കേരളത്തിൽ ബി.ജെ.പി മഹിളാമോർച്ച സംഘടിപ്പിച്ച ‘സ്ത്രീശക്തി മോദിയ്ക്കൊപ്പം’ പരിപാടിയ്ക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട സ്ത്രീകളെ ഓർമപ്പെടുത്തിക്കൊണ്ടാണ് തൃശൂരിലെ തേക്കിൻകാട് മൈതാനത്ത് പ്രസംഗിച്ചത്.
എ.വി. കുട്ടിമാളുവമ്മയെയും അക്കാമ ചെറിയാനെയും റോസമ്മ പുന്നൂസിനേയും കാർത്യായനി അമ്മയേയും ഭഗീരഥിയമ്മയേയും നഞ്ചിയമ്മയേയും അഞ്ജു ബോബി ജോർജ്ജിനേയും പി.ടി. ഉഷയേയും ഓർമിപ്പിച്ചു ഇന്ത്യൻ പ്രധാനമന്ത്രി.
തീർച്ചയായും ചരിത്രം ഓർമിക്കണം. ഓർമയില്ലാത്തവർക്ക് ചരിത്രത്തെ ഓർമപ്പെടുത്തിക്കൊടുക്കണം. കാരണം ചരിത്രം മരിച്ചവരുടെ കണക്കു പുസ്തകം കൂടിയാണ്. കൊല്ലപ്പെട്ട സ്ത്രീകളുടെ കണക്കു പുസ്തകം കൂടിയാണ് ചരിത്രം.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു എന്നുമുണ്ട് ചരിത്രം. 2001 മുതൽ 2014 വരെയുള്ള ആ ചരിത്രം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. 1992 ൽ കർസേവകർ ബാബറി മസ്ജിദ് തകർത്തതു പോലെയുള്ള ചരിത്രം.
രാമകഥയും രാമായണ കഥയും അയോധ്യാകാണ്ഡവും പോലെ മിത്തല്ല. ഗുജറാത്തിലെ മോദി പർവ്വത്തിൽ മുസ്ലീം വംശഹത്യയുടെ 2002 എന്ന വർഗ്ഗീയ പാഠം. ഇന്ത്യൻ ചരിത്രത്തിലെ സമീപകാല അധ്യായം. ബുക് മാർക്ക് വെച്ച് ഇടയ്ക്കിടെ തുറന്നു വായിച്ചുകൊണ്ടേയിരിക്കേണ്ട, ചോരപ്പാടും മനുഷ്യർ കരിഞ്ഞമണവുമുള്ള പാഠം. ഓർമിക്കുക മാത്രമല്ല. ഓർമിപ്പിച്ചു കൊണ്ടേയിരിക്കുകയും വേണം.
കാരണം ഗുജറാത്ത് വംശഹത്യയെക്കുറിച്ച് പ്രതിപക്ഷ പാർട്ടികൾ മറന്നു പോയിട്ടുണ്ട്. മാധ്യമങ്ങളും മറന്നു പോയിട്ടുണ്ട്. വംശഹത്യയുടെ ഡിജിറ്റൽ തെളിവുകൾ ഇല്ലാതാക്കപ്പെടുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട കേസുകളിൽ ഭരണകൂടത്തിനനുകൂലമായി വന്ന, വന്നുകൊണ്ടിരിക്കുന്ന അന്വേഷണ റിപ്പോർട്ടുകളും കോടതി വിധികളും നാം കണ്ടതാണ്. പക്ഷേ കൊല്ലപ്പെട്ടവരുടെ കണക്കുപുസ്തകമായും ഒരു സമഗ്രാധിപത്യ ഭരണകൂടത്തിലേക്ക് ഹിന്ദുത്വ പ്രത്യയശാസ്ത്രം അതിന്റെ ഏറ്റവും ഹീനമായ പ്രായോഗിക പരീക്ഷണം നടത്തിയ കൊലനിലമായും ചരിത്രം ബാക്കിയുണ്ട്.
ലോകത്തൊരിടത്തും, ഇന്ത്യയിലും ഭരണകൂടത്തിന്റെ സമ്മതമില്ലാതെ ഒരു വർഗ്ഗീയ കലാപത്തിന് ഇത്രയും ദിവസം നീണ്ടു നിൽക്കാനാവില്ല. ഒരു മണിക്കൂറിൽ കൂടുതൽ പോലും നീണ്ടു നിൽക്കാനാവില്ല. നീണ്ടുനിൽക്കുന്ന വർഗ്ഗീയ കലാപത്തിന് ഒറ്റ അർത്ഥമേയുള്ളൂ. അത് സ്റ്റേറ്റിന്റെ സ്പോൺസർഷിപ്പുള്ള പരിപാടിയാണ് എന്ന്. നൂറുകണക്കിന് സ്ത്രീകൾ കൊല്ലപ്പെട്ടിട്ടുണ്ട് 2002 ലെ ഗുജറാത്തിൽ. ക്രൂരതയുടെ ഏറ്റവും കൂടിയ അളവിൽ ബലാത്സംഗം ചെയ്യപ്പെട്ട് വധിക്കപ്പെട്ടിട്ടുണ്ട്. നൂറുകണക്കിന് കുട്ടികൾ കൊല്ലപ്പെട്ടിട്ടുണ്ട്. രണ്ടായിരത്തോളമാളുകൾ കൊല്ലപ്പെട്ടുവെന്ന് അനൗദ്യോഗിക കണക്കുള്ള വംശഹത്യയിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും മുസ്ലീം സമുദായത്തിൽ പെട്ടവരാണ്. നരോദ പാട്യയിൽ അയ്യായിരത്തോളം പേർ ചേർന്നാണ് 95 മനുഷ്യരെ ഓടിച്ചിട്ട് കുഴികളിൽ വീഴ്ത്തി ഗ്യാസ് സിലിണ്ടറുകൾ തുറന്നു വിട്ടും പെട്രോളൊഴിച്ചും കത്തിച്ചു കൊന്നത്. അതിലേറെയും സ്ത്രീകളായിരുന്നു. നരേന്ദ്ര മോദി മന്ത്രിസഭയിൽ വനിതാ ശിശുക്ഷേമ മന്ത്രിയായിരുന്ന മായാ കോട് നാനിയും ബജ്രംഗ് ദൾ നേതാവായിരുന്ന ബാബുബജ്റംഗിയുമായിരുന്നു മുഖ്യ പ്രതികൾ. ആദ്യം ശിക്ഷ വിധിച്ചെങ്കിലും പിന്നീട് തെളിവില്ലെന്ന് പറഞ്ഞ് മായാ കോട്നാനിയെ ഗുജറാത്ത് ഹൈക്കോടതി വെറുതെ വിട്ടു.
അടുത്ത കാലത്തൊന്നും നടപ്പാക്കാൻ ഉദ്ദേശിച്ചിട്ടില്ലാത്തതും, നടപ്പാക്കേണ്ടി വരില്ലെന്ന് ഉറപ്പുള്ളതും, തെരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വെച്ചതുമായ വനിതാസംവരണ ബിൽ പാസാക്കിയതിന് നരേന്ദ്രമോദി സർക്കാരിനെ അഭിനന്ദിച്ച് പ്രസംഗിച്ച ചലച്ചിത്ര താരവും നർത്തകിയുമായ ശോഭനയ്ക്ക് നരോദ പാട്യയിലും ഗുജറാത്തിൽ മുഴുവനും സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെടുകയും കൂട്ടത്തോടെ കൊല്ലപ്പെടുകയും ചെയ്തപ്പോൾ ആ സംസ്ഥാനം ഭരിച്ചിരുന്നത് ഇന്നത്തെ പ്രധാനമന്ത്രിയായ അതേ നരേന്ദ്ര ദാമോദർദാസ് മോദിയാണ് എന്ന ചരിത്രത്തോട് നന്ദിയാണോ ബാക്കിയുള്ളത്? സ്വാതന്ത്ര്യാനനന്തര ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ വംശഹത്യയുടെ കാലത്ത്, ആ പ്രദേശത്തിന്റെ ഭരണാധികാരിയായിരുന്ന ഒരാൾ, അക്രമം തടയാൻ ശേഷിയുണ്ടായിരുന്ന ഒരാൾ, അത് ചെയ്യാതിരുന്ന ഒരാൾ സ്വാത്വികഭാവത്തിൽ അവതരിച്ച് ഇന്ത്യയിലെ സ്ത്രീകളുടെ മുഴുവൻ പ്രശ്നവും പരിഹരിച്ചു എന്ന് വ്യാജമായി അവകാശപ്പെടുമ്പോൾ ജീവിച്ചിരിക്കുന്ന ബിൽക്കിസ് ബാനുവിന്റേയും സാകിയ ജാഫ്രിയുടേയും ചരിത്രത്തെ ഓർമപ്പെടുത്തണം. മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽ വാദിന്റേയുംയും മാധ്യമ പ്രവർത്തക റാണാ അയ്യൂബിന്റേയും പോരാട്ടങ്ങളെക്കുറിച്ചും ഭരണകൂടം തുടരുന്ന നീചമായ വേട്ടയാടലിനെക്കുറിച്ചും ഓർമിപ്പിക്കണം. ഇസ്രത് ജഹാനേയും ആസിഫയെയും ഓർമിപ്പിക്കണം. ഹാഥ് റസ് ഓർമിപ്പിക്കണം. ഗൗരി ലങ്കേഷിനെ ഓർമിപ്പിക്കണം. മണിപ്പൂരിലെ സ്ത്രീകളെ ഓർമിപ്പിക്കണം. ബ്രിജ് ഭൂഷൺ ശരൺസിംഗ് എന്ന ബിജെപി എം.പിയ്ക്കെതിരെ ലൈംഗികാക്രമണ പരാതി ഉന്നയിച്ച വനിതാ ഗുസ്തിതാരങ്ങളെയും നരേന്ദ്രമോദി സർക്കാർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് കരിയർ തന്നെ ഉപേക്ഷിച്ച ഒളിംപിക് മെഡൽ ജേതാവ് സാക്ഷി മാലികിനെയും ഓർമിപ്പിക്കണം. മോദി സർക്കാരിന്റെ അഴിമതികളെ പാർലമെന്റിൽ അതിശക്തമായി ഉയർത്തിക്കൊണ്ടുവരികയും നേർക്കുനേർ നിന്ന് സംവദിക്കുകയും ചെയ്തിരുന്ന മഹുവാ മൊയ്ത്രയെ പാർലമെന്റിൽ നിന്ന് പുറത്താക്കിയതും ഓർക്കണം. മോദിസർക്കാർ പല കാലങ്ങളിൽ പല കാര്യങ്ങളിൽ വേട്ടയാടിയ സ്ത്രീകളുടെ പട്ടിക ഇനിയും നീളും.
ഒരു സർക്കാർ സ്വാഭാവികമായും നിർബന്ധമായും ചെയ്യേണ്ട അടിസ്ഥാന സൗകര്യവികസന പരിപാടികളായ കുടിവെളളം നൽകലും കക്കൂസ് നിർമിക്കലും ഗ്യാസ് കണക്ഷൻ നൽകലുമൊക്കെ സ്ത്രീകൾക്കു വേണ്ടിയുള്ള വലിയ ഭരണ നേട്ടങ്ങളാണെന്ന് അവകാശപ്പെടുന്ന, മോഡിയുടെ ഗ്യാരന്റിയാണെന്ന് മോഡി തന്നെ സ്വയം പ്രഖ്യാപിക്കുന്ന അൽപ്പത്തരത്തിന് കയ്യടിക്കുകയും ആർപ്പുവിളിക്കുകയും ചെയ്ത കേരളത്തിലെ സ്ത്രീകൾ ശബരിമല വിവാദകാലത്തെ നാമജപ ഘോഷയാത്രക്കാരുടെ അരാഷ്ട്രീയതുടർച്ച മാത്രമാണ്.
ശോഭനയും ഒരു പ്രതീകമാണ്. ഭയത്താലും ഭയമെന്ന് പോലും തിരിച്ചറിയാത്ത നിസ്സഹായതയാലും സ്തുതിപാഠകരുടെ വരിയിൽ ക്യൂ നിന്ന് താണുവണങ്ങുന്ന സാംസ്കാരിക മനുഷ്യക്കൂട്ടത്തിന്റെ പ്രതീകം. വിലയ്ക്കെടുക്കപ്പെട്ടതിനാലും വലതുപക്ഷ രാഷ്ട്രീയത്തിന്റെ ജീവിതസുരക്ഷിതത്വത്തിൽ രാഷ്ട്രീയ അല്ലലുകളില്ലാതെ ജീവിക്കാൻ കഴിയുന്നതിനാലും ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിന്റെ വിശ്വാസ സംഹിതകളോട് കലഹങ്ങളില്ലാത്തതിനാലും അധികാരത്തിന്റെ തണലിരിക്കാനും കാലുപിടിക്കാനും മടിയില്ലാത്തതിനാലും വിമർശനങ്ങളില്ലാത്തവരായി മാറിയ മനുഷ്യക്കൂട്ടം.
പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയാക്കി മാറ്റിയ ബി.ജെ.പി. പരിപാടിയുടെ ടെലിവിഷൻ റിപ്പോർട്ടിങ്ങ് മോദിഭജനയായി മാറിയ അത്ഭുതമില്ലാത്ത കാഴ്ചയും കേരളം കണ്ടു. ടെലിവിഷൻ ചാനലുകളുടെ മോദിഭക്തി പ്രസ്ഥാനം, കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഏത് നിറമാണ് വാരിപ്പൂശുക എന്ന് ഉറപ്പാക്കിക്കഴിഞ്ഞു.
വംശഹത്യാനന്തരവും ഗുജറാത്ത് മുഖ്യമന്ത്രിയായി 2014 വരെ നരേന്ദ്ര മോദി തന്നെയാണല്ലോ തെരഞ്ഞെടുക്കപ്പെട്ട് തുടർന്നത്. 2014 ൽ പ്രധാനമന്ത്രിയായിത്തീരുകയും ഫാസിസത്തിന്റെ സകല ലക്ഷണങ്ങളും പ്രദർശിപ്പിച്ചും പയറ്റിയും തുടർന്നും ആ സ്ഥാനത്ത് 10 വർഷം പൂർത്തിയാക്കുകയും ചെയ്തിരിക്കുന്നു. ഇന്ത്യൻ ജനാധിപത്യം ഏറ്റവും ഭീതിതവും നിസ്സഹായവുമായ ദശാസന്ധിയിലൂടെ കടന്നുപോരുന്നു. ഭരണപക്ഷം മാത്രമുള്ള ഒരു ഹിന്ദുത്വപാർലമെന്റ് എങ്ങനെ നിർമിച്ചെടുക്കാം എന്ന് കഴിഞ്ഞ പാർലമെന്റ് സെഷനിൽ മോദിസർക്കാർ രാജ്യത്തിന് കാണിച്ചു കൊടുത്തിട്ടുമുണ്ട്. പാർലമെന്റും ഭരണഘടനയും രാജകൊട്ടാരവും കൊട്ടാരം ശാസനങ്ങളുമായി രൂപം മാറിക്കൊണ്ടിരിക്കുന്നു. വംശഹത്യചെയ്യപ്പെട്ട സമൂഹം പോലും മോദിയുടെ മൻ കി ബാതിന്റെ പരസ്യമോഡലുകളായി പരിവർത്തനം ചെയ്യപ്പെട്ടു കഴിഞ്ഞു.
അപ്പോഴും സംഘപരിവാറിന്റേയും കേന്ദ്രസർക്കാരിന്റേയും ടാർജറ്റിൽ വിജയിക്കാനാവാത്ത സീറ്റായി കേരളം തുടരുന്നുണ്ട്. ഇവിടെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഒരു സീറ്റെങ്കിലും നേടാനുള്ള പ്രയത്നത്തിന്റെ ടീസറാണ് തൃശൂരിൽ നടന്നത്. ഫെഡറലിസത്തിന്റെ എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ച് കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള ശ്രമങ്ങൾ ഒരു വശത്ത് ഊർജ്ജിതമായി നടക്കുന്നു. കേരളത്തിന് യു.ജി.സി ശമ്പളക്കുടിശ്ശികയായി കേന്ദ്രം നൽകാനുള്ള 750 കോടി രൂപ നൽകില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചതാണ് ഏറ്റവും പുതിയ വാർത്ത. ശബരിമലയെയും തൃശൂർ പൂരത്തേയും പരമാർശിച്ച് വിശ്വാസികളെ തലോടാനും മോദി ശ്രമിച്ചു.
സ്ത്രീകളുടെ സമ്മേളനം നടത്തി, സ്ത്രീകളെ സ്റ്റേജിലിരുത്തി, ബഹുമാനിച്ച്, പൂജിച്ച്, രക്ഷക ഇമേജ് സൃഷ്ടിച്ച്, അമ്മമാരേ സഹോദരിമാരേ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്ത് വോട്ടുറപ്പിക്കാനുള്ള തന്ത്രം. സ്ത്രീകളുടെ രക്ഷകൻ താനാണെന്ന അവതാരപ്പിറവി. തൃശൂർ സ്ഥാനാർത്ഥിയാവാനിരിക്കുന്ന
സുരേഷ് ഗോപി, ആ അവതാരോദ്യേശ്യത്തിന്റെ മധ്യസ്ഥനാണെന്ന പ്രാഖ്യാപനം. അതുകൊണ്ടു തന്നെ കേരളത്തിന്റെ സ്ത്രീചരിത്രത്തിന്റെ മഹനീയതയെ ഓർമിപ്പിച്ച പ്രധാനമന്ത്രിയെ ഗുജറാത്ത് വംശഹത്യാക്കാലത്തെ സ്ത്രീ ചരിത്രത്തെയും മോദികാലത്ത് കൊല്ലപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്ത സ്ത്രീകളുടെ ചരിത്രത്തെയും ഓർമിപ്പിക്കേണ്ട രാഷ്ട്രീയ ബാധ്യതയുണ്ട് കേരളത്തിന്.