വര്‍ഗീയത കത്തുന്ന കാലത്ത് മതേതര ഹരിയാനയുടെ ചരിത്രം പറയണം

വർഗീയതയുടെ തീപ്പൊരി ആളിപ്പടർന്നുകൊണ്ടിരിക്കുന്ന സമകാലിക ഹരിയാനിൽനിന്ന്​ ഭിന്നമായ ഒരു ഹരിയാനയെക്കുറിച്ചുള്ള ഓർമ. റിയോ ഒളിംപിക്‌സില്‍ ഇന്ത്യക്ക് വെങ്കലം നേടിത്തന്ന റെസ്‌ലിംഗ് താരം സാക്ഷി മാലികിനെ കാണാൻ പോയ ഒരു യാത്രയെക്കുറിച്ച്​ മാധ്യമപ്രവർത്തകൻ മുസാഫിർ എഴുതുന്നു.

രിയാനയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ഇന്ത്യയുടെ മതേതര മനസ്സിനെ വീണ്ടും വീണ്ടും ആഴത്തില്‍ വ്രണപ്പെടുത്തുന്നതാണ്. നിസ്സാര കാരണങ്ങളെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ അക്രമത്തിലേക്കും കൊലപാതകത്തിലേക്കുമെത്തിച്ചേരുന്ന ദുരവസ്ഥ. ജൂലൈ 31 ന് വീണ ചെറിയൊരു തീപ്പൊരിയാണ് നുഹ് എന്ന പ്രദേശത്ത് നിന്നാരംഭിച്ച് ഹരിയാനയിലാകെ പടര്‍ന്നു കൊണ്ടിരിക്കുന്ന തീയായി ഇപ്പോഴും ആളിപ്പടരുന്നത്.

പത്തോളം പേരുടെ മരണം, ഇരുന്നൂറിലധികം പേരുടെ വീടുകള്‍ അഗ്നിക്കിരയാക്കിയത്, ഭീതിയുടേയും ആധിയുടേയും നാളുകളിലൂടെ ഇന്ത്യയുടെ കാര്‍ഷിക സമൃദ്ധിയുടേയും നാടന്‍ പാട്ടുകളുടേയും കരകൗശലവസ്തുക്കളുടെയും നാട് കടന്നുപോകുന്നു. പശുക്കടത്തിന്റെ പേരില്‍ ചുട്ടുകൊല്ലപ്പെട്ട ജൂനൈദ്, നസീര്‍ എന്നിവരുടെ നടുക്കുന്ന ഓര്‍മകളില്‍ നീറിയ നിരാലംബരായ ജനതയ്ക്കു മീതെ ഫാഷിസം വീണ്ടും വേതാളനൃത്തം ചവിട്ടുന്നു. നെല്‍വയലുകളെ തഴുകിവീശുന്ന കാറ്റില്‍ കുരുതിയുടെ ഗന്ധം നിറയുന്നു. വി.എച്ച്.പി ഉള്‍പ്പെടെയുള്ളവര്‍ വിളിച്ച പ്രകോപനപരമായ മുദ്രാവാക്യങ്ങങ്ങളുടെ കടന്നുപോയ ബ്രജ്മണ്ഡല്‍ യാത്ര. വംശവൈരത്തിന്റെ തീജ്വാല ഏത് നിമിഷവും ഹരിയാനയുടെ അതിരുകളും കടന്നു ഉത്തരേന്ത്യയാകെ വ്യാപിക്കുമെന്ന പേടിപ്പെടുത്തുന്ന അവസ്ഥ. നിസ്സഹായതയുടെ രജായി പുതച്ച് നോക്കുകുത്തികളായി ഭരണാധികാരികളും അവരുടെ മെഷിനറിയും.

പശുക്കടത്ത് ആരോപ്പിച്ച് സംഘപരിവാർ പ്രവർത്തകർ കൊലപ്പെടുത്തിയ ജൂനൈദ്, നസീര്‍

ഹരിയാനയിലെ നുഹ് എന്ന ഈ കലാപബാധിത പ്രദേശത്ത് നിന്ന് 111 കിലോമീറ്റര്‍ മാത്രം അകലമുള്ള റോത്തക് വില്ലേജില്‍ 2016- ലെ ശിശിരകാലത്ത് പോയതിന്റെ സുഖദമായ ഓർമ ഈയവസരത്തില്‍ ഉള്ളിലുയരുന്നു. റിയോ ഒളിംപിക്‌സില്‍ ഇന്ത്യക്ക് വെങ്കലം നേടിത്തന്ന പ്രശസ്ത റെസ്‌ലിംഗ് താരം സാക്ഷി മാലികിനെ സന്ദര്‍ശിക്കാനും സൗദിയിലെ പ്രശസ്ത മെഡിക്കല്‍ ഗ്രൂപ്പായ ഷിഫാ അല്‍ ജസീറയുടെ പ്രത്യേക പുരസ്‌കാരം അവര്‍ക്ക് കൈമാറാനുമായിരുന്നു സുഹൃത്തുക്കളായ കെ.ടി അബ്ദുല്‍ ഹഖ്, കെ.പി.എം സക്കീര്‍, എ.ടി. യൂസഫലി എന്നിവരോടൊപ്പം ഹരിയാനയിലെത്തിയത്. ഇപ്പോള്‍ ഹരിയാനയിലെ മതം തിരഞ്ഞുള്ള അക്രമത്തിന്റെ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ അന്നത്തെ ശാന്തി കളിയാടിയ ഹരിയാനയുടെ കവാടനഗരമായ റോത്തക്കും അവിടത്തെ നല്ല മനുഷ്യരും മനസ്സില്‍ കുളിരല ചൂടി നില്‍ക്കുന്നു.

പുരാതന ഹരിയാനയ്ക്ക് ഒരു ചീത്തപ്പേരുണ്ടായിരുന്നു - പെണ്‍ ഭ്രൂണഹത്യ. ഹരിയാനയുടെ ഹൃദയമായ റോത്തക്ക് വില്ലേജില്‍ ഒരു ബസ് കമ്പനി ജീവനക്കാരന്റേയും അംഗനവാടി ജീവനക്കാരിയുടേയും മകളായി പിറന്ന സാക്ഷി മാലിക്ക്, റിയോ ഒളിംപ്ക്സില്‍ റെസ്ലിംഗില്‍ ഇന്ത്യയ്ക്ക് വെങ്കലം നേടിത്തന്നപ്പോള്‍ പെണ്‍ ഭ്രൂണഹത്യയുടേയും ദുരഭിമാനക്കൊലയുടേയും ദുഷ്പേര് മാറിക്കിട്ടി. പകരം റോത്തക്ക് വില്ലേജ് ദേശീയ ഖ്യാതി നേടിയ സ്ഥലമായി മാറി. വീരേന്ദര്‍ സെവാഗ് ഇങ്ങനെ ട്വീറ്റ് ചെയ്തു: പെണ്‍കുഞ്ഞുങ്ങളെ കൊല്ലാതിരുന്നാല്‍ എന്ത് സംഭവിക്കുമെന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ് സാക്ഷി മാലിക്. കാര്യങ്ങള്‍ ദുഷ്‌കരമാകുമ്പോള്‍ തുണയ്ക്കെത്തി അഭിമാനം കാക്കുക ഒടുവില്‍ പെണ്‍കുട്ടികളാകും.

സാക്ഷി മാലിക്കിനൊപ്പം ലേഖകന്‍

ദല്‍ഹിയില്‍ നിന്ന് സാക്ഷി മാലിക്കിനെത്തേടി കടുക് പാടവും ചോള വയലുകളും കരിമ്പ്ചെടികള്‍ അതിരിട്ട ഹരിതനിലങ്ങളും കണ്ട്, ഡാബയിലെ മസാലച്ചായ കുടിച്ച് നൂറു കിലോമീറ്ററോളം സഞ്ചരിച്ച് അവിടെയെത്തിയപ്പോള്‍ഞങ്ങള്‍ക്കത് വ്യക്തമായി. ഹരിയാനയിലെ ഓരോ മനുഷ്യനും അഭിമാനപൂര്‍വം സാക്ഷിയെ നെഞ്ചേറ്റിയിരുന്നു. എല്ലാ ദിക്കിലും ദേശീയപതാകയേന്തിയ സാക്ഷിയുടെ കൂറ്റന്‍ ഫ്ളെക്സുകള്‍. സെക്ടര്‍ നാലിലെ നാല്‍പത്തഞ്ചാം നമ്പര്‍ വീടിനു മുകളില്‍ ദേശീയപതാകയ്ക്കൊപ്പം റോത്തക്കിലെ ഗുസ്തിക്കാരിയുടെ പുഞ്ചിരി. സഹോദരന്‍ സച്ചിന്‍ മാലിക്ക് ഞങ്ങള്‍ക്ക് എല്ലാ സഹായവും ചെയ്ത് തന്നു.

ഗള്‍ഫിലെ പ്രമുഖ ആതുരാലയ ശൃംഖലയായ ഷിഫാ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പ് സാരഥി കെ.ടി. റബീഉള്ളക്കുവേണ്ടി സാക്ഷി മാലിക്കിനുള്ള സ്നേഹാദരമായി പത്ത് പവന്‍ സ്വര്‍ണപ്പതക്കം നല്‍കാനുള്ള സംഘാംഗമായായിരുന്നു ഞാന്‍. അവിസ്മരണീയാനുഭവമായി സാക്ഷിയുമായും അവരുടെ കുടുംബാംഗങ്ങളുമായുള്ള ആ കൂടിക്കാഴ്ച.

സാക്ഷിയുടെ അച്ഛനും അമ്മയും സഹോദരനും ഞങ്ങളെ സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ചു. അവര്‍ പകര്‍ന്ന മസാലച്ചായയുടെയും പലഹാരങ്ങളുടേയും ഊര്‍ജം മറക്കാനാവില്ല. ഞങ്ങള്‍ക്കൊപ്പമുണ്ടായിരു്ന്ന, മികച്ച ഗായകന്‍ കൂടിയായ അബ്ദുല്‍ഹഖ് ആ ഗൃഹസദസ്സില്‍ പാടി: ബഡി ദൂര്‍ സെ ആയേഹേ, തോഫ ലായേഹേ....

സായാഹ്നപ്രാര്‍ഥനക്ക് സമയമായെന്ന് സക്കീറും അബ്ദുല്‍ഹഖും ഓര്‍മിപ്പിക്കുന്നുണ്ടായിരുന്നു. സാക്ഷിയുടെ പിതാവിന് അത് മനസ്സിലായിയെന്നു തോന്നുന്നു. പള്ളി സൗകര്യമില്ലാത്ത ആ നഗരവട്ടത്തില്‍ നിന്നു മാറി മുറ്റത്ത് പോയി നിസ്‌കരിക്കാമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞപ്പോള്‍ സാക്ഷിയും സച്ചിനും പറഞ്ഞു: ക്യോം? ആപ് ലോഗ് ഇദര്‍ സെ നമാസ് പഠോ..

അകത്തുനിന്ന് അവര്‍ കൊണ്ടു വന്ന പുല്‍പായ മുസല്ലയാക്കി സാക്ഷിമാലികിന്റെ ഡ്രോയിംഗ് റൂമില്‍ അബ്ദുല്‍ഹഖ് ഇമാമായി അസര്‍ നമസ്‌കാരം നിര്‍വഹിച്ച ശേഷമാണ് അന്ന് ഞങ്ങള്‍ ഹരിയാനയോട് വിടവാങ്ങി ദല്‍ഹിക്ക് മടങ്ങിയത്.

അത് മതേതര ഹരിയാന. സൗഹൃദപൈതൃകത്തിന്റെ ഹരിയാന. ഏഴു വര്‍ഷത്തിനിപ്പുറം, അവിടെ കോര്‍മ്പല്ലുകള്‍ കൂര്‍പ്പിച്ചുവരുന്ന മനുഷ്യർ ഒളിഞ്ഞിരിക്കുന്നുവെന്നത്, ഭീതിദമായ ചിത്രം.

Comments