സാക്കിയ ജാഫ്രി,
മരണമില്ലാത്ത ഒരു പോരാട്ടത്തിന്റെ പേര്

ആദ്യം ഗുജറാത്തിലും പിന്നീട് കേന്ദ്രത്തിലും അധികാരം കൈയാളിയ ബി.ജെ.പിയുടെ ഭരണകൂടങ്ങളോടും സംഘ്പരിവാർ ശക്തികളോടും ഏതാണ്ട് ഒറ്റയ്ക്കുതന്നെയാണ് സാക്കിയ ജാഫ്രി പോരാടിയത്, അതിലെ തിരിച്ചടികൾ അവരെ മരണം വരെ തളർത്തിയില്ലെന്നുമാത്രമല്ല, താൻ ഉന്നയിച്ചത് കൃത്യമായ വസ്തുതകളാണെന്ന തികഞ്ഞ ബോധ്യം അവർക്കുണ്ടായിരുന്നുതാനും.

National Desk

ഗുജറാത്ത് വംശഹത്യയിലെ അതിജീവിതയും ഇരകൾക്കുവേണ്ടി മരണം വരെ നിയമപോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത തളരാത്ത പോരാളിയുമായിരുന്നു ഇന്ന് അന്തരിച്ച സാക്കിയ ജാഫ്രി.

2002 ഫെബ്രുവരി 28-ന് അഹമ്മദാബാദ് നഗരത്തിലെ ഗുർബർഗ് ഹൗസിങ് കോളനി ആക്രമിച്ച ജനക്കൂട്ടം സാക്കിയയുടെ പങ്കാളിയും കോൺഗ്രസ് എം.പിയുമായിരുന്ന ഇസ്ഹാൻ ജാഫ്രിയെ അതിക്രൂരമായി ചുട്ടുകൊല്ലുകയായിരുന്നു. 71കാരനായ ഇസ്ഹാന്റെ വീട്ടിൽ അഭയം തേടിയ 35 പേരും അന്ന് കൊല്ലപ്പെട്ടു. 33 പേരെ കാണാതായി. ഇവരും കൊല്ലപ്പെട്ടുവെന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടു.

മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയോട് ഫോണിൽ വിളിച്ച് സഹായമഭ്യർഥിച്ചിട്ടും ഫലമുണ്ടായില്ല എന്ന് പിന്നീട് സാക്കിയ ആരോപിച്ചിരുന്നു. ‘‘ഇസ്ഹാൻ നൂറിലേറെ പേർക്ക് സഹായം അഭ്യർഥിച്ച് വിളിച്ചിരുന്നു. അതിൽ മോദിയുടെ ഓഫീസും ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനിയുടെ ഓഫീസുമെല്ലാമുണ്ടായിരുന്നു. ഫോൺ വിളിച്ചശേഷം മോദിജി എന്തു പറഞ്ഞുവെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചപ്പോൾ, സഹായാഭ്യർഥനക്ക് ഇപ്പോൾ ഒരു പ്രസക്തിയുമില്ല എന്നാണ് അദ്ദേഹം മറുപടി നൽകിയത്'- സാക്കിയ അന്ന് പറഞ്ഞു.

ഇസ്ഹാൻ ജാഫ്രി
ഇസ്ഹാൻ ജാഫ്രി

വംശഹത്യയിലെ ഇരകളുടെ പക്ഷത്തുനിന്ന്, നരേന്ദ്രമോദി അടക്കമുള്ളവർക്കെതിരെ 2006- മുതൽ അവർ നിയമപോരാട്ടം തുടങ്ങി. മോദി അടക്കം 58 പേർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഗുർബർഗ കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഒമ്പത് കേസുകൾ വീണ്ടും അന്വേഷിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത്, സാക്കിയയുടെ കൂടി നേതൃത്വത്തിൽ നടന്ന നിയമപോരാട്ടങ്ങളുടെ ഫലമായിട്ടായിരുന്നു. എങ്കിലും പ്രത്യേക അന്വേഷണ സംഘം 2012-ൽ മോദി അടക്കമുള്ളവരെ കുറ്റമുക്തരാക്കി. ഇതിനെതിരെ സാക്കിയ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളുകയായിരുന്നു.

കലാപത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും മോദി ഉൾപ്പെടെയുള്ളവർക്ക് ക്ലീൻ ചിറ്റ് നൽകിയ നടപടി റദ്ദാക്കണം എന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. അന്വേഷണ സംഘം ആരുടെയും മൊഴി രേഖപ്പെടുത്തിയില്ല എന്നും ഫോണുകൾ പിടിച്ചെടുത്തില്ല എന്നും ആയുധങ്ങൾ എവിടെ ആര് നിർമിച്ചു തുടങ്ങിയ കാര്യങ്ങളൊന്നും അന്വേഷണ സംഘം അന്വേഷിച്ചില്ല എന്ന് സാക്കിയയുടെ ഹർജിയിൽ പറഞ്ഞിരുന്നു.
ഒരു കുറ്റകൃത്യം ചെയ്യുക എന്ന താൽപര്യത്തോടെ ഒത്തുകൂടിയതിന് വ്യക്തമായ തെളിവുണ്ടെങ്കിലേ ഗൂഢാലോചന ആരോപിക്കാനാകൂ എന്നാണ്, ഹർജി തള്ളി കോടതി പറഞ്ഞത്. മാത്രമല്ല, സാക്കിയയ്ക്ക് നിയമപരമായ സഹായം ചെയ്ത, സഹ ഹർജിക്കാരിയായ മനുഷ്യവകാശ പ്രവർത്തക ടീസ്റ്റ് സെതൽവാദിനെതിരെ കോടതി നടത്തിയ പരാമർശം വിവാദമാകുകയും ചെയ്തിരുന്നു. ഇതേതുടർന്ന് കള്ളത്തെളിവുണ്ടാക്കിയെന്ന വ്യാജ ആരോപണം ചുമത്തി ഗുജറാത്ത് പൊലീസ് ടീസ്റ്റയെ അറസ്റ്റു ചെയ്തു. പിന്നീട് സുപ്രീംകോടതിയാണ് അവർക്ക് ജാമ്യം നൽകിയത്.

നരേന്ദ്ര മോദി
നരേന്ദ്ര മോദി

‘‘ഈ പോരാട്ടം എന്റെ ഭർത്താവിന് വേണ്ടി മാത്രമുള്ളതല്ല, മോദി തങ്ങളെ രക്ഷിക്കും എന്ന് വിശ്വസിച്ച ആയിരക്കണക്കിന് മുസ്ലിങ്ങൾക്ക് വേണ്ടിയുള്ള അവസാന ശ്രമം കൂടിയാണ്’’ എന്നായിരുന്നു നിയമപോരാട്ടത്തെക്കുറിച്ചുള്ള സാക്കിയയുടെ പ്രതികരണം.

ഗുജറാത്ത് വംശഹത്യയുടെ പുറകിലുള്ള യഥാർഥ ഗൂഢാലോചന പുറത്തുകൊണ്ടുവരാനുള്ള അവരുടെ പോരാട്ടം പിന്നീടും തുടർന്നു. 2021 ഡിസംബർ ഒമ്പതിന്, ഗൂഢാലോചന അന്വേഷിക്കാൻ അവർ വീണ്ടും ഹർജി നൽകി. ഗൂഢാലോചനയ്ക്ക് വ്യക്തമായ തെളിവുകളുണ്ടായിട്ടും അവ പ്രതേ്യക അന്വേഷണ സംഘം അവഗണിക്കുകയായിരുന്നുവെന്ന് ഹർജിയിൽ അവർ പറഞ്ഞു. ഈ ഹർജിയും സുപ്രീംകോടതി തള്ളി.

ആദ്യം ഗുജറാത്തിലും പിന്നീട് കേന്ദ്രത്തിലും അധികാരം കൈയാളിയ ബി.ജെ.പിയുടെ ഭരണകൂടങ്ങളോടും സംഘ്പരിവാർ ശക്തികളോടും ഏതാണ്ട് ഒറ്റയ്ക്കുതന്നെയാണ് സാക്കിയ പോരാടിയത്, അതിലെ തിരിച്ചടികൾ അവരെ മരണം വരെ തളർത്തിയില്ലെന്നുമാത്രമല്ല, താൻ ഉന്നയിച്ചത് കൃത്യമായ വസ്തുതകളാണെന്ന തികഞ്ഞ ബോധ്യം അവർക്കുണ്ടായിരുന്നുതാനും. അതുകൊണ്ടുതന്നെ ഗുജറാത്ത് വംശഹത്യയുടെ പുറകിലെ യഥാർഥ ഗൂഢാലോചനയുടെ വ്യക്തമായ തെളിവുകളുള്ളതായിരുന്നു സാക്കിയ കോടതികളിൽ നൽകിയ ഹർജികൾ.

2023-വരെ സാക്കിയ ഗുൽബർഗ് സൊസൈറ്റിയിലുള്ള തന്റെ വീടിന്റെ അവശിഷ്ടങ്ങൾകാണാൻ പതിവായി എത്തിയിരുന്നു.


Summary: Zakia Jafri, the widow of former Congress MP Ehsan Jafri and a prominent figure in the legal battle seeking justice for the 2002 Gujarat riots, has passed away at the age of 86.


Comments