എല്ലനാബാദിൽ രണ്ടരപ്പതിറ്റാണ്ട് നീണ്ട ചൗതാല കുടുംബാധിപത്യം തകർന്നു, ഇനി കോൺഗ്രസ്

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റായ എല്ലനാബാദിൽ കോൺഗ്രസിനോട് തോൽവിയേറ്റുവാങ്ങി ഐഎൻഎൽഡി. മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗതാലയുടെ മകൻ അഭയ് സിംഗ് ചൗതാലയ്ക്ക് ആദ്യമായി അടിപതറി.

Election Desk

ഹരിയാന രാഷ്ട്രീയത്തിൽ (Haryana Politics) ചൗതാല കുടുംബത്തിന് വലിയ മേൽക്കൈ ഉള്ള എല്ലനാബാദ് മണ്ഡലത്തിൽ സിറ്റിങ് എം.എൽ.എ അഭയ് സിംഗ് ചൗതാലയെ (Abhay Singh Chautala) 15000 വോട്ടുകൾക്ക് പരാജയപ്പെടുത്തി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭരത് സിംഗ് ബെനിവാൾ (Bharat Singh Beniwal). മണ്ഡലത്തിലെ മറ്റൊരു പ്രധാന സ്ഥാനാർഥി സ്ഥാനാർഥി ബി.ജെ.പിയുടെ അമീർ ചന്ദ് ചൗധാരയ്ക്ക് വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും വലിയ വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല. ഹരിയാനയിലെ മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ ലോക് ദളിന്റെ (Indian National Lok Dal) മുതിർന്ന നേതാവുമായ ഓം പ്രകാശ് ചൗതാലയുടെ മകനാണ് അഭയ് സിംഗ് ചൗതാല. ഇത്തവണ ബി.എസ്.പിയുമായി ചേർന്നാണ് ഐ.എൻ.എൽ.ഡി ഹരിയാനയിൽ മത്സരിച്ചത്. 2010 മുതൽ തുടർച്ചയായി നാല് തവണ അഭയ് സിംഗാണ് എല്ലനാബാദ് മണ്ഡലത്തിൽ നിന്നും വിജയിച്ചിരുന്നത്. 2010 മുതൽ ഇത് മൂന്നാം തവണയാണ് ഭരത് സിംഗും അഭയ് ചൗതാലയും ഈ മണ്ഡലത്തിൽ നിന്നും നേർക്കുനേർ ജനവിധി തേടിയത്.

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ഭരത് സിംഗ് ബെനിവാൾ
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ഭരത് സിംഗ് ബെനിവാൾ

ഹരിയാനയിലെ സിർസ ജില്ലയിലാണ് എല്ലനാബാദ് നിയമസഭാ മണ്ഡലം ഉൾപ്പെടുന്നത്. നഗര ഗ്രാമ പ്രദേശങ്ങൾ ഇടകലർന്ന മണ്ഡലത്തിൽ കാർഷിക വികസനം, അടിസ്ഥാന സൗകര്യങ്ങൾ, സാമൂഹിക ക്ഷേമം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും മണ്ഡലം ത്രികോണ മത്സരപ്രതീതി സൃഷ്ടിച്ച് ഒടുവിൽ ഐ.എൻ.എൽ.ഡിയ്ക്ക് അനുകൂലമായി മാറുകയാണ് ചെയ്തത്. എന്നാൽ അഭയ് ചൗതാലയ്ക്ക് മണ്ഡലത്തിലുള്ള സ്വാധീനവും വ്യക്തിപരമായ വോട്ട് ബാങ്കുമാണ് രക്ഷിച്ചുപോന്നിരുന്നത്. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ പാർട്ടി പ്രതിസന്ധി നേരിട്ടേക്കുമെന്ന് നേരത്തെ തന്നെ വിലയിരുത്തലുണ്ടായിരുന്നു. 1967-ൽ രൂപീകൃതമായ നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസിന്റെ പി. സിംഗായിരുന്ന ആദ്യ എം.എൽ.എ. ഹരിയാനയിലെ മറ്റ് പല രാഷ്ട്രീയ പാർട്ടികളും വിജയിച്ച മണ്ഡലത്തിൽ 2000 മുതൽ തുടർച്ചയായി ഏഴ് തവണയും ഐ.എൻ.എൽ.ഡിയാണ് വിജയിക്കുന്നത്.

2010-ലെ തെരഞ്ഞെടുപ്പിൽ അഭയും ഭരത് സിംഗും തമ്മിൽ നടന്ന പോരാട്ടത്തിൽ 50.75% വോട്ടുകൾ നേടിയ അഭയ് 6227 വോട്ടുകൾക്കാണ് വിജയിച്ചിരുന്നത്. 2014-ൽ 69,162 വോട്ടുകൾ നേടി അഭയ് വിജയമുറപ്പിച്ചപ്പോൾ, രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ബി.ജെ.പി 57,623 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു. 2019-ൽ അഭയ് സിംഗ് ചൗതാല 37.86% വോട്ടുകളും ബി.ജെ.പി സ്ഥാനാർഥി പവൻ ബെനിവാൾ 29.95 വോട്ടുകളും കോൺഗ്രസ് സ്ഥാനാർഥി ഭരത് സിംഗ് ബെനിവാൾ 15.73% വോട്ടുകളുമാണ് നേടിയത്. ആ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെയും ഐ.എൻ.എൽ.ഡിയുടെയും സ്ഥാനാർഥികളുടെ വോട്ട് ശതമാനം കുറഞ്ഞപ്പോൾ ബി.ജെ.പി വോട്ട് ശതമാനം വർധിപ്പിച്ചിരുന്നു. 2021-ൽ നടന്ന ഉപതെരഞ്ഞെടുപ്പിലും ഐ.എൻ.എൽ.ഡി ബാനറിൽ അഭയ് സിംഗ് ചൗതാല തന്നെയാണ് വിജയിച്ചിരുന്നത്.

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ അഭയ് സിംഗ് ചൗതാല
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ അഭയ് സിംഗ് ചൗതാല

പിതാവ് ഓം പ്രകാശ് ചൗതാല അഴിമതിക്കേസിൽ ജയിലിലായതോടെയാണ് മൂത്ത മകൻ അഭയ് ചൗതാല ഇന്ത്യൻ നാഷണൽ ലോക്ദളിന്റെ നേതൃത്വത്തിലേക്ക് വരുന്നത്. എന്നാൽ ഈ നേതൃമാറ്റം കുടുംബകലഹത്തിലേക്കും മറ്റൊരു പാർട്ടിയെന്ന ആശയത്തിലേക്കുമാണ് എത്തിപ്പെട്ടത്. ഓം പ്രകാശ് ചൗതാലയുടെ മറ്റൊരു മകനായ അജയ് ചൗതാലയും അദ്ദേഹത്തിന്റെ മകൻ ദുഷ്യന്ത് ചൗതാലയും ചേർന്ന് ജെ.ജെ.പിയുണ്ടാക്കി. ഈ പിളർപ്പോടെ ഹരിയാനയിൽ ചൗതാല കുടുംബത്തിനുണ്ടായിരുന്ന സ്വാധീനം ക്രമേണ കുറഞ്ഞുവരാൻ തുടങ്ങി. 2019-ലെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് പാർട്ടികളായാണ് ചൗതാല കുടുംബം മത്സരിച്ചത്. ജെ.ജെ.പിക്കായിരുന്നു നേട്ടം ഉണ്ടാക്കാൻ സാധിച്ചത്. പാർട്ടി അത്തവണ 10 സീറ്റ് നേടി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി, ജെ.ജെ.പിയുടെ സഹായത്തോടെയാണ് സർക്കാരുണ്ടാക്കിയത്. ആ ഘട്ടത്തിലും എല്ലനാബാദ് മണ്ഡലം അഭയ് ചൗതാല വിട്ടുകൊടുത്തിരുന്നില്ല. കഴിഞ്ഞ തവണ ഐ.എൻ.എൽ.ഡിയുടെ ഏക എം.എൽ.എ ആയിരുന്നു അഭയ്.

Comments