'മോദിത്തുടർച്ച' അസാധ്യമാക്കുന്ന ചില സാധ്യതകൾ

2024 ലെ തെരഞ്ഞെടുപ്പിൽ മോദിക്കുവേണ്ടി സ്ഥാപിച്ചുറപ്പിക്കപ്പെടുന്ന തുടർവിജയം എന്ന കാമ്പയിനെ ഒരു കെട്ടുകഥയാക്കാൻ പോന്ന രാഷ്ട്രീയ തന്ത്രജ്ഞതയാണ് ഇനി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ നേതൃത്വങ്ങൾ പ്രകടിപ്പിക്കേണ്ടത്

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ, തുടർച്ചയായി ഏഴാം തവണയും നേടിയ ജയം മുന്നിൽവച്ച്, 2024ൽ കേന്ദ്ര ഭരണത്തിൽ ഒരു ‘മോദിത്തുടർച്ച' പ്രവചിക്കപ്പെട്ടുതുടങ്ങിയിട്ടുണ്ട്. അത്, ഹിമാചൽ പ്രദേശ് നിയമസഭയിലേക്കും ഡൽഹി കോർപറേഷനിലേക്കും നടന്ന തെരഞ്ഞെടുപ്പുകളുടെയും യു.പിയിലും ബിഹാറിലും രാജസ്ഥാനിലും ഒഡീഷയിലും ഛത്തീസ്ഗഡിലും നടന്ന ഉപതെരഞ്ഞെടുപ്പുകളുടെയും ഫലത്തെ തമസ്‌കരിക്കുന്ന ഒരു വ്യാജ കാമ്പയിൻ കൂടിയാണ്. കാരണം, ഗുജറാത്ത് ഒഴികെ, തെരഞ്ഞെടുപ്പ് നടന്നിടങ്ങളിലെല്ലാം ബി.ജെ.പിക്ക് വൻ തിരിച്ചടിയാണുണ്ടായത്. ഹിമാചൽ പ്രദേശിൽ കോൺഗ്രസ് നേടിയ ജയം മാത്രമല്ല, അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന ഏഴ് ഉപതെരഞ്ഞെടുപ്പുകളിൽ ഒരിടത്തും ബി.ജെ.പിക്ക് ജയിക്കാനായില്ല. യു.പിയിലെ ഒരു ലോക്‌സഭാ മണ്ഡലത്തിലും രണ്ട് നിയമസഭാ മണ്ഡലത്തിലും നടന്ന ഉപതെരഞ്ഞെടുപ്പിൽ എസ്.പി- ആർ.എൽ.ഡി സഖ്യമാണ് ജയിച്ചത്. മെയിൻപുരി ലോക്‌സഭാ മണ്ഡലത്തിൽ എസ്.പിയുടെ ഡിപിൾ യാദവാണ് ജയിച്ചത്. സംഘടനാപരമായി ഏറ്റവും തകർന്നടിഞ്ഞ അവസ്ഥയിൽ പോലും കോൺഗ്രസും സംസ്ഥാന പാർട്ടികളും നേടുന്ന ഓരോ ജയവും, ബി.ജെ.പിക്കെതിരായ ജനവികാരമായി വേണം പരിഗണിക്കാൻ.

‘നമ്മൾ സൃഷ്ടിച്ച ഗുജറാത്ത്'

ഗുജറാത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് ബി.ജെ.പി നേടിയത്, 156 സീറ്റും 52.7ശതമാനം വോട്ടും. കഴിഞ്ഞ തവണ 99 സീറ്റിൽ ബി.ജെ.പിയെ പിടിച്ചുകെട്ടിയ കോൺഗ്രസിന് വെറും 17 സീറ്റും 27 ശതമാനം വോട്ടും. അക്കൗണ്ട് തുറന്ന ആം ആദ്മി പാർട്ടിക്ക് അഞ്ചുസീറ്റും 13 ശതമാനം വോട്ടും.

ഇന്ദിരാഗാന്ധിയുടെ വധത്തെതുടർന്നുണ്ടായ സഹതാപതരംഗത്തിന്റെ പശ്ചാത്തലത്തിൽ, 1985ൽ, മാധവിസിങ് സോളങ്കിയുടെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ 149 സീറ്റിന്റെ റെക്കോർഡാണ് ബി.ജെ.പി തകർത്തത്. വംശഹത്യക്കുശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഇതിനുമുമ്പ് ബി.ജെ.പിക്ക് വലിയ ഭൂരിപക്ഷം ലഭിച്ചത്, 127 സീറ്റ്. പിന്നീടുനടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം സീറ്റ് കുറഞ്ഞുവരികയായിരുന്നു. 2017ൽ അത് 99ലേക്ക് ചുരുങ്ങുകയും ചെയ്തു.
ഇത്തവണ, സംസ്ഥാനത്തെ എല്ലാ മേഖലകളിലും ബി.ജെ.പി സമ്പൂർണ ആധിപത്യമാണ് നേടിയത്. 54 സീറ്റുള്ള സൗരാഷ്ട്ര, കച്ച് മേഖല, 35 സീറ്റുള്ള തെക്കൻ ഗുജറാത്ത്, 32 സീറ്റുള്ള വടക്കൻ ഗുജറാത്ത്, നഗരമേഖലകളടങ്ങുന്ന, 61 സീറ്റുള്ള മധ്യ ഗുജറാത്ത് എന്നിവിടങ്ങളിലെല്ലാം ബി.ജെ.പി ആധിപത്യം നേടി.

photo: BJP Gujarat/ facebook page

മൂന്ന് പതിറ്റാണ്ട് തുടർച്ചയായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിക്കെതിരെ ഇത്തവണ രൂക്ഷമായ ഭരണവിരുദ്ധവികാരമുണ്ടെന്ന് കാമ്പയിനിൽ വ്യക്തമായിരുന്നു. ഭൂപേന്ദ്ര പട്ടേൽ സർക്കാറിനെതിരെ
സർക്കാർ ജീവനക്കാർ, കർഷകർ, ആദിവാസികൾ, അധ്യാപകർ, ആശാ വർക്കർമാർ, ആരോഗ്യപ്രവർത്തകർ തുടങ്ങി എല്ലാ മേഖലകളിലും ജീവനക്കാരും തൊഴിലാളികളും സമരരംഗത്തയിരുന്നു. ഈ അസംതൃപ്തി മുന്നിൽ കണ്ടുള്ള വെൽഫെയർ പ്രഖ്യാപനങ്ങളാണ് യഥാർഥത്തിൽ, കാമ്പയിനിൽ ആം ആദ്മി പാർട്ടിയെ സ്വീകാര്യമാക്കിയത്. എന്നാൽ, വോട്ടിംഗ് പാറ്റേണിനെ തീരുമാനിക്കുന്ന വോട്ടുബാങ്ക് രൂപീകരണം അടക്കമുള്ള തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിന്റെ മാനേജുമെന്റിൽ ബി.ജെ.പിയെ കടത്തിവെട്ടാൻ കഴിയുന്ന ഒരു രാഷ്ട്രീയ പാർട്ടിയും ഇന്ന് ഇന്ത്യയിലില്ല എന്ന് ഗുജറാത്ത് തെളിയിക്കുന്നു.

2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മേൽക്കൈ നേടിക്കൊടുക്കാനിടയാക്കിയ സാമുദായിക- ജാതി സമവാക്യങ്ങളെ പിളർത്താനും അവയിലേക്ക് കടന്നുകയറാനും ഇത്തവണ ബി.ജെ.പിക്ക് നിഷ്പ്രയാസം കഴിഞ്ഞു. പട്ടേൽ സമുദായത്തെയും കഴിഞ്ഞതവണ കോൺഗ്രസ് മുന്നേറ്റത്തെ സഹായിച്ച ദലിത്- ഒ.ബി.സി വിഭാഗങ്ങളെയും ഭിന്നിപ്പിച്ച്, അവരുടെ ‘രക്ഷകരായി' ചമയാൻ ബി.ജെ.പിക്കായി. കോൺഗ്രസിന് ആധിപത്യമുണ്ടായിരുന്ന ഗോത്രമേഖലകൾ പോലും ഇത്തവണ ബി.ജെ.പി തൂത്തുവാരി. ഈ മേഖലകളിൽ, 1950നുശേഷം സംസ്ഥാന ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് കോൺഗ്രസിന്റേത്‌. ട്രൈബൽ ബെൽറ്റിൽ 27 സീറ്റുണ്ട്. ആകെ ജനസംഖ്യയുടെ 15 ശതമാനം, 89.17 ലക്ഷമാണ് ഗുജറാത്തിലെ ആദിവാസി ജനസംഖ്യ. 2017ൽ, 27ൽ 15 സീറ്റാണ് കോൺഗ്രസ് നേടിയത് എങ്കിൽ, ഇത്തവണ 24ലും ബി.ജെ.പി ആധിപത്യം പുലർത്തി.

ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്ര മോദി

ഇന്ത്യയിൽ തന്നെ, ബി.ജെ.പിയുടെ നേതൃത്വത്തിൽ ഏറ്റവും രൂക്ഷമായ വർഗീയവൽക്കരണത്തിന് വിധേയമാക്കപ്പെടുന്ന വോട്ടിംഗ് പാറ്റേണാണ് ഗുജറാത്തിലേത്. ‘നമ്മളാണ് ഗുജറാത്തിനെ സൃഷ്ടിച്ചത്' എന്നായിരുന്നു ഇത്തവണ നരേന്ദ്ര മോദി മുന്നോട്ടുവച്ച കാമ്പയിൻ വാചകം. ‘നമ്മൾ സൃഷ്​ടിച്ച ഗുജറാത്ത്​’ എന്നത്​ തീർച്ചയായും 2002ലെ, മുസ്‌ലിംകൾക്കെതിരായി സംഘടിപ്പിച്ച വംശഹത്യയെ ഓർമിപ്പിക്കുന്ന ഒന്നായിരുന്നു. ഹിന്ദുത്വ വർഗീയതയുടെ ഒരു മോഡൽ സ്​റ്റേറ്റ്​. 2002ൽ മോദി അസ്ഥിവാരമിട്ട ആ മോഡൽ സ്​റ്റേറ്റ്​, പിന്നീട് വികസനത്തിന്റെ മാതൃകയായി സ്ഥാപിക്കപ്പെട്ടു. അടിസ്ഥാന ജനവിഭാഗങ്ങളുടെ നിലനിൽപ് തന്നെ നിഷേധിക്കുന്ന കോർപറേറ്റിസത്തിന്റെ പ്രയോഗഭൂമിയായി ഗുജറാത്ത് മാറി. ഇതെല്ലാം, വംശഹത്യാനന്തര തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ സമർഥമായി ഉപയോഗിക്കപ്പെട്ടു.

ഇത്തവണ, മോദിയും അമിത് ഷായും നേരിട്ടുതന്നെയാണ് കാമ്പയിൻ നയിച്ചത്. ബൂത്ത് ലെവൽ തയാറെടുപ്പുകൾ, തെരഞ്ഞെടുപ്പ് റാലി നടത്താനുള്ള സ്‌പോട്ടുകൾ തെരഞ്ഞെടുക്കുന്നത്, വീടുകയറി പ്രചാരണം, കാമ്പയിൻ ടൂളുകൾ തുടങ്ങിയവയെല്ലാം അമിത്ഷായുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. ഭരണവിരുദ്ധവികാരം മറികടക്കാൻ 41 സിറ്റിംഗ് സീറ്റുകളിലെ എം.എൽ.എമാരെ മാറ്റി പുതുമുഖങ്ങളെ നിയോഗിച്ചു. അത് വലിയ വിമതപ്രശ്‌നമായി മാറുമെന്ന പ്രവചനങ്ങളെല്ലാം, സംഘടനാ ഇടപെടലുകളിലൂടെ മറികടക്കാനായി. മോദി പയറ്റുന്ന ‘ഡബ്ൾ എഞ്ചിൻ' വികസനതന്ത്രം കാമ്പയിനിലെ പ്രധാന കുന്തമുനയായിരുന്നു. അത്, അസംതൃപ്തരായ വലിയൊരു വിഭാഗത്തെ ആകർഷിച്ചിരിക്കണം.

അപ്രത്യക്ഷമായ കോൺഗ്രസ്, കയറിവന്ന ആപ്പ്

ദശാബ്ദത്തിലാദ്യമായാണ് കോൺഗ്രസിന്റെ വോട്ടുശതമാനം 30ൽ താഴെ വരുന്നത്. ഈ തകർച്ച പാർട്ടി കഷ്ടപ്പെട്ട് സൃഷ്ടിച്ചെടുത്തതുമാണ്. കഴിഞ്ഞ തവണ നേടിയ 77 സീറ്റിൽനിന്ന് മുന്നേറാനുള്ള എല്ലാ സാഹചര്യവും ഇത്തവണ ഗുജറാത്തിലുണ്ടായിരുന്നു. ഭരണവിരുദ്ധവികാരം മാത്രമല്ല, 2017ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് രൂപപ്പെടുത്തിയെടുത്ത, അടിസ്ഥാന വിഭാഗങ്ങളുടെ കോമൺ പ്ലാറ്റുഫോമിന് നല്ലൊരു തുടർച്ചയുണ്ടാകാനുള്ള സാഹചര്യം സംസ്ഥാനത്തുണ്ടായിരുന്നു. ആദിവാസികളും കർഷകരും അടക്കമുള്ളവരുടെ പ്രതിഷേധങ്ങളെ ഏറ്റെടുത്ത് ഒരു രാഷ്ട്രീയപ്രതികരണമായി വികസിപ്പിക്കാനും കോൺഗ്രസിന് കഴിയേണ്ടതായിരുന്നു. എന്നാൽ, 2017നുശേഷം, ഗുജറാത്തിനെ കോൺഗ്രസ് അക്ഷരാർഥത്തിൽ ഉപേക്ഷിക്കുകയായിരുന്നു. ഇത്തവണ കാമ്പയിൻ സമയത്ത് പ്രധാന പ്രതിപക്ഷ പാർട്ടിയുടെ സാന്നിധ്യമേയുണ്ടായില്ല. കോൺഗ്രസിനെ പ്രതിനിധീകരിച്ച്​ ഒരൊറ്റ നേതാവുപോലും സംസ്​ഥാനത്ത്​ എത്തിയില്ല. ബി.ജെ.പിയിലേക്ക്​ കൂറുമാറിയശേഷം ശോഷിച്ചുപോയ എം.എൽ.എമാരുടെ സംഘത്തിന്​ കാര്യമായ കാമ്പയിൻ പോലും നടത്താനായില്ല എന്ന്​ റിപ്പോർട്ടുകൾ പറയുന്നു. ഈ ഗ്യാപിൽ ആപ്പും ബി.ജെ.പിയും തകർത്താടിയപ്പോൾ, ജനത്തിന് ശരിക്കും ഒരു ഓപ്ഷനില്ലാതെ പോയി. അങ്ങനെയാണ്, ആം ആദ്മി പാർട്ടി, കോൺഗ്രസിന്റെ സ്വാധീനമേഖലകളെ പിളർത്തി ഒരു സ്വാധീനമായി വളർന്നത്. ആപ് നടത്തിയത് ബഹുതലസ്പർശിയായ പ്രചാരണമായിരുന്നു. സംസ്ഥാനത്തെ ഇരുപാർട്ടി രാഷ്ട്രീയത്തെ അത് പൊളിച്ചുകളഞ്ഞു. 31 സീറ്റുകളിൽ ആപ് സ്ഥാനാർഥികൾ രണ്ടാം സ്ഥാനത്തുവന്നത്, കോൺഗ്രസിനേറ്റ പരാജയത്തിന്റെ രൂക്ഷത വെളിവാക്കുന്നു.

photo: Aam Aadmi party Gujarat

കിഴക്കൻ അതിർത്തിയിലെ ആദിവാസി ബെൽറ്റിലും 27 ഗോത്ര സംവരണ സീറ്റുകളിൽ മൂന്നെണ്ണത്തിലും ആപ്പിന് വലിയ മുന്നേറ്റമുണ്ടായി. ഇതെല്ലാം കോൺഗ്രസിന്റെ പരമ്പരാഗത മണ്ഡലങ്ങളായിരുന്നു.
ഗുജറാത്തിലെ പ്രകടനത്തിലൂടെ, ആപ്പ്, രൂപീകരിച്ച് പത്തുവർഷത്തിനുശേഷം ദേശീയപാർട്ടിയുടെ സ്റ്റാറ്റസിലേക്കുകയരുകയാണ്. ഡൽഹിയിലെയും പഞ്ചാബിലെയും ഭരണം, ഗോവയിലുള്ള 6.77 ശതമാനം വോട്ടും രണ്ട് സീറ്റും, ഇപ്പോൾ ഗുജറാത്തിലുണ്ടാക്കിയ നേട്ടം എന്നിവ ദേശീയപാർട്ടി എന്ന നിലയിലേക്കുള്ള ആപ്പിന്റെ മുന്നേറ്റത്തിന് വേഗം കൂട്ടും. 2023ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ്, രാജസ്ഥാൻ, ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശ്, കർണാടക എന്നിവിടങ്ങളിലേക്കാണ് ഇനി ആപ്പിന്റെ നോട്ടം. ഗുജറാത്ത് ആപ്പിനെ സംബന്ധിച്ച് ഇത്തവണ ഒരു വിജയലക്ഷ്യമായിരുന്നില്ല, പകരം, അടുത്ത തവണ രണ്ടാം സ്ഥാനത്തെങ്കിലും എത്താനുള്ള ഒരു പരീക്ഷണമായിരുന്നുവെന്നു പറയാം. അതിൽ, ആപ് വലിയ വിജയം തന്നെയാണ് നേടിയത്.

ഹിമാചലിൽ പ്രിയങ്കയുണ്ടാക്കിയ കോൺഗ്രസ്

2017ൽ, ഹിമാചൽ പ്രദേശിൽ, ബി.ജെ.പി 48.79 ശതമാനം വോട്ടും 44 സീറ്റുമാണ് നേടിയത്. കോൺഗ്രസിന് 41.68 ശതമാനം വോട്ടും 21 സീറ്റുമാണ് കിട്ടിയത്. ഇത്തവണ കോൺഗ്രസ് 40 സീറ്റും (44 ശതമാനം) ബി.ജെ.പി 25 സീറ്റുമാണ് (42.9 ശതമാനം) നേടിയത്. ബി.ജെ.പിയിൽ വിമതശല്യം രൂക്ഷമായിരുന്നു. 21 മണ്ഡലങ്ങളിലാണ് വിമതർ രംഗത്തുണ്ടായിരുന്നത്. പലയിടത്തും ബി.ജെ.പി സ്ഥാനാർഥികൾ വിമതശല്യം മൂലം മൂന്നാം സ്ഥാനത്തായി. നിരവധി ബി.ജെ.പി മേഖലകളിൽ കോൺഗ്രസിന് ഇതുമൂലം കടന്നുകയറാനായി.
ഗുജറാത്തിൽനിന്ന് ഹിമാചൽ പ്രദേശിലെത്തുമ്പോൾ, ഒരു പുതിയ കോൺഗ്രസിനെ കാണാം. ഗുജറാത്തിൽ കേന്ദ്രനേതൃത്വം സമ്പൂർണമായി ഉപേക്ഷിച്ചുകളഞ്ഞ ഒരു പാർട്ടിയെ അതേ നേതൃത്വം ചടുലമായി ഏറ്റെടുക്കന്നതാണ് കണ്ടത്. യു.പിയിൽ പരാജയപ്പെട്ട പ്രിയങ്ക ഗാന്ധിയുടെ കാമ്പയിൻ ഹിമാചലിൽ വിജയം കണ്ടുവെന്നു പറയാം. ജനങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളെ പാർട്ടി ഏറ്റെടുത്തു. ഒരു ലക്ഷം ജോലി, സ്്ത്രീകൾക്ക് സാമ്പത്തിക സഹായം, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കൽ, വിലക്കയറ്റം ഇല്ലാതാക്കാനുള്ള വഴികൾ എന്നിവ വിശ്വാസ്യയോഗ്യമായി പാർട്ടിക്ക് ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു. സ്ത്രീവോട്ടർമാരുടെ വൻതോതിലുള്ള സാന്നിധ്യം (76.8 ശതമാനം) ഇത്തവണത്തെ തെരഞ്ഞെടുപ്പുഫലത്തിൽ പ്രതിഫലിച്ചിട്ടുണ്ട്. അവശ്യസാധന വിലക്കയറ്റം അവരുടെ വോട്ടിംഗിൽ പ്രതിഫലിച്ചു.

പ്രിയങ്ക ഗാന്ധി

ആപ്പിൾ കർഷകരുടെ പ്രതിഷേധവും ഇത്തവണ ബി.ജെ.പിക്കെതിരായ വോട്ടായി മാറി. ഷിംല മേഖലയിൽ ഇവർ നിർണായക ശക്തിയാണ്. ഓരോ ആപ്പിൾ ഇനങ്ങൾക്കും മിനിമം താങ്ങുവില കൊണ്ടുവരും, മിനിമം വിലയിൽ കുറവിന് ആപ്പിൾ വാങ്ങാൻ അദാനി അടക്കമുള്ള കച്ചവടക്കാരെ അനുവദിക്കില്ല തുടങ്ങിയ വാഗ്ദാനങ്ങൾ കോൺഗ്രസ് നൽകി. അദാനി അഗ്രി ഫ്രഷ് ആണ് ഹിമാചൽ പ്രദേശിലെ ആപ്പിൾ വിപണിയെ നിയന്ത്രിക്കുന്നത്. വില കുറച്ചുകൊണ്ടുള്ള അദാനിയുടെ കർഷകവിരുദ്ധ നടപടികൾക്കെതിരെ ആഗസ്റ്റിൽ കർഷകർ വൻ പ്രക്ഷോഭം നടത്തിയിരുന്നു. ഈ വിഷയം കാര്യക്ഷമമായി ഏറ്റെടുക്കാൻ കോൺഗ്രസിനു കഴിഞ്ഞു. ഷിംല മേഖലയിൽ, സി.പി.എമ്മിനുണ്ടായ ഏക സീറ്റ് നഷ്ടമാകുകയും ചെയ്തു.

സാധ്യമാണ് ഒരു തിരിച്ചുവരവ്

ബി.ജെ.പിക്കെതിരെ, കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തിന് ഒരു തിരിച്ചുവരവ് സാധ്യമാണ് എന്ന് തെളിയിക്കുന്നതാണ് ഗുജറാത്ത്, ഹിമാചൽ നിയമസഭകളിലും വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലുമുണ്ടായ ഫലം. പ്രത്യേകിച്ച്, ഹിമാചലിൽ കോൺഗ്രസിന് ഭരണം പിടിച്ചെടുക്കാനായത്, ബി.ജെ.പിയെ സംബന്ധിച്ച് വലിയൊരു തിരിച്ചടിയാണ്. ദേശീയതലത്തിൽ തന്നെ കോൺഗ്രസിനുള്ള വലിയൊരു പിടിവള്ളിയുമാണത്​. വർഗീയത അടക്കം ജനവിധിയെ ഹൈജാക്ക്​ ചെയ്യാൻ ബി.ജെ.പി പയറ്റിക്കൊണ്ടിരിക്കുന്ന ഇലക്ഷൻ അജണ്ടയെ ജനകീയമായ ഒരു പൊളിറ്റിക്കൽ പ്ലാറ്റ്​ഫോമിലൂടെ മറികടക്കാനുതകുന്ന ഒരു തെരഞ്ഞെടുപ്പ്​ രാഷ്​ട്രീയത്തിന്റെ വാതിൽ തുറന്നുകിടപ്പുണ്ട്​. 2024 ലെ തെരഞ്ഞെടുപ്പിൽ മോദിക്കുവേണ്ടി സ്ഥാപിച്ചുറപ്പിക്കപ്പെടുന്ന തുടർവിജയം എന്ന കാമ്പയിനെ ഒരു കെട്ടുകഥയാക്കാൻ പോന്ന രാഷ്ട്രീയ തന്ത്രജ്ഞതയാണ് ഇനി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ നേതൃത്വങ്ങൾ പ്രകടിപ്പിക്കേണ്ടത്

Comments