67.74 ശതമാനമായിരുന്നു ഇത്തവണത്തെ ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് നിരക്ക്. 2000-ൽ ബീഹാർ വിഭജിച്ച് ഝാർഖണ്ഡ് സംസ്ഥാനം രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്ങാണിത്. ഝാർഖണ്ഡ് മുക്തി മോർച്ച നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ ഇ.ഡി അറസ്റ്റിലായത് മുതൽ ചമ്പയ് സോറന്റെ ബി.ജെ.പി പ്രവേശനവും കൽപന സോറനെന്ന രാഷ്ട്രീയ നേതാവിന്റെ ഉദയവുമെല്ലാം ഝാർഖണ്ഡിലെ തെരഞ്ഞെടുപ്പിൽ വലിയ ചർച്ചയായിരുന്നു.
ഗോത്ര ജനതയുടെ വോട്ടുകൾ വിധി നിശ്ചയിക്കുന്ന സംസ്ഥാനം കൂടിയാണ് ഝാർഖണ്ഡ്. അതുകൊണ്ട് തന്നെ ഝാർഖണ്ഡ് മുക്തി മോർച്ച - കോൺഗ്രസ് സഖ്യത്തിന്റെ ഇന്ത്യ മുന്നണിയും ബി.ജെ.പിയും ഗോത്ര വോട്ടുകൾ പരമാവധി അനുകൂലമാക്കാനാണ് ശ്രമിച്ചത്. 1211 സ്ഥാനാർഥികളായിരുന്നു ഇത്തവണ ഝാർഖണ്ഡിൽ ജനവിധി തേടിയത്. മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഇടക്കാലത്ത് മുഖ്യമന്ത്രിയാവുകയും പിന്നീട് ജെ.എം.എം വിട്ട് ബി.ജെ.പി പാളയത്തിലെത്തുകയും ചെയ്ത ചമ്പയ് സോറൻ, ഇതിനെല്ലാമിടയിൽ ഝാർഖണ്ഡിലെ ജെ.എം.എം സ്റ്റാർ കാമ്പയിനറായി മാറിയ കൽപന സോറൻ, എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്ന പ്രമുഖർ.
വീണ്ടും ഹേമന്ത് സോറൻ
'വിജയം അതിലും വലുതായിരിക്കും' ഹേമന്ത് സോറന്റെ പടത്തോടൊപ്പം ഝാർഖണ്ഡ് മുക്തി മോർച്ചയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ ഇന്ന് പങ്കുവെച്ച വരികളാണിത്. ബാർഹൈതിലെ ഹേമന്ത് സോറന്റെ വിജയം ജെ.എം.എം - കോൺഗ്രസ് സഖ്യം സംസ്ഥാനത്ത് ഭരണത്തുടർച്ച നേടിയത് പോലെ തന്നെ പ്രധാനപ്പെട്ടതാകുന്നുണ്ട്. 2024 ജനുവരി 31-ന് ഭൂമി കുംഭകോണ കേസിൽ ഇ.ഡി അറസ്റ്റ് ചെയ്തത് മുതൽ ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായ പേരാണ് ഹേമന്ത് സോറന്റേത്. ഇ.ഡി അറസ്റ്റ് ചെയ്തതും പിന്നീട് തിരിച്ചു വന്ന് വീണ്ടും ഝാർഖണ്ഡ് മുഖ്യമന്ത്രിയായതുമെല്ലാം തെരഞ്ഞെടുപ്പിലുടനീളം ചർച്ചയായിരുന്നു. ബർഹൈത് മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ ഹേമന്ത് സോറൻ ബി.ജെ.പിയുടെ ഗാംലിയൽ ഹെംബ്രോമിനെ 39791 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
ഝാർഖണ്ഡിലെ 28 പട്ടികവർഗ സംവരണ സീറ്റുകളിൽ ഒന്നാണിത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എതിരാളികളെ കീഴ്പ്പെടുത്താൻ ബി.ജെ.പി ഇ.ഡിയെ ഉപയോഗിക്കുന്നുവെന്ന വിമർശനം തുടങ്ങിയ കാലത്തായിരുന്നു ഹേമന്ത് സോറന്റെയും അറസ്റ്റ് ഉണ്ടാകുന്നത്. പിന്നീട് മുഖ്യമന്ത്രി സ്ഥാനം രാജി വെച്ച് ജയിലിൽ പോയതും ചംപൈ സോറൻ പകരം മുഖ്യമന്ത്രിയായതും തുടർന്ന് ജാമ്യം ലഭിച്ച് വീണ്ടും മുഖ്യമന്ത്രി കസേരയിലേക്ക് ഹേമന്ത് സോറൻ തിരിച്ചെത്തിയതുമെല്ലാം ഝാർഖണ്ഡ് രാഷ്ട്രീയത്തെയും ജെ.എം.എമ്മിനെയും പിടിച്ചുലച്ചിരുന്നു. ജാമ്യം ലഭിച്ചതിനെ തുടർന്ന് ജയിൽ മോചിതനായ ഹേമന്ത് സോറൻ മുഖ്യമന്ത്രി കസേരയിലേക്ക് തിരിച്ചെത്തിയതോടെ ഇടക്കാല മുഖ്യമന്ത്രിയായിരുന്ന ചംപൈ സോറനെ കൂട്ടു പിടിച്ച് ഝാർഖണ്ഡ് പിടിച്ചെടുക്കാൻ ബി.ജെ.പി നടത്തിയ രാഷ്ട്രീയ കച്ചവടത്തിന്റെ കൂടി പരാജയമാണ് സംഭവിച്ചത്. അതുകൊണ്ടാണ് ഭരണത്തുടർച്ചയോടൊപ്പം ഹേമന്ത് സോറന്റെ വിജയവും ഝാർഖണ്ഡ് മുക്തി മോർച്ചക്ക് അത്രമേൽ പ്രധാനപ്പെട്ടതാകുന്നത്.
2019-ൽ ഉജ്വല വിജയം നേടി ഹേമന്ത് സോറനെ മുഖ്യമന്ത്രി കസേരയിലെത്തിച്ച മണ്ഡലമാണ് ബർഹൈത്. 2019 ൽ ബി.ജെ.പിയുടെ സൈമൺ മാൾട്ടോയെ ഇതേ മണ്ഡലത്തിൽ 25740 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ബാർഹൈതിനു പുറമെ 2019-ൽ ദുംകയിൽ നിന്നും 13188 വോട്ടുകൾ വിജയിച്ചിരുന്നെങ്കിലും പിന്നീട് രാജിവെക്കുകയായിരുന്നു. പിന്നീട് ദുംക സീറ്റിൽ അദ്ദേഹത്തിന്റെ സഹോദരനായ ബാസന്ത് സോറനാണ് ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചത്.
ജനുവരിയിൽ അറസ്റ്റിലായ അദ്ദേഹം ജൂൺ 28-നാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ജയിൽ മോചിതനായത്. ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തതും അദ്ദേഹത്തിനെതിരെയുള്ള കള്ളം വെളുപ്പിച്ചുവെന്ന ആരോപണവും തിരിച്ചടിയാകുമെന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും ഇത്തവണയും ബർഹൈത് മണ്ഡലം ജെ.എം.എമ്മിനെ ചേർത്തു നിർത്തി. 2014 ലും 2019-ലും വിജയിച്ച മണ്ഡലം 2024 ലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ ഹേമന്ത് സോറനെ കൈവിടുമോയെന്നായിരുന്നു എല്ലാവരും നോക്കിയിരുന്നത്. ഇതോടെ ജെ.എം.എം - കോൺഗ്രസ് നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരിൽ ഹേമന്ത് സോറൻ തന്നെ വീണ്ടും മുഖ്യമന്ത്രിയായേക്കുമെന്ന ചർച്ചകളും സജീവമാകുന്നുണ്ട്.
കൽപന സോറൻ, ഝാർഖണ്ഡിലെ പുതിയ താരോദയം
ഝാർഖണ്ഡിലെ ജെ.എം.എമ്മിന്റെ സ്റ്റാർ കാമ്പയിനറായിരുന്നുവെങ്കിലും ഗാണ്ടെ മണ്ഡലത്തിലെ കൽപന സോറന്റെ പ്രകടനം അതീവ സസ്പെൻസ് നിറഞ്ഞതായിരുന്നു. ലീഡ് നില മാറി മറിഞ്ഞ തെരഞ്ഞെടുപ്പ് ഫലത്തിൽ ഒടുവിൽ ബി.ജെ.പി-യുടെ മുനിയ ദേവിയെ കൽപന സോറൻ തറപറ്റിക്കുകയായിരുന്നു. തുടക്കത്തിൽ പിന്നിലായും ചെറിയ വോട്ടുകളുടെ മാത്രം ലീഡിൽ മുന്നിലായും കൽപനയുടെ ഫലം ത്രില്ലടിപ്പിച്ചു നിർത്തി. തോൽക്കുകയായിരുന്നെങ്കിൽ ദേശീയ രാഷ്ട്രീയത്തിൽ വരെ ഇന്ത്യ മുന്നണിക്ക് വലിയ തിരിച്ചടിയാകുമായിരുന്ന ഫലം കൂടിയാവുമായിരുന്നു ഇത്. 13056 വോട്ടുകൾക്കാണ് ഗാണ്ഡെയിൽ കൽപനയുടെ വിജയം.
ഇ.ഡി കേസിൽ ഹേമന്ത് സോറൻ അഞ്ച് മാസം ജയിലിലായിരുന്നപ്പോൾ അനാഥമായ പാർട്ടിയുടെ നേതൃത്വത്തിലേക്കും ഇതിനിടെ വന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് ദേശീയ രാഷ്ട്രീയത്തിലെയും ഇന്ത്യ മുന്നണിയുടെയും സ്റ്റാർ കാമ്പയിനറായും ഉയർന്നു വന്ന നേതാവാണ് ഹേമന്ദിൻെറ പങ്കാളി കൂടിയായ കൽപന. ഗാണ്ടേ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് അവർ ഝാർഖണ്ഡ് നിയമസഭയിലെത്തിയിരുന്നു. സർഫറാസ് അഹമ്മദ് എം.എൽ.എ സ്ഥാനം രാജി വെച്ചതും ഉപതെരഞ്ഞെടുപ്പിൽ കൽപന മത്സരിച്ചതും ഹേമന്ത് സോറന്റെ പിൻഗാമിയാക്കാനുള്ള തന്ത്രമാണെന്ന തരത്തിലുള്ള പ്രചാരണം ഉയർന്നിരുന്നു. പിന്നീടാണ് പാർട്ടി ഇടക്കാലത്ത് ചംപൈ സോറനെ മുഖ്യമന്ത്രിയാക്കുന്നത്.
ബി.ജെ.പിയുടെ ദിലീപ് കുമാർ വർമയെ 27149 വോട്ടുകൾക്കാണ് കൽപന ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയത്. 2019-ൽ ഇവിടെ ജെ.എം.എം സ്ഥാനാർഥിയായ സർഫാസ് അഹമ്മദ് 8855 വോട്ടുകൾക്കായിരുന്നു വിജയിച്ചത്. 2014ൽ ബി.ജെ.പി ക്കൊപ്പവും 2009 ൽ കോൺഗ്രസിനൊപ്പവും 2005 ൽ ജെ.എം.എമ്മിനൊപ്പവും നിന്ന ആർക്കും കുത്തക അവകാശപ്പെടാനാവാത്ത മണ്ഡലം കൂടിയാണ് ഗാണ്ടെ.
ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് ഇന്ത്യ മുന്നണി ഡൽഹിയിലും റാഞ്ചിയിലും നടത്തിയ റാലിയിൽ ഇ.ഡി വേട്ടയാടിയ രണ്ട് മുഖ്യമന്ത്രിമാരുടെ പങ്കാളികളെന്ന നിലയിൽ കൽപന സോറനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പങ്കാളിയായ സുനിത കെജ്രിവാളും ദേശീയ ശ്രദ്ധ നേടിയിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഝാർഖണ്ഡിൽ പ്രത്യേകിച്ച് സ്ത്രീകൾക്കിടയിൽ വലിയ സ്വാധീനം നേടാൻ കൽപനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
സംസ്ഥാനം കൈവിട്ടു, ചമ്പൈ സോറനെ സെറൈകേല കൈവിട്ടില്ല
ഝാർഖണ്ഡിൽ ബി.ജെ.പി വിജയിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നാണ് ഇന്ന് രാവിലെ ചമ്പയ് സോറൻ മാധ്യമങ്ങളോട് പറഞ്ഞത്. ഝാർഖണ്ഡ് മുക്തി മോർച്ചയുടെ ടിക്കറ്റിൽ ഏഴ് തവണ എം.എൽ.എയും ഹേമന്ത് സോറൻ ജയിലിലായ സമയത്ത് സംസ്ഥാനത്തെ മുഖ്യമന്ത്രിയുമായിരുന്ന ചമ്പയ് സോറൻ ഇത്തവണ സെറൈകേല മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയായാണ് ജനവിധി തേടിയത്. ജെ.എം.എം ന്റെ ഗണേഷ് മഹാലിയെ 20447 ക്കാണ് ചമ്പയ് സോറൻ പരാജയപ്പെടുത്തിയത്. 1991 ൽ ഝാർഖണ്ഡ് ബീഹാറിന്റെ ഭാഗമായിരുന്ന കാലത്ത്, ചമ്പയ് സോറൻ ആദ്യമായി ജനവിധി തേടിയതും ബീഹാർ നിയമസഭയിലെത്തിയതും സെറൈകേല മണ്ഡലത്തിൽ നിന്നായിരുന്നു. 1991 മുതൽ 2000 വരെയുള്ള കാലയളവിൽ രണ്ട് തവണ അദ്ദേഹം ബീഹാർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 2000-ൽ ഝാർഖണ്ഡ് സംസ്ഥാനം രൂപീകരിച്ചത് മുതൽ സെറൈകേല മണ്ഡലത്തെ തുടർച്ചയായി പ്രതിനിധീകരിച്ചു. 2009 ലും 2019 ലും അദ്ദേഹം സംസ്ഥാന കാബിനറ്റ് മന്ത്രിയായിരുന്നു.
ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തതോടെ പാർട്ടി അദ്ദേഹത്തിന്റെ പിൻഗാമിയായി തീരുമാനിച്ച നേതാവാണ് ചമ്പയ് സോറൻ. ഹേമന്ത് ജയിൽ മോചിതനായി തിരിച്ചെത്തിയപ്പോൾ മുഖ്യമന്ത്രി കസേര തിരികെ നൽകാൻ അദ്ദേഹം വിസമ്മതിക്കുകയായിരുന്നു. വളരെ പാടുപെട്ടാണ് ഹേമന്ത് സോറൻ വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തിയത്.
2024 ഫെബ്രുവരി രണ്ട് മുതൽ 2024 ജൂലൈ നാല് വരെയാണ് ചമ്പയ് സോറൻ ഝാർഖണ്ഡിലെ മുഖ്യമന്ത്രി കസേരയിലിരുന്നത്. തുടർന്ന് മുഖ്യമന്ത്രി കസേര നഷ്ടമായതോടെ ജെ.എം.എമ്മുമായി ഇടഞ്ഞ അദ്ദേഹത്തെ ആദിവാസി - ഗോത്ര വോട്ടുകൾ തിരിച്ചു പിടിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായി 2024 ഓഗസ്റ്റ് 30 ന് ബി.ജെ.പി ചാക്കിട്ടു പിടിച്ചു. ഝാർഖണ്ഡ് മുക്തി മോർച്ചയുമായി ഇടഞ്ഞു നിൽക്കുന്നതും ആദിവാസി - ഗോത്ര വിഭാഗങ്ങളിലുള്ള സ്വാധീനവും ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുണകരമാകുമെന്നാണ് ബി.ജെ.പി കരുതിയത്. പാർട്ടി പിളർത്തി 15 എം.എൽ.എമാരുമായി ബി.ജെ.പിയിലെത്താനായിരുന്നു ആദ്യ പദ്ധതി. ആ പദ്ധതി അന്നേ പാളിയെങ്കിലും ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഉപമുഖ്യമന്ത്രി പദം ബി.ജെ.പി അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിരുന്നു. അങ്ങനെ സംഭവിച്ചില്ലെങ്കിലും ചെറിയൊരാശ്വാസമെന്ന നിലയിൽ ചമ്പയ് സോറന് തന്റെ തട്ടകമായ സെറൈകേല മണ്ഡലത്തിൽ നിന്ന് വീണ്ടും വിജയിക്കാൻ സാധിച്ചിട്ടുണ്ട്.