വിട്ടുപോകുമോ ഹരിയാനയും? ബി.ജെ.പി പരുങ്ങലിൽ

ലോക്സഭാ തെരഞ്ഞെടുപ്പിൽ, ആദ്യമുണ്ടായിരുന്ന പ്രതീക്ഷ പൊലിഞ്ഞ ബി.ജെ.പിക്ക് ഇപ്പോൾ ഓരോ സീറ്റിലെ വിജയവും നിർണായകമാണ്. പ്രത്യേകിച്ച്, ഹരിയാനയെപ്പോലെ, ആകെയുള്ള പത്തു സീറ്റിലും ജയിക്കുന്ന സംസ്ഥാനത്തെ വിജയം ഇത്തവണ അനിവാര്യവുമാണ്. എന്നാൽ, ഇപ്പോഴത്തെ അവസ്ഥയിൽ കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കാൻ ബി.ജെ.പിക്കാകില്ല

Election Desk

രിയാന ലോക്‌സഭാ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം അവശേഷിക്കെ അത്യന്തം നാടകീയ സംഭവവികാസങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. ബി.ജെ.പി- ജെ.ജെ.പി സഖ്യം തകർന്നതോടെ പുതുതായി ചുമതലയേറ്റ നയാബ് സിങ് സൈനി സർക്കാരിനും ബി.ജെ.പിയുടെ തകർന്നുകൊണ്ടിരിക്കുന്ന പ്രതിഛായയെ പുനരുജ്ജീവിപ്പക്കാൻ കഴിയുന്നില്ല.

ബി.ജെ.പി സർക്കാരിനെ പിന്തുണച്ചിരുന്ന മൂന്ന് സ്വതന്ത്ര എം.എൽ.എമാർ പിന്തുണ പിൻവലിച്ചതോടെ ബി.ജെ.പി കടുത്ത പ്രതിസന്ധിയിലാണ്. ഭരണവിരുദ്ധ വികാരം ശക്തമാണ് സംസ്ഥാനത്ത്. കർഷക സമരം, ഗുസ്തി താരങ്ങളുടെ സമരം, അഗ്നിവീർ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദം തുടങ്ങിയവ സംസ്ഥാന സർക്കാറിന് വൻ തിരിച്ചടിയായ സാഹചര്യത്തിലാണ് ഭൂരിപക്ഷം നഷ്ടപ്പെടുന്നത്.

സ്വതന്ത്ര എം.എൽ.എമാരായ രൺധീർ ഗോലൻ, ധരംപാൽ ഗോന്ദർ, സോംബീർ സിങ് സാംഗ്വാൻ എന്നിവരാണ് സർക്കാറിനുള്ള പിന്തുണ പിൻവലിച്ചതായി പ്രഖ്യാപിച്ചത്

സ്വതന്ത്ര എം.എൽ.എമാരായ രൺധീർ ഗോലൻ, ധരംപാൽ ഗോന്ദർ, സോംബീർ സിങ് സാംഗ്വാൻ എന്നിവരാണ് സർക്കാറിനുള്ള പിന്തുണ പിൻവലിച്ചതായി പ്രഖ്യാപിച്ചത്: “കഴിഞ്ഞ നാല്- അഞ്ച് വർഷമായി ഞങ്ങൾ ബി.ജെ.പിക്ക് പിന്തുണ നൽകുകയായിരുന്നു. പക്ഷേ ഇന്ന് സംസ്ഥാനത്ത് തൊഴിലില്ലായ്മയും പണപ്പെരുപ്പവും ഏറ്റവും ഉയർന്ന നിരക്കിലാണ്. ഇതെല്ലാം പരിഗണിച്ച് ഞങ്ങൾ ബി.ജെ.പി സർക്കാരിന് നൽകിയ പിന്തുണ പിൻവലിക്കുകയാണ്” - എം.എൽ.എമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസിനെ പിന്തുണയ്ക്കുമെന്നും പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികൾക്കായി പ്രചാരണം നടത്തുമെന്നും അവർ പ്രഖ്യാപിച്ചു.

90 അംഗ നിയമസഭയിൽ നിലവിൽ 88 അംഗങ്ങളാണുള്ളത്. രണ്ട് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ കർണാലിലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് എം.എൽ.എ സ്ഥാനം രാജിവെച്ചതും റാനിയ മണ്ഡലത്തിൽ നിന്നുള്ള സ്വതന്ത്ര എം.എൽ.എയായ രഞ്ജിത്ത് ചൗട്ടാല ബി.ജെ.പിയിൽ ചേർന്നശേഷം നിയമസഭാ അംഗത്വം രാജിവെച്ചതുമാണ് സീറ്റുകൾ ഒഴിഞ്ഞുകിടക്കാൻ കാരണമായത്.

ഭരണകക്ഷിയായ ബി.ജെ.പിക്ക് 40 അംഗങ്ങളാണുള്ളത്. മൂന്ന് എം.എൽ.എമാർ പിന്തുണ പിൻവലിച്ചതോടെ സഭയിൽ ഭരണകക്ഷിയുടെ പിന്തുണ 43 ആയി കുറഞ്ഞു. പ്രതിപക്ഷത്ത് 45 അംഗങ്ങളാണുള്ളത്. കോൺഗ്രസ്- 30, ജെ.ജെ.പി- 10, ഐ.എൻ.എൽ.ഡി- ഒന്ന്, സ്വതന്ത്രർ- നാല് എന്നിങ്ങനെയാണ് പ്രതിപക്ഷ അംഗങ്ങൾ. കേവല ഭൂരിപക്ഷത്തിന് 46 പേരുടെ പിന്തുണ വേണം. നേരത്തെ ജെ.ജെ.പിയുടെ പിന്തുണയോടെയാണ് ബി.ജെ.പി സർക്കാർ രൂപീകരിച്ചത്. എന്നാൽ ലോക്‌സഭാ സീറ്റ് വിഭജനവുമായ ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് സഖ്യത്തിൽ നിന്ന് ജെ.ജെ.പി പിന്മാറി. ജെ.ജെ.പി പിന്തുണ പിൻവലിച്ചാലും തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകില്ലെന്ന ബി.ജെ.പിയുടെ ആത്മവിശ്വാസത്തിനാണ് ഇപ്പോൾ തിരിച്ചടിയേറ്റത്.

ഭരണവിരുദ്ധ വികാരം മറികടക്കാനാണ് മനോഹർ ലാൽ ഖട്ടറിനെ മാറ്റി നായബ് സിങ് സെയ്‌നിയെ മുഖ്യമന്ത്രിയാക്കിയത്. ഹരിയാനയിലെ ഒ.ബി.സി വോട്ടുകൾ ഏകീകരിക്കുക എന്ന ഉദ്ദേശ്യവും ഇതിനു പിന്നിലുണ്ടായിരുന്നു. എന്നാൽ ഈ നീക്കങ്ങളൊന്നും ബി.ജെ.പിയെ സഹായിച്ചിട്ടില്ല എന്നാണ് പുതിയ സംഭവവികാസങ്ങൾ തെളിയിക്കുന്നത്.

ഹരിയാന മുൻ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ

മൂന്ന് സ്വതന്ത്ര എം.എൽ.എമാർ പിന്തുണ പിൻവലിച്ച സാഹചര്യത്തിൽ വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്നും രാഷ്ട്രപതി ഭരണം ഏർ​പ്പെടുത്തണമെന്നുമാണ് കോൺഗ്രസ് ആവശ്യം. നിലവിൽ ന്യൂനപക്ഷ സർക്കാരായി ബി.ജെ.പി സർക്കാർ തന്നെയാണ് അധികാരത്തിലുള്ളത്.

ഹരിയാന ഉൾപ്പടെ രാജ്യത്താകമാനം കോൺഗ്രസ് അനുകൂല തരംഗമുണ്ടെന്നും ജനവികാരം കണക്കിലെടുത്താണ് ബി.ജെ.പിക്കുള്ള പിന്തുണ പിൻവലിക്കാൻ എം.എൽ.എ മാർ തയ്യാറായതെന്നും പ്രതിപക്ഷ നേതാവ് ഭൂപീന്ദർ ഹൂഡ പറഞ്ഞു. ജനവിശ്വാസം നഷ്ടപ്പെട്ട സർക്കാരിനെ താഴെയിറക്കാനുള്ള നടപടികൾ ഹൂഡ ആരംഭിക്കണമെന്നാണ് ജെ.ജെ.പി നേതാവ് ദിഗ്വിജയ് സിങ് ചൗട്ടാല പറയുന്നത്. സർക്കാരിനെ താഴെയിറക്കുന്നതിന് കോൺഗ്രസിനെ പിന്തുണക്കുമെന്നും ജെ.ജെ.പി പറഞ്ഞിട്ടുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ, ആദ്യമുണ്ടായിരുന്ന പ്രതീക്ഷ പൊലിഞ്ഞ ബി.ജെ.പിക്ക് ഇപ്പോൾ ഓരോ സീറ്റിലെ വിജയവും നിർണായകമാണ്. പ്രത്യേകിച്ച്, ഹരിയാനയെപ്പോലെ, ആകെയുള്ള പത്തു സീറ്റിലും ജയിക്കുന്ന സംസ്ഥാനത്തെ വിജയം ഇത്തവണ അനിവാര്യവുമാണ്. എന്നാൽ, ഇപ്പോഴത്തെ അവസ്ഥയിൽ കഴിഞ്ഞ തവണത്തെ വിജയം ആവർത്തിക്കാൻ ബി.ജെ.പിക്കാകില്ല. ഇതോടൊപ്പം തൊഴിലില്ലായ്മ, സാമ്പത്തിക മാന്ദ്യം, കാർഷിക പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം സംസ്ഥാനത്തെ പ്രധാന കാമ്പയിൻ വിഷയങ്ങളാണ്.

പ്രതിപക്ഷ നേതാവ് ഭൂപീന്ദർ ഹൂഡ

ഇതോടൊപ്പം മറ്റു ചില പ്രശ്നങ്ങൾ കൂടി ബി.ജെ.പിയെ തുറിച്ചുനോക്കുന്നു. ബ്രിജ് ഭൂഷണിനെതിരായ ഗുസ്തി താരങ്ങളുടെ സമരത്തിന് നേതൃത്വം നൽകിയ മുൻനിര താരങ്ങളെല്ലാം ജാട്ട് സമുദായത്തിൽനിന്നുള്ളവരായിരുന്നു. ബ്രിജ്ഭൂഷണിന്റെ മകനെ സ്ഥാനാർഥിയാക്കിയുള്ള പ്രഖ്യാപനങ്ങളും സംസ്ഥാനത്തെ ബി.ജെ.പിയുടെ ജാട്ട് വോട്ട് വിഹിതത്തെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്.

10 സീറ്റുകളിലും ബി.ജെ.പി വിജയിക്കുമെന്നാണ് മുൻ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ പറയുന്നത്. മൂന്ന് എം.എൽ.എ മാർ പിന്തുണ പിൻവലിച്ചെങ്കിലും ചില ജെ.ജെ.പി നേതാക്കൾ പിന്തുണ അറിയിച്ചിട്ടുണ്ടെന്നും മന്ത്രിസഭ സുരക്ഷിതമാണെന്നുമാണ് ബി.ജെ.പി അവകാശപ്പെടുന്നത്. എന്നാൽ കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽപ്പെടുന്നതുകൊണ്ട് ജെ.ജെ.പി എം.എൽ.എമാർ ഇതുവരെ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.

അംബാല, ഗുഡ്ഗാവ്, കുരുക്ഷേത്രം, സോനിപത്, ഭിവാനി- മഹേന്ദ്രഗഡ്, ഹിസാർ, റോഹ്തക്ക്, ഫരീദാബാദ്, കർണാൽ, സിർസ എന്നിവയാണ് ഹരിയാനയിലെ പത്ത് ലോക്‌സഭാ മണ്ഡലങ്ങൾ. ആറാംഘട്ടത്തിൽ മെയ് 25ന് ഒറ്റത്തവണയായാണ് തെരഞ്ഞെടുപ്പ്.

Comments