മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ നടത്തിയ പ്രതിഷേധത്തില്‍ യോഗേന്ദ്ര യാദവ് | Photo: PTI

ഗ്യാനേഷ് കുമാറിനെ
ഇംപീച്ച് ​ചെയ്യണം,
രണ്ടു കമീഷണർമാരെ
പുറത്താക്കണം:
യോഗേന്ദ്ര യാദവ്

‘‘കോൺഗ്രസ് മുമ്പു നടത്തിയ അഴിമതിയേക്കാൾ അസഹ്യമാണ് ഇപ്പോഴത്തെ ബി.ജെ.പി ഭരണം എന്ന് ബി.ജെ.പി- ആർ.എസ്.എസുമായി അടുപ്പമുള്ളവർ തന്നെ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. മോദി ഭരണത്തോടുള്ള എതിർപ്പ് നാൾക്കുനാൾ കൂടിവരികയാണ്. ഇപ്പോൾ രോഷം തിളച്ചുമറിയുന്ന ഘട്ടത്തിലെത്തി എന്നതിന് തെളിവാണ് യുവജനപ്രക്ഷോഭം’’- മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിൽ യോഗേന്ദ്ര യാദവ് പറയുന്നു.

National Desk

നിയമസാധുതയില്ലാതെയാണ് 13 കോടി വോട്ടർമാരെ പുറത്താക്കിയതെന്നും ഭരണഘടനാവിരുദ്ധമായ ഈ നടപടിയ്ക്ക് പരിഹാരം ചീഫ് ഇലക്ഷൻ കമീഷണർമാരും രണ്ടു കമീഷണർമാരും ചുമതല ഒഴിയുകയാണെന്നും യോഗേന്ദ്ര യാദവ്.

‘എല്ലാ ക്രമക്കേടുകൾക്കും കൂട്ടുനിന്ന രണ്ടു കമീഷണർമാരും കുറ്റക്കാരാണ്. അവർക്കുവേണമെങ്കിൽ എതിർക്കാമായിരുന്നു. കാര്യങ്ങൾ ധരിപ്പിച്ച് രാഷ്ട്രപതിക്ക് കത്തയക്കാമായിരുന്നു. ഇവർ എല്ലാം കണ്ടും അറിഞ്ഞും ക്രമക്കേടിന് കൂട്ടുനിന്നു. ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ​ചെയ്യണം. മറ്റു രണ്ടു പേരെ പുറത്താക്കണം.? ഇത് ആര് ചെയ്യും എന്നതാണ് ചോദ്യം’- മാതൃഭൂമി പ്രതിനിധി എം.പി. സൂര്യദാസിന് നൽകിയ അഭിമുഖത്തിൽ യോഗേന്ദ്ര യാദവ് പറഞ്ഞു.

ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ മാർച്ചിൽ പ്രതിപക്ഷം​ നോട്ടീസ് നൽകിയിരുന്നു. ഇതുവരെ ചർച്ചയ്ക്ക് എടുക്കാത്തത്, കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നതിനാലാണ് എന്ന് അദ്ദേഹം പറഞ്ഞു. ഈ സന്ദിഗ്ധഘട്ടത്തിൽ ഭരണഘടന ഉയർത്തിപ്പിടിക്കാൻ പൊതുജനം രംഗത്തിറങ്ങണം. പാർലമെന്റ് ഇവരെ ഇംപീച്ച് ​ചെയ്യുന്നില്ലെങ്കിൽ പൗരന്മാർക്ക് ഇവരെ തെരുവിൽ ഇംപീച്ച് ചെയ്യാമെന്ന് കാണിച്ചുകൊടുക്കണം. അതുമാത്രമാണ് ഏകമാർഗമെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു.

ഇലക്ഷൻ കമീഷണർ ഡോ. സുഖ്ബീർ സിംഗ് സന്ധു, മുഖ്യ ഇലക്ഷൻ കമീഷണർ ഗ്യാനേഷ് കുമാർ, ഇലക്ഷൻ കമീഷണർ ഡോ. വിവേക് ജോഷി എന്നിവർ.
ഇലക്ഷൻ കമീഷണർ ഡോ. സുഖ്ബീർ സിംഗ് സന്ധു, മുഖ്യ ഇലക്ഷൻ കമീഷണർ ഗ്യാനേഷ് കുമാർ, ഇലക്ഷൻ കമീഷണർ ഡോ. വിവേക് ജോഷി എന്നിവർ.

കമീഷനിലെ മൂന്ന് അംഗങ്ങൾ യോഗം ചേർന്ന് നിയമാനുസൃതമായല്ല തീരുമാനങ്ങൾ എടുത്തതെന്ന് ഇപ്പോൾ കമീഷൻ ഇറക്കിയ വിശദീകരണക്കുറിപ്പ് സമ്മതിക്കുന്നുണ്ട്. അപ്പോൾ ഇതുവരെ ഒരു ഭരണഘടനാ സ്ഥാപനത്തെ നയിച്ചത് യോഗം ചേരാതെ, മിനിറ്റ്സും അജൻഡയും ഇല്ലാതെയാണ് എന്ന് വ്യക്തമായി. വാർത്ത വന്ന് വിവാദമായപ്പോൾ കമീഷനിലെ മറ്റു രണ്ടംഗങ്ങൾ ചർച്ച ചെയ്തുവെന്ന് മാറ്റിപ്പറയുകയാണ്. പ്രധാനമന്ത്രിയോ കേന്ദ്ര ആഭ്യന്തരമന്ത്രിയോ വിളിച്ച് ഭയപ്പെടുത്തിയതുകൊണ്ടാകാം, ഇപ്പോൾ അവർ പറയുന്നു, മുമ്പെടുത്ത എല്ലാ തീരുമാനങ്ങളും സമവായത്തോടെയാണ് കൈക്കൊണ്ടത് എന്ന്. സമവായത്തിന് ഇപ്പോൾ മുൻകാല​പ്രാബല്യം നൽകാനാകുമോ?- യോഗേന്ദ്ര യാദവ് ചോദിച്ചു.

കോൺഗ്രസ് മുമ്പു നടത്തിയ അഴിമതിയേക്കാൾ അസഹ്യമാണ് ഇപ്പോഴത്തെ ബി.ജെ.പി ഭരണം എന്ന് ബി.ജെ.പി- ആർ.എസ്.എസുമായി അടുപ്പമുള്ളവർ തന്നെ പറഞ്ഞുതുടങ്ങിയിട്ടുണ്ടെന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു. മോദി ഭരണത്തോടുള്ള എതിർപ്പ് നാൾക്കുനാൾ കൂടിവരികയാണ്. ഇപ്പോൾ രോഷം തിളച്ചുമറിയുന്ന ഘട്ടത്തിലെത്തി എന്നതിന് തെളിവാണ് യുവജനപ്രക്ഷോഭം. കൃത്രിമമായി സൃഷ്ടിച്ച പ്രധാനമന്ത്രിയുടെ പ്രതിച്ഛായയിൽ ഇത് വിള്ളലുണ്ടാക്കിയിട്ടുണ്ട്. രാജ്യത്തിന് ശബ്ദം തിരിച്ചുകിട്ടിയെന്നു മാത്രമല്ല, യുവാക്കൾ സത്യം വിളിച്ചുപറയാനുള്ള ധൈര്യം വീണ്ടെടുത്തു. അതുകൊണ്ട് ഇനി ഈ പ്രക്ഷോഭത്തെ തടഞ്ഞുനിർത്താൻ ഭരണകൂടത്തിനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

Comments