ഹരിയാനയിൽ അസാധ്യമാക്കിയ, ജമ്മു കാശ്മീരിൽ സാധ്യമാക്കിയ പൊളിറ്റിക്കൽ വോട്ട്

ഇലക്ഷൻ എന്ന ഒരൊറ്റ അജണ്ടയിൽ പൗരസമൂഹത്തെ ജനാധിപത്യവിരുദ്ധമായി അഭിമുഖീകരിച്ച മുഖ്യധാരാ രാഷ്ട്രീയത്തിനുള്ള ചില മുന്നറിയിപ്പുകൾ ഹരിയാനയിലെയും ജമ്മു കാശ്മീരിലെയും റിസൾട്ടുകളിൽ അടങ്ങിയിരിക്കുന്നു.

രിയാനയിലെയും ജമ്മു കാശ്മീരിലെയും വോട്ടർമാർ നൽകിയത് വ്യക്തമായ, ഒട്ടും സംശയങ്ങളില്ലാത്ത ഒരു റിസൾട്ടാണ്. ഇലക്ഷൻ എന്ന ഒരൊറ്റ അജണ്ടയിൽ പൗരസമൂഹത്തെ ജനാധിപത്യവിരുദ്ധമായി അഭിമുഖീകരിച്ച മുഖ്യധാരാ രാഷ്ട്രീയത്തിനുള്ള ചില മുന്നറിയിപ്പുകൾ രണ്ട് സംസ്ഥാനങ്ങളിലെയും റിസൾട്ടുകളിൽ അടങ്ങിയിരിക്കുന്നു.

പത്തു വർഷം ഭരണത്തിലിരുന്ന ബി.ജെ.പിയെ തോൽപ്പിക്കാവുന്ന എല്ലാ സാഹചര്യങ്ങളും ഹരിയാനയിൽ കോൺഗ്രസിനുമുന്നിലുണ്ടായിരുന്നു. അതിശക്തമായ ഭരണവിരുദ്ധവികാരം. കർഷകരും സ്ത്രീകളും അടക്കമുള്ള അടിസ്ഥാന ജനതയുടെ രോഷവും പ്രതിഷേധവും. തൊഴിലില്ലായ്മവും വിലക്കയറ്റവും പോലുള്ള കത്തുന്ന പ്രശ്‌നങ്ങൾ വേറെ. മുൻമുഖ്യമന്ത്രിയെ കാമ്പയിനിൽനിന്ന് മറച്ചുപിടിക്കേണ്ട സാഹചര്യം പോലും ഇത്തവണ ബി.ജെ.പിക്കുണ്ടായി.

എന്നാൽ, എന്താണ് സംഭവിച്ചത്?

കർഷകരും വനിതാ ഗുസ്തി താരങ്ങളും നടത്തിയ അതിശക്തമായ പ്രക്ഷോഭങ്ങളെയും പിന്നാക്ക- ദലിത് വിഭാഗങ്ങൾക്കിടയിലുണ്ടായിരുന്ന ആശങ്കകളെയും മുൻനിർത്തി, ഈ വിഭാഗങ്ങളെ പ്രതികരണശേഷിയുള്ള ഒരു രാഷ്ട്രീയപക്ഷമായി വികസിപ്പിക്കുന്നതിൽ കോൺഗ്രസ് അതി ദയനീയമായി പരാജയപ്പെട്ടു.

പകരം, ഭൂപീന്ദർ ഹൂഡ എന്ന സർവാധികാരിയായ കോൺഗ്രസ് നേതാവ് ചെയ്തത് എന്താണ്? തനിക്കുചുറ്റുമുണ്ടെന്ന് ധരിച്ചുവശായ ജാട്ട് എന്ന സാമുദായിക വോട്ടുബാങ്കിലേക്കു മാത്രം ആ പാർട്ടിയെ ചുരുക്കിക്കെട്ടി. ജാട്ട് എന്ന കാർഷിക സമൂഹം, രാജ്യം കണ്ട ഏറ്റവും തീവ്രമായ പ്രക്ഷോഭത്തിലൂടെ വെറുമൊരു സാമുദായിക വിഭാഗമെന്ന നിലയിൽനിന്ന് രാഷ്ട്രീയ സമൂഹമായി മാറാനുള്ള പൊട്ടൻഷ്യലുമായാണ് ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുമുന്നിലുണ്ടായിരുന്നത്. ഹൂഡയെപ്പോലെ, സമുദായങ്ങൾക്കും ജാതികൾക്കും അപ്പുറത്ത് ഒരു പൗരസമൂഹമുണ്ട് എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു നേതൃത്വം അനിവാര്യമായും നടക്കേണ്ടിയിരുന്ന ഈ രാഷ്ട്രീയവൽക്കരണ പ്രക്രിയെ റദ്ദാക്കുകയായിരുന്നു. പകരം, അവരെ അതേ പരമ്പരാഗത സമുദായമായി മാത്രം കണ്ടു. അത്, സംസ്ഥാനത്തെ ജാട്ട് ഇതര വിഭാഗങ്ങളിൽ വലിയ പിളർപ്പുണ്ടാക്കി. രാഹുൽ ഗാന്ധി കാമ്പയിനിൽ ഭരണഘടനയെക്കുറിച്ചും സംവരണത്തെക്കുറിച്ചുമാണ് സംസാരിച്ചതെങ്കിലും, ആ ആശങ്കൾ ആ മനുഷ്യരിലേക്ക് എത്തിക്കാൻ പ്രാപ്തമായ ഒരു പാർട്ടി ഹരിയാനയിൽ രാഹുലിനൊപ്പം ഉണ്ടായിരുന്നില്ല.

മാത്രമല്ല, പിന്നാക്ക- ദലിത് വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പ്രാദേശിക പാർട്ടികളുടെ സാന്നിധ്യം ഈ വിഭാഗങ്ങളെ വീണ്ടും വിഘടിപ്പിക്കാനാണ് സഹായിച്ചത്.

സമുദായ- ജാതി വോട്ടുബാങ്കുകളെ ഇലക്ഷൻ റിസൾട്ടിലേക്ക് നയിക്കാൻ ഏറ്റവും മികച്ച തന്ത്രം കൈവശമുള്ള പാർട്ടിയാണ് ബി.ജെ.പി. കോൺഗ്രസ് സാധ്യമാക്കിയ ധ്രുവീകരണം അങ്ങനെ ഹരിയാനയിൽ ബി.ജെ.പി നൂറുമേനി കൊയ്തു.

റിസൾട്ടിൽ കൗതുകകരമായ ചില കണക്കുകളുണ്ട്.

2019-നെ അപേക്ഷിച്ച് കോൺഗ്രസിന്റെ വോട്ട് ഷെയറിൽ 11 ശതമാനത്തിന്റെ വർധനവാണുള്ളത്. 28 ശതമാനത്തിൽനിന്ന് ഇത്തവണ 39 ശതമാനമായി കൂടി. ബി.ജെ.പിയുടെ വോട്ട് ഷെയറിൽ മൂന്നു ശതമാനത്തിന്റെ മാത്രമേ വർധനവുള്ളൂ. 36.4 ശതമാനത്തിൽനിന്ന് കൂടിയത് 39.9 ശതമാനം. അതായത്, കോൺഗ്രസിനും ബി.ജെ.പിക്കും ഇത്തവണ ഏതാണ്ട് തുല്യമായ വോട്ട് ഷെയറാണുള്ളത്. എന്നാൽ, 11 സീറ്റുകളുടെ വ്യത്യാസമാണ് ബി.ജെ.പിയെ ഭരണത്തിലേക്ക് നയിച്ചത്. അതായത്, വോട്ട് ഷെയറിലെ ഈ നേരിയ വ്യത്യാസം ഒരു കാര്യം വ്യക്തമാക്കുന്നു: കോൺഗ്രസിന് സംഭവിച്ച രാഷ്ട്രീയ വീഴ്ചയിലും, അതിശക്തമായ പൊളിറ്റിക്കൽ വോട്ടിങ്ങിനുള്ള സാഹചര്യം സംസ്ഥാനത്തുണ്ടായിരുന്നു, ആ പൊളിറ്റിക്കൽ വോട്ടിങിനെ ബി.ജെ.പിക്ക് എതിരാക്കി മാറ്റാനുള്ള സാഹചര്യവുമുണ്ടായിരുന്നു. അതാണ് കുറ്റകരമായ വീഴ്ചയോടെ കോൺഗ്രസ് നേതൃത്വം കളഞ്ഞുകുളിച്ചത്. അടിസ്ഥാന മനുഷ്യരുടെ സമരസന്നദ്ധതയെ കൂടിയാണ് േകാൺഗ്രസ് നേതൃത്വം ഹരിയാനയിൽ തോൽപ്പിച്ചുകളഞ്ഞത്.

ഇതിന്റെ നേർ വിപരീത രാഷ്ട്രീയമാണ് ജമ്മു കാശ്മീരിൽ ജയിച്ചത്. നിരന്തരം നിഷേധിക്കപ്പെട്ടുകൊണ്ടിരുന്ന ജനാധിപത്യവും പൗരാവകാശങ്ങളും തിരിച്ചുപിടിക്കുന്നതിനുവേണ്ടിയുള്ള രാഷ്ട്രീയാധികാരത്തിലേക്ക് അവിടുത്തെ മനുഷ്യരെ കൂടി ചേർത്തുപിടിക്കാൻ കോൺഗ്രസിനും നാഷനൽ കോൺഫറൻസിനും കഴിഞ്ഞു. ജീവിതത്തിൽ ഇതുവരെ വോട്ടു ചെയ്യാൻ കഴിയാതിരുന്ന എത്രയോ സ്ത്രീകളും പുരുഷന്മാരും ഇത്തവണ പോളിങ് ബൂത്തിലേക്കു വന്നു. അവർ നിർഭയം ജനാധിപത്യപ്രക്രിയയിൽ പങ്കാളികളായി. സ്വേച്ഛാധികാരം എത്രമാത്രം അടിച്ചമർത്താൻ ശ്രമിച്ചാലും ജനാധിപത്യം, സഹജമായ അതിന്റെ അതിജീവനസാധ്യത പുറത്തെടുത്ത ഒരു സന്ദർഭം കൂടിയായിരുന്നു ജമ്മു കാശ്മീരിലെ ഈ തെരഞ്ഞെടുപ്പ്.

ആർട്ടിക്കിൾ 370 റദ്ദാക്കുകയും സംസ്ഥാന പദവി ഇല്ലാതാക്കുകയും ചെയ്തശേഷം, ലഫ്റ്റനന്റ് ഗവർണറുടെ കീഴിൽ ഒരു സാമന്തഭരണം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നടത്തുന്ന, ജനകീയ ഇച്ഛക്കെതിരായ എല്ലാ നീക്കങ്ങൾക്കും എതിരെയുള്ള വിധിയെഴുത്തുകൂടിയാണ് ജമ്മു കാശ്മീർ നൽകിയത്. അതുകൊണ്ടുതന്നെ, ജമ്മു കാശ്മീരിന് മുൻ അവസ്ഥയിലേക്കൊരു തിരിച്ചുപോക്ക് സാധ്യമല്ല എന്ന് ബി.ജെ.പിയെ പോലെ നാഷനൽ കോൺഫറൻസും കോൺഗ്രസും തിരിച്ചറിയേണ്ടിവരും. ആ തിരിച്ചറിവായിരിക്കും പുതിയ സർക്കാറിനെ യഥാർഥ ജനകീയ സർക്കാറാക്കി മാറ്റുക.

Comments