ഹേമന്ത് സോറൻ

അറസ്റ്റു ചെയ്യാം, പക്ഷെ ശിക്ഷിക്കാനാകില്ല;
നിർഭയം ഹേമന്ത് സോറൻ

അറസ്റ്റല്ല, മറ്റെന്തു നടപടിയുണ്ടായാലും ബി.ജെ.പിക്കൊപ്പം ചേരില്ലെന്ന ഹേമന്ത് സോറനെപ്പോലുള്ള നേതാക്കളുടെ തീരുമാനത്തിന്‍മേലാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി.

ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തത് ഫെബ്രുവരി ഒന്നിനാണ്. 2020 - 22 കാലത്ത് വ്യാജരേഖ ചമച്ച് ആദിവാസി ഭൂമി തട്ടിയെടുത്തെന്ന കേസിലായിരുന്നു അറസ്റ്റ്. ഖനന വകുപ്പിന്റെ ചുമതല വഹിക്കവേ 2021-ല്‍ പദവി ദുരുപയോഗം ചെയ്ത് റാഞ്ചിയില്‍ 0.88 ഏക്കര്‍ ഖനിയുടെ പാട്ടക്കരാര്‍ നേടി, സ്വന്തം മണ്ഡലമായ ബര്‍ഹൈതില്‍ അനധികൃത ഖനനത്തില്‍ പങ്കാളിയായി തുടങ്ങി മറ്റ് രണ്ട് കേസുകളില്‍ കൂടി സോറനെതിരെ ഇ.ഡി അന്വേഷണം നടക്കുന്നുമുണ്ട്. അറസ്റ്റിനു കാരണം ഹേമന്ത് സോറനോടുള്ള ബി.ജെ.പിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും വൈര്യമാണെന്ന് അന്നുതന്നെ നിരീക്ഷണങ്ങളുണ്ടായിരുന്നു.
ബി.ജെ.പിയുടെയും സോറന്റെയും രാഷ്ട്രീയ ചരിത്രം പരിശോധിക്കുമ്പോള്‍ അറസ്റ്റിന് പിന്നില്‍ അങ്ങനെയൊരു സാധ്യത കാണാനേ കഴിയുകയുമുള്ളൂ.

2019-ല്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി അധികാരത്തിലേറിയതു മുതല്‍ ബി.ജെ.പിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും കണ്ണിലെ കരടായിരുന്നു ഹേമന്ത് സോറന്‍.

2019-ല്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി അധികാരത്തിലേറിയതു മുതല്‍ ബി.ജെ.പിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും കണ്ണിലെ കരടായിരുന്നു ഹേമന്ത് സോറന്‍. സ്വീകരിച്ച നിലപാടുകളും എടുത്ത ഉറച്ച തിരുമാനങ്ങളുമായിരുന്നു ഹേമന്ത് സോറനെ കേന്ദ്ര സര്‍ക്കാരിന് അനഭിമതനാക്കിയത്. എന്നിട്ടും ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാരിനുമെതിരേ സ്വീകരിച്ച നിലപാടുകളില്‍ തന്നെ നിര്‍ഭയം ഉറച്ചുനില്‍ക്കാനായിരുന്നു സോറന്റെ തിരുമാനം. അതുകൊണ്ടായിരിക്കണം മുഖ്യമന്ത്രി കസേരയില്‍ മൂന്നുവര്‍ഷം തികയ്ക്കുന്നതിന് മുമ്പ് 2022-ല്‍ തന്നെ സോറനെതിരെയുള്ള കേസില്‍ ഇ.ഡി ആദ്യത്തെ നോട്ടീസ് അയച്ചതും. അതിനുമുമ്പ് സഹായി പങ്കജ് മിശ്രയെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഇ.ഡിയെ ഉപയോഗിച്ച് സോറനെതിരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ അന്നുമുതലാണ് ആരംഭിച്ചത്.

ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു

'ഞാന്‍ കുറ്റക്കാരനാണെങ്കില്‍ നിങ്ങളെന്നെ അറസ്റ്റ് ചെയ്യൂ, എന്തിനാണ് ചോദ്യം ചോദിക്കുന്നത്' എന്നായിരുന്നു തൊട്ടടുത്ത ദിവസം സോറന്റെ പ്രതികരണം. റാഞ്ചിയിലെ റീജ്യനൽ ഓഫീസില്‍ ഹാജരാകാന്‍ ഇ.ഡി നിര്‍ദേശിച്ച സമയത്ത് സ്വന്തം വസതിക്കുമുന്നല്‍ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച പ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'കോടികള്‍ വെട്ടിച്ച് നാടുകടന്നവരെ വെറുതെവിടുന്നു, പകരം എന്നെപ്പോലുള്ളവരെയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. എനിക്കെതിരായ നീക്കത്തിനുപിന്നില്‍ ആദിവാസികളുടെയും പിന്നാക്ക സമുദായക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ തടയുക എന്നതാണ് ലക്ഷ്യം' എന്നാണ് അന്നദ്ദേഹം ട്വീറ്റ് ചെയ്തത്.

ആ വര്‍ഷം തന്നെ ഝാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ ജോലികളില്‍ പിന്നാക്ക വിഭാഗ സംവരണം 77ശതമാനമായി ഉയര്‍ത്തിയതും ബി.ജെ.പിയെ ചൊടിപ്പിച്ചു. ഝാര്‍ഖണ്ഡില്‍ പിന്നാക്ക വിഭാഗക്കാർക്കുണ്ടായിരുന്ന 60-ശതമാനം സംവരണമാണ് സോറന്‍ സര്‍ക്കാര്‍ 77 ശതമാനമായി ഉയര്‍ത്തിയത്. പ്രതിപക്ഷമായ ബി.ജെ.പി പ്രതിഷേധം വകവെക്കാതെയായിരുന്നു സോറന്‍ സര്‍ക്കാര്‍ അന്ന് ബില്ല് പാസാക്കിയെടുത്തത്. ഹേമന്ത് സോറനോടുള്ള കേന്ദ്ര സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും വൈര്യത്തിന് പിന്നില്‍ ഇതെല്ലാം ചില കാരണങ്ങള്‍ മാത്രം.

ഹേമന്ത് സോറന്‍

കേന്ദ്ര ഏജന്‍സികളെ മുന്‍നിര്‍ത്തി പ്രതിപക്ഷ പാര്‍ട്ടികളെയും വിശാല പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണിയിലെ മറ്റ് നേതാക്കളെയും ബി.ജെ.പിയും മോദി സര്‍ക്കാരും കെണിയിലാക്കുന്നതിന്റെ മറ്റൊരു ഉദാഹരണമായിരുന്നു ഹേമന്ത് സോറനും. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ബി.ജെ.പി പ്രവേശനത്തിനു തൊട്ടുപുറകേയാണ് പ്രതിപക്ഷത്തിനുനേരെയുള്ള ഇ.ഡി വേട്ട ശക്തമാക്കിയത് എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ അറസ്റ്റിനുശേഷവും ബി.ജെ.പിക്കെതിരായ പോരാട്ടം അവസാനിപ്പക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഹേമന്ത് സോറന്‍ ചെയ്തത്.

'ജീവിതം പോരാട്ടമാണ്,
ഞാന്‍ ഓരോ നിമിഷവും പോരാടുകയായിരുന്നു,
ആ പോരാട്ടങ്ങള്‍ ഇനിയും തുടരുകയും ചെയ്യും, എന്നാല്‍ വിട്ടുവീഴ്ചകള്‍ക്കായി ഞാന്‍ ഒരിക്കലും യാചിക്കയുമില്ല'
അറസ്റ്റിന് തൊട്ടുപിന്നാലെ ഹേമന്ത് സോറന്‍ എക്‌സില്‍ കുറിച്ചത് ഹിന്ദി കവി ശിവ്മംഗള്‍ സിംഗ് സുമന്റെ വരികളാണ്.

ജയിലില്‍ നിന്നുപോലും ബി.ജെ.പി യെ രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍ തനിക്ക് കഴിയുമെന്ന് പ്രഖ്യാപിച്ച ഹേമന്ത് സോറന്റെ അറസ്റ്റിനെ, ബി.ജെ.പി കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് നടത്തുന്ന തുറന്ന യുദ്ധത്തിന്റെ മറ്റൊരു ഏടായി മാത്രമേ കാണാന്‍ സാധിക്കൂ.

സോറന്റെ അറസ്റ്റിനു തൊട്ടു പിന്നാലെ ബി.ജെ.പി ജാര്‍ഖണ്ഡ് സംസ്ഥാന കമ്മറ്റിയുടെ പ്രതികരണവും എത്തി: 'അഴിമതിക്കെതിരായ ധര്‍മയുദ്ധത്തില്‍ വിജയം’.''
ഒടുവില്‍ നിയമം ഹേമന്തിനെ പിടികൂടി.
‘ഇത് ഞങ്ങളുടെ ധര്‍മയുദ്ധത്തിലെ വിജയമാണ്. ഈ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ മോശം അധ്യായമാണ് ഇതോടെ അവസാനിക്കുന്നത്' എന്നായിരുന്നു ബി.ജെ.പിയുടെ ജാര്‍ഖണ്ഡ് വക്താവ് പ്രതുല്‍ ഷാ ഡിയോ പറഞ്ഞത്.

ജയിലില്‍ നിന്നുപോലും ബി.ജെ.പി യെ രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍ തനിക്ക് കഴിയുമെന്ന് പ്രഖ്യാപിച്ച ഹേമന്ത് സോറന്റെ അറസ്റ്റിനെ, ബി.ജെ.പി കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് നടത്തുന്ന തുറന്ന യുദ്ധത്തിന്റെ മറ്റൊരു ഏടായി മാത്രമേ കാണാന്‍ സാധിക്കൂ.

'മഹാരാഷ്ട്രയിലെ നേതാവിനെപ്പോലെ അവര്‍ക്ക് എന്നെ അറസ്റ്റ് ചെയ്യാം, പക്ഷേ ശിക്ഷിക്കാന്‍ കഴിയില്ല' എന്ന് മഹാരാഷ്ട്രയിലെ പത്ര ചൗള്‍ പുനര്‍വികസനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശിവസേനാ നേതാവ് സഞ്ജയ് റാവത്തിന് ജാമ്യം ലഭിച്ചതു സംബന്ധിച്ച് നടത്തിയ പരാമര്‍ശവും ഹേമന്ത് സോറനെ ബി ജെ പിയുടെ കണ്ണിലെ കരടാക്കിയിരുന്നു. മാത്രമല്ല കേന്ദ്ര അന്വേഷണ ഏജന്‍സികളെ വിമര്‍ശിച്ച് സോറന്‍ മുമ്പും രംഗത്തെത്തിതും ബി.ജെ.പിയെ ചൊടിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ സോറന്‍ പങ്കെടുക്കുമെന്നും സംസ്ഥാനത്ത് യാത്രയ്ക്ക് വലിയ സ്വീകരണം നല്‍കുമെന്നുള്ള വാര്‍ത്തകള്‍ പുറത്തുവന്നതും ഇ.ഡി അറസ്റ്റ് വേഗത്തിലാവാനുള്ള കാരണമാണെന്ന് കണക്കാക്കാം. എന്നിട്ടും മോദിഭരണത്തിനെതിരെയുള്ള പോരാട്ടം തുടരാനായിരുന്നു സോറന്റെ തിരുമാനം.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആദിവാസി സ്വതന്ത്രസമര നേതാവ് ബിര്‍സാ മുണ്ഡയുടെ പ്രതിമ സമ്മാനിക്കുന്ന ഹേമന്ത് സോറന്‍

ഹേമന്ത് സോറന്റെ അറസ്റ്റിന് പിന്നാലെ ഭാര്യാസഹോദരിയും ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതുമായ സീതാ സോറനെ ബി.ജെ.പിയിലെത്തിച്ചതും ബി.ജെ.പിയുടെ ഝാര്‍ഖണ്ഡിലെ രാഷ്ട്രീയക്കളികളുടെ തുടര്‍ച്ചയാണ്. സോറന്‍ കുടുംബത്തിന് അകത്തുനിന്നുതന്നെ ഒരാളെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ കഴിഞ്ഞു എന്നത് കുറഞ്ഞപക്ഷം ഝാര്‍ഖണ്ഡിലെങ്കിലും ബി.ജെ.പി പ്രചാരണവിഷയമാക്കുമെന്നും ഉറപ്പാണ്.

മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമുള്ള ഇ.ഡിയുടെ നടപടികളിലേറെയും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. നടപടികൾക്ക് തെളിവുകളോ തുടര്‍നടപടികളോ ഉണ്ടാകാറില്ല. മാത്രമല്ല, പ്രതിപക്ഷ നേതാക്കളാണ് ഇ.ഡിയുടെ പ്രധാന ലക്ഷ്യം. ബി.ജെ.പിയോട് അനുഭാവമുള്ളവര്‍ എല്ലാം നടപടികളില്‍നിന്നും സംരക്ഷിക്കപ്പെട്ടുനില്‍ക്കുകയും ചെയ്യുന്നു. പ്രതിപക്ഷ നേതാക്കളുടെ ഇ.ഡി അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ കളിപ്പാവയായി പ്രവര്‍ത്തക്കുകയാണ് ഇ.ഡി എന്നും ഇ.ഡി ബി.ജെ.പിയുടെ സഖ്യകക്ഷിയാണെന്നും പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം പറയുന്നതിന്റെ കാരണമിതാണ്. ഇ.ഡിയെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നുണ്ട് എന്നുറപ്പാണ്. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ 2014 മുതലുള്ള കണക്കുകള്‍ കാണിക്കുന്നതും അതാണ്.

2017 ലെ പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പിനുമുമ്പ് ബി.ജെ.പിയില്‍ ചേര്‍ന്നതോടെ സുവേന്ദു അധികാരിക്കും മുകുള്‍ റോയ്ക്കുമെതിരെയുള്ള ഇ.ഡി കേസുകള്‍ പിന്‍വലിക്കപ്പെട്ടിരുന്നു

വിലയ വന്‍വര്‍ധനവാണ് ഇ.ഡി അന്വേഷണങ്ങളില്‍കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉണ്ടായത്. അതില്‍ 95 ശതമാനവും ബി.ജെ.പി ഇതര പ്രതിപക്ഷ കക്ഷികള്‍ക്കെതിരെയായിരുന്നു. ബാക്കി അഞ്ചു ശതമാനം കേസുകളില്‍ മാത്രമാണ് മറ്റു കമ്പനികളെയോ വ്യക്തികളെയോ ഇ.ഡി ലക്ഷ്യമിട്ടത്. കണക്കുകള്‍ പ്രകാരം 121 പ്രതിപക്ഷ നേതാക്കള്‍ക്കെതിരെയാണ് ഈ കാലയളവില്‍ ഇ.ഡിയുടെ നടപടിയുണ്ടായത്. കോണ്‍ഗ്രസിന്റെ 24, ടി.എം.സിയുടെ 19, എന്‍.സി.പിയുടെ 11, ശിവസേനയുടെ എട്ട്, ഡി.എം.കെയുടെ ആറ്, ആര്‍.ജെ.ഡി, എസ്.പി എന്നീ പാര്‍ട്ടികളുടെ അഞ്ചു വീതം, എ.എ.പി.യുടെ മൂന്ന്, നാഷണല്‍ കോണ്‍ഫറന്‍സിന്റെ രണ്ട്, പി.ഡി.പി, എ.ഐ.എ.ഡി.എം.കെ, എം.എന്‍.എസ്, ടി.ആര്‍.എസ് എന്നിവയുടെ ഒരാൾ വീതം എന്നിങ്ങനെയാണ് നടപടികളുണ്ടായത്. അതായത് കേന്ദ്രസര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെ നിരന്തരം ഇ.ഡി വേട്ടയാടുന്നുണ്ട്. ഈ സീരിസിലെ മറ്റൊരു അറസ്റ്റാണ് ഹോമന്ത് സോറന്റെയും. കേന്ദ്രസര്‍ക്കാര്‍ആസ്ഥാനത്തിന് തൊട്ടുതാഴെ ഉത്തരേന്ത്യയില്‍, ഡല്‍ഹിക്കും ബീഹാറിനും ഉത്തര്‍പ്രദേശിനും തൊട്ടടുത്ത് കിടക്കുന്ന ഝാര്‍ഖണ്ഡില്‍ ചെറുവിരലനക്കാന്‍ പോലും തങ്ങള്‍ക്ക് കഴിയുന്നില്ലെന്നതിന്റെ വൈര്യമാണ് ബി.ജെ.പിയുടെ ഝാര്‍ഖണ്ഡിലെ കളികള്‍ക്കു പിന്നില്‍.

ഇ.ഡിയുടെ രാഷ്ട്രീയപ്രേരിത അറസ്റ്റിന്റെ അവസാനിക്കാത്ത കണ്ണികളിലൊന്നു മാത്രമാണ് ഹേമന്ത് സോറന്റെ അറസ്റ്റ്. ജയിലില്‍നിന്നു പോലും തനിക്ക് ബി.ജെ.പിയെ രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍ കഴിയും എന്നാണ് അറസ്റ്റിനുമുമ്പ് സോറന്‍പറഞ്ഞത്.

ഇ.ഡി അന്വേഷണം നേരിടുന്ന പ്രതിപക്ഷ നേതാക്കള്‍ പിന്നീട് ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ കേസുകള്‍ മാഞ്ഞുപോകുന്നതും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പുതിയ അത്ഭുതങ്ങളില്‍ ഒന്നാണ്. നാരദാ സ്റ്റിംഗ് ഓപ്പറേഷനില്‍ ഉള്‍പ്പെട്ട മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ സുവേന്ദു അധികാരി, മുകുള്‍ റോയ് എന്നവര്‍ക്കെതിരേ ഇ.ഡി കേസേ ഉന്നയിക്കപ്പെട്ടിരുന്നു. എന്നാല്‍ 2017-ലെ പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പിനുമുമ്പ് ബി.ജെ.പിയില്‍ ചേര്‍ന്നതോടെ ഇരുവര്‍ക്കുമെതിരെയുള്ള കേസ് പിന്‍വലിക്കപ്പെട്ടിരുന്നു. മമത ബാനര്‍ജിയുടെ എറ്റവും വിശ്വസ്തനായിരുന്ന സുവേന്ദു അധികാരിയെ ബംഗാളില്‍ ടി.എം.സിക്കെതിരേ മത്സരിപ്പിക്കാനും ബി.ജെ.പിക്ക് കഴിഞ്ഞിരുന്നു. മുകുള്‍ റോയ് ടി.എം.സിയിലേക്ക് മടങ്ങിയതോടെ ഇ.ഡി കേസും പുനരാരംഭിക്കുകയും ചെയ്തിരുന്നു. അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ, കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങ്, മകന്‍ റനീന്ദര്‍ സിംഗ് എന്നിവര്‍ക്കെതിരെ ഉന്നയിക്കപ്പെട്ട കേസുകളും ഇവരുടെ ബി.ജെ.പി അംഗത്വത്തോടെ മാഞ്ഞുപോവുകയാണുണ്ടായത്.
കര്‍ണാടകയില്‍ നിന്നുള്ള ഖനി വ്യവസായി ഗാലി ജനാര്‍ദന്‍ റെഡ്ഡി, രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ മകന്‍ ദുഷ്യന്ത് സിംഗ് എന്നിവരുള്‍പ്പെടെ അഞ്ച് ബി ജെ പി നേതാക്കള്‍ക്കെതിരെ കടുത്ത അഴിമതി ആരോപണത്തില്‍ ഇഡി കേസ് എടുത്തെങ്കിലും പിന്നീട് നടപടിയുണ്ടായില്ലെന്നതും ഇതുമായി ചേര്‍ത്ത് വായിക്കേണ്ടതാണ്.

അറസ്റ്റല്ല എന്തുതന്നെ സംഭവിച്ചാലും ബി.ജെ.പിക്കൊപ്പം ചേരില്ലെന്ന പ്രതിപക്ഷ നേതാക്കളുടെ തിരുമാനത്തിന്‍മേലാണ് ഇനി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി

ഇ.ഡി നടപടിക്ക് വിധേയനാകുന്ന നാലാമത്തെ പ്രമുഖ പ്രതിപക്ഷ നേതാവാണ് സോറന്‍. നേരത്തെ, ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെതിരെ നിയമവിരുദ്ധ ഓണ്‍ലൈന്‍ ബെറ്റിംഗിന് കേസെടുത്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനുതൊട്ടുമുമ്പായിരുന്നു ഇ.ഡി നടപടി. അന്ന് ഇത് ബി.ജെ.പി പ്രധാന പ്രചാരണ വിഷയമാക്കുകയും ചെയ്തു. ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്, മകനും ബീഹാറിലെ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എന്നിവര്‍ക്കെതിരെയും 'തൊഴിലിന് ഭൂമി' കുംഭകോണം ആരോപിച്ച് നിയമനടപടിയെടുത്തിരുന്നു. മദ്യനയക്കേസില്‍ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇ.ഡി അറസ്റ്റിലായതാണ് അവസാന സംഭവം. ആം ആദ്മി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, വിജയ് നായര്‍ തുടങ്ങിയവരെയും ഇ.ഡി സമാനരീതിയില്‍ അറസ്റ്റ്‌ചെയ്തിരുന്നു എന്നത്കൂടെ കണക്കാക്കുമ്പോഴാണ് ഇ.ഡിയുടെ രാഷ്ട്രീയപ്രേരിത അറസ്റ്റിന്റെ അവസാനിക്കാത്ത കണ്ണികളിലൊന്നു മാത്രമാണ് ഹേമന്ത് സോറന്റെ അറസ്റ്റ് എന്ന് മനസ്സിലാവുക. ജയിലില്‍നിന്നു പോലും തനിക്ക് ബി.ജെ.പിയെ രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍ കഴിയും എന്നാണ് അറസ്റ്റിനുമുമ്പ് സോറന്‍ പറഞ്ഞത്. ബി.ജെ.പിക്കൊപ്പം ചേരില്ലെന്ന ഹേമന്ത് സോറനെപ്പോലുള്ള നേതാക്കളുടെ തീരുമാനത്തിന്‍മേലാണ് ഇനി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി.

Comments