അച്ഛാ.., നിങ്ങൾ അത്തരമൊരു മനുഷ്യന്റെ നിർവചനമാണ്

അത്യധികം പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ആത്മവിശ്വാസം തകരാതെ, തന്റെ ദൃഢനിശ്ചയത്തിൽ എപ്പോഴും അചഞ്ചലമായി നിലകൊള്ളുന്ന വ്യക്തികളെ ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടുമുട്ടാനാകും. അവരുടെ ധൈര്യത്തെ കീഴടക്കാനാവില്ല. അവരുടെ അചഞ്ചലമായ ശക്തിയും ആർജ്ജവവും തകർക്കാൻ യാതൊന്നിനും കഴിയില്ല - അച്ഛാ, നിങ്ങൾ അത്തരമൊരു മനുഷ്യന്റെ നിർവചനമാണ്.

പ്രിയപ്പെട്ട അച്ഛന്...
ഇന്ന് പിതൃദിനമാണ് - ലോകം പിതാക്കന്മാരെ ആഘോഷിക്കുന്ന ദിവസം; എന്നാൽ എനിക്കും ഷാനും ഓരോ ദിനവും ഞങ്ങളുടെ പിതാവായി നിങ്ങളെ ലഭിച്ചതിലുള്ള അത്യധികം അഭിമാനത്തിന്റെയും ആനന്ദത്തിന്റെയും ദിവസങ്ങളായിരുന്നു, ഇനിയും അങ്ങനെത്തന്നെ!

പോയ നാല് വർഷങ്ങളിലും നമ്മൾ പിരിഞ്ഞിരുന്ന ഓരോ നിമിഷവും അനന്തമായിരുന്നു. നിങ്ങളെ കെട്ടിപ്പിടിച്ച് ഫാദേഴ്സ് ഡേ ആശംസിക്കാൻ കഴിയാത്ത ഒരു വർഷം കൂടി കടന്നുപോകുമ്പോഴും, ഈ ഏകാധിപത്യ ഭരണകൂടത്തിനെതിരെ നീതിക്കുവേണ്ടിയുള്ള ഞങ്ങളുടെ പോരാട്ടം തുടരുകയാണ്.

സഞ്ജീവ് ഭട്ട്, ആകാശി ഭട്ട്, ശാന്തനു ഭട്ട്

അച്ഛാ, വാക്കുകൾകൊണ്ട് നിങ്ങൾ ഞങ്ങൾക്ക് ആരായിരുന്നു എന്നത് വിവരിക്കുക അസാധ്യമാണ്... ഞാനും ഷാനും ഞങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും നിങ്ങളാകാനാണ് ആഗ്രഹിക്കുന്നത്... നിങ്ങളാണ് ഞങ്ങളുടെ ആത്മാവ്, ഞങ്ങളുടെ ശക്തി.

കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ ഈ ഫാസിസ്റ്റ് ഭരണത്തിനെതിരെ നിരവധി ധീരരായ സ്ത്രീകളും പുരുഷന്മാരും നിലകൊള്ളുന്നതിന് രാജ്യം സാക്ഷിയാവുകയുണ്ടായി. ഇങ്ങനെ നീതിക്കും നന്മയ്ക്കും വേണ്ടി പോരാടിയതിന്റെ ഫലമായി ജീവിതത്തിലെ പല ഘട്ടങ്ങളിലും പ്രക്ഷുബ്ധമായ പാതയിലൂടെ സഞ്ചരിക്കേണ്ടിവരികയും, നിഷ്ഠൂര ശക്തികളാൽ സഹിക്കാവുന്നതിലുമപ്പുറം ക്രൂരമായി വേട്ടയാടപ്പെടുകയും ചെയ്ത വ്യക്തികളെ കാണാൻ സാധിക്കുമെന്ന് ഞാൻ മനസ്സിലാക്കുന്നു.

എന്നിരുന്നാലും, അത്യധികം പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ആത്മവിശ്വാസം തകരാതെ, തന്റെ ദൃഢനിശ്ചയത്തിൽ എപ്പോഴും അചഞ്ചലമായി നിലകൊള്ളുന്ന വ്യക്തികളെ ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടുമുട്ടാനാകും. അവരുടെ ധൈര്യത്തെ കീഴടക്കാനാവില്ല. അവരുടെ അചഞ്ചലമായ ശക്തിയും ആർജ്ജവവും തകർക്കാൻ യാതൊന്നിനും കഴിയില്ല - അച്ഛാ, നിങ്ങൾ അത്തരമൊരു മനുഷ്യന്റെ നിർവചനമാണ്.

ധീരനായ ഒരു ഉദ്യോഗസ്ഥൻ, വെറുപ്പിനും അക്രമത്തിനും ഇരയാക്കപ്പെട്ട ആയിരക്കണക്കിന് ആളുകളുടെ ശബ്ദം, സത്യവും ധർമ്മനീതിയും കൊണ്ട് ഈ ഫാസിസ്റ്റ് ഭരണകൂടത്തിന് തള്ളിക്കളയാനാകാത്തവിധം ഭീഷണി ഉയർത്തുന്ന മനുഷ്യൻ, വരും തലമുറകൾക്ക് പ്രചോദനമായ മനുഷ്യൻ, ഞങ്ങൾക്കും പതിനായിരക്കണക്കിന് ആളുകൾക്കും പോരാട്ട വീര്യവും ശക്തിയും പകർന്ന മനുഷ്യൻ... അഭിമാനത്തോടെയും ബഹുമാനത്തോടെയും ഞങ്ങളുടെ പിതാവ് എന്ന് ഞങ്ങൾക്ക് വിളിക്കാൻ കഴിയുന്ന മനുഷ്യൻ! അതാണ് നിങ്ങൾ.

അച്ഛാ, ഇത് തീർച്ചയായും പ്രയാസമേറിയ നാളുകളാണ്, പക്ഷേ ഞാൻ മുമ്പ് പറഞ്ഞതുപോലെ, എന്നിലെ ഓരോ അംശത്തിനും നിങ്ങൾ മുൻപത്തേക്കാൾ കൂടുതൽ ശക്തനായി വിജയിച്ച് പുറത്തുവരുമെന്ന് ഉറപ്പുണ്ട്.
ഇതൊരു ദുഷ്‌കരമായ പോരാട്ടമാണ്... പക്ഷേ നമ്മൾ പോരാടും, ചെറുത്തുനിൽക്കും, നമ്മൾ ജയിക്കും - എനിക്ക് ഉറപ്പുണ്ട്!

അടുത്ത വർഷം ഈ സമയം ഞങ്ങൾ ഇതുപോലെ നിങ്ങൾക്ക് എഴുതുകയില്ല. പക്ഷേ, ഫാദേഴ്സ് ഡേ ആഘോഷമാക്കാൻ നിങ്ങൾക്കു വേണ്ടി ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാൻ അതിരാവിലെ ഞങ്ങൾ ഓടികൊണ്ടിരിക്കുകയാകും! കുടുംബത്തിനും ഞങ്ങൾക്കും ഒപ്പം നമ്മുടെ വീടിന്റെ ഊഷ്മളതയിലും തണലിലുമായിരിക്കും നിങ്ങൾ...

വാക്കുകൾകൊണ്ട് പറയാൻ കഴിയുന്നതിനേക്കാൾ ഞങ്ങൾ അച്ഛനെ സ്‌നേഹിക്കുന്നു...

പിതൃദിനാശംസകൾ അച്ഛാ...
എന്ന് അങ്ങേയറ്റം ധീരനായ പിതാവിന്റെ അഭിമാനമുള്ള മക്കൾ!

(വിവർത്തനം: സൽവ)

Comments