ഡ്രോൺ ഉപയോഗിച്ച് കണ്ണീർവാതക പ്രയോഗം,
കർഷകർക്കുനേരെ പൊലീസ് അതിക്രമം

കർഷക സമരത്തിനെതിരായ കോടതി ഇടപെടലിന് പല തലങ്ങളിൽനിന്ന് നീക്കം

National Desk

  • ‘ഡൽഹി ചലോ' പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന കർഷകർക്കുനേരെ വ്യാപക ബലപ്രയോഗം. പഞ്ചാബ്- ഹരിയാന അതിർത്തിയായ ശംഭുവിൽ നിരവധി കർഷകർ പൊലീസ് കസ്റ്റഡിയിലാണ്. പൊലീസ് ബാരിക്കേഡുകൾ തകർത്ത് മുന്നേറാൻ ശ്രമിച്ചവർക്കുനേരെ ഡ്രോണുകളുപയോഗിച്ച് ഹരിയാന പൊലീസ് കണ്ണീർവാതക പ്രയോഗം നടത്തി. ഡ്രോണുകളുപയോഗിച്ച് കര്‍ഷകരുടെ നീക്കവും നിരീക്ഷിക്കുന്നു.

  • കാൽനടയായി എത്തിയ കർഷകരും കസ്റ്റഡിയിൽ.

  • കൂടുതൽ കർഷകർ അതിർത്തിയിലേക്ക് സംഘടിച്ചെത്തുന്നു.

  • കർഷകർ എത്തുമെന്ന ആശങ്കയിൽ ചെങ്കോട്ട അടച്ചു.

  • ഡൽഹി നഗരത്തിലേക്കുള്ള എല്ലാ അതിർത്തികളും അടച്ചു.

  • ഡൽഹി മെട്രോയുടെ നിരവധി സ്‌റ്റേഷനുകൾ അടച്ചു.

  • ഡൽഹി ഭാവന സ്‌റ്റേഡിയം താൽക്കാലിക ജയിലാക്കാനുള്ള കേന്ദ്ര സർക്കാർ നിർദേശം ആം ആദ്മി സർക്കാർ നിരസിച്ചു. കർഷകരുടെ ആവശ്യങ്ങൾ ന്യായമാണെന്നും പ്രതിഷേധിക്കാൻ പൗരർക്ക് അവകാശമുണ്ടെന്നും ഡൽഹി സർക്കാർ.

  • കർഷക സമരത്തിൽ കോടതി ഇടപെടലിനായി പല തലങ്ങളിൽനിന്ന് നീക്കങ്ങൾ. പഞ്ചാബിലെയും ഹരിയാനയിലെയും ദേശീയ- സ്‌റ്റേറ്റ് പാതകളിലും റെയിൽവേ ലൈനുകളിലും കർഷകർ ഗതാഗതം മുടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ സംസ്ഥാന- കേന്ദ്ര സർക്കാറുകൾക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് പഞ്ചാബ്- ഹരിയാന ഹൈകോടതിയിൽ അഭിഭാഷകനായ അരവിന്ദ് സേത്തിന്റെ പൊതുതാൽപര്യ ഹർജി. ‘‘കർഷകരുടെ ആയിരത്തിലേറെ വാഹനങ്ങൾ ദേശീയപാതയിൽ ഗുരുതര സ്ഥിതിവിശേഷമുണ്ടാക്കിയിരിക്കുകയാണ്. പൊതുജനം കഷ്ടപ്പെടുന്നു’’, അരവിന്ദ് സേത്തിന്റെ ഹർജിയിൽ പറയുന്നു.

  • രാഹുൽ ഗാന്ധി കർഷക നേതാക്കളുമായി ചർച്ച നടത്തിയതായി കോൺഗ്രസ് കമ്യൂണിക്കേഷൻസ് ജനറൽ സെക്രട്ടറി ജയറാം രമേശ്.

  • 'ഈ സമരം ചില കർഷക സംഘടനകളുടേതാണെങ്കിലും അവർ എന്തെങ്കിലും അനീതി നേരിട്ടാൽ രാജ്യത്തെ കർഷകർ മുഴുവൻ അവർക്കൊപ്പമുണ്ടാകും', കർഷക നേതാവ് രാകേഷ് ടിക്കായത്ത്.

  • 'ഞങ്ങൾക്ക് മോദി സർക്കാർ എഴുതിത്തന്ന ഉറപ്പുകൾക്ക് രണ്ടു വയസ്സായി. ആ ഉറപ്പുകൾ പാലിക്കണമെന്നാണ് സമാധാനപരമായി ഞങ്ങൾ ആവശ്യപ്പെടുന്നത്. എന്നാൽ, സർക്കാറിന് ഇക്കാര്യത്തിൽ ആത്മാർഥതയില്ല'', കർഷക സംഘടനകൾ.

  • പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ്: ‘‘ചൈനയുടെയോ പാക്കിസ്ഥാന്റെയോ അതിര്‍ത്തികളിലല്ല വഴികളടച്ചുപൂട്ടിയിരിക്കുന്നത്, കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് കടക്കാതിരിക്കാനാണ്. എന്തിനാണ് കര്‍ഷകരോട് സംസാരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇത്ര പേടി?. ജയ് ജവാന്‍ ജയ് കിസാന്‍ എന്നത് മറ്റൊരു മുദ്രാവാക്യം മാത്രമാണ് ബി.ജെ.പിയെ സംബന്ധിച്ച്.’’

  • ചർച്ചകളിലൂടെ മാത്രമേ പരിഹാരം കാണാനാകൂ എന്ന് കേന്ദ്ര മന്ത്രി അർജുൻ മുണ്ട.

Comments