്ടുകുത്തിച്ച കോൺഗ്രസ്, അഞ്ചുവർഷം കൊണ്ട് ഒരു സമ്പൂർണ ദുരന്തമായി മാറിക്കഴിഞ്ഞു. 77 സീറ്റും 41.4 ശതമാനം വോട്ടുമാണ് കഴിഞ്ഞതവണ കോൺഗ്രസ് നേടിയത്. എന്നാൽ, കോൺഗ്രസ് എം.എൽ.എമാരിൽ 17 പേരും പാർട്ടി വിട്ടുകഴിഞ്ഞു. ഏറെ പേരും ബി.ജെ.പിയിലാണ് ചേർന്നത്. പാർട്ടിക്ക് ഗുജറാത്തിൽ ശക്തമായ നേതൃത്വമില്ലെന്നുമാത്രമല്ല, ജനങ്ങളെ ആകർഷിക്കാൻ പോന്ന ഒരു മുദ്രാവാക്യം പോലും ഇതുവരെ മുന്നോട്ടുവക്കാനായിട്ടില്ല. കഴിഞ്ഞതവണ, കോൺഗ്രസിനെ വിജയത്തിനരികിലെത്തിച്ചത്, വിവിധ വിഭാഗങ്ങളുടെ യോജിച്ച പിന്തുണയായിരുന്നു. ഹാർദിക് പട്ടേൽ, അൽപേഷ് താക്കൂർ, ജിഗ്‌നേഷ് മേവാനി എന്നിവർ ഒരു പ്ലാറ്റ്‌ഫോമിൽ അണിനിരന്നു. തൊഴിലില്ലായ്മ, വിദ്യാഭ്യാസത്തിലെ പ്രാതിനിധ്യം, ആരോഗ്യ- കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾ, ആദിവാസി ഭൂമിപ്രശ്‌നം, ക്രോണി കാപ്പിറ്റലിസത്തിന്റെ ആക്രമണങ്ങൾ തുടങ്ങിയ അടിസ്ഥാന വിഷയങ്ങൾ ഈ പ്ലാറ്റ്‌ഫോം ജനങ്ങൾക്കുമുന്നിൽ വിശ്വസനീയമായി അവതരിപ്പിച്ചു. മേവാനി വഡ്ഗാമിൽനിന്ന് 19,696 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. അൽപേഷ് 15,000ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിനും. ദലിത്- മുസ്‌ലിം വോട്ടുകൾ ഏകീകരിച്ചതും, പട്ടേലിന്റെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭം സൗരാഷ്ട്ര മേഖലയിലുണ്ടാക്കിയ ധ്രുവീകരണവും ബി.ജെ.പിക്ക് തിരിച്ചടിയായി. ഇതോടൊപ്പം, രാഹുലിന്റെയും പ്രിയങ്കയുടെയും സോണിയയുടെയും നേതൃത്വത്തിലുള്ള കോൺഗ്രസ് നേതൃത്വവും രംഗത്തുണ്ടായിരുന്നു. ചെറുകിട വ്യവസായികൾ, കർഷകർ, വ്യാപാരികൾ എന്നിവരുമായെല്ലാം കോൺഗ്രസിന് നേരിട്ട് ബന്ധപ്പെടാൻ കഴിഞ്ഞു.

കോൺഗ്രസിൻറെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ
കോൺഗ്രസിൻറെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ

എന്നാൽ, അഞ്ചുവർഷം കൊണ്ട് എന്താണ് സംഭവിച്ചത്? 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, ആകെയുള്ള 26 സീറ്റും ബി.ജെ.പി നേടി. കോൺഗ്രസ് നേതൃത്വം ഗുജറാത്തിനെ പൂർണമായും കൈവിട്ടു. കഴിഞ്ഞ അഞ്ചുമാസത്തിനിടെ, രണ്ടു തവണ മാത്രമാണ് രാഹുൽ ഗുജറാത്തിലെത്തിയത്. മെയിൽ, തെരഞ്ഞെടുപ്പ് കാമ്പയിൻ ഉദ്ഘടനം ചെയ്യാനും സപ്തംബർ അഞ്ചിന് അഹമ്മദാബാദിൽ പരിവർത്തൻ സങ്കൽപ് റാലിക്കും. എം.എൽ.എമാർ പാർട്ടി വിട്ടുപോകുമ്പോഴും പാർട്ടി നേതൃത്വം കാഴ്ച്ചക്കാരായി. എം.എൽ.എമാർ കൂടാതെ, നിരവധി പ്രമുഖർ പാർട്ടി വിട്ടുകൊണ്ടിരിക്കുന്നു. മാധവിസിങ് സോളങ്കി മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്ന കോൺഗ്രസ് നേതാവ് പ്രബോധ് റാവലിന്റെ മകൻ ചേതൻ റാവലും മുൻ മുഖ്യമന്ത്രി ഛബിൽദാസ് മേത്തയുടെ മകൾ നിത മേത്തയും ആപ്പിൽ ചേർന്നു. അശോക് ഗെഹ്‌ലോട്ട് ആണ് ഗുജറാത്തിലെ കാമ്പയിൻ നിരീക്ഷകൻ. സ്വന്തം സംസ്ഥാനത്തെ പ്രശ്‌നം തീർക്കാൻ സമയമില്ലാത്ത നേതാവാണ് അദ്ദേഹം. പാർട്ടി സ്ഥാനാർഥികളുടെ ആദ്യ ലിസ്റ്റ് സപ്തംബർ മധ്യത്തോടെ പുറത്തുവിടും എന്നാണ് പറഞ്ഞിരുന്നത്, എന്നാൽ ഒക്‌ടോബർ അവസാനത്തോടെയും അത് വരാൻ സാധ്യത കാണുന്നില്ല. ഇപ്പോൾ എന്താണ് സ്ഥിതി? കോൺഗ്രസ് എം.എൽ.എമാർ മണ്ഡലങ്ങളിൽ സ്വന്തം നിലയ്ക്ക്, സ്വന്തം മുദ്രാവാക്യങ്ങളുണ്ടാക്കി പ്രചാരണം നടത്തുകയാണ്, ഇത്തവണയും മത്സരിക്കാൻ സീറ്റ് കിട്ടുമെന്ന വ്യാമോഹത്താൽ. "തെക്ക്- വടക്ക്' എന്നൊരു നേർരേഖ വരച്ച് നടന്നുപോകുന്ന രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ദിശാബോധമില്ലായ്മയുടെ ഒന്നാന്തരം ഉദാഹരണമാണ് ഗുജറാത്തിലെ കോൺഗ്രസ്.

കോൺഗ്രസ് ഒഴിഞ്ഞുപോയ മത്സരയിടം ‘സമർഥമായി' വിനിയോഗിച്ച്, ഭരണവിരുദ്ധവികാരം പ്രയോജനപ്പെടുത്തിയാൽ ആപ്പിന് ഗുജറാത്തിലും ഒരു ‘പഞ്ചാബ് മോഡൽ' സൃഷ്ടിക്കാൻ കഴിഞ്ഞേക്കാം.

ഹിമാചലിൽ ആദ്യമായി ത്രികോണ മത്സരം

ഹിമാചൽ പ്രദേശിലും ആം ആദ്മി പാർട്ടി സാന്നിധ്യമറിച്ചതോടെ, ഇതുവരെ ബി.ജെ.പി- കോൺഗ്രസ് പോരാട്ടം നടന്നിരുന്നിടത്ത്, ഇത്തവണ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. കോൺഗ്രസിനേക്കാൾ ബി.ജെ.പി പേടിക്കുന്നത് ആപ്പിനെയാണ് എന്ന് അവരുടെ കാമ്പയിൻ തെളിയിക്കുന്നു. ആപ്പിന്റെ വരവ് മുന്നിൽ കണ്ട് ബി.ജെ.പി യുവാക്കളിലൂന്നിയാണ് പ്രചാരണം. തങ്ങളുടെ പരമ്പരാഗത വോട്ടുബാങ്കുകൾക്കുപുറത്തേക്ക് ബി.ജെ.പി കാമ്പയിൻ വിപുലീകരിക്കുകയാണ്. മോദിയുടേതടക്കമുള്ള റാലികൾ പാർട്ടിയുടെ യുവമോർച്ചയാണ് ആസൂത്രണം ചെയ്ത് അവതരിപ്പിക്കുന്നത്.

ഹിമാചൽ പ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രിയങ്ക ഗാന്ധി
ഹിമാചൽ പ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രിയങ്ക ഗാന്ധി

മോദി റാലിക്കെത്തുന്നതിനുമുമ്പുതന്നെ പ്രിയങ്ക ഗാന്ധി, റാലികൾക്ക് തുടക്കമിട്ടുകഴിഞ്ഞെങ്കിലും കോൺഗ്രസിന് ഇതുവരെ വലിയ ചലനമുണ്ടാക്കാനായിട്ടില്ല. ബി.ജെ.പിയാകട്ടെ, മാസങ്ങൾക്കുമുമ്പേ, മോദി അടക്കമുള്ള ദേശീയ നേതാക്കളെ ഇറക്കി കാടിളക്കിക്കൊണ്ടിരിക്കുകയാണ്. 2017ൽ ബി.ജെ.പി 44 സീറ്റും 48.8 ശതമാനം വോട്ടുമാണ് നേടിയത്. കോൺഗ്രസ് 21 സീറ്റും 41.7 ശതമാനം വോട്ടും നേടി. ആപ്പിന്റെ സാന്നിധ്യം, ബി.ജെ.പിക്കുള്ള വോട്ടുവിഹിതത്തിൽ എത്ര കുറവു വരുത്തുമെന്നതാണ് കാമ്പയിന്റെ ഈ ഘട്ടത്തിലെ ചോദ്യം. വിജയസാധ്യത ആർക്ക് എന്നത് ആ കണക്കിൽ കുരുങ്ങിക്കിടക്കുകയാണ്.


Summary: ബി.ജെ.പി ഭരിക്കുന്ന ഹിമാചൽ പ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ്​ തീയതി പ്രഖ്യാപിച്ചുകഴിഞ്ഞു. ഗുജറാത്ത്​​ തെരഞ്ഞെടുപ്പുതീയതിയും ഉടൻ പ്രഖ്യാപിക്കും. ദേശീയ ശ്രദ്ധയാകർഷിക്കുന്ന രണ്ട്​ തെരഞ്ഞെടുപ്പുകളും ബി.ജെ.പിയെയും നരേന്ദ്രമോദിയെയും സംബന്ധിച്ചുമാത്രമല്ല, ഭാവിയി​ലെ ശക്തമായ പ്രതിപക്ഷകക്ഷിയായി വരുന്ന ആം ആദ്​മി പാർട്ടിയെയും സംബന്ധിച്ച്​ നിർണായകമാണ്​. രണ്ട്​ സംസ്​ഥാനങ്ങളിലെയും ഇലക്ഷൻ ഭൂപടത്തിൽ, കോൺഗ്രസ്​ എവിടെയാണ്​?


കെ. കണ്ണൻ

ട്രൂകോപ്പി എക്സിക്യൂട്ടീവ് എഡിറ്റർ.

Comments